ശിവഗിരി തീർത്ഥടനത്തിന്റെ ദാര്‍ശനികമൂല്യങ്ങള്‍
സി. രാധാകൃഷ്ണന്‍
ഗുരുസ്വാമികള്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചിട്ട് മുക്കാല്‍ നൂറ്റാണ്ട് തികയുന്നു. ഇത്രയും നീണ്ട കാലത്തെ തീര്‍ത്ഥാടനാനുഭവത്തിലൂടെ കേരളം എവിടെയാണ് എത്തിച്ചേര്‍ന്നത്?
ഈ ചോദ്യത്തിനുള്ള ഉത്തരം തീര്‍ത്ഥാടനത്തിന്‍റെ സാമൂഹികമൂല്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുക. ദാര്‍ശനികമൂല്യങ്ങളുടെ സര്‍വപ്രാപ്തി സാമൂഹികമൂല്യങ്ങളുടെ സുസ്ഥിതിയായാണ് പ്രതിഫലിക്കേണ്ടത്. സമൂഹം മുന്നോട്ടല്ല പോയതെങ്കില്‍ അതിനര്‍ത്ഥം, തീര്‍ത്ഥാടനസംബന്ധിയായി ലഭിച്ച ഗുരൂപദേശത്തിന്‍റെ ഉള്‍ക്കൊള്ളലില്‍ പിഴവുണ്ടായി എന്നു തന്നെയാണ്.
പരപുച്ഛവുമഭ്യസൂയയും ദുര്‍വ്യതിയാനാസക്തിയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന ഒരു ഉപഭോഗസംസ്കാര കാലഘട്ടത്തില്‍ നാം എത്തിനില്‍ക്കെ, സമൂഹം മുന്നോട്ടല്ല പോയതെന്ന് തീര്‍ച്ചയാണ്. അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന്ന് സുഖത്തിനാകണമെന്ന ആഗ്രഹം സമൂഹത്തില്‍ നിന്ന് അന്യം നിന്നുപോയി എന്നുതന്നെ പറയാം. ഈശ്വരചൈതന്യത്തിന്‍റെ ആഴമേറുന്ന ആഴിയിലല്ല, മദ്യത്തിന്‍റെ ആഴം കുറഞ്ഞ ചാടിയിലാണ് സമൂഹം ആഴുന്നത്.
ധാര്‍മ്മികമായ ഈ താഴോട്ടുപോക്കിനോട് സമാന്തരമായി തീര്‍ത്ഥാടനങ്ങള്‍ ആണ്ടോടാണ്ട് ഗംഭീരമായി നടന്നുകൊണ്ടിരുന്നു. ഗുരുഭക്തരായ അനേകായിരങ്ങള്‍ കാതങ്ങള്‍ താണ്ടി ശിവഗിരിയില്‍ എത്തി . നേതാക്കന്മാരെന്നറിയപ്പെടുന്നവര്‍ മഹാജനങ്ങളോട് ഘോരഘോരം പ്രസംഗിച്ചു. സമൂഹമെന്ന വണ്ടി അധഃപതനവഴിയില്‍ ഉരുളുമ്പോഴും സമൂഹത്തിന് എവിടെയാണ് പിഴച്ചത് എന്നു അന്വേഷിക്കാന്‍ കഴിഞ്ഞിട്ടില്ല.
എവിടെയാണ് പിഴച്ചത് എന്ന് അ ന്വേഷിക്കാന്‍ ഇനിയും സമയമുണ്ട്. എഴുപത്തിയഞ്ചു കൊല്ലം കഴിഞ്ഞ് തകര്‍ന്നു വീണപ്പോഴേ സോവിയറ്റ് യൂ ണിയന് ആലോചിക്കാന്‍ തോന്നിയുള്ളൂ, എവിടെയാണ് പിഴച്ചതെന്ന്. തളപ്പറ്റ് താഴെ വീണ് നട്ടെല്ലൊടിഞ്ഞിട്ട് ഈ ആലോചനകൊണ്ട് എന്ത് കാര്യം? ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേ രത്തേ ആലോചിച്ചാല്‍ അത്രയും ന ന്നായി എന്നുതന്നെ അനുഭവപാഠം.
അവനവന്‍ ആത്മസുഖത്തിന് ആ ചരിക്കുന്നത് അപരന്ന് സുഖത്തിനായി വരേണമെങ്കില്‍ ആത്മസുഖമെന്ന വാ ക്കിന് എന്തായിരിക്കണം അര്‍ത്ഥം? അ ന്നപാനാദികളില്‍ മായം ചേര്‍ക്കുന്ന തും അങ്ങനെ ലാഭമുണ്ടാക്കുന്നതുമാ ണ് ഒരുവന് ആത്മസുഖം എങ്കില്‍ അ ന്യന് ഇതെങ്ങനെ സുഖത്തിനായ് വ രും?
അപ്പോള്‍, അന്യന് സുഖത്തിനായ് വരുന്ന ആത്മസുഖങ്ങളേ എനിക്കുണ്ടാകാവൂ എങ്കില്‍ എന്‍റെ ആത്മാവിന് ഹിതമെന്തെന്ന് ഞാന്‍ ശരിയായി അറിഞ്ഞിരിക്കണം. അതറിയാന്‍ ആദ്യം വേ ണ്ടത് ആത്മാവിനെ അറിയുകയാണ്. അതിന് എവിടെ ചെല്ലണം? തന്നിലേ ക്കു തന്നെ ചെല്ലണം?
തന്നില്‍ത്തന്നെയുണ്ട് ഓരോരുത്തര്‍ക്കും ഓരോ ശിവഗിരി. അവി ടെ ഗുരുദേവസമാധിയുണ്ട്. ശിവഗിരി എന്ന ഭൂമിശാസ്ത്രപ്രദേശത്തേക്കുള്ള നടത്തത്തിന് സമാന്തരമായി അകത്തെ ശിവഗിരിയിലേക്കും നടന്നുകൊണ്ടിരിക്കണം. രണ്ടിടത്തും എത്തുന്നത് ഒരുമിച്ചായാല്‍ നന്നായി.
അകത്തേക്കു നടക്കാനുള്ള ഈ വഴി ഉപനിഷത്തുകള്‍ പറഞ്ഞുതരുന്നുണ്ട്. നടക്കണമെന്നില്ല, തേരുരുട്ടി പോ യാല്‍ മതി എന്നാണ് ഗുരുവാക്യം. ശരീരമാകുന്ന തേര് ഇന്ദ്രിയങ്ങളാകുന്ന കു തിരകള്‍ വിഷയങ്ങളാകുന്ന വഴികളിലൂടെ ഉരുട്ടിക്കൊള്ളട്ടെ. കുതിരകളുടെ കടിഞ്ഞാണ് മനസ്സായിരിക്കട്ടെ. ആ മനസ്സ് ബുദ്ധിയുടെ മടിയിലിരിക്കട്ടെ. ആ ബുദ്ധി ഈശമെന്ന ജീവാത്മാവിന്‍റെ പിടിയിലുമാകട്ടെ.
ഒരു കുഴപ്പവുമില്ലാതെ ഈ യാത്ര ശുഭകരമായി അവസാനിക്കും. കടിഞ്ഞാണിന്‍റെ ഈ പിടിത്തം വിട്ടുപോയാലോ, എങ്ങുമെത്തില്ലെന്നു പറഞ്ഞുകൂടാ, മഹാവിപത്തുകളില്‍ വീണടിയും.
ജീവിതം ഒരു മഹാതീര്‍ത്ഥാടനമാണ് എന്ന സാരമാണ് ശിവഗിരി തീര്‍ ത്ഥാടനത്തിനുള്ളത്. ജീവിതത്തിന്‍റെ ലക്ഷ്യമെന്താണ് എന്ന് ചോദിച്ചാല്‍ ഒരു മറുപടിയേ ഉള്ളൂ. ശിവഗിരിയിലെത്തുക . ശിവമെന്നാല്‍ നിത്യം, സത്യം, സുന്ദരം. അതിന്‍റെ കൊടുമുടി . സ്വാതന്ത്ര്യത്തിന്‍റെ പരമകാഷ്ഠ. മോക്ഷം.
ലോകത്തെ ഉപേക്ഷിക്കണമെന്നല്ല ഗുരുദേവന്‍ പഠിപ്പിച്ചത്. ലോകഹിതത്തിനായി ജീവിക്കണമെന്നാണ്. സംന്യാസം കൊണ്ട് മാത്രമായില്ല. ഉപേക്ഷ വേണ്ട, ഉപേക്ഷയുടെ സങ്കല്‍പ്പമേ വേണ്ടൂ. ഈ ഭൂമിയിലുള്ളവരെല്ലാം സംന്യാസിമാരായാല്‍ പിന്നെ ആരുണ്ടാക്കും ഭക്ഷണ വും കിടപ്പാടവും ഒക്കെ?
എല്ലാം മായയാണ് എന്ന 'നേതി വാദ'ത്തെ ഗുരു സ്വീകരിച്ചില്ല. (എല്ലാം മായയാണെങ്കില്‍ അത് പറയുന്ന ആളും അയാള്‍ പറയുന്നതും മായതന്നെ ആയിരിക്കണ്ടെ!) എല്ലാം ബ്രഹ്മമയം തന്നെ. ക്ഷരവും ബ്രഹ്മം. അതായത് പ്രപഞ്ചം ബ്രഹ്മം. കാണപ്പെട്ട ബ്രഹ്മം. അതിനു പിന്നില്‍ അവ്യക്തവും കാണാനാകാത്തതുമായ അ ക്ഷരബ്രഹ്മം. ക്ഷരത്തിന് നാശമുണ്ട്. അക്ഷരത്തിനില്ല. ക്ഷരം അക്ഷരത്തില്‍ നിന്നുണ്ടാകുന്നു. അക്ഷരമോ? അക്ഷരാതീതത്തില്‍ നിന്ന് ഉണ്ടാകുന്നു. അതിനെയാണ് പരമാത്മാവ് എന്നു പറയുന്നത്. അതാണ് ആത്യന്തികമായ ചാലകശക്തി. ജീവനും അതുതന്നെ.
മൂന്നും ബ്രഹ്മത്തിന്‍റെ മൂന്ന് ഭാവങ്ങളായതിനാല്‍ മൂന്നും മഹത്തു തന്നെ. ഒന്നും നിന്ദ്യമോ ത്യാജ്യമോ അല്ല. ശ രീരം ശ്രേഷ്ഠം. ഇന്ദ്രിയങ്ങള്‍ അതിനേക്കാള്‍ ശ്രേഷ്ഠം. മനസ്സ് അവയേക്കാള്‍ ശ്രേഷ്ഠം. ബുദ്ധി മനസ്സിനേക്കാള്‍ ശ്രേഷ്ഠം. ബുദ്ധിയേക്കാള്‍ ശ്രേ ഷ്ഠമാണ് ജീവന്‍ അഥവാ ബോധം, അഥവാ ഈശം.
അപ്പോള്‍ കാര്യങ്ങള്‍ ആരാണ് നിശ്ചയിക്കേണ്ടത്? സംശയമെന്തുള്ളൂ. ഈശ്വരന്‍ നിശ്ചയിക്കണം. ബുദ്ധി ഈശ്വരനിശ്ചയം ആരായണം. മനസ്സു അത് ഏറ്റുവാങ്ങണം. എന്നിട്ട് ഇന്ദ്രിയങ്ങള്‍ക്ക് കല്പന കൊടുക്കണം. തേര് നേര്‍വഴി ഉരുളട്ടെ.
അല്ലാതെ,ഓരോ കുതിരയും അ തിന് തോന്നിയ വഴിയില്‍ ഓടിയാലോ?
അനാവശ്യങ്ങളായ ആഗ്രഹങ്ങളെ അടക്കലാണ് തീര്‍ത്ഥാടന ത്തിന്‍റെ ആദ്യചുവട്. മനുഷ്യന്‍റെ ആഗ്രഹങ്ങളെ മൂന്നായി തിരിച്ചു കാണാമെന്നാണ് സാമ്പത്തികശാസ്ത്രജ്ഞര്‍ പറയുക
1) അത്യാവശ്യങ്ങള്‍
2) സുഖങ്ങള്‍
3) ആര്‍ഭാടങ്ങള്‍
ഈ മൂന്നിനും നിര്‍വചനമോ മാനദണ്ഡമോ ഇല്ല എന്നതാണ് കുഴപ്പം.
സന്ദര്‍ഭമനുസരിച്ച് മാറിമറയുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.
നാളെ മുതല്‍ സ്കോച്ച് വിസ്കി യേ കുടിക്കൂ, പട്ടുമെത്തയിലേ കിടക്കൂ, പട്ടേ ഉടുക്കൂ , വിമാനത്തിലേ യാത്രചെയ്യൂ, എന്നും ഇതൊക്കെ എന്‍റെ അ ത്യാവശ്യങ്ങളാണെന്നു നിശ്ചയിക്കാന്‍ എനിക്കു സ്വാതന്ത്ര്യമുണ്ട്. മറിച്ചു തീരുമാനിക്കാനും സ്വാതന്ത്ര്യമുണ്ട്.
ഇവിടെ ഒരു നേരമ്പോക്കുള്ളത് സ മത്വവും സ്വാതന്ത്ര്യവും ഒരുമിച്ച് ആസ്വദിക്കാന്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി യ ജനസമൂഹത്തിനേ കഴിയൂ എന്നതാണ്. കാരണം, ഞാന്‍ എങ്ങനെ എവ്വി ധം എത്ര സമനായി കഴിയണമെന്ന് എ നിക്കു നിശ്ചയിക്കാന്‍ കഴിയണം. ഞാന്‍ എങ്ങനെ കഴിയണമെന്ന് മറ്റൊരാള്‍ നിശ്ചയിക്കുന്നത് എനിക്ക് അടിമത്വമാണ്. അതു വയ്യ. പക്ഷേ, എങ്ങ നെ ജീവിക്കണമെന്ന് എനിക്കു തിട്ടമില്ല എങ്കിലോ?
സ്വയം ഭരിക്കാനറിയാത്ത വ്യക്തികളുടെ സമൂഹത്തെ നന്നായി ഭരിക്കാന്‍ ഒരു വ്യവസ്ഥിതിക്കും കഴിയില്ല. തീര്‍ത്ഥാടനം പൂര്‍ത്തിയാകാതെ ഒരാ ള്‍ക്കും സ്വയം ഭരിക്കാന്‍ കഴിവുണ്ടാകയുമില്ല. അതിനാല്‍ ശിവഗിരിക്കു പുറപ്പെടാം.