ശ്രീനാരായണഗുരുവും മാനവമൈത്രിയും
ജസ്റ്റിസ് ടി.വി. രാമകൃഷ്ണന്‍

         ഭാരതത്തിലെ മറ്റു മഹാന്മാരായ ഋഷിമാരെപ്പോലെ തന്നെ തപോധനനും, ജ്ഞാനിയുമായിരുന്ന ശ്രീനാരായണ ഗുരു സര്‍വ്വോപരി വലിയ ഒരു മനുഷ്യസ്നേഹി കൂടി ആയിരുന്നു.  അതാണ് അദ്ദേഹത്തെ മറ്റു ഋഷിവര്യന്മാരില്‍ നിന്നും ഏറെ വ്യത്യസ്തനാക്കുന്ന ഒരു വലിയ പ്രത്യേകത. ദീര്‍ഘമായ തപസ്സിലൂടെ ജ്ഞാനിയായിതീര്‍ന്ന ആ യുവസന്ന്യാസിവര്യന്‍ 'നാണുസ്വാമി' തന്‍റെ തപോസിദ്ധികളെ തനിക്കുമാത്രം ബ്രഹ്മപദം പ്രാപിക്കാന്‍ ഉപയോഗിച്ചുകൊണ്ട് ഒരു യോഗിയായി മാത്രം ജീവിക്കാന്‍ മുതിര്‍ന്നില്ല. തന്‍റെ ചുറ്റും കൊടുംയാതനകള്‍ അനുഭവിച്ചുകൊണ്ടു അജ്ഞാനമാകുന്ന പാഴ്ച്ചേറില്‍  അമര്‍ന്നുകിടക്കുന്ന ജനസമൂഹത്തിന്‍റെ രക്ഷയ്ക്കായി, ഉന്നമനത്തിനായി തന്‍റെ ബാക്കിയുള്ള ജീവിതവും ജ്ഞാനസിദ്ധികളും ഉപയോഗിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അതിന്‍റെ ഫലമായി ഭാരതം കണ്ട ഏറ്റവും വലിയ കര്‍മ്മയോഗിയായി അദ്ദേഹം മാറി. അങ്ങനെ 31-ാം വയസ്സില്‍ ഒരു കര്‍മ്മയോഗിയായി മാറിയ ഗുരുവിന്‍റെ പില്‍ക്കാലജീവിതം മാനവരാശിയുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയേയും മൈത്രിയേയും ലക്ഷ്യമാക്കികൊണ്ടുള്ളതായിരുന്നു എന്നു കാണാം. 1888-ല്‍ അരുവിപ്പുറത്തെ ചരിത്രപ്രസിദ്ധമായ പ്രതിഷ്ഠയുമായാണ് ഗുരു തന്‍റെ സാമൂഹിക വിപ്ലവ പരിപാടിയ്ക്ക് പ്രത്യക്ഷത്തില്‍ ആരംഭം കുറിക്കുന്നത്.  അരുവിപ്പുറത്തെ പ്രതിഷ്ഠാസ്ഥാനത്ത് ചെറുതെങ്കിലും മനുഷ്യരെല്ലാം ഒന്നാണെ ന്നും സോദരത്വത്തോടെ ജീവിക്കേണ്ട വരാണെന്നുമുള്ള ഗുരുവിന്‍റെ വളരെ ശ്രദ്ധേയമായ ആശയത്തെ വാചാലമായി പ്രതിപാദിക്കുന്ന ഒരു ശ്ലോകം ഗുരു എഴുതി വച്ചു.


'ജാതിഭേദം മതദ്വേഷ-
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേനവാഴുന്ന
മാതൃകാസ്ഥാനമാണിത്!'


         ഈ നാലു കൊച്ചു വരികളിലടങ്ങിയിരിക്കുന്ന മാനവമൈത്രിദര്‍ശനം ആരെയും ആകര്‍ഷിക്കുന്നതാണ്.  'ജാതിയും ജാതിയില്‍ ഭേദവും ഭേദത്തില്‍ ഭേദവും' കല്‍പിച്ചു ജീവിച്ചുപോന്ന മ നുഷ്യരാല്‍ വികലമാക്കപ്പെട്ട ഭ്രാന്താലയമെന്ന് വിവേകാനന്ദസ്വാമികള്‍ വിശേഷിപ്പിച്ച കേരളത്തെ തന്‍റെ ഭാവിപ്രവര്‍ ത്തനങ്ങളുടെ രംഗമായി സ്വീകരിച്ച്, അതിന്‍റെ നാന്ദിയായി കുറിച്ച മേലുദ്ധരിച്ച വരികള്‍ മതി, ഗുരുവിനെ മാനവ മൈത്രിയുടെയും വിശ്വമാനവികതയുടെയും എക്കാലത്തെയും വലിയ വക്താവും പ്രചാരകനും പ്രവര്‍ത്തകനുമായി അംഗീകരിക്കുവാനും സ്മരിക്കുവാനും.  അതുമുതല്‍ അങ്ങോട്ട് ഗുരുവിന്‍റെ ചിന്തയും പ്രവര്‍ത്തനവും മാനവരാശിയുടെ പൊതുവേയുള്ള ശാന്തിയ്ക്കും സുഖത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടിയുള്ളതായിരുന്നു.  ജാതി, മതം എന്നിങ്ങനെ മനുഷ്യനെ അന്യോന്യം വേര്‍തിരിച്ചു നിര്‍ത്തുന്ന കൃത്രിമ ഉപാധികളെയെല്ലാം മറക്കാന്‍ അവയെ നിലനിര്‍ത്താതിരിക്കാന്‍ അവയ്ക്കെ ല്ലാം ഉപരിയായി മനുഷ്യമഹത്വത്തിന്, മനുഷ്യന്‍റെ ഏകത്വത്തിന് പരമപ്രാധാന്യം നല്‍കി ഒന്നാകാന്‍ ഒരുമിച്ച് സോദരത്വേന ജീവിക്കാന്‍ ഗുരു മാനവരാശിയെ ഉപദേശിച്ചു.  മനുഷ്യരെ ല്ലാം ഒരേ ജാതിയില്‍പ്പെട്ടവരാണ്.  ജാതിഭേദത്തിന് ഒരു തരത്തിലുമുള്ള അടിസ്ഥാനമോ ന്യായീകരണമോ ഇല്ല.  എല്ലാ മതങ്ങളുടെയും സാരം ഒന്നാണ്; മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നൊക്കെ ഗുരു ഉപദേശിച്ചു.  അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം എന്ന് അസന്നിഗ്ദ്ധമായി ഗുരു ഉല്‍ഘോഷിച്ചു. വാദിക്കാനും ജയിക്കാനുമല്ലാതെ അറിയാനും അറിയിക്കാനുമായി ഗുരു പല മതപണ്ഡിതന്മാരേയും പങ്കെടുപ്പിച്ചുകൊണ്ട് സര്‍വ്വമത സമ്മേളനം നടത്തിക്കൊണ്ട് 'പല മതസാരവുമേകമെന്നും, ഒരു മതമാകുവതിന്നുരപ്പതെല്ലാവരും' എന്നും മറ്റും ഏവരേയും അറിയിക്കാന്‍ ശ്രമിച്ചു.  കുറേയേറെ വിജയിക്കുകയും ചെയ്തു.


         കൂടാതെ മാനവമൈത്രി എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം, അതിനെ എങ്ങനെ പരിപോഷിപ്പിക്കാം നിലനിര്‍ത്താം എന്നതിനെക്കുറിച്ചെല്ലാം ഗാഢമായി ഗുരു ചിന്തിക്കുകയും മാര്‍ഗ്ഗങ്ങള്‍ ക ണ്ടെത്തുകയും ഉപദേശങ്ങള്‍ നല്‍കുകയുമുണ്ടായി എന്ന്, അദ്ദേഹത്തിന്‍റെ കൃതികള്‍ പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകുകയില്ല.  ആ- ത്മോപദേശ ശതകത്തിലെ പല ശ്ലോകങ്ങളും ഈ കാര്യത്തില്‍ വളരെ പ്രസക്തങ്ങളാണ്, പ്രത്യേകിച്ച് 21 ഉം 22 ഉം ശ്ലോകങ്ങള്‍ വളരെ ശ്രദ്ധേയങ്ങളാണ്.


പ്രിയമൊരുജാതിയിതെന്‍പ്രിയം, ത്വദീയ-
പ്രിയ, മപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതിവന്നിടുംഭ്രമം, തന്‍-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം


എന്ന  21-ാം ശ്ലോകത്തിലൂടെ, മനുഷ്യമനസിനെ സ്വാധീനിക്കുന്ന താല്‍പര്യങ്ങള്‍ അഥവാ പ്രിയതകള്‍, അവ യാണ് മനുഷ്യന് തമ്മിലുള്ള നല്ല ബ ന്ധത്തിനെ ഉലയ്ക്കുന്നത്, ഇല്ലാതാക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി. ആ സങ്കീര്‍ണ്ണ പ്രശ്നത്തിന് പരിഹാരമായി ചെയ്യേണ്ടതെന്തെന്ന് വളരെ സരളമായ ഭാഷയില്‍ 22-ാം ശ്ലോകത്തില്‍ ഗുരു ഉപദേശിച്ചിട്ടുണ്ട്.


പ്രിയമപരന്‍റെയതെന്‍പ്രിയം സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെനരന്നുനന്മനല്‍കും
ക്രിയയപരപ്രിയഹേതുവായ് വരേണം.


ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് നാരായണഗുരുവിനെയും, അപാരവും അവര്‍ണ്ണനീയവുമായ അദ്ദേഹത്തിന്‍റെ ആദ്ധ്യാത്മികസിദ്ധികളേയും പരിചയപ്പെടുത്തി, ഗുരുവിന്‍റെ ദര്‍ശനത്തില്‍ നിന്നും ആത്മീയ ശക്തി ആര്‍ജ്ജിച്ച്, ഗുരുവിന്‍റെ ഏകലോകവും ലോകമാനവികതയും എന്ന ആശയങ്ങളുടെ വക്താവായി ലോകപ്രശസ്തനായി മാറിയ ഗുരുശിഷ്യന്‍ നടരാജഗുരു ഈ ശ്ലോകത്തിന്‍റെ സാരം ഇങ്ങനെയാണെന്നാണ് പറഞ്ഞിട്ടുള്ളത്- 'അന്യനെന്ന് തോന്നുന്നെങ്കിലും പരമാര്‍ത്ഥദൃഷ്ട്യാ' അന്യനല്ലാത്ത മറ്റൊരുവന്‍റെ ഹിതം തന്നെയാണ് എന്‍റെയും പ്രിയം, എന്‍റെ പ്രിയം തന്നെയാണ് അപരന്‍റേയും പ്രിയം.  ഇതാണ് സമൂഹമദ്ധ്യത്തില്‍ സര്‍വ്വഹിതാനുസാരിയായി ജീവിക്കാന്‍ സ്വീകരിക്കേണ്ട നയം.  മാനവധര്‍മ്മശാസ്ത്രത്തിന്‍റെ അടിസ്ഥാനതത്വം ഇതായിരിക്കയാല്‍ ഒരു മനുഷ്യന്‍ ആ ത്മഹിതത്തെ ഇച്ഛിച്ചുചെയ്യുന്ന എല്ലാ പ്രവൃത്തികളും അപരന്‍റെ സുഖത്തെക്കൂടി സ്വാത്മസുഖമായി കരുതി അതിന്‍റെ സാക്ഷാല്‍ക്കാ രത്തെ സാധിക്കുമാറ് ആചരിക്കണം.  24-ാം ശ്ലോകത്തിലും ഇതേ ആശയം 'അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം'  എന്ന രണ്ടു വരികളില്‍ ഊന്നിപ്പറയുന്നുണ്ട്.  ഗുരു മാനവമൈത്രി കൈവരിക്കാന്‍ ലോകര്‍ക്ക് നല്‍കിയ ഒരു പ്ര ധാന ഉപായം ഇതാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും തന്‍റെ അയല്‍ക്കാരനോട് നിരന്തരം ഇടപെടേണ്ടി വരുന്നു.  അത്തരം സന്ദര്‍ഭങ്ങളിലെല്ലാം തന്‍റെയും അയല്‍ക്കാരന്‍റെയും താല്‍പര്യങ്ങള്‍ ഒന്നു തന്നെയാണ് എന്ന സത്യം അറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിക്കുക, ജീവിക്കുക, അതാണ് മനുഷ്യരുടെ ഇടയില്‍ സമാധാനവും ശാന്തിയും മൈത്രിയും നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം എന്നാണ് ഗുരുവിന്‍റെ അരുളുകളുടെ ചുരുക്കം, അല്ലെങ്കില്‍ സാരം.  ഈ ഉപദേശം ശരിക്കും ജീവിതത്തില്‍ പാലിക്കാന്‍ കഴിഞ്ഞാല്‍ മാനവമൈത്രി കൈവരിക്കുന്നതില്‍ 100% വിജയം ഉറപ്പാണെന്ന് പറയുന്നതില്‍  ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോ ന്നുന്നില്ല.  പക്ഷേ ശതാബ്ദങ്ങള്‍ക്ക് ശേഷവും, ശരിയായ നിലയില്‍ മനസ്സിലാക്കാനും, പ്രാവര്‍ത്തികമാക്കാനും മനുഷ്യരാശി ഇതേവരെ പറയത്തക്ക നിലയില്‍ വിജയിച്ചിട്ടില്ലാത്ത ഒരു തത്വമാണ് ഇതെന്നാണ് ഇന്നത്തെ മാനവ സമൂഹത്തിന്‍റെ നില വെളിപ്പെടുത്തുന്നത്.  എന്നാല്‍ അതുകൊണ്ട് ഗുരു നല്‍കിയ ഉപദേശം അല്ലെങ്കില്‍ ഉപായം പ്രായോഗികമല്ല എന്ന് കണക്കാക്കുന്നത് തികഞ്ഞ മൂഢത്വമായിരിക്കും.  പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്തതൊന്നും ആത്മജ്ഞാനിയും കിടയറ്റ ഒരു യോഗിയുമായിരുന്ന ഗുരു ഉപദേശിക്കാന്‍ സാദ്ധ്യതയില്ല എന്ന് ഉറച്ച് വിശ്വസിക്കുകയായിരിക്കും വിവേകം.  അതോടൊപ്പം തന്നെ പ്രാവര്‍ത്തികമാക്കാന്‍ മാനവരാശി പരാജയപ്പെടാനുള്ള കാരണം എന്തെന്ന് ആലോചിക്കുന്നത് ഗുണകരമായിരിക്കുമെന്നുവേണം പറയാന്‍.  കാരണം അറിഞ്ഞാല്‍ അതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാവുന്നതാണല്ലോ.


         ആത്മീയമൂല്യങ്ങളെ തികച്ചും അവഗണിച്ചുകൊണ്ട്, ലൗകികതയില്‍ അടിമുടി മുങ്ങി ജീവിക്കുന്നതിനാലാണ് ഇന്നത്തെ മാനവരാശിക്ക് ഗുരുവിന്‍റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും, അ വയെ നിത്യജീവിതത്തില്‍ പാലിച്ച് ജീ വിക്കുവാനും കഴിയാതെ പോകുന്ന ത് എന്ന് പറഞ്ഞാല്‍ തെറ്റാകുമെന്ന് തോ ന്നുന്നില്ല.  ഭൗതികപുരോഗതിയ്ക്ക് അ തിരു കവിഞ്ഞ പ്രാധാന്യം നല്‍കി, ഉപഭോഗസംസ്ക്കാരത്തിന്‍റെ പിടിയിലമര്‍ന്ന് ലൗകികസുഖസൗകര്യ ങ്ങളാല്‍ ആകൃഷ്ടരായി, ലോകമെമ്പാടുമുള്ള മാനവരാശി ഇന്ന് ജീവിക്കുന്നത്.  അതി ന്‍റെ ഫലമായി ഉണ്ടാകുന്ന സ്വാര്‍ത്ഥതയും അധാര്‍മ്മികമായ മത്സരങ്ങളും, വിദ്വേഷവും, സംഘര്‍ഷവും മാനവ മൈത്രിയെന്ന ആശയത്തിന്‍റെ തായ്വേ രും അറുത്തുകൊണ്ടിരിക്കുകയാണ്.  മനുഷ്യര്‍ക്കിടയിലും ലോകരാജ്യങ്ങള്‍ക്കിടയിലും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മത്സരവും വിദ്വേഷവും സംഘര്‍ഷവും മാനവമൈത്രിയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്ന, ഒരന്തരീക്ഷത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്.  ഇത്തരം അന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍ക്ക് എങ്ങനെയാണ് അന്യരുടെ സുഖം ഉറപ്പുവരുത്തി ജീവിക്കുവാന്‍ കഴിയുക? ഒരിക്കലും സാദ്ധ്യമല്ല.  അതുകൊണ്ടു തന്നെയാണ് ഇന്നത്തെ മാനവസമൂഹത്തിന് ഗുരുവിന്‍റെ ഉപദേശം ഉള്‍ക്കൊള്ളാനും ഉള്‍ക്കൊണ്ട് ജീവിക്കാനും മാനവമൈത്രി കൈവരിക്കാനും കഴിയാതെ പോകുന്നത്.  അതിനാല്‍ ധാര്‍ മ്മിക മൂല്യങ്ങള്‍ക്ക് കൂടി ദൈനംദിന ജീവിതത്തില്‍ പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കുന്ന ഒരു തലമുറയെ വളര്‍ത്തി എടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മാനവമൈത്രി എന്ന ഗുരുവിന്‍റെ ഒരു മഹത്തായ സ്വപ്നം യാ ഥാര്‍ത്ഥ്യമാക്കാന്‍ പറ്റുകയുള്ളൂ.  അ തുകൊണ്ട് ഗുരുവിന്‍റെ മാനവമൈത്രീ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൊതിക്കുന്നവര്‍ ആരായാലും ആദ്യം ശ്രമിക്കേണ്ടത് ധാര്‍മ്മികമൂല്യബോധത്തോ ടെ ജീവിക്കുന്ന ഒരു സമൂഹത്തെ സൃ ഷ്ടിക്കുക എന്നതാണ്.  അത്തരമൊരു സമൂഹസൃഷ്ടിയ്ക്കുള്ള ഫലപ്രദമായ ഒ രു മാര്‍ഗ്ഗം ഗുരുവിന്‍റെ ദര്‍ശനവും ഉപദേശങ്ങളും മാനവസമൂഹമദ്ധ്യത്തില്‍ വേണ്ടവിധം പ്രചരിപ്പിക്കു കയെന്നതാണ്. 
 ഗുരുവിന്‍റെ കൃതികള്‍ എല്ലാ പ്രധാന ഭാഷകളിലും വിവര്‍ത്തനം ചെയ്യ ണം, അതോടൊപ്പം തന്നെ ഇതിനകം ഗുരുവിന്‍റെ കൃതികളുടെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ള ഗ്രന്ഥങ്ങളുടെയും ഒരു ശേഖരം ഉണ്ടാക്കണം, അത്തരം ഗ്രന്ഥങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ എല്ലാ ഭാഷകളിലും വിവര്‍ ത്തനം ചെയ്യണം,  അവകള്‍ ലോകത്തിന്‍റെ എല്ലാ കോണിലും ലഭ്യമാക്കാന്‍ സുസജ്ജമായ ഒരു ബൃഹത്താ യ സ്ഥാപനം ഉണ്ടാക്കണം, അത് ന ന്നായി നടത്താനുള്ള പദ്ധതി രൂപകല്പ്പന ചെയ്ത് നടപ്പാക്കണം,  അത് ശ്രീനാരായണഗുരുവോടും വരുംതലമുറയോടും നമുക്കുള്ള കടപ്പാട് നിര്‍വ്വഹിക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമായിരിക്കും.


         അതുപോലെ തന്നെ, കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ലോകമെങ്ങും ഗുരുവിന്‍റെ ദര്‍ശനത്തെക്കുറിച്ചും ഉപദേശങ്ങളെക്കുറിച്ചും ചര്‍ച്ചകളും പഠനക്ലാസ്സുകളും നടത്തണം.  ഗുരുവിന്‍റെ ദര്‍ശനത്തെക്കുറിച്ചും കൃതികളെക്കുറിച്ചും ആധികാരികമായ നിലയില്‍ ക്ലാസ്സുകളും ചര്‍ച്ചകളും പ്രസംഗപരമ്പരകളും നടത്താന്‍ കഴിവുള്ള ഒരു സംഘം ഗുരുധര്‍മ്മ പ്രചാരകരെ വാര്‍ത്തെടുക്കേണ്ടതും അത്യാവശ്യമാണ്. പല ഭാഷകളും അനായാസം കൈകാര്യം ചെയ്യാന്‍ ശേഷിയും ശേമുഷിയും ഉള്ളവരായിരിക്കണം അവര്‍. ലോകമെങ്ങും ഗുരുവിന്‍റെ ദര്‍ശനം എത്തിക്കാന്‍, ആ ദര്‍ശനത്തിന്‍റെ തനിമ മാനവരാശിയെ പറഞ്ഞു മനസ്സിലാക്കാന്‍, ഗുരു ചൂണ്ടിക്കാട്ടിയ സരണിയിലൂടെ ജീവിക്കാന്‍ മാനവരാശിയെ പ്രേരിപ്പിക്കുവാന്‍ കഴിവുള്ളവരായിരിക്കണം അവര്‍.  ഗുരു ധര്‍മ്മ പ്രചരണമാണ്  തങ്ങളുടെ പ്രധാന ജീവിതലക്ഷ്യം എന്ന ബോധത്തോടെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരിക്കണം അവര്‍.


          അതുപോലെതന്നെ, ഗുരുവുമായി ബന്ധപ്പെട്ടു സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങളും സംഘടനകളും മറ്റെന്തിനേക്കാളുമേറെ ധാര്‍മ്മികമൂല്യങ്ങള്‍ വളര്‍ത്താന്‍ നിരന്തരം ശ്രമിക്കുന്ന കേന്ദ്രങ്ങളായിരിക്കണം. അങ്ങനെയല്ലെങ്കില്‍ അവയെ അങ്ങനെയുള്ളവരായി മാറ്റണം.  ഗുരുവിന്‍റെ ശിഷ്യരായി ജീവിക്കുന്ന സന്ന്യാസിമാരും ഗുരുവില്‍  ഭക്തിയും സ്നേഹവുമുള്ള എല്ലാ നല്ലവരും ഒറ്റക്കെട്ടായി കൈകോര്‍ത്ത് ഗുരുവിന്‍റെ പ്രധാനമായ ഒരു സ്വപ്നമോ ലക്ഷ്യമോ ആയ മാനവമൈത്രി യാഥാര്‍ത്ഥ്യമാക്കാന്‍ സ്ഥിരമായി, ശക്തമായി വിശ്രമമെന്യേ പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.