സനാതനധര്‍മ്മം ഗുരുദേവചിന്തയില്‍
മുടീത്ര ഭാസ്കരപ്പണിക്കര്‍


         ജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും എന്നും വിവാദത്തിന് വിധേയമാണ്. അനാദികാലം മുതല്‍ ഇതിനുള്ള അന്വേഷണവും കണ്ടെത്തലും അനുസ്യൂതം തുടരുന്നു. ഭാരതീയഋഷീശ്വരന്മാരാണ് കണ്ടെത്തലിന്‍റെ മുന്നണിപ്പടയാളികള്‍. ജീവിതമെന്ന അത്ഭുതപ്രതിഭാസത്തെ സമഞ്ജസമായി അവതരിപ്പിച്ചിരിക്കുന്നത് ഉപനിഷത്തുക്കളിലാണ്. അതില്‍ ജീവിതത്തിന്‍റെ ആത്യന്തികമായ ലക്ഷ്യത്തെപ്പറ്റിയും കാഴ്ചപ്പാടിനെപ്പറ്റിയുമുള്ള മഹിതമായ മാര്‍ഗ്ഗങ്ങളെക്കുറിച്ച് കാര്യകാരണസഹിതം ക്ലിഷ്ടതകൂടാതെ പ്രതിപാദിച്ചിരിക്കുന്നു.


         ഓരോ ജനതയ്ക്കും രാജ്യത്തിനും തനതായ സം സ്കാരവും ചരിത്രവും ഉണ്ട്. ആര്‍ഷസംസ്കാരമാണ് ഭാരതത്തിന്‍റെ നട്ടെല്ല്. അത് ഏതിനും മീതെ ജ്വലിച്ച് പ്രകാശിക്കുന്നു. സത്യദര്‍ശികളായ ഋഷിമാര്‍ ആദ്ധ്യാത്മികരംഗത്തെ ശാസ്ത്രജ്ഞന്മാരായി പ്രശോഭിക്കുന്നു. അകമുഖമായി ഋഷീശ്വരന്മാര്‍ നടത്തിയ ശാസ്ത്രീയഗവേഷണഫലമാണ് 'ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി' (ബ്രഹ്മജ്ഞാനി ബ്രഹ്മം തന്നെയാകുന്നു) എന്ന കണ്ടെത്തല്‍. ഈ തത്ത്വം 'ഗുരുവും സത്യവും' അഭിന്നമാണെന്ന് അംഗീകരിക്കുന്നു.


'ആരായുകിലന്ധത്വമൊഴിച്ചാ-
ദിമഹസ്സിന്‍ നേരാം വഴികാട്ടും
ഗുരുവല്ലോ പരദൈവം'


എന്ന മഹാകവി കുമാരനാശാന്‍റെ വാക്യം സത്യസാക്ഷാത്കാരത്തിന് ഊന്നല്‍ നല്‍കുന്നു. ആദ്ധ്യാത്മിക ചിന്തയുടെ കൊടുമുടിയില്‍ പ്രകാശഗോപുരമായി 'അദ്വൈതദര്‍ശനം' പ്രശോഭിക്കുന്നു. പ്രകാശപൂരിതമായ അദ്വൈതസിദ്ധാന്തത്തിന്‍റെ ജനയിതാവായ ശ്രീശങ്കരന്‍ ജാതിക്കും, മതത്തിനും , നീതിക്കും, ഗോത്രത്തി നും അപ്പുറത്ത് പ്രോജ്വലിക്കുന്ന ആത്യന്തിക സത്യത്തെ ശ്രുതിയുക്ത്യാനുഭവങ്ങളിലൂടെ ഉദ്ഘോഷിച്ചിരിക്കുന്നത് ശ്രേഷ്ഠതരമായ കാഴ്ചയാണ്.


         സത്യദര്‍ശനപ്രാപ്തിക്ക് അദ്വൈതസിദ്ധാന്തം രണ്ട് വഴികള്‍ തുറക്കുന്നു. അതില്‍ ഒന്ന് വിചാരമാര്‍ഗ്ഗമാണ്. ധൈഷണികമായ ശേഷി ഉള്ളവര്‍ക്കു മാത്രമെ ഈ വഴി ഉപകരിക്കൂ. ഈ മാര്‍ഗ്ഗം സ്വായത്തമാക്കുന്നവര്‍ 'ഉത്തമാധികാരികള്‍' എന്ന് അറിയപ്പെടുന്നു. മറ്റൊന്നു ഉപാസനാമാര്‍ഗ്ഗമാണ്. ഏതെങ്കിലും പ്രതീകങ്ങളിലൂടെ മനസ്സിനെ ഏകാഗ്രപ്പെടുത്തി സത്യത്തിലേക്ക് നയിക്കുന്ന ശുദ്ധമാര്‍ഗ്ഗമാണിത്. ഈ രണ്ട് മാര്‍ഗ്ഗത്തിലൂടെയും സത്യദര്‍ശനം സാക്ഷാത്കരിക്കാവുന്നതാണ്. മനസ്സിന്‍റെ ഏകാഗ്രപ്പെടുത്തലാണ് രണ്ടുമാര്‍ഗ്ഗത്തിന്‍റേയും കടമയായിരിക്കുന്നത്.


         വിചാരമാര്‍ഗ്ഗത്തിലൂടെ ഈശ്വര സാക്ഷാത്കാരം നേടുവാന്‍ ശൂദ്രന് അധികാരമില്ലെന്ന് ചിലര്‍ വാദിച്ചിരുന്നു. ഈ മാര്‍ഗ്ഗത്തില്‍ കടന്നുകൂടിയ തെറ്റായ അഭിപ്രായത്തെ അതിശക്തമായ ഭാഷയിലൂടെയും യുക്തിയുക്തമായ ശാസ്ത്രദൃഷ്ടിയിലൂടെയും ശ്രീ ചട്ടമ്പിസ്വാമികള്‍ 'വേദാധികാരനിരൂപണം' എന്ന മഹത്തായ ഗ്രന്ഥത്തിലൂടെ തിരുത്തി വേദാന്തം ആര്‍ക്കും പഠിക്കാമെന്ന് അര്‍ത്ഥശങ്കയ്ക്കിടമില്ലാത്തവിധം ആധികാരികമായി സ്ഥാപിച്ചിട്ടുണ്ട്.


         സനാതനധര്‍മ്മത്തിന്‍റെ പരംപൊരുളായ 'അദ്വൈതദര്‍ശനം' അനുഭവിച്ച് ആനന്ദിച്ച മഹാത്മാവാണ് ശ്രീനാരായണഗുരുദേവന്‍. എല്ലാ മതങ്ങളുടേയും സാരം ഒന്നാണെന്ന് അദ്വൈതദര്‍ശനസാക്ഷാത്കാരത്തിലൂടെ തിരിച്ചറിഞ്ഞ ഗുരുദേവന്‍ ആത്മോപദേശശതകം, ദര്‍ശനമാല , അദ്വൈതദീപിക തുടങ്ങിയ കൃതികള്‍ രചിച്ച് അദ്വൈതസിദ്ധാ ന്തം ജനകീയമാക്കി. ശ്രീ ചട്ടമ്പിസ്വാമികളും ഗുരുദേവനും അദ്വൈതചിന്താപദ്ധതികളില്‍ വന്നുചേര്‍ന്ന പാകപ്പിഴകളെ നിഷ്കരുണം തിരുത്തുകയും അത് സാധാരണ ജനങ്ങളുടെ ജീവിതാഭ്യുന്നതിക്ക് ഉപകരിക്കും വിധം പുനരവതരിപ്പിക്കുകയും ചെയ്തു.


         ഉപാസനാമാര്‍ഗ്ഗത്തില്‍ കടന്നുകൂടിയ അശാസ്ത്രീയതയെ ദൂരീകരിച്ച ഗുരുദേവന്‍ അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ആരാധനാസ്വാതന്ത്ര്യത്തിന്‍റെ ശ്രീകോവിലാണ് തുറന്നിട്ടത്.


ജാതിഭേദം മതദ്വേഷ-
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാമിത്


          ഈ സംസ്കാരം ഉള്‍ക്കൊള്ളുന്നതിലൂടെ മാത്രമേ ഭാരതത്തിന്‍റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരലക്ഷ്യം കൈവരിക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അതിലൂടെ മാത്രമേ ലോകശാന്തിയും സമാധാനവും കൈവരികയുള്ളൂ.


         മനുഷ്യന്‍റെ ആത്യന്തികമായ വിമോചനമാണ് മതങ്ങളുടെ ലക്ഷ്യം. സര്‍വ്വതന്ത്രസ്വതന്ത്രമായ രാജപാതയിലൂടെ മനുഷ്യനെ ഈശ്വരനില്‍ എത്തിക്കുന്ന ദൗത്യനിര്‍വ്വഹണമാണ് മതത്തിന്‍റെ കടമ. ശാസ്ത്രീയമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മതങ്ങളുടെ ദാര്‍ശനികലക്ഷ്യത്തിലേക്ക് ജനങ്ങളെ എ ത്തിക്കുന്നതിനുള്ള ഉപാധികള്‍ മാത്രമാണ്.


എല്ലാമുള്ളതുതന്നെ തത്ത്വ-
ചിന്താഗ്രഹനിതു ഏകമായ് ഗ്രഹിക്കും


         എന്നുള്ള ഗുരുദേവന്‍റെ പ്രഖ്യാപനം മനുഷ്യചേതനയെ ഉണര്‍ത്തി മനസ്സിന്‍റെ ശ്രീകോവിലില്‍ മതത്തിന്‍റെ ആത്മാവായ 'മനുഷ്യത്വത്തെ' പ്രതിഷ്ഠിക്കുന്നു. ആ അവബോധത്തിലേക്കുള്ള ഉണര്‍വ്വാണ് മനുഷ്യനുണ്ടാകേണ്ടത്.


         ലോകത്തിലുള്ള സകലജീവജാലങ്ങളും സുഖം തേടി അലയുന്നു. ആ നിത്യസുഖത്തെ പ്രദാനം ചെയ്യുകയാണ് മതധര്‍മ്മം. അത് നിര്‍വ്വഹിക്കുവാന്‍ മതത്തിന് കഴിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. കഴിയുന്നില്ലെങ്കില്‍ അതിന്‍റെ കാരണം ഞാന്‍ എന്നും ഞങ്ങളുടേത് എന്നുമുള്ള ഭേദചിന്തകളാണ്. ഞാന്‍ എന്നത് ഏകത്തേയും 'ഞങ്ങളുടേത്' എന്നത് അനേകത്തേയും കുറിക്കുന്നു. ഈ ഭേദചിന്ത തികഞ്ഞ ബോധത്തോടെ തിരിച്ചറിഞ്ഞ് സത്യമാര്‍ഗ്ഗത്തില്‍ ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ സഹായിക്കുന്ന ധര്‍മ്മമാണ് സനാതനധര്‍മ്മം.


അപരന്‍റെ സുഖം എന്‍റെ സുഖമായും എന്‍റെ പ്രിയം അപരന്‍റെ പ്രിയമായും കാണുകയെന്നത് സനാതനധര്‍മ്മത്തിന് ഗുരുദേവന്‍ നല്‍കിയ പുതിയമാനമാണ്. 


പ്രിയമപരന്‍റെയതെന്‍പ്രിയം;-
സ്വകീയ
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്‍മ-
നല്‍കും
ക്രിയയപരപ്രിയഹേതുവായ്-
വരേണം
(ആത്മോപദേശശതകം)


         വിമോചനമാണ് മതലക്ഷ്യമെന്നും തിന്മകളെ നന്മകള്‍ കൊണ്ട് കീഴടക്കുന്നതാണ് യഥാര്‍ത്ഥമതധര്‍മ്മമെന്നുമുള്ള പാഠം നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ സ്വാധീനത്തില്‍ ന്യൂനപക്ഷവര്‍ഗ്ഗീയതയെ പുച്ഛിക്കുന്നതും ന്യൂനപക്ഷവര്‍ഗ്ഗീയതയുടെ മറവില്‍ ഭൂരിപക്ഷവര്‍ഗ്ഗീയതയെ വ്രണപ്പെടുത്തുവാന്‍ ശ്രമിക്കുന്നതും ഒരുപോലെ അപകടകരമാണ്. ഇവ രണ്ടും വര്‍ഗ്ഗീയതയെ ഇല്ലാതാക്കുകയല്ല മറിച്ച് വര്‍ഗ്ഗീയതയുടെ വെടിമരുന്ന് ശാലക്ക് തീകൊളുത്തുകയാണ് ചെയ്യുന്നത്.


ഇത്തരം വിപത്ത് വിതയ്ക്കുന്നതും കൊയ്യുന്നതും മതത്തിന്‍റെ ലക്ഷ്യമല്ല. 'ലോകാസമസ്താസുഖിനോ ഭവന്തു' എന്ന അദ്വൈതപ്രഖ്യാപനമാണ് സനാതനധര്‍മ്മത്തിന്‍റെ അടിത്തറ. ഗുരുദേവന്‍റെ ദര്‍ശനശാസ്ത്രം ഈ അടിത്തറയിലേക്കുള്ള ശോഭനമായ പ്രവേശനവീഥിയാണു നമുക്ക് മുന്നില്‍ തുറന്നിടുന്നത്.