ഗുരുദേവന്‍ പ്രകാശിപ്പിച്ച ആശയങ്ങള്‍

വി.എസ്. അച്യുതാനന്ദന്‍

         ശ്രീനാരായണഗുരുദേവന്‍റെ 154-ാമത് ജയന്തി ഇന്ന് നാം സാഭിമാനം ആഘോഷിക്കുകയാണ്. ഗുരുവിന്‍റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിയിലും സമാധിസ്ഥാനമായ ശിവഗിരിയിലും ജയന്തി വിപുലമായി ആഘോഷിക്കുകയാണ്. മനുഷ്യസമത്വത്തിന്‍റെ ആശയങ്ങളാണ് ഈ ആഘോഷങ്ങളിലൂടെ നാം ഉയര്‍ത്തിപ്പിടിക്കുന്നത്. ഗുരുസ്മരണയില്‍ ഉയിര്‍കൊള്ളുന്ന സന്ദേശം ആവേശഭരിതമാണ്. മാനവികാഭിമുഖമായ ജീവിതദര്‍ശനമാണ് ശ്രീനാരായണഗുരു നമുക്ക് നല്‍കിയിട്ടുള്ളത്. മനുഷ്യസ്നേഹത്തിന്‍റെയും മാനവിക ഐക്യത്തിന്‍റെയും ആശയങ്ങളാണ് ഗുരു വാരി വിതറിയത്. സ്വന്തം ജീവിതം മാതൃകയാക്കിക്കൊണ്ടാണ് ഈ ആശയങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടത്. അതിന്‍റെ ധാര്‍മ്മികശക്തി കൊണ്ടാണ് ഈ ആശയങ്ങള്‍ കേരളത്തിന്‍റെ ആകെ സ്വാധീനശക്തിയായി മാറിയത്. 


         ഈ ആശയങ്ങളോട് നാം നീതി പുലര്‍ത്തുന്നുണ്ടോ? ചതയദിനത്തില്‍ ഇത്തരമൊരു ആത്മപരിശോധന നാം നടത്തേണ്ടതുണ്ട്. വിദ്യകൊണ്ട് പ്രബുദ്ധരായ മനുഷ്യരെയാണ് ഗുരു വിഭാവനം ചെയ്തത്. എ ന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ വിപണനസാധ്യത പ്രയോജനപ്പെടുത്താനാണ് ഇവിടെ പലര്‍ക്കും കണ്ണ്. മലയാളിയു ടെ ആഡംബരഭ്രമവും ആര്‍ഭാടജീവിതവും ഈ അവസരത്തില്‍ ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.


         ലളിതമായ വിവാഹമാണ് ഗുരു നിര്‍ദ്ദേശിച്ചിട്ടുള്ളത്. പക്ഷേ ഇന്നത്തെ സ്ഥിതി എന്താണ്? എത്ര ദുരന്തങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിച്ചിട്ടുള്ളത്? മദ്യം സൃഷ്ടിക്കുന്ന ദുരന്തങ്ങളെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു സ്വയംപരിശോധന -വിമര്‍ശനം- കൂടി നാം നടത്താന്‍ തയ്യാറാകേണ്ടിയിരിക്കുന്നു. 


         ആത്മവിമര്‍ശനത്തിനും ആത്മപരിശോധനയ്ക്കുമുള്ള ഒരു അവസരമായി നാം ഈ ചതയദിനത്തെ പ്രയോജനപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയാണ് എനിക്കുള്ളത്.


         അതേപോലെ തന്നെ നമ്മുടെ രാജ്യത്തിന്‍റെ തലസ്ഥാനത്ത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഇന്ന് രാവിലെ അരങ്ങേറിയത്. മുപ്പതില്‍പ്പരം ആളുകളുടെ മരണം , പരുക്കേറ്റ നൂറില്‍പ്പരം ആളുകളുടെ ദയനീയമായ രോദനം, ഇതെല്ലാം നമുക്ക് കേള്‍ക്കേണ്ടി വന്നിരിക്കുകയാണ്. ഏറ്റവും നിന്ദ്യവും നീചവുമായ ആക്രമണമാണ് ഇന്ത്യയുടെ നേരേ ശത്രുക്കള്‍ അഴിച്ചുവിട്ടിട്ടുള്ളത്. ആരായാലും അവര്‍ നിയമത്തിന്‍റെ ദൃ ഷ്ടിയില്‍ കൊടും ക്രൂരതയും തെറ്റും ആണ് കാട്ടിയിട്ടുള്ളത്. അവരെ നിയമത്തിന്‍റെ വഴിയില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇത്തരം ക്ഷുദ്രശക്തികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായി വേണ്ടത്ര ജാഗ്രതയുണ്ടാകുന്നില്ല എന്ന വിമര്‍ശനം രാജ്യത്ത് ആകെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭാഗ്യവശാല്‍ ഗുരുദേവന്‍ പ്രകാശിപ്പിച്ച ആശയങ്ങള്‍, 


'ജാതിഭേദം മതദ്വേഷം
 ഏതുമില്ലാതെ സര്‍വ്വരും
 സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത് ' 


         എന്ന സന്ദേശം കേരളത്തിന്‍റെ സാഹോദര്യത്വത്തെ, സമത്വത്തെ, ഐക്യ ത്തെ, സൗഹാര്‍ദ്ദത്തെ എല്ലാം ഉണര്‍ത്തിയതിന്‍റെ ഫലമായി, കേരളത്തില്‍ അത്തരം സംഭവങ്ങള്‍ നടത്താന്‍ വര്‍ ഗ്ഗീയവാദികള്‍ ആലോചിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകാതെ ചിതറിപ്പോകാന്‍ നമുക്ക് വഴിതെളിയുകയാണ്. അതിന് കരുതലോടുകൂടിയു ള്ള പ്രവര്‍ത്തനം സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്. അത് വിജയകരമായിത്തീരട്ടെ എന്നും അതിന് നിങ്ങളുടെ എല്ലാവരുടെയും സഹായസഹകരണങ്ങളും ഒരുമയും ഉണ്ടാകട്ടെ എന്നും അനുസ്മരിപ്പിച്ചുകൊണ്ട് നിങ്ങളുടെ അനുമതിയോടുകൂടി ഈ ജയന്തിസമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു.