ഗുരുദേവസൂക്തത്തിന്‍റെ വഴിയില്‍
ഡോ. എം. ലീലാവതി


         അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം എന്നതുപോലെ അര്‍ത്ഥവത്തും ആചരിക്കുവാന്‍ അസാധ്യമല്ലാത്തതുമായ മറ്റൊരു ഉപദേശം ഉണ്ടെന്നു തോന്നുന്നില്ല. അയലുതഴപ്പതിനായി പ്രയത്നിക്കുക, അയലിന്ന് അഴലുണ്ടാക്കാന്‍ ശ്രമിക്കാതിരിക്കുക, ഇതു ഏറെക്കുറെ ആര്‍ക്കും സാധ്യമാണ്. തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന ഉപദേശം വിശ്വേത്തരമാണെങ്കിലും സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ പ്രയോഗിക്കാന്‍ എളുപ്പമല്ല. എന്നാല്‍ അയല്‍ക്കാരനോട് അസൂയപ്പെടാതെ അയാള്‍ക്കുണ്ടാകുന്ന ഉത്ഘര്‍ഷത്തില്‍ സന്തോഷിക്കാനും അയാളുടെ ഉത്കര്‍ഷത്തിന്ന് തന്നാലാവുന്നത് ചെയ്യാനും ആര്‍ക്കും കഴിയും.

 
         നാം നമ്മുടെ സുഖത്തിനു വേണ്ടി ചെയ്യുന്നതെന്തോ അതുകൊണ്ട് അപരന്നും എന്തെങ്കിലും ഗുണമുണ്ടാവണമെന്ന ഉപദേശവും ഇപ്രകാരമാണ്. നാം ഭക്ഷണം കഴിച്ചാല്‍ അപരന്നു വിശപ്പു മാറുകയില്ല. നാം ഉറങ്ങിയാല്‍ അപരന്ന് അതുകൊണ്ടുണ്ടാകുന്ന വിശ്രാന്തി അനുഭവപ്പെടുകയില്ല. അതിനാല്‍ അത്തരം അര്‍ത്ഥങ്ങള്‍ ഗുരുവിന്‍റെ ഉപദേശത്തിന് കല്‍പ്പിക്കേണ്ടതില്ല.


         അയല്‍ക്കാരന്‍ പട്ടിണിയിലാണെങ്കില്‍ നമുക്കുള്ളതിന്‍റെ ഒരു പങ്ക് അയാള്‍ക്കു കൊടുക്കാന്‍ വേണ്ടുന്ന സന്നദ്ധത ആര്‍ക്കും ശ്രമിച്ചാല്‍ വളര്‍ത്തിയെടുക്കാം. അതുപോലെ, ജീവിതവൃത്തിയേയും രൂപപ്പെടുത്താം. അധ്യാപനം, സാഹിത്യവിചിന്തനം മുതലായ ജീവിതവൃത്തികളാണ് എനിക്ക് കൈവന്നത്. അവകൊണ്ട് അപരര്‍ക്ക് സുഖമുണ്ടാവണം എന്നല്ലാതെ ദുഃഖമുണ്ടാവണം എന്ന് ഞാന്‍ ആഗ്രഹിക്കാറില്ല. അധ്യാപനം വിദ്യാര്‍ത്ഥികള്‍ക്ക് ഹിതകരവും സുഖകരവുമാവണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവ ദുഃഖകരവും ദ്രോഹവുമായി മാറിയ സന്ദര്‍ഭങ്ങളുണ്ടോ എന്ന് പറയേണ്ടത് വിദ്യാര്‍ത്ഥികളാണ്.

 
         എനിക്കു പറയാവുന്നത് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മാത്രമാണ്. അതുപോലെ സാഹിത്യവിചിന്തനത്തിലേര്‍പ്പെടുമ്പോള്‍ അന്യനെ അ തുകൊണ്ടു ദുഃഖിപ്പിക്കണമെന്ന് കരുതാറില്ല. നല്ലതു പറയാനുള്ളപ്പോള്‍ അ ത് ഉദാരതയോടെതന്നെ പറയുക. അ ത്ര നല്ലതൊന്നും പറയാനില്ലാത്തപ്പോള്‍ ഒന്നും പറയാതിരിക്കുക. ഇതാണ് ഞാന്‍ കൈക്കൊള്ളാറുള്ള നയം. ഇത് ഭീരുത്വം കൊണ്ടാണെന്നും സത്യം പറയാനുള്ള ചങ്കൂറ്റമില്ലാഞ്ഞിട്ടാണെന്നും ആരോപണങ്ങളുണ്ടാകാറുണ്ട്. അവയെ ഗൗനിക്കാറില്ല. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ രചയിതാക്കളുടെ വഴി ശരിയല്ല എന്ന് എനിക്ക് അഭിപ്രായമുള്ളപ്പോള്‍, ജീവിച്ചിരിക്കുന്നവരാണെങ്കില്‍, പേരൊന്നും എടുത്തു പറയാതെ സാ മാന്യനിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് ആ വഴിയിലൂടെ പോയി പിഴ പറ്റാവുന്ന ഭൂരിപക്ഷത്തിന്‍റെ ഹിതം മുന്‍നിര്‍ത്തിയിട്ടാണ്. എന്നാല്‍പ്പോലും നിവൃത്തിയുണ്ടെങ്കില്‍ ജീവിച്ചിരിക്കുന്നവരെ ദുഃഖിപ്പിക്കുന്ന തരത്തില്‍ വാക്കുകൊണ്ട് അമ്പെയ്യുക പതിവില്ല. ഭൂതകാലത്തിന്‍റെ കാര്യത്തില്‍, നിശിതമായി വിമര്‍ശിക്കാന്‍ മടിക്കാറുമില്ല.
ഞാന്‍ വിശ്വസിക്കുന്ന സാഹിത്യതത്ത്വങ്ങള്‍ വിശദീകരിക്കാന്‍ ഗതകാലത്തിലെ കൃതികളുടെ അപഗ്രഥനം ഉപകരണമാക്കുമ്പോള്‍ ശരിയെന്നു തോന്നുന്നതു മുഴുവന്‍ പറയാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കാറുണ്ട്. സമകാലരചനകളിലാണെങ്കില്‍ വ്യക്തിപരാമര്‍ശം കൂടാതെ തത്ത്വങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിക്കും. എന്നിട്ടും പരിഭവിച്ചു പ്രതികരിക്കുന്നവരോട്, ഒഴിവാക്കാന്‍ വയ്യാത്ത സന്ദര്‍ഭങ്ങളില്‍  മാത്രമേ മറുപടി പറയാറുള്ളൂ. പ്രായേണ രചയിതാക്കള്‍ മൃദുലഹൃദയരാണ്. പുഷ്പാര്‍ച്ചന സന്തോഷത്തോടെ സ്വീകരിക്കും പ നിനീര്‍പൂവിന്‍റെ തണ്ടിലുള്ള ഒരു മുള്ളുകൊണ്ട് പോറലേറ്റാല്‍ പൊറുക്കുകയില്ല. 
നവാഗതരുടെ രചനകള്‍ സമ്പൂര്‍ണ്ണ വിജയമാകുക എവിടെയും പതിവില്ല. വല്ലതുമൊരു വൈകല്യം കണ്ടുപോയാല്‍ ഉടനെ ഇതിന്നു പത്രത്താളിലല്ല ചവറ്റുകൊട്ടയിലാണ് സ്ഥാനം എ ന്നൊക്കെ പ്രഖ്യാപിക്കുന്നത് ക്രൂരതയാണെന്ന അഭിപ്രായമുള്ളതുകൊണ്ട് ആവുംവിധം പ്രോത്സാഹനം നല്‍ കുന്ന രീതിയില്‍ നന്മയും മേന്മയും ക ണ്ടെടുത്തു കൊണ്ടാടാന്‍ യത്നിക്കും. ഇതിനു പ്രമാണം ശ്രീനാരായണഗുരുവിന്‍റെ മേലുദ്ധരിച്ച മഹിത വാക്യമാണ്.