മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ

സച്ചിദാനന്ദസ്വാമി

     ദുഃഖത്തിന്‍റെ കാരണം ഭേദചിന്തയാണ്. അതായത് പലതിന്‍റെ കാഴ്ചയാണ്. ഒരേയൊരു സത്യമേയുള്ളൂവെന്ന് തെളിഞ്ഞുകിട്ടിയാല്‍ പിന്നെ ദുഃഖത്തിന്‍റെ കണികപോലുമുണ്ടാവില്ല. ഗുരുദേവന്‍ ഏകത്വദൃക്കായ സ്ഥിതപ്രജ്ഞനാണ്. അതിനാല്‍ അവിടുന്ന് ഭേദാദികള്‍ കൈവിട്ട് മോദസ്ഥിതനായി പരമാനന്ദസ്വരൂപിയായി വര്‍ത്തിക്കുന്നുവെന്ന് അടുത്ത പദ്യത്തിലൂടെ മഹാകവി വെളിപ്പെടുത്തുന്നു.

വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും-

മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ

വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍ താന്‍

ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ!

     ഗുരുമൂര്‍ത്തേ! - അല്ലയോ ശ്രീനാരായണഗുരുമൂര്‍ത്തേ! അങ്ങ് = അവിടുന്ന,് വാദങ്ങള്‍ ചെവിക്കൊണ്ട് = വാദപ്രതിവാദങ്ങള്‍ ശ്രവിച്ചും, മതപ്പോരുകള്‍ കണ്ടും = മതസംഘട്ടനങ്ങള്‍ കണ്‍മുന്നില്‍ കണ്ടും, മോദസ്ഥിതനായി = മോദത്തില്‍ സ്ഥിരനായി, സ്ഥിരമായ ആനന്ദഭാവത്തില്‍, മലപോലെ വസിപ്പൂ = ഒരു മലയുടെ അചലഭാവത്തില്‍ വസിക്കുന്നുവല്ലോ, വേദാഗമസാരങ്ങള്‍ = വേദത്തിന്‍റെയും ആഗമത്തിന്‍റെയും സാരങ്ങള്‍, അറിഞ്ഞങ്ങൊരുവന്‍ താന്‍ = അറിയുകയും സാക്ഷാത്കരിക്കുകയും ചെയ്തത് അങ്ങ് ഒരുവന്‍ മാത്രമാണ്, ഗുരുമൂര്‍ത്തേ = അല്ലയോ ശ്രീ നാരായണഗുരുമൂര്‍ത്തേ!, ഭേദാദികള്‍ കൈവിട്ട് = മതഭേദവും അതിനെ തുടര്‍ന്നുള്ള മദ മാത്സര്യം തുടങ്ങിയ ദ്വൈത വികാരഭാവങ്ങളുമെല്ലാം ഉപേക്ഷിച്ച്, വിജയിപ്പൂ = പരമമായ അദ്വൈതാവസ്ഥയില്‍ വിരാജിക്കുന്നുവല്ലോ.

     അല്ലയോ ശ്രീനാരായണഗുരുമൂര്‍ത്തേ! അവിടുന്ന് സമൂഹത്തില്‍ നടമാടുന്ന വാദപ്രതിവാദങ്ങള്‍ കേട്ടും സംഘട്ടനങ്ങള്‍ കണ്ടും സ്ഥിരമായി ആനന്ദഭാവത്തില്‍ ഒരു മലപോലെ വര്‍ത്തിക്കുന്നുവല്ലോ. വേദത്തിന്‍റെയും ആഗമത്തിന്‍റെയും സാരങ്ങള്‍ ഒന്നുതന്നെയെന്ന തത്ത്വം സാക്ഷാത്കരിച്ചത് അവിടുന്ന് ഒരുവന്‍ മാത്രമാണ്.  അതുകൊണ്ട് അല്ലയോ ഗുരുമൂര്‍ത്തേ! അവിടുന്ന് മതഭേദവും അതിനെത്തുടര്‍ന്നുള്ള മദം, മാത്സര്യം തുടങ്ങിയ ദ്വൈതവികാരങ്ങളുമെല്ലാം ഉപേക്ഷിച്ച് പരമമായ അദ്വൈതാവസ്ഥയില്‍ വിരാജിക്കുന്നുവല്ലോ.

     ഗുരുദേവന്‍റെ മഹനീയജീവിത ചര്യയും ദാര്‍ശനികഭാവവും സമഞ്ജസമായി നിഴലിക്കുന്നതാണീ നാലാം ശ്ലോകം.  അവിടുത്തെ നിജസ്വരൂപം ഇത്രയും സുവ്യക്തമായി പ്രകാശിക്കുന്ന മറ്റൊരു ശ്ലോകം മഹാകവി ആശാന്‍ രചിച്ചിട്ടുണ്ടോ എന്നു തന്നെ സംശയമാണ്.  ഗുരുദേവന്‍റെ തനതായ വ്യക്തിത്വം, അദ്വൈതസത്യ സാക്ഷാത്കാരാനുഭൂതിയുടെ സ്ഥായീഭാവം അതിന്‍റെ പരിപൂര്‍ണ്ണമായ പ്രായോഗികത തുടങ്ങി ഗുരുസ്വരൂപത്തെ ആശാനിവിടെ സുതരാം അനാവരണം ചെയ്യുന്നു. എന്നാല്‍ ചിലര്‍ ഈ പദ്യത്തിലും തത്ത്വവിരോധം സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു കാണുന്നു. അവരുടെ പക്ഷത്തില്‍ ശ്രീനാരായണഗുരു മതപ്പോരുകള്‍ കണ്ടും കേട്ടും മലപോലെ മോദസ്ഥിതനായി വസിച്ചയാളല്ല എന്നാണ്.  മാത്രമല്ല, മഹാകവി ആശാന് ഇവിടെ തെറ്റുപറ്റിയെന്നും അദ്ദേഹത്തിന് 'നാരായണഗുരുവിനെ' ശരിയായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലായെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

      ഒരിക്കല്‍ കവിതാവാസനയുള്ള ഒരു ശിഷ്യന്‍ താനെഴുതിയ ഒരു കവിത ഗുരുദേവനെ വായിച്ചു കേള്‍പ്പിക്കുകയുണ്ടായി. അപ്പോള്‍ വേറൊരു ശിഷ്യന്‍ ഇടയ്ക്കു കയറി 'കുറേക്കൂടി പാകത വരാനുണ്ട്' എന്നൊരഭിപ്രായം അസ്ഥാനത്തായി തട്ടിമൂളിച്ചു. ഉടനെ ഗുരു പ്രതികരിച്ചുവത്രെ- 'പദ്യമെഴുതാനോ, അതോ അഭിപ്രായം പറയാനോ?' എന്ന്. ഇവിടെ ചിലര്‍ തത്ത്വവിരോധം പറഞ്ഞുകാണുമ്പോള്‍ ഓര്‍മ്മയിലെത്തുന്നത് ഈ സംഭവമാണെന്ന് മിതമായി പറഞ്ഞുകൊള്ളട്ടെ.

മോദസ്ഥിതനായങ്ങു 

വസിപ്പൂ മലപോലെ

     പദ്യത്തില്‍ ഒന്നാമതായി സൂചിതമായിരിക്കുന്നത് ഗുരുദേവന്‍ വാദപ്രതിവാദങ്ങള്‍ ചെവിക്കൊണ്ടും മതപ്പോരുകള്‍ കണ്ടും മോദസ്ഥിതനായി വര്‍ത്തിച്ചുവെന്നാണ്. ചിലര്‍ വാദപ്രതിവാദങ്ങളിലും മറ്റുചിലര്‍ മതസംഘട്ടനങ്ങളിലും മുഴുകിക്കഴിയുമ്പോള്‍ ഗുരുദേവന്‍ അതിലൊന്നിലും ബന്ധിതനാകാതെ ഒരു മലയുടെ ഗംഭീരമായ ഭാവംപോലെ പ്രശോഭിക്കുന്നുവല്ലോ.

     ഒരു മലയ്ക്കുള്ള അചലത്വം, ഔന്നത്യം, ലോകാനുഗ്രഹദായകത്വം, നിഖിലഗുണമൂല്യങ്ങളുടെ സമവാഹിത്വം തുടങ്ങിയ വിശേഷഭാവങ്ങള്‍ ഒരു ഗുരുവിലും സംദര്‍ശിക്കാവുന്നതാണ്. തുടര്‍ന്നുവരുന്ന ഭാഗങ്ങളില്‍ ഇക്കാര്യം ഏറെ വിശദമാക്കുന്നുണ്ട്. ഗുരുദേവന്‍ വാദപ്രതിവാദങ്ങളില്‍ മുഴുകാതെ മലപോലെ വര്‍ത്തിച്ചു. ഏതു വിഷയത്തെ സംബന്ധിച്ചും വാദപ്രതിവാദമാകാം. എന്നാല്‍ ഇവിടെ അത് ദാര്‍ശനികതലത്തെ കുറിക്കുന്നു. പണ്ഡിതന്മാര്‍ അതാതു മതദര്‍ശനങ്ങളെ ആസ്പദമാക്കി വാദിക്കാറുണ്ട്. സ്വസിദ്ധാന്തസ്ഥാപനത്തിനും പരമതനിരാകരണത്തിനും വേണ്ടിയാണീ വാദം.

     ഭാരതീയ തത്വദര്‍ശനം, വൈദികം, അവൈദികം എന്നിങ്ങനെ രണ്ടായി തരംതിരിയുന്നു. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂര്‍വ്വമീമാംസ, ഉത്തരമീമാംസ എന്നീ ഷഡ്ദര്‍ശനങ്ങള്‍ വൈദികവും ജൈനം, ബൗദ്ധം, ചാര്‍വ്വാകം തുടങ്ങിയവ അവൈദികവുമാണ്. ഇതുകൂടാതെ ശൈവം, ശാക്തേയം, ഗാണപത്യം, കൗമാരം, വൈഷ്ണവം തുടങ്ങിയ മതഭേദങ്ങളുമുണ്ട്. ഈ സമ്പ്രദായങ്ങളിലെ ആചാര്യന്മാര്‍ സ്വമതസ്ഥാപനത്തിനും പരമതഛേദത്തിനുമായി തീക്ഷ്ണമായി വാദപ്രതിവാദങ്ങളിലും സംഘട്ടനങ്ങളിലും മുഴുകിയിട്ടുണ്ട്. ബൗദ്ധം, ശൈവം തുടങ്ങിയ സമ്പ്രദായങ്ങളെ ദൂരീകരിക്കുവാന്‍ സാമ്പ്രദായികള്‍ ചെയ്ത കൃത്യങ്ങള്‍ വൈദികചരിത്രത്തിന് കളങ്കം ചാര്‍ത്തുന്നത് തന്നെയാണ്. ശ്രീ ശങ്കരാചാര്യരുടെ അദ്വൈത വേദാന്തസ്ഥാപനവും തുടര്‍ന്നു സംഭവിച്ച ഹൈന്ദവ മതനവോത്ഥാനവും ശ്രദ്ധാര്‍ഹമായ പഠനവിഷയങ്ങളാണ്. എല്ലാ പരമതവാദികളേയും ഖണ്ഡിച്ചൊതുക്കി സിദ്ധാന്തപക്ഷം സ്ഥാപിക്കുന്ന ശ്രീശങ്കരന്‍റെ പ്രാഭവം അത്യാശ്ചര്യകരമാണ്. ശ്രീ ശങ്കരനും മറ്റും മനുഷ്യനെക്കാളുപരി സിദ്ധാന്തത്തെയാണ് സ്നേഹിച്ചതെന്ന് കാണുന്നു. ശ്രീ ശങ്കരനെ തുടര്‍ന്ന് വിശിഷ്ടാദ്വൈതം, ദ്വൈതം, ഭാഗവതമതം, സിക്കുമതം തുടങ്ങിയ മതവിഭാഗങ്ങളും ഇന്ത്യയിലുണ്ടായി. ശാന്തിക്കും സമാധാനത്തിനും വേണ്ടിയാണ് ഇതൊക്കെയും സ്ഥാപിതമായതെങ്കിലും ഇവിടെ മതം 'മദ'മായി മാറുകയാണുണ്ടായത്. മതത്തില്‍ നിന്നും ശാന്തിക്കു പകരം അശാന്തിയാണ് വര്‍ദ്ധിച്ചത്.

     1916 ല്‍ ആശാന്‍ ഗുരുസ്തവം രചിക്കുമ്പോള്‍ ചുറ്റും കാലുഷ്യമാര്‍ന്ന ഒരന്തരീക്ഷമാണ് ഉണ്ടായിരുന്നത്. ഒരു ഭാഗത്ത് ന്യൂനപക്ഷം വന്‍പാര്‍ന്ന അനാചാരമണ്ഡലഛത്രരായി സ്മൃതികളാല്‍ കോട്ടകെട്ടി ഭൂരിപക്ഷത്തെ അടക്കിവാണപ്പോള്‍ മറുഭാഗത്ത് കൂടാരങ്ങള്‍ തീര്‍ത്ത് സ്വമതവൈശിഷ്ട്യം ഘോഷിച്ച് സാധുക്കളെ ആകര്‍ഷിച്ച് മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരുന്നു. ഇനി വേറൊരു ഭാഗത്ത് ചിലര്‍ പ്രവാചകമത മഹത്വത്തെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. എന്നാല്‍ ശ്രീനാരായണഗുരു ഇതിലൊന്നിലും വ്യാപൃതനാകാതെ 'നാം പ്രത്യേകമായ ഒരു ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല' എന്നു പ്രഖ്യാപിച്ച് മതാതീതനായി വര്‍ത്തിച്ചു. ഗുരു ഭേദങ്ങളറ്റ സനാതനധര്‍മ്മത്തിന്‍റെ ജീവിക്കുന്ന സ്ഫുരണമായി മാറി. ഗുരുദേവന്‍റെ സമകാലീനരായ മഹാത്മാക്കളൊക്കെത്തന്നെയും ഓരോ മതത്തിന്‍റെ വക്താക്കളായി നിലകൊണ്ടവരാണ്. പലരും ഗുരുദേവനെപ്പോലെ സഹിഷ്ണുത പുലര്‍ത്തിയവരുമായിരുന്നില്ല. അവിടുത്തെ ആത്മമിത്രമായിരുന്ന ചട്ടമ്പിസ്വാമികള്‍ പാതിരിമാരുടെ ലക്കും ലഗാനുമില്ലാത്ത മതപ്രചാരണപ്പാച്ചിലിനെ കടിഞ്ഞാണിടാന്‍ 'ക്രിസ്തുമതഛേദനം' തന്നെ എഴുതി. ചട്ടമ്പിസ്വാമികള്‍, കരുവാ കൃഷ്ണനാശാന്‍, കാളിയങ്കല്‍ നീലകണ്ഠപിള്ള തുടങ്ങിയ ശിഷ്യന്മാരെക്കൊണ്ട് പരമതഖണ്ഡനവും ഹിന്ദുമതവൈശിഷ്ട്യ പ്രഘോഷണവും നിര്‍വ്വഹിപ്പിച്ചിരുന്നു. സ്വാമികള്‍ രചിച്ച മോക്ഷപ്രദീപഖണ്ഡനം, പ്രാചീനമലയാളം, വേദാധികാരനിരൂപണം എന്നിവ ഖണ്ഡനാപരമായ ഗ്രന്ഥങ്ങളാണ്. വേദാധികാര നിരൂപണത്തില്‍ വേദാധികാരം ശൂദ്രനുണ്ട് എന്നു സ്ഥാപിക്കുമ്പോള്‍ പ്രാചീന മലയാളത്തില്‍ ഈ മലയാള ഭൂമി പരശുരാമസൃഷ്ടമല്ലെന്നും മലയാളഭൂമിയുടെ ഉടമസ്ഥാവകാശം നായര്‍ സമൂഹത്തിനുള്ളതാണെന്നും സ്വാമികള്‍ സ്ഥാപിക്കുന്നു. ബ്രാഹ്മണ മേധാവിത്വത്തെ ചോദ്യം ചെയ്യുന്ന ഈ ഗ്രന്ഥങ്ങളുടെ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് ബ്രാഹ്മണസമൂഹം രംഗപ്രവേശനം ചെയ്തതോടുകൂടി കുറേയേറെ വാദപ്രതിവാദങ്ങള്‍ ഇവിടെ നടന്നു. ഖണ്ഡനമണ്ഡനപരമായ പ്രസംഗധോരണികൊണ്ട് വിപ്ലവക്കൊടുങ്കാറ്റായി കേരളമെങ്ങും പ്രകമ്പനം കൊള്ളിച്ചു വാഗ്ഭടാനന്ദന്‍. അദ്ദേഹം സ്വഗുരുനാഥനായ ബ്രഹ്മാനന്ദശിവയോഗിയെപ്പോലും വെല്ലുവിളിച്ചിരുന്നു. ബ്രഹ്മാനന്ദശിവയോഗിയാവട്ടെ ക്ഷേത്രോപാസനാദി ആചാരാനുഷ്ഠാനങ്ങളെ നിശിതമായി വിമര്‍ശിച്ചാക്ഷേപിച്ച് ആനന്ദമതം പോലും സ്ഥാപിച്ചു. ഇപ്രകാരം ഗുരുദേവന്‍റെ സമകാലീനരായ  ആചാര്യന്മാര്‍ വീറോടെ വാദപ്രതിവാദങ്ങളില്‍ മുഴുകിയപ്പോള്‍ എല്ലാ തത്ത്വദര്‍ശനങ്ങളും ഒരേ ഒരു  ലക്ഷ്യത്തിലേക്കുള്ള കൈവഴികള്‍ എന്ന നിലയില്‍ ഗുരുദേവന്‍ ഖണ്ഡമണ്ഡനാദികള്‍ക്കൊന്നും മുതിരാതെ ഉള്ളില്‍ സ്ഥിരമായ ആനന്ദം കൈക്കൊണ്ട് മലപോലെ അചഞ്ചലനായി വര്‍ത്തിക്കുകയാണ് ഉണ്ടായത്. വടക്കേയിന്ത്യയിലാരംഭിച്ചു പ്രവര്‍ത്തിച്ചിരുന്ന നവോത്ഥാനപ്രസ്ഥാനങ്ങളുടെ  സ്ഥിതിയും മറ്റൊന്നായിരുന്നില്ല. ബ്രഹ്മസമാജം, ആര്യസമാജം , ശ്രീരാമകൃഷ്ണമിഷന്‍ എന്നിവയായിരുന്നു അക്കാലത്തെ പ്രധാനപ്പെട്ട നവോത്ഥാന പ്രസ്ഥാനങ്ങള്‍. ഇതില്‍ ശ്രീരാമകൃഷ്ണമിഷന്‍ സഹിഷ്ണുതയാര്‍ന്ന പ്രസ്ഥാനമായിരുന്നു. എന്നാല്‍ മിഷന്‍റെ സ്ഥാപകനായ ശ്രീ വിവേകാനന്ദസ്വാമികള്‍ താനൊരു ഹിന്ദുവാണെന്ന് അഭിമാനിക്കുകയും ഹിന്ദുമതവൈശിഷ്ട്യം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബ്രഹ്മസമാജം, ആര്യസമാജം എന്നിവയെക്കുറിച്ച് ശ്രീ.സി. അച്യുതമേനോന്‍ ഇങ്ങനെ പറയുന്നു-

     'ആര്യസമാജം കാലാന്തരത്തില്‍ മറ്റു മതങ്ങള്‍ക്കെതിരായി പ്രത്യേകിച്ച് ഇസ്ലാമിനെതിരായ 'അക്രമോത്സുകമായ' ഹിന്ദുമതമായിട്ടാണ് വളര്‍ന്നു വന്നത്. ബ്രഹ്മസമാജമാണെങ്കില്‍ ക്രിസ്തുമതത്തിന്‍റെ ഒരു പതിപ്പായിത്തീര്‍ന്നു. ഏതായിരുന്നാലും ഇവയെല്ലാം ഇന്ത്യയിലെ അനേകം മതങ്ങളുടെ കൂട്ടത്തില്‍ പുതിയൊരു മതത്തെക്കൂടി സൃഷ്ടിക്കാന്‍ ഉപകരിച്ചു എന്നതല്ലാതെ മതസമന്വയത്തിനോ ഭിന്നമതാനുയായികള്‍ തമ്മിലുള്ള മാത്സര്യവും സ്പര്‍ദ്ധയും ഒഴിവാക്കുന്നതിനോ സഹായിച്ചു എന്നുപറയാന്‍ വയ്യ. ശ്രീനാരായണഗുരുദേവന്‍റെ നേത്യത്വത്തില്‍ ഉണ്ടായ സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനം ഇന്ത്യയിലെ മറ്റെല്ലാ സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളേക്കാള്‍ നവീനവും പരിഷ്കൃതവുമായിരുന്നു എന്നാണ് ഈ ലേഖകന്‍റെ അഭിപ്രായം.... അദ്ദേഹം (ഗുരുദേവന്‍) പുതുതായി യാതൊരു മതവും സ്ഥാപിച്ചിട്ടില്ല. എല്ലാ മതങ്ങള്‍ക്കും തമ്മില്‍ സഹവര്‍ത്തിക്കാനും  ആ മതാനുഷ്ഠാനുയായികള്‍തമ്മില്‍ സാഹോദര്യവും സൗഹാര്‍ദ്ദവും ഉണ്ടാക്കുവാനും പര്യാപ്തമായ രീതിയില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശങ്ങളും സന്ദേശങ്ങളും... മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന അദ്ദേഹത്തിന്‍റെ പ്രശസ്തമായ വാചകത്തില്‍ മതസഹിഷ്ണുത അതിന്‍റെ പരമകോടിയില്‍ എത്തിനില്‍ക്കുന്നു. സര്‍വ്വ മതസമ്മേളനത്തിന്‍റെ പന്തലില്‍ അദ്ദേഹം എഴുതി വച്ച ഒരു കൊച്ചുവാക്യം 'വാദിക്കാനും ജയിക്കാനുമല്ല. അറിയാനും അറിയിക്കാനുമാണ്'... ഇത്ര ഉദാരമായ അനുപമമായ സഹിഷ്ണുതയുടേയും പരസ്പരധാരണയുടേയും സന്ദേശം ഇന്ത്യയില്‍ മറ്റേതൊരു സാമൂഹ്യപരിഷ്കര്‍ത്താവില്‍ നിന്നാണ് നമുക്ക് ലഭിച്ചിട്ടുള്ളത്.'

     വാദപ്രതിവാദത്തിലും മതപ്പോരുകളിലും ഇടപെടാതെ ഗുരുദേവന്‍ സമത്വഭാവത്തില്‍ സഹിഷ്ണുതയോടെ വര്‍ത്തിച്ചു. 'പൊരുതുജയിപ്പതസാധ്യം'  എന്നത് ഗുരുദേവന്‍റെ ജീവിത സന്ദേശമായിരുന്നു. എല്ലാ പ്രാപഞ്ചിക സമീക്ഷകളേയും ഈ അടിസ്ഥാനതത്വത്തില്‍ അപഗ്രഥിച്ചുകൊണ്ടാണ് ഗുരു ജീവിതയാത്ര നയിച്ചത്. അതിനാല്‍ അവിടുത്തേക്ക് മറ്റൊന്നിനോട് പൊരുതി ജയിച്ച് സ്വന്തമായി ഒന്നും സ്ഥാപിച്ചെടുക്കുവാനുണ്ടായിരുന്നില്ല. മാത്രമല്ല വാദവും പ്രതിവാദവും ബുദ്ധിയുടെ വ്യായാമമാണ്. പരമസത്യം ബുദ്ധിക്കും അതീതമായി ബുദ്ധിയേയും പ്രകാശിപ്പിക്കുന്ന പ്രകാശങ്ങളുടെയെല്ലാം പ്രകാശമാണ്.  ആ ചിത്ചൈതന്യത്തിലമര്‍ന്ന ഗുരുദേവനെ സംബന്ധിച്ച് ബുദ്ധിയുടെ തലത്തിലുള്ള വ്യവഹാരം സംഭാവ്യമായില്ല. ഗുരുവിന്‍റെ ഈ പ്രജ്ഞാഭാവമാണ് അവിടുത്തെ വാദപ്രതിവാദങ്ങള്‍ക്ക് അതീതമായ വ്യക്തിത്വത്തിലേക്ക് ആനയിച്ചത്.

'സ്വസിദ്ധാന്തവ്യവസ്ഥാസു  ദ്വൈതിനോ നിശ്ചിതാ ദൃഢം

പരസ്പരം വിരുദ്ധ്യന്തേ തൈരയം ന വിരുദ്ധ്യതേ.'

     സ്വന്തം സിദ്ധാന്തത്തില്‍ മാത്രം കണ്ണുംനട്ട് ദ്വൈതികള്‍ പരസ്പരം വിസംവദിക്കുമ്പോള്‍ പരിപൂര്‍ണ്ണമായ അദ്വൈതസത്യത്തെ സാക്ഷാത്കരിച്ച ജ്ഞാനി ഭേദവ്യവഹാരത്തിലിടപെടുന്നില്ല എന്ന് മാണ്ഡൂക്യകാരിക ഉപദര്‍ശനം ചെയ്യുന്നു. ഗുരുദേവന്‍റെ അദ്വൈതഭാവം കേവലം ബുദ്ധി വ്യാപാരമായിരുന്നില്ല. വ്യക്തമായ സാന്ദ്രാനുഭൂതിയില്‍ ഗുരുദേവന്‍ മോദസ്ഥിതനായി വസിച്ചു എന്നാണ് കവി ചൂണ്ടിക്കാണിക്കുന്നത്. ഉറപ്പുറ്റ ജ്ഞാനിയായി വര്‍ത്തിച്ചുവെന്ന് സാരം.

    ഭഗവത്ഗീതയില്‍ ഈ ജ്ഞാനിയെ സ്ഥിതപ്രജ്ഞന്‍ എന്നു വിശേഷിപ്പിക്കുന്നുണ്ട്. മലപോലെ വസിപ്പൂ എന്ന പ്രയോഗത്തിലൂടെ ഈ സ്ഥിതപ്രജ്ഞത്വവും സൂചിതമായിരിക്കുന്നു.

പ്രജഹാതി യദാ കാമാന്‍ 

സര്‍വ്വാന്‍ പാര്‍ത്ഥ മനോഗതാന്‍

ആത്മന്യേവാത്മനാ തുഷ്ടഃ 

സ്ഥിത പ്രജ്ഞഃ തദ്യോച്യതേ.

     'ആര് വാസന വഴി മനസ്സില്‍ വന്നുഭവിച്ച സര്‍വ്വവിധ ആഗ്രഹങ്ങളേയും അകറ്റി ആത്മാവുകൊണ്ട് ആത്മാവില്‍ സന്തുഷ്ടനാകുന്നുവോ അതായത് ആത്മാവിന്‍റെ സ്വരൂപം കണ്ടെത്തി സച്ചിദാനന്ദം അനുഭവിക്കുന്നുവോ സര്‍വ്വാതീതമായ ഈ അവസ്ഥയെ പ്രാപിച്ച മഹാത്മാവിനെ സ്ഥിതപ്രജ്ഞന്‍ എന്നു പറയുന്നു. ഗീതയില്‍ രണ്ടാം അദ്ധ്യായം 55 മുതല്‍ 72 വരെ ശ്ലോകങ്ങളില്‍ ഈ സ്ഥിതപ്രജ്ഞന്‍റെ സ്വരൂപം വര്‍ണ്ണിക്കുന്നുണ്ട്. 'ആധ്യാത്മികം, ആധിഭൗതികം, ആധി ദൈവികം എന്നീ ദുഃഖങ്ങളില്‍ ക്ഷോഭിക്കാത്തവനും, ലൗകികസുഖങ്ങളില്‍ ആഗ്രഹമില്ലാത്തവനും , ആശ, ഭയം, കോപം എന്നിവ ഇല്ലാത്തവനും മനനശീലനുമായ മഹാത്മാവ്  സ്ഥിതപ്രജ്ഞനാണ്. ആമ സ്വന്തം അംഗങ്ങളെ ഉള്ളിലേക്ക് വലിച്ചിരിക്കുന്നതുപോലെ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പ്രത്യാഹരിച്ച് യമിയായിരിക്കുന്ന ആത്മനിഷ്ഠന്‍ സ്ഥിതപ്രജ്ഞനാണ്. ഈ സ്ഥിതപ്രജ്ഞ ലക്ഷണം സ്മരിച്ചുകൊണ്ടു കൂടിയാണ് വേദാന്തിയായ ആശാന്‍ 'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' എന്നു ഗുരുസ്വരൂപം വര്‍ണ്ണിച്ചത്.

     മതപ്പോരുകളും വാദങ്ങളും കണ്ടും കേട്ടും ഗുരുദേവന്‍ സന്തോഷിച്ചു കൊണ്ട് നിഷ്ക്രിയനായിരുന്നു എന്ന അര്‍ത്ഥമല്ല നാമിവിടെ സ്വീകരിക്കേണ്ടത്. പാമരന്മാരാണ് പലവിധ യുക്തി പറഞ്ഞ് അലയുന്നതും നിന്ദിക്കുന്നതും. പലമതസാരവുമേകം എന്നറിഞ്ഞ ജ്ഞാനി ഈ മദഭ്രമത്തില്‍പ്പെടാതെ ആത്മസന്തുഷ്ടി കൈവരിച്ച ് അചഞ്ചലനായി കഴിയുന്നു. ഒരു മലപോലെ! എത്ര വലിയ കാറും കോളും കൊടുങ്കാറ്റുമുണ്ടായാലും അതൊന്നും ഒരു വലിയ മലയെ ബാധിക്കുന്നതേയില്ല. അമൂല്യങ്ങളായ ഗുണഗണങ്ങളുടെ നിധിയുടെ നികേതനമായ മല സാന്നിധ്യം കൊണ്ടുതന്നെ ലോകാനുഗ്രഹപ്രദമായി നില കൊള്ളുന്നു.

    വേദാന്തഗ്രന്ഥങ്ങളില്‍ ഗുരുക്കന്മാരെ മലയോട് ഉപമിക്കുന്നത് സര്‍വ്വസാധാരണമാണ്. ശ്രീനാരായണധര്‍മ്മം എന്ന സ്മൃതിഗ്രന്ഥത്തില്‍ 'ശിവഗിരി' മലയെ വര്‍ണ്ണിക്കുന്നത് ഒരു യോഗിരാജന്‍റെ നിലയിലാണ്. കാളിദാസമഹാകവി കുമാരസംഭവം തുടങ്ങുന്നത്-

   "അസ്ത്യുത്തരസ്യാംദിശി ദേവാത്മ ഹിമാലയോ നാമനഗാധിരാജ" എന്നാണ്. തുടര്‍ന്ന് ദേവാത്മാവായ ഹിമവാന്‍റെ ലോകാനുഗ്രഹദായകത്വമാര്‍ന്ന സ്വരൂപമാണ് കാളിദാസന്‍ ഏറെ ശ്ലോകങ്ങളിലായി വര്‍ണ്ണിക്കുന്നത്. കാളിദാസന്‍ പ്രതിഭാധനനായ ഒരു മഹാകവിയായതുകൊണ്ടാണ് കുമാരനാശാന്‍ ശ്രീനാരായണഗുരുദേവനെ ഒരു മലയോടുമപിച്ചത് എന്ന് സുധികള്‍ക്ക് ബോധ്യപ്പെടും.

                       

          (തുടരും)