ധാരണയും ധ്യാനവും
മങ്ങാട് ബാലചന്ദ്രന്‍
ജീവിതത്തിന്‍റെ ശ്രേയസ്സിനും പ്രേയസ്സിനും അവശ്യം വേണ്ടതായ രണ്ടു പ്രധാന ഘടകങ്ങളാണ് ധാരണയും ധ്യാനവും. രണ്ടും വേണ്ട രീതിയില്‍ ഇല്ലെങ്കില്‍ ജീവിതം അജ്ഞത കൊണ്ടും അശാന്തി കൊണ്ടും സങ്കീര്‍ണ്ണമായിത്തീരും എന്നുള്ളതില്‍ സംശയമില്ല.
ധാരണ വിഷയാഭിമുഖമാണെങ്കില്‍ ധ്യാനം ആത്മാഭിമുഖമാണ്. ഞാന്‍ എന്ന ഭാവം ഉണ്ടാകുന്നതുമുതല്‍ ആ ഭാവം അസ്തമിക്കുന്നതുവരെയാണ് ജീവിതത്തില്‍ ധാരണ എന്നതു ശക്തമായി നിലകൊള്ളുന്നത്. അങ്ങനെയുള്ള ധാരണകളുടെ അടിസ്ഥാനത്തിലോ പിന്‍ബലത്തിലോ ആണ് ജീവിതത്തിന്‍റെ തുടര്‍ച്ചയെ സാധാരണഗതിയില്‍ ഒരാള്‍ അഭിമുഖീകരിക്കുക. അതുകൊണ്ടുതന്നെ ധാരണ ശരിയായിട്ടുള്ളതാണെങ്കില്‍ അനുകൂലഫലവും ശരിയായിട്ടുള്ളതല്ലെങ്കില്‍ പ്രതികൂലഫലവും സിദ്ധിക്കുമെന്നത് ഏതാണ്ട് ഉറപ്പായ കാര്യമാണ്.
ധരിക്കപ്പെട്ടത് എന്തോ അതാണ് ധാരണ. ധരിക്കപ്പെടുന്നത് മനസ്സുകൊണ്ടാണ്. അതുകൊണ്ടുതന്നെ മനസ്സ് ശുദ്ധവും ശാന്തവുമായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ധാരണകള്‍ ദൃഢവും, മനസ്സ് മലിനവും പ്രക്ഷുബ്ധവുമായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ധാരണകള്‍ ദുര്‍ബലവും ആയിരിക്കും. ദൃഢമായ ധാരണകള്‍ ഉറച്ച തീരുമാനങ്ങളിലേക്കും ദുര്‍ബലമായ ധാരണകള്‍ അസ്ഥിരമായ തീരുമാനങ്ങളിലേക്കും വ്യക്തിയെ നയിക്കുമെന്നു പറയാവുന്നതാണ്. ഒരാളില്‍ ധാരണകള്‍ രൂപപ്പെടുന്നത് നിരവധി മാര്‍ഗ്ഗങ്ങളിലൂടെയാണ്. പാരമ്പര്യാര്‍ജ്ജിതമായും, വായനയുടേയും വിചാരത്തിന്‍റേയും മറ്റുള്ളവരുമായുള്ള സംസര്‍ഗ്ഗത്തിന്‍റേയും പഠനത്തിന്‍റേയും കേട്ടുകേള്‍വികളുടേയും കൂടിച്ചേരല്‍ വഴിയായും ഉണ്ടാകുന്ന ധാരണകളുണ്ട്. ശ്രുതിയുക്ത്യാനുഭവങ്ങളുടേയും ആപ്തന്മാരായുള്ള ഗുരുക്കന്മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങളുടേയും ആധികാരികമായ പിന്‍ബലത്തോടെ രൂപപ്പെടുന്ന ധാരണകളുമുണ്ട്. ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും വിശ്വാസ പ്രമാണങ്ങളില്‍നിന്നും ഇന്ദ്രിയ സന്നികര്‍ഷതകളില്‍ നിന്നും സ്വയം നിരീക്ഷണങ്ങളില്‍നിന്നും ഊഹാപോഹങ്ങളില്‍ നിന്നും അറിഞ്ഞും അറിയാതെയും ഉറയ്ക്കുന്ന ധാരണകളും സാമാന്യതത്ത്വങ്ങളുടേയും സാമൂഹിക മര്യാദകളുടേയും അടിസ്ഥാനത്തില്‍ ഉറയ്ക്കുന്ന ധാരണകളും ഉണ്ട്.
ധാരണയിലെ 'കുറവുകള്‍'
ഒരാളിന്‍റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ അയാളുടെ ധാരണകള്‍ക്ക് നിര്‍ണ്ണായകമായ പങ്കും സ്വാധീനവുമുണ്ട്. ചില ധാരണകള്‍ കുമിളകള്‍ പോലെയാണ്. അതായത് പെട്ടെന്ന് ചിതറി പോകുന്നവ. മറ്റു ചില ധാരണകള്‍ സംഭരണികള്‍പോലെയാണ്. അതായത് കൂടെക്കൂടെ പുതുക്കി നിര്‍ത്തേണ്ടവ. വേറേ ചില ധാരണകള്‍ ഒഴുക്കുള്ള നദിപോലെയാണ്. എന്നു പറഞ്ഞാല്‍ പുറമെ മാറ്റമില്ലെന്നു തോന്നുമെങ്കിലും ഉള്ളടക്കം മാറിക്കൊണ്ടിരിക്കുന്നവ . എന്നാല്‍ പാറത്തടത്തില്‍ സ്വയം ആവിര്‍ഭവിച്ച് വറ്റാതെ നില്‍ക്കുന്ന നീരുറവകള്‍ പോലെയുള്ള ചില ധാരണകളുണ്ട് . അവയാകട്ടെ മാറ്റങ്ങള്‍ക്കു വിധേയമാകാത്ത നിലയിലുള്ളതാണ്.
ധാരണകളില്‍ അധികവും മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തോടു കൂടിയതാണ്. ഒരേ വിഷയത്തിലുണ്ടാകുന്ന ധാരണകള്‍ തന്നെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് മാറിമാറി വരുമെന്നുള്ളത് അറിവുള്ളതാണല്ലൊ. ഒരാള്‍ക്ക് ഒരു വിഷയത്തെക്കുറിച്ചോ, വസ്തുവിനെക്കുറിച്ചോ, വ്യക്തിയെക്കുറിച്ചോ, ദേശകാലത്തെക്കുറിച്ചോ ആദ്യമുണ്ടാകുന്നത് ഏകദേശ ധാരണയായിരിക്കും. അതു സ്ഥൂലമായ അറിവിന്‍റേയും പരന്ന ചിന്തയുടേയും സമന്വയത്തില്‍ നിന്നുമുണ്ടാകുന്നതാണ്. എന്നാല്‍ അതു സംബന്ധിച്ച അറിവും ചിന്തയും സ്ഥൂലതയുടെ തലത്തില്‍ നിന്നും കൂടുതല്‍ കൂടുതല്‍ സൂക്ഷ്മതയുടെ തലത്തിലേക്കു വരുന്തോറും ആദ്യമുണ്ടായിരുന്ന ധാരണകള്‍ മാറുകയും അവയുടെ സ്ഥാനത്ത് പുതിയ പുതിയ ധാരണകള്‍ പ്രതിഷ്ഠിതമാവുകയും ചെയ്യും. ഏറ്റവും അവസാനം ഉറയ്ക്കുന്ന ധാരണകളുടെ അടിസ്ഥാനത്തിലായിരിക്കും അയാള്‍ പിന്നീടു ജീവിതത്തെ അഭിമുഖീകരിക്കുകയും വിഷയങ്ങളെ കൈകാര്യം ചെയ്യുകയും ചെയ്യുന്നത്.
ചുരുക്കത്തില്‍ ധാരണ വികലമോ അപൂര്‍ണ്ണമോ അശാസ്ത്രീയമോ ആയിരുന്നാല്‍ ആ ധാരണയുടെ അടിസ്ഥാനത്തില്‍ അഭിമുഖീകരിക്കപ്പെടുന്നതെല്ലാം വികലവും അപൂര്‍ണ്ണവും അശാസ്ത്രീയവുമായേ ഇരിക്കുകയുള്ളു. നിത്യജീവിതത്തിലെ പല സന്ദര്‍ഭങ്ങളേയും സങ്കീര്‍ണ്ണമാക്കിത്തീര്‍ക്കുന്നത് ധാരണകളിലുണ്ടായിട്ടുള്ള ഇത്തരം 'കുറവുകള്‍' തന്നെയാണ്.
'അയാള്‍ ഞാന്‍ ധരിച്ചതുപോലെയുള്ള ആളല്ല' എന്നു ചിലര്‍ പറയുന്നതു കേട്ടിട്ടില്ലേ?
വാസ്തവത്തില്‍ ഇങ്ങനെയൊരു പ്രസ്താവനയ്ക്ക് വിധേയനാകപ്പെടുന്നയാള്‍ ഇവിടെ നിരപരാധിയാണ്. എന്തെന്നാല്‍ അയാളുടെ കഴിവുകളേയും സവിശേഷതകളേയും സ്വഭാവദൂഷ്യങ്ങളേയും ഗുണഗണങ്ങളേയും പരിമിതികളേയും വേണ്ടവിധത്തില്‍ വിലയിരുത്തി മനസ്സിലാക്കുന്നതില്‍ മറ്റൊരാള്‍ക്ക് സംഭവിച്ച പാളിച്ചകളില്‍ നിന്നും അല്ലെങ്കില്‍ അബദ്ധജഡിലമായ ധാരണകളില്‍ നിന്നുമാണ് ഇത്തരം പ്രസ്താവനകള്‍ പിറവികൊള്ളുന്നത്. അയാളെക്കുറിച്ച് നേരത്തെ രൂപപ്പെടുത്തി വച്ചിരുന്ന ധാരണകള്‍ വളരെയേറെ 'കുറവുകള്‍' ഉള്ളതായിരുന്നു എന്നതിന്‍റെ ഒരു സ്വയം സാക്ഷ്യപ്പെടുത്തല്‍ കൂടിയാണിത്.
ഭാര്യ ഭര്‍ത്താവിനേയും ഭര്‍ത്താവ് ഭാര്യയേയും പരസ്പരം മനസ്സിലാക്കുന്നതില്‍ സംഭവിക്കുന്ന വീഴ്ചകളില്‍നിന്നുമാണ് കുടുംബകലഹങ്ങള്‍ പെരുകുന്നത്. സുഹൃത്തുക്കള്‍ തമ്മില്‍ പിണങ്ങേണ്ടി വരുന്നതും കുടുംബത്തിലും സമൂഹത്തിലും മറ്റുള്ളവരോട് ഒത്തുപോകാനാവാതെ ചിലരെല്ലാം ഒറ്റപ്പെടുന്നതും അവരവരുടെ ധാരണകളിലുണ്ടായിട്ടുള്ള ന്യൂനതകളും പിശകുകളും കൊണ്ടാണ്. അതുകൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഔദ്യോഗികജീവിതത്തിലും സമൂഹജീവിതത്തിലും വലിയ പ്രശ്നങ്ങള്‍ കൂടാതെ പോകുന്നതിന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള സാമാന്യ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ധാരണകളെ പരസ്പരം പൊരുത്തപ്പെടുത്തുകയാണ് വേണ്ടത്.
ഒരേ കുടുംബത്തില്‍ തന്നെ താമസിക്കുന്ന അച്ഛന്‍, അമ്മ, മക്കള്‍, സഹോദരങ്ങള്‍ ഇവരെല്ലാം വ്യത്യസ്തമായ മനോലോകങ്ങളില്‍ വ്യാപരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഒരേ വിഷയത്തെക്കുറിച്ചുള്ള ഇവരുടെ ധാരണകളിലും കാര്യമായ വ്യത്യാസങ്ങളുണ്ടായിരിക്കും. ഈ വ്യത്യാസങ്ങള്‍ മറനീക്കി ഏറ്റുമുട്ടുന്ന സാഹചര്യങ്ങളുണ്ടായാല്‍ അതു കുടുംബത്തില്‍ അസ്വാസ്ഥ്യമുണ്ടാക്കുന്നതിനും കാരണമായിത്തീരുന്നതാണ്.അതിനാല്‍ കുടുംബത്തിന്‍റെ ശാന്തിക്കും സമാധാനത്തിനും പരസ്പരസ്നേഹത്തിനും കുടുംബാംഗങ്ങളുടെ ധാരണകള്‍ക്കു തമ്മില്‍ ഒരു പാരസ്പര്യമുണ്ടാകേണ്ടതുണ്ട്. പൊരുത്തപ്പെടുത്താനാവുന്ന വിധമുള്ള ധാരണകളെ സുദൃഢമാക്കുകയും പൊരുത്തപ്പെടുത്താനാവാത്ത ധാരണകളെ ദുര്‍ബലമാക്കി നിര്‍ത്തുകയും ചെയ്യുവാനായാല്‍ത്തന്നെ കുടുംബകലഹങ്ങള്‍ പലതും ഒഴിഞ്ഞു പോകുന്നതിന് അവസരമുണ്ടാകും.
നല്ല സന്ദര്‍ഭങ്ങളെ നഷ്ടപ്പെടുത്തുന്നവര്‍
'എന്നെ അയാള്‍ക്ക് ഇതുവരേയും മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടില്ലല്ലോ' എന്ന് പരിതപിക്കുന്നവര്‍ സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലുമുണ്ട്. എന്നെ മറ്റൊരാള്‍ മനസ്സിലാക്കുന്നത് ഏതു വിധമാണെന്നതും ഏതു വിധമായിരിക്കണമെന്നതും എന്‍റെ പരിധിക്കു പുറത്തുള്ള കാര്യങ്ങളാണ്. എന്നെ മനസ്സിലാക്കുന്ന ആളുടെ മനോധര്‍മ്മവും വിചാരങ്ങളും ധാരണകളും വിശ്വാസങ്ങളും പ്രമാണങ്ങളും സാഹചര്യ സന്ദര്‍ഭങ്ങളും സ്വകാര്യതകളും അറിയാത്ത ഞാന്‍ 'എന്നെ ഇന്ന രീതിയില്‍' അയാള്‍ മനസ്സിലാക്കണമെന്നു ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ എന്നെ മറ്റൊരാള്‍ മനസ്സിലാക്കുന്നില്ല എന്ന് ബോധ്യപ്പെടുമ്പോഴാണ് മേല്‍പ്പറഞ്ഞ പ്രസ്താവനയുമായി ഒരാള്‍ രംഗത്തു വരുന്നത്.
അതുകൊണ്ട് ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ത്തന്നെ എന്നെ മറ്റുള്ളവര്‍ മനസ്സിലാക്കണം എന്ന് ആരും വാശി പിടിക്കാതിരിക്കുന്നതാണ് നല്ലത്. മറിച്ച് പൊതുവേ സ്വീകാര്യമായ നല്ല അംശങ്ങളെ കൂട്ടിച്ചേര്‍ത്തും സുവ്യക്തമായ വിചാരധാരണകളെ കൂട്ടിയിണക്കിയും ജ്ഞാനകര്‍മ്മങ്ങളെ ഏകോപിപ്പിച്ചും ജീവിതത്തെ ക്രമപ്പെടുത്തുന്ന ഒരാളെ, അയാള്‍ ആവശ്യ പ്പെടാതെ തന്നെ, 'എത്ര നല്ല മനുഷ്യന്‍' എന്നു മറ്റുള്ളവര്‍ മനസ്സിലാക്കിക്കൊള്ളും.
പരസ്പരമുള്ള അംഗീകരിക്കലുകളില്‍ നിന്നുമാണ് ചേര്‍ച്ചയുണ്ടാകുന്നത്. അംഗീകരിക്കലിനു വഴിയൊരുക്കുന്നതാകട്ടെ പരസ്പരം ഇണങ്ങുന്ന ധാരണകളുമാണ്. കേവലം ഊഹാപോഹങ്ങളുടേയും കേട്ടുകേള്‍വികളുടേയും അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന ധാരണകളുമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവര്‍ എരിതീയില്‍ വീഴുന്നതു പോലെയുള്ള അനുഭവത്തെ സ്വയം ഏറ്റു വാങ്ങുന്നവരായി തീരും. അതിനാല്‍ ഏതൊരു ധാരണയും സ്വയം വിശകലനത്തിനും യുക്തിഭദ്രമായ വിലയിരുത്തലിനും ബോധ്യപ്പെടലിനും ശേഷം മാത്രമേ ഉള്ളിലുറപ്പിക്കാവൂ.
ധാരണകള്‍ സത്യസന്ധവും ഉറപ്പേറിയതുമായിരിക്കണം. അങ്ങനെയായാല്‍ ഏതു തരത്തിലുള്ള പ്രശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ പതറിപ്പോകുവാന്‍ ഇടവരികയില്ല. വ്യക്തവും ശക്തവുമായ ധാരണയുള്ളവന്‍ നിര്‍ഭയനും നിശ്ചയദാര്‍ഢ്യം ഉള്ളവനുമായിരിക്കും. ജീവിതത്തിന്‍റെ സര്‍വ്വതോമുഖമായ പുരോഗതിക്കും വിജയത്തിനും സമാധാനത്തിനും ഒരളവുവരെ മുഖ്യഘടകമായിരിക്കുന്നത് ശരിയും ശക്തവുമായ ധാരണകള്‍ തന്നെയാണ്.
'അതേക്കുറിച്ചുള്ള എന്‍റെ ധാരണ ശരിയായിരുന്നില്ല. എനിക്ക് തെറ്റു പറ്റിപ്പോയി' എന്നു വിലപിച്ചു നടക്കുന്നവരെ നമുക്കു പലയിടത്തും കാണാവുന്നതാണ്. ധാരണപ്പിശകുമൂലം ജീവിതത്തിലെ നല്ല സന്ദര്‍ഭങ്ങള്‍ നഷ്ടപ്പെട്ടവരും പരാജയത്തിന്‍റെയും വിഷാദത്തിന്‍റെയും ആഴങ്ങളിലേക്കു പതിച്ചവരും നമ്മുടെ ഇടയിലുണ്ട്. ഏതൊരു നഷ്ടവും നഷ്ടം തന്നെയാണ്. നഷ്ടത്തിന്‍റെ അളവും പരാജയത്തിന്‍റെ തോതും കുറയ്ക്കുവാനായാല്‍ മാത്രമേ നേട്ടത്തിന്‍റേയും വിജയത്തിന്‍റേയും പടികളെ സ്വന്തമാക്കാനാവൂ.
തെറ്റു പറ്റിയിട്ട് 'അയ്യോ തെറ്റു പറ്റിപ്പോയി, ഇനി ഇതില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണൊരു മാര്‍ഗ്ഗം?' സാധാരണ കേട്ടു വരുന്ന ഒരു ചോദ്യമാണിത്. ഇങ്ങനെ ചോദിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? പറ്റിപ്പോയ തെറ്റില്‍ നിന്ന് രക്ഷപ്പെടാനൊരു മാര്‍ഗ്ഗം മുന്നില്‍ തെളിയാതെ വരുമ്പോഴോ, തെറ്റില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ തെറ്റുകളിലേക്കു പതിക്കേണ്ടി വരുമോ എന്നുള്ള പരിഭ്രമം ഉണ്ടാകുമ്പോഴോ, സകല പ്രതീക്ഷകളും കൈവിട്ടു പോകുന്നു എന്നു തോന്നുമ്പോഴോ, വിവേകം വേണ്ട വിധത്തില്‍ യഥാസമയം ഉദിക്കാതിരിക്കുമ്പോഴോ ഒക്കെയാണ്. തെറ്റിനെ തെറ്റായും ശരിയെ ശരിയായും വേര്‍തിരിച്ചറിയണമെങ്കില്‍ നിത്യവും അനിത്യവുമായ കാര്യങ്ങളെക്കുറിച്ച് ആവശ്യമായ വിവേകം ഉണ്ടായേ മതിയാകു.
ശരിയായ ധാരണ ഉള്ളവന്‍ വിവേകിയും തെറ്റായ ധാരണയുള്ളവന്‍ അവിവേകിയുമായിരിക്കും. ശരിയായ ധാരണയില്‍ നിന്നുമാണ് വിവേകം ഉണ്ടാകുന്നത്. മറിച്ച് വിവേകത്തില്‍ നിന്നുമാണ് ധാരണയുണ്ടാകുന്നതെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അത് അന്തിമമായി അവാസ്തവമാണ്. എന്തെന്നാല്‍ വിവേകമുള്ളിടത്ത് പിന്നെ ധാരണയുടെ ആവശ്യമില്ലല്ലോ. വിവേകം എന്ന കരയിലേക്കു കടക്കുവാനുള്ള ഒരു തോണി എന്ന നിലയിലാണ് ഇവിടെ ധാരണ എന്നതിനെ മനസ്സിലാക്കേണ്ടത്. ഒരു ഉദാഹരണം നോക്കുക -ഉദ്യോഗലബ്ധിക്കായുള്ള യോഗ്യതാപരീക്ഷ എഴുതുവാനെത്തുന്ന ഒരുദ്യോഗാര്‍ത്ഥി ചോദ്യക്കടലാസ് കൈയില്‍ കിട്ടുമ്പോള്‍ അത് ആകവേ ഒന്ന് ഓടിച്ചു നോക്കുന്നു. ഒന്നര മണിക്കൂര്‍ സമയദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 60 ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടതായിട്ടുള്ളത്. അതായത് ഒരു ചോദ്യത്തിന് ഉത്തരമെഴുതാന്‍ ഒന്നര മിനിട്ടു വീതമേയുള്ളു. മുഴുവന്‍ ചോദ്യങ്ങള്‍ക്കും പരീക്ഷാ സമയത്തിനുള്ളില്‍ ഉത്തരമെഴുതി തീര്‍ക്കണമെങ്കില്‍ സമയത്തെക്കുറിച്ചും ഉത്തരങ്ങള്‍ നീട്ടിയും കുറുക്കിയും എഴുതേണ്ടതിനെക്കുറിച്ചും അതിനിടയില്‍ ഓര്‍മ്മയുടേയും ചിന്തയുടേയും തലങ്ങളില്‍ പോക്കുവരവുകള്‍ നടത്തുന്നതിനെക്കുറിച്ചും ഒക്കെ ആ ഉദ്യോഗാര്‍ത്ഥിക്ക് വേണ്ടത്ര ധാരണ ഉണ്ടാകേണ്ടതുണ്ട്.
എന്നാല്‍ വ്യക്തമായ ധാരണ ഇല്ലാത്ത ഒരു ഉദ്യോഗാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം കുറച്ചു ചോദ്യങ്ങള്‍ക്കു ഉത്തരമെഴുതുമ്പോഴേക്കും പരീക്ഷാസമയം തീര്‍ന്നിരിക്കും. ചുരുക്കത്തില്‍ ധാരണ ഉണ്ടായിരുന്നവന്‍ സമാധാനത്തോടും ധാരണയില്ലാതിരുന്നവന്‍ സമ്മര്‍ദ്ദത്തോടുംകൂടി ആയിരിക്കും പരീക്ഷാകേന്ദ്രം വിട്ടിറങ്ങുക.
ധാരണയില്‍ നിന്നും ധ്യാനത്തിലേക്ക്
ധാരണയില്‍ നിന്നും ധ്യാനത്തിലേക്കുള്ള ദൂരം നിശ്ചയിക്കുക സാധ്യമല്ല. എന്തെന്നാല്‍ ധാരണ വിഷയത്തിനും ധ്യാനം ആത്മാവിനും അഭിമുഖമാണ്. എന്നാല്‍ ശരിയായ നിലയിലുള്ള ധ്യാനത്തിലേക്ക് പ്രവേശിക്കുന്നതിന് ശാസ്ത്രീയവും വ്യക്തവുമായ ധാരണയും പരിശീലനവും വേണ്ടതുണ്ട്.
സര്‍വ്വ വിഷയങ്ങളും മനസ്സില്‍ നിന്ന് അസ്തമിക്കുമ്പോഴാണ് ധ്യാനത്തിനു ഉദയമുണ്ടാകുന്നത്. ധ്യാനാവസ്ഥയില്‍ ദ്വൈതഭാവമില്ല. അഥവാ രണ്ട് എന്ന അനുഭവമില്ല. രണ്ടെന്ന അനുഭവമുണ്ടാകുന്നത് 'ഞാന്‍' കൂടാതെ 'മറ്റൊന്നുണ്ട്' എന്ന തോന്നലുള്ളതുകൊണ്ടാണ്.
ഇത്തരം തോന്നലുകളുടെ സങ്കേതമാണ് മനസ്സ്. അതായത് മനസ്സാണ് ദ്വൈതഭാവത്തെ ഉണ്ടാക്കുന്നതും നിലനിര്‍ത്തുന്നതും. അങ്ങനെയുള്ള ദ്വൈതഭാവങ്ങളുടെയും സര്‍വ്വവിഷയങ്ങളുടെയും ഇരിപ്പിടമായിരിക്കുന്ന മനസ്സിനെത്തന്നെ ഇല്ലാതാക്കി തീര്‍ക്കുന്ന അവസ്ഥയിലാണ് ശരിയായ ധ്യാനം സംഭവിക്കുന്നത്. ജീവിതത്തില്‍ത്തന്നെ സംഭവിക്കുന്ന ഒരുതരം 'സമാധി' അവസ്ഥയാണ് ധ്യാനം.
ധ്യാനാവസ്ഥയില്‍ മനസ്സ് എന്ന ഒന്നില്ല. എന്നാല്‍ ഈ സത്യം അറിയാത്തവരാകട്ടെ പലതിനേയും ധ്യാനമായി തെറ്റിദ്ധരിക്കുകയാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തന്ത്രങ്ങളും മത്സരങ്ങളും സമ്മര്‍ദ്ദങ്ങളും വ്യാപകമായതോടെ ആധുനിക തലമുറ അല്പം ആശ്വാസം കിട്ടുന്ന മാര്‍ഗ്ഗങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുക സ്വാഭാവികമാണ്.
ഈ സാഹചര്യങ്ങള്‍ പരമാവധി മുതലെടുത്തുകൊണ്ടാണ് ധ്യാനം എളുപ്പത്തില്‍ ശീലിപ്പിക്കുവാനുള്ള ആധുനിക വിദ്യയുമായി ചിലരെല്ലാം രംഗപ്രവേശം നടത്തുന്നത്. ഇത്തരക്കാര്‍ പരിശീലിപ്പിക്കുന്ന ധ്യാനമുറകളാകട്ടെ അതു പ്രാണായാമവുമായി ബന്ധപ്പെട്ട ചില മുറകള്‍ മാത്രമാണ്, എന്നു മാത്രവുമല്ല അവ വിഷയവിമുക്തവുമല്ല. വിഷയങ്ങളെ ജനിപ്പിക്കുന്ന മനസ്സിനെ വിഷയങ്ങളുപയോഗിച്ച് മരവിപ്പിക്കാന്‍ ശ്രമിക്കുന്നത് അശാസ്ത്രീയമാണ്. വെള്ളത്തില്‍ കിടക്കുന്ന സൂചിയെ നൂലുകൊണ്ട് എടുക്കുവാന്‍ ശ്രമിക്കുന്നതുപോലെയാണിത്.
ധ്യാനത്തെ ഇന്നു ഒരു രോഗപ്രതിരോധ മാര്‍ഗ്ഗമായിട്ടുവരെ പ്രചരിപ്പിക്കുന്നവരും സ്വീകരിക്കുന്നവരും ഉണ്ട്. ഈ നില ധ്യാനത്തിനു വലിയ വിപണന മൂല്യം ഉണ്ടാക്കിയിട്ടുണ്ടെന്നതു നേരുതന്നെ. പക്ഷെ ഇതൊന്നും യഥാര്‍ത്ഥത്തിലുള്ള ധ്യാനമല്ല. ധ്യാനത്തിന്‍റെ സ്വഭാവത്തെ അനുകരിക്കുന്ന (ശാശമേലേ) ഒരു ചെറിയ അനുഭവതലം മാത്രമാണത്. ധ്യാനം ഒന്നിനും വേണ്ടിയുള്ള മാര്‍ഗ്ഗമല്ല. അത് ഒരു ആത്മീയ സാധനയാണ്.
പ്രകൃതിയുടെ അന്തരാത്മാവില്‍ എന്നെ ഞാനാക്കി നിലനിര്‍ത്തുന്ന ചൈതന്യത്തെ വ്യക്തിതലത്തിലുള്ള ഞാനുമായി ലയിപ്പിക്കുന്ന നിര്‍വചനാതീതമായ ഒരു അനുഭവാവസ്ഥയാണത്. അറിവ് (ജ്ഞാനം), അറിയപ്പെടുന്ന വിഷയം (ജ്ഞേയം), അറിയപ്പെടുന്നവന്‍ (ജ്ഞാതാവ്) എന്ന ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ആ അവസ്ഥയെ പ്രാപിക്കുവാന്‍ നേരാംവഴിയിലൂടെ വളരെ സഞ്ചരിക്കേണ്ടതുണ്ട്.