നിസര്‍ഗ്ഗസുന്ദരമായ ഗുരുവിന്‍റെ ആശയങ്ങള്‍
ഡോ. എന്‍.എ. കരീം
ലോകത്തിലിന്നു എണ്ണമറ്റ തീര്‍ത്ഥാടനകേന്ദ്രങ്ങളും തീര്‍ത്ഥാടനങ്ങളുമുണ്ട്. പ്രാദേശികങ്ങളും ദേശീയങ്ങളും സാര്‍വ്വദേശീയങ്ങളുമായ അത്തരം തീര്‍ത്ഥാടനങ്ങളില്‍ പലതിനും പ്രാക്തനചരിത്രത്തിന്‍റെ ഇരുളിലേക്കു നീളുന്ന ഐതിഹ്യങ്ങള്‍ ഉള്ളവയാണ്. പൗരാണികത്വം കൊണ്ടുമാത്രം ഒരു തീര്‍ത്ഥാടനകേന്ദ്രം പ്രത്യേകമായി വിശുദ്ധമാകുന്നില്ല. എങ്കിലും മനഃശാസ്ത്രപരമായി മാത്രം നോക്കിയാല്‍ എല്ലാ തീര്‍ത്ഥാടനങ്ങളിലും മനുഷ്യന്‍റെ മൗലികമായ ഒരു ചോദനയുടെ പ്രേരണയുള്ളതായിക്കാണാം.
ജീവിതത്തില്‍ ചെയ്ത തെറ്റുകളും പാപങ്ങളും മനസ്സിനെ അലോസരപ്പെടുത്തുമ്പോള്‍ അതില്‍ നിന്നു മോചനം നേടുന്നതിനു പ്രായശ്ചിത്തമായി ഓരോരുത്തരും അവരുടെ വിശ്വാസമനുസരിച്ചു പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളുമായ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ പോയി അവിടത്തെ പ്രതിഷ്ഠക്കുമുമ്പില്‍ പ്രാര്‍ത്ഥിച്ചു ആശ്വാസം തേടാറു ഇന്നു പതിവാണ്. മാര്‍ക്സ് പറഞ്ഞതുപോലെ അവരുടെ അവ്യാഖ്യേയങ്ങളെന്നു അവര്‍ വിശ്വസിക്കുന്ന വേദനകളുടെ ഒരു സംഹാരിയും ദുഃഖങ്ങള്‍ക്കുള്ള ഒരു മയക്കുമരുന്നുമാണ് ഇത്തരം തീര്‍ത്ഥാടനങ്ങള്‍. പലരേയും തങ്ങള്‍ ചെയ്ത പാപങ്ങളെപ്പറ്റിയുള്ള അസുഖകരമായ ബോധമാണ് അവരെ അതില്‍ നിന്നു മുക്തിനേടുവാന്‍ ഇത്തരം തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. പ്രായശ്ചിത്തമായി വലിയ കാണിയ്ക്കകള്‍ അവര്‍ രഹസ്യമായും ചിലപ്പോള്‍ പരസ്യമായും നല്കിയെന്നുവരും. ഇന്ത്യയിലെ ദേവ സ്ഥാനങ്ങളില്‍ ഏറ്റവും സമ്പന്നമെന്നു വിശ്വസിക്കപ്പെടുന്ന തിരുപ്പതിയില്‍ ഭക്തന്മാരില്‍ നിന്നു ഓരോ വര്‍ഷവും ലഭിക്കുന്ന വരുമാനം ഭീമമാണ്. എന്തിന്, കേരളത്തിലെ ശബരിമലയുടെ കാര്യം എല്ലാവര്‍ക്കുമറിയാം.
തമിഴ്നാട്ടിലെ പളനി മറ്റൊരു തീര്‍ത്ഥാടനകേന്ദ്രമാണ്. അന്ധവിശ്വാസജഡിലമായ അത്തരം തീര്‍ത്ഥാടനങ്ങളേയും അവിടെ നടക്കുന്ന പ്രാകൃതങ്ങളായ അനാചാരങ്ങളേയും യുക്തിവാദിയായിരുന്ന സഹോദരനയ്യപ്പന്‍ തന്‍റെ പദ്യകൃതികളില്‍ കണക്കിനു കളിയാക്കുകയും അവയില്‍ നിന്നു വിട്ടുനില്ക്കണമെന്നു ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇതൊക്കെയാണെങ്കിലും അത്തരം തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള ഭക്തന്മാരുടെ പ്രവാഹം പ്രത്യേകിച്ചു നമ്മുടെ ഈ കാലഘട്ടങ്ങളില്‍ ഓരോ വര്‍ഷം കഴിയുന്തോറും കൂടിക്കൂടി വരികയാണ്.
പാവങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതദുരിതങ്ങള്‍ അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍ കൂടിവരുന്നു. സമ്പന്നന്മാരെ സംബന്ധിച്ചാണെങ്കില്‍ മുതലാളിത്ത ചൂ ഷണവ്യവസ്ഥ കൂടുതല്‍ അനിയന്ത്രിതമായതോടുകൂടി പലതരം അധാര്‍മ്മികങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ സമ്പത്തുണ്ടാക്കുവാന്‍ അവസരങ്ങള്‍ ഏറിയേറി വരികയാണ്. പണത്തിന്‍റെ അപ്രതിരോദ്ധ്യങ്ങളായ പ്രലോഭനങ്ങളില്‍പ്പെട്ടു അധാര്‍മ്മികങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ പണമുണ്ടാക്കുന്ന തരളിതമാനസരായ ചിലരെയെങ്കിലും പിന്നീട് അശാന്തമാനസരാക്കിയെന്നുവരാം. അതിനേക്കാള്‍ കൂടുതലായി തങ്ങള്‍ നേടിയെടുത്ത സമ്പത്തു നശിച്ചു പോകാതിരിക്കുവാന്‍ ദൈവത്തിന്‍റെ സഹായം തേടി ഇത്തരം തീര്‍ത്ഥാടനങ്ങളില്‍ പലരും കൂടെകൂടെ എത്താറുണ്ട്. അങ്ങനെ നിഷ്കളങ്കരായ പട്ടിണിപ്പാവങ്ങളും പാപചിന്താബാധിതരായ പണക്കാരുമാണ് തീര്‍ത്ഥാടനങ്ങള്‍ പതിവായി നടത്തുന്നത്. ഈ രണ്ടിലുംപെടാത്ത, കാര്യങ്ങള്‍ വെറുതെ കണ്ടു മനസ്സിലാക്കുവാനും തങ്ങളുടെ അസ്പഷ്ടമായ ആത്മീയ അസംതൃപ്തിയെ ശമിപ്പിക്കുവാനും വരുന്ന ഒരു വിഭാഗവും അക്കൂട്ടത്തിലുണ്ടാകും.
തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ കൂടിക്കൂടി വരികയാണ്. ഈ അടുത്തകാലത്ത് വളരെ ശ്രദ്ധേയമായിത്തീര്‍ന്നിട്ടുള്ള ഒരു ആധുനികതീര്‍ത്ഥാടന കേന്ദ്രമാണ് സത്യസായി ബാബയുടെ ആത്മീയാത്ഭുതങ്ങളുടെ ആസ്ഥാനമായ ആന്ധ്രപ്രദേശിലെ പുട്ടപര്‍ത്തി.
എന്നാല്‍ അത്തരം ആത്മീയാത്ഭുതങ്ങളോ, അപൗരുഷേയങ്ങളായ ഘടകങ്ങളോ ഇല്ലാതെ തന്‍റെ ഉറച്ച വത്സലശിഷ്യന്മാരുടെ വിനയപൂര്‍വ്വമായ നി വേദനം കൈക്കൊണ്ടു ഗുരുദേവന്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളോടുകൂടി കല്പിച്ചു അനുവദിച്ചതാണു ശിവഗിരിതീര്‍ത്ഥാടനം.
പ്രകൃതി സൗന്ദര്യത്തിന്‍റെ ഒരു ആരാധകനായിരുന്നു എന്നും ഗുരു. അദ്ദേഹത്തിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും പ്രകൃതിസുന്ദരങ്ങളായിരുന്നു. അവധൂതകാലത്തെ മരുത്വാമലയും പിള്ളത്തടവുമെല്ലാം ഇന്നത്തേക്കാള്‍ അഗമ്യവും ഹിംസ്രജന്തുനിബിഡവുമായിരുന്നു അന്ന്. എന്നിട്ടും ആ മാമലകളും അവിടത്തെ കാനനഭംഗിയും അദ്ദേഹത്തെ അവിടേക്കാകര്‍ഷിച്ചു.
നിര്‍ജ്ജനമായ ആ മലയിലെ ഏകാന്ത സുന്ദരമായ പ്രദേശത്തെ തീവ്രതപം കൊണ്ടു നേടിയ അപൂര്‍വ്വസിദ്ധികളുമായി സമൂഹമദ്ധ്യത്തിലേക്കു ഇറങ്ങി വന്നപ്പോഴും അദ്ദേഹം തന്‍റെ വാസത്തിനു ആദ്യം തിരഞ്ഞെടുത്തത് അരുവിപ്പുറത്തെ മനോഹരമായ പ്രദേശമായിരുന്നു.
പിന്നീടദ്ദേഹം സ്ഥാപിച്ച ആലുവായിലെ അദ്വൈതാശ്രമം പെരിയാറിന്‍റെ തീരത്തെ ഇന്നും മനോഹാരിയായി നില്ക്കുന്ന പ്രദേശമാണ്. ഏറ്റവും ഒടുവില്‍ തന്‍റെ ദൗത്യത്തിന്‍റെ കേന്ദ്രമായി ഗുരു തിരഞ്ഞെടുത്തത് ശിവഗിരിയാണ്. നയനാനന്ദകരമാണു ശിവഗിരിയുടെ പ്രകൃതിഭംഗി. ഇന്നിപ്പോള്‍ അവിടെ കാണുന്ന ജീവിതത്തിന്‍റെ വിരാമചിഹ്നം പോലെ വൃത്താകൃതിയിലുള്ള ഗുരുവിന്‍റെ സമാധി കേരളത്തിലും പുറത്തുമുള്ള അദ്ദേഹത്തിന്‍റെ പലതരം അനുയായികളുടെ ഒരു തീര്‍ത്ഥാടനലക്ഷ്യമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതു തികച്ചും സ്വാഭാവികമാണ്.
തീര്‍ത്ഥാടനത്തിനു അനുവാദം തേടിയെത്തിയ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍ക്കും കിട്ടന്‍ റൈറ്റര്‍ക്കും കോട്ടയം നാഗമ്പടത്തെ ക്ഷേത്രമുറ്റത്തെ മാന്തറയില്‍ ഇരുന്നുകൊണ്ടു നല്കിയ നിര്‍ദ്ദേശങ്ങളുടെ ശുദ്ധിയും അര്‍ത്ഥവും വായിച്ചറിഞ്ഞിട്ടുള്ള ഏതൊരാളേയും ഗുരുവിന്‍റെ ആത്മീയതയുടെ അപൂര്‍വ്വമായ സവിശേഷത അത്ഭുതപ്പെടുത്താതിരിക്കുകയില്ല.
ഒന്നാമതായി തന്‍റെ സാന്നിദ്ധ്യം എന്നും അവിടെയുണ്ടാകുമെന്നും ഉ ണ്ടാകണമെന്നുള്ള വൈദ്യരുടെ ആഗ്രഹവും വിശ്വാസവും ഗുരു തന്‍റെ സഹജമായ യുക്തിബോധത്തോടു കൂടി തിരുത്തി. എങ്കിലും ശിഷ്യന്മാരേയും അനുയായികളേയും സംബന്ധിച്ചിടത്തോളം ആ മഹാത്മാവിന്‍റെ ആത്മീയ ചൈതന്യം നിരന്തരം പ്രസരിക്കുന്ന ഒരു പ്രദേശമാണ് വര്‍ക്കല. ആധുനിക കേരളത്തിന്‍റെ സാമൂഹ്യസൃഷ്ടിയിലും സാമ്പത്തികവികസനത്തിലും നിസര്‍ഗ്ഗസുന്ദരമായ ഗുരുവിന്‍റെ ആശയങ്ങള്‍ വഹിച്ചപങ്കു ചരിത്രം ഇതിനകം സര്‍വ്വാത്മനാ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ.
ആ ആശയങ്ങളെ ജനജീവിതത്തില്‍ കൂടുതല്‍ ശക്തമായി വ്യാപനം ചെയ്തു എല്ലാവരും ഏകയോഗക്ഷേമമായി ജീവിക്കുന്ന ജാതിരഹിതവും മതേതരവും ആത്മീയ സമ്പന്നവുമായ ഒരു പുതിയ മാതൃകാകേരളമായിരുന്നു ഗുരുവിന്‍റെ സ്വപ്നം.
അരുവിപ്പുറത്തെ ശിവപ്രതിഷ്ഠക്കുശേഷം ഗുരു അവിടെ എഴുതിവച്ച നാലുവരികള്‍ ആ ചെറിയ പ്രദേശത്തെ മാത്രം കണ്ടുകൊണ്ടായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്‍റെ വിശ്വദര്‍ശനത്തിന്‍റെ വിളംബരമായിരുന്നു അവിസ്മരണീയങ്ങളായ ആ വാക്കുകള്‍. അതിനു ജാ തിചിന്തപോകണം, മതവൈരം വെടിയണം. എല്ലാവരും വിദ്യാഭ്യാസം നേടണം. വ്യവസായങ്ങള്‍ വളരണം. കൃ ഷി പോഷിപ്പിക്കണം. ശുചിത്വസിദ്ധാന്തങ്ങള്‍ എല്ലാവരും ജീവിതത്തില്‍ നിര്‍ബ്ബന്ധമായും പാലിക്കണം.
പിന്നീട് പ്രസിദ്ധമായിത്തീര്‍ന്ന കേരളാമോഡല്‍ വികസനം ശ്രീ നാരായണഗുരുവിന്‍റെ ആശയാദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ വളര്‍ന്നുവന്ന സാര്‍വ്വത്രികമായ വി ദ്യാഭ്യാസം, പൊതുജനാരോഗ്യം, കൃഷി, വ്യവസായം, കൈത്തൊഴില്‍ എന്നിവയിലൂന്നിയ വികസനമായിരുന്നു. ഈ അടിസ്ഥാന വിഷയങ്ങളെ സംബന്ധിച്ചു സാമാന്യജനങ്ങളെ ബോധവാന്മാരാക്കുന്നതിനുവേണ്ടി തീര്‍ത്ഥാടനകാലങ്ങളില്‍ ഓരോ വിഷയത്തിലും വിദഗ്ദ്ധന്മാരായവരെ വിളിച്ചുവരുത്തി 'പ്രസംഗം പറയിക്കണ' മെന്നായിരുന്നു ഗുരുവിന്‍റെ വ്യക്തമായ നിര്‍ദ്ദേശം.
തീര്‍ത്ഥാടനത്തിന്‍റെ കാലനിര്‍ണ്ണയത്തിലും ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മതേതരമായ ആത്മാവു കാണാം. തീര്‍ത്ഥാടകരുടെ വസ്ത്രം, വ്രതാനുഷ്ഠാനം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ള ശിഷ്യന്മാരുടെ അന്വേഷണ ങ്ങള്‍ക്കു മറുപടി പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞതു ശബരിമല തീര്‍ത്ഥാടനത്തിലുണ്ടായിട്ടുള്ള പ്രാകൃതത്വങ്ങളൊന്നും പാടില്ല എന്നായിരുന്നു.
ഉല്പ്പത്തിയിലും ഉദ്ദേശലക്ഷ്യങ്ങളിലും ചടങ്ങുകളിലും എല്ലാം ഇന്നറിയപ്പെടുന്ന തീര്‍ത്ഥാടനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹ്യമായി ഒരു വ്യ ക്തമായ സന്ദേശവും സാമ്പത്തികമായി പുരോഗതിക്കുള്ള പരിപാടികളും സാംസ്ക്കാരികമായി ഒരു നവോത്ഥാന പ്രബുദ്ധതയ്ക്കുള്ള ഘടകങ്ങളും ആ ത്മീയമായി മനുഷ്യരെ ഭിന്നിപ്പിക്കുന്നതിനുപകരം ഒന്നിപ്പിക്കുന്നതുമായ പ്രേരണകളുമുള്ള സ്ഥാപനവല്ക്കരിക്കപ്പെട്ട ഒന്നാണ് ശിവഗിരി തീര്‍ത്ഥാടനം.