യോഗം പ്രവര്‍ത്തനങ്ങളില്‍ സന്യാസി സമൂഹത്തിന്‍റെ സംഭാവന
സച്ചിദാനന്ദ സ്വാമി
ശ്രീനാരായണഗുരുദേവനെക്കുറിച്ച് മഹാകവി കുമാരനാശാന്‍ എഴുതിയ 'ഗുരുസ്തവ'ത്തില്‍ ഗുരുവിനെ അനുപമേയനായ മഹാസംന്യാസിയായി സ്തുതിച്ചിട്ടുണ്ട്. സംന്യാസികളില്ലിങ്ങനെ... എന്ന പ്രയോഗം നോക്കുക. ഗുരുദേവന്‍ മാത്രമല്ല ലോകത്തെ അനുഗ്രഹിച്ച കാരുണ്യനിധികളായ മഹാപുരുഷന്മാരില്‍ പ്രമുഖര്‍- ശ്രീബുദ്ധന്‍, ജിനന്‍, ക്രിസ്തു, ശ്രീശങ്കരന്‍, ശ്രീരാമകൃഷ്ണന്‍, സ്വാമി വിവേകാനന്ദന്‍- ഒക്കെയും മഹാസംന്യാസിമാര്‍ തന്നെയായിരുന്നു. രാഷ്ട്രപിതാവായ മഹാത്മജിയേയും-അര്‍ദ്ധനഗ്നനായ ഫക്കീര്‍- സംന്യാസിയായി കരുതാം. സംന്യാസിക്ക് ഗുരുദേവന്‍ പുതിയ നിര്‍വ്വചനം നല്‍കി- 'സംന്യാസി എന്നാല്‍ ത്യാഗി, പരോപകാരാര്‍ത്ഥം പ്രയത്നിക്കുന്നവന്‍.' മഹാപുരുഷന്മാരായ സംന്യാസിമാര്‍ സംന്യസ്ഥ ശിഷ്യപരമ്പരയേയും സ്ഥാപിച്ചിട്ടുണ്ട്. ശ്രീബുദ്ധന്‍, ശ്രീശങ്കരന്‍, ശ്രീരാമകൃഷ്ണപരമഹംസന്‍ എന്നിവരെപ്പോലെ ശ്രീനാരായണഗുരുദേവന്‍ അതിമഹത്തായൊരു സംന്യസ്ഥശിഷ്യപരമ്പരയേയും സംസ്ഥാപനം ചെയ്തിരുന്നു. ഒരു കാലഘട്ടത്തിന്‍റെ ജീവത്തായ ചരിത്രത്തെ സ്വന്തം ജീവിതത്തോട് തുന്നിച്ചേര്‍ത്ത, ആത്മചൈതന്യവും ആത്മ പൗരുഷവും ഒത്തിണങ്ങിയ മഹാപുരുഷന്മാരായ സംന്യാസി ശിഷ്യന്മാരായിരുന്നു ഗുരുദേവനുണ്ടായിരുന്നത്. എന്നാല്‍ ഗുരുവിന്‍റെ ചരിത്രമാവിഷ്കരിച്ചവരില്‍ പലരും സംന്യസ്ഥശിഷ്യന്മാരുടെ സംഭാവനകളെ വേണ്ടുംവണ്ണം രേഖപ്പെടുത്തിയിട്ടില്ലെന്നു പറയേണ്ടിവരുന്നു. ഡോക്ടര്‍ പല്പു, കുമാരനാശാന്‍ തുടങ്ങിയ ഗൃഹസ്ഥശിഷ്യന്മാരെ മാത്രമേ പലരും സ്മരിച്ചിട്ടുള്ളൂ.
ശ്രീനാരായണസൂര്യന്‍റെ ചുറ്റും ധവളാഭമായ യശോരാശിയോടെ പ്രദക്ഷിണം ചെയ്തിരുന്ന ശ്രീനാരായണശിഷ്യചന്ദ്രന്മാര്‍ നിരവധിയായിരുന്നു. സൂ ര്യന്‍റെ ജാജ്ജ്വല്യമായ പ്രഭയാല്‍ ഈ ചന്ദ്രന്മാരുടെ വെണ്‍കാന്തി കാണുവാന്‍ പലര്‍ക്കും സാധിച്ചില്ല എന്നതാണ് സത്യം. ഗുരുവിന്‍റെ സംന്യാസിശിഷ്യന്മാര്‍ എന്തു ചെയ്തു എന്നു ചോദിക്കുന്ന പുത്തന്‍പഠിതാക്കളും നേതാക്കന്മാരും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗുരുവിന്‍റെ അനന്തരഗാമിയായ ദിവ്യശ്രീ ബോധാനന്ദസ്വാമികള്‍ പോലും മറ്റൊരിടത്തു നിന്നും സംന്യസിച്ചയാളാണത്രേ. ശാന്തം ! പാ വം! ഇവരറിയുന്നുവോ ബോധാനന്ദസ്വാമികളുടെയും ഇതര സംന്യസ്ഥശിഷ്യന്മാരുടെയും ദീപ്തമായ ചരിത്രം? ഗുരുദേവന്‍ ധര്‍മ്മസംസ്ഥാപകനായ ലോകഗുരുവാണ്. ആത്മീയതയുടെ യും ഭൗതികതയുടെയും സമന്വയമാണ് ധര്‍മ്മം. 'യതോളഭ്യുദയ നിഃശ്രേയസ സിദ്ധിഃ സഃ ധര്‍മ്മഃ' എന്നാണ് ധര്‍മ്മത്തിന്‍റെ നിര്‍വ്വചനം.
ഗുരു ധര്‍മ്മസംസ്ഥാപകന്‍
ഭൗതികവും ആത്മീയവുമായ പു രോഗതി യാതൊന്നില്‍ നിന്നും ലഭിക്കുന്നുവോ അതാണ് ധര്‍മ്മം. ധര്‍മ്മസംസ്ഥാപനത്തിന്‍റെ ഭാഗമായി ഗുരുദേവനാല്‍ സംസ്ഥാപനം ചെയ്യപ്പെട്ട രണ്ടു പ്രസ്ഥാനങ്ങളാണ് ശ്രീനാരായണധര്‍മ്മപരിപാലനയോഗവും ശ്രീനാരായണധര്‍മ്മസംഘവും. ചിലര്‍ പറയാറുണ്ട് ഡോക്ടര്‍ പല്പുവിന്‍റെ കണ്ണീരില്‍ നിന്നുമാണ് ടചഉജയോഗമുണ്ടായതെന്ന്. യോഗം സ്ഥാപിച്ചത് ഡോക്ടര്‍ പല്പുവാണത്രെ . എന്നാല്‍ ഗുരുദേവന്‍ സു വ്യക്തമായി പ്രഖ്യാപിച്ചിരുന്നു അവിടുന്നാണ് യോഗം സ്ഥാപിച്ചതെന്ന്. ഗുരു ടി.കെ. മാധവന് നല്‍കിയ സംഘടനാസന്ദേശം നോക്കുക. അവിടെ 'യോ ഗം' നാം സ്ഥാപിച്ചുവെന്നുള്ള ഗുരുവചനം കാണാം. ആശാനും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ അടുത്ത കാലത്തായി അതും വിവാദമായിരിക്കുന്നു. മററു ചിലര്‍ പറയാറുണ്ട് യോഗം ഭൗതികമായ പുരോഗതിക്കും ധര്‍മ്മസംഘം ആത്മീയമായ പുരോഗതിക്കും വേണ്ടി സ്ഥാപിതമായതാണെന്ന്. ഈ കാഴ്ചപ്പാട് പൂര്‍ണ്ണമായും ശരിയല്ല. കാരണം രണ്ടിന്‍റേയും നടുനായകത്വം വഹിക്കുന്നത് ധര്‍മ്മമാണ്. ഭൗതികവും ആത്മീയവും കൂടിച്ചേര്‍ന്നതാണ് ധര്‍മ്മം. അതിനാല്‍ രണ്ടു പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം ഒന്നു തന്നെയാണെ ന്ന് വരുന്നു. അത് ഗുരുദേവനാല്‍ സം സ്ഥാപനം ചെയ്യപ്പെട്ട ധര്‍മ്മത്തിന്‍റെ സംസ്ഥാപനമാണ്. അത് പൂര്‍ണ്ണമായും നിറവേറ്റപ്പെടണമെങ്കില്‍ സംന്യാസിമാരും സമൂഹവും പരസ്പരപൂരകമായി നിന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
SNDP യോഗം സ്ഥാപിതമാകുന്നതിനും മുന്‍പ് തന്നെ സംന്യാസിശിഷ്യന്മാര്‍ ഗുരുവിനുണ്ടായി. അവരെ ചേര്‍ത്ത് ഒരു സംഘടന രൂപീകൃതമായത് ഗുരുദേവന്‍റെ സായാഹ്നവേളയിലാണ് എന്നു മാത്രം. എന്നാല്‍ സംന്യാസി സ മൂഹം SNDP യോഗം ആരംഭിച്ച കാലം മുതല്‍ക്കുതന്നെ യോഗത്തിന്‍റെ അഭ്യുദയകാംക്ഷികളും പ്രവര്‍ത്തകരുമായിരുന്നു. ഇന്നതൊക്കെ വിസ്മൃതിയുടെ കയത്തില്‍ ആണ്ടുപോയിരിക്കുന്നു. എന്നാല്‍ യോഗത്തിന്‍റെ മുഖപത്രമായിരുന്ന 'വിവേകോദയ'ത്തിന്‍റെയും 'മിതവാദി'യുടെയുമൊക്കെ ആദ്യലക്കങ്ങള്‍ പരതിയാല്‍ സംന്യാസിശിഷ്യന്മാരുടെ സേവനങ്ങള്‍ വായിക്കാനാകും.
സംന്യാസിമാര്‍ യോഗപ്രചാരകര്‍
ഗുരുദേവന്‍റെ സംന്യാസിശിഷ്യന്മാരില്‍ പലരും SNDP യോഗത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി അനല്പമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്നത്തെ തലമുറ അവരുടെ പേരുപോലും ശ്രവിച്ചിട്ടുണ്ടാവില്ല. ആയതിനാല്‍ ആ പാവനചരിതരുടെ സംഭാവനകളെക്കുറിച്ച് അല്പം ചില കാര്യങ്ങള്‍ ഇവിടെ പരാമര്‍ശിക്കുകയാണ്. ഗുരുദേവന്‍റെ ആദ്യകാല ശിഷ്യന്മാരായ ശിവലിംഗസ്വാമികള്‍, ചൈതന്യസ്വാമികള്‍, ഗുരുപ്രസാദ് സ്വാമികള്‍, ശിവപ്രസാദ് സ്വാമികള്‍, ശാന്തലിംഗസ്വാമികള്‍, ശ്രീശങ്കരന്‍പരദേശി സ്വാമികള്‍ തുടങ്ങിയ സംന്യാസിവര്യന്മാര്‍ യോഗത്തിന്‍റെ വളര്‍ച്ചയ്ക്കു വേണ്ടി ത്യാഗപൂര്‍വ്വം സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ്.
ചൈതന്യസ്വാമികള്‍ യോഗം രജിസ്ട്രേഷനില്‍ സാക്ഷി
SNDP യോഗം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതില്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നവരില്‍ ഒരാള്‍ ശ്രീനാരായണചൈതന്യസ്വാമികളാണ്. നായര്‍ സമുദായത്തില്‍ ജനിച്ച നാരായണപിള്ള യാണ് ഗുരുദേവശിഷ്യത്വം നേടി ഭേദചിന്തകള്‍ക്കതീതനായിത്തീര്‍ന്ന ചൈ തന്യസ്വാമികള്‍ എന്നോര്‍ക്കണം. ഗുരുദേവന്‍ സ്ഥാപിച്ച പ്രധാനക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ തച്ചു ശാസ്ത്രവിദഗ്ദ്ധന്‍ കൂടിയായ ചൈതന്യസ്വാമികളെയാണ് ഗുരുദേവന്‍ നി യോഗിച്ചത്. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ പ്രധാനക്ഷേത്രങ്ങളുടെ വൈദികാദ്ധ്യക്ഷനും ചൈതന്യസ്വാമികള്‍ തന്നെയായിരുന്നു. അദ്ദേഹം കോഴിക്കോട്ട് സ്ഥാപിച്ച ഗുരുവരാശ്രമം ഇന്ന് ടചഉജയൂണിയന്‍ ഓഫീസാണ്. ഈ അടുത്തകാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു കുറിപ്പില്‍ നായര്‍സമുദായത്തില്‍ ജനിച്ച നാരായണപിള്ളയെന്ന ചൈതന്യസ്വാമികളാണ് അതു സ്ഥാപിച്ചതെന്ന കാര്യം മറച്ചു വെച്ചിരിക്കുന്നു. ഈ ചൈതന്യസ്വാമികള്‍ പ്രസിദ്ധപ്പെടുത്തിയ വിവാഹമന്ത്രമാണ് ശ്രീനാരായണീയര്‍ വിവാഹച്ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നത്. കൂടാതെ അദ്ദേഹമെഴുതിയ ഗുരുപൂജാമന്ത്രമാണ് ഗുരുപൂജയ്ക്കു ഉപയോഗിച്ചുപോരുന്നത്.
ശങ്കരന്‍പരദേശിസ്വാമികള്‍
ശങ്കരന്‍പരദേശിസ്വാമികളാവട്ടെ ശ്രീനാരായണപ്രസ്ഥാനത്തിന്‍റെ വൈദികാചാര്യനാണ്. ശിവഗിരിയില്‍ വൈദികമഠം സ്ഥാപിച്ച് വൈദികരെ - തന്ത്രിമാരെ- ശാന്തിക്കാരെ സൃഷ്ടിച്ചെടുത്ത ത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്‍റെ ശി ഷ്യ-പ്രശിഷ്യപരമ്പരയില്‍പ്പെട്ടവരാണ് ശ്രീനാരായണ ക്ഷേത്രങ്ങളിലും SNDP യുടെ ഇതര ആരാധനാലയങ്ങളിലും വൈദികവൃത്തി നടത്തുന്നവര്‍ എന്ന സത്യം എത്രപേര്‍ അറിയുന്നുണ്ട്. ഗുരുപ്രസാദ് സ്വാമികളും, ശിവപ്രസാദ് സ്വാമികളും പ്രഗത്ഭ പ്രാസംഗികരായിരുന്നു. ചുരുക്കത്തില്‍ വാസനയും യോ ഗ്യതയുമുള്ള സംന്യാസിമാര്‍ പൊതുജനസേവ ചെയ്യണമെന്ന ഗുരുദേവന്‍റെ ഉദ്ബോധനം സ്വാംശീകരിച്ച് ആദ്യം മുതല്‍ക്കുതന്നെ സംന്യാസി ശിഷ്യന്മാര്‍ സമൂഹസേവനം ചെയ്തിട്ടുണ്ട്. ഇന്നവരില്‍ പലരും വിസ്മൃതരായിരിക്കുന്നുവെന്നു മാത്രം. അവരെക്കൂടി അറി ഞ്ഞ് പ്രവര്‍ത്തിച്ചാലേ ഗുരുധര്‍മ്മ പ്രചരണത്തില്‍ പൂര്‍ണ്ണത കൈവരിക്കാനാവൂ.
SNDP യോഗം ആരംഭിക്കുന്ന കാലത്ത് സംന്യാസിശിഷ്യന്മാരാണ് സമൂഹത്തില്‍ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ചത് എന്നു നാം അറിയണം. മഹത്തായ അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്ന കാലത്ത് ശിവലിംഗസ്വാമികള്‍, ഭൈരവന്‍ ശാന്തി സ്വാമികള്‍, നിശ്ചലദാസസ്വാമികള്‍, ജഡാഭരതസ്വാമികള്‍, ചൈതന്യസ്വാമികള്‍ തുടങ്ങിയ സംന്യാസിശിഷ്യന്മാര്‍ ഗുരുവിനോടൊപ്പമുണ്ടായിരുന്നു. പിന്നെയും മൂന്നു വര്‍ഷം കഴിഞ്ഞാണ് 1891- ല്‍ കുമാരനാശാന്‍ ശിഷ്യത്വം വരിച്ചത്. ഡോ. പല്പു, സഹോദരന്‍ അയ്യപ്പന്‍, ടി. കെ. മാധവന്‍ തുടങ്ങിയവര്‍ പിന്നെയും ഏറെക്കഴിഞ്ഞാണ് ശിഷ്യന്മാരായിത്തീര്‍ന്നത്. ആരംഭകാലത്ത് യോഗത്തിന് സംന്യാസത്തിന്‍റെ ഒരു 'ടച്ച്' ഉണ്ടായിരുന്നു. യോഗാദ്ധ്യക്ഷനായ ഗുരുദേവന്‍ മഹാസംന്യാസിയും യോഗം സെക്രട്ടറിയായ ശിഷ്യന്‍ ചിന്നസ്വാമിയും- രണ്ടുപേരും സംന്യാസിമാരായിരുന്നുവല്ലോ? ആത്മീയതയായിരുന്നു യോ ഗത്തിന്‍റെ മുഖമുദ്ര.
മഹാകവി കുമാരനാശാന്‍ ഗുരുവിനെ പരമഗുരുവായും പരമദൈവമായും കണ്ടുകൊണ്ടാണ് യോഗത്തെ നയിച്ചത്. ആത്മീയതയില്‍ അടിയുറച്ചു നിന്നുകൊണ്ടുള്ള സാമൂഹിക വീക്ഷണമാണ് ആശാനുണ്ടായിരുന്നത്. ഗുരുദേവന്‍റെ സന്ന്യാസി ശിഷ്യരുടെ സേവനങ്ങളെ ആശാന്‍ അതിനുവേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. കേരളം കണ്ട പ്രാസംഗികരില്‍ പ്രമുഖനായ സാധുശിവപ്രസാദ് ഒരു കാലത്ത് യോഗത്തിന്‍റെ ജിഹ്വപോലെയായിരുന്നു. യോഗാദ്ധ്യക്ഷനായ ഗുരുവി ന്‍റെ പകരക്കാരനായി അതിതേജസ്വിയായ ആ സംന്യാസി ശ്രേഷ്ഠന്‍ സമുദായ മദ്ധ്യത്തില്‍ നിറഞ്ഞുനിന്നു പ്രവ ര്‍ത്തിച്ചിരുന്നു.
യോഗത്തില്‍ അംഗങ്ങളെ ചേര്‍ക്കുവാനും യോഗത്തിന്‍റെ പ്രാസംഗികനായും സ്വാമികള്‍ നാടൊട്ടുക്ക് സഞ്ചരിച്ചു. കുമാരനാശാന്‍റെ ഏറ്റവും അടുത്ത സഹചാരി ഇദ്ദേഹമാ യിരുന്നു.യോഗത്തിന്‍റെ 9-ാം വാര്‍ഷികവും ശാരദാപ്രതിഷ്ഠയും ശിവഗിരിയില്‍ അതിഗംഭീരമായി നടന്നത് യോഗചരിത്രത്തിലെ സുവര്‍ണ്ണ ഏടുകളില്‍ ഒന്നാണ്. വാര്‍ഷികാനന്തരം ശിവപ്രസാദ് സ്വാമികള്‍ ടചഉജ യോഗത്തിന്‍റെ ആദ്യത്തെ ദേവസ്വം സെക്രട്ടറിയായി നിയമിതനായി. അദ്ദേഹത്തിന് ദീര്‍ഘകാലം ആ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആയില്ല എന്നത് വിധിവൈപരീത്യം .
ബോധാനന്ദ സ്വാമികള്‍ കൊച്ചി SNDP സ്ഥാപകന്‍
ശാരദാ പ്രതിഷ്ഠയോടുകൂടിത്ത ന്നെ ദിവ്യശ്രീ ബോധാനന്ദസ്വാമിയും അദ്ദേഹത്തിന്‍റെ ഒരു ഡസനോളം വ രുന്ന ശിഷ്യന്മാരും ഗുരുദേവശിഷ്യത്വം സ്വീകരിച്ചു. ഗോവിന്ദാനന്ദസ്വാമികള്‍ , വിദ്യാനന്ദ സ്വാമികള്‍, ഹനുമാന്‍ ഗിരിസ്വാമികള്‍, കൃഷ്ണാനന്ദസ്വാമികള്‍ തുടങ്ങിയ ഈ സംന്യാസിമാര്‍ നാടൊട്ടുക്ക് സഞ്ചരിച്ച് സമുദായപരിഷ്കരണത്തിനുവേണ്ടി ഊര്‍ജ്ജ്വസ്വലം പ്രവര്‍ ത്തിച്ചവരാണ്. ഇവര്‍ ഓരോരുത്തരും ഒന്നിനൊന്നു സമര്‍ത്ഥരായ ഉല്‍പ്പതിഷ്ണുക്കളും സാമൂഹ്യപ്രവര്‍ത്തകരും ഉത്തിഷ്ഠമാനവരുമായ സംന്യാസിമാരായിരുന്നു. തിരുവിതാംകൂര്‍ SNDP യോ ഗം ഡോ. പല്‍പു, കുമാരനാശാന്‍ തുടങ്ങിയ ശിഷ്യന്മാരെ ഉപകരണമാക്കി ഗു രുദേവന്‍ സ്ഥാപിച്ചതുപോലെ, കൊച്ചി ടചഉജ യോഗത്തിന്‍റെ സ്ഥാപകനായി പ്രവര്‍ത്തിച്ചത് ദിവ്യശ്രീബോധാനന്ദസ്വാമികളായിരുന്നു. സ്വാമികള്‍ സ്ഥാപിച്ച ധര്‍മ്മഭടസംഘമാണ് കൊച്ചിയില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യമായി പ്രവര്‍ത്തിച്ച സംഘം. സ്വാമികള്‍ തൃശ്ശൂര്‍ നാഷണല്‍ സ്കൂളില്‍ വി ളിച്ചു ചേര്‍ത്ത യോഗത്തില്‍ വെച്ചാണ് സംഘടന ഉടലെടുത്തത്. ഈ സംഘടനയാണ് ആദ്യം കൊച്ചി തീയജനമഹാസഭയായും പിന്നീട് കൊച്ചി ടചഉജ യോഗമായും പരിണമിച്ച് പ്രവര്‍ത്തിച്ചത്. നീണ്ട പതിനൊന്ന് വര്‍ഷക്കാലം ബോധാനന്ദസ്വാമികള്‍ തന്നെയായിരു ന്നു സംഘടനയുടെ പ്രസിഡന്‍റ്. ഗുരുദേവന്‍റെ അനന്തരഗാമിയായ സ്വാമികളായിരുന്നു ടചഉജ യോഗത്തിന്‍റെ 23-ാം വാര്‍ഷിക യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചത്. അന്നു അദ്ദേഹം ചെയ്ത പ്രസംഗം ഇന്നും പുതുമയാര്‍ന്നതാണ്. (പ്രസ്തുത പ്രസംഗം സ്ഥലപരിമിതി മൂലം അടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്).
ആ യോഗത്തില്‍ വച്ച് സ്വാമികളെ യോഗത്തിന്‍റെ ഉപാദ്ധ്യക്ഷനാ യും തിരഞ്ഞെടുത്തു. സ്ഥിരാദ്ധ്യക്ഷന്‍ ഗുരുദേവന്‍ തന്നെയാണല്ലോ. ഗുരുവിനുശേഷം ബോധാനന്ദസ്വാമികള്‍ സ്ഥിരാദ്ധ്യക്ഷനാകും എന്നായിരുന്നു തീരുമാനം.
SNDP യോഗത്തിന്‍റെ സംഘടനാ ശില്‍പ്പികള്‍
SNDP യോഗത്തിന്‍റെ സംഘടനാ ശില്‍പ്പികളില്‍ പ്രഥമഗണനീയനായ ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമികള്‍ യോഗനേതൃത്വത്തില്‍ തനതായ വ്യക്തിപ്രഭാവത്തോടു കൂടി വിരാജിച്ചിട്ടുണ്ട്. 9-ാം വയസ്സില്‍ ശിവഗിരിയില്‍ എത്തിയ നാരായണദാസ് ബ്രഹ്മചാരിയായി. കോട്ടയം , പാമ്പാടി, ചങ്ങനാശ്ശേരി, ആലപ്പുഴ, കുട്ടനാട് പ്രദേശങ്ങളിലാണ് ആദ്യകാലത്ത് പ്രവര്‍ത്തിച്ചത്. സ്വാമികള്‍ സ്ഥാപിച്ച ഉത്തര തിരുവിതാംകൂര്‍ മഹാജനയോഗം ഒരു ബഹുജന പ്രസ്ഥാനമായി വളര്‍ന്നു. ടി. കെ. മാധവന്‍ , ഗുരുദേവന്‍റെ തൃക്കൈയില്‍ നിന്നും സംഘടനാ സന്ദേശം നേരിട്ടു വാങ്ങിയതും യോഗത്തില്‍ 50000 അംഗങ്ങളെ ചേര്‍ത്ത് 108 ശാഖകള്‍ സ്ഥാപിച്ച് സംഘടനാശില്പിയായതും എങ്ങും സുവിദിതമാണ്. എന്നാല്‍ ടി. കെ. മാധവന് ഇക്കാര്യത്തില്‍ തുണയായിത്തീര്‍ന്നത് ശ്രീനാരായണതീര്‍ത്ഥസ്വാമികളായിരുന്നു എന്ന സത്യം പ ലരും അറിയുന്നില്ല. അദ്ദേഹം സ്ഥാ പിച്ച തിരുവിതാംകൂര്‍ മഹാജനയോഗ ത്തേയും അതിന്‍റെ യൂണിറ്റുകളേയും SNDP യോഗത്തില്‍ ലയിപ്പിക്കുകയാണ് ചെയ്തത്.