ഒരു കപ്പു ചായ
സ്വാമി ത്രിരത്നതീര്‍ത്ഥര്‍

         ഒരിക്കല്‍ ഒരു ധ്യാനഗുരുവിന്‍റെ അടുക്കല്‍ ധ്യാനത്തെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ ചിലര്‍ എത്തി ഇപ്രകാരം തിരക്കി; ധ്യാനത്തിന്‍റെ പൊരുള്‍ എന്താണ്? ആ ചോദ്യം ശ്രവിച്ച ഗുരുവിന്‍റെ മുഖത്തു മഹാനിര്‍വൃതിയുടെ മൗനമന്ദഹാസം വിരിഞ്ഞു. എന്നിട്ടു അവിടുന്ന് ലളിതമായ രീതിയില്‍  ഇങ്ങനെ അരുള്‍ ചെയ്തു: 'ഞാന്‍ ചായകുടിക്കുമ്പോള്‍, ചായ കുടിച്ചുകൊണ്ടേയിരിക്കുന്നു. ഞാന്‍ നടക്കുമ്പോള്‍, നടന്നുകൊണ്ടേയിരിക്കുന്നു. ഞാന്‍ വെറുതേ ഇരിക്കുമ്പോള്‍, വെറുതേ ഇരുന്നുകൊണ്ടേയിരിക്കുന്നു.' അതെല്ലാം അവിടെയെത്തിയവര്‍ സസൂക്ഷ്മം ഗ്രഹിച്ചു. അതിനര്‍ത്ഥം ഏതൊരു കര്‍മ്മവും വര്‍ത്തമാനകാലത്തില്‍ ഊന്നല്‍ കൊടുത്തുകൊണ്ടുവേണം ചെയ്യേണ്ടതെന്ന്. അതാണു ധ്യാനത്തിന്‍റെ പൊരുള്‍. എന്നാല്‍ നമ്മളിവിടെ ചായ കുടിക്കാറുണ്ടെങ്കിലും ചായ കുടിക്കേണ്ടവിധം കുടിക്കുന്നില്ല. നമ്മള്‍ നടക്കാറുണ്ട്. പക്ഷേ നടക്കേണ്ടവിധം നടക്കുന്നില്ല. നമ്മള്‍ വെറുതേ ഇരിക്കാറുണ്ട്. എന്നിരുന്നാലും വെറുതേ ഇരിക്കുവാന്‍ നമുക്കു കഴിയുന്നില്ല. ഇങ്ങനെ, നമ്മുടെ കര്‍മ്മങ്ങളൊക്കെയും യാന്ത്രികമായി നടക്കുന്നുവെന്നുമാത്രം. അതൊക്കെ നമുക്കു മുന്‍പേ പോയവര്‍ ചെയ്തിരുന്നതിനെ അനുകരിക്കുക മാത്രമാണു ചെയ്യുന്നത്. അര്‍ത്ഥം അറിയാതെ  പ്രവര്‍ത്തിക്കുന്നതൊക്കെ ആചരണമേ ആകുന്നുള്ളൂ. അനുഷ്ഠാനത്തിന്‍റെ ഭാഗമാകണമെങ്കില്‍ അര്‍ത്ഥമറിഞ്ഞു തന്നെ പ്രവര്‍ത്തിക്കണം. ഈയൊരവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നതിനെയാണ് വര്‍ത്തമാനത്തില്‍ ഊന്നല്‍ കൊടുക്കുന്നുവെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മു ടെ ത്രികരണങ്ങള്‍ക്ക് ഏകീകരണം സംഭവിക്കുന്നു. അതായത് വിചാരം, വാക്ക്, കര്‍മ്മം എന്നിവ ഒരേ നേര്‍രേഖയില്‍ വരുന്നു. അപ്പോള്‍ സംഭവിക്കുന്ന ഒന്നാണ് അനുഭവം. എല്ലാ അനുഭവങ്ങളും വര്‍ത്തമാനകാലത്തില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. അതൊരിക്കലും ഭൂതഭാവികാലങ്ങളില്‍ വരുന്നതല്ല. മറിച്ച് അവിടെ സങ്കല്‍പ്പമുള്ള മനമായിരിക്കും ഉണ്ടായിരിക്കുക. ഭൂതഭാവികാലങ്ങളില്‍ മനസ്സില്‍ സങ്കല്‍ പ്പങ്ങള്‍ കാണപ്പെടുമെങ്കിലും സങ്കല്‍പ്പരഹിതമായ മനസ്സാണ് വര്‍ത്തമാനകാലത്തില്‍ ഉണ്ടായിരിക്കുന്നത്. ഗാഢനിദ്രയില്‍ നാം യാതൊന്നും അറിയാതിരിക്കുന്നത് മനോലയം സംഭവിച്ചതിനാലാണ്. എന്നാല്‍, എവിടെ മനസ്സുണ്ടോ അവിടെ സങ്കല്‍പ്പങ്ങളുണ്ട്. സങ്കല്‍പ്പമില്ലാത്തിടത്തു മനസ്സില്ലായെന്നിരിക്കെ, അനുഭവ വേളയില്‍ സങ്കല്‍പ്പരഹിതമായ മനസ്സുണ്ടെന്നു വരുന്നത് ആശ്ചര്യകരമാണ്. മനോവൃത്തികളില്‍ നിന്നും മുക്തമായ മനസ്സാണ് അനുഭവവേളയില്‍ പ്രകടമാവുന്നത് എന്നതാണ് ഇതിനുകാരണം. ഇപ്രകാരം ഒരു അനുഭവവേളയുടെ നല്ലൊരു ആവിഷ്കരണമാണ് ഇവിടെ ധ്യാനഗുരുവിന്‍റെ വാക്കുകളില്‍ നിന്നും മുഴങ്ങി കേള്‍ക്കുന്നത്.


         ഒരു കപ്പു ചായ കുടിച്ചു തീരുമ്പോള്‍ എന്തെല്ലാം കാര്യങ്ങളായിരിക്കും നമ്മുടെ ചിന്തയിലൂടെ കടന്നുപോയിരിക്കുക. അതുപോലെ പലതും പറഞ്ഞിട്ടുമുണ്ടാകും. അതോടൊപ്പം ചിലതൊക്കെ ചെയ്തിട്ടുമുണ്ടാകും. അപ്പോള്‍പിന്നെ എങ്ങനെയാണ് ചായ കുടിക്കേണ്ടവിധം നമുക്കു കുടിക്കുവാന്‍ കഴിയുക? ഇതുകൊണ്ടാണ് ചായ കുടിക്കുന്നത് യാന്ത്രികമായിത്തീരുന്നത്. എന്നാല്‍, വര്‍ത്തമാനകാലത്തില്‍ ഊന്നല്‍ കൊടുത്ത് ഒരു കപ്പു ചായ കുടിക്കുവാന്‍ ശ്രമിക്കുന്നിടത്ത് സങ്കല്‍ പ്പങ്ങള്‍ കുറഞ്ഞു കുറഞ്ഞു വന്ന് മനസ്സ് അനുഭവത്തില്‍ താദാത്മ്യപ്പെടുന്നു. അപ്പോള്‍ അനുഭവവേളയിലുള്ള യാന്ത്രികതയൊക്കെയും ഒഴിഞ്ഞു മനസ്സു യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നു. ഏതൊരു വിഷയത്തെ സം ബന്ധിച്ചുമുള്ള ഫലവും ഇവിടെ ഒന്നുതന്നെയായിരിക്കും. മനസ്സിന്‍റെ വര്‍ത്തമാനകാലമെന്നത് അനുഭവത്തിന്‍റേതും ഭാവികാലം വിശ്വാസത്തിന്‍റേതും ഭൂതകാലം അനുഭവജ്ഞാനത്തിന്‍റേതുമാണ്. പൊതുവേ ഏവരും വിശ്വാസികളായിരിക്കുന്നത് അനുഭവത്തിന്‍റെ കുറവായാണ് സൂചിപ്പിക്കുക. അനുഭവങ്ങള്‍ വന്നുംപോയുമിരിക്കുകയാല്‍, അ തിനു പൂരകമായി വിശ്വാസം വര്‍ത്തിക്കുന്നു. പ്രതീക്ഷകളൊക്കെ ഭാവിയില്‍ ഊന്നി പ്രവര്‍ത്തിക്കുന്നതുമൂലമാണ് നാമൊക്കെ വിശ്വാസികളായിരിക്കുന്നത്. അനുകൂലവും പ്രതികൂലവുമായ അവസ്ഥാ വിശേഷങ്ങള്‍ ഇരിക്കുന്നതിനാല്‍ വിശ്വാസത്തില്‍ തെറ്റും ശരിയും ഇടകലര്‍ന്നിരിക്കുന്നു. പരസ്പരമുള്ള ധാരണയാണ് വിശ്വാസം. അവനവന്‍റെ സൗകര്യാര്‍ത്ഥം  കാല്പനികമാംവിധം മാധുര്യമുള്ള പ്രതീക്ഷകളെ ഭാവികാലത്തേക്ക് വിക്ഷേപിക്കുന്നു. എന്നാല്‍, ഇതില്‍നിന്നും വ്യത്യസ്തമായി അനുഭവങ്ങളുടെ തെളിമയിലുള്ള യാഥാര്‍ത്ഥ്യ സങ്കല്‍പ്പങ്ങള്‍ക്കു മാത്രമേ ഭൂതകാലത്തു സ്ഥാനമുണ്ടായിരിക്കുകയുള്ളൂ. അവിടെ നമുക്ക്  ഇഷ്ടപ്പെട്ട സങ്കല്‍പ്പങ്ങളെ കുടിയിരുത്താന്‍ കഴിയുന്നതല്ല.  മനോധര്‍മ്മമായ ധാരണ വര്‍ത്തമാനകാലത്തില്‍ വരുമ്പോഴാണ് അനുഭവവേദ്യമായതിനെ ഉള്‍ക്കൊള്ളുന്നു- മനസ്സിലാക്കുന്നു എന്നൊക്കെ വ്യവഹരിക്കുന്നത്. ഭൂതകാലത്തിലെ അനുഭവജ്ഞാനത്തില്‍ ഊന്നിക്കൊണ്ടുള്ള ഇന്നിന്‍റെ വിശകലനങ്ങളാണ് നാളെയുടെ മാര്‍ഗരേഖ. ഇക്കാരണത്താല്‍ അനുഭവങ്ങളുടെ ഭൂതകാലത്തെ വിസ്മരിച്ചുകൊണ്ടുള്ള ഇന്നിന്‍റെ വിലയിരുത്തലുകള്‍ എല്ലാം ഭാവിയില്‍ അസംബന്ധവും അപ്രായോഗികവുമാണ്. 'കണ്ടാല്‍ അറിയില്ലെങ്കില്‍ കൊണ്ടാല്‍ അറിയു' മെന്ന ചൊല്ല് അപ്രായോഗികതയുടെ നിര്‍വ്വചനമാണ്. ദൃഢചിത്തനായ ഒരുവന്‍ അനുഭവത്തിന്‍റെ ഇന്നലെയെ ആധാരമാക്കി ഇന്നില്‍ പ്രവര്‍ ത്തിക്കുവാന്‍ ശ്രമിക്കുന്നു. ഇന്നിന്‍റെ കര്‍മ്മഫലങ്ങളാണ് നാളെയുടെ വാ ഗ്ദാനങ്ങളായിരിക്കുന്നത്.


         മനസ്സിന്‍റെ സൃഷ്ടിയാണ് ആഗ്രഹങ്ങള്‍. മനോദൗര്‍ബല്യമുള്ളവരില്‍ ആഗ്രഹങ്ങള്‍ വര്‍ദ്ധിച്ചും ഇച്ഛാശക്തി കുറഞ്ഞുമിരിക്കും. മനഃകരുത്തുള്ളവരില്‍  ഇച്ഛാശക്തി വര്‍ദ്ധിക്കുന്നതനുസരിച്ച് ആഗ്രഹങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഒരുവനില്‍ ഉണ്ടാകുന്ന അനാവശ്യചിന്ത എന്നത് അളവറ്റ ആഗ്രഹങ്ങളെ കുറിക്കുന്നു. അതുപോലെ ഇച്ഛാശക്തി വര്‍ദ്ധിച്ചവരെന്നതു ചിന്താശക്തി ഏറിയവരെന്നര്‍ത്ഥം. അപ്രായോഗികതയുടെ പരിണിതഫലമായ ആഗ്രഹങ്ങളുടെ അളവു കുറയുന്നത നുസരിച്ച് കര്‍മ്മോന്മുഖമായ ഇച്ഛാശ ക്തി വര്‍ദ്ധിക്കുന്നു. ആഗ്രഹങ്ങള്‍ കു റയുന്നിടത്താണ് മനഃസ്വസ്ഥത കൈവരിക്കുന്നത്.  ഇവനത്രെ പ്രായോഗികജ്ഞാനത്തിന്‍റെ വക്താവ്. പ്രായോഗികബുദ്ധിയും, മനഃസ്വസ്ഥതയും ഇച്ഛാശക്തിയും ഒന്നിച്ച് ആരില്‍ സമ്മേളിക്കുന്നതു കണ്ടാലും അവനെ ആത്മവിശ്വാസിയെന്നു പറയണം. ഇവന്‍ ഇന്നലെയില്‍ സന്തുഷ്ട നും ഇന്നില്‍ സ്വസ്ഥനും നാളെയില്‍ ശുഭാപ്തിവിശ്വാസിയുമത്രെ!


         ഏതൊരു വിഷയത്തെ സംബന്ധിച്ചും ആദ്യമുണ്ടാകുന്നത് വിചാരമാണ്. തുടര്‍ന്നു വാക്കുകളിലേക്കു കടന്നു കര്‍മ്മത്തില്‍ച്ചെന്നു പര്യവസാനിക്കുന്നു. അതായത്, ഏതൊന്നിനെക്കുറിച്ചു വിചാരിക്കുന്നുവോ, അതു പറയുകയും അതുതന്നെ പ്രവര്‍ത്തിക്കുകയും ചെ യ്യുക. ഇങ്ങനെ വിചാരവും വാക്കും കര്‍ മ്മവും  ഒരു നേര്‍രേഖയില്‍ വരുമ്പോള്‍ അതു സത്യമായി ഭവിക്കുന്നു. ഈയൊരവസ്ഥ സ്ഥിരമായി കാണുന്നവനാണ് സത്യവാന്‍. തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങളെ നിഷ്കളങ്കതയ്ക്കുവേണ്ടി ഉദാഹരിക്കാറുണ്ട്. എന്നാല്‍ ഇതു ഉദാഹരണമല്ല. സത്യം തന്നെയാണ്. അപ്രകാരം കുഞ്ഞുങ്ങളുടെ എല്ലാ ചേഷ്ടകളും നിഷ്കളങ്കതയില്‍ ഊന്നിയതുമാണ്. മുതിര്‍ന്നവരില്‍ കളങ്കമുള്ളതുകൊണ്ടാണ് രഹസ്യങ്ങള്‍ സൂക്ഷിക്കുവാന്‍ കഴിയുന്നത്. അതിനാല്‍ കുഞ്ഞുങ്ങളുടെ മുമ്പില്‍ മുതിര്‍ന്നവര്‍ രഹസ്യമായതൊന്നും ഉരിയാടാറില്ല. ഉള്ളത് ഉള്ളതുപോലെ പറയുന്ന കുഞ്ഞുങ്ങളുടെ മൊഴിമുത്തുകള്‍ക്ക് വിവരമുള്ളവര്‍ മറ്റു തെളിവുകളൊന്നും ആവശ്യപ്പെടാറുമില്ല. തിരിച്ചറിവുള്ളവരിലും ചിലപ്പോഴൊക്കെ നിഷ്കളങ്കത പ്രകടമാവാറുണ്ട്. അതില്‍ പ്രധാനം അകൃത്രിമമായ ചിരിയും കരച്ചിലുമാണ്. അതു മാനസികവും ശാരീരികവുമായ വ്യായാമം കൂടിയാകുന്നു. നമ്മുടെ ജീ വിതത്തില്‍ ചിരിയും കരച്ചിലും ഉണ്ടാകുന്നതു തടയുന്നത് ഒരിക്കലും നന്നല്ല. സ്വസ്ഥമായി ചെയ്യുന്ന പുത്തന്‍രചനകളിലൊക്കെ ത്രികരണങ്ങളുടെ ഏകീകരണം സഹജമായി ഭവിക്കുന്നു. എല്ലാ കര്‍മ്മങ്ങളും ഇപ്രകാരമായിരിക്കുവാന്‍, ആദ്യമായി നമ്മുടെ കര്‍മ്മവും വാക്കും തമ്മില്‍ യോജിക്കേണ്ടതുണ്ട്. അതുപോലെ വാക്കും വിചാരവുമായി ബന്ധമുണ്ടാകുവാന്‍ ശ്രദ്ധിക്കുകയും വേണം. കര്‍മ്മവും വാക്കുമായി യോജിക്കുന്നതില്‍ ധര്‍മ്മം അനുഷ്ഠിക്കണമെന്നും വിചാരം വാക്കുമായി ബന്ധിക്കുന്നതില്‍ സത്യം പറയണമെന്നുമാണര്‍ ത്ഥം. വാക്ക് വിചാരവുമായി സംബന്ധിക്കുന്നത് ആന്തരികമായും വാക്ക് കര്‍മ്മവുമായി സംബന്ധിക്കുന്നത് ബാഹ്യമായുമിരിക്കുന്നു. ഇവിടെ സത്യമെന്നത് ആന്തരികമായിരിക്കുമ്പോള്‍ ധര്‍മ്മമെന്നത് ബാഹ്യമായി വ്യാപരിക്കുന്നു. അതായത്, സത്യം ഉച്ചരിക്കുവാന്‍  കഴിയുമെങ്കിലും കര്‍മ്മപഥത്തില്‍ സത്യം ധര്‍മ്മമായിരിക്കുന്നുവെന്നു ചുരുക്കം. നമ്മളിവിടെ ബഹിര്‍മുഖമായിരിക്കുകയാല്‍ ആദ്യം തന്നെ കര്‍മ്മത്തില്‍ നി ന്നും തുടങ്ങണമെന്നു മഹത്തുക്കള്‍ നി ഷ്കര്‍ഷിച്ചിരിക്കുന്നു. അതിനാല്‍ ആദ്യം തന്നെ ചെയ്യുന്ന കര്‍മ്മങ്ങളെ വാ ക്കുമായി പൂരകമാക്കണം. തുടര്‍ന്നു വാക്കും വിചാരവുമായി യോജിപ്പിക്കണം. അങ്ങനെ കര്‍മ്മം വാക്കുമായും, വാക്കു വിചാരവുമായും ഒത്തിണങ്ങുമ്പോള്‍ ത്രികരണങ്ങള്‍ക്ക് ഏകീകരണമായി. അപ്പോഴാണ് ഒരുവനില്‍ സത്യനിഷ്ഠ ഉറയ്ക്കുന്നത്. അതുതന്നെയാണ് ധ്യാനമെന്നതും. ഇങ്ങനെ ആന്തരികവും ബാഹ്യവുമായ കര്‍മ്മങ്ങളുടെ ഏകീകരണത്തിനുവേണ്ടിയാണ് 'സ ത്യം വദ, ധര്‍മ്മം ചര' എന്ന സന്ദേശത്തിന്‍റെ പ്രസക്തിയെ അറിഞ്ഞ് ആദരിക്കേണ്ടത്.


         ത്രികരണങ്ങളുടെ ഏകീകരണമായ ധ്യാനത്തിന്‍റെ നിറവിലെത്തിയ ഒരുവന്‍റെ പ്രവര്‍ത്തികളുടെ സാക്ഷിപത്രമാണ് 'മനസാ വാചാ കര്‍മ്മണാ' എന്ന പ്രയോഗം. ധ്യാനത്തിന്‍റെ ശരിയായ മലയാളപദം ആസ്വാദനമാകുന്നു. ആസ്വാദനം രണ്ടുവിധമുണ്ട്. ഒന്ന് പ്രകൃത്യാലുള്ളത്. മറ്റൊന്ന് ദ്വന്ദ്വവിഷയത്തില്‍ നിന്നും സംജാതമായതുമാണ്. കുഞ്ഞുങ്ങളിലെ നിഷ്കളങ്കത,ചെടികളില്‍ വിരിയുന്ന വിവിധയിനം പുഷ്പങ്ങള്‍, സൂര്യന്‍റെ ഉദയാസ്തമയങ്ങള്‍,  ആകാശവീഥിയിലെ നക്ഷത്രജാലങ്ങള്‍ ഇതുകളെല്ലാം പ്രകൃത്യാ കണ്ടുവരുന്നവയാണ്. ഇതുകളെ അപ്രകാരം ആസ്വദിക്കുവാന്‍ കഴിയുന്നതാണ് ഉത്തമമായ മാര്‍ഗ്ഗം. ദ്വന്ദ്വവിഷയങ്ങളുടെ ചേര്‍ച്ചയില്‍  നിന്നും സംജാതമായതും മാത്സര്യബുദ്ധിയുടെ പരിണിതഫലമായി വരുന്നതുമായ ജയാപജയങ്ങള്‍, സുഖദുഃഖങ്ങള്‍, ലാഭനഷ്ടങ്ങള്‍ തുടങ്ങിയവയിലുള്ള ആസ്വാദനം ക്രൂരവും അധമവുമാണ്. നമ്മള്‍ ഒരുവന്‍റെ ജയത്തെ അഭിനന്ദിക്കുമ്പോള്‍ അതിനോടനുബന്ധിയായ അനവധിപേരുടെ പരാജയത്തെ നാമറിയാതെ അവഗണിക്കുന്നു. ഒരുവന്‍റെ ലാഭത്തില്‍ മതിമറക്കുന്നിടത്ത് അനവധിപേരുടെ നഷ്ടത്തെ വിസ്മരിക്കുന്നു. ഒരുവനു നല്ലതും അന്യന് അല്ലലും ചേര്‍ന്നുവരുന്ന സുഖദുഃഖങ്ങളില്‍ പങ്കാളിയാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മഹത്തുക്കള്‍ ക്ക് ദുഃഖം വന്നുചേരുമ്പോള്‍ മനം പാറപോലെ ഉറച്ചിരിക്കും. എങ്കിലും അന്യര്‍ ക്കു ദുഃഖമുണ്ടാകുമ്പോള്‍ മഹത്തുക്കളുടെ മനം മഞ്ഞുരുകും പോലെ തപിക്കുന്നു. ഇതിന്‍റെ വിപരീതാനുഭവമാണ് നമ്മുടേത്. മഹത്തുക്കളും നമ്മളും തമ്മിലുള്ള ഒരു പ്രധാനവ്യത്യാസമാണിത്. അതിനു തന്‍റെ സുഖദുഃഖങ്ങളില്‍ സമദൂരം പാലിച്ചുകൊണ്ടു അന്യരുടെ സുഖദുഃഖങ്ങളില്‍ സഹകരിക്കുക. അ തിലൂടെ നിഷ്കളങ്കതയെ ഒരളവുവരെ സ്വാംശീകരിക്കുവാന്‍ കഴിയും. എ ന്നാല്‍, അന്യരുടെ സുഖത്തില്‍ അസൂയപ്പെടുകയും ദുഃഖത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നത്, അവനവന്‍റെ മനസ്സില്‍ ക്രൂരതയുണ്ടായിരിക്കുന്നത് മൂലമാണ്. അതു നമ്മുടെ മനസ്സിനെ കൂടുതല്‍ അസ്വസ്ഥതയിലേക്കു നയിക്കുകയേ ചെയ്യുകയുള്ളൂ. അതുകൊണ്ട് കഴിവതും പ്രകൃത്യാലുള്ള ആസ്വാദനത്തില്‍ മുഴുകണം. അപ്രകാരമുള്ള നിര്‍മ്മല മനസ്സില്‍ നിന്നുണ്ടാകുന്ന നിഷ്കളങ്കതയിലൂടെ കാരുണ്യം പ്രകടമാവുന്നു. അഥവാ, ദ്വന്ദ്വവിഷയങ്ങളിലുള്ള ആസ്വാദനത്തില്‍ നമ്മുടെ മനം കൂടുതല്‍ കളങ്കമാവുകയും അവിടെ ക്രൂരത പ്രകടമാവുകയും ചെയ്യുമെന്ന് അറിയണം.


         കാരുണ്യമുള്ളവനു മാത്രമേ അന്യരുടെ ദുഃഖങ്ങളില്‍ അവരോടൊപ്പം സ ഹതപിക്കുവാന്‍ കഴിയുന്നുളളൂ. അതി ന് നമുക്ക് ഇവിടെ, സങ്കല്‍പ്പരഹിതമായ മനസ്സിന്‍റെ, വര്‍ത്തമാനകാലാനുഭവത്തെ പോഷിപ്പിച്ചു നിഷ്കളങ്കതയെ അറിഞ്ഞുകൊണ്ട് സ്വാംശീകരിക്കണം. ഇങ്ങനെ നിഷ്കളങ്കതയെ നിറയ്ക്കുന്നതിന് , മനസ്സിനെ നിസ്സഹായാവസ്ഥയില്‍ ഊന്നല്‍ കൊടുക്കണം.  വള്ളം തുഴയുമ്പോള്‍ തുഴ വെള്ളത്തില്‍ ഊ ന്നുന്നു. അല്ലാതെ, തുഴ വള്ളത്തില്‍ ഊന്നാറില്ല. വള്ളമെന്നത് അവനവന്‍റെ കഴിവിന്‍റെ പരിമിതിയാകുന്നു. വള്ളത്തിനു പുറത്ത് വെള്ളത്തില്‍ തുഴ ഊന്നുന്നതുപോലെ, അവനവന്‍റെ പരിമിതിക്കപ്പുറത്തുള്ള നിസ്സഹായാവസ്ഥയില്‍ത്തന്നെ മനമാകുന്ന തുഴയെ ഊന്നിക്കൊണ്ടുള്ള കര്‍മ്മമാണ് കര്‍ത്തൃത്വരഹിതമായ കര്‍മ്മം. അഹങ്കാരസ്പര്‍ശം അല്പംപോലുമില്ലാത്ത ഇത്തരം കര്‍മ്മങ്ങളാണ് ദൈവീകമായത്. അവിടെ നി ഷ്കളങ്കതയുടെ മഹാസമുദ്രത്തെ ദര്‍ശിക്കാന്‍ കഴിയും. അതിനു യോഗ്യത നേടുന്നതിന് ഏതൊരു കര്‍മ്മത്തെയും പോലെ, ഒരു കപ്പുചായ കുടിക്കുമ്പോള്‍, ചായ കുടിച്ചുകൊണ്ടിരിക്കുവാന്‍ കഴിയണം. ആ സമയം മറ്റൊ ന്നും ചിന്തിക്കാതെയും പറയാതെയും പ്രവര്‍ത്തിക്കാതെയുമിരിക്കണം. അങ്ങ നെ ഏതൊരു പ്രവര്‍ത്തനവും യാന്ത്രികമായി ചെയ്യാതെ ആസ്വാദനത്തോടെ ചെയ്യാന്‍ ശീലിക്കുക. നാരായണഗുരു ഇങ്ങനെ ഉപദേശിക്കുമായിരുന്നു: നാം ചെയ്യുന്ന പ്രവര്‍ത്തിയിലെ കുറവുകള്‍ മറ്റുള്ളവര്‍ പറഞ്ഞിട്ടു തിരുത്തുന്നതിലും ഭേദം സ്വയം തിരിച്ചറിഞ്ഞു തിരുത്തുന്നതല്ലേ നല്ലതെന്ന്? അതുപോലെ അന്യരുടെ പ്രേരണയാലുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നവയല്ല; മറിച്ച് ചെ യ്യപ്പെടുന്നവയാണ്. ചെയ്യപ്പെടുന്ന കര്‍ മ്മങ്ങളൊക്കെ അനുകരണത്തിന്‍റേയും സ്വതവേ ചെയ്യുന്നവ അനുഷ്ഠാനത്തിന്‍റേയും ഭാഗമാണ്. അനുകരണത്തിന്‍റെ പാത വെടിഞ്ഞ് അനുഷ്ഠാനത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കുന്നതിനു ചെയ്യുന്നവയും ചെയ്യപ്പെടുന്നവയും തമ്മിലുള്ള വ്യത്യാസം ഗ്രഹിച്ചിരിക്കണം. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന കര്‍ മ്മങ്ങളോടൊപ്പം മറ്റുള്ളവരെ സഹായിക്കുന്നതും തന്‍റെ ആവശ്യങ്ങളുടെ ഭാഗമായി കണക്കാക്കുന്നതു നന്നായിരിക്കും. അതിലൂടെ ചെയ്യുന്ന കര്‍മ്മങ്ങളുടെ രണ്ടുവിധമായ മനോഭാവത്തെ അനുഷ്ഠാനത്തില്‍ ഏകോപിപ്പിക്കുവാന്‍ കഴിയുന്നതാണ്. ചെയ്യുന്ന ജോലി ആത്മാര്‍ത്ഥമായിരിക്കണമെന്നു പറയുന്നതും ഇതു തന്നെ. അങ്ങനെ ഏതുവിധമായ കര്‍മ്മങ്ങളെപ്പോലെ, ഒരു കപ്പു ചായ കുടിക്കുവാന്‍ അഭ്യസിക്കുക. എന്നിട്ടു സമയം കിട്ടുമ്പോള്‍ ഇങ്ങനെ സ്വയം ചോദിക്കുക. ഞാന്‍ ചായ കുടിക്കപ്പെടുന്നതോ അതോ ചായ കുടിക്കുന്നതോ? ചായ കുടിക്കപ്പെടുന്നതെങ്കില്‍ അത് യാന്ത്രികമാണ്; ചായ കുടിക്കുന്നതെങ്കില്‍ ധ്യാനഗുരു അരുളിയതുപോലെ, 'ഞാന്‍ ചായ കുടിക്കുമ്പോള്‍, ചായ കുടിച്ചുകൊണ്ടേയിരിക്കുന്നു' എന്നതിന്‍റെ അര്‍ത്ഥത്തെയാണു ധ്വനിപ്പിക്കുക.