മതവും  സദാചാരവും
സ്വാമി അവ്യയാനന്ദ


         മതമഹിമയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഉള്ളിലുദിച്ചുയരുന്ന സ്നേഹബിംബങ്ങളാണ് നബിതിരുമേനിയും ബുദ്ധദേവനും ക്രിസ്തുവും ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനുമെല്ലാം. മതത്തിന്‍റെ മഹിമാവ് എന്നു പറയുന്നത് അതിന്‍റെ ആത്മാംശമായ സാരസംഹിതകളാണ്. നല്ല നിലയില്‍ നെറിവോടെ അറിഞ്ഞും ആചരിച്ചുറപ്പിക്കുന്നവയുമാണ് മഹത്തുക്കളുടെ സദാചാരനിരതമായ ജീവിതം. മഹാത്മാക്കളുടെ വിശുദ്ധജീവിതചര്യകളാണ് പില്‍ക്കാലത്ത് അഴലാഴിയില്‍പ്പെട്ടുഴലുന്നവര്‍ക്ക് രക്ഷാനൗകയായെത്തുന്നത്. അവര്‍ക്ക് ആ ജീവിതശൈലികള്‍ ലഭിച്ചതാകട്ടെ അപരിമേയമായ പവിത്രനിറവുകളുടെ ഉറവുകളില്‍ നിന്ന്.


         മുന്‍വിധിയില്ലാത്ത മുനിഭാവമാര്‍ന്ന സദ്ചേതനകള്‍ക്കു മാത്രമേ ജീവിതവിജയത്തിന്‍റെ മഹാമന്ത്രങ്ങളടങ്ങിയ മതചര്യകളിലേക്ക് കടക്കുവാനാകൂ. മനുഷ്യന്‍റെ ആരംഭം, അസ്തിത്വം, നിലനില്‍പ്പ് തുടങ്ങിയവയ്ക്കുള്ള സ്പഷ്ടമായ ഉത്തരങ്ങളിതിലുണ്ട്. അതുപോലെ പ്രപഞ്ചം , സമൂഹം, കുടുംബം എന്നിവയെക്കുറിച്ചും മതം തുറന്നു പറയുന്നുണ്ട്. ദുഃഖം, രോഗം, മരണം എന്നീ യാഥാര്‍ത്ഥ്യങ്ങള്‍ക്കും; ദേഷ്യം, കാമം, മോഹം തുടങ്ങിയ വികാരങ്ങള്‍ക്കും സിദ്ധൗഷധങ്ങള്‍ മതഖനികളിലുണ്ട്. ചുരുക്കത്തില്‍ ജീവിതത്തിന്‍റെ മുഴുവന്‍ രൂപവും താളവും സൗന്ദര്യവും അന്വേഷകനില്‍ നിറയ്ക്കുവാന്‍ മതത്തിന് കെല്‍പ്പുണ്ട്. വിവിധ ഭൂപ്രദേശങ്ങളില്‍ വ്യത്യസ്ത സാംസ്കാരിക സാഹചര്യങ്ങളിലാണ് മതങ്ങള്‍ ഉറവപൊട്ടുന്നത്. എല്ലാ മതങ്ങളും മനുഷ്യന്‍റെ സദാചാരപരമായ സത്യസന്ധതയ്ക്ക് ഊന്നല്‍ നല്‍കുന്നു.


         മതത്തിന് ധര്‍മ്മമെന്ന പദമാണ് ഭാരതീയ ഇതിഹാസഗ്രന്ഥങ്ങളില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ധരിക്കുന്നത് ധര്‍മ്മം എന്നര്‍ത്ഥം. നിലനിര്‍ത്തുക, പിടിച്ചുയര്‍ത്തുക എന്നെല്ലാം പറയാം. തെളിച്ചു പറഞ്ഞാല്‍ നന്മയെ ഉറപ്പിക്കുന്ന വിശുദ്ധമായ ഒരു ക്രിയയാണ് ധര്‍മ്മം.


         നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നതിനാല്‍ ധര എന്നും വിളിച്ചു വരുന്നു. നന്മയെ വളരുവാന്‍ അനുവദിക്കുകയും തിന്മയുടെ കരാളഹസ്തങ്ങളെ സദാചാരസംഹിതകളാല്‍ ചെറുക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനമാണ് മതം. ലോകമേ തറവാട് എന്ന കേന്ദ്രബിന്ദുവിലേക്ക് വളരുന്ന ഒരു മതബന്ധു എല്ലാവിധ സ്വാര്‍ത്ഥചിന്തകളില്‍ നിന്നും മോചിതനാകുന്നു. ഇതിനായി വെളിച്ചവുമായി ഹൃദയബന്ധമുറപ്പിച്ച, പാരിനുള്ള അടിക്കല്ല് പാര്‍ത്തു കണ്ടറിഞ്ഞ ഋഷീശ്വരന്മാര്‍ സമസ്ത ലോകത്തിനും സുഖമുണ്ടാവട്ടെ എന്ന് നിത്യമായി പ്രാര്‍ത്ഥിച്ചു.


         ഏതെങ്കിലും ഒരു ദൈവത്തിലോ, ശക്തിയിലോ പൂര്‍ണ്ണമായി വിശ്വസിച്ചു അതിനുവേണ്ടി ജീവിക്കുന്ന ഒരു തെളിമയാര്‍ന്ന  സമൂഹമനസ്സാണ് മതത്തിനുള്ളത്. ഈ വിശ്വാസത്തോടനുബന്ധമായി ഒരു ജീവിതവീക്ഷണവും അതിന്‍റെ ചലനാത്മകമായ ജീവിതക്രമവും നീതിശാസ്ത്രവും ആചാരാനുഷ്ഠാനങ്ങളും ആരാധനാസമ്പ്രദായങ്ങളും മതത്തിന്‍റെ അടിസ്ഥാനരൂപത്തില്‍ ഉള്‍പ്പെടുന്നതാണ്. പ്രപഞ്ചത്തെയും സൃഷ്ടിയെയും ഒന്നിച്ചു കണ്ട് വിശ്വസാഹോദര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏതു പാവനസംരംഭവും പൂര്‍ണ്ണതയാര്‍ന്ന മതമാണ് എന്നതിനാല്‍ മതവും സമൂഹവും ഒന്നാണ്. ജീവിതത്തിന്‍റെ സമ സ്ത ചലനങ്ങളും മതാത്മകമാണ്. മതത്തിന്‍റെ ഉണ്മ തന്നെയാണ് മതത്തിന്‍റെ ആത്മാവ്. നമ്മുടെ ദിവ്യതയുടെ പ്രകാശനമാണ് മതമെന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ഗാന്ധിജിയുടെ വീക്ഷണത്തില്‍ മതം തത്വചിന്തയുടെ പ്രായോഗീകരണമാണ്.


         കാല്‍വരിക്കുന്നിലെ ത്യാഗവേദിയില്‍ മാനവസ്നേഹത്തിന്‍റെ ഊര്‍ജ്ജകണങ്ങളെ ക്ഷമയുടെ അള്‍ത്താരവിളക്കായി മാറ്റിയ യേശുദേവന് മതം ജീവിതത്തിന്‍റെ വഴിയാണ്. അത് സത്ഗുണ സമ്പൂര്‍ണ്ണതയുടെ മാര്‍ഗ്ഗമാണ്. മാത്രമല്ല നിസ്വാര്‍ത്ഥസ്നേഹത്തിന്‍റെ നിലയ്ക്കാത്ത പ്രവാഹഭംഗിയുമാണ്. 'വിനയമില്ലാത്തവന് മതമേയില്ല' എന്നാണ് നബിതിരുമേനിയുടെ അരുളപ്പാട്. ഇതിലൂടെ വിവേകത്തിന്‍റെ കനകകവാടങ്ങള്‍ തുറക്കുകയായിരുന്നു നന്മയുടെ മഹാപ്രവാചകന്‍. ശ്രീനാരായണഗുരുവിന് മതം കവിതയായതിങ്ങനെ-

അഖിലരുമാത്മസുഖത്തിനായ്പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി 
ച്ചഘമണയാതകതാരമര്‍ത്തിടേണം.


         ആത്മസുഖത്തിനു വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മറയില്ലാത്തതും കറയില്ലാത്തതുമായ ആത്മസുഖത്തിനുവേണ്ടിയുള്ള അന്വേഷണമാണ് അഥവാ പ്രയത്നമാണ് മതമെന്ന് ഗുരു. ഈയൊരു സദ്ചിന്ത ഉണ്ടാവണമെങ്കില്‍ 'അഘ' മണയാതിരിക്കണമെന്ന് ഗുരു ഓര്‍മ്മിപ്പിക്കുന്നു. പാപചിന്തകളിലേക്ക് മനസ്സിനെ വിടര്‍ത്താതെ സ്വചേതസ്സിന്‍റെ  അത്ഭുതപ്രഭാവമായ വിസ്മയലോകത്തേക്ക് മനസ്സിനെ ലയിപ്പിക്കുവാന്‍ ഗുരു ഉപദേശിക്കുന്നു.


         സമൂഹനന്മയ്ക്കു വേണ്ടി സ്വശരീരംവരെ തകര്‍ത്തുകളഞ്ഞ മനുഷ്യസ്നേഹിയായിരുന്നു ശ്രീനാരായണഗുരുദേവന്‍. സദാചാരനിരതമായ ജീവിതചര്യയാല്‍ ജീവിതാന്ത്യത്തില്‍ ഘോരമായ വേദനയനുഭവിക്കേണ്ടി വന്ന അപൂര്‍വ്വമഹര്‍ഷിമാരില്‍ ഒരാളായിരുന്നു ഗുരു. മതരംഗത്തെ സദാചാരത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മതബന്ധുരമായ ജീവിതവഴികളിലൂടെ നിരന്തരം സഞ്ചരിക്കുകയും സദാചാരനിയമങ്ങളെ അതേപടി ദിവസത്താളുകളില്‍ പകര്‍ത്തുകയും ചെയ്ത ഈ അസാധാരണനായ യതിവര്യന്‍റെ മുനിചര്യകള്‍ ഇന്നും സമൂഹം ഉറ്റുപാര്‍ത്തുനില്‍ക്കുന്നു. അന്യര്‍ക്ക് ഗുണം ചെ യ്വതിനായുസ്സു വപുസ്സും ധന്യതയാര്‍ന്ന തപസ്സും ബലിയാക്കിയ ധന്യധന്യന്‍ എന്നാണ് മലയാളത്തിന്‍റെ  മന്ദഹാസമായിരുന്ന മഹാകവി കുമാരനാശാന്‍ കുറിച്ചിട്ടത്. ഏതായാലും ഗുരു ആചാര്യന്‍ ആയിരുന്നു. ആചാരത്തെ അറിയുന്ന ആളാണ് ആചാര്യന്‍. മന്വന്തരങ്ങളായി നിലനിന്നിരുന്ന അന്ധാചാരങ്ങളെ ഇല്ലാതാക്കി ജ്ഞാനത്തിലൂടെ ഈശ്വരസാക്ഷാത്കാരത്തിന് പ്രാപ്തരായവരെ കണ്ടെത്തുന്നവരുടെ ധര്‍മ്മപാത സദാചാരത്തിന്‍റേതാണ്. ശാസ്ത്രാര്‍ത്ഥത്തെ നല്ലവണ്ണം മനനം ചെയ്ത് അനുഭൂതിയില്‍ ദര്‍ശിക്കുകയും അതിനെ സ്ഥാപിക്കുകയും ജീവിതത്തിലുടനീളം സ്വയം ആചരിക്കുകയും മറ്റുള്ളവരെക്കൊണ്ട് ആചരിപ്പിക്കുകയും ചെയ്യുന്ന മഹത്ചരിതനാണ് ആചാര്യന്‍. നമ്മുടെ മതാചാര്യന്മാരുടെയെല്ലാം ചരിത്രം ഇത് വെളിപ്പെടുത്തുന്നു. നബിതിരുമേനിയുടെ ആദ്യാനുഭൂതിയുടെ ഉറവിടം തന്നെ ഹിറായുടെ പരമപവിത്രതയില്‍ നിന്നായിരുന്നല്ലോ.


         അകളങ്കിതമായ ആത്മചേതന ഹി റഗുഹയുടെ ഹൃദയവിശുദ്ധിയില്‍ അത്യഗാധമായ സാന്ദ്രാനുഭൂതിയില്‍ അഭിരമിച്ച് അപരിമേയമായ ആത്മസൗന്ദര്യത്തിന്നരമനകളില്‍ നിന്ന് ദൈവിക വെളിപ്പെടുത്തലുകള്‍ ഉണര്‍ന്നുവരികയായിരുന്നു. ആ സത്യദര്‍ശനത്തെ സദാചാരസീമകളെ തെല്ലുപോലും ലം ഘിക്കാതെ ജീവിതത്തിലുടനീളം ഉറക്കെപ്പറയുകയും അതിന്‍റെ നൈരന്തര്യഭാവത്തിലമര്‍ന്ന് സാന്ത്വനവചനങ്ങളിലൂടെ ആര്‍ത്തര്‍ക്കും ആലംബഹീനര്‍ക്കും ഹൃദയതോഴനായി മാറി നബിതിരുമേനി. സത്യാനുഭൂതിയിലമര്‍ന്ന ആ ചാര്യനായിരുന്നു പ്രവാചകന്‍. അതുകൊണ്ട് നബിക്ക് ഒരു സമൂഹത്തിന്‍റെ മുഴുവന്‍ വിളക്കും വെളിച്ചവുമാവാന്‍ കഴിഞ്ഞു.


 (തുടർന്നു വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക)