തൃപ്പാദകാണിക്ക
സ്വാമി ഋതംഭരാനന്ദ

   ശ്രീനാരായണഗുരുദേവന്‍റെ ബഹുമുഖങ്ങളായ പ്രതിഭകളെക്കുറിച്ച് ഇനിയും വേണ്ടവണ്ണം വിലയിരുത്തപ്പെട്ടിട്ടില്ല.  സാമൂഹ്യപരിഷ്കര്‍ത്താവ്, ദാര്‍ശനികന്‍, വിദ്യാഭ്യാസവിചക്ഷണന്‍, മലയാളം-തമിഴ്-സംസ്കൃതം എന്നീ മൂന്ന് ഭാഷകളില്‍ കൃതികള്‍ രചിച്ച മഹാകവി, ഗദ്യകാരന്‍, ഭാഷാവിവര്‍ത്തകന്‍, മഹാഭിഷഗ്വരന്‍, ശാസ്ത്രജ്ഞന്‍, ഉത്തമസംന്യാസി ഇതിനെല്ലാമുപരിയായി വിശ്വമാനവികതയുടെ മഹാപ്രവാചകന്‍ തുടങ്ങി ഗുരു എല്ലാമാണ്.  ഗുരുവാരാണ് എന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നതിനെക്കാള്‍ എളുപ്പം ഗുരുവാരല്ല എന്ന് കണ്ടെത്തുന്നതാണ്.
   ഗുരുദേവദര്‍ശനത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങളും പഠനങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ടെങ്കിലും ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ഗുരുദേവ ദര്‍ശനത്തെ വേണ്ടവിധം വിലയിരുത്തിക്കൊണ്ടുള്ള പഠനകൃതികള്‍ ഇല്ലെന്നുതന്നെ പറയാം.  ഈ ന്യൂനതയെ എക്കാലത്തേക്കും പരിഹരിക്കും വിധമുള്ള സമഗ്രമായ ഒരു ശാസ്ത്ര ദാര്‍ശനിക ഗ്രന്ഥമാണ് 'അദ്വൈതത്തെ ശാസ്ത്രമാക്കിയ മഹര്‍ഷി' എന്ന ഈ കൃതി.  ആധുനിക ഭൗതികശാസ്ത്രത്തിന്‍റെ വൈപുല്യതയിലും മുന്നേറ്റങ്ങളിലും വിജ്ഞനും ശ്രദ്ധാലുവുമായിട്ടുള്ള ഒരു ശാസ്ത്രജ്ഞനും, ഭാരതീയ ദര്‍ശനങ്ങള്‍ വെളിവാക്കുന്ന ശാശ്വതസത്യത്തിന്‍റെ സ്വയംപ്രകാശിതമായ ബോധസ്വരൂപത്തെക്കുറിച്ച് ചിന്തചെയ്തറിയുവാന്‍ ശേഷിയുള്ള ഒരു ദാര്‍ശനികനും, സമബുദ്ധിയോടും  സമഭാവനയോടും ഒരു വ്യക്തിയില്‍ സമ്യക്കായി സമ്മേളിക്കുമ്പോള്‍ മാത്രമാണ് ഇത്തരമൊരു ഉത്തമകൃതി പിറവിയെടുക്കുക. എല്ലാറ്റിനുമുപരി ഗുരുവിനോടുള്ള അദമ്യമായ ഭക്തിയും ഒരു ഗുരുപൂജയായി ഈ ഗ്രന്ഥം തൃപ്പാദകമലങ്ങളില്‍ സമര്‍പ്പിക്കുന്നതിനുള്ള വിശാലമനസ്കതയും ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നു. പ്രൊഫ. ജി. കെ. ശശിധരന്‍ എന്ന ഗ്രന്ഥകര്‍ത്താവിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത് ഇതെല്ലാമാണ്.
പ്രപഞ്ചമാണ് ശാസ്ത്രത്തിന്‍റെ അധിഷ്ഠാനം. എന്നാല്‍ ഉപനിഷദ് ഋഷിമാര്‍ വെളിവാക്കുന്ന സത്യദര്‍ശനത്തിന്‍റെ അധിഷ്ഠാനമാകട്ടെ പ്രപഞ്ചത്തിനും കാരണമായിരിക്കുന്നത് യാതൊന്നാണോ അതാണ്.  ആ യാതൊന്നിനെ കണ്ടെത്തുവാനുള്ള ശാസ്ത്രത്തിന്‍റെ മുന്നേറ്റം അനിശ്ചിതമായി തുടരുകയാണ്.  ജനീവയിലെ പ്രപഞ്ചോത്പ്പത്തി രഹസ്യം തേടിയുള്ള നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമെല്ലാം അതിന്‍റെ ഭാഗമാണ്.
   പ്രപഞ്ചസത്യത്തെ സൂര്യതുല്യം അനുഭവിച്ചറിഞ്ഞവരാണ് ഋഷീശ്വരന്‍മാര്‍. ആ മഹത്തായ പരമ്പരയിലെ ആധുനികകാല ഋഷിവര്യനാണ് ശ്രീനാരായണഗുരുദേവന്‍.  ഗുരുദേവദര്‍ശനത്തില്‍ ഉടനീളം കാണുവാനാവുന്നത് നിത്യസത്യത്തിന്‍റെ അനശ്വരമായ വെളിപാടുകളാണ്.  യാതൊരു കാലത്തും മാറ്റമില്ലാത്തതാണ് നിത്യമായ സത്യം.  ആ സത്യത്തിന്‍റെ സാക്ഷാത്കാരദശയിലാണ് സത്യവും ജ്ഞാനവും ആനന്ദവും വേറല്ലാത്തവിധം ഒന്നായി അനുഭവിക്കാനാവുന്നത്.  ഈ അഖണ്ഡാനുഭൂതിയെയാണ് 'അനുഭവിയാതറിവീല' എന്ന് ഗുരുദേവന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
    ഈ അഖണ്ഡാനുഭവത്തിന്‍റെ പരകോടിയിലെത്തിയ ഗുരുദേവന്‍ 'ഉലകിന് വേറൊരു സത്തയില്ല' എന്നും 'സകലവുമുള്ളതുതന്നെ തത്വചിന്താഗ്രഹനിതുസര്‍വ്വവുമേകമായ് ഗ്രഹിക്കും' എന്നും അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.  ഉലകം അഥവാ പ്രപഞ്ചം എന്നത്  നിത്യസത്യത്തില്‍ നിന്നും വേറല്ലാത്തതായ ഒരു കാലിക സത്യം മാത്രമാണ്.  ഈ കേവല കാലികസത്യം നിരന്തരം പരിണാമവിധേയമാണ്.  അതുകൊണ്ട് തന്നെ അത് അസ്ഥിരവും നശ്വരവുമാണ്.  നശ്വരമായിട്ടുള്ളതെല്ലാം ഭ്രമകല്‍പ്പിതങ്ങളാണ് അഥവാ വാസനാസങ്കല്‍പ്പങ്ങളാണ്.  എല്ലാ സങ്കല്‍പ്പങ്ങളും ആദികാരണമായിരിക്കുന്ന പരംപൊരുളില്‍ നിന്നും രൂപപ്പെടുന്നതാണ്.  'സസര്‍ജ്ജ സര്‍വ്വം സങ്കല്‍പ്പ മാത്രേണ പരമേശ്വരഃ' എന്നാണ് ദര്‍ശനമാലയില്‍ ഗുരുദേവന്‍ വെളിപ്പെടുത്തിയിട്ടുള്ളത്.  പ്രപഞ്ച വിധാനത്തിന്‍റെ  ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ ശാസ്ത്രസിദ്ധാന്തങ്ങളാല്‍ സമ്പന്നമാണ് ദര്‍ശനമാലയിലെ അധ്യാരോപദര്‍ശനം.  പ്രപഞ്ചരഹസ്യം തേടുന്ന ശാസ്ത്രലോകം എല്ലാ മുന്നേറ്റങ്ങള്‍ക്കുമൊടുവില്‍ എത്തിച്ചേരുന്നതിനും അപ്പുറമാണ് ഗുരുദേവന്‍ ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുന്‍പ് തന്നെ എത്തിനിന്നിരുന്നതെന്ന് ഇതില്‍ നിന്നും മനസിലാക്കാനാവും. 
   കാലിക സത്യങ്ങളുടെ അനിശ്ചിതമായ സൂത്രവാക്യങ്ങളില്‍ നിന്നും ശാസ്ത്രം സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ അത് കാലാതീതമായ സിദ്ധാന്തങ്ങളായി നിലനില്‍ക്കുകയില്ല. എന്നാല്‍ ഗുരുദേവന്‍ കാലാതീതമായ സനാതനസത്യത്തിന്‍റെ സുനിശ്ചിതമായ സൂത്രവാക്യങ്ങള്‍ കൊണ്ടാണ് അദ്വൈതത്തിന്‍റെ ശാസ്ത്രസിദ്ധാന്തങ്ങളാവിഷ്കരിച്ചത.്  ആ സിദ്ധാന്തങ്ങളാകട്ടെ ഏതു കാലത്തും ഭൗതികശാസ്ത്രത്തിന് 'വിലമതിയാതവിളക്കായി' ശോഭിക്കുക തന്നെ ചെയ്യും.  ഈ സത്യത്തെ വാങ്മയരൂപത്തില്‍ ഒരു ഗവേഷണപടുവിനെപ്പോലെ അതിസമര്‍ത്ഥവും സത്യസന്ധവുമായി ഗ്രന്ഥകാരന്‍ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു.
പ്രപഞ്ചരഹസ്യങ്ങളുടെ കലവറയിലേക്കിറങ്ങിച്ചെന്നിട്ടുള്ള പ്രൊഫ. ജി. കെ. ശശിധരന്‍ ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളുടേയും തത്ത്വദര്‍ശനത്തിന്‍റേയും വെളിച്ചത്തില്‍ ഗുരുദേവകൃതികളിലെ ദാര്‍ശനിക ശാസ്ത്രസിദ്ധാന്തങ്ങളെ വിലയിരുത്തി അപഗ്രഥിച്ച് അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ഒരേ സമയം ഒരു ശാസ്ത്രഗ്രന്ഥമായും ഒരു ദാര്‍ശനിക ഗ്രന്ഥമായും ശോഭിക്കുന്നു.  അതുകൊണ്ടുതന്നെ ഗുരുദേവഭക്തന്‍മാര്‍ക്കും ജിജ്ഞാസുക്കള്‍ക്കും ശാസ്ത്രപഠിതാക്കള്‍ക്കും ആധികാരികമായി ആശ്രയിക്കാവുന്ന ഒരമൂല്യഗ്രന്ഥമായി ഇത് പ്രശോഭിക്കുമെന്നതില്‍ സംശയമില്ല.  ഗ്രന്ഥകാരനും ഗ്രന്ഥത്തിനും ഗുരുദേവാനുഗ്രഹം അവിരാമം ഉണ്ടാകുമാറാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.