ഇനി പോകാമല്ലോ
വി. എന്‍. നീലകണ്ഠന്‍ വൈദ്യന്‍

      കൊല്ലവര്‍ഷം 1089 ല്‍ ഞാന്‍ ശിവഗിരി സംസ്കൃതസ്കൂളില്‍ പഠിക്കുകയായിരുന്നു. തൃപ്പാദങ്ങള്‍ വിശ്രമിക്കുന്ന പര്‍ണ്ണശാല സ്കൂളിന് തൊട്ടടുത്തായിരുന്നു. മിക്ക ദിവസവും തൃപ്പാദങ്ങള്‍ പര്‍ണ്ണശാലയ്ക്ക് വെളിയിലെ തിണ്ണയില്‍ വന്നിരിക്കുന്നത് കണ്ടിട്ടുണ്ട്.  ചില ദിവസങ്ങളില്‍ ഞാന്‍ പര്‍ണ്ണശാലയ്ക്കു സമീപമുള്ള മാവിന്‍ചുവട്ടില്‍ ചെന്നു സ്വാമികളെ വന്ദിക്കും.  ധാരാളം ഭക്തജനങ്ങള്‍ അവിടെ ഉപഹാരങ്ങളുമായി വന്ന് വണങ്ങി നില്‍ക്കും.  അന്തേവാസികള്‍ ആ ഉപഹാരങ്ങള്‍ കൂടി നില്‍ക്കുന്നവര്‍ക്ക് വിതരണം ചെയ്യും. എനിക്കും അതു ആസ്വദിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.
      ഒരു ദിവസം ഞാന്‍ സ്കൂളിലേക്ക് വരുന്ന അവസരത്തില്‍ ശിവഗിരി ഓവിനുമുകളില്‍ എത്തിയപ്പോള്‍ തൃപ്പാദങ്ങള്‍ ഒരു കമണ്ഡലുവുമായി ശിവഗിരിയില്‍ നിന്നിറങ്ങി എനിക്കു അഭിമുഖമായി വരുന്നതു കണ്ടു.  തനിച്ചേ ഉണ്ടായിരുന്നുള്ളൂ.  ഉച്ചയ്ക്ക് പന്ത്രണ്ടുമണി സമയം. അന്ന് ആ സ്ഥലം പറങ്കിമാവുകള്‍ നിറഞ്ഞ ഒരു വന്‍കാടായിരുന്നു. തൃപ്പാദങ്ങളെ ഞാന്‍ താണുതൊഴുതു.
സ്വാമികള്‍: 'ഇവിടെ പഠിക്കുകയാണോ?'
ഞാന്‍: അതേ സ്വാമി.
സ്വാമികള്‍: 'ഇപ്പോഴാണോ വരുന്നത്?'
      ഞാന്‍ തലകുനിച്ചു മൗനം അവലംബിച്ചുനിന്നു. സ്വാമികള്‍ പറങ്കിമാവിന്‍ കൂട്ടത്തിനടുത്തേക്ക് നടന്നു പോകുകയും ചെയ്തു.
ഇനിയൊരു സംഭവം- ഒരുദിവസം ക്ളാസ് നടന്നുകൊണ്ടിരിക്കുകയാണ.് പട്ടാമ്പി പി. ശങ്കരന്‍സാര്‍ പഠിപ്പിച്ചുകൊണ്ടു നില്‍ക്കുന്നു. വെളിയില്‍ ഒരു അലര്‍ച്ചയും അട്ടഹാസവും. ശിവഗിരി പാലത്തിനു സമീപമാണ് ബഹളം കേട്ടത്. അതു ശിവഗിരിയിലേക്കു നീങ്ങുകയാണ്.  ശിവഗിരിയില്‍ എപ്പോഴും നിശബ്ദതയാണ,് ഉറക്കെ സംസാരിക്കാന്‍പോലും ആരും ധൈര്യപ്പെടുകയില്ല.  വിശേഷിച്ച് തൃപ്പാദങ്ങള്‍ സ്ഥലത്തുള്ളപ്പോള്‍.
      ഒരുസംഘം ആളുകള്‍ ശാരദാമഠത്തിനു സമീപമുള്ള റോഡില്‍ക്കൂടി പര്‍ണ്ണശാലയെ ലക്ഷ്യമാക്കി വരുകയാണ്.  അതിനു തൊട്ടടുത്താണ് സ്കൂള്‍. അത്ഭുതപൂര്‍വ്വമായ ആ ബഹളം കേട്ടു അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം പുറത്തിറങ്ങി നോക്കി, മുടി അഴിച്ചു പുറകോട്ടിട്ടു മുണ്ടു തറ്റുടുത്തു മുലക്കച്ചയും കെട്ടിയ ഒരു ചെറുപ്പക്കാരി മുന്നിലുണ്ട്.  വസ്ത്രമൊക്കെ ഈറനാണ.് മുടിയില്‍ക്കൂടി വെള്ളം വാര്‍ന്നൊഴുകിക്കൊണ്ടിരിക്കുന്നു.  സ്ത്രീ തുള്ളിച്ചാടുകയും അമറുകയും അട്ടഹസിക്കുകയും ചെയ്യുന്നു. കൂടെ ഉള്ളവര്‍ അവളെ തടയാന്‍ ശ്രമിച്ചിട്ടു ഫലിക്കുന്നില്ല. അവരെ എല്ലാം തള്ളിമാറ്റിക്കൊണ്ടു അവള്‍ പര്‍ണ്ണശാലയ്ക്കു ചുറ്റും ഓടാന്‍ തുടങ്ങി. തൃപ്പാദങ്ങള്‍ പര്‍ണ്ണശാലയുടെ അകത്തിരിക്കുകയായിരുന്നു. അവളെ പിടിച്ചുകൊണ്ടുപോകാന്‍ അവളുടെ ആള്‍ക്കാര്‍ ഒരുമ്പെട്ടു.
     'എന്നെ തൊടരുത്, ഞാന്‍ നാഗലക്ഷ്മിയാണ്' എന്ന് അവള്‍ വിളിച്ചു പറഞ്ഞു. എല്ലാപേരും വിഷമിച്ചു.  ഇനി എന്തു നടക്കുമെന്നുള്ള ഉത്കണ്ഠ ആയി സകലര്‍ക്കും. അല്‍പം കഴിഞ്ഞപ്പോള്‍ തൃപ്പാദങ്ങള്‍ കതകു തുറന്നു പുറത്തു വന്നു. പ്രഭാതത്തിലെ സൂര്യോദയം പോലെ  കൂടി നിന്നവരെല്ലാം താണു തൊഴുതു. സ്ത്രീ തൃപ്പാദങ്ങളുടെ മുന്നില്‍ വന്ന് അലറാന്‍ തുടങ്ങി.
     "അവിടെ ഇരിക്കൂ" തൃപ്പാദങ്ങള്‍ അവളെ നോക്കി ആജ്ഞാപിച്ചു. എന്തൊരത്ഭുതം. പെട്ടെന്ന് അതിവര്‍ഷം നിന്നതുപോലെയുള്ള ഒരു ശാന്തത. കേള്‍ക്കാത്ത താമസം, സ്ത്രീ തറയില്‍ ചമ്രം പടിഞ്ഞിരുന്നു.  നിമിഷങ്ങള്‍ക്കകം പുറകോട്ട് മറിഞ്ഞു വീഴുകയും ചെയ്തു. കമണ്ഡലുവില്‍ നിന്നുള്ള വെള്ളം എടുത്ത് അവളുടെ മുഖത്ത് തളിക്കാന്‍ തൃപ്പാദങ്ങള്‍ കല്‍പിച്ചു.  തളിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റ് തൃപ്പാദങ്ങളെ നമസ്ക്കരിച്ചു.
'ഇനി പോകാമല്ലോ'. സ്വാമികള്‍ പറഞ്ഞു.
     സ്ത്രീയും കൂട്ടരും സംതൃപ്തരായി മടങ്ങുകയും ചെയ്തു.
     ഈ മാതിരി പ്രേതബാധയുള്ള നിരവധി സ്ത്രീകള്‍ തൃപ്പാദസന്നിധിയില്‍ വന്ന് സുഖം പ്രാപിച്ചു പോയിട്ടുണ്ട്.  'സാരമില്ല പോകാം' എന്ന് ഗുരുദേവന്‍ പറഞ്ഞാല്‍ മതി ബാധ ഒഴിഞ്ഞിരിക്കും. ഈ മാതിരി ഒരു പുണ്യാത്മാവിന്‍റെ അവതാരം ഉണ്ടാകാന്‍ ലോകം ഇനി എത്രനാള്‍ കാത്തിരിക്കണം?

~