വിശ്വമാനവികതയുടെ പ്രവാചകന്‍
എന്‍. കെ. പ്രേമചന്ദ്രന്‍
സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി(2006 – 2011)


         വിശ്വമാനവികതയുടെ പ്രവാചകനായിരുന്ന ശ്രീനാരായണഗുരുദേവന്‍റെ പാവനസ്മരണയ്ക്കുമുന്നില്‍ ഞാന്‍ ആദ്യമായി മഹാസമാധിദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണ്. പാവനമായ സുദിനമെന്ന് വിശേഷിപ്പിക്കാന്‍ പ്രധാനപ്പെട്ട കാരണം, വിശ്വമാനവികതയുടെ ദര്‍ശനം ലോകത്തിന് സംഭാവന ചെയ്ത, ലോകം കണ്ട ആചാര്യപ്രമുഖരില്‍ പ്രഥമഗണനീയനും ഋഷിവര്യനുമായ മഹാത്യാഗിയായിരുന്നു ശ്രീനാരായണഗുരുദേവന്‍ എന്നതാണ്. 81 സംവത്സരങ്ങള്‍ക്കു മുമ്പു മഹാസമാധി പ്രാപിച്ച ഗുരുദേവന്‍ 'ഒരു മത'ത്തെ പ്രതിനിധീകരിച്ചിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ഗുരുദേവന്‍ പ്രതിനിധീകരിച്ചിരുന്ന മതം എന്നു പറയുന്നത് വിശ്വമാനവികതയുടെ മതമാണ്. ആ മതത്തെ സംബന്ധിച്ച് ഗുരുദേവന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.


         മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ, സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്ന പ്രധാനപ്പെട്ട കണ്ണിയായിരിക്കണം മതം. അതിന് വിഘ്നം ഉണ്ടാക്കുന്നതെല്ലാം നശിച്ചുപോകണം അല്ലെങ്കില്‍ ഇല്ലാതാകണം എന്നാണ് ഗുരുദേവന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥമെന്നു നാം മനസ്സിലാക്കണം. അതായത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലൂടെ ഉദിച്ചുയരേണ്ട സാഹോദര്യം നഷ്ടപ്പെടുന്നുവെങ്കില്‍, സാഹോദര്യം ഊട്ടിയുറപ്പിക്കുവാന്‍ കഴിയുന്നില്ലായെങ്കില്‍ അതിന് വിഘ്നമായി നില്‍ക്കുന്നത് മതമായാലും രാഷ്ട്രീയമായാലും മറ്റെന്തു തന്നെയായാലും അതില്ലാതാകണം. നിത്യേന പ്രഭാതത്തില്‍ പത്രമെടുത്ത് നോക്കുമ്പോള്‍, ദൃശ്യമാധ്യമങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ വളരെ ഞെട്ടിപ്പിക്കുന്ന സ്ഫോടനാത്മകമായിട്ടുള്ള സംഭവങ്ങളാണ് നമുക്ക് കാണേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ ഏറ്റവും പ്രധാനപ്പെട്ട വിശിഷ്ടാതിഥികള്‍ തങ്ങുന്ന മാരിയറ്റ് എന്ന വിശ്വപ്രസിദ്ധമായ ഹോ ട്ടല്‍സമുച്ചയത്തിലേക്കു തീവ്രവാദികള്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ 60 പേര്‍ മരിച്ചതായാണ് ഇന്ന് നാം പത്രത്തില്‍ വായിച്ചത്. കഴിഞ്ഞ ഒന്ന് രണ്ട് മാസക്കാലമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളും സ്ഫോടനപ്രവര്‍ത്തനങ്ങളും അതുപോലെതന്നെ ഏതെങ്കിലും വിഭാഗത്തിന് എതിരായി നടത്തുന്ന കിരാതമായിട്ടുള്ള തീവ്രവാദ ആക്രമണവുമൊക്കെ മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തിലാണ് എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായിട്ടുള്ള വസ്തുത. ഇവിടെയാണ് മതത്തെക്കുറി ച്ചും മനുഷ്യനെക്കുറിച്ചുമെല്ലാം ശ്രീനാരായണഗുരുദേവന്‍ ലോകത്തിന് നല്‍ കിയ വ്യക്തമായ നിര്‍വചനങ്ങള്‍ ഏറ്റ വും പ്രസക്തമായിത്തീരുന്നത്. അതുതന്നെയാണ് ഗുരുദേവന്‍റെ മഹാസമാധികൊണ്ട് സമ്പന്നമായിട്ടുള്ള ശിവഗിരിക്കുന്നിന്‍റെയും പാവനമായിട്ടുള്ള ഈ പുണ്യഭൂമിയുടെയും ഏറ്റവും വലിയ പ്രസക്തി എന്ന് വിശേഷിപ്പിക്കുവാന്‍ കഴിയുന്നത്.


         ജാതിക്കും മതത്തിനും അതീതമായ ആത്മീയതയുടെ അന്തഃസത്തയെക്കാണാന്‍ ശ്രീനാരായണഗുരുദേവന് കഴിഞ്ഞു. ഗവേഷണകൗതുകത്തോടുകൂടി വിലയിരുത്തേണ്ടുന്നതാണ് ലോകത്തുണ്ടായിട്ടുള്ള മതങ്ങളുടെ ഉല്‍പ്പത്തിചരിത്രം. ഇന്ന് പ്രപഞ്ചത്തിന്‍റെ ഉത്പത്തിയെ സംബന്ധിച്ചുള്ള കണികാപരീക്ഷണം ആയിരക്കണക്കിന് ശാസ്ത്രകാരന്മാര്‍ ലോകത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണെങ്കില്‍ ലോകത്തുണ്ടായിട്ടുള്ള മതങ്ങളുടേയും ഇതുപോലുള്ള വിശ്വാസങ്ങളുടേയുമൊക്കെ അന്തഃസത്ത ഉല്‍പത്തിചരിത്രപശ്ചാത്തലം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.
ലോകത്തിന്‍റെ ആത്മീയചരിത്രത്തില്‍ ഒരു പുതിയ പാത വെട്ടിത്തുറന്നു ശ്രീനാരായണഗുരുദേവന്‍.  മതത്തിന്‍റെയും നിയതമായ സമുദായത്തിന്‍റെയും  ചട്ടക്കൂട്ടിന് അപ്പുറത്ത് നില്‍ ക്കുന്നതാണ് ആത്മീയ ദര്‍ശനം. വിശ്വമാനവികതയുടെ സന്ദേശം ലോകത്തി ന് പ്രദാനം ചെയ്ത് ഒരു പുതിയ ചരി ത്രം സൃഷ്ടിച്ചു എന്നതുകൊണ്ടുതന്നെയാണ് സമകാലിക സമൂഹത്തി ലും ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന ആത്മീയവ്യക്തിത്വമായി ശ്രീനാരായണഗുരുദേവന്‍ ശ്രദ്ധിക്കപ്പെടുന്നത്.


         സവര്‍ണ്ണരും അവര്‍ണ്ണരും എന്ന് വിവക്ഷിക്കപ്പെട്ടിരുന്ന, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉള്‍പ്പെടെയുള്ള സാമൂഹികമായ സകല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊ ടികുത്തി വാണിരുന്ന ഒരു കാലഘട്ടത്തിലാണ് ഒരു തുള്ളി ചോരപോലും ചൊ രിയാതെ സാമൂഹിക നവോത്ഥാനപ്രക്രിയയില്‍  നിര്‍ണ്ണായകപങ്കു വഹിക്കാന്‍ ഗുരുദേവന്‍റെ ചിന്തകള്‍ക്ക് കഴിഞ്ഞത്. അന്നു നിലവിലുണ്ടായിരുന്ന അനാചാരങ്ങളെയും സാമൂഹിക വ്യവസ്ഥകളെയും തന്‍റെ ചിന്തയിലൂടെ, ദര്‍ശനത്തിലൂടെ, പ്രതീകാത്മകമായിട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ വെല്ലുവിളിക്കുവാനും വമ്പിച്ച സാമൂഹികപരിവര്‍ത്തനത്തിനു വഴിതെളിക്കുവാനും ഗുരുദേവന് കഴിഞ്ഞു എന്നുള്ളത് വര്‍ത്തമാനയുഗത്തില്‍ നമുക്കൊക്കെ പാഠമാകേണ്ടുന്ന, മാതൃകയാകേണ്ടുന്ന സംഭവങ്ങളാണ്.
വേദങ്ങള്‍ പഠിക്കാന്‍ അന്നു അവകാശപ്പെട്ടവര്‍ സവര്‍ണ്ണവിഭാഗക്കാരായിരുന്നു. ആ അവകാശം പിന്നോക്കവി ഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. സാമൂഹികമായിട്ടുള്ള കനത്ത വിവേചനം അക്കാലത്ത് നിലനിന്നിരുന്നത് ജാതിവ്യവസ്ഥയുടെയും ഉച്ചനീചത്വത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു. വേദങ്ങള്‍ എന്നു പറയുന്നത് ന്യായാന്യായങ്ങളേയും ധര്‍മ്മാധര്‍മ്മങ്ങളേയും നന്മതിന്മകളേയും സത്യാസ ത്യങ്ങളേയും തിരിച്ചറിയുവാനുള്ളതാണ്. ആ വേദങ്ങള്‍ സമൂഹത്തിനാകെ അറിയാന്‍ അവസരമൊരുക്കുക എന്ന് പറഞ്ഞാല്‍ തിന്മയില്‍ അധിഷ്ഠിതമായിട്ടുള്ള ഒരു സമൂഹത്തെ നന്മയിലേക്ക് വളര്‍ത്തിയെടുക്കുക എന്നുള്ളതാണ്. സത്യം പറഞ്ഞാല്‍ സാമൂഹികനീതിയുടെ ശംഖൊലി മുഴങ്ങുന്നത് ശ്രീനാരായണഗുരുദേവന്‍റെ വചനങ്ങളിലൂടെയാണ്. ആ വചനങ്ങളിലൂടെ ഉയര്‍ന്നുപൊങ്ങിയ സാമൂഹിക നീതിയാണ് പില്‍ക്കാലത്ത് ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ ചെയര്‍മാനായിട്ടുള്ള ഭരണഘടനാനിര്‍മ്മാണസഭയുടെ, ലോകത്തെ ഏറ്റവും വലിയ ഭരണഘടനയായിട്ടുള്ള ഇന്ത്യന്‍ ഭരണഘടനയുടെ, പ്രീയാംബ്ള്‍ ( ജൃലമാുഹല) മുതല്‍ ഏറ്റവും അവസാനത്തെ അനുച്ഛേദംവരെ പരിശോധിച്ചാല്‍ തിളങ്ങി നില്‍ക്കുന്നത്. സാമൂഹിക അനാചാരങ്ങളില്‍ നിന്ന് ഭാരതീയസമൂഹത്തെ മോചിപ്പിച്ച് സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ടുള്ള ഭരണഘടനയായി ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടുവെങ്കില്‍ അതിനു പിന്നില്‍ ഏറ്റവും വലിയ പ്രേരകഘടകമായിത്തീര്‍ന്നിട്ടുള്ളത് ഗുരുദേവന്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഉയര്‍ത്തിയ സാ മൂഹികനീതിയുടെ ഉജ്ജ്വലമായ ശബ്ദമാണ്.


         ക്ഷേത്രത്തില്‍ പ്രവേശിക്കുവാനും, പൂജ നടത്തുവാനും ആരാധിക്കുവാനും വിദ്യാഭ്യാസം ചെയ്യുവാനും സമൂഹത്തില്‍ മാന്യമായി ജീവിക്കുവാനും അവകാശം സ്ഥാപിച്ചെടുക്കുവാനും ഗുരുദേവന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരു സമൂഹത്തെയും വ്രണപ്പെടുത്താ തെയും, ഒരു സമൂഹത്തെയും എതിര്‍ പക്ഷത്ത് നിര്‍ത്താതെയുമായിരുന്നു. തന്‍റെ വിശുദ്ധമായ ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഇതെല്ലാം സമൂഹത്തിന് സാദ്ധ്യമാക്കിക്കൊടുത്ത അനിതരസാധാരണം എന്ന് വിശേഷിപ്പിക്കുവാന്‍ കഴിയുന്ന, ദിവ്യം എന്ന് വിശേഷിപ്പിക്കുവാന്‍ കഴിയുന്ന, ഉ ജ്ജ്വലമായ ചിന്തകളുടെയും പ്രവര്‍ത്തികളുടെയും പ്രതീകമായ ശ്രീനാരായണഗുരുദേവന്‍ മഹാസമാധിയായതിന്‍റെ, 81-ാമത് വാര്‍ഷിക ദിനാചരണത്തിന്‍റെ, അന്തഃസത്ത ഉള്‍ ക്കൊണ്ടുകൊണ്ട് ഈ കാലഘട്ടത്തില്‍ നമുക്ക് ജീവിക്കാന്‍ കഴിയുമോ എന്നുള്ളതാണ് ഏറ്റവും പ്രസക്തമായിട്ടുള്ള പ്രശ്നം. അത് പരിശോധിക്കുമ്പോള്‍ ദുഃഖകരമായിട്ടുള്ള സംഗതികളാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഒരു പ്രത്യേകവിഭാഗത്തിനെതിരായി നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങള്‍ ഉണ്ടാക്കുന്നത്.  മതപരമായ സം ഘര്‍ഷവും വൈരവും ഇന്ത്യയുടെ പല പ്രദേശങ്ങളിലും, ലോകത്തിന്‍റെ വിവിധഭാഗങ്ങളിലും ഉണ്ടാകുന്നത് ഒരിക്ക ലും സാധൂകരിക്കാനോ ന്യായീകരിക്കാനോ കഴിയുന്നതല്ല. 


         ഗുരുദേവനെപ്പോലെയുള്ള സാമൂഹികപരിഷ്കര്‍ത്താക്കള്‍ നവോത്ഥാനപ്രസ്ഥാനത്തിന്‍റെ വിത്ത് പാകി ഉഴുതുമറിച്ച്, വലിയൊരു സാമൂഹിക പരിവര്‍ത്തനത്തിന് വേദിയാക്കി മാറ്റിയ കേരളത്തില്‍ പില്‍ക്കാലത്ത് ജനാധിപത്യപ്രസ്ഥാനങ്ങളും ഇടതുപക്ഷപ്രസ്ഥാനങ്ങളുമൊക്കെ മതനിരപേക്ഷതയുടെ ശക്തമായ വക്താക്കളായി മാറുവാനും അതിന്‍റെയൊക്കെ പ്രോജ്ജ്വലമായ സംഘാടകശക്തിയായി മാറുവാനുമൊ ക്കെ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ആ കാര്യത്തിലൊക്കെയും ഗുരുദേവനെപ്പോലെയുള്ള ഋഷിവര്യന്മാര്‍ നടത്തിയിട്ടുള്ള മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍റെ സാമൂഹികചരിത്രത്തിന് ഒരിക്കലും വിസ്മരിക്കുവാന്‍ കഴിയുന്നതല്ല. ആ കേരളത്തിന്‍റെ മണ്ണില്‍പ്പോലും ഇന്നു ജാതിയുടേയും മതത്തിന്‍റേയും പേരിലുള്ള കനത്ത സാമൂഹികമായ വി വേചനവും  അതുമായി ബന്ധപ്പെട്ട പ്ര ശ്നങ്ങളും ഉണ്ടാകുന്നു എന്ന് പറയുന്നത് ഏറ്റവും ദുഃഖകരമാണ്.


         ഇന്ന് സാമൂഹികവിവേചനത്തിന് മറ്റൊരു മാനം കൂടി വന്നിട്ടുണ്ട്, പ്രധാനമായും സമ്പത്ത്. കേരളത്തിന്‍റെ ഇന്നത്തെ പൊതുസ്ഥിതി പരിശോധിച്ചാല്‍ വിദ്യാഭ്യാസരംഗമായാലും ആരോഗ്യരംഗമായാലും സാധാരണസമൂഹത്തിന് അന്യമാകുന്ന നിലയിലേക്ക്, സാമൂഹികവിവേചനം മറ്റൊരു രൂപത്തില്‍ കേരളസമൂഹത്തിലേക്കും ഇന്ത്യന്‍സമൂഹത്തിലേക്കും കടന്നുവരുന്നുവെന്നു കാണാവുന്നതാണ്. മനുഷ്യത്വം നഷ്ടപ്പെട്ട പരിഷ്കാരങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന സാമ്പത്തിക വളര്‍ച്ചയും അതിലൂടെ ഉണ്ടായി എന്ന് അവകാശപ്പെടുന്ന മാനുഷികമായിട്ടുള്ള ആധുനികപുരോഗതിയും ചീട്ടുകൊട്ടാ രം തകര്‍ന്ന് വീഴുന്നതുപോലെ തകര്‍ ന്ന് വീഴുന്നത് ഞാനും നിങ്ങളും കാണുന്നു.


         മനുഷ്യത്വത്തെ വിസ്മരിച്ചുകൊണ്ടുള്ള ഒരു പ്രത്യയശാസ്ത്രത്തിനും ഈ ഭൂമുഖത്ത് നിലനില്‍ക്കാന്‍ കഴിയുകയില്ല. അത് തെളിയിക്കുന്നതാണ് ഏറ്റവും ഒടുവില്‍ ആഗോളതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍. കഷ്ടപ്പെടുന്നവരും ബുദ്ധിമുട്ടുന്നവരും ക്ലേശമനുഭവിക്കുന്നവരും ആലംബഹീനരുമായിട്ടുള്ള ജനസമൂഹത്തെ വിസ്മരിച്ചുകൊണ്ട് ലോ കത്ത് നടപ്പാകുന്ന ഏതൊരു പരിഷ്കാരവും അതിലൂടെ ഉണ്ടാകുന്ന പുരോഗതിയും കേവലം താല്‍ക്കാലികമാണ്. തീര്‍ച്ചയായും ഗുരുദേവദര്‍ശനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ വേണ്ടി പ്രതിജ്ഞയെടുത്തുകൊണ്ട് മുന്നോട്ടു പോകുവാന്‍ നമുക്ക് കഴിയണം. ജാതിയുടെയും മതത്തിന്‍റെയും സങ്കുചിതമായ വിചാരങ്ങള്‍ക്കു ഒരു കാരണവശാലും നമ്മളെ നിയന്ത്രിക്കുവാന്‍ അവസരം നല്‍കരുത്. നരനും നരനും തമ്മിലുള്ള ബന്ധം സാഹോദര്യം ഉദിക്കുന്നതായിരിക്കണം. അതിനു വിഘ്നമായി നില്‍ക്കുന്നത് എന്തുണ്ടോ അതിനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രീനാരായണഭക്തര്‍  പ്രതിജ്ഞാബദ്ധരാണ്.


         മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ശിഥിലീകരിക്കുന്നതിന് ബോധപൂര്‍വ്വമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജാതിയുടെയും മതത്തിന്‍റെയും സമ്പത്തിന്‍റെയും നിക്ഷിപ്ത താല്‍പ്പര്യത്തിന്‍റെയും പേരില്‍ ഈ ഭൂമുഖത്ത് നടക്കുന്നുണ്ട്.  ഈ കാലയളവില്‍ ഗുരുദര്‍ശനത്തില്‍ വിശ്വസിക്കുന്ന ഓരോ വിശ്വാസിയുടേയും ചുമതല ഉത്തരവാദിത്വത്തോടുകൂടി മുന്നോട്ടു പോവുക എന്നതാണ്. അതിന് ഉതകുന്നതായിരിക്കണം ഇതുപോലെയുള്ള അനുസ്മരണ സമ്മേളനങ്ങള്‍. ധര്‍മ്മസംഘം ട്രസ്റ്റ് ഇക്കാര്യത്തില്‍ അതിന്‍റെ അന്തഃസത്ത നൂറില്‍ നൂറ് ശതമാനവും ഉള്‍ ക്കൊണ്ടുകൊണ്ട് , അത് സമൂഹത്തില്‍ നടപ്പാക്കുന്നതിനുള്ള സന്ദേശത്തിന്‍റെ പുണ്യഭൂമിയായി നിലനിന്നുകൊണ്ടു വളരെ സചേതനയോടു കൂടി പ്രവര്‍ ത്തിക്കുന്നു എന്നറിയുന്നതിലുള്ള അഭിമാനം ഈ സമ്മേളനത്തില്‍ പ്രത്യേകമായി പ്രകടിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ ഗവേഷണ കൗ തുകത്തോടുകൂടി കൂടുതല്‍ വിശാലമായ തലങ്ങളില്‍ ഗുരുദേവദര്‍ശനം ചര്‍ച്ചചെയ്യപ്പെടാന്‍ കഴിയുന്ന നിലയിലുള്ള പ്രചാരം സൃഷ്ടിക്കാനും അതി നു നേതൃപരമായ പങ്കുവഹിക്കാനും ധര്‍മ്മസംഘം ട്രസ്റ്റിന് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ട്, ആശംസിച്ചുകൊണ്ട്, മഹത്തായ  ഈ സമ്മേളനം ഉദ്ഘാടനം ചെയ്ത തായി പ്രഖ്യാപിക്കുന്നു.