ഒരു പുതിയ രക്ഷാസൈന്യം
ദിവ്യശ്രീ ബോധാനന്ദ സ്വാമികള്‍
എസ്.എന്‍.ഡി. പി. യോഗത്തിന്‍റെ 23-ാമത് വാര്‍ഷിക സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുവാന്‍ നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തത് ഞാന്‍ സ്വാമിതൃപ്പാദങ്ങളുടെ അനന്തരഗാമി സ്ഥാനത്തില്‍ അഭിഷിക്തനായി എന്നുള്ള വിശേഷം കൊണ്ടാണെന്നു എനിക്കു നല്ലവണ്ണം അറിയാം.
സ്വാമിതൃപ്പാദങ്ങളുടെ പാവനനാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഈ യോഗത്തിനു 23 വയസ്സു തികഞ്ഞിരിക്കുന്നു. നവയൗവ്വനത്തിന്‍റെ സകലപ്രസരിപ്പുകളും നിരങ്കുശമായി പ്രകടിപ്പിക്കുന്നതിനുള്ള പ്രായത്തിലാണ് യോഗം ഇപ്പോള്‍ എത്തിയിരിക്കുന്നത്. യോഗത്തിന്‍റെ വളര്‍ച്ചയ്ക്കൊത്ത് സമുദായത്തിന്‍റെ വളര്‍ച്ചയുണ്ടായിട്ടില്ലാത്തതിനാലാണെന്നു തോന്നുന്നു യോഗപ്രവര്‍ത്തകന്മാര്‍ ആഗ്രഹിക്കുന്ന വേഗത്തിലും ആവശ്യപ്പെടുന്ന ഒതുക്കത്തോടുകൂടിയും സമുദായം മുന്നോട്ട് കടന്നു വന്ന് യോഗോദ്ദേശ്യങ്ങളെ നിറവേറ്റുവാന്‍ വിളംബിക്കുന്നത്. ഈ ശോച്യാവസ്ഥയ്ക്കുള്ള ഹേതുവെന്തെന്നു ചിന്തിച്ചു നോക്കേണ്ടിയിരിക്കുന്നു.
യോഗം ആരംഭിച്ചത് ഏതാണ്ട് കാല്‍ നൂറ്റാണ്ടു മുമ്പാണല്ലോ. അന്നത്തെ സമുദായസ്ഥിതിയും സാമുദായികാദര്‍ശങ്ങളും ഇന്നു തുലോം ഭേദപ്പെട്ടു പോയിരിക്കുന്നു. ജാതിമതാദികാര്യങ്ങളില്‍ ഈഴവര്‍ അന്ന് നിര്‍ബന്ധമുള്ള സമുദായക്കാരായിരുന്നു. മിശ്രഭോജനത്തിന്‍റെയോ മിശ്രവിവാഹത്തിന്‍റെയോ ശബ്ദം അന്ന് ഈഴവര്‍ക്ക് കര്‍ണ്ണശല്യങ്ങളായിരുന്നു. മതസിദ്ധാന്തങ്ങളില്‍ വല്ല സംശയവുമുണ്ടായി അതു പുറത്തു മിണ്ടിപ്പോയാല്‍ അതൊരു മഹാപരാധമായി കരുതി വന്നു. കുടുമ മുറിക്കുന്നത് കുറവായിട്ടു മാത്രമല്ല കുറ്റമായിട്ടും കരുതിവന്നു. മതസ്ഥാപനങ്ങളും മതാചാരങ്ങളും സവര്‍ണ്ണഹിന്ദുക്കളുടെ മൂശയില്‍ത്തന്നെ നാം വാര്‍ത്തെടുത്തു കൊണ്ടിരിക്കുന്നു. ഇങ്ങനെ ലോകത്തുള്ള മറ്റു മനുഷ്യ സമുദായങ്ങളോടൊന്നും തങ്ങള്‍ ലയിക്കാതെയും മറ്റു സമുദായങ്ങളെ തങ്ങളില്‍ ലയിപ്പിക്കാതെയും ഒരു പ്രത്യേക സമുദായമായി കഴിഞ്ഞുകൂടണമെന്നുള്ള ജാതിജഡമായ ബുദ്ധിയും അതിനൊത്ത അഭിപ്രായങ്ങളും ആദര്‍ശങ്ങളുമായിരുന്നു അന്ന് സമുദായത്തിനുണ്ടായിരുന്നത്. അതുകൊണ്ട് അന്നുണ്ടായിരുന്ന SNDP യോഗം ഈഴവസമുദായത്തിന്‍റെ മതം, വിദ്യാഭ്യാസം, ധനസ്ഥിതി, സമുദായാചാരം ഇവയെ പരിഷ്കരിച്ചു നന്നാക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള~ഒരു പ്രത്യേക സാമുദായിക യോഗമായി രജിസ്റ്റര്‍ ചെയ്തതും, ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങള്‍ അങ്ങനെയുള്ള ഒരു യോഗത്തിന്‍റെ സ്ഥിരാദ്ധ്യക്ഷസ്ഥാനം കയ്യേറ്റു പ്രവര്‍ത്തികള്‍ ആരംഭിച്ചതും അത്ഭുതമല്ല.
സ്വാമിതൃപ്പാദങ്ങളുടേയും സമുദായത്തിന്‍റേയും ഇന്നത്തെ സമുദായാദര്‍ശങ്ങളും മതാദര്‍ശങ്ങളും അന്നത്തേതു തന്നെയോ? കഴിഞ്ഞ 25 സംവത്സരകാലത്തിനകം ലോകത്തിന് ആകപ്പാടെ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ അത്ഭുതകരങ്ങളാണ്. തീണ്ടലും തൊടീലും കാരണഭൂതമായ ജാതിയെതന്നെ നശിപ്പിക്കണമെന്ന് സമുദായവും യോഗവും ഇപ്പോള്‍ ആദര്‍ശലക്ഷ്യമായി അംഗീകരിച്ചിരിക്കുന്നു. മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനും ഉത്സാഹം നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കൂട്ടത്തില്‍ ഹിന്ദുമതവിശ്വാസികളും ബുദ്ധമതവിശ്വാസികളും ആര്യസമാജക്കാരും ബ്രഹ്മസമാജക്കാരും ബ്രഹ്മവിദ്യാസംഘക്കാരും ഉണ്ട്. ഇവയെല്ലാറ്റിനേക്കാളും ക്രിസ്തുമതം നന്നെന്നും മുഹമ്മദ്മതം നന്നെന്നും അഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നവരും ഉണ്ട്. വല്ല മതവുംവേണമോ എന്നു സംശയിക്കുന്നവരും ഇല്ലാതില്ല. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ ഇങ്ങേ അറ്റം വിഗ്രഹാരാധന മുതല്‍ അങ്ങേ അറ്റം ബ്രഹ്മജ്ഞാനം വരെയുള്ള ഭിന്നരീതീവിശ്വാസങ്ങള്‍ക്കെല്ലാം മനുഷ്യസമുദായത്തില്‍ ഇടം കൊടുക്കാതെ നിര്‍വ്വാഹമില്ലെന്ന് നിങ്ങള്‍ സമ്മതിക്കുകയും നിങ്ങളുടെ ആ സമ്മതം പ്രവൃത്തിയില്‍ പ്രത്യക്ഷപ്പെടുത്തി തുടങ്ങുകയും ചെയ്തിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നുള്ള മഹാദര്‍ശം സ്വാമിതൃപ്പാദങ്ങള്‍ പ്രഖ്യാപനം ചെയ്തിരിക്കുന്നത്. തൃപ്പാദങ്ങളുടെ ഈ ആദര്‍ശത്തിനു വിരോധം പറയുവാന്‍ ഇതേവരെയുള്ള ഞങ്ങളുടെ പ്രസംഗങ്ങളും പ്രവൃത്തികളും നിമിത്തം നിങ്ങള്‍ക്കു വാദതടസ്സം നേരിട്ടിട്ടുണ്ട്. എന്നാല്‍ തത്ത്വാവധാരണത്തിനുള്ള സംരംഭങ്ങളില്‍ മുമ്പു പറഞ്ഞതും ചെയ്തതുമൊന്നും വാദതടസ്സമായി തീരുവാന്‍ പാടുള്ളതല്ല.
അതിനാല്‍ ഈ 'ഒരു ജാതി ഒരു മതം' എന്നുള്ള പ്രമാണത്തില്‍ അടങ്ങിയിരിക്കുന്ന തത്വത്തേയും ആ തത്വത്തിന്‍റെ പ്രായോഗികതയേയും കുറിച്ച് നാം സാവധാനമായി ചിന്തിച്ചു നോക്കുവാനുള്ളതാകുന്നു.
ഒരു ജാതി
ബഹുകോടി ജനങ്ങള്‍ക്കിടയില്‍ ഇന്നു പ്രചാരത്തില്‍ ഇരിക്കുന്നത് ക്രിസ്തുമതം, ബുദ്ധമതം, മുഹമ്മദ് മതം, ഹിന്ദു മതം എന്നിവയാകുന്നു. എല്ലാറ്റിലും വച്ച് ജനസംഖ്യ കുറഞ്ഞ ഹിന്ദുമതത്തിന് ഇന്ന് 25 കോടി ജനങ്ങളുണ്ട്. നൂറില്‍പ്പരം കോടികളുള്ള ശേഷം മൂന്നുമതക്കാരും ജാതിവിഭാഗം അംഗീകരിക്കാത്ത മതക്കാരാകുന്നു. ജാതിവിഭാഗം അംഗീകരിച്ചിരിക്കുന്ന ഏകമതക്കാര്‍ ഹിന്ദുമതക്കാര്‍ മാത്രമാണ്. പരിശുദ്ധമായ ഹിന്ദുമതത്തില്‍ ജാതിയില്ലെന്നു പ്രഖ്യാപനം ചെയ്യുന്ന പണ്ഡിതന്മാര്‍ ഇപ്പോഴും ഉണ്ട്. അവര്‍ പറയുന്നതായിരിക്കാം ശരി. പരിശുദ്ധമായ ഹിന്ദുമതക്കാരില്‍ ജാതിയുണ്ടെന്നുള്ളതിനു സംശയമില്ല. ഹിന്ദുമതത്തേക്കാള്‍ സംഖ്യയിലും ശക്തിയിലും പ്രചാരത്തിലും മികച്ചു നില്‍ക്കുന്ന മറ്റു മൂന്നു മതങ്ങളിലും ഇല്ലാത്തതാണെന്നും വേണ്ടാത്തതാണെന്നും പ്രഖ്യാപനം ചെയ്യുവാന്‍ നാം ലേശം മടിച്ചിട്ടാവശ്യമല്ല. 'മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ' എന്ന സ്വാമിതൃപ്പാദങ്ങളുടെ പ്രമാണം ഈ വിഷയത്തില്‍ നമ്മുടെ വിശ്വാസപ്രമാണമായിത്തീരട്ടെ.
ഒരു മതം
ഒരു മതമെന്നുള്ള സ്വാമിതൃപ്പാദങ്ങളുടെ ആദര്‍ശവാക്യം മേല്‍പ്പറഞ്ഞ നാലുമതക്കാരും സമ്മതിക്കുന്നതല്ല. അതിനാല്‍ ഈ ഏകമതാദര്‍ശം കേവലം തൃപ്പാദങ്ങളുടെ ഒരു ദിവാസ്വപ്നമാണെന്നും അങ്ങനെ ഒരു കൃതയുഗാവസ്ഥ കലിമുറ്റി വരുന്ന ഭാവിയില്‍ സംഭാവ്യമല്ലെന്നും സംശയിക്കുന്നവര്‍ ധാരാളമുണ്ടെന്നും എനിക്കറിയാം. അതിനാല്‍ ഈ വിഷയത്തെ അല്പമൊന്നു വിവരിച്ചു പറയേണ്ടിയിരിക്കുന്നു. ലോകത്ത് ഇന്നു പരിഷ്കാരലക്ഷണങ്ങളായി കാണുന്നവയെല്ലാം ഓരോ കാലത്ത് ബുദ്ധിമാന്മാരായി ജീവിച്ചിരുന്ന ശാസ്ത്രജ്ഞന്മാരുടേയും തത്വചിന്തകന്മാരുടേയും ദിവാസ്വപ്നങ്ങള്‍ ഫലത്തില്‍ വന്നവതന്നെയാണ്. കമ്പിയില്ലാതെ തന്നെ കമ്പിത്തപാല്‍ അയക്കാം എന്നും, ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ പ്രസംഗങ്ങളും ലണ്ടന്‍ തീയറ്ററിലെ നാടകാഭിനയവും ബ്രോഡ്കാസ്റ്റിംഗ് വഴിയായി കൊളമ്പിലും കല്‍ക്കത്തയിലുമുള്ള അവരവരുടെ ബംഗ്ലാവിലിരുന്നു കേട്ടു രസിക്കാമെന്നും ഒരിക്കല്‍ ദിവാസ്വപ്നം കണ്ടിരുന്നത് ഇന്ന് യഥാര്‍ത്ഥസംഭവങ്ങളായിത്തീര്‍ന്നില്ലേ? അതുപോലെ ആ ദിവാസ്വപ്നവും ഫലിച്ചേ തീരൂ.
ഭൂഗോള സമാധാനത്തിന് വിഘ്നകാരികളായി പ്രാചീനകാലം മുതല്‍ക്കേ നിലനിന്നുവരുന്ന മൂന്നു കലഹങ്ങളുണ്ട്. അവ രാഷ്ട്രം നിമിത്തവും , മതം നിമിത്തവും , ജാതി നിമിത്തവുമുള്ള കലഹങ്ങളാകുന്നു. മലയില്‍ നിന്ന് ഉത്ഭവിക്കുന്ന നദികള്‍ പല വഴിക്കാണ് ഒഴുകുന്നതെങ്കിലും എല്ലാം അവസാനം കടലില്‍ ചെന്നു വീഴുന്നതുപോലെ മതങ്ങളും പല വഴിക്കൊഴുകി അവസാനം പ്രാപ്യസ്ഥാനത്ത് ചെന്നെത്തുക തന്നെ ചെയ്യുന്നു എന്ന് ഹിന്ദുസ്ഥാനിലെ ഋഷീശ്വരന്മാര്‍ പ്രഖ്യാപനം ചെയ്തിട്ട് നൂറ്റാണ്ടുകള്‍ എത്ര കഴിഞ്ഞു? ഈ ഋഷിവചനങ്ങള്‍ കേവലം ദിവാസ്വപ്നമോ? വാസ്തവസ്ഥിതി സൂക്ഷ്മമായി അറിഞ്ഞിട്ടുള്ള തത്വപ്രതിപാദനമോ? വാസ്തവ തത്വപ്രതിപാദനം തന്നെയെന്നുള്ളതിന് സംശയമില്ല. സ്വാമിതൃപ്പാദങ്ങളുടെ സ്വപ്നം ഫലിക്കുവാന്‍തക്ക കാലസ്ഥിതിയില്‍ അനുകൂലമായിത്തീര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസവും ശാസ്ത്രജ്ഞാനവും വേദപാരായണവും അനുഗൃഹീതരായ ചിലര്‍ക്ക് മാത്രമേ ആകാവൂ എന്നുള്ള കാലം കഴിഞ്ഞിരിക്കുന്നു. അച്ചടിയന്ത്രത്തിന്‍റേയും കമ്പിത്തപാലിന്‍റേയും വര്‍ത്തമാനപത്രങ്ങളുടേയും സിനിമാപ്രദര്‍ശനങ്ങളുടേയും മായാദീപങ്ങളുടേയും സഹായത്താല്‍ വിദ്യയും, വിജ്ഞാനവും വിദ്യുച്ഛക്തി വേഗത്തില്‍ ലോകത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. മതങ്ങളെ ഹസ്താവലംബനം ചെയ്ത് രാഷ്ട്രങ്ങളും രാഷ്ട്രങ്ങളെ ഹസ്താവലംബനം ചെയ്തു മതങ്ങളും ലോകത്തില്‍ കലഹരുചി നിലനിര്‍ത്തിപ്പോന്ന കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മനുഷ്യരുടെ പൊതുവായ അഭിവൃദ്ധിക്കും സമാധാനത്തിനും ഉപയുക്തമായ വിധം നിലനില്‍ക്കുവാന്‍ യോഗ്യങ്ങളായ മതങ്ങള്‍ തഴച്ചു വളരുകയും ശേഷമെല്ലാം ഉണങ്ങിവരണ്ട് കാറ്റത്ത് കരിയില പോ ലെ പറക്കുകയും ചെയ്യും. സര്‍വ്വരാജ്യസഖ്യം കൊണ്ടേ രാജ്യകലഹങ്ങള്‍ അവസാനിച്ച് ലോകത്തില്‍ സമാധാനം നിലനില്‍ക്കുകയുള്ളുവെങ്കില്‍, സര്‍വ്വമതസഖ്യം കൊണ്ടേ മതകലഹങ്ങള്‍ അവസാനിച്ച് ലോകത്തില്‍ സമാധാനവും ഉണ്ടാവാന്‍ വഴി കാണുന്നുള്ളൂ. മതകലഹങ്ങളെക്കുറിച്ച് വളരെനാള്‍ മുമ്പേ തന്നെ ശ്രീനാരായണഗുരുതൃപ്പാദങ്ങള്‍ ഇങ്ങനെയാണ് അരുളിചെയ്തിട്ടുള്ളത്.
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ
ന്നൊരുമതവും പൊരുതാലൊടുങ്ങുവീല
പലമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതുപൊലിഞ്ഞിടുമെന്നബുദ്ധി-
വേണം
ഒരിക്കലും പൊരുതിയാല്‍ ഒടുങ്ങാത്ത ഈ പോരില്‍ നിന്നു നമ്മേയും നാം വഴിയായി ലോകത്തേയും വിരമിപ്പിക്കുന്നതിനു വേണ്ടി തന്നെയാണ് സ്വാമി തൃപ്പാദങ്ങള്‍ അവിടുത്തെ ഏകമതാദര്‍ശം നമ്മുടെ അംഗീകരണത്തിന്നായി പ്രഖ്യാപനം ചെയ്തിരിക്കുന്നത്. ആദര്‍ശം ഉല്‍കൃഷ്ടം തന്നെയാണെങ്കിലും സാധാരണ ജനങ്ങളുടെ നിത്യജീവിതത്തില്‍ ഇതു പ്രായോഗികമായി തീര്‍ക്കുന്നത് എങ്ങനെയെന്നു സംശയിച്ചേക്കാം. യോഗത്തിന്‍റേയും സ്വാമി തൃപ്പാദങ്ങളുടേയും ഇതേവരെയുള്ള പ്രവൃത്തികളേയും യോഗനിബന്ധനയേയും നിങ്ങള്‍ സൂക്ഷിച്ചു നോക്കാത്തതും യോഗപ്രവര്‍ത്തകന്മാര്‍ തെളിയിക്കുന്ന വഴിയില്‍ക്കൂടി യോഗാംഗങ്ങളും സമുദായവും നടക്കാത്തതും നിമിത്തമാണ് ഈ സംശയം നിങ്ങളെബാധിച്ചിരിക്കുന്നത്.
ഒരിക്കല്‍ സ്വാമിതൃപ്പാദങ്ങള്‍ പുലയരുടെ ഒരു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പുലയര്‍ പണമില്ലാത്ത പാവപ്പെട്ട ഒരു സമുദായമാണെന്ന് അതിലൊരാള്‍ പ്രസംഗിച്ചു. തൃപ്പാദങ്ങള്‍ അവരോട് അരുളിചെയ്തത് 'നിങ്ങള്‍ പണമില്ലാത്തവരെന്നു പറഞ്ഞതു ശരിയല്ല. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പണം. ' പണിയെടുക്കുന്നവര്‍ക്ക് പണമുണ്ടാവും. പക്ഷെ അത് നിങ്ങള്‍ സൂക്ഷിക്കണം. തൃപ്പാദങ്ങള്‍ അരുളിചെയ്തത് സത്യമല്ലയോ?
തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകള്‍ ഭാരതാംബേ!
താണുകിടക്കുന്നു നിന്‍ കുക്ഷിയില്‍ ചാണ
കാണാതെ ആറേഴുകോടിയിന്നും.
എന്നു നമ്മുടെ മഹാകവി പറഞ്ഞത് നാം നിത്യം സ്മരിക്കണം. ഈ ആറേഴുകോടി രത്നങ്ങള്‍ നമ്മുടെ രത്നങ്ങളാണ്. അതു തേച്ചുമിനുക്കി എടുക്കേണ്ടത് നമ്മളാണ്. പക്ഷേ പാറയില്‍ ഉരച്ചല്ല അവരെ തേച്ചു മിനുക്കേണ്ടത്. നമ്പൂരി ചേര്‍ന്നാല്‍ നമ്പൂരി ജാതി. പറയന്‍ ചേര്‍ന്നാല്‍ പറയന്‍ ജാതി. നമ്മുടെ ജാതി എന്തെന്നു ചോദിച്ചാല്‍ നമുക്ക് ഒരു സംശയവും വേണ്ട, നാം മനുഷ്യജാതി തന്നെ. മനുഷ്യജാതിയില്‍ എല്ലാ മതങ്ങള്‍ക്കും സ്ഥാനമുണ്ട്. മതവിശ്വാസത്തെ സംബന്ധിച്ച നമ്മുടെ ആദര്‍ശം വ്യക്തിസ്വാതന്ത്ര്യമാകുന്നു. എല്ലാ മതങ്ങളും മനുഷ്യരെ നല്ലതാക്കാന്‍ മഹാത്മാക്കള്‍ അവതരിപ്പിച്ച മാര്‍ഗ്ഗങ്ങളാണ്. എല്ലാ മതങ്ങള്‍ക്കും ഓരോ പ്രകാരത്തില്‍ മനുഷ്യനെ നന്നാക്കാന്‍ ശക്തിയുണ്ട്. നമുക്കു എല്ലാ പ്രകാരത്തിലും നന്നാകണം. അതുകൊണ്ട് എല്ലാ മതങ്ങളും ആവശ്യം തന്നെ.
സംഘടന, സമ്പത്ത്, സരസ്വതീ പൂജ ഈ മൂന്നു സകാരങ്ങളാണ് ഇന്നു ലോകത്തെ ഭരിക്കുന്നത്. സംഘടനകൊണ്ട് സാമ്രാജ്യങ്ങള്‍ കീഴടക്കാമെന്ന് ഈസ്റ്റിന്ത്യാ കമ്പനിക്കാര്‍ സംഘടനയില്ലാത്ത നമ്മുടെ സാമ്രാജ്യം പിടിച്ചടക്കി തെളിയിച്ചിരിക്കുന്നു. യോഗസ്ഥാപനം കൊണ്ട് സംഘടന തന്നെയാണ് സ്വാമിതൃപ്പാദങ്ങള്‍ നമുക്ക് ആദ്യമായി പ്രവൃത്തിരൂപേണ ഉപദേശിച്ചു തന്നത്. നമുക്ക് ആരുടേയും സാമ്രാജ്യം പിടിച്ചടക്കണ്ട. സംഘടനയില്ലാത്ത തരം നോക്കി നമ്മുടെ സാമ്രാജ്യം ആരും കയ്യേറാതെ സൂക്ഷിച്ചു കൊണ്ടാല്‍ മതി. നമ്മുടെ ഗൃഹത്തേയും സമുദായത്തേയും നമുക്ക് തന്നെ ഭരിക്കണം. സംഘടന തന്നെയാണ് സമ്പത്തിനേയും സഞ്ചയിക്കുന്നത്. എന്നാല്‍ സംഘടനയും സമ്പത്തും ഉണ്ടാകണമെങ്കില്‍ ബാല്യം മുതല്‍ക്കേ നിരന്തരമായ സംരസ്വതീപൂജ സ്ത്രീപുരുഷഭേദമെന്യേ നടത്തണം. ശാരദാപ്രതിഷ്ഠകൊണ്ട് സങ്കല്‍പ്പ രൂപമായി സ്വാമി തൃപ്പാദങ്ങള്‍ അതും നമുക്ക് കാണിച്ചു തന്നു. ജാതിബാധയാല്‍ പീഡിതരായ മനുഷ്യരെല്ലാം നമ്മോടു ചേരട്ടെ. ഈ വിധത്തില്‍ നമുക്ക് ശക്തിയും ലോകത്തിന് ശാന്തിയും വര്‍ദ്ധിപ്പിക്കുവാന്‍ ശ്രീനാരായണപരമഹംസന്‍റെ കൊടിക്കീഴില്‍ ഒരു പുതിയ രക്ഷാസൈന്യമായി അണിനിരന്നു പുറപ്പെടാം.