പുരാണ പുരുഷനെത്തേടി
ബി.എസ്. വസന്തകുമാരി

         മാത്രകളാകുന്ന ആരക്കാലുകള്‍ ഘടിപ്പിച്ച ചക്രങ്ങളുള്ള സമയരഥത്തില്‍ പ്രപഞ്ചം അനാദിയായി ഉരുണ്ടുകൊണ്ടേയിരിക്കുന്നു. കാലചക്രം തിരിയുമ്പോള്‍ അനന്തകോടി ബ്രഹ്മാണ്ഡങ്ങള്‍ ആവിര്‍ഭവിക്കുകയും തിരോഭവിക്കുകയും ചെയ്യുന്നു. സമയരഥത്തിലെ സഞ്ചാരിയായ അഹന്ത പേറുന്ന മനുഷ്യനും പുതുമ തേടി പ്രയാണം ചെയ്യുകയാണ്. വിഷയരാഗലോലനായ രഥസഞ്ചാരിയെ ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ രമ്യങ്ങളായ വിഷയങ്ങളുടെ മേച്ചില്‍പ്പുറങ്ങളിലേക്ക് വലിച്ചുകൊണ്ടു പോകുന്നു.  നേടിയതും അനുഭവിച്ചതുമായവ കൊണ്ടൊന്നും തൃപ്തമാകാത്ത  മനുഷ്യമനസ്സുകള്‍ അത്ഭുതങ്ങള്‍ നിറഞ്ഞ ആകാശത്തിന്‍റെ അനന്തസീമകളിലേക്ക് കുതിച്ചുയരാനും പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ  ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ സുഖമനുഭവിക്കാനും വെമ്പല്‍കൊള്ളുകയാണ്. ഇന്നു കിട്ടുന്ന സുഖഭോഗ വസ്തുക്കളൊന്നും മനസ്സിന് ശാന്തിയും സമാധാനവും നല്‍കാന്‍ പര്യാപ്തങ്ങളല്ലെന്ന് സാരം!

         പ്രപഞ്ചതാളം ശ്രദ്ധിച്ചാല്‍ മനസ്സിലാകും ചാക്രികമായാണ് സകലതും നടക്കുന്നതെന്ന.് ദിനരാത്രങ്ങളും ഋതുക്കളുമെല്ലാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് അനുഭവപ്പെടുന്നവയാണ്. ജീവിതരീതികളിലും ആവര്‍ത്തനങ്ങളുടെ നിഴലാട്ടം ദൃശ്യമാണ്.


         ആവര്‍ത്തനങ്ങളെല്ലാം ക്രമേണ വിരസതയിലേക്കാണ് ചെന്നെത്തുന്നത്. അതുകൊണ്ടാണ് മനുഷ്യമനസ്സുകള്‍ പുതുമ തേടി പരക്കം പായുന്നത്. ഒരു മാറ്റത്തിന് വേണ്ടി ആഗ്രഹിക്കാത്തവരില്ലല്ലൊ. 


         ആവര്‍ത്തന വിരസത ഒഴിവാക്കാനായി നാം മാറ്റം ആഗ്രഹിക്കുകയും സ്വയമേവ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ ചില മാറ്റങ്ങളെ അംഗീകരിക്കാന്‍ നാം തയ്യാറാകുന്നില്ല. അനുകൂലമായവയിലുള്ള മാറ്റങ്ങളെ മനുഷ്യന്‍  പൊതുവേ ഇഷ്ടപ്പെടാറില്ല. നമ്മുടെ അധീനതയിലുള്ളവയെന്ന് നാം കരുതുന്നവ അധീനതയിലല്ലാതാകുമ്പോള്‍ നമുക്ക് നിരാശയും ദുഃഖവുമുണ്ടാകും. അത്തരം മാറ്റങ്ങളെ നാം പ്രതിരോധിക്കാന്‍ ശ്രമിക്കും. എല്ലാത്തരം മാറ്റങ്ങളും പ്രപഞ്ചത്തിന്‍റെ സ്വഭാവമാണ്, പ്രപഞ്ചത്തിന്‍റെ ആകെ വ്യവസ്ഥയുടെ  ഭാഗമാണ്. അതുകൊണ്ട് തന്നെ  അത് അനിവാര്യമാണ് എന്നറിഞ്ഞാല്‍ അവയെ അംഗീകരിക്കാനുള്ള വിമുഖത സ്വയം വിട്ടൊഴിയും. ബാഹ്യമോടിയ്ക്കായി സുഖപ്രതീക്ഷകൊണ്ട് മാറ്റങ്ങള്‍ക്കു പിന്നാലെ പോകുമ്പോഴും അടിസ്ഥാനപരമായ ചിലകാര്യങ്ങളില്‍ നാം  മാറ്റം ആഗ്രഹിക്കുന്നില്ല എന്നുള്ളതു മാറ്റത്തിനു വിധേയമല്ലാത്ത ഒരന്തസത്ത നമ്മിലുണ്ട് എന്നതിന്‍റെ തെളിവാണ്. മാറ്റത്തിന് വിധേയമല്ലാത്ത നമ്മിലെ സത്ത തന്നെയാണ് നമ്മുടെ ഉള്ളം നിറഞ്ഞുകവിഞ്ഞ് ശരീരത്തിനു വെളിയിലേക്കു വ്യാപിച്ച് പ്രപഞ്ചസീമയും കടന്ന് വിലസുന്നത്. ഇതു തന്നെയാണ് അകവും പുറവും തിങ്ങി നിറഞ്ഞിരിക്കുന്ന 'ദൈവം' .


         തന്‍റെ സത്തയും ദൈവത്തിന്‍റെ സത്തയും ഒന്നുതന്നെയാണെങ്കില്‍ , താനും ദൈവവും ഒന്നു തന്നെയാണെങ്കില്‍, ദൈവത്തിന്‍റെ ശക്തിയും പ്രഭാവവും എന്തുകൊണ്ടു തന്നില്‍ പ്രകടമാകുന്നില്ല എന്നൊരു സംശയം സ്വാഭാവികമയുണ്ടാവാം. അതിനുള്ള ഉത്തരം സത്യദര്‍ശികള്‍ തന്നെ നമുക്ക് പറഞ്ഞു തന്നിരിക്കുന്നു. പ്രപഞ്ചവിഷയങ്ങളില്‍ ചിലതിനോടൊക്കെ നാം സംഗബദ്ധരായിരിക്കുന്നു. ഞാനെന്നും എന്‍റേതെന്നുമുള്ള അഹന്തയും മമതയും നമ്മെ പിടികൂടിയിരിക്കുന്നു. ഇവ നമ്മുടെ സ്വസ്ഥത കെടുത്തുന്നതായതുകൊണ്ട് അഹന്തയെ ഏതു വിധേനയും ഒഴിച്ചുമാറ്റാനാണ് ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുള്ളത്. അഹന്ത നമ്മെ വിട്ടൊഴിയുന്ന അവസരത്തില്‍ത്തന്നെ നമുക്ക് ഈശ്വരദര്‍ശനമുണ്ടാകുമെന്നാണ് സത്യദര്‍ശികളുടെ അഭിപ്രായം.


         അഹന്ത (ഞാനെന്ന ഭാവം) വിട്ടകലാന്‍ ഈ പ്രപഞ്ചസംവിധാനത്തില്‍ തന്‍റെ പങ്കിനെക്കുറിച്ച് ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ മാത്രം മതിയാകും. തന്‍റെ നിയന്ത്രണത്തില്‍പ്പെടാത്തതായ എന്തൊക്കെ ഇവിടെ സംഭവിക്കുന്നു. പ്രപഞ്ച സംവിധാനത്തിലെ വെറുമൊരു കണ്ണിയാണു താനെന്നും തനിക്ക് അതിനനുസൃതമായ പങ്കു മാത്രമേ വഹിക്കാനുള്ളുവെന്നും അറിയണം. സര്‍വ്വനിയന്താവായ ജഗദീശ്വരന്‍റെ കയ്യിലെ ഒരു കളിപ്പാവ! ഈശ്വരേച്ഛയ്ക്ക് കീഴ്പ്പെട്ടാണ് ജീവികള്‍  ജീവിക്കുന്നതെന്ന് പറഞ്ഞാല്‍ ചിലര്‍ക്കെങ്കിലും അതു സ്വീകരിക്കാന്‍ വിഷമമുണ്ടാകും. ഒരു വസ്ത്രനിര്‍മ്മാണ സ്ഥാപനത്തിലെ തൊഴിലാളികളുടെ കാര്യം തന്നെയെടുക്കാം. അവിടെ പലര്‍ക്കും പല ജോ ലികളാണ്. ഒരാള്‍ നിര്‍ദ്ദിഷ്ട ഡിസൈനു പാകമായ തരത്തില്‍ തുണി വെട്ടുന്നു. മറ്റുള്ളവര്‍ ഓരോ ഘട്ടങ്ങളിലായി ഓരോരോ ഭാഗങ്ങള്‍ തുന്നിപ്പിടിപ്പിക്കുന്നു. അലങ്കാരപ്പണികള്‍ മറ്റൊരു കൂട്ടര്‍ ചെയ്യുന്നു. ഇങ്ങനെ പലരായി ചെ യ്തുതീര്‍ക്കുമ്പോള്‍ ഒരു വസ്ത്രം പൂര്‍ണ്ണമാകുന്നു. ഇതില്‍ ആരാണ് വസ്ത്രമുണ്ടാക്കിയത്. ഒരു കൂട്ടായ്മയുടെ ഫലമാണത്. അതുപോലെ പ്രപഞ്ചഘടകത്തിലെ കളിക്കാരായ നമുക്ക് നമ്മു ടെ മാത്രം മിടുക്ക് കൊണ്ട് ഇവിടെ ജീവിച്ചുപോകാന്‍  പറ്റുമോ? സൂര്യന്‍, വായു , ജലം, അഗ്നി, ഭൂമി തുടങ്ങിയ പ്രപഞ്ചശക്തികളുടെ അനുകൂലഭാവം  കൂടി വേണ്ടേ? അവയെയൊക്കെ നാം എത്രമാത്രം ആശ്രയിക്കുന്നു. നമ്മുടെ മിടുക്കുകൊണ്ടാണ് സര്‍വ്വവും നടക്കുന്നതെന്ന ഭാവം വെടിഞ്ഞ് സകലതിന്‍റേയും കൂട്ടായ്മ മനസ്സിലാക്കി ജീവിച്ചാല്‍ അഹന്തയുടെ വേരറ്റുപോകും. രാഗദ്വേഷങ്ങള്‍ വിട്ടകലുമ്പോള്‍ ഈശ്വരസാന്നിദ്ധ്യം അനുഭവവേദ്യമായിത്തീരും.


         പക്ഷേ ഒരു സാധാരണക്കാരന്‍റെ മനസ്സില്‍ നിന്ന് രാഗദ്വേഷചിന്തകള്‍ അത്രവേഗം ഒഴിഞ്ഞു പോകില്ല. സമുദ്രത്തിലുദിച്ചമരുന്ന തിരകള്‍ പോലെ ഒന്നിനു പിറകെ മറ്റൊന്നായി ചിന്താതരംഗങ്ങള്‍ മനസ്സില്‍ പൊന്തിമറഞ്ഞുകൊണ്ടേയിരിക്കും. പലപ്പോഴും നമ്മു ടെ സമ്മതത്തിനു കാത്തുനില്‍ക്കാതെയാണ് ചിന്തകള്‍ ഉള്ളില്‍ പെരുകുന്നത്. ഈ ചിന്തകളുടെ കൂട്ടം നമ്മുടെ ആന്തരിക സംസ്കാരത്തിന്‍റെ പ്രകടഭാവങ്ങളാണ്. കാമം, ക്രോധം, ലോഭം, മോഹം, അസൂയ എന്നീ ആസുരചിന്തകള്‍ക്കൊപ്പം തന്നെ അനുകമ്പ, ആര്‍ദ്രത, കാരുണ്യം, സ്നേഹം, സ ഹാനുഭൂതി തുടങ്ങിയ സദ്ചിന്തകളും നമ്മുടെ ഉളളിലൂടെ മിന്നിമറയുകയോ  സ്ഥായീഭാവമാവുകയോ ചെയ്തുവെന്നു വരാം.  ഇതു സാധാരണക്കാരുടെ കാര്യം. കാമക്രോധാദി ആസുരചിന്തകള്‍ മനസ്സിനെ കലുഷിതമാക്കുകയും സദ്ഭാവനകള്‍ മനസ്സിനെ സ്വസ്ഥമാ ക്കി ശാന്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇന്ദ്രിയസംയമനം നേടിയ ഋഷീശ്വരന്മാര്‍ ഇതിനൊക്കെ അതീതരാണ്. അവര്‍ സമദര്‍ശികളാണ്.


         സത്സംഗം, സദ്ഭാവന ഇവയൊക്കെ മനസ്സിന്‍റെ കാലുഷ്യങ്ങളകറ്റി, ചിന്തകളുടെ ഗുണനിലവാരം ഉയര്‍ത്താനും ക്രമേണ ചിന്തകളില്ലാത്ത അവസ്ഥയിലേക്കുയരാനും നമ്മെ സഹായിക്കും. സര്‍വ്വാശ്രയവും എങ്ങും നിറഞ്ഞിരിക്കുന്നതുമായ ഈശ്വരീയതയെക്കുറിച്ചുള്ള ചിന്ത മനസ്സിനെ സ്വസ്ഥമാക്കി നമ്മെ ശാന്തിയിലേക്കു നയിക്കും.


         സംസാരചക്രത്തില്‍ മിന്നിമറയുന്ന ക്ഷണികങ്ങളായ ഭ്രമദൃശ്യങ്ങളാണ് പ്രപഞ്ചാനുഭവങ്ങളെന്നും, ഈ ക്ഷണികതയ്ക്കപ്പുറമുള്ള അനശ്വര സത്യത്തെ അറിഞ്ഞനുഭവിക്കലാണ് ജീവിതലക്ഷ്യമെന്നും ഉറപ്പുവന്നാല്‍ ബാഹ്യമാറ്റങ്ങളില്‍ ദുഃഖിക്കുകയില്ല. കാരണം താന്‍ സകല മാറ്റങ്ങള്‍ക്കും ആധാരമായിരിക്കുന്ന മാറ്റമില്ലാത്തതായ സത്യമാണെന്നും കാനല്‍ജലം  പോലെ ഒരു ഭ്രമദൃശ്യമാണ് ഇക്കാണുന്ന പ്രപഞ്ചമെന്നും ബോദ്ധ്യപ്പെടും. ദൈവത്തിനെക്കുറിച്ചുള്ള താത്വികമായ അറിവ് മനസ്സിനെ ശാന്തമാക്കും.


         ഇക്കാണുന്നതൊക്കെയാണ് സത്യം, അതിനുമപ്പുറം മറ്റൊരു സത്യമില്ല എന്നൊക്കെ ഭ്രമിച്ചു നടക്കുന്ന ഭൗതികവാദികള്‍ക്കായി ശ്രീനാരായണഗുരുദേവന്‍ ഒരു മുന്നറിയിപ്പു നല്‍കുന്നു.


'മരുവിലമര്‍ന്ന മരീചിനീരുപോല്‍
നില്പൊരു-
പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം'


          മരുഭൂമിയില്‍ ഉണ്ടെന്നു തോന്നുന്ന കാനല്‍ജലത്തിന്‍റെയത്ര സത്ത മാത്രമേ പ്രപഞ്ചദൃശ്യങ്ങള്‍ക്കുള്ളൂ. അതിന് യഥാര്‍ത്ഥത്തില്‍ സത്തയില്ല. മായയു ടെ ശക്തിപ്രഭാവം കൊണ്ട് തല്ക്കാലത്തേക്ക് ഉണ്ടെന്നു തോന്നുന്ന കാഴ്ചകള്‍ നീര്‍ക്കുമിളപോലെ നിലയറ്റതാകുന്നു. അവയൊന്നും പരം പൊരുളല്ല തന്നെ.


         ദൈവത്തെ അറിയുന്നതിന് ദൈവകൃപ കൂടിയേ തീരൂ. ആ കൃപയ്ക്കായി പുരാണ പുരുഷനായ നാരായണനെത്തന്നെ നമുക്ക് ആശ്രയിക്കാം. പണ്ടേക്കു പണ്ടേയുള്ളവനും ഇന്നും എ ന്നും നിലനില്‍ക്കുന്നവനുമായ  പുരാണപുരുഷന്‍ പ്രാചീനനാണ്. പക്ഷേ നിത്യനൂതനനുമാണ്. പഴമയുടെ തനിമ  നിലനിര്‍ത്തിക്കൊണ്ട് കാലാതീത പ്രസക്തിയോടെ നിത്യനൂതനമായി വിളങ്ങുന്ന പുരാണപുരുഷന്‍ ദൈവമാണ്. ഈശ്വരനും ഗുരുവും ഒന്നുതന്നെയാണെന്നുള്ളതുകൊണ്ട് ആ  പുരാണപുരുഷന്‍ സര്‍വ്വ അറിവിനും ആധാരമായ നാരായണനാണ്. ആ നാരായണനാകട്ടെ നമുക്ക് ഗുരുദേവനാണ്.
ഓം തത് സത