യോഗം പ്രവര്‍ത്തനങ്ങളില്‍ സംന്യാസി സമൂഹത്തിന്‍റെ സംഭാവന
ശ്രീനാരായണാശ്രമങ്ങളിലൂടെ...

സച്ചിദാനന്ദ സ്വാമി


         ശ്രീബുദ്ധന്‍, ജിനന്‍, ശ്രീശങ്കരാചാര്യര്‍, ശ്രീരാമകൃഷ്ണപരമഹംസന്‍, ശ്രീചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍ തുടങ്ങിയവര്‍ സംന്യാസാദര്‍ശത്തിന്‍റെ മൂര്‍ത്തിമദ്ഭാവങ്ങളായിട്ടാണ് ലോകമറിയുന്നത്. അവരുടെ ശിഷ്യപരമ്പരയേയും ലോകമറിഞ്ഞാരാധിക്കുന്നു. ഈ സദ്ഗുരുക്കന്മാരെ പിന്തുടര്‍ന്ന് ലോകപ്രശസ്തി നേടിയ ആശ്രമപ്രസ്ഥാനങ്ങളും കേരളത്തില്‍ ഉടലെടുത്തിട്ടുണ്ട്. മഹിതമായ ഈ എല്ലാ പ്രസ്ഥാനങ്ങളേയും - ആത്മീയ പാരമ്പര്യത്തിന്‍റെ സുദൃഢമായ കണ്ണികളായി ദര്‍ശിച്ച് സമാരാധന ചെയ്യുവാന്‍ ഒരു സനാതന ധര്‍മ്മവിശ്വാസിക്ക് സാധിക്കും. കഴിഞ്ഞ കുറെ ആഴ്ചകള്‍ ആത്മീയതയുടെ പേരിലുള്ള തട്ടിപ്പിന്‍റേയും വഞ്ചനയുടേയും കടന്നാക്രമണങ്ങളുടേയും ബീഭത്സത കണ്ടുകൊണ്ടാണ് നാം കടന്നുപോയത്. സാംപ്രദായികരീതിയിലുള്ള ഏതെങ്കിലും പ്രശസ്ത ആശ്രമത്തിലെ ഒരു സംന്യാസിയേയും ആത്മീയ തട്ടിപ്പിന്‍റെ പേരില്‍ പിടികൂടിയതായി കണ്ടില്ല. എന്നാല്‍ സംന്യാസിസമൂഹത്തെയാകെ അടച്ചാക്ഷേപിച്ച് മഹത്വമാര്‍ജ്ജിക്കുവാനുള്ള ശ്രമങ്ങളാണ് അങ്ങിങ്ങായി നടന്നത്. ചിലര്‍ വീണുകിട്ടിയൊരു അവസരമായി തങ്ങളുടെ വൈരാഗ്യം സംന്യാസിമാരോട് പ്രയോഗിക്കാന്‍ ഇതിനെ പരമാവധി പ്രയോജനപ്പെടുത്തി. വാസ്തവത്തില്‍ സംഭവിച്ചതെന്താണ്? സംന്യാസിമാര്‍ കള്ളന്മാരായതല്ല, കള്ളന്മാര്‍ സംന്യാസിവേഷം ധരിച്ചപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളാണ്. അവര്‍ മോടിയോടെ രംഗപ്രവേശം ചെയ്തപ്പോള്‍ അവര്‍ ക്കൊത്താശ ചെയ്തുകൊടുത്ത ദല്ലാളന്മാരും, സാമുദായിക രാഷ്ട്രീയ നേ താക്കളും ശുദ്ധ സംന്യാസം എന്തെന്ന് മനസ്സിലാക്കാതെ പോയി. പിടിക്കപ്പെട്ടവര്‍ തങ്ങള്‍ സംന്യാസിമാരല്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടും മാധ്യമങ്ങള്‍ അവരെ സംന്യാസിമാരായി തന്നെ ചിത്രീകരിച്ചു. ഇപ്പോഴും ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു. അത് ചിലര്‍ക്കാവശ്യവുമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ആത്മീയപാരമ്പര്യം പുലര്‍ ത്തിപ്പോന്നവര്‍ക്കും സംന്യാസാദര്‍ശത്തിനും കരിനിഴല്‍ വീഴ്ത്തുവാനുള്ള ചിലരുടെ ശ്രമങ്ങള്‍ പാളിപ്പോയി. എല്ലാ മതങ്ങളിലും ആത്മീയതയുടെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. അവയില്‍ ചിലതെല്ലാം അന്വേഷണ വിധേയമായി. എന്നാല്‍ മറ്റു രംഗങ്ങളില്‍ നടക്കുന്ന തട്ടിപ്പുകളുടെ കണക്കെടുക്കുമ്പോള്‍ ആത്മീയ തട്ടിപ്പിന്‍റെ ത്രാസിന് കനംകുറഞ്ഞുപോകുന്നില്ലേ ? "അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെന്നനുഭവമുണ്ട്" എന്ന ഗുരുദേവവചനം ഇവിടെയും അന്വര്‍ത്ഥമായി. സംന്യാസിയെന്നാല്‍ ത്യാഗി, പരോപകാരാര്‍ത്ഥം പ്രയത്നിക്കുന്നവന്‍ എന്ന ഗുരുദേവന്‍റെ പു നര്‍നിര്‍വചനം സംന്യാസാദര്‍ശത്തിന് മുഖമുദ്രയുമായി. വാസ്തവത്തില്‍ ഗുരുവിന്‍റെ അവതാരത്തോടെയാണ് കേരളത്തില്‍ സംന്യാസ സമ്പ്രദായത്തിന്‍റെ ശക്തമായ പാരമ്പര്യമുണ്ടാകുന്നത്.


         ഗുരുദേവന്‍ അരുവിപ്പുറത്ത് ഒരു ആശ്രമം സ്ഥാപിച്ചുകൊണ്ടാണല്ലോ അവിടുത്തെ ലോകസംഗ്രഹപ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. അരുവിപ്പുറം പ്രതിഷ്ഠയ്ക്കു മുന്‍പ് "പെട്ടപ്പുല്ലുകൊണ്ടും ശുഷ്കമായ പത്രൗഘം കൊണ്ടും കെട്ടിമേഞ്ഞ" ചെറുകുടീരത്തില്‍ ഗുരുവിന്‍റെ ആദ്യ അന്തേവാസികളായി ശിവലിംഗസ്വാമികളും, ഭൈരവന്‍ ശാന്തി സ്വാമികളും, നിശ്ചലദാസ് സ്വാമികളും, ചൈതന്യസ്വാമികളും മറ്റുമാണല്ലോ ഉണ്ടായിരുന്നത്. അരുവിപ്പുറം പ്രതിഷ്ഠയ്ക്കുശേഷം രാജ്യമൊട്ടാകെയുയര്‍ന്ന് വന്ന ക്ഷേത്രങ്ങള്‍, ആ ശ്രമങ്ങള്‍, മഠങ്ങള്‍, സമാജങ്ങള്‍ തുടങ്ങിയ ഗുരുദേവപ്രസ്ഥാനം സംസ്ഥാപനം ചെയ്യുവാന്‍ ഗുരുദേവന്‍റെ നിയോഗപ്രകാരം ഈ പുണ്യചരിതന്മാര്‍ അ തിമഹത്തായ സേവനങ്ങളാണ് നിര്‍വഹിച്ചിട്ടുള്ളത്. എസ്.എന്‍.ഡി.പി. യോ ഗം സ്ഥാപിക്കപ്പെടുമ്പോള്‍ സാക്ഷികളായി ഒപ്പിട്ടവരില്‍ ഒരാള്‍ നാരായണപിള്ള - ശ്രീനാരായണ ചൈതന്യസ്വാമികളാണ് - എന്ന് നാം ഓര്‍ക്കണം.


         ഈ ചൈതന്യസ്വാമികളെ ഗുരുദേവന്‍ ആലുവ അദ്വൈതാശ്രമത്തില്‍ വ ച്ച് മുക്ത്യാര്‍ നാമാവായി (ഗുരുവിന് പകരക്കാരനായി ഭരണം നടത്തുക) നി യോഗിച്ച് അനുഗ്രഹിക്കയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന് തത്സ്ഥാന ത്ത് തുടരുവാന്‍ സാധിക്കാത്ത അവസ്ഥയാണ് എസ്.എന്‍.ഡി.പി. യോഗം സൃഷ്ടിച്ചത്. ഏവരിലും ദുഃഖം ഉളവാക്കുന്ന ആ വക സംഭവങ്ങള്‍ ഞാനിവിടെ കുറിക്കുന്നില്ല. (വിശദമായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ആര്‍. ഗംഗാധരന്‍റെ 'ഗുരുദേവസ്മരണകള്‍', കെ.കെ. മനോഹരന്‍ വര്‍ക്കലയുടെ 'ശിവഗിരി' എന്നീ ഗ്രന്ഥങ്ങള്‍ വായിക്കുക). ചൈതന്യസ്വാമികള്‍ തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ വിട്ട് മലബാറിലേയ്ക്ക് പോവുകയും കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ശ്രീനാരായണ ഗുരുവരാശ്രമം സ്ഥാപിക്കുകയും ചെയ്തു. ഗുരുദേവന്‍റെ തിരുനാവില്‍ നിന്നും ആ ത്മോപദേശശതകം തുടങ്ങിയ കൃതികളില്‍ പലതും കുറിച്ചെടുത്തത് ഈ ചൈതന്യസ്വാമികളാണ്. കൂടാതെ തച്ചുശാസ്ത്രവിശാരദനായിരുന്ന ഈ പുണ്യാത്മാവാണ് പ്രധാന ഗുരുക്ഷേത്രങ്ങളെല്ലാം കെട്ടിപ്പടുക്കാന്‍ മേല്‍നോ ട്ടം വഹിച്ചത്. ഗുരുദേവന്‍ അദ്ദേഹത്തെ ഒരു ക്ഷേത്രം സ്ഥാപിച്ചുകഴിഞ്ഞാല്‍ അടുത്ത ഗ്രാമത്തിലേയ്ക്ക് അയയ്ക്കുകയായിരുന്നു പതിവ്. അങ്ങനെയാണ് ഗുരു പ്രതിഷ്ഠിച്ച പ്രധാന ക്ഷേത്രങ്ങളൊക്കെ ഉയര്‍ന്നുവന്നത്. ചൈതന്യസ്വാമികള്‍ തയ്യാറാക്കിയ ആചാരപദ്ധതിയെ അവലംബമാക്കിയാണ് ശ്രീനാരായണീയരുടെ വിവാഹവും ബലിതര്‍ പ്പണാദികളും ഇന്നും നടക്കുന്നതെന്ന് എത്ര പേര്‍ അറിയുന്നുണ്ട്. മാത്രമല്ല ശ്രീനാരായണീയര്‍ ഇന്ന് എവിടെയും ഗുരുപൂജയ്ക്കുപയോഗിക്കുന്ന 108 മന്ത്രങ്ങളടങ്ങിയ ഗുരുപുഷ്പാഞ്ജലീമന്ത്രം തയ്യാറാക്കിയതും ഈ മഹാത്മാവു തന്നെ. ഇങ്ങനെ നോക്കുമ്പോള്‍ ഗുരുദേവപ്രസ്ഥാനത്തെ ആ ത്മീയവും ഭൗതികവുമായ സംവിധാനങ്ങള്‍കൊ ണ്ട് സുശക്തമായ ഒന്നായി വളര്‍ത്തിയെടുക്കുവാന്‍ ഗുരുവിന്‍റെ സംന്യാസി ശിഷ്യന്മാര്‍ ആത്മസമര്‍പ്പ ണം ചെയ്ത് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് കാണാം.


         ചൈതന്യസ്വാമികള്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗുരുവരാശ്രമത്തില്‍ താമസിച്ചുകൊണ്ട് 1919 മുതല്‍ ശ്രീനാരായണസന്ദേശപ്രചരണം അതിശക്തമായി നിര്‍വ്വഹിക്കുകയുണ്ടായി. ഗുരുവരാശ്രമത്തിലും ദീര്‍ഘകാ ലം സ്വാമികള്‍ ക്ക് തുടരുവാനായില്ല. "സംന്യാസിക്കെന്തിനാണ് സ്വന്തമായി ഭൂമിയും മഠവും, ശിവഗിരിമഠം പോരെ ?", ഇപ്പോഴും ചില നേതാക്കള്‍ ചോദിക്കുന്നതും ഇതുതന്നെയാണല്ലോ. സ്വാമികള്‍ ചിലരാല്‍ വഞ്ചിതനായി, സ്വാമികള്‍ക്ക് ആശ്രമം നഷ്ടമായി. അതോടെ മലബാറില്‍ ആശ്രമം കേന്ദ്രീകരിച്ചുകൊണ്ടുള്ള ശ്രീനാരായണ പ്രചരണത്തിന്‍റെ കൂമ്പടഞ്ഞുപോയി എന്ന് നാം അറിയണം. സ്വാമികളുടെ ആശ്രമം ഇന്ന് കോഴിക്കോട് എസ്.എന്‍.ഡി.പി. യൂണിയന്‍ ഓഫീസായി പ്രവര്‍ത്തിച്ചുപോരുന്നു. കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തില്‍ വച്ച് മഹാസമാധി പ്രാപിച്ച ശ്രീനാരായണചൈതന്യസ്വാമികള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ശ്രീനാരായണ ചൈ തന്യമായിരുന്നു. വര്‍ക്കല-ചിറയിന്‍കീഴ് താലൂക്കില്‍ നായര്‍ സമുദായത്തില്‍ ജനിച്ച നാരായണപിള്ള ആദ്യം ചട്ടമ്പിസ്വാമികളുടെ അന്തേവാസിയായും തുടര്‍ന്ന് ഗുരുദേവന്‍റെ ആദ്ധ്യാത്മികപ്രഭയാല്‍ ആകര്‍ഷിക്കപ്പെട്ട് ഗുരുദേവശിഷ്യനായും കര്‍മ്മനിരതനായ മഹാത്യാഗിയായും മാറി. ശ്രീനാരായണ പ്രസ്ഥാനത്തെ - ശിവഗിരിമഠത്തെ - എസ്.എന്‍.ഡി.പി. യോഗത്തെ മഹാപ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കാന്‍ അനല്പമായ സംഭാവനകള്‍ ഈ ഗുരുദേവശിഷ്യന്‍ ചെയ്തിട്ടുണ്ട്.


            അരുവിപ്പുറം മഠത്തെത്തുടര്‍ന്ന്  കുന്നുംപാറ ക്ഷേത്രം & മഠം (1896) ശിവഗിരി മഠം (1904) ആലുവ അദ്വൈതാശ്രമം (1912) തുടങ്ങിയ സ്ഥാപനങ്ങള്‍ ഗുരുദേവന്‍ തന്നെ നേരിട്ട് സംസ്ഥാപനം ചെയ്തവയാണ്. തൃപ്പാദ ശിഷ്യന്മാരായ ശിവലിംഗസ്വാമികള്‍ പെരിങ്ങോട്ടുകരയിലും (1904) ശാന്തലിംഗ സ്വാമികള്‍ (ജന്മദേശം തമിഴ്നാട്) മധുര തിരുപ്രംകുണ്ഡ്രത്തും (1913) ഗോവിന്ദാന ന്ദസ്വാമികള്‍ കാഞ്ചീപുരത്തും (1916) നരസിംഹസ്വാമികള്‍ തൃപ്പൂണിത്തുറ ഏരൂരിലും, മുനിവരസ്വാമികള്‍ കാഞ്ചീപുരത്തും വിദ്യാനന്ദസ്വാമികള്‍ മദ്രാസ് മാമ്പലത്തും, ചെറിയ ഗോവിന്ദാനന്ദ സ്വാമികള്‍ പിള്ളയാര്‍ പെട്ടിയിലും, ശാന്തലിംഗ സ്വാമികള്‍ (ചേര്‍ത്തല) സേലത്തും ആശ്രമങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. കേരളത്തില്‍ പലയിടങ്ങളിലും ശ്രീനാരായണാശ്രമങ്ങള്‍ സ്ഥാ പിതമായിക്കൊണ്ടിരുന്നു. ഗുരുവിന്‍റെ മഹാസമാധിക്കുശേഷം ഗുരുദേവശിഷ്യനായ ശ്രീ ശങ്കരാനന്ദ ശിവയോഗി സ്വാമികള്‍ ചേര്‍ത്തല മുഹമ്മയിലും, എറണാകുളം നോര്‍ത്തിലും ശ്രീനാരായണ തീര്‍ത്ഥസ്വാമികള്‍ കുറിച്ചിയിലും, ശാന്താനന്ദഗിരിസ്വാമികള്‍ കര്‍ണ്ണാടകത്തിലെ കൊടകിലും ഓരോരോ ആശ്രമങ്ങള്‍ സ്ഥാപിച്ചു. ഇതില്‍ സേലം, പിള്ളയാര്‍പെട്ടി ആശ്രമങ്ങള്‍ ശിവഗിരിക്കു ലഭിച്ചില്ല. മാമ്പലം ആശ്രമം ധര്‍മ്മസംഘത്തില്‍ നിന്നും അടര്‍ത്തിമാറ്റി സ്വതന്ത്രമാക്കാനുള്ള ചിലരുടെ ഗൂഢശ്രമത്തിനെതിരെ ഇപ്പോള്‍ കേസ് നടന്നുവരികയാണ്. ഗുരുദേവന്‍റെ പ്രശിഷ്യനായ സദ്ഗുരു മലയാളസ്വാമികള്‍ ആന്ധ്രയിലെ ഏര്‍പേടില്‍ (1926) സ്ഥാ പിച്ച വ്യാസാശ്രമവും 120-ഓളം വരുന്ന ശാഖാസ്ഥാപനങ്ങളും ശിവഗിരിമഠത്തെ ആദ്ധ്യാത്മിക തലസ്ഥാനമായി കണക്കാക്കിപ്പോരുന്ന ആശ്രമപാരമ്പര്യത്തില്‍ ഉള്ളവയാണ്. ഗുരുദേവന്‍റെ സച്ഛിഷ്യന്മാരില്‍ പ്രമുഖനായിരുന്ന ശ്രീ നടരാജഗുരുവും, ശിഷ്യന്‍ ഗുരുനിത്യചൈതന്യയതിയും ഇന്ത്യയ്ക്കകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള നാരായണ ഗുരുകുലങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുവിദിതങ്ങളാകയാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ഈ ആശ്രമങ്ങള്‍ കേ ന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ശ്രീനാരായണപ്രസ്ഥാനത്തെ ഒരു മഹാപ്രസ്ഥാനമായി വളര്‍ത്തിയെടുത്തതില്‍ മുഖ്യ പങ്കുവഹിച്ചതെന്ന് കാണാം. 


എസ്.എന്‍.ഡി.പി. യോഗമടക്കമുള്ള പ്രസ്ഥാനങ്ങളുടെ ആത്മീയകരുത്ത് ഈ സംന്യാസാശ്രമങ്ങളുടെ പ്രവര്‍ത്തനങ്ങളാണ്.


         ശിവഗിരിയില്‍ ഇന്ന് കാണുന്ന പല സ്ഥാപനങ്ങളും സംസ്ഥാപനം ചെയ്യുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള ശ്രീമദ് ഗീതാനന്ദസ്വാമികള്‍ ചാലക്കുടിയില്‍ സ്വാമി ഗീതാനന്ദ-ഗായത്രി ആശ്രമം (1990 മാര്‍ച്ച് 24) സ്ഥാപിക്കയുണ്ടായി. ഒരു കാലത്ത് ഹരികഥാപ്രാസംഗികനായും പ്രഭാഷകനായും  ആ ദ്ധ്യാത്മികാചാര്യനായും കേരളത്തിന് അകത്തും പുറത്തും സ്വാമികള്‍ സഞ്ചരിച്ച് പ്രവര്‍ത്തിച്ചു. ഗുരുദേവന്‍റെ മഹാസമാധിയെ തുടര്‍ന്ന് എസ്.എന്‍.ഡി.പി. യോഗം ശിവഗിരിക്കെതിരെ കൊടുത്ത കേസ് രാജിവ്യവസ്ഥയിലേക്കു നയിക്കുന്നതിന്  മംഗളാനന്ദസ്വാമികള്‍, നി ജാനന്ദസ്വാമികള്‍ തുടങ്ങിയ പുണ്യാത്മാക്കളോടൊപ്പം സ്വാമികളും പ്രവര്‍ ത്തിച്ചിരുന്നു. ഈ ധന്യാത്മാക്കള്‍ ശിവഗിരിയുടേയും എസ്.എന്‍.ഡി.പി. യോഗത്തിന്‍റേയും  വളര്‍ച്ചയ്ക്ക് ചെയ്ത പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം സ്മര്‍ത്തവ്യമാണ്. ശ്രീമത് വിശുദ്ധാനന്ദസ്വാമികള്‍, ഗുരുദേവന്‍റെ തപോഭൂമിയായ മരുത്വാമല കേന്ദ്രീകരിച്ച് സ്ഥാപിച്ച 'ശ്രീ നാരായണഗുരുധര്‍മ്മ മഠം' വലിയൊരു ആദ്ധ്യാത്മികകേന്ദ്രമായി വളര്‍ന്നിട്ടുണ്ട്. അവിടെ പ്രതിമാസം നടക്കുന്ന ചതയപൂജയിലും ശിവഗിരി തീര്‍ത്ഥാടനവേളയിലും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നു. നാഗര്‍കോവില്‍-കോട്ടാര്‍, കുഴിത്തുറ തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിതമായിട്ടുള്ള ഗുരുദേവപ്രസ്ഥാനങ്ങളുടെ  വളര്‍ച്ച യ്ക്ക് മഹത്തായ സംഭാവനകളാണ് ഈ സ്ഥാപനം ചെയ്ത് പോരുന്നത്.


          1991 മുതലാണ്  ഇതെഴുതുന്നയാള്‍ ഗീതാനന്ദ സ്വാമികളോടൊപ്പം ഗായത്രി ആശ്രമം കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. ശ്രീനാരായണഗുരുദേവന്‍റെ 'ദേശം തോറും ആശ്രമമുണ്ടാക്കണ'മെന്ന ഉപദേശം അനുസരിച്ച്  ചാലക്കുടിക്കടുത്ത് പേരാമ്പ്രയില്‍ 'ശ്രീനാരായണഗുരുചൈതന്യമഠം' എ ന്ന പേരില്‍ വിപുലമായ ഒരു ശ്രീനാരായണപ്രസ്ഥാനത്തിനു രൂപം നല്‍കി. ഏഴു സംന്യാസിമാരും പന്ത്രണ്ടു ഗൃ ഹസ്ഥ ഭക്തന്മാരുമടങ്ങിയ ശ്രീനാരായണദിവ്യദര്‍ശനസംഘം ട്രസ്റ്റിനാണ് ഭരണച്ചുമതല. സ്ഥാപക ട്രസ്റ്റിയായ ഈ ലേഖകന്‍ സെറ്റിലറും  ശേഷം വരുന്ന 18 അംഗങ്ങള്‍  ഉപദേശാംഗ ട്രസ്റ്റിമാരുമാണ്. ഒരംഗത്തിന്‍റെ ഒഴിവുവന്നാല്‍ തത്സ്ഥാനത്ത് സംന്യാസിയെത്തന്നെ ചേര്‍ക്കണമെന്നാണ് വ്യവസ്ഥ.  ഇതിനു മാറ്റം വരുത്തി ഗൃഹസ്ഥഭക്തന്മാരുടെ മക്കളെ ട്രസ്റ്റിമാരാക്കി പിന്‍തുടര്‍ച്ചാവകാശം സൃഷ്ടിക്കണമെന്ന പുതിയൊരുവാദവും ശ്രമവും പ്രശ്നങ്ങളുണ്ടാക്കുവാന്‍ ചില നേതാക്കന്മാരുടെ ഒത്താശയോടെ ആരംഭിച്ചിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. ഏതെങ്കിലും കാരണവശാല്‍ പ്രവര്‍ത്തനം മന്ദീഭവിച്ചാല്‍ ശിവഗിരിമഠത്തില്‍ ലയിക്കണമെന്നുമാണ് വ്യവസ്ഥ.  വ സ്തുത ഇതായിരിക്കെ 'സംന്യാസിമാര്‍ക്ക് എന്തിനാണ് സ്വന്തവും സ്ഥലവും ആശ്രമവും, ശിവഗിരി പോ രേ' എന്ന ചിലരുടെ അഭിപ്രായപ്രകടനങ്ങള്‍ എന്തിനുവേണ്ടിയുള്ളതാണെ ന്ന് ഗുരുഭക്തന്മാര്‍ തന്നെ ചിന്തിക്കുക. ശിവഗിരിമഠത്തിന്‍റെ ഭാഗമാണ് ശിവഗിരിയിലെ സംന്യാസിമാര്‍ സ്ഥാപിക്കുന്ന എല്ലാ ആശ്രമങ്ങളും.  കുമളി ചക്കുപള്ളത്തും  തൊടുപുഴയിലും  ശിവഗിരിമഠത്തിന്‍റേതായി പുതിയ ആശ്രമങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. സ്വാമി ബ്രഹ്മസ്വരൂപാനന്ദ കൊടുങ്ങല്ലൂരിലും ബ്രഹ്മചാരി സൈഗണ്‍ കാലടി നീലീശ്വരത്തും  ശ്രീനാരായണാനന്ദസ്വാമികള്‍ ആലപ്പുഴ മങ്കൊമ്പിലും മാതാ ഗുരുചൈതന്യമയി പത്തനംതിട്ട ജില്ലയിലെ റാന്നി പുതുശ്ശേരിമലയിലും ആശ്രമ ങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം ശിവഗിരി മഠത്തെ ആത്മീയ തലസ്ഥാനമായി കണ്ട് പ്രവര്‍ത്തിച്ചുപോരുന്ന ആശ്രമങ്ങളാണ്.  പാല്യത്തുരുത്തിലുള്ള സ്വാ മിനി അമൃതമാതായുടെ ആശ്രമവും കുമാരസ്വാമി സ്ഥാപിച്ച മംഗളഭാരതിയും ചെറുകോലിലെ ഗുരുധര്‍മ്മാനന്ദ സ്വാമികളുടെ ശ്രീനാരായണധര്‍മ്മാ ശ്രമവും ഇവിടെ സ്മരണീയമാണ്. ശിവഗിരിമഠത്തിന് കേരളവ്യാപകമായി പ്ര ത്യേകിച്ച് മലബാര്‍ പ്രദേശങ്ങളില്‍ ആശ്രമങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ല. ആ പ്ര ദേശങ്ങളിലും ശ്രീനാരായണ ആശ്ര മങ്ങള്‍ സ്ഥാപിതമായെങ്കിലേ ഗുരുധര്‍ മ്മപ്രചരണം ശക്തമാകൂ. നിഷ്പക്ഷവിചിന്തനത്തില്‍ ഒരുകാര്യം പ്രസ്പഷ്ടമാണ്. ആശ്രമ പ്രസ്ഥാനങ്ങളുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇന്നും എസ്.എന്‍.ഡി.പി. യോഗമടക്കമുള്ള ശ്രീനാരായണപ്രസ്ഥാനങ്ങള്‍ വളര്‍ന്ന് വന്നിട്ടുള്ളത്. അതിനാല്‍ ശിവഗിരി മഠത്തിന്‍റെ ശാഖാസ്ഥാപനങ്ങളില്ലാത്ത പ്രദേശങ്ങളില്‍ ആശ്രമങ്ങള്‍ സ്ഥാപിതമാക്കുവാന്‍ ശ്രീനാരായണസമൂഹം മുന്നോട്ട് വരണം. ഈ ലേഖകന്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷക്കാലമായി  കേരളത്തിനകത്തും പുറത്തും നടത്തിയിട്ടുള്ള 7000-ത്തിലധികം പ്രഭാഷണങ്ങളുടേയും 285-ല്‍ പരം ശ്രീനാരായണദിവ്യപ്രബോധന ധ്യാനയജ്ഞങ്ങളുടേയും  പ്രയോജനം ശ്രീനാരായണസമൂഹം അവിടെയൊ ക്കെ അനുഭവിച്ചറിയുന്നുമുണ്ട്.എന്നാല്‍ ചിലരുടെ നിലപാടുകള്‍ കാണുമ്പോള്‍ ദാഹിച്ചിരുന്നവന് ഇളനീര്‍ നല്‍കി ദാ ഹം തീര്‍ത്തപ്പോള്‍ അതേ ഇളനീരിന്‍റെ തൊണ്ണാന്‍കൊണ്ട് ദാഹജലം നല്‍കിയവനെ എറിഞ്ഞുവീഴ്ത്താന്‍ ശ്രമിക്കുന്ന പ്രവണതയാണ് കാണപ്പെടുന്നതെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.


         ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ ആരംഭം മുതല്‍ തന്നെ ഗുരുവിന്‍റെ മഹത്തായ സംന്യസ്ത ശിഷ്യസഞ്ചയം ഗുരുദര്‍ശനത്തിന്‍റെ സംസ്ഥാപനത്തിനുവേണ്ടി സമര്‍പ്പിത ചേതസുകളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. "സംന്യാസിമാര്‍ എന്തുചെയ്തു" എന്നു ചോദിക്കുന്നവരോട് സംന്യാസിമാര്‍ ജനനന്മയ്ക്കു വേണ്ടി എന്തു ചെയ്തില്ലാ എന്നു തിരിച്ചുചോദിക്കേണ്ടതായി വരുന്നു. സംന്യാസിമാര്‍ ഗുരുദേവനെ നിരീശ്വരവാദിയും, ഭൗതികവാദിയും, സമുദായ നേതാവുമാക്കുവാന്‍ ശ്രമിച്ചിട്ടില്ല.  ഗുരുദേവന്‍ കണ്ണാടിയില്‍ 'ഓം ശാന്തി' എന്നെഴുതിച്ച് പ്രണവപ്രതിഷ്ഠ നടത്തി ത്തന്നപ്പോള്‍ ആ മഹാദാര്‍ശനിക സങ്കല്പത്തെ 'നീ നിന്നെ തന്നെ ആരാധിക്കുക, നിന്നേക്കാള്‍ വലിയ ദൈവമില്ല, ഇനി ക്ഷേത്രവും സ്തോത്രവും ആ വശ്യമില്ല' എന്ന് സംന്യാസിമാര്‍ പഠിപ്പിച്ചിട്ടില്ല. ശ്രീനാരായണ പ്രസ്ഥാന ത്തെ ഒരു ഭൗതിക പ്രസ്ഥാനമാക്കാന്‍ ശ്രമിച്ചില്ല. പിന്നെയോ ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് നബി തുടങ്ങിയ ജഗദ്ഗുരുക്കന്മാരുടെ പരമ്പരയില്‍ ആവിര്‍ഭവിച്ച വിശ്വഗുരുവാണെന്ന യാഥാര്‍ത്ഥ്യം ഭക്തന്മാരെ ബോധ്യപ്പെടുത്തുവാനേ സംന്യാസിമാര്‍ ശ്രമിച്ചിട്ടുള്ളൂ. ഗുരുവിനേയും ഗുരുദര്‍ശനത്തേ യും അവര്‍ കാത്തുസൂക്ഷിക്കുന്നു. ഗുരുദേവന്‍ അരുളിച്ചെയ്തു- 'ഈ പാവങ്ങള്‍ നമ്മെയും കാത്ത് ഇവിടെ കിടക്കുന്നുവല്ലോ' ആലോചിച്ചാല്‍ അര്‍ത്ഥം സ്പഷ്ടം. ശ്രീ. എം.പി. മൂത്തേടത്ത് തുടങ്ങിയ ഭക്തന്മാരുടെ സഹായത്തോടെ ലോകത്ത് ആരാധ്യമായ മഹാസമാധി മന്ദിരമുണ്ടാക്കി. മാസംതോറും ചതയപൂജയും, ശിവഗിരിതീര്‍ ത്ഥാടനവും, ഗുരുധര്‍മ്മപ്രചരണസഭയുടെ ആഭിമുഖ്യത്തില്‍  നടത്തുന്ന ധര്‍മ്മമീമാംസാ പരിഷത്തുകളും സംന്യാസിമാര്‍ കൃത്യമായി നടത്തിവരുന്നു.


         "ഓം ബ്രഹ്മണേ മൂര്‍ത്തിമതേ ശ്രിതാനാം ശുദ്ധിഹേതവേ നാരായണ യതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമഃ" എന്ന് ശിവലിംഗസ്വാമികളും "ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍ നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം" എന്ന് കുമാരനാശാനും പാടിയത്  ജനഹൃദയങ്ങളിലെത്തിക്കുകയെന്ന പാവനദൗത്യമാണ്  സംന്യാസിമാര്‍ ഏറ്റെടുത്തിട്ടുള്ളത്. 


          'ആത്മീയതയും ഭൗതികതയും രണ്ടും രണ്ടല്ല. രണ്ടിന്‍റേയും ഏകോപിച്ചുള്ള പ്രവര്‍ത്തിയാണ് ആവശ്യം' എ ന്ന ഗുരുദേവന്‍റെ ഉദ്ബോധനം പ്രാവര്‍ ത്തികമാക്കുവാന്‍ വിവേകമതികളായ ഏവര്‍ക്കും സാധിക്കണം. ശിവഗിരിമഠത്തിന്‍റെ പോഷകഘടകമായി ദേശം തോറും സഭകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുവാന്‍ ഗുരുദേവന്‍ 'ആശ്രമം' എന്ന കൃതിയിലൂടെ ആഹ്വാനം ചെയ്തത് അതുകൊണ്ടാണ്. ആ നിര്‍ദ്ദേശപ്രകാരമാണ് ശിവഗിരിമഠത്തിന്‍റെ പോഷകഘടകമായി ഗുരുധര്‍മ്മപ്രചരണസഭ സ്ഥാപിതമായിട്ടുള്ളത്. 


         ശിവഗിരിയുടെ അടിത്തറ ഗുരുഭക്തന്മാരാണെന്ന് അറിയണം. അവരില്‍ എല്ലാ ജാതിമതസ്ഥരുമുണ്ട്. ആ ഗുരുഭക്തന്മാര്‍  ശിവഗിരി മഠവുമായി ഐക്യപ്പെട്ട് സംഘടിച്ച് ശക്തരാകുവാനും, വിദ്യകൊണ്ട് സ്വതന്ത്രരാകുവാനും ഏവരേയും സാദരം അറിയിക്കട്ടെ. 'ആത്മനോ മോക്ഷാര്‍ ത്ഥം ജഗത് ഹിതായ ച' -  ഇതായിരിക്കണം ഗുരുഭക്തന്മാരുടെ സന്ദേശം. എസ്. എന്‍. ഡി. പി. യോഗം ഒരു അഴിയാത്ത പ്രസ്ഥാനമായും അതില്‍ ആത്മീയത വ്യാപരിപ്പിച്ചും നിലനിര്‍ത്തിയതില്‍ ശിവഗിരിമഠവും സംന്യാസിസംഘവും  മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.


         "ശിവഗിരിമഠം സ്ഥാപിതമായതിനുശേഷം കേരളത്തിലുണ്ടായ പല ആശ്രമങ്ങളും വളര്‍ന്ന് ശക്തി പ്രാപിച്ചിട്ടുണ്ട്. ശിവഗിരിമഠം അതുപോലെ വളരുന്നില്ല" എന്ന് ചിലര്‍ ആവലാതിപ്പെടാറുണ്ട്. വളര്‍ന്നില്ല എങ്കില്‍ അതിന് കാരണമെന്തെന്ന് കണ്ടെത്തണം.  ആശ്രമവും മിഷനും അവിടെ ഒന്നായതാണ്  വളര്‍ച്ചയ്ക്ക് നിദാനം. ക്രിസ്തീയസഭകളുടെ മാതൃകയെ അനുകരിച്ചുപ്രവര്‍ത്തിയ്ക്കണമെന്ന ഗുരുദേവന്‍റെ ഉപദേശത്തെ അംഗീകരിക്കാതെ പ്രവര്‍ ത്തിച്ചതാരെന്ന് ചിന്തിയ്ക്കണം. "വണ്ടേ നീ തുലയുന്നു വീണയി വിളക്കും നീ കെടുത്തുന്നിതേ" എന്നതാകരുത് , മറിച്ച് ആ വിളക്കിനെ കൂടുതല്‍ പ്രോജ്ജ്വലിപ്പിക്കുന്നതാകണം പ്രവ ര്‍ത്തനം. എങ്കിലേ വിളക്കിന്‍റെ ചുവട്ടിലെ ഇരുട്ടും ദൂരീകൃതമാകൂ.