78-ാമത് ശിവഗിരി തീര്‍ത്ഥാടന സന്ദേശം 
സ്വാമി പ്രകാശാനന്ദ

ലോകമംഗളദായകനായ ശ്രീനാരായണഗുരുദേവന്‍റെ ധന്യസ്മരണയുമായി ഈ പുണ്യഭൂമിയിലെത്തി 78-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തില്‍ സംഗമിച്ചിരിക്കുന്ന എല്ലാ തീര്‍ത്ഥാടകരെയും ഗുരുദേവനാമത്തില്‍ ഞാന്‍ സ്വാഗതം ചെയ്തുകൊള്ളുന്നു. 1912-ല്‍ തൃപ്പാദങ്ങള്‍ പ്രതിഷ്ഠിച്ച വിദ്യാസ്വരൂപിണിയായ ശാരദാംബയുടെ പ്രതിഷ്ഠാ ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു കഴിഞ്ഞ മംഗളപശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്.  ദാര്‍ശനികവും സാമൂഹികവുമായ  നവോത്ഥാനത്തിന്‍റെ  പ്രകാശം ചൊരിഞ്ഞ് ഈ ലോകത്തെ ധന്യമാക്കുകയെന്നതാണ് ശിവഗിരി തീര്‍ത്ഥാടകരുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ഈ കര്‍ത്തവ്യത്തിന്‍റെ നിറവേറ്റലിലാണ് സര്‍വ്വജനങ്ങളുടെയും  അഭിവൃദ്ധി നിലകൊള്ളുന്നത്.

     തീര്‍ത്ഥാടനങ്ങളില്‍ പലതും കേവലം വിനോദയാത്രകളും മതാന്ധതയിലേക്കുള്ള സഞ്ചാരങ്ങളും ഭക്തിയുടെ ബാഹ്യപ്രകടനങ്ങളും ഒക്കെയായി വഴിമാറുന്ന പ്രവണതയ്ക്ക് ഇന്നു ശക്തിയേറി വരികയാണ്. ഇത്തരം തീര്‍ത്ഥാടനങ്ങള്‍ വെറും യാത്രകള്‍ മാത്രമാണ.് ബാഹ്യാഭ്യന്തരശുദ്ധിയോടു കൂടിയല്ലാത്ത ഈ യാത്രകള്‍ കൊണ്ട് വ്യക്തിക്കോ സമൂഹത്തിനോ അഭിവൃദ്ധിയുണ്ടാവുകയില്ല, മാത്രമല്ല ഇത് ധനദുര്‍വിനിയോഗത്തിനും മറ്റും കാരണമായിത്തീരുകയും ചെയ്യും.  യഥാര്‍ത്ഥതീര്‍ത്ഥാടനം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള പുണ്യയാത്രയാണ്. അത് അവിദ്യയില്‍ നിന്നും വിദ്യയിലേക്ക്, അസ്വാതന്ത്ര്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക,് അന്തിമമായി മായാമൂടുപടം മാറ്റി സനാതന സത്യത്തിലേക്ക് നയിക്കുന്നു.

ഭൗതികസുഖങ്ങളുടെ പിന്നാലെ മനുഷ്യന്‍ പായുകയാണ്. ഇവയെല്ലാം നീര്‍ക്കുമിളപോലെ നിലയറ്റതാണ്.  ഈ സത്യത്തെ വിസ്മരിച്ചുകൊണ്ടുള്ള ജീവിതത്തിന് സംസാരതാപങ്ങളുടെ വേലിയേറ്റത്തെ മറികടക്കുവാന്‍ കഴിയുന്നതല്ല. സംസാരതാപങ്ങളില്‍ നിന്നും സംസാരശമനത്തിലേക്കുള്ള നേ രാംവഴികളാണ് ശ്രീനാരായണഗുരുദേവന്‍ ലോകത്തിന് നല്‍കിയത്.  ഈ നേരാംവഴികളുടെ ആധികാരികവും ശാസ്ത്രീയവുമായ പുനരവതരണത്തിന്‍റെ മഹാവേദിയാണ് ശിവഗിരി തീര്‍ത്ഥാടനം.  അജ്ഞാനത്തിന്‍റെ മലിനക്കെടുതികളില്‍പ്പെട്ട് തിളക്കമറ്റു കിടക്കുന്ന സനാതനമൂല്യങ്ങളെയും മനുഷ്യത്വത്തെയും വേര്‍തിരിച്ചെടുക്കുവാന്‍ കഴിയുന്നവിധം ഓരോ തീര്‍ത്ഥാടകനും രൂപാന്തരപ്പെടേണ്ടതുണ്ട്.  ലോകത്തിന്‍റെ പരമശാന്തിയ്ക്കും ഭദ്രതയ്ക്കും അഭിവൃദ്ധിയ്ക്കും ഈ രൂപാന്തരീകരണം അനിവാര്യമാണ്. ആന്തരികമായ തീര്‍ത്ഥാടനത്തിലൂടെയാണ് ഈ രൂപാന്തരീകരണത്തിനുളള ഉള്‍ക്കാഴ്ച സ്വാംശീകരിക്കേണ്ടത്. അതിനുള്ള ദാര്‍ശനിക മാര്‍ഗ്ഗങ്ങളും ഗുരുദേവന്‍ മനുഷ്യരാശിക്ക് ആവിഷ്കരിച്ച് നല്‍കിയിട്ടുണ്ട്.  ഒരേസമയം ആന്തരികവും ബാഹ്യവുമായി നടത്തുന്ന ഒരു തീര്‍ത്ഥാടനമാണ് ശിവഗിരി തീര്‍ത്ഥാടനം.  അതിന്‍റെ അന്തഃസത്ത സമസ്ത മനുഷ്യരുടെയും സര്‍വ്വതോമുഖമായ പുരോഗതിയാണ.്

     നാമരൂപങ്ങളായി പിരിഞ്ഞു നില്‍ക്കുന്ന സര്‍വ്വ പ്രപഞ്ചഘടകങ്ങള്‍ക്കും കാരണസത്തയായിരിക്കുന്ന പരംപൊരുളിന്‍റെ അഖണ്ഡബോധത്തില്‍ നിന്നും അകന്നുപോകുന്നതാണ് സര്‍വ്വവിനാശങ്ങള്‍ക്കും  കാരണം.  ഈ അകന്നുപോകലില്‍ നിന്ന് അഖണ്ഡബോധത്തിന്‍റെ സാക്ഷാത്കാരത്തിലേക്കു മടങ്ങി, അതിന്‍റെ ഭാഗമാണ് ഇക്കാണുന്നതെല്ലാമെന്നറിഞ്ഞാല്‍ പിന്നെ ഭേദാദികള്‍ യാതൊന്നുമില്ല.  ഭേദാദികളസ്തമിച്ചാല്‍ അവിടെ ഞാനെന്നോ നീയെന്നോ അവനെന്നോ ഇവനെന്നോ വ്യവഹരിക്കുന്നതെല്ലാം  ഏകമായ സത്യത്തിന്‍റെ  കേവലഭാവങ്ങള്‍ മാത്രമാണെന്ന് ബോധ്യമാവും.  ഇങ്ങനെ സര്‍വ്വദ്വന്ദ്വങ്ങളും കൈവിട്ടിരിക്കുന്ന  നിലയാണ് മോക്ഷം.  

     ശിവഗിരി തീര്‍ത്ഥാടനം ജീവിതത്തിന്‍റെ അഭിവൃദ്ധിക്കും മോക്ഷത്തിനുമുള്ള അമരപ്രകാശമാണ് പ്രസരിപ്പിക്കുന്നത്.  ഈ പ്രകാശ തീവ്രതയില്‍ ഓരോ തീര്‍ത്ഥാടകനും പുതിയ മനുഷ്യരായി പുനരവതരിക്കുകയാണ്.  ഈ രൂപാന്തരീകരണത്തിലൂടെ ഏവരുടെയും ഭാവിശ്രേയസ്സ് ഭാസുരമാക്കാന്‍ ഗുരുദേവന്‍ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും ശിവഗിരിതീര്‍ത്ഥാടന- പുതുവത്സര ആശംസകള്‍ നേരുന്നു.

ഗുരുനാമത്തില്‍,