മനുഷ്യരക്ഷകരുടെ വിധി
കെ. പി. അപ്പന്‍
 

     'അറബിക്കടലിന്‍റെ തീരത്തുകൂടി ഹിന്ദുസംന്യാസിയായ ഒരു ക്രിസ്തു സഞ്ചരിച്ചുകൊണ്ടിരുന്നു' എന്ന് ഒരു വിദേശ സഞ്ചാരി ഗുരുവിനെക്കുറിച്ചു പറഞ്ഞു.  ഇക്കാര്യം ഡോ.എം.എം. ബഷീര്‍ ഒരു ലേഖനത്തില്‍ ഉദ്ധരിച്ചുകണ്ടു.  സഞ്ചാരിയുടേത് ഒരു ചെറിയ കാഴ്ചയായിരുന്നു.  എന്നാല്‍ പതഞ്ജലിയുടെ കല്‍പന ഉപയോഗിച്ചു പറഞ്ഞാല്‍ അത് അടച്ചിട്ട വാതിലിനപ്പുറം കാണുന്ന കാഴ്ചയായിരുന്നു.  ക്രിസ്തു ഗുരുവിലുണ്ടായിരുന്നു.  ഏതൊക്കെയോ തലങ്ങളില്‍ മനസ്സുകൊണ്ടും ജീവിതംകൊണ്ടും ഗുരു ജീസസ്സിനെ സ്പര്‍ശിക്കുന്നുണ്ടായിരുന്നു.  'അനുകമ്പാദശകം' എന്ന കാവ്യത്തില്‍ 'പരമേശ പവിത്രപുത്രന്‍' എന്നാണ് ഗുരു ക്രിസ്തുവിനെ വിശേഷിപ്പിച്ചത്.  ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം എന്ന് സഹോദരന്‍ അയ്യപ്പനെ ഗുരു ഉപദേശിച്ചു.  ചില വിദൂരസമാനതകള്‍ രണ്ടുപേരുടേയും ജീവിതത്തില്‍ കാണാം.  ഗുരുവിനെ കണ്ടാല്‍ വലിയ പുരുഷാരം ചുറ്റും കൂടുക പതിവായിരുന്നു എന്ന് കെ. ദാമോദരന്‍ എഴുതുമ്പോള്‍ അത് ജീസസ്സിനെക്കുറിച്ചുള്ള പുതിയ നിയമത്തിലെ ആഖ്യാനത്തെ ഓര്‍മ്മിപ്പിക്കുന്നു.  ഗുരു ആള്‍ക്കൂട്ടത്തില്‍ നിന്നു പ്രാര്‍ത്ഥിച്ചു എന്ന് വീണ്ടും കെ. ദാമോദരന്‍ എഴുതുമ്പോള്‍ അത് യേശുവിന്‍റെ ചില പ്രാര്‍ത്ഥനാസന്ദര്‍ഭങ്ങളെ നമ്മുടെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നു.  ക്രിസ്തുവിന്‍റെ അനുയായികളില്‍ ഏറ്റവും കരുത്തുറ്റ വ്യക്തിത്വം വിശുദ്ധ പൗലോസിന്‍റേതാണ്.  ആ വിശുദ്ധ പൗലോസിന്‍റെ സ്ഥാനമാണ് ഗുരുവിന്‍റെ സംന്യസ്തശിഷ്യനായ സത്യവ്രതസ്വാമികള്‍ക്ക് ഉള്ളത്.  ഗുരുവിന് ഇങ്ങനെയൊരു ശിഷ്യന്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സി. കേശവന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.  സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ അദ്ദേഹത്തിന്‍റെ ആത്മകഥയില്‍ ഏറ്റവും വലിയ കര്‍മ്മയോഗിയായി സത്യവ്രതസ്വാമികളെ കാണുന്നു.  ഗുരുവിന്‍റെ സന്ദേശപതാക സത്യവ്രതസ്വാമികളുടെ കൈകളിലായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് പള്ളത്ത് രാമന്‍ കവിത എഴുതി.  വിശുദ്ധ പൗലോസും സത്യവ്രതസ്വാമികളും വലിയ ചിന്തകരായിരുന്നു.  പണ്ഡിതന്മാരായിരുന്നു.  വിശ്വാസത്തില്‍ ഉറപ്പുള്ളവരായിരുന്നു.  വാക്കുകളില്‍ ഉറപ്പുള്ളവരായിരുന്നു.  ഘനശാലികളായിരുന്നു.  പൗലോസ് ആദ്യകാലത്ത് ക്രിസ്തുമതവിരോധിയായിരുന്നു.  പിന്നീട് യേശുവില്‍ വിശ്വസിച്ചു.  അതിനുശേഷം നിരന്തരം സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങി.  ഇതുപോലെതന്നെയായിരുന്നു സത്യവ്രതസ്വാമികളും.  അദ്ദേഹത്തിന്‍റെ പൂര്‍വ്വാശ്രമത്തിലെ പേര് അയ്യപ്പന്‍പിള്ള എന്നായിരുന്നു. വലിയ നായര്‍ തറവാട്ടിലെ അംഗമായിരുന്നു.  ആദ്യകാലത്ത് അദ്ദേഹം ഗുരുവിനെ മനസിലാക്കാതെ വിമര്‍ശിച്ച് സംസാരിച്ചിരുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ ഗുരുവിനെ കണ്ടപ്പോള്‍ മഹാഗുരുവിനെ കണ്ട അനുഭവമുണ്ടായി. ദിവ്യസന്നിധിയില്‍ നില്ക്കുന്നതുപോലെ തോന്നി.  ഉള്ളിലെ സംശയങ്ങള്‍ കൊഴിഞ്ഞു പോയി.  പിന്നീട് അദ്ദേഹം ഗുരുവിന്‍റെ പ്രിയ ശിഷ്യനായി.  ശ്രീനാരായണ ചിന്തകളുടെ ഏറ്റവും വലിയ പ്രചാരകനും ഗായകനുമായി.

     ഗുരു അവസാന നാളുകളില്‍ ഒരുപാട് വേദനിച്ചിരുന്നു.  കഷ്ടാനുഭവങ്ങളുടെ കുരിശ് അദ്ദേഹം പേറിയിരുന്നു.  മാമ്പലം വിദ്യാനന്ദസ്വാമികളുടെ വെളിപ്പെടുത്തല്‍ നടുക്കത്തോടെയാണ് ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  പ്രൊഫ. എം. കെ. സാനുവിന്‍റെ കൃതിയില്‍ വിദ്യാനന്ദസ്വാമികളുടെ വെളിപ്പെടുത്തല്‍ പൂര്‍ണ്ണരൂപത്തില്‍ കൊടുത്തിരിക്കുന്നു.  കൂടെ നിന്നവര്‍ ഗുരുവിനോട് സ്നേഹമില്ലായ്മ കാട്ടി.  യോഗത്തിന്‍റെ ജാതിചിന്ത ഗുരുവിനെ വേദനിപ്പിച്ചിരുന്നു എന്നും ജീവചരിത്രകാരന്മാര്‍ എഴുതുന്നു.  സമകാലികത എപ്പോഴും മനുഷ്യരക്ഷകര്‍ക്ക് ഈവിധം അദൃശ്യമായ കുരിശു നല്കാറുണ്ട്.  ഉയരത്തിലുള്ള ഒരു കുരിശ് മനുഷ്യരക്ഷകരുടെ ശിരസ്സിനു മുകളില്‍ എപ്പോഴും കാണാം.  അതൊരു ചരിത്രദൃശ്യമാണ്.  കുരിശ് ക്രിസ്തുവില്‍നിന്നു മറ്റുള്ളവരിലേക്ക് അതിന്‍റെ പകര്‍ന്നാട്ടം നടത്തിക്കൊണ്ടിരിക്കുന്നു.  ഇതാണ് വിദ്യാനന്ദസ്വാമികളുടെ വിവരണത്തിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.  ശിഷ്യന്മാരോടൊപ്പം ക്രിസ്തു ഒരു വര്‍ഷത്തിലധികം ജീവിച്ചു.  ആദ്യത്തെ ജനസമ്മിതി പിന്നീട് എതിര്‍പ്പായി മാറി.  മനുഷ്യരക്ഷകരുടെ വിധിയാണത്.  കഷ്ടപ്പാടുകളും കുരിശും അവര്‍ക്ക് ഒഴിവാക്കാനാവില്ല.  ജീസസ്സിന് ആദ്യം കിട്ടിയത് യാത്രയുടെ പീഡാനുഭവങ്ങളായിരുന്നു.  ക്രിസ്തുവിനെ അവര്‍ ഖന്നാവിന്‍റെ മുമ്പിലേക്കു കൊണ്ടുപോകുന്നു.  പിന്നീട് കയാഫസിന്‍റെ അടുത്തേക്കു കൊണ്ടുപോകുന്നു.  പിലാത്തോസിന്‍റെ വസതിയിലേക്കു കൊണ്ടുപോകുന്നു.  ഹേരോദേസിന്‍റെ അടുക്കലേക്കു കൊണ്ടുപോകുന്നു.  ഒടുവില്‍ കാല്‍വരിയിലേക്കു കൊണ്ടുപോകുന്നു.  ശിക്ഷിക്കപ്പെടാനല്ലെങ്കില്‍ക്കൂടി യാത്രയുടെ കഠിനമായ ക്ലേശങ്ങള്‍ ഗുരു അനുഭവിച്ചിരുന്നു.  ഗുരു കേരളം വിടുന്നു.  മധുരയിലേക്ക് പോകുന്നു.  രാമനാഥപുരത്തേക്ക് പോകുന്നു.  രാമേശ്വരത്തേക്കു പോകുന്നു.  കൊളമ്പിലേക്കു പോകുന്നു.  ക്രിസ്തു ഭാരമേറിയ മരക്കുരിശ് ചുമന്നു.  ആ ഭാരം താങ്ങാനാവാതെ പലവട്ടം വീണു.  ഒരു ശിഷ്യന്‍ ഒറ്റിക്കൊടുത്തു.  മറ്റൊരു ശിഷ്യന്‍ തള്ളിപ്പറഞ്ഞു.  ഇതുപോലെ ചില അനുഭവങ്ങള്‍ അനുയായികളില്‍ നിന്ന് ഗുരുവിനുമുണ്ടായി.  തമിഴ്നാട്ടില്‍ വച്ച് ഇനി കേരളത്തിലേക്കു പോകേണ്ട എന്ന് ഗുരു പറഞ്ഞു.  ഇവിടെ എവിടെയെങ്കിലും താമസിച്ചാല്‍ മതി എന്ന് ആഗ്രഹം പ്രകടിപ്പിച്ചു.  ആരെങ്കിലും അന്വേഷിച്ചുവരുമായിരിക്കും, അല്ലെങ്കില്‍ ആരു വരാന്‍? എന്ന് ഗുരു കഠിനവേദനയോടെ ആത്മഗതം ചെയ്തു.  ഈ തമിഴരുടെ സ്നേഹം മറ്റുള്ളവര്‍ക്കില്ലെന്ന് വ്യസനത്തോടെ പറഞ്ഞു.  ഇതെല്ലാം വായിക്കുമ്പോള്‍ 'യോഹന്നാന്‍റെ മകനായ ശീമോനേ നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ?' എന്ന ക്രിസ്തുവിന്‍റെ വചനം ഒര്‍മ്മവരും.

     തമിഴ്നാട്ടിലും ഗുരു ഒരുപാട്  സഞ്ചരിച്ചു.  നടന്നു ക്ഷീണിച്ചു.  രണ്ടു മൈല്‍ ദൂരത്തുപോയി കുളിക്കേണ്ടിവന്നു.  ക്ഷീണിതനായി ഒരു മരത്തിന്‍റെ ചുവട്ടില്‍ ഇരുന്നു.  അപ്പോള്‍ ഭയങ്കരമായ മഴ ഉണ്ടായി.  ആ മഴയില്‍ ഗുരു നനഞ്ഞുവിറച്ചു.  മാറാന്‍ മറ്റു വസ്ത്രമില്ലായിരുന്നു.  റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നപ്പോള്‍ കഠിനമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.  അങ്ങേയറ്റം വൃത്തികെട്ട ഒരു മണ്ഡപത്തില്‍ വൃത്തിയില്ലാത്ത വസ്ത്രം ധരിച്ചവരോടൊപ്പം ഇരിക്കേണ്ടി വന്നു.  ഇതിനിടെ സുഗുണാനന്ദഗിരിസ്വാമിയും ഗോവിന്ദദാസും ജോര്‍ജ്ജ് ജോസഫും വന്നു കണ്ടിരുന്നു.  പിന്നീട് ഗുരു രാമേശ്വരത്തേക്കു പോയി. തീണ്ടല്‍ ജാതിക്കാരനായ നാരായണഗുരുസ്വാമികള്‍ വരുന്നുണ്ടെന്നും അദ്ദേഹത്തെ ക്ഷേത്രത്തിലും മറ്റും കയറ്റുന്നത് സൂക്ഷിച്ചുവേണമെന്നുമുള്ള രാമനാഥപുരം കളക്ടറുടെ മുന്നറിയിപ്പ് ക്ഷേത്രഭാരവാഹികള്‍ക്കുണ്ടായി.  ഇതറിഞ്ഞ ഗുരു രാമേശ്വരം വിട്ടുപോകണമെന്ന് തീര്‍ച്ചയാക്കി.  ഒരു ദിവസം മുഴുവന്‍ ആഹാരമില്ലാതെ കഴിയേണ്ടിവന്നു.  ഒടുവില്‍ ഗുരു ഗന്ധമാദനപര്‍വ്വതത്തിലേക്കു പോയി.  അവിടെ നിന്നാണ് കൊളമ്പിലേക്കു യാത്ര തിരിച്ചത്.  സംശയമില്ല.  ഭയങ്കരമായ ക്ലേശാനുഭവങ്ങളുടെ കഥതന്നെയാണിത്.  അദൃശ്യമായൊരു മരക്കുരിശിന്‍റെ ഭാരം ഗുരു അനുഭവിക്കുകയായിരുന്നു.  ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളുടെ നിഴല്‍ വീഴുന്ന യാതനാദൃശ്യമാണിത്.  ഇങ്ങനെ ചില യാതനാദൃശ്യങ്ങള്‍ ഇല്ലെങ്കില്‍ മനുഷ്യരക്ഷകരുടെ ജീവിതം പൂര്‍ണ്ണമാവുകയില്ല.  ഈ യാഥാര്‍ത്ഥ്യം കാണാന്‍ വിസമ്മതിക്കുകയാണ് ജീവചരിത്രകാരന്മാര്‍.

     പ്രവാചകനായ മുഹമ്മദിന്‍റെ ജീവിതത്തിലും ഈ യാതനാദൃശ്യങ്ങള്‍ കാണാം.  നബിതിരുമേനിയുടെ കാര്യത്തിലും ഗുരുവിനൊരു താദാത്മ്യം ഉണ്ടായിരുന്നു.  അതുകൊണ്ടാണ് 'കരുണാവാന്‍ നബി മുത്തുരത്നമോ?' എന്ന് ഗുരു പാടിയത്.  പ്രവാചകനെ നോക്കി ചിലര്‍ കുത്തുവാക്കുകള്‍ പറഞ്ഞു.  അവഹേളിച്ചു.  ഖുറൈശി നേതാക്കള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു.  ശത്രുക്കള്‍ അദ്ദേഹത്തിന്‍റെ രക്തത്തിനുവേണ്ടി ദാഹിച്ചു.  എന്നാല്‍ ജനിച്ചിട്ടില്ലാത്തവനും മരണമില്ലാത്തവനുമായ ദൈവത്തിന്‍റെ കാരുണ്യം പ്രവാചകനുണ്ടായിരുന്നു.  ദൈവം മുഹമ്മദിനോടു പറഞ്ഞു: '...നാം നിനക്ക് എണ്ണമറ്റ നന്മകള്‍ നല്കിയിരിക്കുന്നു.  നിനക്കല്ല, നിന്നെ അധിക്ഷേപിക്കുന്നവര്‍ക്കാണ് പിന്‍തലമുറ ഇല്ലാതാകാന്‍ പോകുന്നത്...' ഗുരുവിന്‍റെ കാര്യത്തിലും ഈ ദൈവവചനമാണ് ശരിയായിത്തീര്‍ന്നത്.

കുരിശിന്‍റെ അപമാനവും കുരിശുമരണത്തിന്‍റെ വേദനയുമാണ് ക്രിസ്തു അനുഭവിച്ചത്.  അതു ശിക്ഷയായിരുന്നു.  മറ്റൊരു വഴിക്ക് ഗുരു അനുഭവിച്ചത് ശരീരനാശത്തിന്‍റെ വേദനയായിരുന്നു. ഗുരുവിന് അസുഖങ്ങള്‍ ഉണ്ടാകുന്നു.  അതു കഠിനമായി.  മൂത്രതടസ്സത്തിന്‍റെ കഠിനവേദന അനുഭവിച്ചു.  ഹെര്‍നിയായുടെ വേദന ഉണ്ടായിരുന്നു. സഹിക്കാനാവാത്ത വേദന ശരീരത്തെ മുഴുവന്‍ തകര്‍ത്തുകൊണ്ടിരുന്നു.  ഗുരു അനുഭവിച്ച വേദന യുക്തിവാദിയായ കുറ്റിപ്പുഴയെ ഗുരുവിന്‍റെ ആത്മീയസിദ്ധിയെക്കുറിച്ചുള്ള കടുത്ത സംശയത്തില്‍ കൊണ്ടെത്തിച്ചു.  അത,് ദൈവപുത്രന്‍ കഷ്ടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത് പത്രോസിനു മനസ്സിലാക്കാന്‍ കഴിയാത്തതുപോലെയായിരുന്നു.  ഈ സംശയം മഹാകവി ഉള്ളൂരിനുമുണ്ടായിരുന്നു.  'ശരീരമല്ലേ, സഹിച്ചേ പറ്റൂ' എന്നാണ് ഗുരു മഹാകവിയോടു പറഞ്ഞത്.  കാലപരിധിക്കുള്ളിലെ മനുഷ്യജന്മത്തിന്‍റെ കഷ്ടപ്പാടാണിത്.  കാലപരിധിക്കുള്ളിലെ മനുഷ്യജന്മം ദൈവപുത്രനെയും വേദനിപ്പിക്കുമെന്ന് കുരിശ് വെളിപ്പെടുത്തിയിട്ടുണ്ട്. അദൃശ്യമായ കുരിശിന്‍റെ വെളിപ്പെടുത്തലായിരുന്നു ഗുരുവിന്‍റെ കഷ്ടാനുഭവങ്ങള്‍.  ഇത്തരം കഷ്ടാനുഭവങ്ങളില്‍ നിന്നുള്ള മോചനത്തിനായി അവര്‍ സിദ്ധികള്‍ പ്രയോഗിച്ചില്ല. അര്‍ബുദത്തിന്‍റെ വേദന ശ്രീരാമകൃഷ്ണ പരമഹംസന്‍ അനുഭവിച്ചിരുന്നു.   തൊണ്ടയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടായപ്പോഴും വേദന അധികമായപ്പോഴും ആ കഷ്ടാനുഭവത്തില്‍ മുഴുകി കഴിയാനേ ശ്രീരാമകൃഷ്ണനു  കഴിഞ്ഞുള്ളൂ.  നശ്വരമായ മനുഷ്യജന്മത്തിന്‍റെ ദുരന്തമാണത്.  തന്നില്‍ നിന്ന് അത്ഭുതപ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെട്ടവരോട് പ്രവാചകനായ മുഹമ്മദ് ചോദിച്ചു: ' നശ്വരനായ ഭൂതനല്ലാതെ മറ്റു വല്ലവരുമാണോ ഞാന്‍?' ഗുരു ഉള്ളൂരിനോടു പറഞ്ഞ വാക്കുകളില്‍ ഈ ചോദ്യത്തിന്‍റെ ജ്ഞാനോന്മാദ മാറ്റൊലി നമുക്കു കേള്‍ക്കാം.  കഠിന വേദനയുടെ തീവ്രസമയങ്ങളിലും അതിനപ്പുറത്തേക്കു പോകുന്ന ഒരു പ്രശാന്തത ഗുരുവിന്‍റെ മുഖത്തുണ്ടായിരുന്നു.  നല്ല ശാന്തി അനുഭവപ്പെടുന്നു എന്ന് ഗുരു പറഞ്ഞുകൊണ്ടിരുന്നു.  അതു വരാന്‍ പോകുന്ന സമാധിയുടെ ശാന്തിയായിരുന്നു.

അവസാനകാലത്ത് ഗുരുവിനു നേരിടേണ്ടി വന്ന സ്നേഹരാഹിത്യത്തിന്‍റെ സന്ദര്‍ഭങ്ങള്‍ അമനുഷ്യരക്ഷകരുടെ വിധിയുടെ ഭാഗമാണ്.  അത് ഗുരുവിന്‍റെ ജീവിതത്തിന്‍റെ ദിവ്യാര്‍ത്ഥം വെളിപ്പെടുത്തുന്നു.  അത് ചരിത്രത്തില്‍നിന്നു വന്ന വിപരീതധ്വനികളുള്ള ഗുണ പ്രകീര്‍ത്തനമായിരുന്നു.  അത് ആധ്യാത്മികചരിത്രത്തിലെ ഗഹനവിഷയമാണ്.  ഈ വേദന പിന്നീട് വിജയതോരണമായി മാറുന്നു.  പരീക്ഷണങ്ങളുടെ വിപരീതഭാവത്തിലുള്ള തീവ്രകടാക്ഷമാണത്.  ഗുരു ഇത് അറിഞ്ഞിരുന്നില്ലേ? ഉഗ്രമായ മഴയില്‍ ഗുരു മരത്തിന്‍റെ ചുവട്ടില്‍ ഇരുന്നതു നാം കണ്ടു.  ഗുരു നനഞ്ഞു വിറച്ചു.  അപ്പോഴും ഗുരു ചിരിക്കുന്നുണ്ടായിരുന്നു.  ആ സന്ദര്‍ഭത്തിലും ഗുരു തമാശ പറഞ്ഞു എന്ന് വിദ്യാനന്ദസ്വാമി എഴുതുന്നു.  ആ ചിരി ജ്ഞാനോന്മാദത്തിന്‍റെ ചിരിയായിരുന്നു.  പാണിഹാടിയിലെ ഉത്സവത്തില്‍ മഴ നനഞ്ഞുകൊണ്ട് ശ്രീരാമകൃഷ്ണന്‍ ഭാവാവേശത്തില്‍ മുഴുകിയതുപോലെയായിരുന്നു അത്. ഗുരുചിന്തകള്‍ക്ക് വ്യാഖ്യാനമെഴുതിയ പണ്ഡിതന്‍മാര്‍ അതു മനസ്സിലാക്കാന്‍ ശ്രമിച്ചില്ല.  ജീസസ്സിനെപ്പോലെ ഗുരു എല്ലാവര്‍ക്കും വേണ്ടി വേദനിക്കുകയായിരുന്നു.  അത് ചരിത്രത്തിനുള്ളിലെ സദ്വാര്‍ത്തയായിരുന്നു.  ഈ ക്ലേശാനുഭവങ്ങള്‍ ഗുരുവിന്‍റെ വ്യക്തിത്വത്തെ കൂടുതല്‍ തേജസ്സുള്ളതാക്കി മാറ്റി.  മറ്റുള്ളവരുടെ ദുരന്തം തന്നിലേക്ക് എടുക്കുന്ന മനുഷ്യരാശിയുടെ അതിജാഗ്രതയുള്ള കാവല്‍ക്കാരന്‍റെ വിധിയാണത്.  അത് ദേവന്മാരെയും ലോകങ്ങളെയും രക്ഷിക്കാന്‍ ശിവന്‍ വിഷം കുടിച്ചതുപോലെയായിരുന്നു.

ഒടുവില്‍ ഗുരു വര്‍ക്കലയ്ക്ക് തിരിച്ചുവന്നു.  അതില്‍ പ്രതിഫലിച്ചത് അനുതപിക്കുന്നവരോട് ക്ഷമിക്കുന്ന ക്രിസ്തുവിന്‍റെ മനസ്സലിവായിരുന്നു.  വാസ്തവത്തില്‍ ഗുരുവിനെ മനസിലാക്കാത്തവര്‍ അതിന്‍റെ ഭാരം ചുമന്നുകൊണ്ട് അദ്ദേഹത്തിന്‍റെ അടുക്കലേക്ക് ചെല്ലുകയായിരുന്നു.  ആ സംഭവം "...നാം അവനില്‍ച്ചൊരിഞ്ഞ നിന്ദ ചുമന്നുകൊണ്ട് അവന്‍റെ സമീപത്തേക്കു ചെല്ലുക..." എന്ന വിശുദ്ധ പൗലോസിന്‍റെ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്നു.  (കടപ്പാട്: ചരിത്രത്തെ അഗാധമാക്കിയ ഗുരു)