യോഗം പ്രവര്‍ത്തനങ്ങളില്‍ സംന്യാസി സമൂഹത്തിന്‍റെ സംഭാവന
സച്ചിദാനന്ദ സ്വാമി
ശ്രീനാരായണധര്‍മ്മസംഘം സ്ഥാപിക്കപ്പെട്ട വേളയില്‍ ആരാണ് സംന്യാസി എന്ന ചോദ്യത്തിന് ഗുരുദേവന്‍ നല്‍കിയ നിര്‍വ്വചനം പ്രസിദ്ധമാണല്ലോ. സംന്യാസിയെന്നാല്‍ ത്യാഗി. പരോപകാരാര്‍ത്ഥം പ്രയത്നിക്കുന്നവന്‍'. വേദാന്ത ശാസ്ത്രമനുസരിച്ച് സംന്യാസിക്ക് സര്‍വ്വകര്‍മ്മപരിത്യാഗം വിധിക്കുമ്പോള്‍ ഗുരുദേവനാകട്ടെ കര്‍മ്മാനുഷ്ഠാനത്തെ അധ്യാത്മലാഭത്തിനുള്ള പാതയായിട്ടാണ് ഉപദേശിച്ചത്. ആത്മോപദേശശതകത്തിന്‍റെ ആദിമരൂപമായ ആത്മബോധത്തില്‍-
പ്രിയമപരന്നുവരുന്നതിന്നു ചെയ്യും-
ക്രിയ നിജമായ ഗതിക്കു നന്മ നല്‍കും
അതിനാല്‍
അയലുതഴപ്പതിനായതി പ്രയത്നം-
നയമറിയും നരനാചരിച്ചിടേണം
എന്ന് ഗുരുദേവന്‍ ഉപദര്‍ശനം ചെയ്യുന്നു. ഗുരുദേവന്‍റെ പ്രമുഖ സംന്യസ്തശിഷ്യന്മാരെല്ലാവരും തന്നെ ഗുരുവിന്‍റെ ഈ ദിവ്യോപദേശം ജീവിതദര്‍ശനമാക്കി മാറ്റിയവരാണ്. എസ്. എന്‍. ഡി. പി.യോഗം; കേരളം, തമിഴ്നാട്, കര്‍ണ്ണാടകം, ശ്രീലങ്ക മുതലായ പ്രദേശങ്ങളില്‍ സ്ഥാപിതമായ നിരവധി സഭകള്‍ എന്നിവ കേന്ദ്രീകരിച്ചുകൊണ്ടു ഗുരുവിന്‍റെ സംന്യസ്ത ശിഷ്യന്മാര്‍ നിര്‍വ്വഹിച്ച 'ആര്' ഇല്ലാത്തകര്‍മ്മം എത്രയും പഠനവിഷയമാകേണ്ടതുണ്ട്.
ശ്രീനാരായണതീര്‍ത്ഥര്‍സ്വാമികള്‍
എസ്. എന്‍. ഡി. പി. യോഗം ഒരു ബഹുജനപ്രസ്ഥാനമായി വികാസം പ്രാപിച്ചത് ശ്രീ. ടി. കെ മാധവന്‍ സംഘടനാ സെക്രട്ടറിയായി ചാര്‍ജ്ജെടുത്തതോടു കൂടിയാണല്ലോ. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഏറ്റവും വലിയ സഹായം ലഭിച്ചത് ശ്രീമത് ശ്രീനാരായണതീര്‍ത്ഥര്‍സ്വാമികളില്‍ നിന്നുമാണ്. സംഘടനയ്ക്ക് പുതിയ രൂപവും ഭാവവും നല്‍കിക്കൊണ്ട് അതിനെ വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് ടി.കെ.യുടെ ജീവചരിത്രകാരന്‍ ശ്രീ. പി. കെ. മാധവന്‍ ഇപ്രകാരം എഴുതുന്നു.
'സംഘടനാ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനു മുമ്പായി അതിലേക്കു സ്വാമിതൃപ്പാദങ്ങളുടെ ആശിസ്സും അ നുഗ്രഹവും സമ്പാദിക്കണമെന്ന് മാധവന്‍ നിശ്ചയിച്ചു. അതനുസരിച്ച് സംഘടനാപ്രസ്ഥാനത്തിന്‍റെ പ്രാരംഭക്രിയ സ്വാമിതൃപ്പാദങ്ങളുടെ ദിവ്യസന്നിധിയില്‍ 1102 മകരം 17 നു ശിവഗിരി മഠത്തില്‍ വച്ചു നടന്നു. അന്ന് സി. വി. കുഞ്ഞുരാമന്‍, ശങ്കരന്‍ ചാന്നാര്‍, എ. കെ. ഗോവിന്ദദാസ്, കെ. എം. കൃ ഷ്ണന്‍ വക്കീല്‍, ശ്രീനാരായണതീര്‍ ത്ഥര്‍സ്വാമികള്‍, ചെറുകാലില്‍ കു ഞ്ഞുകൃഷ്ണന്‍, കെ. എന്‍. കുഞ്ഞുകൃഷ്ണന്‍ ബി.എ മുതലായ പ്രവര്‍ത്തകന്മാര്‍ കൂടെ ഉണ്ടായിരുന്നു. സ്വാമി തൃപ്പാദങ്ങള്‍ സംഘടനയ്ക്കു വിജയം ആശംസിച്ചു അന്നു ഒപ്പിട്ട് നല്‍കിയ സന്ദേശം ഇങ്ങനെയാണ്.'
'സംഘടനകൊണ്ടല്ലാതെ യാതൊരു സമുദായത്തിനും അഭിവൃദ്ധിയും ശാന്തിയും ഉണ്ടാകുന്നതല്ല. ഈ തത്വം അനുസരിച്ചാണ് നാം ഇരുപത്തഞ്ചു കൊല്ലങ്ങള്‍ക്കു മുമ്പേ യോഗം സ്ഥാപിച്ചത്. ഈഴവനെന്ന പേര് ഒരു ജാതിയേയോ മതത്തേയോ സൂചിപ്പിക്കുന്നില്ല. അതിനാല്‍ ഈ യോഗത്തില്‍ ജാതി - മതഭേദം നോക്കാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്. ഈ യോഗത്തില്‍ ധാ രാളം അംഗങ്ങള്‍ ചേരട്ടേ എന്നു നാം ആശംസിക്കുന്നു.'
അതിനുശേഷം യോഗാംഗങ്ങള്‍ക്കു കൊടുക്കുന്നതിലേയ്ക്കുള്ള രസീതുബുക്കിന്‍റെ ഒരു പ്രതി സ്വാമിതൃപ്പാദങ്ങള്‍ തൃക്കൈകൊണ്ടെടുത്ത് മാധവന്‍റെ കയ്യില്‍ കൊടുത്ത് അനുഗ്രഹിച്ചു. സംഘടനായത്നത്തില്‍ മാധവനുണ്ടായ അത്ഭുതകരമായ വിജയത്തിനു നിദാനം സ്വാമിതൃപ്പാദങ്ങളുടെ ആ ദിവ്യാനുഗ്രഹം തന്നെയാണെന്നതിന് സംശയമില്ല.
സംഘടനാ പ്രവൃത്തികള്‍ക്കായി ശ്രീ. ടി. കെ. മാധവന്‍ ആദ്യം തെരഞ്ഞെടുത്ത സ്ഥലം കുട്ടനാട് ആയിരുന്നു. ഈ പ്രദേശത്തുള്ള ഭൂരിഭാഗം ജനങ്ങള്‍ തൊഴിലാളികളാണ്. പ്രബലന്മാരും ഭൂസ്വത്തുടമസ്ഥരുമായ ഇതരസമുദായത്തിന്‍റെ കൂടെക്കൂടെയുള്ള മര്‍ദ്ദനങ്ങള്‍ മൂലം അവിടെയുള്ള ഈഴവര്‍ വളരെ വിഷമതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് ഇവര്‍ സംഘടനയുടെ മഹനീയഗുണങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിവുള്ളവരും ആ ഗുണങ്ങള്‍ അനുഭവിക്കുവാന്‍ ആസക്തിയോടു കൂടി കഴിഞ്ഞിരുന്നവരും ആയിരുന്നു. ആ ഘട്ടത്തില്‍ തിരുവിതാംകൂര്‍ മഹായോഗം എന്ന നാമധേയത്തില്‍ കമ്പനി ആക്ടിന്‍ പ്രകാരം, ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമികള്‍ അദ്ധ്യക്ഷനായി നടത്തിക്കൊണ്ടിരുന്നതും 150- ല്‍ പരം യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്ന തും ആയ ആ മഹായോഗത്തെ എസ്. എന്‍.ഡി. പി. സംഘടനയില്‍ ലയിപ്പിക്കണമെന്ന ശ്രീ മാധവന്‍റെ അഭിപ്രായത്തെ സ്വാമികള്‍ അംഗീകരിച്ചു. മാധവനോടൊന്നിച്ച് സ്വാമികള്‍ ഒരു വര്‍ഷക്കാലം സഞ്ചരിച്ചതും സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കു വളരെ സഹായകമായിരുന്നു. കുട്ടനാട്ടില്‍ അന്ന് 24 പ്രാദേശികസഭകള്‍ രജിസ്റ്റര്‍ ചെയ്തു നടന്നു വന്നിരുന്നു. സ്വാമികള്‍ക്ക് ഏറ്റവും സ്വാ ധീനമുണ്ടായിരുന്ന കുട്ടനാട്ടിലെ വെളിയനാട്ടു വച്ചു സ്വാമികളുടെ പ്രത്യേക പരിശ്രമത്തിലാണ് സംഘടനയുടെ പ്രാരംഭയോഗം നടന്നത്.
യോഗം ഇന്നു കാണുന്ന രീതിയില്‍ യൂണിയന്‍, ശാഖാതലങ്ങളിലായി വാര്‍ത്തെടുക്കുന്നതില്‍ ശ്രീ. ടി.കെ മാധവനുള്ള സ്ഥാനം സുവിദിതമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീ. ടി.കെ. മാധവനോടൊപ്പമോ അതിലും ഉപരിയായോ സ്മരിക്കപ്പെടേണ്ട ശ്രീനാരായണതീര്‍ത്ഥര്‍സ്വാമികളുടെ നാമം ഔദ്യോഗിക ചരിത്രഗ്രന്ഥങ്ങളില്‍ ഒന്നി ലും കാണുവാന്‍ സാധിക്കുകയില്ല. 1103 ധനു 1-ാ ം തീയതി ചെങ്ങന്നൂരിലെ ക്യാമ്പ് ഓഫീസില്‍ നിന്നും ശ്രീ. ടി. കെ. മാധവന്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലഘുവിജ്ഞാപനമുണ്ട്. അതില്‍ ചങ്ങനാശ്ശേരി താലൂക്കിലെ എല്ലാ കരകളിലും എസ്. എന്‍. ഡി. പി. യോഗ ശാഖാസ്ഥാപനത്തിന് സഹായിക്കുന്നതിനായി ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമികള്‍ വരാമെന്ന് സമ്മതിച്ചിട്ടുള്ളതായി കൃതജ്ഞതയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുവേണ്ടി സ്വാമികള്‍ 'അഹര്‍ന്നിശം പ്രയത്ന'ത്തില്‍ മുഴുകിയതായി കാണുന്നു. വാര്‍ദ്ധക്യം വിശ്രമത്തിനായി ക്ഷണിക്കുന്നുണ്ടെങ്കിലും 'അയലുതഴപ്പതിനായതിപ്രയത്നം' ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു സ്വാമികള്‍. 'തൃപ്പാദങ്ങളുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടി വളരെയൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ള കര്‍മ്മാശയനാണ് ഈ ത്യാഗിവര്യന്‍' എന്ന് സ്വാമികളുടെ പ്രവര്‍ത്തനശൈലിയെ ശ്രീ. പനമ്പള്ളി അച്യുതന്‍ വിലയിരുത്തിയിട്ടുണ്ട്.
ശ്രീനാരായണതീര്‍ത്ഥര്‍സ്വാമികളുടെ പ്രവര്‍ത്തനമേഖല പ്രധാനമായും മധ്യതിരുവിതാംകൂര്‍ കേന്ദ്രമാക്കിയായിരുന്നു. 1099 മകരമാസത്തില്‍ അന്ന് ബ്രഹ്മചാരി ശ്രീനാരായണദാസായിരുന്ന സ്വാമികള്‍ ചങ്ങനാശ്ശേരിയിലെത്തി. 1088 മുതല്‍ ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 'സദാചാരപ്രകാശിനിയോഗം' എന്ന സംഘടനയുടെ കാര്യദര്‍ശിസ്ഥാനം 1100 ല്‍ സ്വാമികള്‍ ഏറ്റെടുത്തു. സത്യവ്രതസ്വാമികള്‍ ശിലാസ്ഥാപനം ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്ന ആനന്ദാശ്രമത്തിന്‍റെ വികസനത്തിലായി സ്വാമികളുടെ ശ്രദ്ധ. സംഭാവനകള്‍ പിരിച്ചെടുത്തും ഓരോ ഗൃഹങ്ങള്‍ തോറും കെട്ടുതെങ്ങുകള്‍ ഏര്‍പ്പെടുത്തിയും പിടിയരിയും മാസവരിയും ഉള്‍പ്പെടുത്തിയും ഫണ്ടുശേഖരിച്ച് ഇന്നു കാണുന്ന ആനന്ദാശ്രമമെന്ന മനോഹരമായ മന്ദിരം സ്വാമികളുടെ അശ്രാന്തശ്രമഫലമായി ഉയര്‍ന്നുവന്നതാണ്. 1109 ല്‍ മഹാത്മാഗാന്ധിയാണ് ആനന്ദാശ്രമം ഉത്ഘാടനം ചെയ്തത്. ഇതില്‍ നിന്നും സ്വാമികളുടെ സംഘടനാപാടവം ഊഹിക്കാമല്ലോ. 'ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തണ'മെന്ന ഗുരുദേവവചനം സ്വാമികള്‍ പ്രാവര്‍ത്തികമാക്കി. കിഴക്ക് കറുകച്ചാല്‍ മുതല്‍ പടിഞ്ഞാറ് കിടങ്ങറ വരെയും തെക്ക് പൂവം മുതല്‍ വടക്ക് കുറിച്ചിവരെയുമായിരുന്നു സദാചാര പ്രകാശിനിസഭയുടെ പ്രധാന പ്ര വര്‍ത്തനമേഖല. തീര്‍ത്ഥര്‍ സ്വാമികള്‍ ഗൃഹങ്ങള്‍തോറും സഞ്ചരിച്ച് സദാചാരനിഷ്ഠയും , ഈശ്വരവിശ്വാസവും സാ ത്വികമായ ജീവിതശൈലിയും ശ്രീനാരായണീയരില്‍ പ്രതിഷ്ഠാപിതമാക്കി. സ്വാമികളുടെ കര്‍മ്മയോഗനിഷ്ഠയെ ഗുരുദേവന്‍ തന്നെ ആശീര്‍വദിച്ച് അനുഗ്രഹിച്ചു.
1102- ല്‍ ദേശാഭിമാനി ടി.കെ. മാധവന്‍ യോഗത്തിന്‍റെ സംഘടനാസെക്രട്ടറിയായി ചാര്‍ജ്ജെടുക്കുമ്പോള്‍ ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമികള്‍ യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ആനന്ദാശ്രമത്തില്‍ തീര്‍ത്ഥര്‍ സ്വാമികളുടെ കൂടെ താമസിച്ചുകൊണ്ടാണ് ടി.കെ കുട്ടനാടന്‍ പ്രദേശങ്ങളില്‍ സംഘടനാപ്രവര്‍ത്തനം നടത്തിയിരുന്നത്. സ്വാമികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തിരുവിതാംകൂര്‍ മഹാജനസഭയെ എസ്. എന്‍. ഡി. പി. യോഗത്തില്‍ ലയിപ്പിച്ചതിനു ശേഷം അല്പം വൈകിയാണെങ്കിലും സദാചാരപ്രകാശിനി സഭയേയും യോ ഗത്തില്‍ ലയിപ്പിക്കുകയുണ്ടായി. നീലംപേരൂരില്‍ 1-ാം നമ്പര്‍ ശാഖായോഗം സ്ഥാപിതമായതിനാല്‍ ആനന്ദാശ്രമം 1 എ ശാഖായോഗമായി മാറി.
തീര്‍ത്ഥര്‍സ്വാമികളുടെ കര്‍മ്മകാണ്ഡം ആരംഭിച്ചത് കോട്ടയം പാമ്പാടി ശിവദര്‍ശനദേവസ്വം കേന്ദ്രീകരിച്ചായിരുന്നു. ശിവദര്‍ശനദേവസ്വത്തേയും ക്ഷേത്രത്തേയും ഒരു മഹാപ്രസ്ഥാനമായി സ്വാമികള്‍ വളര്‍ത്തിയെടുത്തു. ദേവസ്വത്തിന്‍റെ ആജീവനാന്തപ്രസിഡന്‍റും സ്വാമികള്‍ തന്നെയായിരുന്നു. ഇന്ന് സമീപത്തുള്ള എസ്. എന്‍. ഡി. പി. ശാഖായോഗങ്ങളുടെ കേന്ദ്രീകൃതപ്രസ്ഥാനമാണ് ഈ ക്ഷേത്രവും ദേവസ്വവും. തുരുത്തി, കുറിച്ചി, പെരുന്ന, തൃക്കൊടിത്താനം, കറുകച്ചാല്‍ എന്നീ സ്ഥലങ്ങളിലും ടി.കെ മാധവന്‍റേയും തീര്‍ത്ഥര്‍ സ്വാമികളുടേയും ശ്രമഫലമായി ശാഖായോഗങ്ങള്‍ രൂപീകരിക്കുകയുണ്ടായി. 1103 മകരമാസത്തില്‍ നാഗമ്പടം ക്ഷേത്രാങ്കണത്തില്‍ വച്ച് ഗുരുദേവന്‍റെ തൃ ക്കൈകളാല്‍ 107 ശാഖായോഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കപ്പെട്ടത് ഇപ്രകാരമാണെന്നു ഇന്നത്തെ യോഗപ്രവര്‍ത്തകരില്‍ എത്രപേര്‍ക്കറിയാം.
ഹൈറേഞ്ചിലൂടെ
ഹൈറേഞ്ച് മേഖലയിലെ ശ്രീനാരായണീയര്‍ക്ക് കൊല്ലവര്‍ഷം 1095 മുതല്‍ നേരിട്ട് സജീവ നേതൃത്വം നല്‍ കിയിരുന്നത് സ്വാമികളായിരുന്നു. കാ ഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിലായി ഇന്നു പ്രവര്‍ത്തിക്കുന്ന ഹൈ റേഞ്ച് എസ്.എന്‍. ഡി. പി. യൂണിയനിലെ വിവിധ പ്രദേശങ്ങളുമായി വളരെ അടുത്ത ബന്ധമാണു സ്വാമികള്‍ക്കുണ്ടായിരുന്നത്.
വിജ്ഞാന സംവര്‍ധിനി സഭ എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് സ്വാമികള്‍ അവിടത്തെ സംഘടനാപ്രവര്‍ത്തനം ആരംഭിച്ചത്. മുണ്ടക്കയം കേന്ദ്രീകരിച്ച് വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഈ സഭയ്ക്ക് ജീവനും ഊര്‍ജ്ജവും പകര്‍ന്നു നല്‍കിയത് തീര്‍ത്ഥര്‍ സ്വാമികളായിരുന്നു.
ഹൈറേഞ്ചു മേഖലയില്‍ സ്വാമികള്‍ക്ക് ഉണ്ടായിരുന്ന സ്വാ ധീനവും സ്വാമിയോടു ജനങ്ങള്‍ ക്കുള്ള മതിപ്പും വിശ്വാസവും കൊണ്ടു കൂടിയാണ് , 1102 ല്‍ ആഞ്ഞിലിമൂട്ടില്‍ ചക്കിയമ്മയില്‍ നിന്ന് ഒരേക്കര്‍ ഭൂമി മുണ്ടക്കയം പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് ഗുരുദേവന്‍റെ പേര്‍ക്ക് ദാനമായിക്കിട്ടിയത്. ഇന്ന് 52-ാം നമ്പര്‍ എസ്. എന്‍.ഡി. പി. ശാഖയും ക്ഷേത്രങ്ങളും ഹൈറേഞ്ച് എസ്. എന്‍. ഡി. പി. യൂണിയനും പ്രവര്‍ത്തിക്കുന്നത് ഈ സ്ഥലത്താണ്. ശ്രീനാരായണ ശിഷ്യനായ ഒരു സംന്യാസിവര്യന്‍റെ പ്രവര്‍ത്തനങ്ങളാണ് ഇതിന് നിദാനമായിത്തീര്‍ന്നതെന്ന് അറിയുന്നവര്‍ വിരളമായിരിക്കാം.
തൊടുപുഴയില്‍
തൊടുപുഴ എസ്. എന്‍. ഡി. പി. യൂണിയന്‍ പ്രസിഡന്‍റായും സ്വാമികള്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്വാമികളോടൊപ്പം അന്ന് യൂണിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത് ശ്രീ കുഞ്ഞന്‍ സാറായിരുന്നു. സ്വാമികളുടെ ശ്രമഫലമായി ക്ഷേത്രങ്ങളും ഭജനമഠങ്ങളും നിരവധി സ്ഥാപനങ്ങളും ഉയര്‍ന്നുവന്നു. പ്രഭാഷണങ്ങള്‍, പ്രാര്‍ത്ഥനായോഗങ്ങള്‍,ഗൃഹസന്ദര്‍ശനങ്ങള്‍ വഴി ഈശ്വരീയതയെ ജനഹൃദയങ്ങളിലെത്തിക്കുവാന്‍ സ്വാമികള്‍ സദാകര്‍മ്മനിരതനായിരുന്നു. അദ്ദേഹം കയറാത്ത പാറക്കെട്ടുകളും പരിചയപ്പെടാത്ത വീടുകളും ചവിട്ടി നടക്കാത്ത മലയും ഈ നാട്ടിന്‍പുറത്തില്ല. ആദ്യകാലത്ത് എസ്. എന്‍ ഡി. പി. യോഗത്തിന്‍റെ ശാഖകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി പീരുമേടു മുതല്‍ ചേര്‍ത്തല വരെയുള്ള വിസ്തൃതമായ ഭൂപ്രദേശം മുഴുവന്‍ സ്വാമികള്‍ കാല്‍നടയായി സഞ്ചരിച്ചു പ്രവര്‍ത്തിച്ചിരുന്നു. കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം, മീനച്ചില്‍, ഹൈറേഞ്ച്, പീരുമേട്, തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട മേഖലകളടങ്ങുന്ന മധ്യകേരളം കേന്ദ്രമാക്കിയാണ് തീര്‍ത്ഥര്‍ സ്വാമികള്‍ പ്രവര്‍ത്തിച്ചത്. ഇന്നു ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ പ്രത്യേകിച്ച് എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ ശക്തിദുര്‍ഗ്ഗമെന്ന് വിശേഷിപ്പിക്കാവുന്നത് ഈ പ്രദേശങ്ങളാണ്. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ക്ഷേത്രങ്ങള്‍, ഗുരുദേവമന്ദിരങ്ങള്‍, സ്കൂളുകള്‍, ശാഖാമന്ദിരങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ളത് തീര്‍ത്ഥര്‍ സ്വാമികളാണ്. അതിനുവേണ്ടി അദ്ദേഹം സഹിച്ചിട്ടുള്ള ത്യാഗത്തിന് അതിരില്ല. ആ പ്രവര്‍ത്തനശൈലി നോക്കുക.
ഓരോ പുരയിടത്തില്‍ നിന്നും ഒന്നും കൂടുതല്‍ വസ്തുക്കള്‍ ഉള്ളവര്‍ രണ്ടില്‍ കുറയാതെയും കെട്ടുതെങ്ങു നല്‍കണമെന്നും അതിനു പുറമേ എല്ലാ അംഗങ്ങളും നിര്‍ബന്ധമായും മാസപ്പിരിവു നല്‍കണമെന്നും തീര്‍ ത്ഥര്‍ സ്വാമികള്‍ നിര്‍ദ്ദേശിച്ചു. വിപരീതാഭിപ്രായം ഉള്ളവരുടെ വീട്ടില്‍ ക ടന്നു ചെന്ന് സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ച് ഇക്കാര്യങ്ങള്‍ സമ്മതിപ്പിച്ചു. സാമാന്യം നല്ല സാമ്പത്തിക ശേഷിയുള്ള ഒരു വീട്ടില്‍ നിന്ന് ഒരു കെട്ടു തെങ്ങുപോലും കൊടുക്കാതെ വന്നപ്പോള്‍ സ്വാമികള്‍ ആ വീട്ടില്‍ നിരാഹാരം അനുഷ്ഠിച്ചു സംഘടനയ്ക്കു വേണ്ടി അതു നേടുകയാണുണ്ടായത്.
നിരവധി പ്രസ്ഥാനങ്ങളുടെ ഔ ദ്യോഗികസ്ഥാനങ്ങള്‍ ഒരേ സമയം വഹിച്ചുകൊണ്ടുള്ള നിരന്തരവും നി സ്തന്ദ്രവുമായ സ്വാമികളുടെ പ്രവര്‍ ത്തനം ആരേയും അതിശയപ്പെടുത്താതിരിക്കില്ല. ഓരോ പ്രസ്ഥാനങ്ങളും സ്വാമികളുടെ സാന്നിധ്യവും മാര്‍ഗ്ഗനിര്‍ദ്ദേശവും അത്രയേറെ ആഗ്രഹിച്ചിരുന്നു. 17-ാം വയസ്സില്‍ പാമ്പാടി ശിവക്ഷേത്രത്തിലെ പൂജാരിയായി വന്ന ശ്രീനാരായണദാസ് 72-ാം വയസ്സില്‍ സമാധി പ്രാപിക്കുമ്പോള്‍ ശ്രീനാരായണധര്‍മ്മസംഘത്തിന്‍റെ പരമാധ്യക്ഷനായിരുന്നു. പാമ്പാടി ശിവദര്‍ശനയോഗത്തിന്‍റെ സ്ഥിരാധ്യക്ഷന്‍, ചങ്ങനാശ്ശേരി സദാചാര പ്രകാശിനിസഭയുടെ സെക്രട്ടറി. 120 ല്‍പരം ശാഖകളോടുകൂടിയ തിരുവിതാംകൂര്‍ മഹാജനസഭയുടെ സ്ഥാപകാധ്യക്ഷന്‍, കുമരകം കുമാരമംഗലം ദേവസ്വം പ്രസിഡന്‍റ്- രക്ഷാധികാരി, പാല ഇടപ്പാടി ആനന്ദഷണ്‍മുഖക്ഷേത്രയോഗം പ്രസിഡന്‍റ്, ചെറുകര എസ്. എന്‍. ഡി. പി. സ്കൂള്‍ മാനേജര്‍, തുരുത്തി ശങ്കരപുരം ക്ഷേ ത്രയോഗം പ്രസിഡന്‍റ്, തൊടുപുഴ എസ്. എന്‍. ഡി. പി. യൂണിയന്‍ പ്രസിഡന്‍റ,് നിരവധി ശാഖായോഗങ്ങളുടെ പ്രസിഡന്‍റ്, യോഗത്തിന്‍റെ ദീര്‍ഘകാല ഡയറക്ടര്‍, തുടങ്ങി ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമികള്‍ നിര്‍വ്വഹിച്ച കര്‍മ്മമണ്ഡലം നിര്‍ണ്ണയിക്കുന്നതു ത ന്നെ അസാധ്യം. ഗുരുധര്‍മ്മപ്രചരണാര്‍ ത്ഥം 'നവജീവന്‍' എന്നൊരു ദ്വൈവാര പത്രികയും സ്വാമികള്‍ ദീര്‍ഘകാലം നടത്തിയിരുന്നു. സ്വാമികളുടെ ആയുസ്സും വപുസ്സും കൊ ണ്ട് വളര്‍ന്നുവന്ന പ്രസ്ഥാനങ്ങളില്‍ കുറിച്ചി അദ്വൈത വിദ്യാശ്രമവും സ്കൂളും കഴിച്ചാല്‍ ബാക്കി എല്ലാ സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തിക്കുന്നത് എസ്. എന്‍. ഡി. പി. യോഗത്തി ന്‍റെ കീഴിലാണ്. ശിവഗിരിമഠത്തിന്‍റെ ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ് എന്ന നിലകളിലുള്ളതും രചയിതാവ്, വ്യാ ഖ്യാതാവ്, പത്രാധിപര്‍ തുടങ്ങിയ മേഖലകളിലുള്ളതുമായ അനിതരണസാധാരണങ്ങളായ ഉള്‍ക്കാഴ്ച ഇവയെപ്പറ്റിയൊന്നും ഇവിടെ പ്രതിപാദിക്കുന്നില്ല. ആ ത്യാഗിവര്യന്‍ എസ്. എന്‍. ഡി. പി. യോഗം കേന്ദ്രീകരിച്ചു നിര്‍വ്വഹിച്ച അ റിവില്‍പ്പെട്ട പ്രവര്‍ത്തനങ്ങളെ തെല്ലൊ ന്ന് പ്രതിപാദിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
അദ്ദേഹത്തിന്‍റെ ജീവിതം എന്നെ ന്നും മാതൃകാപരമാണ്. രാപകലെന്യേ ഊണും ഉറക്കവും ഉപേക്ഷിച്ചു സര്‍വ്വസംഗപരിത്യാഗികളായി ഗുരുദേവസേവ നിര്‍വ്വഹിച്ച് വരുന്ന സംന്യാസിമാര്‍ ഏറെയുണ്ടായിട്ടും സംന്യാസിമാര്‍ സമൂഹത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് ചിലരുടെയെങ്കിലും പു ത്തന്‍വെളിപാടുകള്‍. ശാന്തം! പാപം! മഹത്ത്വത്തെ ആരറിയുന്നു.