ശ്രീനാരായണഗുരുവിന്‍റെ വിദ്യാഭ്യാസാദര്‍ശം
ഡോ. എം.ജി. ശശിഭൂഷണ്‍
സാക്ഷരതയില്‍ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കേരളം മുന്നിലെത്തിയതിന്‍റെ ചരിത്രം ആരായുമ്പോഴാണ് നാരായണഗുരുവിന്‍റെ വിദ്യാഭ്യാസാദര്‍ശങ്ങളെപ്പറ്റി ഞാന്‍ പഠിക്കാന്‍ തുടങ്ങിയത്. സാക്ഷരതയില്‍ മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസത്തിലും സെക്കന്‍ഡറി വിദ്യാഭ്യാസത്തിലും കേരളം മറ്റനേകം സംസ്ഥാനങ്ങള്‍ക്കു ഇന്നും മാതൃകയാണ്. ഈ മുന്നേറ്റത്തിന് പുരോഗമനവീക്ഷണം പുലര്‍ത്തിയ തിരുവിതാംകൂറിലേയും കൊച്ചിയിലേയും രാജാക്കന്മാര്‍ വഹിച്ച പങ്കിനെപ്പറ്റിയും ക്രൈസ്തവമിഷണറിമാരുടെ ക്ഷമാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഗ്രന്ഥശാലാപ്രസ്ഥാനത്തിന്‍റെ സംഭാവനകളെപ്പറ്റിയും നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ' വിദ്യാഭ്യാസം ചെയ്തു അഭിവൃദ്ധിപ്പെടുക' എന്ന ശ്രീനാരായണസന്ദേശം കേരളീയ സമൂഹത്തെ എങ്ങനെയെല്ലാം സ്വാധീനിച്ചു എന്നതിനെക്കുറിച്ച് വിശദമായ പഠനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതായാണ് ഇരിക്കുന്നത്.
യോഗിയുടെ ദര്‍ശനങ്ങള്‍ സമഷ്ടിയുടെ നന്മയ്ക്കു എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്ന അന്വേഷണമായിരുന്നു ശ്രീനാരായണഗുരുവിന്‍റെ ഉത്തരകാണ്ഡം. ധര്‍മ്മപ്രചരണത്തിനായി നിയമിച്ച പ്രാസംഗികരോടു ഗുരു 1905 - ല്‍ പറഞ്ഞത് മതം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം എന്നിവയെപ്പറ്റി പറയണമെന്നായിരുന്നു. ഉപദേശിക്കുക മാത്രമല്ല, പ്രവര്‍ത്തിച്ചു കാണിച്ചുകൊടുക്കുകയും ഗുരുവിന്‍റെ സവിശേഷതയായിരുന്നു. ഒരു കാലഘട്ടത്തിലെ അനുയായികളില്‍ പ്രധാനിയായിരുന്ന കുമാരനാശാനെ കല്‍ക്കത്തയിലേക്കും പിന്നീട് മൈസൂറിലേക്കും അയച്ച് പഠിപ്പിക്കാന്‍ മുന്‍കൈ എടുത്തത് ഗുരു തന്നെ ആയിരുന്നു.
ശിവഗിരിയില്‍ ഗുരു നടത്തിയിരുന്ന നെയ്ത്തുശാലയെപ്പറ്റി സി. കേശവന്‍ 'ജീവിതസമര' ത്തില്‍ ഉള്ളില്‍ത്തട്ടുന്നവിധം എഴുതിയിട്ടുണ്ട്. വര്‍ക്കലയിലും പരിസരങ്ങളിലുമുള്ള പറയക്കുട്ടികളെയും പുലയക്കുട്ടികളെയും മറ്റും നെയ്ത്തു പരിശീലിപ്പിക്കുന്നതിനായാണ് ഗുരു ശിവഗിരിയില്‍ നെയ്ത്തുശാല തുടങ്ങിയത്. ആധുനികകാലഘട്ടത്തിലെ തുടര്‍വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്യുന്ന തൊഴില്‍ സാക്ഷരത തന്നെയായിരുന്നു ഗുരു ആരംഭിച്ച നെയ്ത്തുശാലയുടെയും ലക്ഷ്യം.
കൊല്ലത്ത് ദിവാന്‍ പേഷ്കാരായിരുന്ന ടി. രാമറാവുവിന്‍റെ ഉത്സാഹത്തില്‍ നെടുങ്ങോലത്ത് 1869- ല്‍ ആ രംഭിച്ച നിശാപാഠശാലാ പ്രവര്‍ത്തനങ്ങള്‍ ഗുരു നേരില്‍ കണ്ടു പഠിച്ചതിനും തെളിവുകളുണ്ട്. ചെറായിയിലെ വി ജ്ഞാന വര്‍ദ്ധിനി 1910- ല്‍ ഗുരുവിനു സമര്‍പ്പിച്ച മംഗളപത്രത്തിനു മറുപടി പറയുമ്പോഴാണ് ' വിദ്യാഭ്യാസം ചെയ്തു അഭിവൃദ്ധിപ്പെടുക' എന്ന ആശയം അതീവസ്പഷ്ടതയോടെ ആദ്യമായി അദ്ദേഹം അവതരിപ്പിച്ചത്.
'ഇന്നു നമ്മുടെ സമുദായത്തില്‍ ഉയര്‍ന്നതരം വിദ്യാഭ്യാസമുള്ളവര്‍ വള രെ ചുരുക്കം പേര്‍ മാത്രമേയുള്ളൂ. ഇപ്പോള്‍ ഏതാനും കൊല്ലങ്ങളായി നമ്മുടെ സമുദായ അംഗങ്ങള്‍ക്കു വിദ്യാഭ്യാസത്തില്‍ അഭിരുചി ജനിച്ചു കാണുന്നുണ്ട്. ഇതു സന്തോഷകരം തന്നെ. വിദ്യാഭ്യാസം ഏതു സമുദായത്തെയും ഉന്നതിമാര്‍ഗ്ഗങ്ങളിലേയ്ക്ക് അയക്കുന്ന ഒന്നാകയാല്‍ നാം സമുദായാഭിവൃദ്ധിയെ കാംക്ഷിക്കുന്നുണ്ടെങ്കില്‍ വിദ്യാഭ്യാസത്തിനു നമ്മുടെ ഇടയില്‍ ധാരാളം പ്രചാരം ഉണ്ടാക്കുവാന്‍ ശ്രമിക്കണം. ഉയര്‍ന്നതരം പരീക്ഷകള്‍ ജയിക്കുന്നതിന് എ ല്ലാവര്‍ക്കും സാധ്യമായി എന്നു വരികയില്ല.'
'അതിനാല്‍, ഒരുവിധം ധനമുള്ളവര്‍ സാധുക്കളും വിദ്യാതല്‍പ്പരരുമായ വിദ്യാര്‍ത്ഥികളെ കഴിയുന്നത്ര സഹായിച്ചു ഇതരദേശങ്ങളിലയച്ചു വിദ്യ അഭ്യസിക്കുവാന്‍ ഉത്സാഹിക്കണം. ഇതു നമ്മുടെ സമുദായത്തിനു പലവിധത്തിലും ഗുണകരമായ സംഗതിയായിരിക്കും. സംസ്കൃത വിദ്യാഭ്യാസത്തി ന്‍റെ പ്രാധാന്യം കുറഞ്ഞുകുറഞ്ഞാണ് കാണപ്പെടുന്നത്. ഇപ്പോള്‍ പ്രധാനമായി പ്രചാരത്തിലിരിക്കുന്ന ഭാഷ ഇം ഗ്ലീഷാകുന്നു. അതിനാല്‍, അതിലാണു നാം നമ്മുടെ ശ്രദ്ധ പതിപ്പിക്കേണ്ടത്. സമുദായത്തില്‍ പുരുഷന്മാര്‍ക്കു മാത്രമല്ല, സ്ത്രീകള്‍ക്കും വിദ്യാഭ്യാസം ഉണ്ടായിരിക്കണം. അവരെ ഇപ്രകാരമുള്ള കാര്യങ്ങളില്‍ പിന്നോട്ടു തള്ളി വിടരുത്.'
'വിദ്യാഭ്യാസം കഴിഞ്ഞാല്‍ സമുദായാഭിവൃദ്ധിക്കു അത്യാവശ്യമായിട്ടുള്ളതു വ്യവസായമാണ്. നമ്മുടെ സമുദായത്തിലെ ധനസ്ഥിതി വളരെ മോശമാണ്. വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധി ഉണ്ടാകുവാന്‍ സാ ധിക്കുന്നതല്ല. ഇക്കാര്യത്തിലും ധനവാന്മാരുടെ ശ്രദ്ധയാണ് പതിയേണ്ടത്. പലമാതിരി യന്ത്രങ്ങള്‍ മുതലായവ വരുത്തി കൈപ്പണികള്‍ നടത്തിക്കുന്നതിനും ധനവാന്മാര്‍ക്കുമാ ത്രമേ അധികം സാധിക്കുകയുള്ളൂ. ഒരാളോ അഥവാ സാധിക്കാതെ വരുന്ന പക്ഷം പലര്‍ക്കുകൂടി കമ്പനി ഏര്‍പ്പെടുത്തിയോ, ഇപ്രകാരമുള്ള കാര്യങ്ങളില്‍ സധൈര്യം വേണ്ടതു പ്രവര്‍ത്തിക്കേണ്ടതാണ്. അഭിവൃദ്ധിമാര്‍ഗ്ഗങ്ങള്‍ നേരേ കിടക്കുന്നുണ്ടെങ്കിലും അതിലേ ക്കു കാലുവെയ്ക്കുവാന്‍ നമ്മുടെ സമുദായത്തിലെ അംഗങ്ങള്‍ ധൈര്യപ്പെടുന്നില്ല.'
'ഈ രാജ്യത്ത് ധാരാളമായി ഉണ്ടാകുന്ന കൊപ്ര, ചകിരി മുതലായവ അന്യദേശങ്ങളില്‍ അയച്ച് അവിടെ അ വര്‍ രൂപാന്തരപ്പെടുത്തുന്നതിനെ വളരെ കൂടുതല്‍ വിലകൊടുത്തു നാം വാ ങ്ങിച്ചു ഉപയോഗിക്കുന്നു. ഇപ്രകാരം ചെയ്യേണ്ടിവരുന്നത് അതുകളെ രൂപാന്തരപ്പെടുത്തേണ്ടമാതിരി നമുക്കു അറിവാന്‍ പാടില്ലാത്തതുകൊണ്ടാണ്. ഇ തിന്‍റെ നിവാരണത്തിനുവേണ്ടി നമ്മുടെ കുട്ടികളെ വ്യവസായശാലകളില്‍ അ യച്ചു പഠിപ്പിക്കണം. ഇതും ധനവാന്മാരുടെ മുറയാണ്. ഇതുകൂടാതെ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും എല്ലാവര്‍ ക്കും ഉണ്ടായിരിക്കണം. നമ്മുടെ സമുദായത്തില്‍ ധനസ്ഥിതികൊണ്ട് ഒന്നാമത്തെ സ്ഥാനത്തിന് അര്‍ഹരായിട്ടുള്ളവര്‍ കാര്‍ത്തികപ്പള്ളി താലൂക്കുകാരാണ്.'
'സാഹിത്യസംഘടനകളും വായനശാലകളും ഓരോരോ പ്രദേശങ്ങളിലും പ്രത്യേകം പ്രത്യേകം ഉണ്ടായിരിക്കേണ്ട തും അതുകള്‍മൂലം വിദ്യാഭ്യാസവിഷയത്തില്‍ സമുദായത്തിനു വളരെ അഭിവൃദ്ധിയുണ്ടാകുവാന്‍ ഇടയുള്ളതുമാകുന്നു. സാഹിത്യസംഘടനകളും വാ യനശാലകളും പ്രബലപ്പെടുത്തുന്നതിനു സമുദായാംഗങ്ങള്‍ ഓരോരുത്തരും യഥായോഗ്യം യത്നിക്കേണ്ടതാണ്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ധനവാന്മാര്‍ മൗനാവലംബികളായിരിക്കു ന്നതു തീരെ പോരാത്തതാണ്. കൊച്ചിയിലെ ഈഴവര്‍ക്കു ധാരാളം സ്വാത ന്ത്ര്യം ഇപ്പോഴത്തെ മഹാരാജാവ് തിരുമനസ്സില്‍ നിന്നും ദത്തമായിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കേണ്ടതു നമ്മുടെ കടമയാണ്. താ ഴ്ന്ന ജാതിക്കാരോടും അവിടുത്തേക്ക് അതിയായ വാത്സല്യം ഉണ്ടെന്ന് അവിടുത്തെ പ്രവര്‍ത്തികള്‍ കൊണ്ട് തെളിയുന്നുണ്ട്.'
'ഏതായാലും നിങ്ങളുടെ ഈ ഉദ്യമം ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിക്കുന്നതിനു നിങ്ങള്‍ ഉത്സുകരായിരിക്കുമെന്നും അടുത്തകാലത്തുത ന്നെ നിങ്ങളുടെ ആഗ്രഹം പൂര്‍ത്തിയാകുമെന്നും വിശ്വസിക്കുന്നു.' (നാരായണഗുരു- പി.കെ. ബാലകൃഷ്ണന്‍)
സാമൂഹികവും സാമ്പത്തികവുമായ വിമോചനത്തിനും ശാക്തീകരണത്തിനും വിദ്യാഭ്യാസം എത്രകണ്ട് അനുപേക്ഷണീയമാണെന്ന് ബോധ്യപ്പെടുത്തുകയാണ് മറുപടി പ്രസംഗത്തിലൂടെ ഗുരു ചെയ്തത്. പുരുഷന്മാര്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്നും ഇംഗ്ലീഷ് പഠിപ്പിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും വ്യവസായശാലകളില്‍ അയച്ച് പുതിയ തലമുറയെ പരിശീലിപ്പിക്കണം എന്നും പറയുന്ന ഭാഗങ്ങളില്‍ കാലത്തെ മറികടന്നു കണ്ട ഒരാളുണ്ട്. ആലപ്പുഴയിലെ കരുണാകരന്‍ എന്ന യുവാവ് ജര്‍മ്മനിയില്‍പോയി കയര്‍സംസ്കരണം പഠിച്ചതിലും മിതവാദി കൃഷ്ണന്‍റെ മകന്‍ പാറന്‍, വ്യാവസായികാടിസ്ഥാനത്തില്‍ കോഴിക്കോട്ട് പല്‍പ്പൊടി ഉണ്ടാക്കുവാന്‍ തുടങ്ങിയതിലും കൊല്ലത്തെ ചില യുവാക്കള്‍ കശുവണ്ടിസംസ്കരണം വ്യാവസായികാടിസ്ഥാനത്തില്‍ ആരംഭിച്ചതിലും ചെറായിപ്രസംഗത്തിന്‍റെ സ്വാധീനം ഉണ്ടായിരുന്നു. സാഹിത്യസംഘടനകളും വായനശാലകളും പില്‍ക്കാലത്തു വഹിച്ച ചരിത്രദൗത്യത്തെപ്പറ്റി നമുക്കെല്ലാം ഇന്നറിയാം. എന്നാല്‍ ചെറായിയില്‍ ഗുരു നടത്തിയ പ്രസംഗത്തില്‍ സാഹിത്യസംഘടനകളെപ്പറ്റിയും വായനശാലകളെപ്പറ്റിയും പറഞ്ഞിട്ടുണ്ടെന്ന കാര്യം പലപ്പോഴും നാം വിസ്മരിക്കുന്നു.
1905- ല്‍ ധര്‍മ്മപ്രചാരണത്തിന് ഒന്നാംസ്ഥാനം നല്‍കിയ ഗുരുതന്നെയാണ് 1910 ആകുമ്പോഴേക്കും വിദ്യാഭ്യാസത്തെ ആ പദവിയിലേക്കു ഉയര്‍ ത്തിയത്. തിരുവനന്തപുരത്തെ മുട്ടത്തറയില്‍ 1920- ല്‍ നടന്ന പുലയരുടെ യോഗത്തില്‍ നാരായണഗുരു പ്രസംഗിച്ചതും വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി ആയിരുന്നു.
'മനുഷ്യര്‍ ഒക്കെ ഒരു ജാതിയാണ്. അവരുടെയിടയില്‍ സ്ഥിതിഭേദമല്ലാതെ ജാതിഭേദം ഇല്ല. ഉണ്ടാകാന്‍ നിവൃത്തിയും ഇല്ല. ചിലര്‍ക്കു പണവും പഠിപ്പും ശുചിയും മറ്റും കൂടുതലായിരിക്കും. മറ്റു ചിലര്‍ക്കു അതൊക്കെ കുറവായിരിക്കും. ചിലരുടെ നിറമായിരിക്കുകയില്ല മറ്റു ചിലരുടെ നിറം. ഈ മാതിരിയുള്ള വ്യത്യാസങ്ങളല്ലാതെ മനുഷ്യര്‍ക്കു ജാതിവ്യത്യാസമില്ല. പുലയര്‍ക്കു ഇപ്പോള്‍ ധനവും വിദ്യയും ഇല്ലാത്ത കുറവ് വളരെയുണ്ട്. ഇതു രണ്ടും ഉണ്ടാക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസം പ്രധാനമായി വേണം. അതുണ്ടായാല്‍ ധനവും ശുചിയുമെല്ലാം ഉണ്ടാകും. നിങ്ങള്‍ക്കു പണമില്ലെന്നു പറയുന്നത് ശരിയല്ല. നിങ്ങളൊക്കെ പണമാണല്ലോ. ദിവസേന വേല ചെയ്തു പണമുണ്ടാക്കാ തെ നിങ്ങളില്‍ ആരുമില്ല. ഇപ്പോള്‍ അതു മദ്യപാനം ചെയ്തും മറ്റും വെറുതേ പോകുന്നു. അതില്‍ ഓരോ അണവീതമെങ്കിലും മാസംതോറും നി ങ്ങളൊക്കെ ഒരു പൊതുഭണ്ഡാരത്തില്‍ ഇട്ടുകൂട്ടിയാല്‍ അതുകൊണ്ട് നിങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാം. മറ്റാരുടേയും സഹായം കൂടാ തെ തന്നെ നിങ്ങള്‍ക്ക് വളരെയൊക്കെ സ്വയം സാധിക്കും.'
'മാസംതോറും എല്ലാവരും ഒരു പൊതുസ്ഥലത്തു സഭകൂടി വേണ്ടകാര്യങ്ങള്‍ ആലോചിച്ചു ചെയ്യണം. മദ്യപാനം കഴിയുന്നതും നിര്‍ത്തണം. ഇനി കുട്ടികള്‍ കള്ളുകുടിക്കാന്‍ അനുവദിക്കരുത് . പ്രായം ചെന്നവരും കഴിയുന്നതും മാറ്റണം. സഭകൂടി പറയേണ്ടതു മദ്യപാനം മുതലായതു നിര്‍ത്താനാണ്. മറ്റുള്ളവരും നിങ്ങളെ സഹായിക്കാതിരിക്കയില്ല. ഇനിയും കൂടെക്കൂടെ നിങ്ങളെക്കാണുന്നതിന് ആഗ്രഹമുണ്ട്.' (നാരായണഗുരു- പി.കെ. ബാലകൃഷ്ണന്‍)
1928 ല്‍ ശിവഗിരി തീര്‍ത്ഥയാത്രയുടെ ഉദ്ദേശ്യങ്ങളായി താഴെപ്പറയുന്ന എട്ടു കാര്യങ്ങളാണ് ടി. കെ. കിട്ടന്‍ റൈറ്ററോടു ഗുരു പറഞ്ഞത്.
1. വിദ്യാഭ്യാസം
2. ശുചിത്വം
3. ഈശ്വരഭക്തി
4. സംഘടന
5. കൃഷി
6. കച്ചവടം
7. കൈത്തൊഴില്‍
8. സാങ്കേതിക പരിശീലനം
പില്‍ക്കാലത്ത് , തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ നാല് അടിസ്ഥാന ലക്ഷ്യങ്ങളായി യുനെസ്കോ നിര്‍ദ്ദേശിച്ച തുല്യതാപരിപാടി, വ്യക്തിത്വവികസന പരിപാടി, വരുമാനദായക പരിപാടി, ജീവിതഗുണമേന്മ പരിപാടി എന്നിവയുമായി ഈ നിര്‍ദ്ദേശങ്ങള്‍ അഭേദ്യമായി ബന്ധപ്പെടുന്നതായി കാണാം. കേരളത്തിലെ തുടര്‍വിദ്യാഭ്യാസപദ്ധതി 1998- ല്‍ അല്ല 1928- ല്‍ ആണ് ആരംഭിച്ചത് എന്നു പറയാന്‍ എന്നെ അനുവദിക്കുക.
സാധകനായ ഒരാള്‍ക്കു ഈശ്വരചിന്തമാത്രമല്ലേ പാടുള്ളൂ എന്നു ചോദിച്ചവര്‍ അക്കാലത്തും ഉണ്ടായിരുന്നു. ഋഷിയിലെ കവിയെയും ക്രാന്തദര്‍ശിയെയും മനസ്സിലാക്കാത്തവര്‍ക്കുള്ളതാണീ സന്ദേശം.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ പ്രാ ധാന്യത്തെപ്പറ്റി ആവര്‍ത്തിക്കുമ്പോഴും സംസ്കൃതവിദ്യാഭ്യാസം ആവശ്യമില്ലെന്നു അദ്ദേഹം കരുതിയില്ല. അരുവിപ്പുറത്തും ശിവഗിരിയിലും ആലുവായിലും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്ന സ്കൂളുകളില്‍ സംസ്കൃ ത പഠനം നിര്‍ബന്ധിതമായിരുന്നു. ഗു രു ആലുവായിലെ അദ്വൈതാശ്രമത്തില്‍ വിശ്രമിക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ പ്രേരണയില്‍ പോയ കഥ കവിയും ഗവേഷകനുമായ മഠം പരമേശ്വരന്‍ നമ്പൂതിരി 'വിവേകോദയ'ത്തില്‍ എഴുതിയിട്ടുണ്ട്.
തദ്ധിതപ്രകരണമാണ് ഇപ്പോള്‍ പഠിക്കുന്നതെന്ന് മഠം പരമേശ്വരന്‍ നമ്പൂതിരി ഗുരുവിനെ അറിയിച്ചപ്പോള്‍, 'പഠിത്തം തന്നെ ഉപേക്ഷിക്കണമെന്നു തോന്നുന്നുണ്ട് അല്ലേ' എന്നായിരുന്നു മറുചോദ്യം.
തദ്ധിതപ്രകരണത്തിന്‍റെ കാഠിന്യത്തെപ്പറ്റിയുള്ള സംസ്കൃത ശ്ലോകം സ്ഫുടോച്ചാരണത്തില്‍ ഗുരു ചൊല്ലിയതും പഠനം അവസാനിപ്പിക്കരുതെ ന്നു സസ്നേഹം ഉപദേശിച്ചതും പരമേശ്വരന്‍ നമ്പൂതിരി കൃതജ്ഞതയോ ടെ അനുസ്മരിക്കുന്നുണ്ട്. ആയുര്‍വ്വേദ സ്കൂളിലെ പരീക്ഷയില്‍ ആദ്യതവണ തോറ്റപ്പോള്‍ നിരാശനായ യുവാവിനോട് വീണ്ടും പരീക്ഷ എഴുതണമെന്ന് ഗുരു നിര്‍ദ്ദേശിച്ചതിനെപ്പറ്റി പി.കെ. വൈദ്യന്‍ അനുസ്മരിച്ചിട്ടുണ്ട്. വീണ്ടും പരീക്ഷയെഴുതിയപ്പോള്‍ പ്രശസ്തമാം വിധം ജയിച്ച ആ യുവാവിന്‍റെ പേരും പി.കെ. വൈദ്യന്‍ അറിയിക്കുന്നു - ഭാര്‍ഗ്ഗവന്‍ വൈദ്യന്‍.
ആത്മജ്ഞാനത്തെയും വിദ്യാഭ്യാസത്തെയും സമാന്തരരേഖകളായി ഗുരു ഒരിക്കലും കണ്ടിരുന്നില്ല. അതുകൊണ്ടാണ് 'അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം' എന്നു ആത്മോപദേശശതകത്തില്‍ എഴുതിയത്. നാരായണഗുരുവിന്‍റെ ഇഷ്ടപദങ്ങളിലൊന്നായിരുന്നു അറിവ്. 26 തവണയാണ് അറിവെന്ന പദം ആത്മോപദേശശതകത്തില്‍ കടന്നു വരുന്നത്.
അറിവുണ്ടായിക്കഴിഞ്ഞാല്‍ അറി വും അറിയുന്നവനും ഒന്നാകുമെന്നു നാരായണഗുരുവിന് അറിയാമായിരുന്നു.