എന്‍റെ ശ്രീനാരായണ ഗുരു
തെങ്ങമം ബാലകൃഷ്ണന്‍
 
         തലക്കെട്ടില്‍ പറയുന്നത് എന്‍റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ള ശ്രീനാരായണഗുരുവിനെക്കുറിച്ചാണ്.  ഞാന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മെമ്പറായിരുന്നപ്പോള്‍ എനിക്കുണ്ടായ ഒരനുഭവം തുടക്കത്തിലേ പറയട്ടെ.
 
         കോളേജ് അദ്ധ്യാപക തസ്തികയിലേക്കുള്ള ഇന്‍റര്‍വ്യൂവിന് വന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ ഏറെ സര്‍ട്ടിഫിക്കറ്റുകളും അയാളെ സംബന്ധിച്ച്  പൂരിപ്പിച്ചു നല്‍കിയ 'കെ' ഫാറവും ഞാന്‍ മറിച്ചുനോക്കി. 
 
' ശ്രീനാരായണ കോളേജിലാണ് പഠിച്ചത് അല്ലേ?' ഞാന്‍  ചോദിച്ചു.  
 
'അതെ' എന്ന് ഉത്തരം. 
 
'ആരായിരുന്നു ശ്രീനാരായണന്‍?' 
 
ഒട്ടും താമസിയാതെ അയാള്‍ എന്‍റെ ചോദ്യത്തിന് മറുപടി  പറഞ്ഞു.
 
' അദ്ദേഹം ഒരു സന്ന്യാസി ആയിരുന്നു.' 
         
         ഏഴുകൊല്ലം ശ്രീനാരായണ കോളേജില്‍ പഠിച്ചിറങ്ങിയ ഒരു വ്യക്തിയാണ് ഇങ്ങനെ ഒരുത്തരം നല്കിയത്.  ഗുരുവിനെപ്പറ്റി അയാള്‍ അത്രയും അറിഞ്ഞാല്‍ മതിയോ? ആ ചെറുപ്പക്കാരനെ ഞാന്‍ കുറ്റം പറയുന്നില്ല.  ശ്രീനാരായണനെ അറിയേണ്ടവര്‍ തന്നെ വേണ്ടപോലെ അറിയാതെ പോകുന്നു. ഇതു ഖേദകരമാണ്.
 
         19-ാം നൂറ്റാണ്ടില്‍ ലോകത്താകെ മാറ്റത്തിന്‍റെ കാറ്റു വീശിത്തുടങ്ങി. പല മഹാന്മാരുടെയും ജന്മത്തിന് ആ നൂറ്റാണ്ട് സാക്ഷ്യം വഹിക്കുകയും ചെയ്തു.  അതേ നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിന്‍റെ തുടക്കത്തിലാണ് ഗുരുവിന്‍റെ ജനനം.  അന്നത്തെ കേരളത്തെപ്പറ്റി പുതിയ തലമുറയ്ക്ക് ഭാവന ചെയ്യാന്‍ പോലും സാധ്യമല്ല.  ബാലനായ ശ്രീനാരായണനു നാണുവെന്നാണ് ചുരുക്കത്തില്‍ ഓമനപ്പേരു നല്കിയിരുന്നത്.  ഗുരുകുല വിദ്യാഭ്യാസത്തിനു ശേഷം നാണു പ്രകൃതിയേയും മനുഷ്യനേയും പറ്റിയുള്ള അന്വേഷണം ആരംഭിച്ചു. ഈ കാലയളവില്‍ മരുത്വാമല പോലുള്ള വനാന്തരങ്ങളിലും അരുവിപ്പുറത്തും സഞ്ചരിച്ചും താമസിച്ചും തപസ്സനുഷ്ഠിച്ചും അന്വേഷണം തുടര്‍ന്നു.  ഇവിടെ ഒരു മാറ്റം ആവശ്യമാണെന്നു മനസ്സിലുറപ്പിച്ചു.  31 വയസ്സുവരെ ആ യാത്ര തുടര്‍ന്നു.  അദ്ദേഹം അരുവിപ്പുറത്ത് ഒരു താല്ക്കാലിക വാസസ്ഥലം കണ്ടെത്തി.  1888 ഗുരുവിന്‍റേയും കേരളത്തിന്‍റേയും ചരിത്രത്തില്‍ സുപ്രധാനമായ ഒരു ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.  തനതായ ശൈലിയില്‍ ഗുരു ഒരു വിപ്ലവത്തിന് നാന്ദി കുറിക്കുകയായിരുന്നു.  അദ്ദേഹം ഒരു ചെറിയ ക്ഷേത്രമുണ്ടാക്കി.  അതുവരെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്താനുള്ള അവകാശം (സ്വയം എടുത്തതാണെങ്കിലും ആരെങ്കിലും കൊടുത്തതാണെങ്കിലും) ബ്രാഹ്മണര്‍ക്കു മാത്രമായിരുന്നു.  ആ വ്യവസ്ഥയാണ് സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം അട്ടിമറിച്ചത്.  കൊടുങ്കാറ്റൊന്നുമുണ്ടായില്ല.  അതൊരു തുടക്കമായിരുന്നു.  അദ്ദേഹം സ്ഥാപിച്ച ശിവലിംഗം പ്രകൃതിതന്നെ രൂപപ്പെടുത്തിയതാണ്.  അതിലൂടെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളെപ്പറ്റി ഒരു പുതിയ  അവബോധം നല്കുകയായിരുന്നു.  ആ ചെറിയ ക്ഷേത്രത്തിന് മുമ്പില്‍ അദ്ദേഹം എഴുതിവച്ച വരികള്‍ക്ക് എന്നത്തേകാളും ഇന്ന് പ്രസക്തിയുണ്ട്.  
 
'ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേനവാഴുന്ന
മാതൃകാസ്ഥാനമാമിത് '
 
ഈ വരികള്‍ ലോകമാകെയുള്ള ജനഹൃദയങ്ങളില്‍ ആലേഖനം ചെയ്യപ്പെടണം.
         അനുയായികള്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിലേ പഠിക്കാവൂ എന്ന് മതമേലദ്ധ്യക്ഷന്‍മാര്‍ പ്രബോധനം നടത്തുന്ന കാലമാണിത്.   ആ വരികളുടെ അര്‍ത്ഥം അവരുടെ മനസ്സില്‍ ഇപ്പോഴും എത്തിച്ചേര്‍ന്നിട്ടില്ല.  മലയാളത്തിലും സംസ്കൃതത്തിലും അഗാധപാണ്ഡിത്യം നേടിയ പ്രതിഭാശാലിയും കൃതഹസ്തനുമായ ഒരു കവികൂടി ആയിരുന്നു ശ്രീനാരായണ ഗുരു.  'ജാതി നിര്‍ണ്ണയം' എന്ന ആശയഗംഭീരമായ അദ്ദേഹത്തിന്‍റെ ലഘുകൃതിയിലെ ഒരു വരി ലോകത്തെ ആ കെ പ്രകമ്പനം കൊള്ളിക്കാന്‍ പര്യാപ്തമാണ്.  ഇത്ര സൗമ്യമായും ഇത്ര ലളിതമായും  ഒരു വിപ്ലവാഹ്വാനം ശ്രീ നാരായണനല്ലാതെ മറ്റാര്‍ക്കാണ് നല്കാന്‍ കഴിയുക.  ഋഷിമാരും, സ്വാമിവിവേകാനന്ദനെയും രവീന്ദ്രനാഥ ടാഗോറിനെയും പോലുള്ള ധിഷണാശാലികളും പിറന്ന മണ്ണാണ് ഭാരതം എങ്കിലും ശ്രീനാരായണ ഗുരു ലളിതമായി പറഞ്ഞ കാര്യങ്ങള്‍ അവരാരും പറഞ്ഞിട്ടില്ല.  അവരെല്ലാം ജീവിച്ചതും പ്രവര്‍ത്തിച്ചതും മനുഷ്യ നന്മയ്ക്കു വേണ്ടി ആയിരുന്നുവെന്നതു വിസ്മരിക്കുന്നില്ല.  അ വര്‍ക്കാര്‍ക്കും  മനുഷ്യനെ കേന്ദ്രബിന്ദുവാക്കാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞാല്‍ അതു സത്യം മാത്രമാണ്.  'ഒ രു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന് പറയുമ്പോള്‍ അടിവരയിടുന്നത് മനുഷ്യനാണ്. 
പിന്നെയും അ ദ്ദേഹം പറഞ്ഞു 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി'. അവിടെയും മനുഷ്യനാണ് പ്രാധാന്യം.  മാനവികതയാണ് അദ്ദേഹത്തിന്‍റെ ദര്‍ശനം.
 
         ഗുരുവിന് രണ്ട് ഭാവങ്ങളാണുള്ളത്. ഒന്ന് ഭൗതിക ജീവിതം നയിക്കുന്നവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനവും വീക്ഷണവുമാണ്.
രണ്ടാമത്തേത് അദ്ദേഹത്തിന്‍റെ ആദ്ധ്യാത്മിക ഭാവമാണ്. ഈ ഭാവത്തില്‍ സ്പര്‍ശിക്കാന്‍ ഞാന്‍ ഇല്ല.
 
         അന്ധകാരത്തിലും അടിമത്വത്തിലും കഴിയുന്നവരെ സ്വതന്ത്രരാക്കണമെങ്കില്‍ അവര്‍ക്ക് അറിവു പകരുകയാണ് വേണ്ടത്.  അദ്ദേഹം അവരോടു പറഞ്ഞു.  'വിദ്യകൊണ്ട് സ്വതന്ത്രരാവുക' എന്ന്.  ഒപ്പം ' സംഘടന കൊണ്ടു ശക്തരാവുക' എന്നും. ശ്രീനാരായണ ഗുരുവിനെ കമ്മ്യൂണിസ്റ്റാക്കാനല്ല. ആനുഷംഗികമായി ഒരു കാര്യം അനുസ്മരിക്കട്ടെ. 1848-ല്‍ കാറല്‍മാര്‍ക്സും ഏംഗല്‍സും ചേര്‍ന്ന് പ്രസിദ്ധീകരിച്ച 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' അവസാനിക്കുന്നത് 'സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, നഷ്ടപ്പെടുവാന്‍ നിങ്ങള്‍ക്കു കാല്‍ച്ചങ്ങലമാത്രം, കിട്ടുകയാണെങ്കില്‍  പുതിയൊരു ലോകം മുഴുവന്‍.' സംഘടനകൊണ്ട് ശക്തരാകുവാനാണ് തൊഴിലാളിവര്‍ഗ്ഗത്തോടു മാര്‍ക്സും ഏംഗല്‍സും ഈ മാനിഫെസ്റ്റോയിലൂടെ ആഹ്വാനം ചെയ്തത്. കാലദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്തുനിന്നും മഹാത്മാക്കള്‍ ഒരുപോലെ ചിന്തിച്ചിരുന്നുവെന്നത് ചരിത്രമാണ്. സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളില്‍ ലോകത്തോട് വിടപറയുന്നതുവരെയും ഗുരുവിന്‍റെ ശ്രദ്ധ ഉണ്ടായിരുന്നു. അ ന്ധവിശ്വാസങ്ങളും അനാചാരങ്ങളും പോയാല്‍ മാത്രം പോരാ ജീവിത മാര്‍ഗ്ഗം കൂടി മനുഷ്യനുണ്ടാവണം.  കേരളത്തിലാദ്യമായി ഒരു കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തെപ്പറ്റി ചിന്തിച്ചതും അതു സംഘടിപ്പിക്കുവാന്‍ അനുയായികളെ ഉദ്ബോധിപ്പിച്ചതും ഗുരുവാണ്. 
 
         1905 -ല്‍ എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ രണ്ടാമത് വാര്‍ഷികം കൊല്ലത്തു നടന്നു.  അതിനോടനുബന്ധിച്ചാണ് കേരളത്തിലെ ആദ്യത്തെ കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനം നടന്നത്. ആറാഴ്ചക്കാലം കൊണ്ടാണ് ആ പ്രദര്‍ശനം സംഘടിപ്പിച്ചത്.  കൊല്ലം താമരക്കുളത്തുള്ള വിശാലമായ പ്രദേശത്ത് നടന്ന ആ പ്രദര്‍ശനത്തില്‍ നാട്ടുകാരും യൂറോപ്യന്മാരും ഉള്‍പ്പെടെ അനേകങ്ങള്‍   പങ്കെടുത്തു. 128 പേര്‍ക്ക് മെഡലുകളും സമ്മാനങ്ങളും പ്രശംസാപത്രങ്ങളും നല്കിയതായി ശ്രീനാരായണ ഗുരുവിന്‍റെ ചരിത്രത്തില്‍ ചരിത്രകാരനായ മയ്യനാട് കെ. ദാമോദരന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പ്രദര്‍ശനത്തിന് തിരുവിതാംകൂര്‍ മഹാരാജാവ് 500 രൂപയും  കൊച്ചി- മൈസൂര്‍ രാജാക്കന്‍മാര്‍ 100 രൂപാ വീതവും സംഭാവന നല്കിയിരുന്നു. 
 
         യോഗത്തിന്‍റെ പ്രചരണത്തിനായി നിയമിക്കപ്പെട്ടിരുന്നവര്‍ക്ക് പ്രസംഗിക്കാനായി ഗുരു നല്കിയ  വിഷയങ്ങള്‍ മതം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം എന്നിവയായിരുന്നു.  വ്യവസായം, കൃഷി, കൈത്തൊഴില്‍ ഇവയുടെ കാര്യത്തില്‍ പ്രത്യേകമായ ഊന്നല്‍ നല്കാനും ഗുരുനിര്‍ദ്ദേശിച്ചിരുന്നു.  ഉപജീവനമാര്‍ഗ്ഗത്തിനുള്ള വകയില്ലാതെ ആധുനിക ജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നും ആ കാലഘട്ടത്തില്‍ മറ്റാരേക്കാളും ഗുരുവിനു അറിയാമായിരുന്നുവെന്നാണ് ഇതു കാണിക്കുന്നത്.
 
            ശിവഗിരി തീര്‍ത്ഥാടനം സംബന്ധിച്ച് അദ്ദേഹം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  തീര്‍ത്ഥാടനം എന്നത് പവിത്രമായ ഒരു സ്ഥലത്തേക്ക് മനസുമുഴുവന്‍ അര്‍പ്പിച്ചുകൊണ്ടു നടത്തുന്ന യാത്രയാണ്. ഗുരു ഏറെനാള്‍ ജീവിക്കുകയും അന്ത്യവിശ്രമം കൊള്ളുകയും ചെയ്ത സ്ഥലമാണല്ലോ ശിവഗിരി. അതുകൊണ്ട് അവിടേക്കുള്ള തീര്‍ത്ഥാടനം പവിത്രമാണ്.  തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കൈത്തൊഴില്‍, കച്ചവടം, ശാസ്ത്രസാങ്കേതികപരിശീലനം എന്നീ  വിഷയങ്ങളില്‍ വിദഗ്ദ്ധരായ ആളുകളെ പങ്കെടുപ്പിച്ച് പ്രഭാഷണം നടത്തിക്കുകയും അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും കേട്ടതു പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്താല്‍, ജനത്തിനും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകുമെന്ന് അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ പറഞ്ഞു. തീര്‍ത്ഥാടനത്തിന്‍റെ പേരില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നതുകൊണ്ടോ ഗുരുവിന്‍റെ ദര്‍ശനവും വീക്ഷണവും ഉള്‍ക്കൊള്ളാത്തവര്‍ പ്രസംഗിച്ചതുകൊണ്ടോ അര്‍ത്ഥമില്ല. ഞാന്‍ തീര്‍ത്ഥാടന സ മ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.  ഇത്രയും അച്ചടക്കം പാലിക്കുന്ന ഒരു സദസ്സ് അധികം കണ്ടിട്ടില്ല.  ഗുരുവിന്‍റെ നിര്‍ദ്ദേശം ജനങ്ങള്‍ ശ്രദ്ധിച്ചുവെന്നര്‍ത്ഥം.
 
         തീര്‍ത്ഥാടനത്തിന്‍റെ പ്ലാറ്റിനം ജൂബിലി ഒരു മഹാസംഭവമായി എന്നതില്‍ സംശയമില്ല.  ഗുരുവിനെ അറിയുകയും ഗുരുവിനെ അറിയിക്കുകയും ചെയ്യുക എന്നുള്ളത് ഈ കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ ആവശ്യമാണ്.  ജനാധിപത്യം ശക്തിപ്രാപിച്ച നമ്മുടെ രാജ്യത്തുപോലും മതഭ്രാന്തന്മാര്‍ നടത്തുന്ന ഹിംസയും അതിക്രമങ്ങളും ഒട്ടും കുറവല്ല.  മതത്തെ കൂട്ടുപിടിച്ച് അധികാരത്തിലേറാന്‍  ശ്രമിക്കുന്നവരുടെ  കാലത്താണ് നാം ജീവിക്കുന്നത്.  ലോക ത്തു പലയിടങ്ങളിലും സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും തകര്‍ ത്തുകൊണ്ട് മതത്തിന്‍റേയും വംശീയതയുടേയും പേരില്‍ എത്ര കൂട്ടക്കൊലകളാണ് നടക്കുന്നത്.  ഇവിടെയാണ് മനുഷ്യനെ ഒന്നായി കാണാനുള്ള ശ്രീനാരായണ ദര്‍ശനത്തിന്‍റെ പ്രാധാന്യം നാം കാണുന്നത്. ചൂഷണ രഹിതമായ ഒരു സാമൂഹ്യക്രമത്തില്‍ മാത്ര മേ ഗുരു സങ്കല്‍പ്പിച്ച മാനവികത യാ ഥാര്‍ത്ഥ്യമാകുകയുള്ളൂ.  വിശ്വാസി ക്കും യുക്തിവാദിക്കും ഗുരുദര്‍ശനം സ്വാംശീകരിക്കാം.  ഒരു ജാതി ഒരു മ തം ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞ ഘട്ടത്തില്‍ തന്നെ അദ്ദേഹത്തിന്‍റെ വത്സലശിഷ്യനായ മഹാനായ സഹോദരന്‍ അയ്യപ്പന്‍ 'ജാതി വേണ്ട മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നു പറഞ്ഞപ്പോള്‍ ഗുരു ഒന്നും മറിച്ചു പറഞ്ഞതായി അറിവില്ല.  സ്വാമികളുടെ വേര്‍ പാടിന്‍റെ വേളയില്‍ സഹോദരന്‍ അയ്യപ്പന്‍ അദ്ദേഹത്തിന്‍റെ വാരികയായ സ ഹോദരനില്‍ എഴുതിയ അവസാന ഭാഗം ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കുന്നു.
 
             'സ്വതന്ത്രമായി ചിന്തിക്കുവാനും നവനവമായി കാണുവാനുമുള്ള സ്വാമിയുടെ ശക്തിയാണ് ഒരു പരിഷ്ക്കാര പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന് അത്ഭുതകരമായ വിജയം ഉണ്ടാക്കിയത്.  അദ്ദേഹത്തിന്‍റെ ഈവക ഗുണങ്ങളെ നാം ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാണ്. ഒരു ഭയങ്കര മഹാരണ്യത്തില്‍ കടന്ന് കാടു തെളിക്കുന്ന വേലയോട് സ്വാമിയുടെ സമുദായപരിഷ്ക്കാരത്തേയും മതപരിഷ്ക്കാരത്തേ യും ഉപമിക്കാം.  അദ്ദേഹത്തിന് വെ ട്ടാന്‍ കഴിയാതെയും നോട്ടം എത്താതെയും കാടിന്‍റെ ഭാഗങ്ങള്‍ ഇനിയും കാണും. അതെല്ലാം വേണമെന്നു വച്ച് അദ്ദേഹം നിര്‍ത്തിയിരിക്കുന്നതായി കരുതി കാടുവളര്‍ത്താതെ നാം സൂക്ഷിക്കേണ്ടതാണ്.
         
          മുന്‍ഗാമികള്‍ക്കു അടിമപ്പെടാത്തമാതിരി സ്വതന്ത്രചിന്തകൊണ്ട് അദ്ദേഹം വെട്ടിത്തുറന്നിരിക്കുന്ന വഴികള്‍ അദ്ദേഹത്തെ വച്ചുതന്നെ അടച്ചുകളയാതെ, നാമും സ്വതന്ത്രചിന്തയിലും നവീനദര്‍ശനങ്ങളിലും അദ്ദേഹത്തെ അനുകരിച്ച് അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ കടന്നുപോകാന്‍ ശ്രമിക്കയാണ് നമുക്ക് അദ്ദേഹത്തോട് ചെയ്യാവുന്ന കടമ.'