ശ്രീനാരായണദര്‍ശനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സച്ചിദാനന്ദ സ്വാമി

         ശ്രീനാരായണഗുരുദേവന്‍ 'സമ' 'വിഷമ' എന്നിങ്ങനെ വിദ്യയെ രണ്ടായി തിരിച്ചിട്ടുണ്ട്. ഇതു തന്നെ 'പര' 'അപര' എന്ന പേരുകളിലും അറിയപ്പെടുന്നു. ഏകത്വബോധത്തിലേക്ക് നയിക്കുന്ന അറിവ് സമയും അനേകമായി അറിയുന്നത് വിഷമയുമാണ്. സദ്ഗതി വരുവാന്‍ പരാവിദ്യയെ പ്രാപിക്കണമെന്ന് ഗുരുദേവന്‍ അനുശാസിക്കുന്നുവെങ്കിലും അപരാവിദ്യയെ നിഷേധിച്ചിട്ടില്ല. 'പര' യിലെത്തുന്നതുവരെ അപരയും സത്യം തന്നെ. ആത്യന്തിക സാക്ഷാത്കാരദശയില്‍ ഔപനിഷദാദി സര്‍വ്വവിദ്യകളും അവിദ്യാഭൂമികയില്‍പ്പെടുന്നുവെന്നാണ് ശാസ്ത്രം. ഏകത്വബോധത്തിലമരുന്നതുവരെ  സകലവുമുള്ളതു തന്നെ.


         ആത്യന്തിക ദുഃഖവിമോചനം ആത്മബോധം കൊണ്ടേ സാധിതമാകൂ. അതിന് അധ്യാത്മവിദ്യ സ്വാംശീകരിക്കുക തന്നെ വേണം. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന  സാധാരണക്കാര്‍ക്കു വേണ്ടി നല്‍കിയ സന്ദേശങ്ങളിലെല്ലാം ആത്മീയ-ലൗകിക  വിദ്യകളുടെ പ്രാധാന്യം ഗുരു ഉപദേശിക്കുന്നുണ്ട്. ശിവഗിരി മഠം സ്ഥാപിക്കുന്ന കാലത്ത് ഗുരു പ്രസിദ്ധപ്പെടുത്തിയ അദ്വൈതജീവിതം എന്ന സന്ദേശത്തില്‍ 'ആത്മീയതയും ലൗകികതയും രണ്ടും രണ്ടല്ല. മനുഷ്യരുടെ ശാശ്വതമായ സുഖത്തിന് രണ്ടിന്‍റേയും ഏകോപിച്ചുള്ള പ്രവര്‍ത്തി ആവശ്യമാണെ'ന്ന് ഉപദേശിക്കുന്നുണ്ട്. ആത്മീയഭൗതികധര്‍മ്മങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് രാജ്യപുരോഗതിക്കാവശ്യമായ  ഒരു സമഗ്രദര്‍ശനം ഗുരുലോകത്തിന് നല്‍കിയിട്ടുണ്ട്. ജാതിമതദേശഭേദചിന്തകള്‍ക്കൊക്കെയും അതീതമായ ആ വിശ്വമാനവിക ദര്‍ശനം ഈ ലോകത്തിന്‍റെ പൊതുസ്വത്താണ്. അത് പുതിയ തലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതല്ലേ? പാഠ്യപദ്ധതികളില്‍ ശ്രീനാരായണദര്‍ശനം ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്‍ പും ഉയര്‍ന്നു വന്നിട്ടുണ്ട്. ഏതെങ്കിലും ക്ലാസ്സുകളില്‍ അല്പമൊ ന്ന് തൊട്ടും തൊടാതെയും ആ രെയൊക്കെയോ പ്രീതിപ്പെടുത്തുമാറ് സൂചിപ്പിച്ചിട്ടുള്ളതല്ലാതെ ഇതുവരെയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.


         തമിഴ്നാട്ടില്‍ തിരുവള്ളുവരെ ഗുരുവായി സ്വീകരിച്ച് 'തിരുക്കുറലിനെ' ആസ്പദമാക്കി ജീവിതപദ്ധതി നെയ്തെടുത്തിട്ടുണ്ട്. അതുപോലെ ശ്രീനാരായണഗുരുവിനെ ഗുരുവായി സ്വീകരിച്ചുകൊണ്ടുള്ള ഒരു പദ്ധതിക്ക് കേരളാഗവണ്‍മെന്‍റ് രൂപം നല്‍കിയാല്‍ അത് ഈ രാജ്യത്തിലെ ഏറെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നതിന് പക്ഷാന്തരമില്ല.


         ഉയര്‍ന്ന ക്ലാസ്സുകളിലെ പാഠഭാഗങ്ങളിലുള്ള ഇന്ത്യന്‍ ചരിത്രാവലോകനത്തില്‍  ബ്രഹ്മസമാജം, ശ്രീരാമകൃഷ്ണമിഷന്‍, ആര്യസമാജം, പ്രാര്‍ത്ഥനാസമാജം തുടങ്ങിയ നവോത്ഥാന പ്രസ്ഥാനങ്ങളൊക്കെ സവിസ്തരമായി പ്രതിപാദിക്കപ്പെടുന്നുണ്ട്. എന്നാല്‍ ശ്രീനാരായണപ്രസ്ഥാനം അവിടെ അടിക്കുറിപ്പായി പോലും കടന്നു വരുന്നില്ല. മേല്‍ പ്പറഞ്ഞ  നവോത്ഥാന പ്രസ്ഥാനങ്ങളെ സൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമാക്കിയ കേരളാ മുന്‍മുഖ്യമന്ത്രി ശ്രീ. സി. അച്യുതമേനോന്‍ എഴുതുന്നു- 'കേരളത്തിന്‍റെ നവോത്ഥാനത്തിന് മറ്റാരേക്കാള്‍ കൂടുതല്‍ സംഭാവന നല്‍കിയ ഒരു മഹാപുരുഷനായിരുന്നു ശ്രീനാരായണഗുരു. ഗുരു നയിച്ച പ്രസ്ഥാനം ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നടന്ന സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ പല സവിശേഷതകളും ഉള്‍പ്പെട്ടതായിരുന്നു.' അദ്ദേഹം തുടരുന്നു- 'ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യസമരം ശ ക്തിപ്പെടുന്നതിന് മുന്‍പ്  ഈ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ ഒരു കാലഘട്ടത്തില്‍ അലയടിച്ചുയര്‍ന്ന സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും പരിഷ്കൃതവും നവീനവും ശക്തവുമായ പ്രസ്ഥാനത്തെയാണ് ശ്രീനാരായണഗുരുദേവന്‍ നയിച്ചത്' (വിവേകോദയം 1977- പേജ് 8). മഹാമനീഷികളാല്‍ ഇപ്രകാരം വിലയിരുത്തപ്പെട്ട ഗുരുവിന്‍റെ പ്രസ്ഥാനം എന്തേ ദേശീയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശ്രേണിയില്‍ നിന്നും വിസ്മൃതമായി?


         ഒരുപക്ഷേ നമ്മുടെ ഭരണയന്ത്രം നിയന്ത്രിക്കുന്ന ബഹു. മന്ത്രിമാരോ സാംസ്കാരിക നായകന്മാരോ അറിയുന്നുണ്ടാവില്ല- ശ്രീനാരായണഗുരുവിന്‍റെ പ്രസ്ഥാനത്തേയും അയ്യന്‍കാളി തുടങ്ങിയ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പ്രസ്ഥാനത്തേയും തമസ്കരിക്കുവാന്‍ ആരുടെയൊക്കെയോ ബൗദ്ധികമൂശ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത്. ഗുരുവിനേയും പ്രസ്ഥാനത്തേയും മുഖ്യധാരയില്‍ നിന്നും ഒഴിവാക്കേണ്ടതും ആ ദര്‍ശനത്തിന്‍റെ അനന്തമായ സാധ്യതകളെ തമസ്കരിക്കേണ്ടതും ചിലരുടെ അധീശത്വത്തിന് ആവശ്യമായിരിക്കാം.


          ആധുനിക കേരളത്തിനു സംഭവി ച്ച ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്ന് ശ്രീനാരായണഗുരുവിനെ യഥാതഥമായി പഠിച്ചറിയുവാനും ആ പുണ്യചരിതന്‍റെ ഉപദേശങ്ങളെ പ്രാവര്‍ത്തികമാക്കുവാനും സാധിക്കാതെ പോയതാണ്. ജീവിതത്തിന്‍റെ സമസ്തമേഖലകളിലും ഗുരുവിന്‍റെ കരസ്പര്‍ശം കാ ണാം. അതിന്‍റെ പ്രായോഗികതയില്‍ ഈ നാടിനെ ജാതിമതവര്‍ണ്ണവര്‍ഗ്ഗഭേദ രഹിതമായ മാതൃകാരാജ്യമാക്കി മാ റ്റാം. അതിന് സ്കൂള്‍ കോളേജ് തലങ്ങളിലേക്ക് ഗുരുവിന്‍റെ ദര്‍ശനം സമഗ്രവും സത്യസന്ധവും ശാസ്ത്രീയവുമായി പകര്‍ന്നു നല്‍കുവാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. രാജഭരണകാലത്തുപോലും ഗുരുവിന്‍റെ ജീവിതചരിത്രം ഉപപാഠപുസ്തകമായി പഠിക്കാനുണ്ടായിരുന്നു എന്ന കാര്യം ഇന്നത്തെ പാഠ്യപദ്ധതി നിര്‍മ്മാതാക്കള്‍ ഒന്നോര്‍ ത്താല്‍ കൊള്ളാം.


         ശ്രീ.ശൂരനാട് കുഞ്ഞന്‍പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പദങ്ങള്‍ കൊണ്ട് ഇന്ദ്രജാല വിദ്യ കാണിച്ച ഒരദ്ഭുത കവീശ്വരനായിരുന്നു ശ്രീനാരായണ ഗുരുദേവന്‍.' സംസ്കൃതം, മലയാളം, തമിഴ് ഭാഷകളിലായി 63 ലധികം കൃതികള്‍ നമുക്കിന്ന് ലഭിച്ചിട്ടുണ്ട്. കൂടാ തെ മഹാത്മാഗാന്ധി, ശ്രീ. സഹോദരന്‍ അയ്യപ്പന്‍, ശ്രീ. സി.വി. കുഞ്ഞുരാമന്‍ തുടങ്ങിയവരുമായി നടന്ന സംഭാഷണങ്ങള്‍, മറ്റു സന്ദര്‍ഭങ്ങളിലുള്ള ഗുരുവിന്‍റെ  സംഭാഷണങ്ങള്‍, സന്ദേശങ്ങള്‍, ഗുരുവിനെക്കുറിച്ചുള്ള പഠനങ്ങള്‍, ജീവിതചരിത്രങ്ങള്‍ തുടങ്ങി 2000 ല്‍പ്പരം ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുന്ന വിപുലമായൊരു ശ്രീനാരായണ സാഹിത്യശാഖ ഇവിടെ ഉണ്ട്. അതില്‍ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വരും വര്‍ഷങ്ങളിലെങ്കിലും പാഠ്യപദ്ധതിക്കമ്മിറ്റി മുന്‍പാകെ ഇതു ചര്‍ച്ചാവിഷയമാകുമെന്ന് പ്രതീക്ഷിക്കുകയാണ്. ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി എല്ലാ പ്രദേശങ്ങളിലും ആ നാട്ടില്‍ ജനിച്ച മഹാത്മാക്കളെ ക്കുറിച്ചുള്ള സമഗ്രമായ പഠനം പാഠ്യപദ്ധതികളിലുള്‍പ്പെടുത്തുന്നുണ്ട്.


വാല്‍ക്കഷ്ണം:
ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്‍റെ  ഒരു വാക്ക്- ' കഴിഞ്ഞ 500 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളവരില്‍ ഏറ്റവും വലിയ മഹാനായിരുന്നു ശ്രീനാരായണഗുരു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ മഹത്വത്തിന് വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടില്ല.' വാസ്തവത്തില്‍ അതിനു പ്രധാനകാരണക്കാര്‍ ഇന്നാട്ടിലെ ശ്രീ നാരായണീയരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്മാരും പാഠ്യപദ്ധതി തയ്യാറാക്കു ന്നവരുമല്ലേ?


         കേരളത്തിലെ കുരുന്നുകള്‍ക്കു വേണ്ടി തയ്യാറാക്കിയ ഏഴാംക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പുസ്തകം സംബന്ധിച്ച ചര്‍ച്ചകളും സമരങ്ങളും നാടൊട്ടുക്ക് നടന്നുവരികയാണല്ലോ. അവസാനം ഡോ. കെ. എന്‍. പണിക്കര്‍ ചെയര്‍മാനായി വിവാദപുസ്തകം പരിശോധിക്കാന്‍ ഒരു സമിതിക്കും രൂപം നല്‍കിയിരിക്കുന്നു. ഏതായാലും ഇപ്പോള്‍ പഠിച്ചു തുടങ്ങിയ പാഠാവലി പിന്‍വലിക്കേണ്ട ആവശ്യകതയില്ല. അതു തുടരട്ടെ. വരും വര്‍ഷങ്ങളിലെങ്കിലും കുറ്റമറ്റതാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കാം. വാസ്തവത്തില്‍ ഇവിടെ വര്‍ഷങ്ങളായി പിന്‍ തുടരുന്ന വിദ്യാഭ്യാസനയത്തിന്‍റെ തു ടര്‍ച്ച മാത്രമാണ് പുതിയ പാഠാവലിയും. ഒന്നു കണ്ണോടിച്ചാല്‍ രാജ്യത്തി ന്‍റെ യഥാര്‍ത്ഥമായ സാമൂഹികചരിത്രം തമസ്കരിച്ചാണ് കുഞ്ഞുമനസ്സുകളില്‍ നിറയ്ക്കപ്പെടുന്നത് എന്നു കാണാം. അതിന്‍റെ ഉത്തരവാദിത്വം പാഠ്യപദ്ധതികള്‍ തയ്യാറാക്കുന്ന വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ക്കാണ്. അവരുടേയും സാംസ്കാരിക രാഷ്ട്രീയ നായകന്മാരുടേയും ശ്രദ്ധയിലേ ക്ക് ഏതാനും ചില കാര്യങ്ങള്‍ കുറിയ്ക്കട്ടെ.


         സ്കൂള്‍ കോളേജ് തലങ്ങളിലെ പാഠ്യപദ്ധതിയില്‍ ശ്രീനാരായണഗുരുവിന്‍റെ ചരിത്രവും ദര്‍ശനവും ഉള്‍പ്പെടുത്തണം. ആധുനിക കേരളത്തിന്‍റെ സ്രഷ്ടാവ് എന്നു വിലയിരുത്തപ്പെടുന്ന ഗുരുവിന്‍റെ ജീവിതം രാജ്യത്തിന്‍റെ നവോത്ഥാന ചരിത്രമാണ്. അത് പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനുള്ള സംവിധാനമുണ്ടാകണം. 


         കേരളീയ നവോത്ഥാനത്തിന് നേ തൃത്വം നല്‍കിയത് ശ്രീനാരായണഗുരുവായിരുന്നു എന്ന് നിര്‍മ്മത്സര ബുദ്ധികള്‍ സമ്മതിച്ചിട്ടുള്ള കാര്യമാണ്. ഗുരുവിന്‍റെ ആത്മീയനേതൃത്വത്തില്‍ നടന്ന സാമൂഹികപരിഷ്കരണം ഭ്രാന്താലയം എന്ന പേരില്‍ കുപ്രസിദ്ധി നേടിയ കേരളത്തെ തീര്‍ത്ഥാലയമാക്കി മാറ്റി. ഇക്കാര്യത്തില്‍ ഗുരു വഹിച്ച പങ്കിനെക്കുറിച്ച് ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് വിലയിരുത്തുന്നു. - 'ശ്രീനാരായണഗുരുസ്വാമികളുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രസ്ഥാനം നവീനകേരളത്തിന്‍റെ ചരിത്രത്തില്‍ അതിപ്രാധാന്യം വഹിക്കുന്ന ഒന്നാണ്. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന കേരളസംസ്കാരത്തിലും ഇവിടുത്തെ സാമൂഹികഘടനയിലും അത് വമ്പിച്ചൊരു കോളിളക്കം ഉണ്ടാക്കി. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ശ്രീനാരായണഗുരുവിന്‍റെ സന്ദേശം കേരളത്തിന്‍റെ പഴയ സംസ്കാരത്തോടുള്ള വെല്ലുവിളിയായിരുന്നു. പഴ യ കേരളസംസ്കാരത്തെ നശിപ്പിച്ച് പു തിയ ഒരു കേരളം സൃഷ്ടിക്കുവാനുള്ള വിപ്ലവപ്രസ്ഥാനത്തിന്‍റെ ആദ്യത്തെ കാല്‍വെയ്പ്പായിരുന്നു സ്വാമിയുടേത്'. (സ്വാമി സന്ദേശം- പുതിയ പതിപ്പ്)


         1967 ഡിസംബറില്‍ ശിവഗിരിയില്‍ നടന്ന മഹാസമാധി മന്ദിര പ്രതിമാപ്രതിഷ്ഠാ മഹോത്സവപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ നമ്പൂതിരിപ്പാട് ചെയ്ത പ്രസംഗത്തിലെ ഒരു ചെറുഭാഗം കൂടി ഉദ്ധരിയ്ക്കട്ടെ- 'ശ്രീനാരായണഗുരു സൃഷ്ടിച്ച സ്വാതന്ത്ര്യബോധം മേല്‍ജാതിക്കാരുള്‍പ്പെടെ സര്‍വ്വജനങ്ങളുടെ ഇടയിലും ഒരു നവോത്ഥാനത്തിന് തുടക്കം കുറിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്‍റെ സന്ദേശത്താല്‍ ആകൃഷ്ടരായ ശ്രീനാരായണശിഷ്യന്മാര്‍ സാമൂഹികപരിഷ്കാരത്തിന് എന്നെപ്പോലെയുള്ളവരില്‍ ആവേശമുണ്ടാക്കി. കാറല്‍മാര്‍ക്സിനെക്കുറിച്ച് കേള്‍ക്കുന്നതിന് മുന്‍പ് ശ്രീനാരായണശിഷ്യനായ സഹോദരനയ്യപ്പന്‍റെ (വേദിയിലിരുന്ന സഹോദരനയ്യപ്പനെ ചൂണ്ടിക്കാണിച്ച്) വിപ്ലവലേഖനങ്ങള്‍ ഞാന്‍ വായിച്ചു പഠിച്ചു. തികഞ്ഞ ആ സ്തികനും തികഞ്ഞ നാസ്തികനും സ്വീകാര്യമായ എന്തോ ഒന്ന് ശ്രീനാരായണഗുരുവിലും അദ്ദേഹത്തിന്‍റെ ദര്‍ശനത്തിലും ഉണ്ടായിരുന്നു. ആ എന്തോ ഒന്നിന്‍റെ പിന്നാലെയാണ് കേരളത്തി ന്‍റെ ജനാധിപത്യപ്രസ്ഥാനത്തിന്‍റെ വളര്‍ ച്ചയുടെ തുടക്കം.' ഈ വാക്കുകളില്‍ നിന്നും കേരളനവോത്ഥാനത്തില്‍ ഗുരുദേവന്‍ വഹിച്ച പങ്ക് പ്രസ്പഷ്ടമാണല്ലോ. ഇ.എം.എസ്. സഞ്ചികയില്‍ ഗുരുദേവ ദര്‍ശനത്തെക്കുറിച്ച് നാമമാത്രമായ പരാമര്‍ശമേ ഉള്ളൂ. 


          വിവാദപാഠപുസ്തകത്തില്‍ 1859- ലെ ചാന്നാര്‍ ലഹളയെക്കുറിച്ച് പറയുന്നുണ്ട്. അതിന്‍റെ തുടര്‍ച്ചയായി കാണുന്നത് 1924 ലെ വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവുമൊക്കെയാണ്. ഇതിനിടയിലുള്ള കാലയളവില്‍ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, ഡോ. പല്പു, അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന്‍, മന്നത്ത് പത്മനാഭന്‍, വാഗ്ഭടാനന്ദന്‍, ബ്രഹ്മാനന്ദശിവയോഗി, വക്കം മൗലവി തുടങ്ങിയ മഹാത്മാക്കളുടെ നേതൃത്വത്തില്‍ നടന്ന സാമൂഹികനവോത്ഥാനമാണ് ആധുനികകേരളസൃഷ്ടിക്ക് ഏറ്റവും സഹായകമായത്. അത് ചരിത്രത്തിന്‍റെ ഭാഗമല്ലേ? എന്തുകൊണ്ട് ഈ നവോത്ഥാനചരിത്രം പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു?
കേരളനവോത്ഥാനത്തിന്‍റെ നാന്ദിയായി ഏവരും അംഗീകരിച്ചുപോരുന്ന ഒന്നാണ് ഗുരുവിന്‍റെ 1888- ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ. അതു കേവലമൊരു ക്ഷേത്രപ്രതിഷ്ഠ മാത്രമായിരുന്നില്ലല്ലോ. ഇന്നാടിനെ 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാന'മാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനത്തിന്‍റെ ആരംഭം കുറിക്കലായിരുന്നു അത്. അയിത്തം, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവ ദൂരീകരിക്കുവാന്‍ 1888 മുതല്‍ 1928 വരെ 40 വര്‍ഷക്കാലം ഗുരുദേവന്‍ നിര്‍വ്വഹിച്ച സാമൂഹികപരിഷ്കരണം സുവിദിതമാകയാല്‍ ഇവി ടെ കുറിക്കുന്നില്ല. അത് ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് നബി തുടങ്ങിയ ജഗദ്ഗുരുക്കന്മാരെ അനുസ്മരിപ്പിക്കുമാറ് പ്രവാചക തുല്യമായിരുന്നു. പ്രമുഖരായ കേരളീയ ചരിത്രകാരന്മാര്‍ ഇക്കാര്യം സവിസ്തരമായി പ്രതിപാദിച്ചിട്ടുമുണ്ട്. പിന്നെ എന്തിന് പാഠ്യപദ്ധതിയില്‍ നിന്നും ഇത് ഒഴിവാക്കപ്പെടുന്നു.


         വിദ്യാഭ്യാസം , ശുചിത്വം, ഈശ്വരഭക്തി , കൃഷി, കച്ചവടം, കൈത്തൊഴില്‍, സംഘടന, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍ ശിവഗിരിതീര്‍ത്ഥാടന ലക്ഷ്യമായി ഉപദേശിച്ച് രാജ്യത്തിന്‍റെ സമഗ്രപുരോഗതിക്കാവശ്യമായ മാര്‍ഗ്ഗരേഖ ഗുരു നല്‍കിയിട്ടുണ്ട്. 'കൃഷിയെ പ്രോത്സാഹിപ്പിക്കണം. കൃഷിയാണ് ലോകത്തിന്‍റെ നട്ടെല്ല്' എന്നു കാര്‍ഷികവൃത്തിക്കും, ശിവഗിരിയില്‍ മാതൃകാപാഠശാല സ്ഥാപിച്ച്  തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിനും- ആധുനിക ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ പ്രക്രിയക്കും ഗുരുദേവന്‍ ഊന്നല്‍ നല്‍കി. സ്ത്രീവിദ്യാഭ്യാസം, തൊഴിലാളികള്‍ക്കായി നിശാപാഠശാലകള്‍, വായനശാലാപ്രസ്ഥാനം, 1905 - ലെ ഭാരതത്തിലെ തന്നെ ആദ്യത്തേത് എ ന്ന് വിശേഷിപ്പിക്കാവുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം, 1924- ല്‍ നടന്ന ആദ്യസര്‍വ്വമതമഹാസമ്മേളനം ഇതൊക്കെ രാജ്യനവോത്ഥാനചരിത്രത്തിലെ സുവര്‍ണ്ണാദ്ധ്യായങ്ങളാണ്. 'ജാതി ചോദിക്കരുത് പറയരുത് വിചാരിക്കരുത്, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് , മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി , മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്, എല്ലാവരും ആത്മസഹോദരരാണ്, പൊരുത് ജയിപ്പത് അ സാദ്ധ്യം' എന്നു തുടങ്ങിയ ഗുരുസന്ദേശങ്ങള്‍ ഏതു പൗരന്‍റേയും പുരോഗതിയുടെ മാര്‍ഗ്ഗരേഖകളല്ലോ. ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് രാജ്യപുരോഗതിക്ക് ആവശ്യമല്ലേ? സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ പോഷിപ്പിക്കുവാന്‍ സഹായകമാവില്ലേ? മതസമന്വയവും , സര്‍വ്വമതസഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുവാന്‍ ഗുരുവിനോളം പ്രവര്‍ത്തിച്ച വേറെ ഏതു നവോത്ഥാന നായകനാണ് മലയാളിക്കുള്ളത്. എന്നി ട്ടും വിവാദ പാഠാവലിയില്‍ ഗുരുനാനാക്കിന്‍റെ പോലും സൂക്തങ്ങള്‍ ഉള്‍പ്പെടുത്തിയവര്‍ സര്‍വ്വമതസമന്വയം കാഴ്ചവെച്ച മലയാളത്തില്‍ ജനിച്ച ഗുരുവിന്‍റെ വചനം ഒഴിവാക്കിയിരിക്കുന്നു. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കെ.കേളപ്പന്‍ സ്മരണാര്‍ഹനായിട്ടുണ്ട്.  എന്നാല്‍ വൈക്കം സത്യാഗ്രഹം എന്ന അദ്ധ്യായത്തില്‍ അതിന്‍റെ ഉപജ്ഞാതാവായ ടി.കെ. മാധവന്‍ എന്തുകൊണ്ട് വിസ്മൃതനായി?


          അടുത്ത നാളുകളില്‍ വിവാദപാഠ്യ പദ്ധതി സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ഗുരുവിന്‍റെ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത് ഒരേ മനസ്സോടെയാണ് കേരളീയര്‍ സ്വീകരിച്ചത്. ഒന്നു രണ്ടു സന്ദേശങ്ങള്‍ കൊണ്ടായില്ല. ഗുരുവിന്‍റെ സംഭാവനകളെക്കുറിച്ചുള്ള സമഗ്രപഠനം തന്നെവേണം. കാരണം ആധുനികകേരളത്തിന്‍റെ സ്രഷ്ടാവായി ഗുരുവിനെ ഏവരും അംഗീകരിച്ചിട്ടുണ്ടല്ലോ.