അദ്വൈതദര്‍ശനം ശ്രീശങ്കരാചാര്യരിലും ശ്രീനാരായണ ഗുരുദേവനിലും
 
         'ലൗകികവും ആത്മീയവും രണ്ടും രണ്ടല്ല. രണ്ടും വാസ്തവത്തില്‍ ഒരേ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കു ന്നു...മനുഷ്യസമുദായത്തിന്‍റെ പരമലക്ഷ്യമായ സുഖപദത്തെ  പ്രാപിക്കുവാന്‍ ആത്മീയമായും ലൗകികമായും ഉള്ള സര്‍വ്വവിധ ഏര്‍പ്പാടുകളേയും ഏകോപിച്ചുള്ള പ്രവൃത്തി ആവശ്യമാണ്' എന്ന് ശിവഗിരി മഠം സ്ഥാപിച്ച വേളയില്‍ നല്‍കിയ അദ്വൈത ജീവിതം എന്ന സന്ദേശത്തിലൂടെ ഗുരു ദേവന്‍ മനുഷ്യസഞ്ചയത്തിന് നല്‍കിയിട്ടുണ്ട്. ഗുരുദേവന്‍ പകര്‍ന്നുതന്ന അദ്വൈത ദര്‍ശനത്തിന്‍റെ തനിമയും ഇനിമയും മഹിമയും ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. ഭൗതികമെന്നോ ആത്മീയമെന്നോ ദര്‍ശനത്തെ തരം തിരിക്കാതെ രണ്ടിനേയും ഒന്നിന്‍റെ ഇരുപുറങ്ങളായി ഗുരു അവതരിപ്പിക്കുന്നു. ശ്രീശങ്കരാന്തര്‍ഗതമായ ഭാരതീയ പാരമ്പര്യവേദാന്ത വിചാരത്തില്‍ ഗുരുവിന്‍റെ ഈ കാഴ്ചപ്പാട് നമുക്ക് കാണാനാവുകയില്ല. 1903 ല്‍ എസ്. എന്‍.ഡി. പി. യോഗ സ്ഥാപനത്തിലൂടെയും ജീവിതത്തിന്‍റെ സായാഹ്നവേളയില്‍ ധര്‍മ്മസംഘസ്ഥാപനത്തിലൂടെയും സംസ്ഥാപനം ചെയ്യപ്പെട്ടത് ഈ ദര്‍ശനത്തിന്‍റെ ഭാവനാതലമാണ്. ആത്മോപദേശശതകത്തില്‍ ഗുരുവിന്‍റെ ഈ വീക്ഷണം നിതരാം പ്രസ്പഷ്ടമാണ്. 
 
പ്രിയമപരന്‍റെയതെന്‍പ്രിയം സ്വകീയ
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്‍മ നല്‍കും-
ക്രിയയപരപ്രിയഹേതുവായ് വരേണം.
 
         മറ്റുള്ളവരുടെ പ്രിയം, ഇഷ്ടം യാതൊന്നാണോ അതാണ് എന്‍റേയും പ്രിയം, എന്‍റെ പ്രിയം മറ്റുള്ളവരുടേയും പ്രിയമാണ്.  ഈ പാരസ്പര്യമാണ് ശരിയായ ധര്‍മ്മം അഥവാ നയം. അതിനാല്‍ ഏവര്‍ക്കും നന്മ ഉളവാകുവാന്‍ ഉതകുന്ന കര്‍മ്മം തനിക്കെന്നപോലെ സര്‍വ്വര്‍ക്കും പ്രിയം നേടിക്കൊടുക്കുവാന്‍ പര്യാപ്തമായ കര്‍മ്മമാണ് നീ ചെയ്യണ്ടേത്. എന്നിങ്ങനെ അദ്വൈതദര്‍ശനത്തെ സദാചാര ദര്‍ശനമാക്കി ഗുരുദേവന്‍ വിശദീ കരിക്കുന്നു.  ആത്മോപദേശശതകം ആത്മബോധം എന്ന പേരിലായിരുന്നുവല്ലൊ ആദ്യകാലത്ത് പ്രചരിച്ചത്. ഗുരുവിന്‍റെ സച്ചിഷ്യന്മാരായിരുന്ന ശിവലിംഗദാസസ്വാമികളും ചൈതന്യസ്വാമികളുമാണ് ഗുരുമുഖത്തു നിന്നും ഈ 'മാമറ' ശ്രവണം ചെയ്ത് രേഖപ്പെടുത്തിയത്. 1917- ല്‍ ആലുവ അ ദ്വൈതാശ്രമം ഗ്രന്ഥാവലിയിലെ ഒന്നാമത്തെ ഗ്രന്ഥമായി ആത്മോപദേശശതകം ചൈതന്യസ്വാമികള്‍ തന്നെ പ്രസാധനവും ചെയ്തു. ആത്മബോധത്തിലെ പാഠം ഗുരുദേവന്‍ ഒന്നു കൂടി പരിഷ്കരിച്ചാണ് ആത്മോപദേശശതകമായി അനുഗ്രഹിച്ചത്. ഇന്ന് ആത്മോപദേശശതകത്തിലെ ഈരടിയായി ജനമനസ്സുകളില്‍ പതിഞ്ഞ ഒരു പദ്യമുണ്ട്.
 
അയലുതഴപ്പതിനായതിപ്രയത്നം
നയമറിയും നരനാചരിച്ചിടേണം
ആത്മബോധത്തിലെ പാഠമാണിത്. ഇതിന്‍റെ പൂര്‍വ്വാര്‍ത്ഥം-
'പ്രിയമപരന്നു വരുന്നതിന്നു -
ചെയ്യും
ക്രിയ നിജമായ ഗതിക്കു നന്മ-
നല്കും'
 
എന്നാണ് . നിജമായ ഗതി മാറ്റമില്ലാത്ത സത്യസാക്ഷാത്ക്കാരമാണല്ലൊ. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്ന കര്‍മ്മം ഈശ്വരസാക്ഷാത്കാരത്തിന് പര്യാപ്തമാണ്. അതിനാല്‍ അയലുതഴപ്പതിനായുള്ള കര്‍മ്മത്തില്‍ മുഴുകണമെന്നുള്ള ഗുരുദേവന്‍റെ ഈ ഉപദേശം കര്‍മ്മം കൊണ്ടുതന്നെ കര്‍മ്മബന്ധമറുക്കാമെന്ന പ്രായോഗിക വേദാന്തമാണ്. ഇവിടെയും ശ്രീശങ്കരനില്‍ നിന്നും ബഹുദൂരം മുന്നിലാണ്.
 
         ശൈലീഘടനയനുസരിച്ച് ശ്രൗതസമ്പ്രദായത്തില്‍പ്പെടുന്ന ഒരു ആദ്ധ്യാത്മശാസ്ത്രഗ്രന്ഥമാണ് ആത്മോപദേശശതകം. ഗുരുദേവകൃതികള്‍ പൊതുവേ ഉപനിഷദ്ശൈലിയെ അ നുവര്‍ത്തിക്കുന്നതായി കാണാം. ശ്രീ ശങ്കരനും മറ്റും ഉപനിഷത്തുകള്‍ തുടങ്ങിയവയ്ക്കു ഭാഷ്യം എഴുതിയപ്പോള്‍  ഗുരുദേവന്‍ ഭാഷ്യം ചമയ്ക്കാതെ ഉപനിഷത്തുകള്‍ രചിച്ചു എന്നു പറയാം.  ഉപനിഷത് മന്ത്രങ്ങളുടെ സ്വഭാവവും സ്വരൂപവും ആത്മോപദേശശതകാദികൃതികളിലെ മന്ത്രങ്ങള്‍ പുലര്‍ത്തിപ്പോരുന്നു. മനന വിഷയമാകുന്നതാണ് മന്ത്രം. മന്ത്രം മനനം ചെയ്യുന്നവനെ ത്രാണനം ചെയ്യിക്കുന്നു. ഉപനിഷദ് മന്ത്രങ്ങളുടെ ശ്രവണവും മനനവും സാധകനെ നിദിധ്യാസനത്തിലേക്ക്, അനുഭൂതിയിലേക്ക് ആഗമനമാക്കുന്നതുപോലെയുള്ള അനുഭവമാണ് ഇവിടെയും സംജാതമാക്കുന്നത്. 108 ഉപനിഷത്തുക്കളില്‍ പരമപ്രധാനമായ ഈശാവാസ്യോപനിഷത്തില്‍ 18 മന്ത്രങ്ങളും ദശോപനിഷത്തുക്കളില്‍ പ്രാമാണികമാര്‍ന്ന മാണ്ഡൂക്യോപനിഷത്തില്‍ 12 മന്ത്രങ്ങളുമാണുള്ളത്. ആത്മോപദേശശതകമെന്ന ഈ അഭിനവ ഉപനിഷത്തിലാകട്ടെ 100 മഹാമന്ത്രങ്ങളാണുള്ളത്. കൂടാതെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങളെ പ്രത്യേകം ഖണ്ഡങ്ങളായി തരംതിരിച്ച്, വ്യത്യസ്തങ്ങളും സ്വതന്ത്രങ്ങളുമായ ഉപനിഷത്തുക്കളായി സൂക്ഷ്മഗ്രാഹികളായ വിമര്‍ശനപടുക്കള്‍ നിര്‍ദ്ധാരണം ചെ യ്തുപോരുന്നു. ഉദാഹരണത്തിന് അനുകമ്പയുടെ ആര്‍ദ്രതയെ - പരോപകാരത്തെ പ്രതിപാദിക്കുന്ന 21 മു തല്‍ 25 വരെയുള്ള മന്ത്രങ്ങള്‍ 'അപരോപനിഷത്ത്' എന്നും പലമതസാരവും ഏകമെന്ന് വിശദീകരിക്കുന്ന 44 മുതല്‍ 49 വരെയുള്ള മന്ത്രങ്ങള്‍ 'ഏകമതോപനിഷത്ത്' എന്നും വിലയിരുത്തപ്പെട്ടിരിക്കുന്നു. 'ആദ്ധ്യാത്മശാസ്ത്രത്തിലെ ഹിമാലയശൃംഗം' ആയ ആ ത്മോപദേശശതകം സര്‍വ്വോപനിഷത് സാരസംഗ്രഹഭൂതമായ മലയാളത്തിന്‍റെ ഭഗവദ്ഗീതയാണെന്നും ഗവേഷണചതുരര്‍ക്ക് അഭിപ്രായമുണ്ട്. ഏതായാലും ആറാംയുഗത്തിന്‍റെ ഋഷിയായ ശ്രീനാരായണഗുരുദേവനില്‍ നിന്നും നിര്‍ഗ്ഗളമായി, നിരവദ്യമായി, നിര്‍ ഗ്ഗമിച്ച ആത്മോപദേശശതകാദികൃതികള്‍-  ശ്രീനാരായണോപനിഷത്തുക്കള്‍ വരാന്‍ പോകുന്ന നൂറ്റാണ്ടുകളിലെ ആധുനിക ചിന്ത പുലര്‍ത്തിപ്പോരുന്ന മഹാമനീഷികളുടെ മാര്‍ഗ്ഗദീപമായിരിക്കുമെന്നതിന് പക്ഷാന്തരമില്ല.
 
         വേദാന്തശാസ്ത്രത്തില്‍ ചിരകാലമായി പ്രയോഗിച്ചു പോരുന്ന സാങ്കേതിക സംജ്ഞകളെ ഒഴിവാക്കിയാണ് സമന്വയമൂര്‍ത്തിയായ ഗുരുദേവന്‍ കൃതികള്‍ സംവിധാനം ചെയ്തത്. പകരം ശൈവസിദ്ധാന്തത്തിലെ പല സാങ്കേതിക സംജ്ഞകളും പ്രമേയത്തിന് അവിരോധമാംവിധം ഇണക്കി ചേര്‍ത്തിട്ടുണ്ട്. ഗവേഷകരുടെ ശ്രദ്ധ വേണ്ടുംവണ്ണം ഇനിയും പതിഞ്ഞിട്ടില്ലാത്ത ഒരു സംഗതിയാണിത്. ബ്രഹ്മം, പരബ്രഹ്മം, അപരബ്രഹ്മം, സഗുണബ്രഹ്മം, നിര്‍ഗുണബ്രഹ്മം, പരമാത്മാവ്, വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍, ചിദാഭാസന്‍, കൂടസ്ഥന്‍ തുടങ്ങി വേ ദാന്തപ്രസിദ്ധങ്ങളായ സാങ്കേതിക മൊഴികള്‍ ആത്മോപദേശശതകത്തില്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. ബ്ര ഹ്മം എന്ന പദം ഒറ്റ പ്രാവശ്യം പോ ലും ഉപയോഗിക്കാതെ ഒരു അദ്വൈതാചാര്യന്‍ ബ്രഹ്മവിദ്യ ഉപദേശിച്ചിരിക്കുന്നത് അത്യത്ഭുതമെന്നേ പറയേ ണ്ടു! കുരു, തിരുവുരു, സകലം, കേവലം, ത്രിഗുണമയം, തിരുനീറണിഞ്ഞൊരീശന്‍, പരമചിദംബരം തുടങ്ങിയ ശൈവസിദ്ധാന്തപരമായ സാ ങ്കേതിക പദങ്ങളാണ് പകരം ഇണക്കിചേര്‍ത്തിരിക്കുന്നതായി കാണുന്നത്. 'അറിവ്' എന്ന ഭാഷാപദത്തിന് നിലവിലുണ്ടായിരുന്ന അര്‍ത്ഥസങ്കല്പങ്ങളെ തട്ടിയുടച്ചുകൊണ്ട്, പാരമാര്‍ത്ഥിക സത്യത്തിന്‍റെ സ്ഥാനം കല്‍പിച്ചത്, ഗുരുദേവന്‍ വേദാന്തദര്‍ശനത്തിനും കൈരളിക്കും നല്‍കിയ മഹത്തായ സംഭാവനയാണ്. സൂക്ഷ്മാത് സൂക്ഷ്മതരമായ അദ്വൈത ശാസ്ത്രത്തെ അര്‍ത്ഥവിളംബരം കൂടാതെ സാരഗര്‍ഭമായും ശാസ്ത്രീയമായും അവതരിപ്പിക്കുവാനുള്ള കരുത്ത് മലയാളഭാഷക്കുണ്ടെന്ന് ബോദ്ധ്യമാക്കുകയാണ് ആത്മോപദേശശതകത്തിലൂടെ ഗുരുദേവന്‍ ചെയ്തത്. വിചാരമാര്‍ഗ്ഗത്തിലൂടെ ശുദ്ധസംവിത്തില്‍ പരിപൂര്‍ണ്ണമായി അലിഞ്ഞമര്‍ന്ന് അത്യഗാധമായ അനുഭൂതിയില്‍ സര്‍വ്വദാ വിഹരിച്ചതു കൊണ്ടാവണം അറിവ്, മേലായമൂലമതി, മൂലസംവിത്, ഒന്നായമാമതി തുടങ്ങിയ വിശിഷ്ടപദങ്ങള്‍ ബ്രഹ്മശബ്ദത്തിന് പകരം ഗുരുദേവന്‍ സൃഷ്ടിച്ച് പ്രയോഗിച്ചത് എന്ന് പറയുന്നതില്‍ തെറ്റുണ്ടാവുകയില്ല. ഇതിലൂടെ മലയാളഭാഷയ്ക്ക് ലഭിച്ച തേജസ്സും ഓജ സ്സും ഒരു നാഴികക്കല്ലാണ്. ഇതു കൂടാ തെ തമിഴില്‍ നിന്നും ഇമ്പമാര്‍ന്നതും ആശയപുഷ്ടിയുള്ളതുമായ കമനീയപദങ്ങള്‍ സ്വീകരിച്ച് മലയാളവുമായി കൂട്ടിയിണക്കി പുതിയൊരു ഭാഷാശൈലി ഗുരുദേവന്‍ സ്വരൂപിച്ചിട്ടുണ്ട്. അറിവ് എന്ന പേരില്‍ പച്ചമലയാളത്തില്‍ എഴുതിയ ഒരു കൃതിയില്‍ 15 പ ദ്യങ്ങളാണുള്ളത്. ഇതില്‍ വിവിധാര്‍ ത്ഥദ്യോതകമായി അറുപത് വരികളിലായി എഴുപതില്‍പ്പരം പ്രാവശ്യം അ റിവ് എന്ന പദം പ്രയോഗിച്ച് മഹാമാന്ത്രികരുടെ അതിശയകരമായ മാ സ്മരിക വൈദഗ്ദ്ധ്യം സ്ഫുരിച്ചുനില്‍ ക്കുന്ന ഗുരുദേവന്‍റെ കവനകലാചാതുര്യത്തെ വര്‍ണ്ണിക്കുവാന്‍ ഇവിടെ വാ ക്കുകളില്ല. ഏത് ഭാഷാ മഹാകവിയുടെയും ഹൃദയത്തില്‍ വച്ച് ആരാധിക്കേണ്ടുന്ന ക്രാന്തദര്‍ശിയായ ഋഷി യും പ്രവാചകനും മഹാകവിയുമായി ശ്രീനാരായണഗുരുദേവന്‍ ഇവിടെ പരിലസിക്കുന്നു.  ഇവിടെയൊക്കെ പരമ്പരാഗതമായ വേദാന്തചിന്താപദ്ധതി യെ ഉള്‍ക്കൊണ്ട് അതിനെ അതിവര്‍ ത്തിച്ച് ഗുരുദേവദര്‍ശനം പ്രകാശിക്കുന്നതായി കാണുവാനാകും. സംസ്കൃതം, മലയാളം, തമിഴ് എന്നീ മൂന്ന് ഭാഷകളിലായി ഗുരു രചിച്ച വാ ങ്മയം അവിടുത്തെ മഹാദാര്‍ശനികനേയും മഹാകവിയേയും വെളിപ്പെടുത്തിത്തരുന്നു."രമണീയാര്‍ത്ഥ പ്രപാദകഃ ശബ്ദഃ കാ വ്യം' എന്ന ആലങ്കാരികമതം, "രമണീയാര്‍ത്ഥ പ്രപാദകഃ രമണീയ ശബ്ദഃ കാവ്യം" എന്ന് ശ്രീനാരായണ കവനങ്ങളുടെ ആവിര്‍ഭാവത്തോടെ തിരുത്തേണ്ടതായി വരുന്നു. ശ്രീശങ്കരന്‍ തത്വദര്‍ശനം കാഴ്ചവെച്ചപ്പോള്‍ ശ്രുതിയുടെയും സ്മൃതിയുടെയും ആധികാരികതയും, അതിന്‍റെ പിന്‍ബലവും അതിശക്തമായിരുന്നു. ഗുരുവാകട്ടെ ശ്രുതിക്ക് പരമപ്രാധാന്യം നല്‍കുന്നുണ്ട്. എങ്കിലും അവിടെയും ഗുരുവിന്‍റെ 'തനിമ' യാര്‍ന്ന ചിന്ത നമുക്ക് കാണുവാനാകും. ഈശാവാസ്യോപനിഷത്തിന് ഗുരു നല്‍കിയ ഭാഷ വായിച്ചാല്‍ ഇക്കാര്യം ഏറെ പ്രസ്പഷ്ടമാകും. ഈ ഉപനിഷത്തിലെ രണ്ടാംമന്ത്രത്തിന് ഗുരു നല്‍കിയ വ്യാഖ്യാനം സവിശേഷമായിരിക്കുന്നു.
 
മൂലം: കുര്‍വന്നേവേഹ കര്‍മാണി
ജിജീവിഷേച്ഛതം സമാഃ
ഏവം ത്വയി നാന്യഥേതോസ്തി
ന കര്‍മ ലിപ്യതേ നരേ
ഭാഷ: അല്ലെങ്കിലന്ത്യംവരെയും
കര്‍മ്മം ചെയ്തിങ്ങസങ്ഗനായ്
ഇരിക്കുകയിതല്ലാതി
ല്ലൊന്നും നരനു ചെയ്തിടാന്‍.
 
         ശ്രീശങ്കരന്‍ കര്‍മ്മത്തെ പൂര്‍വ്വമീമാംസയില്‍ വിധിക്കുന്ന കര്‍മ്മപരമായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. വൈദിക കര്‍മ്മങ്ങളായി ശങ്കരന്‍ കാ ണുന്നതിനെ ഗുരു കര്‍മ്മയോഗദര്‍ശനമായി അവതരിപ്പിക്കുന്നു.
 
         അതുപോലെ ഭഗവദ്ഗീതയു ടെ ഭാഷ്യത്തില്‍ ശ്രീശങ്കരന്‍ ബ്രാഹ്മണ ക്ഷത്രിയ വൈശ്യാദിവര്‍ണ്ണങ്ങളെ ജാതിപരമായി വ്യാഖ്യാനിച്ചിരിക്കുന്നു. (ഗീത 18-ാം അദ്ധ്യായം 42-ാം ശ്ലോകം കാ ണുക.) ഗുരുവാകട്ടെ വര്‍ണ്ണത്തേയും ജാതിയേയും ഒരുപോലെ തിരസ്കരിക്കുന്നതായി കാണാം. ഗുരുദര്‍ശനം ഇവിടെയും ബഹുദൂരം മുന്നിലാണ്.
 
         എല്ലാറ്റിനും ആധാരമായത് നിരാധാരമായ അറിവുമാത്രമാണെന്ന് ഗുരുദേവന്‍ വെളിപ്പെടുത്തുന്നു. സര്‍വ്വ പ്രപഞ്ചത്തിന്‍റെയും ഉല്‍പ്പത്തിസ്ഥിതിലയങ്ങള്‍ അറിവ് അനാദിയായി നടക്കുന്ന തിരുവിളയാടല്‍ ആണെന്നാണ് തൃപ്പാദങ്ങളുടെ അഭിമതം. 
ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു
 
വേറാക്കിയാലുലകമില്ല, വിചിത്രമത്രേ!
വേറാകുമീയവയവങ്ങളുമേവമങ്ങോ-
ട്ടാരായ്കിലില്ലഖിലവും നിജബോധ-
മാത്രം.
 
എന്ന് അദ്വൈതദീപികയിലും 
 
 
എന്ന് ദര്‍ശനമാലയിലും ഭഗവാന്‍ വെളിപ്പെടുത്തിയിരിക്കുന്നത് എല്ലാറ്റിനും പരമകാരണം ശുദ്ധചിത്ത് - അറിവ് മാത്രമാണെന്നാണ്. അദ്വൈതദീപികയിലെ മൂന്നാം പദ്യത്തിലും
 
വാസസ്സു തന്തുവിതു പഞ്ഞിയി -
താദിമൂലഭൂതപ്രഘാതമിതു-
മോര്‍ക്കുകിലിപ്രകാരം
ബോധത്തില്‍ നിന്നു വിലസുന്നു  മരുസ്ഥലത്തു പാഥസ്സുപോലെ; പരമാവധി ബോധമത്രേ.
 
         ഇതുതന്നെ കാണാവുന്നതാണ്. മഹാകവി കുമാരനാശാന്‍ ആത്മോപദേശശതകത്തിന്‍റെ ഒന്നാം പദ്യത്തിനെഴുതിയ ആമുഖം ഇതോടൊപ്പം ചേര്‍ത്ത് പഠിക്കുമ്പോള്‍ അറിവിലമര്‍ന്ന് അഭേദമായി നില്‍ക്കുന്ന ഗുരുവിന്‍റെ നിജസ്വരൂപം കൂടുതല്‍ വെളിവാകുന്നതാണ്.
 
         അടുത്തകാലത്ത് ആദരണീയമായ ഒരു സ്ഥലത്തെ പ്രസിദ്ധീകരണത്തില്‍ ശിവഗിരിമഠത്തിലെ വേദാന്തപഠനം ശ്രീശങ്കരാചാര്യരെ വ്യാഖ്യാനിച്ചുകൊ ണ്ട് നാരായണഗുരുവിനെ വിലയിരുത്തുന്നതാണെന്ന് എഴുതിക്കണ്ടു. ഈ ലഘുകുറിപ്പിലൂടെ ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ അദ്ധ്യയനം ചെയ്ത ഈയുള്ള എന്‍റെ വീക്ഷണം ഇവിടെ രേഖപ്പെടുത്തി എന്നുമാത്രം. ഏതായാലും ശിവഗിരിമഠത്തിലെ അദ്ധ്യയനം ഒരിക്കലും ശങ്കരവേദാന്തത്തിന്‍റെ ആവര്‍ത്തനം മാത്രമല്ല എന്നിവിടെ സൂചിപ്പിച്ചുകൊള്ളട്ടെ.
 
         ഈ കേരളത്തില്‍ തന്നെ അവതരിച്ച അദ്വൈതവാദിയായ ആദിശങ്കരന്‍റെ രചനകളെല്ലാം തന്നെ സംസ്കൃതഭാഷയിലുള്ളതാണ്. ഈ ഭാഷയ്ക്കാകട്ടെ കാലം ചെല്ലുന്തോറും പ്രചാരം കുറഞ്ഞുവരികയും ചെയ്യുന്നു. അതിനാല്‍ സ്വസിദ്ധാന്തം അവതരിപ്പിക്കുവാന്‍ മലയാളഭാഷയെത്ത ന്നെ ഗുരുദേവന്‍ തിരഞ്ഞെടുത്തതിന് ഏറെ പ്രസക്തിയുണ്ട്. ചരിത്രത്തില്‍ ഭഗവാന്‍ ബുദ്ധന്‍ സ്വസിദ്ധാന്തം അവതരിപ്പിച്ചത് സാധാരണക്കാരുടെ ഭാ ഷയായ 'പാലി' ഭാഷയിലാണ്. അഭിനവ ബുദ്ധനായ ഗുരുദേവന്‍ സാധാരണക്കാര്‍ക്ക് വേണ്ടിയാണല്ലോ ജീവി ച്ചതും തത്വദര്‍ശനം അവതരിപ്പിച്ചതും. 
(അവസാനിച്ചു)