ദിവ്യതേജസ്സ് വിലസുന്ന ആ മുഖം
കെ.വി. ദാമോദരപ്പണിക്കര്‍
 
         ശ്രീനാരായണഗുരുദേവനെ ഞാന്‍ ആദ്യമായി കാണുന്നത് എനിക്കു 10 വയസ്സ് പ്രായമുള്ളപ്പോഴാണ്. എങ്കിലും അതുമുതല്‍ ഉണ്ടായ എല്ലാ വിഷയങ്ങളും ഇപ്പോഴും ഓര്‍മ്മയുണ്ട്. എന്‍റെ വീട്ടിനടുത്ത് ഇപ്പോള്‍ ശ്രീനാരായണമഠം നില്‍ക്കുന്ന ഒരു പാറപ്രദേശത്തിന്‍റെ ചെരുവില്‍ വച്ചായിരുന്നു ആ കാഴ്ച.
 
         അനാചാര ധ്വംസനത്തിനും സമുദായോദ്ധാരണത്തിനും ഒരുങ്ങിപ്പുറപ്പെട്ട സ്വാമികള്‍ ദേശംതോറും ചില പ്രധാനപ്പെട്ട വീടുകള്‍ സന്ദര്‍ശിച്ചു തദ്ദേശമുഖ്യന്മാരെ ബോധവാന്മാരാക്കുക പതിവായിരുന്നു. അതൊരു പ്രചരണവേലയും ആയിരുന്നു. വെളുത്ത നിറം, ദീര്‍ഘകായം, ദിവ്യതേജസു വിലസുന്ന മുഖം. കാവിവസ്ത്രം ധരിച്ച് അതുതന്നെ ഉത്തരീയവുമാക്കി തലയില്‍ക്കൂടി ചുറ്റി ഒരു പുസ്തകവും കൈയിലേന്തി ചില അനുചരന്മാരോടുകൂടി മന്ദം മന്ദം നടന്നുവരുന്നത് കാണുക മിഴിയുള്ളവര്‍ക്കെല്ലാം കൗതുകമായിരുന്നു. എന്നു മാത്രമല്ല, ആ മുഖം കാണുകയും അതില്‍ നിന്നും നിര്‍ഗ്ഗളിക്കുന്ന ശാന്തവും സുന്ദരവും ഫലിതരസമുള്ളതും ചിലപ്പോള്‍ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അടങ്ങുന്നതുമായ വാക്കുകള്‍ കേള്‍ക്കുകയും ചെയ്താല്‍ ഏതു പണ്ഡിതനും പാമരനും വശംവദനാകും.
 
         നാണുസ്വാമി വന്നിട്ടുണ്ടെന്ന് കേട്ടാല്‍ ആളുകള്‍ ഓടിക്കൂടും. അക്കൂട്ടത്തില്‍ കുട്ടികളായ ഞങ്ങളും. അങ്ങനെയാണ് ആ സ്ഥലത്തെത്തിയത്. പുതുക്കയില്‍ കണാരന്‍ എന്നൊരാളിന്‍റെ വീട്ടിലേക്കായിരുന്നു സ്വാമികളുടെ യാത്ര. കണാരന്‍ അന്ന ത്തെ പൗരമുഖ്യനും ദാനശീലനും സ്വാമിഭക്തനും ആയിരുന്നു. വഴിയില്‍ അദ്ദേഹം അല്‍പ്പനേരം നിന്നു. തന്‍റെ വലതുഭാഗത്തു കാടുപിടിച്ചു കിടന്ന പാറപ്പുറത്തേക്കു വിരല്‍ചൂണ്ടി അനുചരന്മാരോടായി 'ഈ സ്ഥലം മുമ്പ് ദിവ്യന്മാര്‍ താമസിച്ചിരുന്നതാണ് . അ വിടെ ഒരു ഭജനമഠം കൊള്ളാം' എന്നുമാത്രം പറഞ്ഞു നടന്നുപോയി. ആ വീ ടിന്‍റെ സമീപം വരെ ഞങ്ങള്‍ നടന്നിട്ടു തിരിച്ചുപോന്നു.
 
         അതിനുശേഷം ഞാന്‍ സംസ്കൃത സ്കൂളില്‍ പഠിക്കുന്ന കാലത്താണ് തലശ്ശേരി ജഗന്നാഥക്ഷേത്രത്തില്‍ വച്ചു ഞാന്‍ സ്വാമികളെ കണ്ടത്. അന്നെനിക്കു പതിനേഴു വയസ്സു പ്രായമുണ്ടായിരുന്നു. അന്നു ഞങ്ങള്‍ കുറേ കുട്ടികള്‍ സ്കൂള്‍ വിട്ടുവരുമ്പോള്‍ ഗുരുദേവന്‍ ക്ഷേത്രത്തിലുണ്ടെന്നറിഞ്ഞതിനാല്‍ അവിടെ ചെന്നു. പക്ഷേ നാലുവാതിലും അടച്ച് ഉള്ളിലാണ് സ്വാമി ഇരുന്നത്. സ്വാമിഭക്തന്മാരായ മല്ലിശ്ശേ രി കണാരന്‍, കുഞ്ഞിക്കണ്ണന്‍ കമ്പൗണ്ടര്‍ , അരയക്കണ്ടി അച്യുതന്‍ എന്നീ മാന്യന്മാര്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ആരേയും അകത്തേക്കു വിട്ടില്ല. സ്വാമി പടിഞ്ഞാറേ നാലുകെട്ടില്‍ വാതിലിനടുത്താണിരുന്നത്. അതു മനസ്സിലാക്കിയ ഞങ്ങള്‍ അവിടെ പോയി ബഹളമുണ്ടാക്കി. അന്തേവാസികള്‍ 'ശൂ, ശൂ' എന്നു പറഞ്ഞു ഞങ്ങളെ അകറ്റാന്‍ ശ്രമിച്ചു. അപ്പോള്‍ സ്വാമി ആരാണവിടെ എന്നു ചോദിച്ചു.
 
ഒരു അന്തേവാസി - കുട്ടികളാണ്.
സ്വാമി - എന്തു കുട്ടികള്‍?
അന്തേവാസി - വിദ്യാര്‍ത്ഥികള്‍.
സ്വാമി - ഉം, അവരെ ഇങ്ങോട്ടു വിട്ടേക്കൂ.
വാതില്‍ തുറക്കാത്ത താമസം. ഞങ്ങള്‍ ഓടിക്കയറി. മുമ്പില്‍ ഞാന്‍ തന്നെ ആയിരുന്നു. സ്വാമി അവിടെ ഒരു പുലിത്തോലില്‍ കിഴക്കോട്ടു നോക്കി ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു.
ഞാന്‍ അടുത്തുചെന്നു തൊഴുതു.
സ്വാമി - കുട്ടി എന്തു പഠിക്കുന്നു?
ഞാന്‍ - സംസ്കൃതം
സ്വാമി - കാവ്യങ്ങള്‍ പഠിക്കാറായോ?
ഞാന്‍ - പഠിക്കുന്നുണ്ട്
സ്വാമി - ഇപ്പോള്‍ ഏതു കാവ്യമാണ് പഠിക്കുന്നത്?
ഞാന്‍ - രഘുവംശമാണ്
സ്വാമി - എത്ര സര്‍ഗ്ഗമായി?
ഞാന്‍ - ഒന്‍പതാമത്തെ സര്‍ഗ്ഗം ക ഴിഞ്ഞു.
സ്വാമി - നിര്‍ദ്ദിഷ്ടാം കുലപതിനാ എന്ന ശ്ലോകം ചൊല്ലൂ.
ഞാന്‍ - നിര്‍ദ്ദിഷ്ടാം കുലപതിനാ സപര്‍ണ്ണശാലാമദ്ധ്യാ-
സുപ്രണതപരിഗ്രഹ ദ്വിതീയഃ
സ്വാമി - അര്‍ത്ഥം പറയൂ.
ഞാന്‍ - കുലപതിയാല്‍ നിര്‍ദ്ദേശിക്കപ്പെട്ട പര്‍ണ്ണശാലയില്‍ അധിവസിച്ചിട്ട് അദ്ദേഹം അന്നുരാത്രി കഴിച്ചു .
ഇങ്ങനെ പദാനുപദം ഭംഗിയായി അര്‍ ത്ഥം പറഞ്ഞു.
സ്വാമി - 'പര്‍ണ്ണശാലാ' എന്താണ് വിഭക്തി?
ഞാന്‍ - ദ്വിതീയ
സ്വാമി - കുട്ടി എന്താണതിന് അര്‍ത്ഥം പറഞ്ഞത്?
ഞാന്‍ - പര്‍ണ്ണശാലയിങ്കല്‍
സ്വാമി - അത് ഏത് വിഭക്തിയുടെ അര്‍ത്ഥമാണ്?
ഞാന്‍ - സപ്തമിയുടേത്.
സ്വാമി - അങ്ങനെ പറയാമോ?
ഞാന്‍ - വസിക്കുക എന്ന ക്രിയയുടെ മുന്നില്‍ അധി എന്ന പദമുണ്ടായാല്‍ ദ്വിതീയക്കു സപ്തമിയുടെ അര്‍ത്ഥം പറയാം എ ന്നു ഗുരുനാഥന്‍ പറഞ്ഞിട്ടുണ്ട്.
സ്വാമി - 'അധീശിങ് സ്ഥാസാം കര്‍ മ്മ' വ്യാകരണം പഠിക്കാറായിട്ടില്ല.
 
         സ്വാമികള്‍ കൈ ഉയര്‍ത്തി എന്നെ അനുഗ്രഹിച്ചു. ശേഷം ഞങ്ങളില്‍ നാലുപേര്‍ മാത്രം ചില ലോഹ്യങ്ങള്‍ ചോദിച്ചു. മറ്റുള്ളവരോടൊന്നും സംസാരിച്ചില്ല. ഞങ്ങള്‍ നാലുപേര്‍ മാത്രമേ സംസ്കൃതഭാഷയെ മുന്‍നിര്‍ത്തി ഉപജീവനമാര്‍ഗ്ഗത്തിലെത്തിയുള്ളൂ. മറ്റുള്ളവരെല്ലാം കച്ചവടം, കൃഷി, ഡ്രൈവിംഗ് മുതലായ തുറകളില്‍ പ്രവേശിച്ചു.
 
         എന്‍റെ 21-ാമത്തെ വയസ്സുമുതലാണ് ഞാന്‍ സംസ്കൃതവ്യാകരണഗ്രന്ഥമായ 'സിദ്ധാന്തകൗമുദി' പഠിക്കാന്‍ തുടങ്ങിയത്. അതില്‍ സ്വാമികള്‍ അ ന്നു ചൊല്ലിയ സൂത്രം പഠിക്കാറായപ്പോഴാണ് സ്വാമികള്‍ കാഷായവസ്ത്രധാരിയായ ഒരു ഋഷി മാത്രമല്ല, സംസ്കൃത വ്യാകരണ പണ്ഡിതന്‍ കൂടിയാണെന്ന് മനസ്സിലായത്. ക്രമേണ സ്വാമികളുടെ കൃതികള്‍ വായിച്ചപ്പോള്‍ ഗുരുവിന്‍റെ സര്‍വ്വശാസ്ത്രപാണ്ഡിത്യം അപാര വും അത്ഭുതാവഹവുമാണെന്ന ബോധം ഉണ്ടായി.
 
        അന്നു ഞങ്ങള്‍ ക്ഷേത്രത്തിനകത്തു നില്‍ക്കുമ്പോള്‍ അവിടെ ഒരു സംഭവം ഉണ്ടായി. സ്വാമികളുടെ അടുത്തു നിന്നവരുടെ അനുവാദപ്രകാരം രണ്ടു സുന്ദരിമാരായ സ്ത്രീകള്‍ അകത്തു ക ടന്ന് സ്വാമിയെ തൊഴുതു. മല്ലിശ്ശേരി കണാരന്‍ (അതില്‍ ഒരു സ്ത്രീയെ ചൂ ണ്ടിക്കൊണ്ട്) ഈ സ്ത്രീക്ക് സന്താനങ്ങളില്ല, സന്താനലബ്ധിക്കുവേണ്ടി അ നുഗ്രഹിക്കണം എന്നു പറഞ്ഞു.
 
ഇതുകേട്ട മാത്രയില്‍ ഗുരുദേവന്‍ ആ സ്ത്രീയെ ആപാദചൂഡം ഒന്നു നോക്കി, മുഖം തിരിച്ച് കുറച്ചു സമയം ധ്യാനനിഷ്ഠനായിരുന്നു.
സ്വാമി - സന്താനങ്ങളില്ല അല്ലേ? അനേക സന്താനങ്ങളെ നശിപ്പിച്ചിട്ടില്ലേ? പോ വെളിയില്‍.
 
രണ്ടു സ്ത്രീകളും പുറത്തേക്കു പോയി. ആ സ്ത്രീ ഒരു ദുര്‍ന്നടപ്പുകാരി ആയിരുന്നു. പലപ്പോഴും ഗര്‍ഭഛിദ്രം നടത്തിയിരിക്കാം. ഒരു ധനികന്‍ അവളെ ഭാര്യയായി സ്വീകരിച്ചതിന് ശേഷമാണ് ഗുരുദേവനെ സമീപിച്ചത്. ആ സ്ത്രീക്ക് സന്താനങ്ങള്‍ ഉണ്ടായിട്ടില്ല.
 
ഒരു അന്തേവാസിയെ വിളിച്ചു ഞങ്ങള്‍ക്കു അവിടെ കാഴ്ചവന്ന പഴം മുതലായ സാധനങ്ങള്‍ തരാന്‍ സ്വാമികള്‍ കല്‍പ്പിച്ചു. അദ്ദേഹം ഒരു മുറത്തില്‍ കല്‍ക്കണ്ടം, വെല്ലം, പഴം, നാരങ്ങ മുതലായവ എടുത്തുകൊണ്ടുവന്ന് ഞങ്ങളെ ശാന്തിമഠത്തിന്‍റെ വരാന്തയില്‍ ഇരുത്തി അല്‍പാല്‍പ്പം മാത്രം തന്നു. ബാക്കിയുള്ളത് ഇലകൊണ്ടു മൂടി തിരിച്ചു കൊണ്ടുപോയി. ഉടനെ സ്വാമികള്‍ വന്നു കുറേക്കൂടി എടുത്തുകൊണ്ടുവരാന്‍ കല്‍പ്പിച്ചു. അന്തേവാസി കൊണ്ടുവന്ന സാധനങ്ങള്‍ തൃക്കൈകള്‍ കൊണ്ടുതന്നെ ഞങ്ങള്‍ക്കു തന്നു. ഞങ്ങള്‍ സന്തുഷ്ടരായി യാത്ര ചോദിച്ചു വിടവാങ്ങി.