എന്നോടു കാണിച്ച സ്നേഹവാത്സല്യങ്ങള്‍
ബോധേശ്വരന്‍
 
         എന്‍റെ ജന്മദേശം നെയ്യാറ്റിന്‍കരയിലാണ്. എന്‍റെ പിതാവ് ചമ്പയില്‍ കുഞ്ഞന്‍പിള്ള ശ്രീനാരായണഗുരു അരുവിപ്പുറത്ത് വന്ന് വിശ്രമിക്കാറുണ്ടായിരുന്നു എന്ന് മനസ്സിലാക്കിയിരുന്നു.  ഒരിക്കല്‍ അരുവിപ്പുറത്ത് ചെന്ന് സ്വാമികളെ കാണണമെന്നും ക്ഷേത്രദര്‍ശനം നടത്തണമെന്നും അച്ഛന് ആഗ്രഹം ജനിച്ചു. ഒരു ദിവസം അച്ഛന്‍ അമ്മയേയും എന്നേയും കൂട്ടി അരുവിപ്പുറത്തേക്കു തിരിച്ചു. ആദ്യം കണ്ടത് നാണി ആശാനെ ആയിരുന്നു. ആശാനില്‍ നിന്നും മഠത്തിലെ വിവരങ്ങള്‍ മനസ്സിലാക്കിയതിനുശേഷം ഞങ്ങള്‍ ക്ഷേത്രദര്‍ശനം നടത്തി. അന്ന് സ്വാമികള്‍ അവിടെ ഉണ്ടായിരുന്നില്ല. ശിവലിംഗസ്വാമികള്‍ ആയിരുന്നു മഠത്തിലെ അന്നത്തെ അധിപതി. പരിപാവനമായ ആ ക്ഷേത്രവും പരിസരവും ആത്മചൈതന്യം ഒളിവീശി നിന്നിരുന്ന ആ സംന്യാസിവര്യന്‍റെ ആകാരസുഭഗതയും എന്‍റെ മനോമുകുരത്തില്‍ മായാതെ നിലകൊള്ളുകയാണ്.
 
         ബാല്യകാലം മുതല്‍ തന്നെ എനിക്ക് ആദ്ധ്യാത്മിക വിഷയങ്ങളില്‍ അതിയായ അഭിനിവേശം ജനിച്ചിരുന്നു. പല വേദാന്തഗ്രന്ഥങ്ങളും വായിച്ചു പഠിച്ചിട്ടുണ്ട്. തത്ഫലമായി ഒരു ആശ്രമജീവിതം നയിക്കണമെന്നുള്ള ആകാംക്ഷ എന്നില്‍ വളര്‍ന്നുയര്‍ന്നിരുന്നു. ശ്രീരാമകൃഷ്ണമിഷന്‍റെ  തെക്കേ ഇ ന്ത്യയിലെ മഠങ്ങളുടെ അധിപതിയായിരുന്ന നിര്‍മ്മലാനന്ദസ്വാമികളെ ഞാന്‍ ചെന്നു കണ്ടു. അദ്ദേഹം കൊയിലാണ്ടിയിലുള്ള ആശ്രമത്തിന്‍റെ ചുമതലകള്‍ എ ന്നെ ഏല്‍പ്പിച്ചു. ഏഴെട്ടുമാസം അവിടെ കഴിച്ചു കൂട്ടിയതിനുശേഷം ഞാന്‍  നാട്ടിലേക്കു മടങ്ങിപ്പോന്നു.
 
          ശ്രീനാരായണഗുരുവിന്‍റെ സിദ്ധികളെക്കുറിച്ചു ഞാന്‍ മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ച് ഞാന്‍ നേരേ പോയത് ചിലക്കൂര്‍ എന്ന സ്ഥലത്തേക്കായിരുന്നു. ശിവഗിരിക്ക് അടുത്തുള്ള ഒരു സ്ഥലമാണത്. അവിടെനിന്നും ഞാന്‍ ശിവഗിരിയില്‍ ചെന്നു. ആദ്യമായി കണ്ടത് നിര്‍മ്മലാനന്ദസ്വാമികളെയായിരുന്നു. ശ്രീനാരായണഗുരു വൈദികമഠത്തില്‍ ഉണ്ടെന്നും അവിടെ ചെന്നാല്‍ അദ്ദേഹത്തെ കാണാമെന്നും സ്വാമികള്‍ ഉപദേശിച്ചു. ഞാന്‍ നേരേ വൈദികമഠത്തിലെത്തി. സ്വാമികള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്നു. രണ്ടു സംന്യാസിമാര്‍ കൂടെയും. ഞാന്‍ സ്വാമികളെ സാഷ്ടാംഗം നമസ്കരിച്ചു.
 
സ്വാമികള്‍ : എവിടെ നിന്നാണ്?
 
ഞാന്‍ : നെയ്യാറ്റിന്‍കരയില്‍നിന്ന്
 
സ്വാമികള്‍ : നെയ്യാറ്റിന്‍കര?
 
ഞാന്‍ : വേലായുധന്‍പിള്ള അധികാരിയുടെ മൂത്ത മകളുടെ മകനാണ്.
 
സ്വാമികളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി പരന്നു.
 
സ്വാമികള്‍ : വേലായുധന്‍പിള്ളയുടെ ചെറുമകന്‍. നാം ആ പ്രദേശങ്ങളിലെല്ലാം പലതവണ  ചുറ്റി സഞ്ചരിച്ചിട്ടുണ്ട്.
 
ഇരിക്കാന്‍ അദ്ദേഹം ആംഗ്യം കാണിച്ചു. ഞാന്‍ ഇരുന്നില്ല.
 
സ്വാമികള്‍ : നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പുതന്നെ ആ പ്രദേശത്ത് വെളിച്ചം വന്നിരുന്നു.
 
ഏകദേശം മൂന്നുവര്‍ഷക്കാലം ഞാന്‍ ശിവഗിരിയിലെ അന്തേവാസിയായി കഴിഞ്ഞു കൂടി. സ്വാമികളുടെ യാത്രാവസരങ്ങളില്‍ എന്നെക്കൂടി കൊണ്ടു പോകുമായിരുന്നു. പ്രതിഷ്ഠയ്ക്കു വിഗ്രഹം എടുത്തുകൊണ്ടു പോകുന്നതു എന്‍റെ ചുമതല ആയിരുന്നു. പ്രതിഷ്ഠയോട് അനുബന്ധിച്ചു നടക്കുന്ന യോഗങ്ങളില്‍ ഞാനും ഒരു പ്രസംഗകനായിരുന്നു.
 
         ഒരിക്കല്‍ പ്രതിഷ്ഠയ്ക്കായി സ്വാമികള്‍ ചവറയിലേക്ക് പോയി. അനുയായിവൃന്ദത്തില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. വിഗ്രഹാരാധനയ്ക്കു എതിരായി ഞാന്‍ ഒരിക്കല്‍ പ്രസംഗിച്ചതായി സ്വാമികള്‍ അറിഞ്ഞിരുന്നു. അന്നു ചവറയില്‍ നടന്ന യോഗത്തില്‍ വിഗ്രഹാരാധനയെ അനുകൂലിച്ചു പ്രസംഗിക്കണമെന്നു ഗുരു എന്നോടു ആവശ്യപ്പെട്ടു. ഞാന്‍ അപ്രകാരം ചെയ്യുകയും ചെയ്തു. വിഗ്രഹാരാധന സാമാന്യജനങ്ങളുടെ സംതൃപ്തിക്കു ആവശ്യമാണെന്നും അവരുടെ ചിന്താഗതി പുരോഗമിക്കുമ്പോള്‍ വിഗ്രഹാരാധനയുടെ ആവശ്യം അവര്‍ക്കുണ്ടാകുകയില്ലെന്നും സ്വാമികള്‍ക്കു അറിയാമായിരുന്നു. കണ്ണാടി പ്രതിഷ്ഠ അതിന്‍റെ ഉദാത്തമായ ഒരു ഉദാഹരണമാണല്ലോ.
 
         പരവൂരിനടുത്ത് ഒരു സ്ഥലത്തു പ്രതിഷ്ഠ നടത്താന്‍ ഒരു സംഘം ഭക്തന്മാര്‍ സ്വാമികളെ ക്ഷണിച്ചുകൊണ്ടുപോയി. ഞാനും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. പ്രതിഷ്ഠാനന്തരം ഞാന്‍ ഉറങ്ങാന്‍ കിടന്നു. അടുത്തൊരിടത്തു ഒരു സംന്യാസി പ്രാണായാമം ചെയ്യുന്നുണ്ടായിരുന്നു. അതൊരു പ്രത്യേകതരം പ്രാണായാമമായിരുന്നു. കാതുപൊട്ടുന്ന ഒച്ച. കുറച്ചു കഴിഞ്ഞപ്പോള്‍ സ്വാമികള്‍ ആ വഴി നടന്നു വരുന്നതു കണ്ടു. 
 
സ്വാമികള്‍ എന്നോടായി പറഞ്ഞു 'ഉറങ്ങിയില്ല അല്ലേ ? ഉറങ്ങാന്‍ പ്രയാസം ഉണ്ടാകും.'
അല്പം കഴിഞ്ഞപ്പോള്‍ ആ ശബ്ദം നിലച്ചു.
 
         ബ്രഹ്മചര്യാനുഷ്ഠാനങ്ങളില്‍ സ്വാമികള്‍ വളരെ നിഷ്കര്‍ഷ പാലിച്ചിരുന്നു. കാലില്‍ തൊട്ടു തൊഴാന്‍ പോലും അദ്ദേഹം സ്ത്രീകളെ അനുവദിച്ചിരുന്നില്ല. പരിശുദ്ധിയുടെ ഒരു നിറകുടമായിരുന്നു ഗുരു.
 
         സ്കൂള്‍ ഇന്‍സ്പെക്ട്രസ് ആയിരുന്ന ശ്രീമതി ചിന്നമ്മ ഒരിക്കല്‍ വര്‍ക്കലയില്‍ വന്നിരുന്നു. സ്വാമികള്‍ ശിവഗിരിയില്‍ ഉണ്ടെന്നറിഞ്ഞു അവര്‍ വന്നു കണ്ടു. കുറച്ചു സമയം സ്വാമികളുമായി സംസാരിച്ചുകൊണ്ടിരുന്നു. അതിനുശേഷം അവര്‍ മഠത്തിലെ വിവരങ്ങളെക്കുറിച്ചു എന്നോടു പലതും ചോദിക്കുകയും ഞാന്‍ കുറച്ചുദൂരം അവരെ അനുഗമനം ചെയ്യുകയും ചെയ്തു. തി രിച്ചു ഞാന്‍ സ്വാമികളുടെ അടുക്കല്‍  ചെന്നു.
 
സ്വാമികള്‍ : എവിടെ ആയിരുന്നു?
 
ഞാന്‍ : മഠത്തിലെ കാര്യങ്ങളെക്കുറിച്ചു അവരുമായി സംസാരിക്കുകയായിരുന്നു.
 
സ്വാമികള്‍ : സൂക്ഷിക്കണം. അവര്‍ നല്ല സ്ത്രീ ആണ്. ഈശ്വരവിശ്വാസിയുമാണ്. എങ്കിലും നമുക്കു ആ സാമീപ്യം വേണ്ട.
അവര്‍ക്കു എന്‍റെ അമ്മയോളം പ്രായമുണ്ട്. എങ്കിലും അവരുമായുള്ള സഹവാസത്തെപ്പോലും നിരുത്സാഹപ്പെടുത്താനാണ് സ്വാമികള്‍ ശ്രമിച്ചത്.
 
         ശിവഗിരിയിലെ എന്‍റെ താമസത്തിന് ശേഷം ഞാന്‍ കാശി , ദക്ഷിണേശ്വരം മുതലായ പുണ്യസ്ഥലങ്ങള്‍ ഉള്‍പ്പെടെ ഭാരതമാകെ ചുറ്റിസഞ്ചരിക്കുകയുണ്ടായി. അക്കാലത്താണ് ഞാന്‍ ബോധേശ്വരന്‍ എന്ന പേരു സ്വീകരിച്ചത്. കേശവപിള്ള എന്നായിരുന്നു എന്‍റെ പേര്. ഇതിനിടയില്‍ ഞാന്‍ ചിലപ്പോഴെല്ലാം ശിവഗിരിയില്‍ പോയി വിശ്രമിച്ചിട്ടുണ്ട്. ഏകദേശം പത്തുവര്‍ഷം നീണ്ടുനിന്നിരുന്നു ശിവഗിരിയുമായുള്ള എന്‍റെ ബന്ധം.
 
         സ്വാമികള്‍ക്ക് അസുഖം ബാധിച്ചപ്പോള്‍ മഠംവക വസ്തുക്കളെ സംബന്ധിച്ചു എന്തെങ്കിലും വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നു സ്വാമികള്‍ തീരുമാനിച്ചു. തന്‍റെ ശിഷ്യപരമ്പരകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടു ധര്‍മ്മസംഘം രജിസ്റ്റര്‍ ചെയ്യുകയും വില്‍പ്പത്രം മുഖേന സകലസ്വത്തുക്കളും ധര്‍മ്മസംഘത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.
 
         ധര്‍മ്മസംഘം രൂപീകരിക്കുന്നതിനും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ശിഷ്യനായ ചൈതന്യസ്വാമികളുടെ പേരില്‍ ഗുരുദേവന്‍ ഒരു മുക്ത്യാര്‍ എഴുതി വെച്ചു. മഠം വക വസ്തുക്കളുടെ കൈകാര്യകര്‍ത്തൃത്വം ചൈതന്യസ്വാമികള്‍ക്കു നല്‍കുകയെന്നതായിരുന്നു ലക്ഷ്യം. അന്നു കുമാരനാശാന്‍ 'ചിന്നസ്വാമി' എന്ന പേരില്‍ ശിവഗിരിയില്‍ കഴിയുകയായിരുന്നു. ചൈതന്യസ്വാമികളില്‍ നിന്നു ആശാന്‍ ആ മുക്ത്യാര്‍ പത്രം വാങ്ങി വായിച്ചതിനുശേഷം തിരികെ കൊടുക്കുകയുണ്ടായില്ല. ഈ വിവരം സ്വാമികളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 'അങ്ങനെ ചെയ്തോ അതുകൊള്ളാമല്ലോ' എന്നായിരുന്നു സ്വാമികളുടെ പ്രതികരണം. എന്തൊരു അക്ഷോഭ്യമായ സമീപനം. എത്ര അസ്വാസ്ഥ്യജനകമായ പരിതസ്ഥിതിയിലും ഗംഗതന്നിലെ ഹൃദയംപോലെ ശാന്തഗംഭീരമായിരിക്കുകയെന്നത് സ്വാമികളുടെ ഒരു സ്വഭാവവൈശിഷ്ട്യമായിരുന്നു.
 
         ധര്‍മ്മസംഘം രൂപീകരിച്ചതിനുശേഷം സ്വാമികളുടെ അസുഖം വര്‍ദ്ധിച്ചുകൊണ്ടുതന്നെ വന്നു. അസഹനീയമായ വേദന സ്വാമികള്‍ക്കു പലപ്പോഴും അനുഭവപ്പെട്ടു.
 
         'മരിക്കാന്‍ ഇത്രത്തോളം പ്രയാസമുണ്ടോ?' എന്നു സ്വാമികള്‍ ഒരിക്കല്‍ ജഡ്ജി ശ്രീ. എം. ഗോവിന്ദനോട് ചോദിച്ചതായി അറിയാം.
രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോള്‍ പാലക്കാട്ട്  ഡോക്ടര്‍ കൃഷ്ണന്‍റെ ചികിത്സയ്ക്കായി സ്വാമികള്‍ പുറപ്പെട്ടു. കൂടെ നിരവധി ആരാധകരും ഉണ്ടായിരുന്നു. യാത്രാമധ്യേ തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ആശ്രമത്തില്‍ കുറച്ചുസമയം വിശ്രമിച്ചു.  അവിടെവച്ചു അദ്ദേഹം എന്നെ കണ്ടു. അവിടെ ഒരു വലിയ പുരുഷാരം തടിച്ചുകൂടിയിരുന്നു. പാലക്കാട്ടേക്കു തിരിക്കുന്നതിനു മുമ്പ് രാമാനന്ദന്‍ എന്ന സംന്യാസിയെ അടുത്തു വിളിച്ചു എന്‍റെ കാര്യങ്ങള്‍ പ്രത്യേകം നോക്കിക്കൊള്ളണമെന്നും അനിഷ്ടകരമായി ഒന്നും ചെയ്യരുതെന്നും ഏര്‍പ്പാടു ചെയ്തു. ഇത്ര അവശനിലയിലും എന്നോടു കാണിച്ച സ്നേഹവാത്സല്യങ്ങള്‍ ഓര്‍ത്തപ്പോള്‍ എന്‍റെ രണ്ടുകണ്ണും നിറഞ്ഞ് പോയി.
 
(കവയിത്രി ശ്രീമതി സുഗതകുമാരിയുടെ പിതാവാണ് ലേഖകന്‍)