വിജയദശമിയുടെ സന്ദേശം

സ്വാമി അവ്യയാനന്ദ

         ദുഃഖക്കയത്തില്‍ ആഴുവാനല്ല, സുഖസാമ്രാജ്യത്തില്‍ വാഴുവാനാണ് ഏവരും ആഗ്രഹിക്കുന്നത്. ഈ പരമമായ സത്യത്തിന്‍റെ പ്രകാശനമാണ് ഉത്സവങ്ങള്‍. ഇതിനായി ആചാര്യന്മാര്‍ വ്രതാനുഷ്ഠാനങ്ങള്‍ വിധിച്ചിട്ടുണ്ട്. ഇന്ദ്രിയങ്ങളുടെ നിയന്ത്രണത്തിലൂടെ ഉളവാകുന്ന അന്യാദൃശമായ ശക്തിയാണ് വ്രതാനുഷ്ഠാനങ്ങളുടെ സിദ്ധി. വ്രതാനുഷ്ഠാനങ്ങള്‍ക്ക് ഉത്സവങ്ങളുടെ പരിവേഷം ചാര്‍ത്തുമ്പോള്‍ ഇത് ഒരു ജനസമൂഹത്തിന്‍റെ ആചാരക്രമമായി മാറുന്നു. ഇത്തരം ആചാരങ്ങളുടെ പുറംചട്ടയ്ക്കല്ല അതിന്‍റെ ആത്യന്തിക ലക്ഷ്യത്തിനാണ് നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്.


         കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ പ്രഥമമുതല്‍ നവമിവരെയുള്ള ദിവസങ്ങളിലാണ്  സാധാരണയായി നവരാത്രി ആഘോഷിക്കുന്നത്. ദുര്‍ഗ്ഗാദേവി ദാരികനെ വധിച്ച് വിജയം കൊണ്ടാടിയതിന്‍റെ സ്മാരകമായിട്ടാണ് ബംഗാളില്‍ വിജയദശമി ആഘോഷിക്കുന്നത്. രാമായണകഥ മുഴുവന്‍  ആടിപ്പാടി രസിക്കുവാനുള്ള ഗ്രാമീണോത്സവമായ രാമലീലാകാലമാണ് ഉത്തര്‍പ്രദേശിനു നവരാത്രി. ആയുധപൂജയ്ക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. രണശൂരന്മാരായ ഗൂര്‍ഖകള്‍ സ്വരക്തം കൊണ്ട് ആയുധത്തിന് തിലകം ചാര്‍ത്തുന്ന സുദിനമാണത്.


         കേരളീയരാകട്ടെ സരസ്വതീപൂജയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കേരളീയ ഗൃഹങ്ങള്‍ വര്‍ണ്ണങ്ങളുടെയും വെളിച്ചത്തിന്‍റെയും വേദികളാകുന്നു. നിറതിരിയിട്ട് കത്തിച്ച നിലവിളക്കുകള്‍ ചൊരിയുന്ന കനകപ്രഭയില്‍  ചെത്തിയും ജമന്തിയും ചെമ്പരത്തിയുമെല്ലാം  ചിരിതൂകുന്ന ദിനങ്ങളാണത്. മാത്രമല്ല ചെറുകിടാങ്ങള്‍ അക്ഷരപൂജയ്ക്കൊരുങ്ങുന്നതും നവരാത്രിയുടെ അന്ത്യപാദത്തിലാണ്. ആ ശൈശവക്കുരുന്നുകള്‍ പുത്തരിയില്‍ കുത്തിക്കുറിക്കുന്ന വടിവില്ലാത്ത അക്ഷരങ്ങളില്‍ നോക്കി നിര്‍വൃതി നുകരുന്ന എത്രയെത്ര മാതാപിതാക്കളുണ്ട്. മലയാളത്തില്‍ അവര്‍ക്ക് വിജയദശമി നന്മയുടെ ഉത്സവമാണ്.


         കേരളപ്പഴമ തുടികൊട്ടിപ്പാടുന്ന തുഞ്ചന്‍പ്പറമ്പിലും വിദ്യാദേവതയെ തിരുഹൃദയത്തിലേറ്റിയ ശ്രീനാരായണഗുരുദേവന്‍റെ സമാധിസ്ഥാനമായ ശിവഗിരിയിലും ഇളം പൈതലുകള്‍ അറിവിന്നപാരതയിലേക്ക് എത്തിനോക്കുന്ന സുദിനമാണ് വിജയദശമി.


         ശാരികയെ തൃക്കയ്യിലേന്തിയ ശ്രീ ശാരദാംബ അഭയഹസ്തവുമായി വിരാജിക്കുന്ന പുണ്യക്ഷേത്രമാണ് ശിവഗിരിയിലെ ശാരദാമഠം. ആയിരങ്ങള്‍ വി ദ്യയ്ക്ക് തുടക്കമിടുന്ന ഈ ദിവ്യസന്നി ധി അക്ഷരപ്രേമികള്‍ക്ക് അഭയകേന്ദ്രമായി വിളങ്ങുന്നു.


         ഗുരുദേവന്‍റെ ഹൃദയനാദമായ ശ്രീ നാരായണധര്‍മ്മസംഘത്തിന്‍റെ വാര്‍ഷികയോഗം  വിജയദശമിനാളില്‍ ശിവഗിരിയില്‍ ഒത്തുചേരേണ്ടതാണെന്നു അവിടുന്ന്  കല്‍പ്പിച്ചിരുന്നതു തന്നെ ഈ സുദിനത്തിന്‍റെ പ്രകാശഗാംഭീര്യത്തെ വിളിച്ചോതുന്നു.


         ദുര്‍ഗ്ഗാദേവി മഹിഷാസുരന്‍റെ ശിരസ്സറുത്ത് വിജയമാഘോഷിച്ച കഥയാണ് നവരാത്രിക്ക് പറയാനുള്ളത്. വരസിദ്ധിയില്‍ അഹങ്കരിച്ച മഹിഷാസുരന്‍ മൂന്നുലോകങ്ങളെയും തന്‍റെ കാല്‍ക്കീഴിലൊതുക്കാനും ഏകാധിപതിയായി വാഴാനും കൊതിച്ചു. ആ മോ ഹത്തിന്‍റെ ഭാണ്ഡവും പേറി ആ അ സുരപ്രമാണി കാട്ടിക്കൂട്ടിയ പരാക്രമങ്ങളില്‍ ദേവസമൂഹം അസ്വസ്ഥരായി. ദേവപ്രമുഖര്‍ അടര്‍ക്കളത്തിലിറങ്ങിയതോടെ യുദ്ധം മു റുകി. ദേവന്മാര്‍ പരാജയപ്പെട്ടു. ഒ ടുവില്‍ മഹിഷാസുരനിഗ്രഹത്തിനായി പുതിയ ഒരു ശക്തിക്ക് ജന്മം നല്‍കി. ആ ശക്തിയാണ് ദുര്‍ഗ്ഗാദേവി.


          പത്താംനാളില്‍ ദേവി മഹിഷാസുരന്‍റെ ശിരസ്സറുത്തു. ഇത്  വിജയത്തി ന്‍റെ കഥയാണ്. തിന്മയ്ക്കെതിരെയുള്ള നന്മയുടെ വിജയം. ഈ വിജയദിനസ്മരണയിലാണ് വിദ്യാരംഭവും. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കുള്ള ആദ്യയാത്ര. സരസ്വതീകടാക്ഷം നാവിലും കൈവിരല്‍ത്തുമ്പിലുമായി ആദ്യമായി സ്പന്ദിക്കുന്ന നിമിഷം.സദ്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവാനുള്ള ശുഭദിനം. കര്‍ഷകന്‍ കലപ്പയെ പൂജിക്കുമ്പോള്‍ പഠിതാവ് പുസ്തകങ്ങളെ പൂജിക്കുന്നു. എഴുത്തുകാരന്‍ തൂലികയേയും . ഈ ആയുധപൂജ ശക്തിയിലേക്കുള്ള വഴിതുറക്കലാണ്. തിന്മയ്ക്കും അജ്ഞത യ്ക്കുമെതിരെ സര്‍വ്വശക്തിയും സമാഹരിച്ച് പൊരുതി വിജയത്തിലെത്തുക.


          അതാണ് വിജയദശമിയുടെ മഹത്തായ സന്ദേശം. മഹിഷാസുരനെ തി ന്മയുടെ പ്രതിരൂപമായി നാം കാണണം. തപസ്സിലൂടെ ആ അസുരരാജാവ് നേടിയെടുത്ത വരങ്ങള്‍ അയാളെ അ തിരറ്റ അഹങ്കാരിയാക്കി മാറ്റി. അത് തി ന്മയുടെ മാര്‍ഗ്ഗമായി. അസുരനായാലും ദേവനായാലും തിന്മയുടെ ഫലം തീവ്രദുഃഖം തന്നെ. തിന്മയെ ഇല്ലാതാക്കുവാന്‍ സുസംഘടിതമായ പ്രയത്നം കൊണ്ടേ സാധ്യമാവൂ.


         പുറംപകിട്ടാര്‍ന്ന ആധുനികലോകത്തിന്‍റെ സമസ്തതലങ്ങളിലും ഇന്ന് നടക്കുന്നത് മഹിഷാസുരവിളയാട്ടമാണ്. അഴിമതിയും തീവ്രവാദങ്ങളും ഭീകരപ്രവര്‍ത്തനങ്ങളുമെ ല്ലാം ഇതിന്‍റെ നേര്‍മുഖങ്ങളാണ്.


        ഇതിനെതിരെ ജനശക്തി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്- വിജയദശമിയുടെ പ്രകാശത്തില്‍. അതിനായി മാ രകായുധങ്ങള്‍ തേടേണ്ടതില്ല. ആര്‍ഷസംസ്കാരത്തിന്‍റെ സനാതനമൂല്യങ്ങള്‍- സത്യം, ധര്‍മ്മം, ദയ- കൊണ്ട് ഈ അധാര്‍മ്മികതയെ ഫലപ്രദമായി നേരിടാം. ഇതിനുള്ള ഉള്‍ക്കരുത്ത് പകര്‍ന്നു നല്‍കുന്നവയാണ് ശ്രീനാരായണ ഗുരുദേവന്‍റെ രചനകള്‍. ആദ്ധ്യാത്മികത ഭൗതികജീവിതത്തില്‍ നി ന്നുള്ള ഒളിച്ചോട്ടമല്ല, ജീവിതമുയര്‍ ത്തുന്ന തീവ്രമായ പ്രതികൂലാനുഭവങ്ങളെ കര്‍മ്മക്ഷേത്രത്തില്‍ വച്ചുതന്നെ വിജയകരമായി നേരിടാനുള്ള വജ്രായുധമാണതെന്നു തിരിച്ചറിഞ്ഞ ആ യൗ ഗിക മനസ്സ് സ്വതപസ്സിലൂടെ പകര്‍ന്നു തന്ന അസ്തമിക്കാത്ത വെളിച്ചം ഈ വിജയദശമിക്ക് പൊന്‍ പ്രഭ പകരട്ടെ.