ഗുരുവിന്‍റെ കാരുണ്യവചനങ്ങള്‍
ഡോ.ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍
'സ്വാമി അസാധാരണമായ പ്രതിഭാവിലാസം പോലെതന്നെ അന്യാദൃശമായ സരസ്വതീവിലാസം കൂടിയുള്ള അപൂര്‍വ്വ മഹാന്മാരില്‍ ഒരാളാണെന്നുള്ളത് നമ്മുടെ ഭാഗ്യവിശേഷമാണ്' എന്ന് മഹാകവി കുമാരനാശാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിജാനന്ദവിലാസം , നിജാനന്ദാനുഭൂതി , ഭക്തവിലാപം, ശിവസ്തോത്രമാല തുടങ്ങിയ കൃതികളിലും ഈ ഭാഗ്യവിശേഷത്തെ കുമാരനാശാന്‍ പേര്‍ത്തും പേര്‍ത്തും വാഴ്ത്തുന്നുണ്ട്. ഇത് തീര്‍ത്തും ശരിയാണെന്നതിന് സംസ്കൃതം, തമിഴ്, മലയാളം എന്നീ മൂന്നു ഭാഷകളിലായി ഗുരുദേവന്‍ എഴുതിയ കൃതികള്‍ തെളിവുമാണ്. ആത്മോപദേശശതകം , ദര്‍ശനമാല, കുണ്ഡലിനിപ്പാട്ട്, അനുകമ്പാദശകം , ജാതിനിര്‍ണ്ണയം , തേവാരപ്പതികങ്കള്‍ തുടങ്ങി അറുപതോളം അമൂല്യകൃതികള്‍ ഗുരുവിന്‍റേതായുണ്ട്.
ഗുരുദേവന്‍റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ് 'ആത്മോപദേശശതകം'. മതത്തെക്കുറിച്ച് ഗുരുവിന് പറയാനുള്ളതെല്ലാം അദ്ദേഹം ഈ ഗ്രന്ഥത്തില്‍ അടക്കം ചെയ്തിട്ടുണ്ട്. എന്താണ് പ്രപഞ്ചം ? എന്താണ് പുണ്യം? എന്താണ് പാപം? ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവ് നല്‍കിയശേഷം മതത്തിന്‍റെ പേരില്‍ വഴക്കടിക്കുന്ന ജനതയ്ക്ക് ഏകമതത്തിന്‍റേതായ സന്ദേശം ശ്രീനാരായണഗുരു ഈ വിശിഷ്ടകൃതിയിലൂടെ നല്കുന്നു.
'അഖിലരുമാത്മസുഖത്തിനായ്-
പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി
ച്ചഘമണയാതകതാരമര്‍ത്തിടേണം'
അദ്വൈതത്തിന്‍റെ ദാര്‍ശനികതലത്തെക്കുറിച്ച് മുമ്പും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ശ്രീശങ്കരാചാര്യര്‍ അത് ഭംഗിയായി നിര്‍വ്വഹിച്ചിട്ടുമുണ്ട്. എന്നാല്‍, അദ്വൈതത്തിന് സമൂഹപരവും സദാചാരപരവും ധര്‍മ്മചിന്താപരവുമായ ഒരു പുതുഭാഷ്യം നല്‍കാന്‍ ശ്രീനാരായണഗുരുവിനേ കഴിഞ്ഞിട്ടുള്ളു. 'അ ഹം ഉള്ളതു തന്നെ. എന്നാല്‍ ഏകാത്മന്യായേന അഹത്തിന്‍റെ ബാഹുല്യത്തില്‍ സമത്വമുണ്ട്. അതുകൊണ്ട് 'എന്‍റെ പ്രിയം അപരപ്രിയവും മറ്റൊരാളുടെ പ്രിയാര്‍ത്ഥം ചെയ്യുന്നത് ത ന്‍റെ പ്രിയാര്‍ത്ഥവുമാണെന്നു കരുതുക' എന്ന് ശ്രീനിസാര്‍ ഗുരുധര്‍മ്മചിന്തയെപ്പറ്റി പറഞ്ഞത് നേരാണ്. സിദ്ധാന്തവാദികളായ സന്ന്യാസിമാരില്‍ നിന്ന് പ്രായോഗികവാദിയായ സന്ന്യാസിയായി ഗുരുവിനെ ഉയര്‍ത്തിക്കാട്ടുന്ന ഘടകവും ഇതത്രെ.
എല്ലാവരും സ്വന്തം സ്വര്‍ഗ്ഗം പണിയാന്‍ തലങ്ങും വിലങ്ങും ഓടുകയാണ് . ഈ ഓട്ടത്തില്‍ മറ്റുള്ളവരുടെ മോഹങ്ങള്‍ ചതഞ്ഞരയുന്നത് ആരും ശ്രദ്ധിക്കുന്നില്ല. ആര്‍ക്കും അതൊരു പ്രശ്നവുമല്ല. അവനവനു സ്വര്‍ഗ്ഗം പണിയാനുള്ള തിടുക്കത്തില്‍ അന്യനു നരകം സൃഷ്ടിക്കുന്നതില്‍ ആര്‍ക്കും വേവലാതിയുമില്ല. ഈ ചുറ്റുപാടിലാണ് ഗുരു അരുളി ചെയ്യുന്നത് അവനവന്‍റെ സുഖത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി ഗുണകരമായിരിക്കണമെന്ന്. എങ്കിലേ, സമാധാനപരമായ സഹവര്‍ത്തിത്വവും ലോകശാന്തിയും മാനവസാഹോദര്യവുമെല്ലാം കൈവരികയുള്ളു.
ചില പണ്ഡിതരുടെ നോട്ടത്തില്‍ ശ്രീനാരായണഗുരുവിന്‍റെ ദാര്‍ശനികകൃതികളില്‍ ഏറ്റവും ഉല്‍ക്കൃഷ്ടം ദര്‍ശനമാലയാണ്. അദ്വയമായ ബ്രഹ്മത്തെ വ്യത്യസ്തമായ പത്തു വീക്ഷണകോണുകളില്‍ക്കൂടി കാണുന്ന പത്തു ദര്‍ശനങ്ങളാണ് ഇതിലുള്ളത്. അദ്ധ്യാരോപദര്‍ശനം , അപവാദദര്‍ശനം, അസത്യദര്‍ശനം, മായാദര്‍ശനം, ഭാനദര്‍ശനം, കര്‍മ്മദര്‍ശനം, ജ്ഞാനദര്‍ശനം, ഭക്തിദര്‍ശനം, യോഗദര്‍ശനം, നിര്‍വ്വാണദര്‍ശനം എന്നിവയാണവ. ഓരോ ഖ ണ്ഡത്തിലും പത്തു ശ്ലോകങ്ങള്‍ വീ തം കാണുന്നു.
'ഏകമേവാദ്വിതീയം ബ്ര
ഹ്മാസ്തി നാന്യന്ന സംശയഃ
ഇതി വിദ്വാന്‍ നിവര്‍ത്തേത
ദ്വൈതാന്നാവര്‍ത്തതേ പുനഃ'
അദ്വിതീയവും ഏകവുമായ ബ്രഹ്മം ഒന്നേയുള്ളു. ഇതില്‍ സംശയമേ ഇല്ല എന്ന് മനനം ചെയ്ത് ജ്ഞാനി ദ്വൈതത്തില്‍ നിന്നു പിന്തിരിയണം. അവന് പിന്നീട് ആവര്‍ത്തനമില്ല. ഈ ആശയത്തിലൂന്നിയാണ് ഗുരു ദര്‍ശനമാല അവസാനിപ്പിക്കുന്നത്.
മതത്തിന്‍റെ അതിര്‍ത്തിരേഖകള്‍ പിഴുതെറിയുന്ന അമൂല്യകൃതിയാണ് ദൈവദശകം-പത്തുമന്ത്രങ്ങളുള്ള ഒരു ഉപനിഷത്ത്. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയും എല്ലാം ഒന്നാണെന്ന് പ്രഖ്യാപിക്കുന്ന ദൈവദശകം ഈശ്വരനെ പുതിയ രീതിയില്‍ നോക്കിക്കാണുന്നതാണ്. അതിലെ,
'അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍'
എന്ന ശ്ലോകം ലൗകികജീവിതത്തെയും ആത്മീയജീവിതത്തെയും ഒന്നായിക്കാണുന്നു എന്നതാണ് ഈ വ്യാഖ്യാനത്തിന്‍റെ പുതുമ.
തത്ത്വജ്ഞാനങ്ങളായ കൃതികള്‍ ഗുരുദേവന്‍ വളരെയേറെ എഴുതിയിട്ടുണ്ട്. സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ആ വതും സരളമായി ആവിഷ്കരിക്കാന്‍ ഗുരുദേവന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നിട്ടും ചിലരില്‍ ഗുരുവിന്‍റെ കൃതികള്‍ ദുര്‍ഗ്രഹങ്ങളാണെന്ന പരാതി നിലനില്‍ക്കുന്നു. 'അദ്വൈതദീപിക' മാത്രം മതി ഇതിനെ സമര്‍ത്ഥമായി ഖണ്ഡിക്കുന്നതിന്.
'പേരായിരം പ്രതിഭയായിരമിങ്ങവറ്റി
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം,
ഓരായ്കില്‍ നേരിതു കിനാവുണരു-
വരെയ്ക്കും
നേരാ, മുണര്‍ന്നളവുണര്‍ന്നവനാമശേഷം.
നേരല്ല ദൃശ്യമിതു, ദൃക്കിനെ നീക്കി-
നോക്കില്‍
വേറല്ല വിശ്വമറിവാം മരുവില്‍ പ്രവാഹം;
കാര്യത്തില്‍ നില്പതിഹ കാരണ-
സത്തയെന്ന്യേ
വേറല്ല വീചിയിലിരിപ്പതു വാരിയത്രേ'
സര്‍വ്വചരാചരങ്ങളെയും ഒന്നെന്ന മട്ടില്‍ കണ്ട മഹാത്മാവാണ് ശ്രീനാരായണഗുരു. എല്ലാവരിലും ഈശ്വരാംശം കുടിയിരിക്കുന്നതായും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ജാതിമതവര്‍ഗ്ഗവംശദേശങ്ങളുടെ പേരില്‍ മനുഷ്യര്‍ പരസ്പരം മല്ലിടിച്ചു മരിക്കുന്നതില്‍ മാത്രമല്ല, സുഖത്തിന്‍റേയും വിശ്വാസത്തിന്‍റേയും പേരില്‍ പ്രാണികളെ കൊല്ലുന്നതിലും അദ്ദേഹത്തിന് മനഃപ്രയാസമുണ്ടായിരുന്നു. പരമകാരുണികനായ അവിടുന്ന് ഇക്കാര്യം അനുകമ്പാദശകത്തില്‍ രേഖപ്പെടുത്തുന്നുമുണ്ട്.
കരുണയുടെ മൂര്‍ത്തിമദ്ഭാവമായിരുന്നു ഗുരുദേവന്‍. ആട്ടിന്‍കിടാവിനെ രക്ഷിക്കാന്‍ സ്വന്തം ശിരസ്സ് കാണിച്ചുകൊടുത്ത ബുദ്ധഭഗവാന്‍ അദ്ദേഹത്തിനെന്നും വഴികാട്ടിയായിരുന്നു. ഉച്ചനീചത്വത്തിന്‍റെ പേരില്‍, ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍, വിശ്വാസപ്രമാണങ്ങളുടെ പേരില്‍ മനുഷ്യത്വമൂറ്റിക്കളഞ്ഞ് പൈശാചികത്വം കരളില്‍ കോ രിനിറച്ച കേരളസമൂഹത്തിന് ഗുരു ജീവകാരുണ്യത്തിന്‍റെ പുതിയ സന്ദേശം നല്‍കി. കൊല്ലും കൊലയും കൊള്ളിവെയ്പും കേമത്തമായെണ്ണു ന്ന ലോകം, അത് വേണ്ടപോലെ ചെവിക്കൊണ്ടോ എന്നത് വേറെ കാര്യം. എന്നാലും ഗുരുവിന്‍റെ കാരുണ്യവചനങ്ങള്‍ കുറെ കാതുകള്‍ക്കും കരളുകള്‍ക്കും മോചനൗഷധിയായി എന്ന കാര്യം പറയാതെ വയ്യ. അല്ലെങ്കിലും ഈ വരികള്‍ ആരെയാണ് ഇരുത്തി ചിന്തിപ്പിക്കാത്തത്?
'എല്ലാവരുമാത്മസഹോദരരെ
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം?
കൊല്ലുന്നതുമെങ്ങനെ ജീവികളെ
ത്തെല്ലും കൃപയറ്റു ഭുജിക്കയതും?'
(ജീവകാരുണ്യപഞ്ചകം)