ആശയസംവാദങ്ങളുടെ  മഹാസംഗമം
ജസ്റ്റിസ് കെ. സുകുമാരന്‍


ഈശ്വരചിന്തയിതൊന്നേ മനുജനു-ശാശ്വതമായുലകില്‍ എന്നു വിശ്വസിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്ക് വിശ്വാസപ്രമാണം ആകാവുന്ന ഒരു ശ്ലോകം ഉണ്ട്-


പ്രഥമാസഹജാഭാവം
ദ്വിതീയധ്യാനധാരണ
ത്രിതീയാപ്രതിമാപൂജാ
ഹോമയാത്രചതുഷ്ടയി


         ഈശ്വരനും താനും ഒന്നാണ് എന്ന ഭാവം ഏറ്റവും അഭികാമ്യമായത്  - സാധാരണക്കാര്‍ക്കൊന്നും പെട്ടെന്ന് സാധിക്കാത്തത് -ധ്യാനിക്കാന്‍ കുറേക്കൂടി എളുപ്പമാണ്. മറ്റു കാര്യങ്ങളെല്ലാം മറന്ന് സാന്ദ്രീകൃത ശ്രദ്ധയോടു കൂടി ഒരു ശക്തിയെ സ്മരിക്കുന്നത് , അതല്‍പ്പം പ്രയാസമായിട്ടുള്ളതാണെങ്കില്‍ക്കൂടി, പരിശീലനം കൊണ്ട് സാധിച്ചെടുക്കാവുന്നതാണ്. ഇത്രയും ഉന്നത തലങ്ങളിലെത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് എളുപ്പമാണ് ഒരു വിഗ്രഹത്തെ മുന്‍പില്‍ കണ്ടുകൊണ്ടുള്ള പ്രതിമാപൂജ. ചില മതങ്ങള്‍ക്ക് നിഷിദ്ധമാണെങ്കിലും ഹിന്ദുമതത്തില്‍ അത് ഒരു സാധാരണ പ്രക്രിയയാണ്. ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഭക്തിപ്രകടനമാര്‍ഗ്ഗവും നാട്ടിലുടനീളം കാണുന്ന ദേവാലയങ്ങള്‍ തന്നെയെന്നത് ഈ സത്യപ്രകാശത്തിന്‍റെ പ്രതിബിംബങ്ങളാണ്.


         തീര്‍ത്ഥയാത്രാകേന്ദ്രങ്ങളെന്ന നി ലയ്ക്ക് പ്രസിദ്ധമായ പുരാതനക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. ആ കേന്ദ്രങ്ങളിലേക്ക് പ്രവഹിക്കുന്ന ഭക്തന്മാരുടെ യാത്രയെപ്പറ്റി സുന്ദരചിത്രീകരണങ്ങള്‍ നടത്തിയ സാഹിത്യകൃതികളും ധാരാളമാണ്. പുരിയിലേക്ക് നടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ബംഗാളിലെ ഈശ്വരവിശ്വാസികളെ പറ്റിയാണ് വളരെയേറെ എഴുതപ്പെട്ടിട്ടുള്ളത് . കാശിയിലേക്കുള്ള യാത്ര കേരളീയര്‍ക്കു സുപരിചിതമാണ്.  ആ യാത്രയെപ്പറ്റിയും അവിടെയുള്ള ജീവിതത്തെ പറ്റിയുമുള്ള നല്ല വാഗ്മയ ചിത്രങ്ങള്‍  ചന്തുമേനോന്‍റെ 'ശാരദ'യില്‍ വായിക്കാമല്ലോ.


         ഇത്തരം യാത്രകളൊക്കെ  സ്വന്തം ആത്മാവിന്‍റെ സമുദ്ധാരണത്തിനായി സങ്കല്‍പ്പിച്ചിട്ടുള്ളവയാണ്. തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബ ന്ധം ' എന്ന ആദ്ധ്യാത്മിക ചിന്ത മനസ്സില്‍ പേറിക്കൊണ്ട് ഒരു തീര്‍ത്ഥയാത്ര നടത്തണമെന്ന് പലരും തീരുമാനിച്ചേക്കും. മടങ്ങിയെത്താന്‍ തന്നെ പലപ്പോഴും ബുദ്ധിമുട്ടായിരിക്കും എന്ന ധാരണ എല്ലാവരുടേയും മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടാകും.


         ഇംഗ്ലീഷ് സാഹിത്യത്തില്‍ യാത്രകളെപ്പറ്റിയുള്ള സാഹിത്യശില്പങ്ങള്‍ നിരവധിയാണ്. അ A Pilgrim's progress എന്ന  John Bunnyan ന്‍റെ സുപ്രസിദ്ധമായ കൃതി ഒരു തീര്‍ത്ഥയാത്രയുടെ കഥ വിശദമായി വിവരിക്കുന്ന ഒന്നാണ്.


         ശിവഗിരിയിലേക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക് തീര്‍ത്ഥയാത്ര നടത്തിയ നിരവധി പ്രശസ്ത വ്യക്തികള്‍ ലോകത്തില്‍ പലയിടത്തും ചിതറിക്കിടപ്പുണ്ട്. Somar  Setmugham അത്തരം ഒരു തീര്‍ത്ഥയാത്ര നടത്തിയ സാഹിത്യകാരനാണ്. ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലെത്തിയ അദ്ദേഹത്തിന്  വടക്കന്‍ പ്രദേശങ്ങളില്‍ ഈശ്വരചൈതന്യം പ്രദര്‍ശിപ്പിക്കുന്ന ഒരു മഹര്‍ഷിയേയും കാണാന്‍ കഴിഞ്ഞില്ല. ഇന്ത്യയുടെ തെക്കേ അറ്റം വരെ അദ്ദേഹം സഞ്ചരിച്ചു. രമണമഹര്‍ഷിയുമായി അദ്ദേഹം സംവാദിച്ചു. അവിടെ നിന്നും തിരുവിതാംകൂറിലേക്കു യാത്ര തുടങ്ങി തിരുവനന്തപുരത്ത് എത്തി. പിന്നെ തീവണ്ടിമാര്‍ഗ്ഗം കുറേ ദൂരം സഞ്ചരിച്ചു. അതുകഴിഞ്ഞ് കാളവണ്ടിയില്‍ യാത്രയായി വലിയൊരു ആശ്രമത്തില്‍ എത്തി. സചേതനമായ കണ്ണുകള്‍ തന്നെ മാടിവിളിക്കുന്നതായി തോന്നി. ' ഞാന്‍ അന്വേഷിച്ച ആളെ ഇപ്പോള്‍ കണ്ടെത്തി' എന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. (തീര്‍ത്ഥയാത്ര നടത്തിയത് ശിവഗിരിയിലേക്കാണോ എന്നതിനെപ്പറ്റി അഭിപ്രായ വ്യത്യാസം ഉണ്ടെന്നു തോന്നുന്നു.) അന്ന ത്തെ സാഹിത്യകൃതികളും ചരിത്രപഠനങ്ങളും വായിച്ചാല്‍ തോന്നുന്നത് സോമര്‍സെറ്റ് മോമിന്‍റെ തീര്‍ത്ഥയാത്ര ശിവഗിരി കുന്നിലേക്കായിരുന്നു എന്നാണ്. പണ്ഡിതന്മാരായ ചരിത്രകാരന്മാര്‍ക്ക് ഈ പ്രശ്നം നമുക്ക് വിട്ടുകൊടുക്കാം.


         ശിവഗിരി തീര്‍ത്ഥാടനത്തിന് സാധാരണ തീര്‍ത്ഥയാത്രയില്‍ നിന്നും അടിസ്ഥാനപരമായ ഒരു വ്യത്യാസം ഉണ്ട്. കൂട്ടം കൂടി യാത്രചെയ്യുന്ന രീതി ശിവഗിരിക്കു മുമ്പും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ശബരിമലയിലേക്കുള്ള തീര്‍ത്ഥാടന പ്രവാഹം . ഭരണിപ്പാട്ടോടുകൂടിയുള്ള ദേവീസങ്കേതയാത്ര. അവിടെയും വ്യക്തിഗതസായൂജ്യത്തിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഭൗതികേതരമാണ് പരമപ്രധാനമായ ലക്ഷ്യവും.


         ഈ സമീപനത്തില്‍ നിന്നും വ്യത്യസ്തമായതാണ് ഗുരു രൂപം കൊടുത്ത ശിവഗിരി തീര്‍ത്ഥയാത്ര.  ഭൗതിക ശ്രേ യസ്സിന്‍റെ ചേരുവയും ആ ആത്മീയാനുഷ്ഠാനത്തില്‍ സ്ഥലം പിടിച്ചപ്പോള്‍ അതിനൊരു പൈതൃകമായ പ്രഭയുണ്ടായെന്ന് പറയാം.  അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ' എന്ന് പാവപ്പെട്ടവര്‍ ഉള്ളഴിഞ്ഞ് പ്രാര്‍ത്ഥിച്ചിരുന്നു. ഈ പ്രാര്‍ത്ഥന കുറച്ചുകൂടി സമൂര്‍ത്തമാക്കി മറക്കാനാകാത്ത ഒരനുഭൂതിയാക്കി മാറ്റുകയാണ് ശ്രീനാരായണഗുരു ചെയ്തത്. ഇതിന്‍റെ ചരിത്രപശ്ചാത്തലവും ശ്രദ്ധേയമാണ്. സാമൂഹിക രംഗത്തെ അടിക്കാടുകള്‍ വെട്ടിക്കളയാന്‍ അധീനശക്തികള്‍ മുന്‍ കൈയെടുത്തിരുന്ന  സന്ദര്‍ഭം. എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യിച്ച് അപരിചിതമായ ഒരു പരിസരത്തിലേക്ക് തള്ളിവിട്ടിരുന്ന സാമൂഹ്യാചാരം ശക്തിനേടിയിരുന്ന കാലഘട്ടം. രജസ്വലയായ പെണ്‍കുട്ടി വീട്ടില്‍ നിന്നാല്‍ അച്ഛനമ്മമാര്‍ നരകത്തില്‍ പോകും എന്ന വിശ്വാസം പരിഭ്രമം സൃഷ്ടിച്ചിരുന്ന സമൂഹം. ഇതി നെതിരെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ബുദ്ധിപൂര്‍വ്വമായ പരിശ്രമങ്ങള്‍ നടത്തിയപ്പോഴും ബ്രിട്ടീഷ്ഭരണത്തിന്‍റെ ഇ ച്ഛാശക്തി കൊണ്ടുമാത്രമാണ് വിവാഹപ്രായം ഉയര്‍ത്തുന്നതിന്‍റെ നിയമനിര്‍ മ്മാണനടപടിയുണ്ടായത്. ഈ സംരംഭങ്ങള്‍ വേഗതയോടെ പൊയ്ക്കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് രാജ്യമാകെ പടര്‍ന്നുപിടിച്ച ഒരു പ്രക്ഷോഭം പൊട്ടി പുറപ്പെട്ടത്. 1857- ല്‍ ശിപായി ലഹള എന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാരും സ്വാ തന്ത്ര്യസമരം എന്ന് ഭാരതീയരും വിശേഷിപ്പിക്കുന്ന പ്രക്ഷോഭം. 


         ഭാരതത്തിന്‍റെ ഭാവിയെ തന്നെ മാറ്റിമറിക്കുന്ന വ്യവസായിക പരിശ്രമങ്ങള്‍ക്ക് ആരംഭം കുറിക്കുന്നത് അപ്പോഴാണ്. 
സാമൂഹ്യമാറ്റങ്ങളുടെ ഈ പ്രതിഫലനങ്ങള്‍ വളരെയേറെ ദൂരക്കാഴ്ചയോടുകൂടി കണ്ട മഹര്‍ഷിയാണ് ശ്രീനാരായണഗുരു. ഇംഗ്ലീഷ്കാരെപ്പറ്റി അവരാണ് നമുക്ക് സംന്യാസം നല്‍കിയത് ' എന്നുതുറന്നു പറയാന്‍  സാധിച്ചത് ആ വലിയ മനസ്സിന്‍റെ പ്രഭാവം കൊ ണ്ടാണ്. സംസ്കൃതഭാഷയോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷാ പഠനത്തിലും സ്വാമി ശ്രദ്ധിച്ചിരുന്നത് സൂക്ഷ്മനിരീക്ഷര്‍ക്ക് മനസ്സിലാക്കാന്‍ പറ്റും.


         ഈ പശ്ചാത്തലത്തിലാണ് ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ വേണ്ടവിധത്തില്‍ കൂട്ടിച്ചേര്‍ത്തുകൊ ണ്ട് ഒരു തീര്‍ത്ഥയാത്രാ പ്രസ്ഥാനം സ്വാമി വിഭാവനം ചെയ്തത്. അതിന് അവസരമൊരുക്കിയ നിരവധി വ്യക്തികളെ നന്ദിപൂര്‍വ്വം നമുക്ക് അനുസ്മരിക്കാം. പ്രത്യേകിച്ച്  വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരെ.


         ആത്മീയ സന്ദേശങ്ങളും ഭൗതിക ആവശ്യങ്ങളും സമഞ്ജസമായി സ മ്മേളിപ്പിക്കാന്‍ സാധിച്ചു എന്നതാണ് ശിവഗിരി തീര്‍ത്ഥയാത്രയെ വേറിട്ടൊരു തീര്‍ത്ഥയാത്രയാക്കിയിട്ടുള്ളത്.


         ഒരു സമൂഹത്തിന്‍റെ സമഗ്രമായ പുരോഗതിക്കാവശ്യം എന്തൊക്കെയാണെന്ന് സ്വാമി മനസ്സില്‍ കണ്ടു. കൃഷി ശാസ്ത്രീയമാക്കണം. വ്യവസായം സ മൃദ്ധമാക്കണം ഇതിനെല്ലാം ഉതകുന്ന പണ്ഡിത പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കണം. ഇതൊക്കെ ആലോചിച്ചുറയ്ക്കാനും പ്രാവര്‍ത്തികമാക്കാനും ഒരു വിശ്വഗുരുവിനു മാത്രമേ സാധ്യമാവുകയുള്ളൂ.


         ശബരിമല തീര്‍ത്ഥാടനത്തില്‍ കാണാന്‍ പറ്റാത്ത ഒരു പ്രതിഭാസമാണ് ശിവഗിരിയിലെ ആശയസംവാദങ്ങളുടെ  മഹാസംഗമം.  പൊള്ളയായ ഉടുക്കുകളുടെ സംഗീതമില്ല. കര്‍പ്പൂരമലകള്‍ ക ത്തുന്നില്ല. പക്ഷേ ഈ സമ്മേളനങ്ങളില്‍ പങ്കെടുത്ത പ്രതിഭകളുടെ പ്രഭാപൂരം ആ അന്തരീക്ഷത്തെ ധന്യമാക്കുന്നു.


         വര്‍ക്കലപ്രദേശത്തിന് പുതിയ ഒരു ശോഭ ഇപ്പോള്‍ കൈവന്നിരിക്കുകയാണ്. വര്‍ക്കലതുരപ്പ് ചരിത്രപ്രസിദ്ധമാണ്. വലിയ ഒരു എന്‍ജിനീയറിംഗ് പ്രകടനം, മദിരാശി ഗവര്‍ണ്ണറെ ആകര്‍ഷിച്ച ശില്പതന്ത്രം. ആ ബുദ്ധിശാലിയാകട്ടെ അവിടെയുള്ള കല്ലുപോലും നല്ലപോലെ പരിശോധിച്ചു. പാറകളുടെ ഏതുവിഭാഗത്തില്‍ പെട്ടതാണ് ഇവിടെ കാണുന്നത് എന്ന ചോദ്യത്തിന് പെട്ടെന്നൊരു ഉത്തരം മതിയാകും എന്ന ധൈര്യത്തോടെ അടുത്തുണ്ടായിരുന്ന എന്‍ജിനീയര്‍ മറുപടി പറഞ്ഞു. അവിടെനിന്നും ഒരു കല്ലിന്‍കഷ്ണം ഗ വര്‍ണര്‍ പെറുക്കിയെടുത്തത് എന്‍ജിനീയര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പാറയുടെ പ്രകൃതവും ഘടനയും ചരിത്രവുമൊ ക്കെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി തയ്യാറാക്കിയ  കുറിപ്പ് ഗവര്‍ണ്ണര്‍ക്ക് കിട്ടി. എന്‍ജിനീയറുടെ മറുപടിതെറ്റായിരുന്നു എന്ന് വ്യക്തമായി. അത് ചൂണ്ടിക്കാണിച്ചുകൊണ്ട് തിരുവിതാംകൂര്‍ ഭരണകൂടത്തിനു എഴുത്തും എഴുതി. ശാസ്ത്രകാര്യങ്ങളിലും സത്യം കൈവിടാന്‍ പാടില്ല എന്ന സന്ദേശം ഗവര്‍ണ്ണറുടെ വര്‍ക്കലസന്ദര്‍ശനം നല്‍കി.


         ആ സന്ദേശത്തിന് ഇപ്പോള്‍ കുറേയൊക്കെ മങ്ങലേറ്റിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണ് തുരപ്പുതന്നെ മുക്കാല്‍ ഭാഗവും മൂടപ്പെട്ടു പോയല്ലോ. അഴുക്കുകള്‍ മാറ്റുകയും ആഴം കൂട്ടുകയുമൊക്കെ ചെയ്ത് തുരപ്പിലൂടെ ഒരു സുഗമസംഗീതം പോലെ പുതിയൊരു സന്ദേശവും ഇപ്പോള്‍ കടന്നുപോയി. ഒരു ശുഭസൂചകമായി ഇതിനെ കണക്കാക്കാം. ശിവഗിരി തീര്‍ത്ഥയാത്ര വേറിട്ടൊരു തീര്‍ത്ഥയാത്രയാണെന്ന ധാരണമനസ്സില്‍ ഉറപ്പിക്കുമ്പോഴും അവിടത്തെ പാറയുടെ ഉറപ്പുപോലെ ശ്രീനാരായണസന്ദേശങ്ങള്‍ കാലത്തെ അതിജീവിക്കുന്ന സന്ദേശവാഹകരായി സ്ഥിതിചെയ്യും. 'വാദങ്ങള്‍ ചെവിക്കൊണ്ടും മതപ്പോരുകള്‍ കണ്ടും  മോദസ്ഥിതനായങ്ങു വസിപ്പൂമലപോലെ' എന്ന് മനസ്സില്‍ മന്ത്രണം ചെയ്തുകൊണ്ടാണ് തീര്‍ത്ഥാടകര്‍ മടങ്ങി പോകുക. മനസ്സില്‍ കൊത്തിവെച്ച കവിതയാണ് 
'ശിവഗിരി തീര്‍ത്ഥയാത്ര'. വേറിട്ടൊരു തീര്‍ത്ഥയാത്ര.