അരുവിപ്പുറം പ്രതിഷ്ഠ വിശ്വമാനവികതയുടെ മഹായാനം

   വിശ്വമാനവികതയ്ക്ക് ചരിത്രത്തില്‍ ഏറ്റവും സമഗ്രവും ശാസ്ത്രീയവുമായ നിര്‍വചനം നല്‍കിയിട്ടുള്ളത് ശ്രീനാരായണ ഗുരുദേവനാണ്.  1888- ലെ ശിവരാത്രിനാളില്‍ അരുവിപ്പുറത്ത് ശിവലിംഗപ്രതിഷ്ഠ നടത്തിക്കൊണ്ട് എഴുതി വച്ച മുപ്പത്തിരണ്ടു അക്ഷരങ്ങളടങ്ങുന്ന ചതുഷ്പദിയാണത്.

'ജാതിഭേദം മതദ്വേഷം 
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന 
മാതൃകാസ്ഥാനമാണിത്'

     സനാതനധര്‍മ്മാചരണത്തിന്‍റെയും സാമൂഹികാചാരങ്ങളുടെയും സമന്വയമാണ് വിശ്വമാനവികതയുടെ ബാഹ്യവും ആഭ്യന്തരവുമായ ഉള്ളടക്കം. ഈ ഉള്ളടക്കത്തെ ജീവിതത്തിന്‍റെ സമസ്ത മേഖലകളുമായി ബന്ധിപ്പിക്കുന്ന കാലികവും കാലാതീതവുമായ ദാര്‍ശനിക സത്യത്തിന്‍റെ അമരപ്രകാശമാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ലോകമെങ്ങും പ്രസരിക്കപ്പെടുന്നത്. കേവലം ഒരു ക്ഷേത്രപ്രതിഷ്ഠയായോ പുരാണ പ്രസിദ്ധനായ ശിവഭഗവാന്‍റെ പ്രതീകമായോ മാത്രം അരുവിപ്പുറം പ്രതിഷ്ഠയെ വിലയിരുത്താനാവാത്തത് അതുകൊണ്ടാണ്.

   സര്‍വ്വപ്രപഞ്ചത്തിനും ആദിമൂലമായിരിക്കുന്ന പരംപൊരുളിന്‍റെ സ്വരൂപവും ഗുരുദേവന്‍ വെളിപ്പെടുത്തിയ ശിവസ്വരൂപവും ഒന്നുതന്നെ. അതില്‍ നിറച്ചു വച്ചിരിക്കുന്ന മാനവികതയുടെയും മാനവികനവോ ത്ഥാനത്തിന്‍റെയും സമ്പൂര്‍ണ്ണമായ തത്ത്വസംഹിതകളെ വേണ്ടവിധം കണ്ടെത്തി വിലയിരുത്തുവാനും വ്യാഖ്യാനിക്കുവാനും പല ചരിത്രകാരന്മാര്‍ക്കും ചിന്തകന്മാര്‍ക്കും  ഇനിയും കഴിഞ്ഞിട്ടില്ല. അത്തരം പരിമിതികളാണ് ചരിത്രത്തെ അഗാധവും തീവ്രവുമാക്കിയ അരുവിപ്പുറം പ്രതിഷ്ഠയുടെ സാര്‍വ്വകാലിക മഹിമയെയും മഹത്വത്തെയും ലോകമെങ്ങുമുള്ള മനുഷ്യസമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് പ്രതികൂലമായി നിലകൊള്ളുന്നത്.

     കേരളത്തിന്‍റെ സാമൂഹികനവോത്ഥാനത്തിന് ആക്കം കൂട്ടിയത് അരുവിപ്പുറം പ്രതിഷ്ഠയാണെന്ന് പല ചരിത്രകാരന്മാരും അഭിപ്രായ പ്പെട്ടുവരുന്നുണ്ട്. ഇത് മണ്ണിന്‍റെ സ്വരൂപത്തെ അറിയാതെ മണ്ണുകൊണ്ട് ഉണ്ടാക്കപ്പെടുന്ന കുടത്തെ മാത്രം നിര്‍വചിക്കുന്നതുപോലെയാണ്. കുടം ഒരു കേവല രൂപം മാത്രമാണ്. അതു ഏതു നിമിഷവും തകര്‍ന്നി ല്ലാതാവാം. എന്നാല്‍ അതിനു കാരണമായിരിക്കുന്ന മണ്ണ് ഇല്ലാതാവുക യില്ലല്ലോ. അതുപോലെ അരുവിപ്പുറം പ്രതിഷ്ഠയുടെ  ദാര്‍ശനികതലത്തെ അറിയാതെ സാമൂഹികതലത്തെ മാത്രം സ്പര്‍ശിക്കുന്നതുകൊണ്ടാണ് ഇത്തരം അഭിപ്രായങ്ങളുണ്ടാകുന്നതെന്നു മനസ്സിലാക്കണം.

    വിശ്വമാനവികതയിലേക്ക് മനുഷ്യനെ ഉയര്‍ത്തുന്നതാണ് യഥാര്‍ത്ഥമായ നവോത്ഥാനം. അതിനു കാലദേശപരിമിതികളില്ല. അതു ആത്മീയവും ലൗകികവും ഏകോപിച്ചുണ്ടാകുന്ന ഒരു ഉയര്‍ച്ചയാണ്. ബാഹ്യാഭ്യന്തരമായ പരിവര്‍ത്തനത്തിലൂടെയാണ് നവോത്ഥാനം ഉണ്ടാ കേണ്ടത്. അത്തരത്തില്‍ ബാഹ്യവും ആഭ്യന്തരവുമായ അഥവാ ലൗകികവും ആത്മീയവുമായ  നവോത്ഥാനത്തിനു വേഗം പകരുവാനുള്ള ദാര്‍ശനികോര്‍ജ്ജമാണ് അരുവിപ്പുറം പ്രതിഷ്ഠയില്‍ നിന്നും പ്രവഹിക്കുന്നത്. മനുഷ്യജീവിതത്തിന്‍റെ പരമലക്ഷ്യം സുഖപദ പ്രാപ്തിയാണല്ലോ അല്ലെങ്കില്‍ മോക്ഷപ്രാപ്തിയാണല്ലോ. സര്‍വ്വവിധ അസ്വാതന്ത്ര്യത്തില്‍ നിന്നും ആത്യന്തികമായി സ്വതന്ത്രമാകുന്ന അവസ്ഥയാണത്. ആ അവസ്ഥയിലേക്കെത്തുവാനുള്ള ഒരു മഹായാനം കൂടിയാണ് 123 സംവത്സരങ്ങള്‍ക്കു മുമ്പ് ഗുരുദേവന്‍ നിര്‍വ്വഹിച്ച അരുവിപ്പുറം പ്രതിഷ്ഠ. ഒരു ഗോളത്തിലെ ഏതൊരു ബിന്ദുവിനെയും അതിന്‍റെ കേന്ദ്രസ്ഥാനമായി ഗണിക്കാം എന്നതുപോലെ  വിശ്വമാന വികതയെന്ന ഗോളത്തിന്‍റെ കേന്ദ്രസ്ഥാനമായി അരുവിപ്പുറം പ്രതിഷ്ഠ പരിലസിക്കുന്നു. ഇത്തരം സദ്ചിന്തകളിലേക്ക് കടക്കുവാന്‍ ഇക്കൊല്ലത്തെ അരുവിപ്പുറം പ്രതിഷ്ഠാവാര്‍ഷികാഘോഷച്ചടങ്ങുകള്‍  ഏവരെയും പ്രേരിപ്പിക്കുന്ന തായിത്തീരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.