മതവും  സദാചാരവും - ഭാഗം 2 
സ്വാമി അവ്യയാനന്ദ


         പ്രവാചകന്മാര്‍ കാരുണ്യപൂര്‍വ്വം ഉപദേശിച്ച ആചാരങ്ങളെ നിത്യജീവിതത്തില്‍ മുറതെറ്റാതെ അനുഷ്ഠിക്കുന്നവരുടെ ഇഹലോകജീവിതം  പരമാനന്ദകരമായിരിക്കും. അവര്‍ ആചരിച്ചതു മാത്രമാണ് അനുചരന്മാര്‍ക്ക് ഉപദേശിച്ചത്. വാക്കും പ്രവൃത്തിയും അഭിന്നമായിരുന്നു. ഇന്ന് സദാചാരത്തിന്‍റേയും പാണ്ഡിത്യത്തിന്‍റേയും പൊയ്മുഖമണിഞ്ഞ വികടാത്മാക്കള്‍ പാവങ്ങളായ ശുദ്ധാത്മാക്കളെ മോഹമദ്യം  കൊടുത്ത് വശം കെടുത്തുന്നു. എന്നിട്ട് അവരുടെ സമ്പത്തും സമയവും കൊള്ളയടിക്കുന്നു.


         എല്ലാ മതങ്ങള്‍ക്കും പ്രധാനപ്പെട്ട രണ്ട് അംഗങ്ങളുണ്ട്. ബാഹ്യമായ അനുഷ്ഠാനങ്ങളും തത്വങ്ങളും . ആചാരാനുഷ്ഠാനങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങളുണ്ടാകാം. പക്ഷേ, തത്വങ്ങള്‍ക്ക് ഒരിക്കലും മാറ്റമില്ല. ഉദാഹരണത്തിന് സത്യംവദ ഒരു തത്വമാണ്. അത് അവ്യയമാണുതാനും. മാറ്റമില്ലാത്തത്. എന്നാല്‍ ക്ഷേത്രദര്‍ശനത്തിന് ഭക്തജനങ്ങള്‍ക്കനുവദിച്ചിട്ടുള്ള വേഷങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റമുണ്ടാകുന്നു. അതുപോലെ തന്നെ വൈദ്യുത വിളക്കുകള്‍ ഇന്ന് ക്ഷേത്രങ്ങളില്‍ ഏറെയുണ്ട്. പണ്ട് അത് പാടില്ലായിരുന്നു. മണ്‍ചെരാതുകള്‍മാത്രം. ജീവിതത്തില്‍ ആചരിക്കേണ്ടതായ ധര്‍മ്മങ്ങള്‍ ഉപദേശങ്ങളായി മതങ്ങള്‍ നല്‍കുന്നു. ഇത് മനുഷ്യനെ ഒരു നല്ല സമൂഹമനസ്സ് സ്വരൂപിക്കുവാന്‍ കഴിവുള്ളവനാക്കുന്നു. ഈ തത്വരത്നങ്ങളെ സാമാന്യജനമനസ്സുകളിലെത്തിക്കുവാന്‍ സാരോപദേശകഥകളായി മഹര്‍ഷിമാര്‍ നല്‍കിയിട്ടുണ്ട്. ഈ കഥകള്‍ ചൂണ്ടിക്കാട്ടുന്ന തത്വങ്ങളില്‍ മനസ്സെത്തിയാല്‍ പിന്നെ കഥകള്‍ക്ക് സ്ഥാനമില്ല.


         മതം ഇന്ന് ഇന്ദ്രജാലക്കാരന്‍റെ മാന്ത്രികക്കൂടാരം മാതിരിയായിരിക്കുന്നു. സാധാരണക്കാരന്‍റെ പാവപ്പെട്ട മനസ്സിനെ പറ്റിക്കുവാനുള്ള അത്ഭുതപ്രവര്‍ത്തനങ്ങള്‍ മാന്ത്രികഏലസ്സായും വിഭൂതിയായും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ധനാകര്‍ഷണയന്ത്രം മുതല്‍ സ്ത്രീയാകര്‍ഷണ യന്ത്രം വരെ ഇന്ന് മതവിപണികളിലുണ്ട്. ഇതെല്ലാം തവണകളായി പണമടച്ച് എളുപ്പത്തില്‍ കരസ്ഥമാക്കാം. അതുപോലെ ദോഷപരിഹാരാര്‍ത്ഥം മഷിനോട്ടപ്പലകകള്‍ പ്രധാന ദേശീയപാതയ്ക്കിരുവശവും സുലഭമായി കാണാം. ഇതൊന്നും ഒരു മതഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുള്ളതല്ല. മനുഷ്യനെ വഴിപിഴപ്പിക്കുവാനുള്ള ഗൂ ഢതന്ത്രമാണിതെല്ലാം.


'നാദത്തേ കസ്യചിത് പാപം
ന ചൈവ സുകൃതം വിഭുഃ 
(ഗീത 5-15)എല്ലാം മോഹത്തിലാണ്ടുപോയ മനുഷ്യരുടെ കര്‍മ്മഫലമാണ്.


      എന്നാലും നാം ന്യായമോ അന്യായമോ ആയ കാര്യങ്ങള്‍ക്കു വേണ്ടി കനത്ത വഴിപാടുകള്‍ നേരുന്നു. വഴിപാടുകളുടെ കനം കൂടുന്നതനുസരിച്ച് ഫലവും കൂടുമെന്ന് വിശ്വസിക്കുന്നു. മറ്റു ചിലര്‍ അല്പം കൂടി ആധുനികരീതിയിലാണ് ഇത് സാധിക്കുന്നത്.


         കാര്യസാധ്യത്തിനായി ചങ്ങല പഴുപ്പിച്ചു കഴുത്തില്‍ അണിയുക, മുതുകില്‍ തറച്ച ഇരുമ്പുകൊളുത്തില്‍ തൂങ്ങി പ്രദക്ഷിണം വയ്ക്കുക,  കവിളിലും നാവിലും ശൂലം കുത്തിയിറക്കി ഈശ്വരനെ പ്രീതിപ്പെടുത്തുക, ഗീതയില്‍ ഇത്തരം ദുരാചാരങ്ങളെ ശക്തമായി അപലപിക്കുന്നുണ്ട്.


അശാസ്ത്ര വിഹിതം ഘോരം
തപ്യന്തേ യേ തപോ ജനാഃ
ദംഭാഹങ്കാര സംയുക്താഃ
കാമരാഗ ബലാന്വിതാഃ
കര്‍ശയന്തഃ ശരീരസ്ഥം
ഭൂതഗ്രാമമ ചേതസഃ
മാം ചൈവാന്തഃ ശരീരസ്ഥം
താന്‍ വിദ്ധ്യാസുരനിശ്ചയാന്‍
(ഗീത 17-5-6)


         ദംഭം, അഹങ്കാരം ഇവയോടുകൂടി കാമം, രാഗം ഇവയുടെ ബലത്താല്‍ ആകൃഷ്ടരായി അപക്വമതികളായ ഏതു ജനങ്ങള്‍ ശരീരത്തില്‍ സ്ഥിതിചെയ്യുന്ന പഞ്ചഭൂതങ്ങളെയും എ ന്നെയും ക്ലേശിപ്പിച്ചുകൊണ്ട് ശാസ്ത്രവിഹിതമല്ലാത്ത ഘോരതപസ്സുചെയ്യുന്നുവോ, അവര്‍ അസുരസങ്കല്‍പ്പത്തോ ടു കൂടിയവരാണെന്നറിയുക.


         ഇതു മാത്രമല്ല, പല ആചരണങ്ങളുടേയും അന്ധമായ അനുകരണങ്ങളെ വികലമായി വ്യാഖ്യാനിക്കുക, പുരാണകഥകളിലൂടെ ന്യായീകരിക്കുക എന്നിവയും സദാചാരത്തിന്‍റെ അതിരുകള്‍ ഭേദിക്കുന്നു. മാനവസേവ മാധവസേവ എന്ന ആര്‍ഷനാദം ഇന്ന് വനരോദനമായി. അമ്പലപ്പറമ്പുകളില്‍ നഗ്നനൃത്തങ്ങളും ആനയോട്ടവും വര്‍ണ്ണപ്പൊലിമകളാകുന്നു. അതുപോലെ മാനവസംസ്കാരത്തെ കാര്‍ന്നുതിന്നുന്ന വിഷാണുവായി മാറിയിരിക്കുകയാണ് ഭീകരവാദം. ഈ പ്രപഞ്ചത്തേയും മാനവരാശിയേയും സൃഷ്ടിച്ചത് ഒരേയൊരു സ്രഷ്ടാവാണെന്ന് സകലമതങ്ങളും ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ മതമൗലികവാദം എവിടെയാണ് രൂപം കൊള്ളുന്നത്?


         സ്വാമി വിവേകാനന്ദന്‍ തന്‍റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ഹിന്ദുമതം  എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും അവയെല്ലാം ഒരേ സ്രഷ്ടാവിലെത്തിച്ചേരുവാനുള്ള വിവിധ പാതകളാണെന്ന് ഉദ്ഘോഷിക്കുകയുമാണ് ചെയ്തത്. ശരിയാ യ മതാചാരം മനുഷ്യനെ ശക്തനാക്കുന്നു. ശാരീരികമായും മാനസികമായും അവനെ ഊര്‍ജ്ജസ്വലനും സത്കര്‍മ്മനിരതനും സഹജീവിസ്നേഹിയുമാക്കുന്നു. മതരംഗത്തെ സദാചാരവിചാരം മനസ്സിനെക്കൊണ്ട് പലപ്പോ ഴും ചോദ്യങ്ങള്‍ ചോദിപ്പിക്കാറുണ്ട്. 'ഞാന്‍ ആരാണ്?' ഈ ചോദ്യത്തിന്‍റെ ഉത്തരം കണ്ടെത്തണമെങ്കില്‍ സ്വമനസ്സ് ഒരു സമരമനസ്സ് ആക്കേണ്ടതുണ്ട്. ആ സമരമനസ്സ് തുറന്നുതരുന്ന ലാവണ്യഭൂമിയാണ് സദാചാരനിരതമായ പുണ്യജീവിതം. നമ്മുടെ എല്ലാത്തരം അറിവുകളുടേയും ധാരണകളുടേയും അടിസ്ഥാനമായി 'ഞാന്‍' ഉണ്ട്. ഏറ്റവും വലിയ അറിവ് ഏതാണെന്ന ചോദ്യത്തിന് 'അവനവനെക്കുറിച്ചുള്ള അറിവ്' എ ന്നാണ് മഹാനായ സോക്രട്ടീസ് ഉത്തരം തന്നിട്ടുള്ളത്. നമുക്ക് ലോകത്തുള്ള പല വിഷയങ്ങളെക്കുറിച്ചും ശാസ്ത്രീയാശാസ്ത്രീയ അറിവുകള്‍ ഉ ണ്ട്. എന്നാല്‍ നമ്മെക്കുറിച്ച് നമുക്കുള്ള അറിവു വളരെ പരിമിതമാണ്.


         ഈ പരിമിതിയാലാണ് എല്ലാത്തരം ദുരാചാരങ്ങളേയും സ്വയം വരിക്കാന്‍ മതബോധമുണ്ടെന്നഭിമാനിക്കുന്ന മനുഷ്യന്‍ നിര്‍ബന്ധിതനാകുന്നത്. നമ്മെ നമ്മള്‍തന്നെ നേരായി അറിയുവാന്‍ ശ്രമിക്കുകയാണെങ്കില്‍ അത്ഭുതകരമായ അറിവിന്‍റെ കവാടം നമുക്ക് തുറന്നു കിട്ടും. ഇത് അനുഭൂതിയുടെ തൃക്കാഴ്ചകള്‍ നമ്മുടെ അകക്കണ്ണുകള്‍ക്ക് നല്‍കും. അനന്തമായ ശക്തിയുടെ അപാരമായ തീരമാണ് മനുഷ്യജീവിതമെന്നറിയാതെ അഴലാഴിയില്‍ വീണ് ഗതികിട്ടാതെ തുഴയുകയാണ് കേവല മനുഷ്യന്‍. പ്രാര്‍ത്ഥനയിലൂടെയും ധ്യാ നത്തിലൂടെയും വേദാന്തവിചാരത്തിലൂടെയും നമുക്ക് നമ്മുടെ ഉള്ളറകളിലേക്ക് കടക്കുവാന്‍ കഴിയും. ഇതാണ് സദാചാരപരമായ അറിവ് നല്‍കുന്ന തിരിച്ചറിവ്.


         ആ തിരുനിമിഷദീപ്തിയില്‍ 'അഹം' എന്ന ഭാവം നഷ്ടമാകുന്നു. അറിവിനെ നമ്മില്‍ നിന്നും മാറ്റി നിറുത്തു ന്ന അഹന്തയാകുന്ന അജ്ഞാനത്തെ വാണിജ്യവത്കരിക്കാത്ത ആ ത്മീയസാധനകളിലൂടെ അകറ്റേണ്ടതുണ്ട്. മതബോധമുളവാക്കുന്ന സദാചാര മന്ത്രങ്ങളാണ് ആത്മീയസാധനകള്‍. നമ്മു ടെ നേര്‍ബുദ്ധിയെ വികലമാക്കുന്ന അ വിദ്യയെ തത്വവിചാരത്തിലൂടെ, സദ്ഗ്രന്ഥപാരായണത്തിലൂടെ ക്രമബദ്ധമായി മാറ്റി എടുക്കണം.

         നാം തേടുന്നതെല്ലാം നമ്മില്‍ത്ത ന്നെ ഉണ്ടെന്ന അറിവ്, നമ്മെത്തന്നെയാണ് നാം അന്വേഷിക്കുന്നതെന്ന ബോധം, നമ്മുടെ അറിവുകളില്‍  പു തിയ പ്രഭാതങ്ങള്‍ സൃഷ്ടിക്കും. നമ്മെ നാം കണ്ടെത്തുമ്പോള്‍ ഒരിക്കലും അസ്തമിക്കാത്ത സൂര്യോദയം, ഉദയാസ്തമയങ്ങളില്ലാത്ത അരുണോദയം നമുക്ക് അനുഭവമാകും. ഇത്തരം നിത്യസുഖത്തിന്‍റെ മേഖലകളില്‍ കാരുണ്യപൂര്‍വ്വം വിരാജിക്കുന്നവരാണ് പ്രവാചകന്മാര്‍. അവര്‍ പ്രകാശപൂര്‍ണ്ണമായ തങ്ങളുടെ ജീവിതത്തിലൂടെ നിഷ്കാമകര്‍മ്മകാണ്ഡങ്ങള്‍ നമുക്ക് തെളിച്ചു തന്നിട്ടുണ്ട്. അതിലൂടെ സഞ്ചരിക്കുവാനുള്ള ഈശ്വരഭക്തി നമ്മില്‍ വസന്തകാന്തിപോലെ ആവേശിക്കണം.


         ഒന്നുകൂടി ചിന്തിച്ചാല്‍ നമുക്കിതൊന്നും അന്യമല്ല. ആന്തരികമായ സദാചാരം ഇല്ലാതെ മതസദാചാരമെന്നല്ല ലോകസദാചാരം തന്നെ സാധ്യമല്ല. അക്ഷരമന്ത്രങ്ങളിലോ ക്രിയാ കലാപങ്ങളിലോ ഒതുങ്ങുന്നതല്ല മതപ്രവാചകരുടെ സദാചാരസംഹിതകള്‍. അത് ഈ പ്രകൃതിയുടേയും പ്രപഞ്ചത്തിന്‍റേയും ആന്തരിക സൗന്ദര്യത്തില്‍ ലീനമാണ്.

തനിമലയാളത്തില്‍ ശ്രീനാരായണഗുരുദേവന്‍ സദാചാരത്തെ ലളിതമായി പറഞ്ഞുതരുന്നതു നോക്കൂ.


'നല്ലതല്ലൊരുവന്‍ ചെയ്ത
നല്ല കാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ
മറന്നീടുന്നതുത്തമം'


         ഒരാള്‍ ചെയ്ത നല്ല കാര്യം മറക്കുന്നതും മറയ്ക്കുന്നതും നല്ലതല്ല. അവന്‍ ചെയ്ത നല്ലതല്ലാത്ത കാര്യം ഉടന്‍തന്നെ മറന്നു കളയുന്നതാണ് ഉത്തമം.


'ധര്‍മ്മം ജയിക്കുന്നു , സത്യം
ജയിക്കുന്നിങ്ങു സര്‍വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും'


         ഇവിടെ എപ്പോഴും ധര്‍മ്മം ജയിക്കുന്നു. സത്യവും ജയിക്കുന്നു. ഒരിക്കലും അധര്‍മ്മവും അസത്യവും ജയിക്കുന്നില്ല. ഇതൊരു വെറും വിശ്വാസമാണെന്ന് സാധാരണക്കാര്‍ക്കു തോന്നാം.


'നെല്ലിന്നു നീരു വിട്ടീടില്‍
പുല്ലിനും പോയിടുന്നത്
കല്ലിലത്രേ ജലം നെല്ലില്‍
ചെല്ലും വഴി ചെറുക്കുകില്‍'


         നെല്ലിനു വെള്ളം വിട്ടു കൊടുത്താല്‍ അതു പുല്ലിനും കിട്ടും. വെള്ളം നെല്ലില്‍ ചെല്ലുന്ന വഴി ചെറുത്താല്‍ അത് കല്ലിലാണ് ചെല്ലുക.
ഒരുവന് ഒരു നല്ല കര്‍മ്മം ചെയ്താല്‍ അത് മറ്റൊരാള്‍ക്കും പ്ര യോജനപ്പെട്ടു എന്നു വരാം. സ ത്കര്‍മ്മത്തിനു തടസ്സം നിന്നാല്‍ ആര്‍ക്കും ഉപകാരപ്പെടാതെപോകും.


'പേരും പ്രതിഭയും നല്ലോ-
രാരുമേ കൈവിടില്ലത്
നേരറ്റ കൃപണര്‍ക്കൊട്ടും
ചേരാ നേരേ വിപര്യയം'


         നല്ലവര്‍ ആരും പേരും പ്രതിഭയും ഉപേക്ഷിക്കുകയില്ല. സത്യം കൃപണര്‍ക്ക് ഒട്ടും ചേരില്ല. അവരുടെ കാര്യത്തില്‍ നേരേമറിച്ചാണ്. സജ്ജനങ്ങള്‍ പേരും ആഭിജാത്യവും നിലനിര്‍ത്തും. ദുര്‍ജ്ജനങ്ങള്‍ക്ക് അവ കൈവെടിയുവാന്‍ മടിയില്ല.
ഇതാണ് മതം. അല്ലെങ്കില്‍ സര്‍വ്വമതസാരം.

(ഭാഗം 1)