ഉള്ളതും ഉണ്ടായിരിക്കുന്നതും
സ്വാമി ത്രിരത്നതീര്‍ത്ഥര്‍


         ആത്മജ്ഞാനത്തിന്‍റെ അധികാരി ഗുരുവും അവകാശി പക്വമതിയായ ആചാര്യനുമാണ്. അപക്വമതികളായ തത്ത്വജിജ്ഞാസുക്കള്‍, പഞ്ചേന്ദ്രിയങ്ങളാല്‍ ഗ്രഹിക്കപ്പെടുന്ന മനോതലത്തില്‍ സ്ഥിതി ചെയ്യുന്നവരാണ്. മനോതലം സ്ഥൂലവും,ബൗദ്ധികതലം സൂക്ഷ്മവും, ഹൃദയതലം അതിസൂക്ഷ്മതലവുമായി നിലകൊള്ളുന്നു. ഇന്ദ്രിയഗ്രാഹ്യമല്ലാത്ത ആത്മജ്ഞാനത്തെ, ഗുരുക്കന്മാര്‍ അക്ഷരങ്ങളിലേക്കു പകര്‍ന്നുകൊടുത്ത ഇടം അതിസൂക്ഷ്മതലത്തിലാണ്. അങ്ങനെ അക്ഷരങ്ങള്‍ വാക്കുകളായും, ആ വാക്കുകള്‍ അത്രയും അര്‍ത്ഥഗര്‍ഭമായും ഭവിച്ചു! അതായിരുന്നു അദ്വൈതത്തിന്‍റെ ആദ്യഭാഷ്യം. അതിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട്, ആത്മജ്ഞാനിയെ 'സരളാദ്വയഭാഷ്യകാരനാം ഗുരു' വെന്നു അനുകമ്പാദശകത്തിലൂടെ നാരായണഗുരു അരുളി ചെയ്യുന്നു. നമ്മള്‍ അറിയുന്ന ആദ്യത്തെ അദ്വൈതഭാഷ്യം ഉപനിഷത്തുക്കളാണ്. ആ അദ്വൈതഭാഷ്യത്തെ സംസ്കൃതചിത്തര്‍ സൂക്ഷ്മതലത്തിലേക്കു ഉപവ്യാഖ്യാനിച്ചു. അതിനാല്‍ സംസ്കൃതചിത്തരെ ഉപഗുരുക്കന്മാരെന്നും ആചാര്യന്മാരെന്നും വിളിച്ചുപോരുന്നു.


         സ്ഥൂലത്തില്‍ നിന്നും തത്ത്വജിജ്ഞാസുക്കള്‍ സൂക്ഷ്മതലത്തിലേക്കു ചരിക്കുന്നതിനു തത്ത്വചിന്തകരേയും, അപ്രകാരം തത്ത്വചിന്തകര്‍ അതിസൂക്ഷ്മതലത്തിലേക്കു ഗമിക്കുന്നതിനു തത്ത്വജ്ഞാനികളേയും സമാശ്രയിക്കുകയാണ് പതിവ്. ആത്മജ്ഞാനത്തിനു അര്‍ഹത നേടുന്നതിനു സൂക്ഷ്മനിരീക്ഷണവും, അന്തര്‍മുഖത്വവും, ഗുരുശുശ്രൂഷയാല്‍ ലഭിച്ച വിനയാദിഗുണങ്ങളും അവശ്യം വേണമെന്നു ആത്മോപദേശശതകം പ്രഥമപദ്യത്തില്‍ ഗുരുസ്വാമികള്‍ അരുള്‍ ചെയ്യുന്നുണ്ട്. അതല്ലാതെ അപക്വമതികള്‍ ഇതിനര്‍ഹരാകുന്നില്ല. എന്നിട്ടും അപക്വരായ തത്ത്വജിജ്ഞാസുക്കള്‍ പരസഹായമില്ലാതെ തത്ത്വജ്ഞാനത്തെ സ്വായത്തമാക്കുവാന്‍ ശ്രമിക്കുന്നതു പലപ്പോഴും വികലമായ അര്‍ ത്ഥത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

             അതുകൊണ്ടിവിടെ നിത്യാനിത്യങ്ങള്‍ക്കു പകരം ഉപയോഗത്തിലിരിക്കുന്ന 'ഉള്ളതും ഉണ്ടായതുമായ' പദങ്ങളുടെ അര്‍ത്ഥവ്യത്യാസമാണ് മുഖ്യചര്‍ച്ചാവിഷയം.


                  സൃഷ്ടികള്‍ എല്ലാം തന്നെ 'ഉണ്ട്' എന്ന വ്യവഹാരത്തില്‍ ഉള്‍പ്പെടുന്നു. ഉണ്ടായിരിക്കുന്നതിന്‍റെ സംക്ഷിപ്തമാണു ഉണ്ടെന്നത്. ഉണ്ടായിരുന്നുവെന്നതു ഭൂതകാലത്തില്‍ വരുന്നതാണ്. മലയാളഭാഷയുടെ ഉപയോഗക്രമത്തില്‍ ഇതിനോടൊപ്പം ചില വിശേഷണങ്ങള്‍ കൂടി ചേര്‍ത്തുവരുന്ന പതിവുണ്ട്. അന്നുണ്ടായിരുന്നു, മുമ്പുണ്ടായിരുന്നു, പണ്ടുണ്ടായിരുന്നു എന്നിങ്ങനെ  ഉണ്ടെന്നതു ഭാവികാലത്തില്‍ വരുന്നതാണ്. ഇനിയുമുണ്ടാകും, നി ശ്ചയമായുമുണ്ടാകും,  നാളെയുമുണ്ടാകും എന്നിങ്ങനെ വ്യവഹരിക്കുന്നു. ഉണ്ട് എന്നതു ഇപ്പോഴുണ്ട്, ഇന്നുണ്ട്, നിലവിലുണ്ട് എന്നര്‍ത്ഥത്തിലാണ് ഉപയോഗിച്ചുപോരുന്നത്. ചുരുക്കത്തില്‍ ഉണ്ട് എന്ന പദത്തെ ത്രികാലങ്ങളിലുമായി വ്യവഹരിക്കുമ്പോള്‍ 'ഉണ്ടായിരുന്നു, ഉണ്ടായിരിക്കുന്നു, ഉണ്ടായിരിക്കും എന്നിങ്ങനെയാണ് അന്വയാര്‍ ത്ഥം ലഭിക്കുക. അനിത്യത്തിനുവേണ്ടി സര്‍വ്വസാധാരണമായി ഉപയോഗത്തിലിരിക്കുന്ന പദമാണ് ഉണ്ട് എന്നത്. അതുപോലെ നിത്യ ത്തെ സൂചിപ്പിക്കുന്നതിനു ഉപയോഗിക്കുന്ന പദം ഉള്ളത് എന്നുമാണ്. എക്കാലത്തും നിലനില്‍ക്കുന്നതാണ് ഉള്ളത്. ഉള്ളതിനെ ഉള്ളതുപോലെ പറയുന്നതിനെയാണ് സത്യം പറയുക എന്നു വ്യവഹരിക്കുന്നത്. ഇ വിടെ ഉള്ളതും ഉണ്ടായിരിക്കുന്നതും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നതു വേദാന്തവിഷയത്തില്‍ എപ്പോഴും അര്‍ത്ഥവിശകലനത്തിനു പ്രതിബന്ധം സൃഷ്ടിച്ചുവരുന്നു.


                       സത്യത്തിനു രണ്ടുവിധം വ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്. ഒന്ന് വ്യാവഹാരികവും മറ്റൊന്നു അവ്യവഹാരികവു മാണ്. യാഥാര്‍ത്ഥ്യം, നേര്, വാസ്തവം മുതലായവ വ്യാവഹാരിക സത്യത്തിന്‍റേയും പരമാര്‍ത്ഥം, നിത്യം, ഉള്ളത് തുടങ്ങിയവ അവ്യവഹാരിയായ സത്യത്തിന്‍റേയും പര്യായങ്ങളാണ്. നിലവിലുണ്ടായിരിക്കുന്നത് യാഥാര്‍ത്ഥ്യവും, നിലവിലുള്ളത് പരമാര്‍ത്ഥവുമെന്ന തിരിച്ചറിവാണ് ആദ്യമായി വേണ്ടത്. ഇപ്രകാരമുള്ള ശാസ്ത്രചിന്തയില്‍, ദൈവം ഉള്ളതാണ് അതു ഉണ്ടായതല്ല, അതുകൊണ്ട് ദൈവം ഉണ്ട് എന്നു പറയുന്നത് ശരിയല്ല. ദൈവം ഉണ്ടോ എന്ന ചോദ്യത്തിന്‍റെ ശരിയായ അര്‍ത്ഥം ദൈവം ഉണ്ടായിരിക്കുന്നതാണോയെന്നാണ്. ദൈവ സൃഷ്ടികളില്‍ ഉള്‍പ്പെടാത്തതില്‍ ദൈവമുണ്ടോ എന്ന ചോദ്യത്തിന് ശരിയായ ഉത്തരം ദൈവം ഇല്ലായെന്നാണ്. തത്ത്വചിന്തയില്‍ പ്രപഞ്ചം ഉണ്ടോ എന്നാണ് ചോദ്യമെങ്കില്‍ ഉണ്ടെന്നു തന്നെയാണ് പറയേണ്ടത്. കാരണം പ്രപഞ്ചം തന്നെ സൃഷ്ടിജാലമാകുന്നു. സൃഷ്ടികളെയാണ് ഉണ്ട് എന്ന് വ്യവഹരിക്കുന്നത്. ഈ ചോദ്യത്തിനു ജ്ഞാനികളും അജ്ഞാനികളും   പ്രപഞ്ചം ഉണ്ടെന്നു തന്നെയാണ് പറയേണ്ടി വരിക. എന്നാല്‍ ദൈവം ഉള്ളതാണോ എന്നാണ് ചോദ്യമെങ്കില്‍ ഏ വര്‍ക്കും 'അതേ' എന്ന ഉത്തരമായിരിക്കും . മറിച്ചു പ്രപഞ്ചം ഉള്ളതാ ണോ എന്നാണു ചോദ്യമെങ്കില്‍ 'അ ല്ല' യെന്നാണ് ഉത്തരം. അല്ല എന്ന പദത്തിനു ഇല്ല എന്നര്‍ത്ഥം നിലവിലില്ല. ഇവിടെ പ്രപഞ്ചം ഉള്ളതല്ല എന്നതിനു അപക്വമതികള്‍ പ്രപഞ്ചമില്ല എന്നു വ്യാഖ്യാനിച്ചുവരുന്നു. ഇത്തരം അസംബന്ധങ്ങള്‍  വേദാന്തവിഷയത്തില്‍ ഉടനീളം നമുക്കു കാണാന്‍ സാധിക്കും.


                     കാലാതീതമായ ഉണ്മയാണ് ഉള്ളത്. അതു കാലത്തോടു സംബന്ധിക്കുമ്പോള്‍ എക്കാലവും നിറഞ്ഞിരിക്കുന്നു. ഇവിടെ സമയബന്ധിതമായ ഉണ്മയെ ഉണ്ട് എന്നു പറയുന്നു. ഉദാഹരണത്തിനു നമ്മുടെ ശരീരം അനിത്യമെന്നു പറയുന്നിടത്തു ഒരു നി ശ്ചിത കാലയളവിനു വിധേയമായിരിക്കുന്നു എന്നല്ലാതെ, ശരീരമില്ലായെന്ന ഭാഷ്യം യുക്തിക്ക് നിരക്കുന്നതല്ല. പാ മരന്മാര്‍ വാക്കുകളുടെ അര്‍ത്ഥം ശരിയായി ഗ്രഹിച്ചുകൊണ്ടല്ല ഉച്ചരിക്കുന്നത്. അപ്പോള്‍ പണ്ഡിതന്മാരും പാമരന്മാരുടെ മാര്‍ഗ്ഗം അവലംബിച്ചാല്‍ എ ങ്ങനെ ശരിയാകും? ഉണ്ടായി, നിലനി ന്നു ഇല്ലാതാകുന്നതു യാതൊന്നോ അ തിനെയാണ് അനിത്യമെന്നു ശാസ്ത്രം വിളിക്കുന്നത്. ദൈവം ഉള്ളതെന്നും പ്ര പഞ്ചം  ഉണ്ടായിരിക്കുന്നതെന്നുമുള്ള തിരിച്ചറിവാണ് തത്ത്വജിജ്ഞാസുക്കള്‍ക്ക് ആദ്യമായി വേണ്ടത്. ഇപ്രകാരമുള്ള സമീപനം കൊണ്ടു മാത്രമേ നിലവിലിരിക്കുന്ന വ്യാഖ്യാനങ്ങളിലെ വികലമായ അര്‍ത്ഥത്തെ ഒരളവുവരെ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ ജീവിതത്തില്‍ ഉച്ചരിക്കുന്ന പറയുക, നടക്കുക, കുളിക്കുക, ഉറങ്ങു ക എന്നിങ്ങനെയുള്ള പദങ്ങള്‍ രാജാവിനെ സംബന്ധിക്കുമ്പോള്‍ കല്പിക്കുക, എഴുന്നള്ളുക, നീരാടുക, പള്ളികൊള്ളുക എന്നായിരിക്കും വ്യവഹരിക്കുക. അതുപോലെ ജഗത്തിന്‍റെ നാഥനായ ദൈവത്തെ സംബന്ധിക്കുമ്പോഴും അപ്രകാരം ഉച്ചരിക്കുവാന്‍ പഠിക്കണം. ദൈവമുണ്ടെന്നും ദൈവമില്ലെന്നും മറ്റും അനാദരവോടെ ചോ ദിക്കുന്നതും പറയുന്നതും കഴിവതും ഒഴിവാക്കണം. അല്ലെങ്കില്‍ ദൈവമുണ്ടെന്നും ഇല്ലെന്നുമുള്ള അനാവശ്യവിഷയത്തില്‍ ജനത്തിന്‍റെ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതുപോലെ തത്ത്വജിജ്ഞാസുക്കളും അലഞ്ഞുതിരിയുന്ന അവസ്ഥയാണ് അഭിമുഖീകരിക്കേണ്ടി വരിക.


                             ഇനി നമുക്ക് ഗുരുസ്വാമികള്‍ ഇതു സംബന്ധിച്ചു അരുളി ചെയ്തതു കൂടി വിലയിരുത്തേണ്ടതുണ്ട്. അതു എപ്രകാരമെന്നു നോക്കാം. അടിമുടിയറ്റതോടു കൂടിയ (തുടക്കവും ഒടുക്കവും) അനിത്യത്തെയാണ് അതുണ്ട്, ഇതുണ്ട്, മറ്റതുണ്ട് എന്നിങ്ങനെ അറിയപ്പെടുന്നത്. സമുദ്രത്തില്‍ നിന്നും തിര  അന്യമല്ലാത്തതുപോലെ, 'ആദിമസത്തയായ ഉള്ളതില്‍' നിന്നും വേറിട്ട അസ്തിത്വം 'താത്കാലിക സത്തയാ യ ഉണ്ട്' എന്നതിനില്ല. (ആ ത്മോപദേശശതകം - 19-ാം ശ്ലോകം). നമുക്ക് സുപരിചിതമായ അറിവൊക്കെയും ഉ ണ്ടായി മാറി വീണ്ടും ഉണ്ടായിക്കൊ ണ്ടിരിക്കുന്ന അറിവാണ്. ഈ നിലയില്‍ ഉണ്ടാകാത്ത അറിവാകട്ടെ 'ഉ ണ്ടായി മാറി വരുമുണ്ടാകയില്ലാത്ത അ റിവാണ്'. അതിനാല്‍ അതു ദൃഷ്ടിഗോചരമല്ല. കാലാദിയായ മൃദുനൂലാലെ നെയ്ത ഒരു ലീലാപടത്താല്‍, ഭവതിയുടെ മേലാകെ മൂടിയിരിക്കുന്നുവെന്നും, ആയതിനാല്‍ ആരും തന്നെ ഉള്ളതിനെ അറിയുന്നില്ലായെന്നും ജനനീനവരത്നമഞ്ജരിയില്‍ ഗുരുസ്വാമികള്‍ വിശദീകരിക്കുന്നു. അവിടെ ആരും ഉള്ളതിനെ അറിയുന്നില്ലായെന്നതിന്, ഏവരും ഉണ്ടായതിനെ മാത്രമേ അറിയുന്നുള്ളൂവെന്ന അര്‍ത്ഥമാണ് ഗ്രഹിക്കേണ്ടത്. ഭാവാഭാവങ്ങള്‍ അഥവാ ഉണ്ടില്ല എന്ന സത്തയുമസത്തയുമായി മുറപ്രകാരം മാറിവരുന്ന പ്രതീകങ്ങള്‍ ആകയാല്‍, അന്വേഷിച്ചാല്‍ കണ്ടെത്തുവാന്‍ കഴിയുകയില്ല. ഇക്കാരണത്താല്‍ ഉണ്ടെന്നും ഇല്ലെന്നുമുള്ള അളവുകോല്‍ ഉപയോഗിച്ചു ആദിമസത്തയായ ഉള്ളതിനെ അളക്കുവാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പാണ് അദ്വൈതദീപികയിലൂടെ ഗുരുസ്വാമികള്‍ നല്‍കുന്ന സൂചന. അതുകൊണ്ട് കൂടിയാണ് 'ഉലകവും ഉള്ളതുമായി കലര്‍ന്നു നില്‍ക്കുന്ന നില വലുതായ ഒരു നീതികേട്' ആണെന്നു ആത്മോപദേശശതകത്തില്‍ അവിടുന്ന് ആ വര്‍ത്തിച്ചു ഉപദേശിക്കുന്നത്. ഇങ്ങനെ വാക്കുകളുടെ അര്‍ത്ഥം അറിഞ്ഞു ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നുവെങ്കില്‍  അത് അക്ഷരബഹുമാനമെന്നു പറയപ്പെടുന്നു. ഇത്തരമൊരു പരിശ്രമത്താല്‍ അര്‍ത്ഥഗര്‍ഭമായ വാക്കുക ള്‍ക്ക് പ്രായോഗികജീവതത്താല്‍ വീ ണ്ടും അര്‍ത്ഥകല്പ ന ചെയ്യുന്നതാണ് ആദര്‍ശപുരുഷന്‍റെ പിറവികൊണ്ട് അര്‍ത്ഥമാക്കുന്നത്.


                           പണ്ടൊരിക്കല്‍ ഭൂമിയില്‍വച്ചു ഒരാള്‍ക്ക് സത്യദര്‍ശനം ലഭിച്ചു. ഇതറിഞ്ഞ ഒരു കുട്ടിപ്പിശാച് ഞെട്ടിവിറച്ചു വേഗം തന്നെ നരകലോകത്തെത്തി നരകാധിപനെ കണ്ട് വിവരം ബോധിപ്പിച്ചു. പ്രതികരണം തൃപ്തികരമല്ലാതെ വന്ന പ്പോള്‍ കുട്ടിപ്പിശാച് അതുമിതും ആക്രോശിച്ചു തുടങ്ങി. അതുകണ്ട് നരകാധിപന്‍ ഇങ്ങനെ സാന്ത്വനമേകി. ഭയപ്പെടേണ്ട നീ അറിയുന്നതിനും വളരെ മുമ്പേ നാം അതറിഞ്ഞിരുന്നു. നമ്മുടെ പ്രലോഭനങ്ങള്‍ക്കൊന്നും വ ഴിപ്പെടാതെ വന്നപ്പോള്‍, ആ സത്യദര്‍ശിക്കു ചുറ്റും നമ്മുടെ അനുയായികളെ കാവല്‍ ഏര്‍പ്പെടുത്തി. അതു മറ്റാര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയാത്ത വിധത്തില്‍ ഭക്തന്മാര്‍, സേവകര്‍, പണ്ഡിതന്മാര്‍ എന്നിങ്ങനെ പലവേഷഭാവാദികളില്‍ അവരവിടെ നിലയുറപ്പിച്ചു കഴിഞ്ഞു. ഇനി നമ്മെ നിഷേധിച്ചു ദൈവം മാത്രമാണ് ഉള്ളതെന്നു ആ സത്യദര്‍ശി അരുളിയാല്‍  നമ്മുടെ അനുയായികള്‍ ദൈവം ഉ ണ്ടെന്നു ആദ്യം തന്നെ തിരുത്തിപ്പറയും. പിന്നീട് ദൈവം ഉണ്ടായിരുന്നതായി വ്യാഖ്യാനിച്ചുകൊള്ളും. ഭൂമിയില്‍ എവിടെയും ഹിതമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ കുറഞ്ഞിരിക്കുന്നത് ദൈവമഹിമയുടെ ന്യൂനതയായി ചി ത്രീകരിക്കപ്പെടും. എന്നാല്‍ എവിടെ യും പ്രിയമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത്, ന മ്മുടെ മതം ലോകസമ്മതമെന്നും പ്രചരിപ്പിക്കപ്പെടും. വിഡ്ഢികളായ മനുഷ്യര്‍ അതു സത്യമെന്നു തെറ്റിദ്ധരിക്കും. മനുഷ്യരെല്ലാം പണ്ടുമുതലേ നമ്മുടെ ആജ്ഞാനുവര്‍ത്തികളാണ്. ഇനിയും എത്ര സത്യദര്‍ശികള്‍ വന്നുപോയാലും കാര്യമായ മാറ്റമൊന്നും സംഭവിക്കുകയില്ല. ഇത്രയും കേട്ടപ്പോള്‍ കുട്ടിപ്പിശാച് വളരെ സം തൃപ്തനായിത്തീര്‍ന്നു. ഉള്ള തായ ദൈവത്തെ ഉണ്ടായിരിക്കുന്നതായും, ഉണ്ടായിരിക്കുന്ന പ്രപഞ്ചത്തെ ഇല്ലാത്തതായും ആധുനിക പണ്ഡിതന്മാരില്‍ ഭൂരിഭാഗവും സ്വയം ധരിക്കുന്നു. അപ്രകാരം മറ്റുള്ളവരെ ധരിപ്പിക്കുക കൂടി ചെയ്യുന്നു. മാര്‍ഗഭ്രംശം സംഭവിച്ച ആധുനിക പണ്ഡിതന്മാര്‍ക്ക് ഈ പൈശാചികവൃത്തിയില്‍ നിന്നും മോചനം അപ്രാപ്യമെന്നു കരുതേണ്ടി വരുമോ?