'യോഗം നാം സ്ഥാപിച്ചത് '
സച്ചിദാനന്ദ സ്വാമി


         മഹാഗുരുക്കന്മാര്‍ നിയതിയുടെ നിശ്ചയപ്രകാരം ആവിര്‍ഭവിക്കുന്നവരാണ്. ഗുരുക്കന്മാരെ സൃഷ്ടിക്കുകയെന്നുള്ളത് നിയതിയുടെ അലംഘനീയമായ നിയമമാണ്. വസന്തഋതു ആവിര്‍ഭവിച്ച് പ്രകൃതിയെ സസ്യാഢ്യവും ശ്യാമളകോമളവുമാക്കി പ്രകൃതിക്ക് പുതുജീവന്‍ പ്രദാനം ചെയ്യുന്നതുപോലെ, ജഗദ്ഗുരുക്കന്മാര്‍ ആവിര്‍ഭവിച്ച് അഹിംസയുടേയും സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും സമത്വത്തിന്‍റേയും സന്ദേശങ്ങളാകുന്ന നറും പൂമണം പരത്തിക്കൊണ്ടു കടന്നുപോവുകയാണ്. വറ്റിവരണ്ട പ്രകൃതിയില്‍ മഴ പെയ്യിക്കുക എന്നത് പ്രകൃതിയുടെ ഒരു സ്വഭാവമാണ്.എങ്കില്‍ മാത്രമേ പുതുജീവനുള്ളൂ. വസന്താദികളായ ഋതുക്കളേയും കാലാവസ്ഥയേയുമൊക്കെ സംവിധാനം ചെയ്യുന്ന ആ പരമകാരണസത്ത തന്നെയാണ് ധര്‍മ്മക്ഷയം വരുമ്പോള്‍ പ്രപഞ്ചത്തിന്‍റെ സമതുലിതാവസ്ഥയെ നിലനിര്‍ത്തുവാന്‍ അത്ഭുതപുരുഷന്മാരെ സൃഷ്ടിക്കുന്നതും. ഇപ്രകാരം നിയതിയില്‍ നിശ്ചയിക്കപ്പെട്ട് വന്നവതീര്‍ണ്ണരായ ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് നബി തുടങ്ങിയവരുടെ പരമ്പരയില്‍ത്തന്നെ വന്നുദിച്ച് പുതിയൊരു വസന്തം ചമച്ച ലോകഗുരുവാണ് ശ്രീനാരായണഗുരുദേവന്‍.


         ധര്‍മ്മസംസ്ഥാപനം നിര്‍വ്വഹിക്കുക എന്നതാണ് ഗുരുക്കന്മാരുടെ അവതാരലക്ഷ്യം. ദേശത്തിനും കാലത്തിനും അനുസൃതമായി ധര്‍മ്മത്തിനും, കര്‍മ്മത്തിനും പുനര്‍മൂല്യം നല്‍കി ധര്‍മ്മസംസ്ഥാപനകൃത്യം നിര്‍വ്വഹിച്ച പുണ്യപുരുഷനാണ് ഗുരുദേവന്‍. സാമൂഹികനവോത്ഥാനവും സിദ്ധാന്തസ്ഥാപനവുമൊക്കെ ആ മഹാഗുരുവിന്‍റെ ജീവിതത്തിലെ ഓരോരോ ഏടുകള്‍ മാത്രം. ഡോ. പല്പു, കുമാരനാശാന്‍, ടി.കെ. മാധവന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ ഗൃഹസ്ഥശിഷ്യസഞ്ചയവും, ശിവലിംഗസ്വാമി, ബോധാനന്ദസ്വാമി, സത്യവ്രതസ്വാമി, നടരാജഗുരു, ചൈതന്യസ്വാമി, ആനന്ദതീര്‍ത്ഥര്‍ തുടങ്ങിയ ആധ്യാത്മിക ശിഷ്യസഞ്ചയവും ലോകസംഗ്രഹപ്രവര്‍ത്തനങ്ങളില്‍ ഗുരുദേവനു ലഭിച്ച ഉപകരണങ്ങള്‍ മാത്രമാണ്. ഉപകരണങ്ങളായിത്തീരുവാന്‍ ഭാഗ്യം സിദ്ധിച്ചുവെന്നതാണ് അവര്‍ക്കു ലഭിച്ച മഹാഭാഗ്യം. ശ്രീനാരായണഭാനുമാന്‍റെ പ്രകാശം കൊണ്ടു പ്രകാശം നേടിയ വെണ്‍താരകങ്ങളാണ് ഈ ഗുരുദേവശിഷ്യന്മാരെന്നു നാം അറിയണം. ശ്രീ നാരായണസൂര്യന്‍റെ പ്രകാശം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഇവരില്‍ എത്രപേരുടെ മുഖം തെളിയുമായിരുന്നുവെ ന്ന് നാം ചിന്തിക്കുന്നത് രസാവഹമായിരിക്കും.


         ആ ജന്മശുദ്ധനും , സിദ്ധനും, മുക്തനുമായ ഗുരുദേവന്‍റെ തത്വദര്‍ശനം ആത്മാവിന്‍റെ മോക്ഷം നേടി ജഗത്തിന്‍റെ ഹിതത്തിനുവേണ്ടി കര്‍മ്മത്തില്‍ ചരിക്കുകയെന്നതാണ്. ആരുടേയും ഉപദേശമോ, താല്‍പ്പര്യമോ മുന്‍നിര്‍ത്തിയല്ല ഗുരുദേവന്‍ ലോകനവോത്ഥാനത്തിനിറങ്ങിയത്. അതു നിയതിയുടെ നിശ്ചയമാണ്.


         സര്‍വ്വസംഗപരിത്യാഗിയായി ഇറങ്ങിത്തിരിച്ച ആ അവധൂതനാണ് 'സത്യസാക്ഷാത്കാരത്തിനുവേണ്ടി' സുദീര്‍ഘമായ കഠിന തപസ്സിലേര്‍പ്പെട്ട് ഈശ്വരാനുഭൂതി നേടി ഏതാണ്ട് മുപ്പതാംവയസ്സില്‍ നാരായണഗുരുവായി അരുവിപ്പുറത്തെത്തിച്ചേര്‍ന്നത്. തപസ്സു ചെയ്തു സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായതുപോലെ, യേശു ക്രിസ്തുവായതുപോലെ, മുഹമ്മദ് നബിയായതുപോലെ ചെമ്പഴന്തിയിലെ നാരായണന്‍ 'നാരായണഗുരു' വായി ലോകസമക്ഷം പ്രത്യക്ഷപ്പെടുകയാണുണ്ടായത്. ഈശ്വരസാക്ഷാത്കാരം നേടിയ മുക്തപുരുഷന്‍റെ നാലവസ്ഥകളെക്കുറിച്ച് ഗുരുദേവന്‍ ദര്‍ശനമാലയില്‍ പറയുന്നുണ്ട്. ബ്രഹ്മവിത്, ബ്രഹ്മവിദ്വരന്‍, ബ്രഹ്മവിദ്വരീയാന്‍, ബ്രഹ്മവിദ്വരിഷ്ഠന്‍ എന്നീ നാലുതരക്കാരില്‍ ബ്രഹ്മവിത്തിനു മാത്രമേ ലോകസംഗ്രഹപ്രവര്‍ത്തനമുള്ളൂ. തപസ്സുകൊണ്ടു ബ്രഹ്മവിത്തായി മാറിയ ഗുരുദേവന്‍ തുടര്‍ന്നുള്ള അവസ്ഥകള്‍ തല്‍ക്കാലം വേണ്ട എന്ന് സുബ്രഹ്മണ്യ കീര്‍ത്തനത്തില്‍ പാടുന്നത് ശ്രദ്ധേയമാണ്.


         'തട്ടിത്തട്ടി പെരുക്കി പെരുവെളിയതിലാക്കീടുവാന്‍ പിന്നെയാട്ടെ' ബ്രഹ്മവിത്തായി തുടര്‍ന്നുള്ള  നൈഷ്കര്‍മ്മ്യഭാവത്തിലുള്ള അവസ്ഥകളിലേക്ക് ഇപ്പോള്‍ പോകേണ്ട, കാരണം 'കഷ്ടം ദീനം പിടിച്ച് ലോകര്‍' കഴിയുന്നു. അവരെ ഉദ്ധരിക്കേണ്ട സമയമായിരിക്കുന്നു. ഇതാണ് ഗുരുദേവന്‍റെ ദാര്‍ശനിക നിലപാട്. ഭാരതത്തില്‍ ഒരു മുക്തപുരുഷനില്‍ നിന്നും ഇങ്ങനെ ഒരു പ്രാര്‍ത്ഥന കേട്ടിട്ടില്ല. അദ്വൈതത്തിന് ഇപ്രകാരം പ്രായോഗികവശം ചമച്ച ഗുരുവിന് സാമൂഹിക പരിഷ്കരണത്തിന് ഇറങ്ങാന്‍ മറ്റു ചിലരുടെ പ്രേരണയുണ്ടായി എന്നു പറയുന്നതില്‍പ്പരം അജ്ഞത മറ്റെന്താണുള്ളത്. താനൊറ്റയ്ക്ക് ബ്രഹ്മപദത്തില്‍ ലയിച്ചിരിക്കാതെ ആ പരമകാരുണികന്‍ 'ബ്രഹ്മവിത്തായി' സ്വയം ലോകസംഗ്രഹത്തിലേക്ക് കട ന്നു വന്നു. അവിടത്തെ അവതാരകൃത്യനിര്‍വ്വഹണത്തിന്‍റെ നാന്ദിയാണ് അരുവിപ്പുറം പ്രതിഷ്ഠ. അരുവിപ്പുറം പ്രതിഷ്ഠാകാലത്ത് ആശാന്‍, പല്പു തുടങ്ങിയ ഗൃഹസ്ഥശിഷ്യന്മാര്‍ ശിഷ്യ ത്വം സ്വീകരിച്ചു കഴിഞ്ഞിരുന്നില്ല എ ന്നു നാം അറിയണം. ശിവലിംഗസ്വാമികള്‍, ചൈതന്യസ്വാമികള്‍ തുടങ്ങിയവര്‍ ഇതിനുമുമ്പേ ശിഷ്യത്വം സ്വീകരിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് സന്ന്യാസിമാരും ഗൃഹസ്ഥന്മാരുമടങ്ങിയ മഹത്തായ ശിഷ്യസഞ്ചയവും ആവിര്‍ഭവിച്ചു. ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാലോകത്തിന്‍റെ സൃഷ്ടിക്കു വേണ്ടി ഗുരുദേവന്‍ സ്വയം കര്‍മ്മത്തില്‍ മുഴുകുകയാണുണ്ടായത്. പല്പു, ആശാന്‍, തുടങ്ങിയവര്‍ ഗുരുദേവനെ കര്‍മ്മത്തിലേക്കു കൂട്ടിക്കൊണ്ടുവരികയല്ല, മറിച്ച് ഗുരുദേവന്‍ അവരെ കര്‍മ്മത്തിലേക്കു നയിക്കുകയാണ് ചെയ്തത്.


'അവനവനാത്മ സുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം'


എന്ന് ഗുരുദേവന്‍ 'ആത്മോപദേശശതക' ത്തില്‍ പ്രായോഗികവേദാന്തതത്വദര്‍ശനം അവതരിപ്പിക്കുമ്പോള്‍ കായിക്കര കുമാരു വിദ്യാര്‍ത്ഥിയായിരുന്നുവെന്ന സത്യം ആശാന്‍റെ ചരിത്രമെഴുതിയവര്‍ വിസ്മരിച്ചു പോയതില്‍ കഷ്ടം തോന്നുന്നു.


           1903 ലാണല്ലോ എസ്. എന്‍. ഡി. പി. യോഗം ആരംഭിച്ചത്. ഇക്കാലത്ത് ഗുരുദേവന്‍ ലോകസംഗ്രഹപ്രവര്‍ത്തനങ്ങളില്‍ വളരെ മുന്‍പില്‍ എത്തിക്കഴിഞ്ഞിരുന്നു. അവിടു ത്തെ കാരുണ്യമാണ് സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ഗുരുവിനെ നയിച്ചത്. എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ ആവിര്‍ഭാവത്തെക്കുറിച്ച് ആധികാരികമായി ആശാന്‍ വസ്തുനിഷ്ഠവും സമര്‍ത്ഥവുമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതു വേണ്ടവണ്ണം പഠിക്കാതെയും, വിലയിരുത്താതെയുമാണ് പലരും യോഗചരിത്രം രചിക്കുന്നതും അഭിപ്രായപ്രകടനം നടത്തുന്നതും. ആശാന്‍ 'ഗുരുസ്തവം' പ്രാര്‍ത്ഥനയില്‍ എഴുതിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്.


'അങ്ങേത്തിരുവുള്ളൂറിയൊരന്‍പിന്‍-
വിനിയോഗം
ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീ-
ഞങ്ങടെ യോഗം'


         ഗുരുവിന്‍റെ ഉള്ളം ഊറിയതിന്‍റെ ബഹിര്‍സ്ഫുരണം മാത്രമാണ് എസ്. എന്‍. ഡി. പി യോഗം എന്നാണല്ലോ ഈ വരികള്‍ക്കുള്ള ഭൗതികമായ അര്‍ത്ഥതലം. (ആത്മീയമായ അര്‍ത്ഥം മനസ്സിലാക്കാന്‍ ഈ ലേഖകനെഴുതിയ 'ആശാന്‍റെ ഗുരുസ്തവം ഒരു പഠനം' എന്ന ഗ്രന്ഥം വായിക്കുക.) ആരെങ്കി ലും പ്രേരണ ചെലുത്തിയതിന്‍റെ ഫലമായി ആവിര്‍ഭവിച്ചതല്ല യോഗം. മഹാകവിയുടെ ഈ വസ്തുകഥനം ചരിത്രകാരന്മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോ യത് എന്തേ?  'പരമഹംസന്‍ ഈ വ ണ്ണം മരുവുന്നു ലൗകികന്‍ പോല്‍; പരമഭാഗ്യമിതെന്നേ പറയേണ്ടു നാം' എന്ന് ആശാന്‍ തുടര്‍ന്നെഴുതുന്നുണ്ട്.


         യോഗം സ്ഥാപിക്കുന്ന കാലത്ത് ഗുരുദേവനു ഉണ്ടായിരുന്ന സര്‍വ്വാംഗീണമായ അംഗീകാരം ആശാന്‍റെ ഈ വാക്കുകളില്‍ നിന്നും സ്പഷ്ടമാണല്ലോ. സംഘടനയ്ക്ക് ഗുരുദേവന്‍റെ പേരിടണമെങ്കില്‍ ആ മഹാത്മാവിന് അക്കാലത്തുണ്ടായിരുന്ന അംഗീകാരവും മഹത്വവും അ തില്‍ നിന്ന് ഊഹിക്കാമല്ലോ. ഘടദീപമല്ല, മഹാപ്രദീപമായി സ്വയം പ്രകാശിച്ചിരുന്ന ഗുരുദേവന്‍റെ ചൈതന്യ ത്തെ ഉള്‍ക്കൊണ്ട് അവിടുത്തെ തിരുനാമവ്യാഹാരബലത്താല്‍ യോഗം സ്ഥാപിച്ച് വിജയിക്കുകയാണുണ്ടായത്.


         യോഗസ്ഥാപനചരിത്രം ഭാവിലോകത്തിനുവേണ്ടി കുമാരനാശാന്‍ സുവ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. യോഗത്തിന്‍റെ ഒന്നാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ സെക്രട്ടറിയായ ആശാന്‍ എഴുതുന്നു. 'ഈ മഹായോഗത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചു കൂടി അല്പം പറയേ ണ്ടത് ആവശ്യമാണ്. നമ്മുടെ യോഗത്തിന്‍റെ  ആദിമചരിതം മിക്കവാറും അരുവിപ്പുറം ശിവാലയത്തിന്‍റെയും  മഠത്തിന്‍റെയും എഴുതപ്പെട്ടിട്ടില്ലാത്ത ആദിചരിത്രം തന്നെയാകുന്നു... 1063 ാമാണ്ട് കുംഭമാസത്തില്‍ മഹാത്മാവായ സ്വാമി അവര്‍കളുടെ തൃക്കൈകളാല്‍, നമ്മു ടെ സമുദായത്തിന് ദൈവിക പരിഷ്കാ ര സൗധത്തിന്‍റെ അടിസ്ഥാനക്കല്ലോ എന്നു തോന്നുംവണ്ണം പ്രതിഷ്ഠിക്കപ്പെ ട്ട ഈ ദിവ്യമായ മഹാദേവലിംഗത്തില്‍ നിന്നുമാണ് ഇതിന്‍റെ പരമാര്‍ത്ഥമായ ആദിചരിത്രം ആരംഭിച്ചു കാണുന്നത്... 'പരോപകാരാര്‍ത്ഥമിദം ശരീരം' - എന്ന തത്വം സ്വാമിയുടെ ജീവിതചരിത്രത്തിന്‍റെ ഏതവയവത്തിലും പ്രത്യക്ഷമാണല്ലോ. അരുവിപ്പുറം ക്ഷേത്രയോ ഗം പരോപകാരതല്പരനായ സ്വാമിയുടെ ഉദ്ദേശ്യങ്ങളെ നിറവേറ്റുന്നതിനു വേണ്ടിടത്തോളം ശക്തിയോ വ്യാപ്തി യോ ഉള്ളതല്ലെന്നു കണ്ടിട്ട് അദ്ദേഹം തന്നെ അതിനെ പരിഷ്കരിപ്പാന്‍ ഉദ്ദേശിച്ചപ്പോഴാണ് സങ്കല്‍പ്പമാത്രമായ നമ്മുടെ ഇപ്പോഴത്തെ ശ്രീനാരായണധര്‍ മ്മപരിപാലനയോഗം ആരംഭിച്ചത്. ആ സങ്കല്‍പ്പത്തെ സഫലീകരിക്കുന്നതിനു ടി ക്ഷേത്രയോഗത്തിനു സ്വാമികള്‍ തന്നെ നോട്ടീസു കൊടുക്കുകയും ടി ക്ഷേത്രയോഗം ഒരു ജോയിന്‍റു സ്റ്റോക്കു കമ്പനിയായി രജിസ്റ്റര്‍ ചെയ്ത് നടത്തേണ്ടതാണെന്നുള്ള സ്വാമിയുടെ ആഗ്രഹത്തെ എല്ലാ യോഗാംഗങ്ങളും ഒന്നു പോലെ സമ്മതിക്കുകയും ചെയ്തു.'


         അരുവിപ്പുറം ക്ഷേത്രയോഗത്തെ ഒരു മഹാസംഘടനയാക്കി മാറ്റാന്‍ ഗു രുദേവന്‍ ആഗ്രഹിച്ചതിന്‍റെ പരിണിതമായ ഫലമായിട്ടാണ് യോഗമുണ്ടായത് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാമല്ലോ. ജാതിഭേദം... മാതൃകാലോകത്തെ സംസ്ഥാപനം ചെയ്യുവാനാഗ്രഹിച്ച ആ മഹാത്മാവിന്‍റെ കാരുണ്യത്തിന്‍റെ സ്ഫുരണം ശ്രീനാരായണധര്‍ മ്മപരിപാലനയോഗമായി പ്രകാശിച്ചു. അതില്‍ പരികര്‍മ്മികളാകുവാന്‍ പല്പുവിനും ആശാനും മറ്റും ഭാഗ്യം ലഭിച്ചുവെന്നു മാത്രം.സംഘടനയ്ക്ക് ഗുരുവിന്‍റെ പേരു തന്നെയാവണമെന്ന ശി ഷ്യന്മാരുടെ അപേക്ഷയെ അവിടുന്ന് കാരുണ്യപൂര്‍വ്വം അംഗീകരിച്ചനുവദിച്ചു. ജീവിതത്തിന്‍റെ സായാഹ്നവേളയില്‍ എസ്. എന്‍. ഡി. പി. യോഗത്തിനു നല്‍കിയ  മഹാസന്ദേശത്തില്‍ 'സംഘടനകൊണ്ടല്ലാതെ യാതൊരു സമുദായത്തിനും അഭിവൃദ്ധിയും ശ ക്തിയും ഉണ്ടാകുന്നതല്ല. ഈ തത്വം അനുസരിച്ചാണ് നാം 25 കൊല്ലം മു മ്പെ യോഗം സ്ഥാപിച്ചത്' എന്നിങ്ങനെ യോഗം സ്ഥാപിച്ചത് ഗുരുദേവന്‍ ത ന്നെയാണെന്ന് സുവ്യക്തമാക്കുന്നുണ്ടല്ലോ. ഗുരുദേവന്‍ സശരീരനായിരുന്ന കാലത്തുള്ള എല്ലാ പ്രസ്താവനകളിലും യോഗസ്ഥാപകന്‍ ഗുരുദേവന്‍ തന്നെയാണ്. ദീര്‍ഘകാലം യോഗം സെക്രട്ടറിയായിരുന്ന ആശാന്‍ സുവ്യക്തമായി യോഗത്തിന്‍റെ പ്രാരംഭചരിതം രേഖപ്പെടുത്തിയത് നാം വായിച്ചുവല്ലോ. യോഗം സ്ഥാപിച്ചത്  എന്ന് ഗുരുദേവന്‍ അരുളി ചെയ്യുമ്പോള്‍ അതല്ല യോഗം സ്ഥാപിച്ചത് ഡോ. പല്പുവാണ് , ആശാനാണ്, വിവേകാനന്ദോപദേശമാണ് എന്ന് പറയുന്നത് വാസ്തവത്തില്‍ ഗുരുദേവനിഷേധമാകില്ലേ? മാത്രമല്ല സ്വന്തമായി പ്രസ്താവനയിറക്കി സന്തോഷിക്കുന്ന ഒരാളായിരുന്നുവോ നിസ്സംഗനായിരുന്ന ഗുരുദേവന്‍. ഏതാണ്ട് 15 വര്‍ഷക്കാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ച ആശാന്‍ അ നേകം ലേഖനങ്ങളും റിപ്പോര്‍ട്ടുകളും എഴുതി. അതിലൊക്കെത്തന്നെയും ഗു രുദേവന്‍ യോഗം സ്ഥാപിച്ചു എന്നുതന്നെയാണ് വെളിപ്പെടുത്തിയിട്ടുള്ളത്.


         അപ്പോള്‍ പിന്നെ ഡോക്ടര്‍ പല്പുവിന് ലഭിച്ച വിവേകാനന്ദ ഉപദേശമോ? ഇങ്ങനെയൊരുപദേശം തനിക്കു ലഭിച്ചതായി ഡോ. പല്പു ഒരിടത്തും പറഞ്ഞിട്ടില്ല. (യോഗം ആരംഭിക്കുന്ന കാലം മുതല്‍ക്കുള്ള പല്പുവിന്‍റെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കുക) പല്പുവിന്  അങ്ങനെയൊരുപദേശം ലഭിച്ചിരുന്നുവെങ്കില്‍ അദ്ദേഹം അത് വെളിപ്പെടുത്താതിരിക്കുമോ? അഭിമാനാര്‍ഹമായ അക്കാര്യം ആര് ഒഴിവാക്കും? മാത്രമല്ല ഡോ. പല്പുവും സ്വാമി വിവേകാനന്ദ നും തമ്മില്‍ സന്ധിച്ചത് 1891- ലാണെ ന്ന് ചരിത്രം. 1891 ല്‍ വിവേകാനന്ദന്‍ പ്രശസ്തനായിക്കഴിഞ്ഞിരുന്നില്ല. വിവേകാനന്ദന്‍ എന്ന പേരുപോ ലും അദ്ദേഹം സ്വീകരിച്ചു കഴി ഞ്ഞിരുന്നില്ല. വിവിദിഷാനന്ദന്‍, സച്ചിദാനന്ദന്‍ എന്നീ പേരുകള്‍ അദ്ദേഹം മാറിമാറി ഉപയോഗിച്ചിരുന്നു. ഡോ. പല്പു അന്ന് മൈസൂര്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനാണ്. സ്വാമിയും പല്പുവും തമ്മില്‍ ഒരു വയസ്സിന്‍റെ വ്യത്യാസമേ ഉള്ളൂ. സ്വാമി ചിക്കാഗോയില്‍ പോകുന്നത് ഡോ. പല്പുവിനെ സന്ധിച്ചതിനുശേഷമാണ്. അതിനുശേഷമാണ് വിവേകാനന്ദോപദേശം ലഭിച്ചിരുന്നതെങ്കില്‍ അക്കാലത്തുതന്നെ യോഗം ആവിര്‍ഭവിക്കുമായിരുന്നല്ലോ. അതുമാത്രമല്ല വിവേകാനന്ദസ്വാമികള്‍ പില്‍ക്കാലത്ത് സ്ഥാപിച്ചത് ഒരു ബഹുജനസംഘടനയല്ല; ശ്രീരാമകൃഷ്ണദേവന്‍റെ പേരില്‍ സംന്യാസിമാരെ മാത്രം അംഗങ്ങളായിചേര്‍ത്തുകൊണ്ടുള്ള 'ശ്രീരാമകൃഷ്ണമിഷന്‍' എന്ന ആത്മീ യ പ്രസ്ഥാനമാണ് എന്നും നാം അറിയണം. സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. പല്പു സ്വാമി വിവേകാനന്ദനെ കണ്ടെത്തിയതിനുശേഷം 1896- ലാണ് 'ഈഴവമഹാജനസഭ' ഉണ്ടാക്കിയത്. വിവേകാനന്ദന്‍റെ ഉപദേശം അദ്ദേഹം സ്വീകരിച്ചിരുന്നുവെങ്കില്‍ പിന്നെ ഈഴവമഹാജനസഭ ഉണ്ടാകുമായിരുന്നില്ലല്ലോ. എന്നാല്‍ ഇക്കാലത്ത് ഗുരുദേവന്‍ 18 ക്ഷേത്രങ്ങളും 2 സം സ്കൃതസ്കൂളുകളും ഒരു നെയ്ത്തുശാലയും സ്ഥാപിച്ചു കഴിഞ്ഞിരുന്നു. സ്വയം പ്രവര്‍ത്തിച്ചു നിരാശനായ പല്പു അവസാനം ഗുരുദേവനാല്‍ തട്ടിയുണര്‍ത്തപ്പെട്ടു ശിഷ്യത്വം സ്വീകരിച്ചു പ്രവര്‍ത്തിക്കുകയാണുണ്ടായത്. വിവേകാനന്ദഭക്തനായ ആശാന്‍ ഒരിടത്തുപോലും യോഗസ്ഥാപനത്തില്‍ ഡോ ക്ടറും വിവേകാനന്ദനുമായി സ ന്ധിച്ചിരുന്നതായോ ചര്‍ച്ച ചെ യ്തിരുന്നതായോ രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഗുരുദേവന്‍ വെളിപ്പെടുത്തിയിട്ടുമില്ല. ഈ മൂന്നു മഹാത്മാക്കളും വിവേകാനന്ദസ്വാധീനത്തെക്കുറിച്ചു ഒന്നും തന്നെ പറയുന്നില്ല.  വിവേകോദയം മാസികയില്‍ 'ഇ ന്ത്യയുടെ പ്രാണന്‍ മതമാകുന്നു' തു ടങ്ങി വിവേകാനന്ദസ്വാമിയുടെ സന്ദേശങ്ങളും ചരിത്രവും മുറയ്ക്ക് എഴുതിപ്പോന്ന ആശാന്‍ അങ്ങനെയൊന്നു സംഭവിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും അത് രേഖപ്പെടുത്തുമായിരുന്നില്ലേ?


          ഇതുവരെയും പറഞ്ഞതിന്‍റെ രത്നചുരുക്കമിതാണ്. എസ്. എന്‍. ഡി. പി. യോഗസ്ഥാപകന്‍ സാക്ഷാല്‍ ഗുരുദേവന്‍ തന്നെയാണ്. ഡോ. പല്പുവിന് വിവേകാനന്ദോപദേശം ലഭിച്ചാലും ഇല്ലെങ്കിലും ശ്രീനാരായണധര്‍മ്മപരിപാലനയോഗവും നവോത്ഥാനവും ഇവിടെ സംഭവിക്കും. കാരണം ഗുരുദേവന്‍റെ ലോകസംഗ്രഹപ്രവര്‍ത്തനത്തി ന്‍റെ ഭാഗമാണത്. 'ഇന്ത്യയിലെ അനശ്വരനായ വിപ്ലവകാരി' എന്ന് സരോജിനീനായിഡുവിനാല്‍ വിശേഷിപ്പിക്കപ്പെട്ട ഗുരുദേവന്‍ കഴിഞ്ഞാല്‍ കേരളത്തിലെ അധഃസ്ഥിതര്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഡോ.പല്പുവും, വിശ്വമഹാകവിയായ കുമാരനാശാനുമൊക്കെ, യോഗേശ്വരനായ ശ്രീകൃഷ്ണന് എന്നപോലെ ശ്രീനാരായണഗുരുദേവന് ലഭിച്ച അനേകം പാര്‍ത്ഥന്മാരില്‍ ചിലര്‍ മാത്രമാണ് എന്ന  വസ്തുതയും അതോടൊപ്പം നാം അറിയണം. എങ്കില്‍ മാത്രമേ ഗുരുവിന്‍റേയും ശിഷ്യന്മാരുടേയും അനുഗ്രഹത്തിന് നാം പാത്രീഭൂതരാകൂ. ഗുരുഭക്തന്മാര്‍ പ്രകൃതവിഷയം ഗവേഷണബുദ്ധ്യാ, വിചിന്തനം ചെയ്യണം എന്ന് പ്രത്യേകം താല്‍പ്പര്യപ്പെടുന്നു.


         ഗുരുദേവന്‍റെ മഹാസമാധിക്കുശേഷം ആരംഭം കുറിച്ച ഒരു വാദം മാത്രമാണ് യോഗസ്ഥാപകന്‍ ഗുരുദേവനല്ല എന്നത്. അതിനു പലകാരണങ്ങളുണ്ട്. അതെല്ലാം ഇവിടെ കുറിക്കുന്നില്ല. ഡോ.പല്പുവിന്‍റെ മൂത്തമകന്‍ പി. ഗം ഗാധരനാണ് അതിനു തുടക്കം കുറിച്ചത്. അദ്ദേഹത്തിനുണ്ടായിരുന്ന ചരിത്രബോധമെന്തെന്നറിയുവാന്‍ അദ്ദേഹം എസ്.എന്‍.ഡി.പി. യോഗം കനകജൂബിലി ഗ്രന്ഥത്തിലെഴുതിയ ഒരു വാക്യം പര്യാപ്തമാണ്. അതു നോക്കൂ.


         'നാണുവാശാനെന്നറിയപ്പെടുന്ന നമ്മുടെ എല്ലാവരുടെയും ആരാധ്യനായ സ്വാമിതൃപ്പാദങ്ങളെ അച്ഛന്‍ സമുദായോദ്ധാരണ പരിപാടികള്‍ അറിയിച്ചുകൊണ്ടിരിക്കുകയും സമുദായോദ്ധാരണകാര്യത്തില്‍ തൃപ്പാദങ്ങള്‍ അ ച്ഛന്‍റെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തു പോന്നു. സ്വാമിതൃപ്പാദങ്ങളുടെ സ്വന്തം അഭിപ്രായവും വിവേകാനന്ദസ്വാമികളും അച്ഛനും തമ്മില്‍ ആ ലോചിച്ചെടുത്ത ഫോര്‍മുലയും ത മ്മില്‍ വലിയ പെരുമാറ്റമുണ്ടായതിന്‍റെ പരിണിതഫലമായിട്ടാണ് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ തൃപ്പാദങ്ങള്‍ നടത്തിയത്. (കനകജൂബിലി ഗ്രന്ഥം- പേജ് 261)


         1888 ലാണ് ഗുരുവിന്‍റെ അരുവിപ്പു റം പ്രതിഷ്ഠ. സ്വാമിയും പല്പുവുമായി കണ്ടുമുട്ടുന്നതാകട്ടെ പിന്നെയും മൂന്നുവര്‍ഷം കഴിഞ്ഞ് 1891 ലാണ്. വികലമായ ഇത്തരം ചരിത്രബോധം കൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്നത്  വരും തലമുറകളാണെന്ന് നാം അറിയണം.