മൂന്നു ഗുരുസ്ഥാനീയര്‍
ഇയ്യങ്കോട് ശ്രീധരന്‍
മലയാളത്തിലെ വളരെ ചെറിയ എഴുത്തുകാരനായ എന്‍റെ ആറു പതിറ്റാണ്ടു കാലത്തെ ജീവിതത്തില്‍, ജീവിതാനുഭവങ്ങള്‍ ഏറെ വഴികാട്ടിയെങ്കിലും, ജീവിതത്തിനു കൃത്യമായ ദിശാബോധം നല്‍കിയത് മൂന്നു ഗുരുസ്ഥാനീയരാണ്.
ഇതില്‍, എനിക്ക് ഈ പ്രപഞ്ചത്തില്‍ സ്ഥലം അനുവദിച്ചു തന്ന മാതാപിതാക്കളാണ് ഒന്നാമത് വരുന്നത്. രണ്ടാമതാകട്ടെ ശ്രീനാരായണഗുരുദേവനും മൂന്നാമത് സാക്ഷാല്‍ ഇ.എം.എസ്സുമാണ്. ഓരോ മനുഷ്യജന്മവും പാരമ്പര്യബദ്ധമാണ്. പോയകാലത്തിന്‍റെ വൈചിത്ര്യമാര്‍ന്ന സംസ്കാരത്തിന്‍റെ സംഭരണകേന്ദ്രങ്ങളാണ് മനുഷ്യന്‍റെ സത്ത. ഇതില്‍ നല്ലതും ചീത്തയുമുണ്ട്. അനുഭവത്തിന്‍റെയും ആര്‍ജ്ജിതവിജ്ഞാനത്തിന്‍റെയും പരിശോധനയിലൂടെ പാരമ്പര്യനന്മകള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്.
അങ്ങനെ പരിശോധിക്കുമ്പോള്‍ എന്‍റെ അച്ഛനമ്മമാര്‍, വളരെ കൃത്യമായ രീതിയിലാണ് മക്കളായ ഞങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിയതെന്നു കാണാം.
അച്ഛന്‍ അദ്ധ്യാപകനായിരുന്നു. പഴയ തലമുറയില്‍പ്പെട്ട കവിയായിരുന്നു. ചിത്രകാരനും, കരകൗശലവിദഗ്ദ്ധനുമായിരുന്നു. നൂറ്റാണ്ടു തികയാന്‍ മൂന്നുവര്‍ഷം ബാക്കിനില്‍ക്കെയാണ് അദ്ദേഹം 2003- ല്‍ ഈ ലോകത്തോട് യാത്ര പറഞ്ഞത്. എട്ടു പതിറ്റാണ്ടു പിന്നിട്ട അമ്മ ഇപ്പോഴും തണലായി എന്‍റെ തലയ് ക്കുമുകളിലുണ്ട്. ഈ വരി കുറിക്കുമ്പോഴും അമ്മ എന്നെ ഫോണില്‍ വിളിച്ചിരുന്നു.
അച്ഛന്‍ കുറേ വര്‍ഷങ്ങള്‍ എന്‍റെ കൂടെയായിരുന്നു. തൊണ്ണൂറു വയസ്സുള്ളപ്പോഴും അദ്ദേഹം ചുറുചുറുക്കോടെ നടക്കാറുണ്ടായിരുന്നു. പത്രങ്ങളും ഗ്രന്ഥങ്ങളും പതിവായി വായിച്ചിരുന്നു. അച്ഛന്‍റെ പ്രിയപ്പെട്ട സംന്യാസി സ്വാമി വിവേകാനന്ദനായിരുന്നു. വിവേകാനന്ദ സാഹിത്യകൃതികളെല്ലാം എന്നെ നിര്‍ ബന്ധപൂര്‍വ്വം വായിപ്പിച്ചത് അച്ഛനായിരുന്നു. ചിട്ടയുടെ ആള്‍രൂപമായിരു ന്നു എന്‍റെ പിതാവ്.
അതികാലത്തെഴുന്നേറ്റ്, ചില്ലറ കാര്‍ഷികവൃത്തികള്‍ നിര്‍വ്വഹിച്ച്, ആരംഭിക്കുന്ന പകല്‍ അദ്ദേഹത്തിന് ഉത്സവമായിരുന്നു. കൃത്യമായ ഭക്ഷണക്രമം പാലിച്ചുകൊണ്ടും വ്യായാമബദ്ധമായ ജീവിതം നയിച്ചുകൊണ്ടും അച്ഛന്‍ മക്കളായ ഞങ്ങള്‍ക്കു മാതൃകയായി.
അമ്മയാകട്ടെ, ശ്രീനാരായണഗുരുവിനെ അതിരറ്റു ആരാധിച്ച പ്രകൃതമായിരുന്നു.വളരെ ചെറുപ്രായത്തില്‍ത്തന്നെ, ഗുരുദേവന്‍റെ 'ആത്മോപദേശശതകം' എനിക്കു ഹൃദിസ്ഥമായിരുന്നു. അമ്മ പഠിപ്പിച്ചതായിരുന്നു.
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നുസുഖത്തിനായ് വരേണം.
പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്‍മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.
എന്‍റെ നിസ്സാര ജീവിതത്തെ ഉന്മിഷത്താക്കിയതില്‍ ഗുരുവര്യനായ ശ്രീനാരായണസാന്നിദ്ധ്യം പ്രസക്തമാണ്. പില്‍ക്കാലത്ത് ഞാന്‍ സഹൃദയസമ്മര്‍ദ്ദങ്ങളാല്‍ പ്രഭാഷകനാവുകയും പ്രഭാഷണവിഷയങ്ങളിലെല്ലാം ഗുരുദേവന്‍ ഞാനറിയാതെ ഉദിച്ചുയരുകയും ചെയ്തു. മതവും ജാതിയും ആചാരഭേദങ്ങളുമായി വേര്‍തിരിഞ്ഞുപോയ മാനവികതയെ തിരിച്ചു പിടിക്കാന്‍ ശ്രീനാരായണദര്‍ശനം പോലെ മറ്റൊന്ന് ഈ ഭൂമിയിലില്ല എന്നു വിശ്വസിക്കുവാന്‍ ഞാന്‍ പ്രേരിതനായി.
മൂന്നാമത്തെ ഗുരുസ്ഥാനത്ത് നിലകൊള്ളുന്നത് സാക്ഷാല്‍ ഇ.എം.എസ്. ആണ്. സംന്യാസജീവിതത്തിന്‍റെ പരമമായ ധര്‍മ്മം, രാഷ്ട്രീയ രംഗത്ത് നിര്‍വഹിക്കുകയും, കര്‍മ്മം കൊണ്ടും ജ്ഞാനം കൊണ്ടും ഒരു ജനതയുടെ ഭാഗധേയങ്ങളെ വളരെക്കാലം നിയന്ത്രിക്കുകയും ചെയ്ത മഹാവ്യക്തിത്വമായിരുന്നല്ലോ അദ്ദേഹം. സത്യം പറഞ്ഞാല്‍ ഇ.എം.എസ്. ഗുരുദേവന്‍റെ കൃത്യമായ തുടര്‍ച്ചയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ലാളിത്യം, സുതാര്യത, സഹജാതരോടുള്ള അകൈതവമായ ആഭിമുഖ്യം. ഇങ്ങനെ, നല്ല മനുഷ്യരാവാന്‍ മാതൃകയാക്കാവുന്ന അനേകം നന്മകളുടെ രൂപമായിരുന്നു അത്.
കേരളത്തിന്‍റെ സാംസ്കാരിക ജീ വിതം ധന്യമാക്കിയതില്‍ ഒട്ടുവളരെ പേര്‍ക്ക് പങ്കുണ്ടെങ്കിലും ദീപസ്തംഭങ്ങള്‍ പോലെ ഗുരുദേവനും ഇ.എം. സ്സും ഇന്നും വെളിച്ചം വീശിക്കൊണ്ടിരിക്കുന്നു. അവരുടെ സ്മരണയില്‍ എളിയവനായ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു.