അദ്വൈതദര്‍ശനം ശ്രീശങ്കരാചാര്യരിലും  ശ്രീനാരായണ ഗുരുദേവനിലും
 
സച്ചിദാനന്ദ സ്വാമി
 
         പണ്ട് ഹെഗല്‍ എന്ന ഒരു തത്വചിന്തകന്‍ പ്രപഞ്ചത്തിന്‍റെ സത്തയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഒരു തത്വദര്‍ശനം അവതരിപ്പിച്ചു. പ്രപഞ്ചത്തിന്‍റെ ഉന്മയെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളാണ് ഹെഗലിന്‍റെ ദര്‍ശനം. ഹെഗലിനെ പിന്‍തുടര്‍ന്നു വന്ന കാറല്‍ മാര്‍ക്സാകട്ടെ പ്രപഞ്ചത്തിന്‍റെ ഉന്മയെ അന്വേഷിക്കുവാന്‍ മിനക്കെട്ടില്ല. അതേത് സത്തയെങ്കിലും ആയിക്കൊള്ളട്ടെ. ഇവിടെ ജീവിച്ചിരിക്കുന്ന മനുഷ്യന് പ്രശ്നങ്ങളുണ്ട്, വേദനയുണ്ട്. അവന് നീതി ലഭിക്കണം - എന്നിങ്ങനെ ചിന്തിച്ചുകൊണ്ട് മാര്‍ക്സ് ഹെഗലിന്‍റെ ആത്മീയതയിലേക്ക് അഭിമുഖമായിരുന്ന തത്വദര്‍ശനത്തെ പുറംതിരിച്ച് ഭൗതികതയിലൂന്നിയ ദര്‍ശനം ചമച്ചു. വന്‍ പ്രത്യാശ മാത്രം ബാക്കി വച്ചുകൊണ്ട് തികച്ചും ഭൗതികതയില്‍ മാത്രം വിഹരിച്ചിരുന്ന ആ ദര്‍ശനവും മനുഷ്യന്‍റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയോ ശാന്തി തേടിയുള്ള മാനവന്‍റെ ദാഹം ശ മിപ്പിക്കുകയോ ചെയ്തില്ല എന്നത് വേറൊരു കാര്യം.
 
         ദര്‍ശനാവിഷ്കരണത്തില്‍ ഹെഗലിന്‍റെ ദര്‍ശനത്തോട് മാര്‍ക്സ് എടുത്ത സമീപനമാണ് ശ്രീശങ്കരാചാര്യരുടെ അദ്വൈത ദര്‍ശനത്തോട് ഗുരുദേവന്‍ സ്വീകരിച്ച നിലപാട്. പക്ഷേ മാര്‍ക്സിന്‍റെ ദര്‍ശനം പോലെ നിഷ്ഫലഗന്ധപുഷ്പമായിരുന്നില്ല ശ്രീനാരായണ ദര്‍ശന കുസുമം. അദ്വൈത വേദാന്ത ദര്‍ശനം  മനുഷ്യനിഷ്ഠമാക്കിയ ഗുരുദേവന്‍ ശ്രീശങ്കരനെപ്പോലെ പ്രപഞ്ചത്തെ സമ്പൂര്‍ണ്ണമായയെന്ന് തള്ളിക്കളയുന്നതിന് പകരം വ്യാവഹാരികസത്തയ്ക്കുകൂടി പ്രാധാന്യം നല്‍കി പ്രപഞ്ചത്തെ ഈശ്വരീയമായി ദര്‍ശിക്കുവാന്‍ ഉപദേശിക്കുന്നു. ആത്മോപദേശശതകത്തില്‍ 'ജളന് വിലേശയമെ ന്ന് തോന്നിയാലും നലമിയലും മ ലര്‍മാല നാഗമാമോ' എന്ന പ്രയോഗത്തിലൂടെ ദര്‍ശനത്തിന് പുതിയ മാനം നല്‍കുകയാണുണ്ടായത്. അധ്യാസവിവരണത്തില്‍ പരമ്പരാഗതമായി പ്രയോഗിച്ചു പോരുന്ന രജ്ജുവിന് പകരം 'നലമിയലും മലര്‍മാല' എന്ന് പ്രയോഗിച്ചതില്‍ നിന്നും പരംപൊരുളിന്‍റെ ആസ്വാദ്യതയും സൗകുമാര്യവും ജീവിത സൗഗന്ധികാനുഭൂതി യും സുവ്യക്തമാകുന്നു.
 
         ശ്രീശങ്കരന്‍ പാരമാര്‍ത്ഥിക തലത്തില്‍ നിന്നുകൊണ്ട് പ്രാതിഭാസിക - വ്യാവഹാരികസത്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ ദര്‍ശനം അവതരിപ്പിച്ചപ്പോള്‍ പരബ്രഹ്മസത്തയുടെ പാരമാര്‍ത്ഥികാവസ്ഥ അംഗീകരിച്ചുകൊണ്ടുതന്നെ വ്യാവഹാരിക തലത്തിലെ പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച് പരിഹരിക്കാനാണ് ഗുരുദേവന്‍ ശ്രമിച്ചത്. ജ്ഞാനോദയം ലഭിക്കുന്ന കാലഘട്ടം വരെ പ്രാപഞ്ചിക ജീവിതത്തിന്‍റെ ഉണ്മ കണ്ടെത്തുന്ന ഗുരുപാദങ്ങള്‍ ജാതിമതാദിഭേദചിന്തകളെ നിഷേധിക്കുകയും മനുഷ്യപുരോഗതിക്ക് പ്രാതികൂല്യമിയന്ന പ്രശ്നങ്ങളുടെ നിജസ്ഥിതി കണ്ടറിഞ്ഞ് നിവാരണ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ജീവിതരസാസ്വാദനത്തില്‍ യാതൊരു വിളംബരവും കൂടാതെ ശരിയായ പാത വെട്ടിത്തുറക്കുകയും ചെയ്തിട്ടുണ്ട്. ഗുരുദേവദര്‍ശനത്തെ സാര്‍വ്വജനീനമായ പ്രായോഗിക ദര്‍ശനമാക്കിത്തീര്‍ത്തതിന്‍റെ ഒരു ഉദാഹരണം ആത്മോപദേശശതകത്തില്‍ നിന്നും ചൂണ്ടിക്കാണിക്കട്ടെ.
 
"അവനിവനെന്നറിയുന്നതൊക്കെ
യോര്‍ത്താ-
ലവനിയിലാദിമമായൊരാത്മ രൂപം
അവനവനാത്മ സുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ്
വരേണം" 
(പദ്യം - 24)
 
         ഈ ശ്ലോകത്തിലെ ആദ്യഭാഗത്തിന്‍റെ പ്രസ്താവം, പ്രാചീനമായ വേദാന്താചാര്യന്മാരോട് ചേര്‍ന്ന് നിന്നുകൊണ്ട് തന്നെയാണ് ഞാന്‍, നീ, അവന്‍, ഇവന്‍ എന്നിങ്ങനെ അ ഹംവൃത്തി കൊണ്ടും ഇദംവൃത്തികൊണ്ടും വ്യവഹരിക്കുന്ന ജീവന്മാരെല്ലാം ആദിമമായ ഒരേയൊരു ആത്മരൂപം തന്നെയാണ്. "ജീവോ ബ്ര ഹ്മൈവ നാപരഃ " എന്ന സിദ്ധാന്തം തന്നെയാണ് ഇവിടെയും അനാവരണം ചെയ്യുന്നത്. എന്നാല്‍ ഗുരുദേവന്‍ തത്വദര്‍ശനത്തെ ഇവിടം കൊണ്ടവസാനിപ്പിച്ചില്ല. അവനും ഇവനും മറ്റവനും വേറൊരുവനുമായി സ്ഫുരിച്ച് നില്‍ക്കുന്ന ജീവചേതന ഏകമായതിനാല്‍'എല്ലാവരും ആത്മ സഹോദരര്‍' ആണ്, അതുകൊണ്ട് 'അവനവനാത്മ സുഖത്തിനാചരി ക്കുന്നവയപരന്നു സുഖത്തിനാ യി വരേണം' എന്ന പ്രായോഗി ക ദര്‍ശനം അവതരിപ്പിക്കുന്നു. ശ്രീശങ്കരനില്‍ നിന്നും തന്നിലേ ക്കുള്ള 1100 വര്‍ഷത്തിന്‍റെ വിടവ് ഇവിടെ ഗുരു നികത്തിയതായി ന മുക്ക് കാണാം. നിശ്ചലമായിരുന്ന അ ദ്വൈതദര്‍ശനം ചലനാത്മകമായി സാര്‍വ്വജനീനമായ ഒരു പ്രായോഗി കാദ്വൈത ദര്‍ശനമായി വികാസം പ്രാപിക്കുവാന്‍ ശ്രീനാരായണ ഗുരു ദേവന്‍റെ ആവിര്‍ഭാവം വരെ കാലത്തിന് കാത്തിരിക്കേണ്ടതായി വന്നു.
 
          അദ്വൈതദര്‍ശനത്തെ ഒരു ചിന്താപദ്ധതി എന്നതിനും അപ്പുറത്ത് അതിനെ സദാചാര പദ്ധതിയായി ഗുരുദേവന്‍ അവതരിപ്പിച്ചു. ജഗത്തിനെ മായയായി കണ്ട് ജീവിതത്തില്‍ നിന്നു ഒളിച്ചോടി അലസന്മാരായി കഴിയാന്‍ ഗുരുദേവദര്‍ശനം അനുവ ദിക്കുന്നില്ല. എല്ലാം ഒരേയൊരു പരം പൊരുളിന്‍റെ സ്ഫുലിംഗങ്ങളായതു കൊണ്ട് പരനെ സ്നേഹിക്കുക, പരനെ സഹായിക്കുക, പരനും താനും ഒന്നുതന്നെയെന്നെണ്ണി അപര നുവേണ്ടിയഹര്‍ന്നിശം പ്രയത്നം കൃപണതവിട്ട് ചെയ്യുന്ന കൃപാലുവി ന്‍റേതാകണം ജീവിതം എന്ന് ഗുരുദേ വന്‍ ഓര്‍മ്മിപ്പിക്കുന്നു. 
 
         കര്‍മ്മം ബന്ധകാരണമാകും എ ന്ന പരമ്പരാഗതമായ ചിന്ത ഇന്നാടി നെ കര്‍മ്മരാഹിത്യത്തിലേക്ക് നയിച്ചിട്ടുണ്ട്. ഗുരുദേവനാകട്ടെ കര്‍മ്മം കൊണ്ടുതന്നെ കര്‍മ്മബന്ധമറുക്കാം എന്നാണഭിപ്രായപ്പെടുന്നത്. സന്ന്യാസിക്ക് നൈഷ്ക്കര്‍മ്മ്യഭാവം ശാസ്ത്രം വിധിക്കുമ്പോള്‍ 'സന്ന്യാസി യെന്നാല്‍ ത്യാഗി-പരോപകാരാര്‍ ത്ഥം പ്രയത്നിക്കുന്നവന്‍' എന്നാണ് കാരുണികനായ ഗുരുദേവന്‍ പുനഃ പ്രവചനം ചെയ്തത്. ശ്രീശങ്കരാന്തര്‍ ഗതമായ അദ്വൈതചിന്തയെ അതി വര്‍ത്തിച്ച് നില്‍ക്കുന്നതാണ് ആത്മോപദേശശതകത്തിലെ 21 മുതല്‍ 26 വരെയുള്ള പദ്യങ്ങളടങ്ങിയ, പരോപകാരം എന്ന സദാചാര പദ്ധതി. 'ഉപ നിഷദ്യുക്തി രഹസ്യമോര്‍ത്തിടേണം' എന്നുപദേശിച്ച ഗുരുദേവന്‍ വേദ ത്തിന്‍റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തിരുന്നു. 
 
         വേദം അപൗരുഷേയമെന്ന പരമ്പരാഗതമായ പ്രാമാണ്യവാദത്തെ ഉല്ലംഘിച്ച ഗുരുദേവന്‍ 'വേദം അപൗരുഷേയം' എന്നു പറയുന്നതിന് വേദമന്ത്രങ്ങളുടെ എല്ലാറ്റിന്‍റേയും കര്‍ ത്താക്കള്‍ ആരെന്ന് നമുക്കു നിശ്ചയമില്ലെന്നേ അര്‍ത്ഥമാക്കേണ്ടതുള്ളു. വേദപ്രതിപാദിതങ്ങളായ തത്വങ്ങള്‍ അപൗരുഷേയങ്ങളാണ് എന്നും അര്‍ത്ഥമാക്കാം' എന്ന നിലയിലാണ് വേദത്തിന്‍റെ പ്രാമാണികതയെ അഭിദര്‍ശനം ചെയ്തിരുന്നത്. ഒരിക്കല്‍ അവിടുന്ന് അരുളി ചെയ്തു. 'വേദത്തില്‍ പ്രാമാണ്യം കിട്ടിയാല്‍ അവരാരും അതിനപ്പുറം പോവുക യില്ല.....ശങ്കരാചാര്യര്‍പോലും'.
 
          'ശ്രുതേരിവാര്‍ത്ഥം സ്മൃതിര ന്വഗച്ഛത്'എന്നാണല്ലോ ശാസ്ത്രം. വേദത്തെ സ്മൃതികള്‍ പിന്തുടരുന്നുവെന്ന അപലപനീയമായ കുതര്‍ക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് ജാതിക്കും വര്‍ണ്ണവ്യത്യാസത്തിനും അ പശൂദ്രാധികരണത്തിനും യാഥാസ്ഥി തികര്‍നീതീകരണം കണ്ടെത്തിയത്.
 
           "ഒന്നിനേയും ഇതു മാത്രം ശ രിയെന്നു പ്രമാണമാക്കേണ്ട എല്ലാ റ്റിനേയും ശരി ഏതെന്നുള്ള അന്വേ ഷണത്തിന് ഉപകരണമാക്കാം" എ ന്നിപ്രകാരം വേദപ്രാമാണ്യവാദത്തെ യുക്തിയുക്തമായി വിമര്‍ശിച്ച ഗുരു ദേവന്, മുമ്പേ സ്മൃതികളാല്‍ കെ ട്ടിയിരുന്ന ജാതി-വര്‍ണ്ണ വര്‍ഗ്ഗാധി പ ത്യമിയന്ന കോട്ടകളെ നിലംപരി ശാക്കുവാന്‍ അനായാസേന സാധിച്ചു. 
 
       അദ്വൈതം ഒരു വാദം എന്നതിനു പരിസാന്ദ്രമായ ആനുഭൂതികദര്‍ശനമായി ഗുരുദേവനില്‍ സമ്പൂര്‍ണ്ണം പരിലസിച്ചിരുന്നതുകൊണ്ടാണ് ദൃഢബോധനായ അവിടുത്തേക്ക് ശ്രീ ശങ്കരാന്തര്‍ഗതമായ തലത്തില്‍ നിന്നും ജാതി മത വര്‍ണ്ണവര്‍ഗ്ഗാദി ഭേദ ത്തില്‍നിന്നും ഉപനിഷത്ത് വിശുദ്ധി യിലേക്ക് അദ്വൈതശാസ്ത്രത്തെ തി രികെ കൊണ്ടു വരുവാന്‍ സാധിച്ചത്. പ്രസ്ഥാനത്രയ ഭാഷ്യം വഴി ശങ്ക രാചാര്യര്‍ അദ്വൈതം ശാസ്ത്ര നിഷ്ഠ മായി അവതരിപ്പിക്കാന്‍ ശ്രമിച്ച പ്പോള്‍, ഗുരുദേവന്‍ ഭാഷ്യങ്ങള്‍ ചമയ്ക്കാതെ ആത്മോപദേശശത കാദി കൃതികള്‍ ഉപനിഷത് ശൈലിയില്‍ ഉദ്ഗാനം ചെയ്തുകൊണ്ടാണ് അദ്വൈത ദര്‍ശനം യുക്തിഭദ്രമായി പ്ര കാശിപ്പിച്ചത്.
 
          ശ്രീശങ്കരാചാര്യര്‍ ഉപനിഷത് ഋഷിമാരെയും ബാദരായണന്‍, ഗൗഡപാദര്‍ തുടങ്ങിയവരെയും തന്‍റെ മാര്‍ഗ്ഗദര്‍ശികളായി സ്വീകരി ക്കുമ്പോള്‍ ഗുരുദേവന്‍ ഇവരോടൊപ്പം ശ്രീശങ്കരന്‍ കാണാതിരുന്ന ബുദ്ധനെയും ജൈനനെയും ക്രിസ്തുവിനെയും, നബിയെയും, തിരു വള്ളുവര്‍ തുടങ്ങിയ ശൈവസിദ്ധന്മാരെയും മാതൃകാപുരുഷന്മാരായി സ്വീകരിക്കുന്നു. ഇത് ഗുരുദേവന്‍റെ അനുപമേയമായ സര്‍വ്വ ലോകാനു രൂപത്വവും സ്വതന്ത്ര ചിന്തയും പ്രസ്പഷ്ടമാക്കുന്നു. ശ്രീശങ്കരന്‍ ബൗദ്ധ-ജൈന -സാംഖ്യ-യോഗ സമകാലീന ദര്‍ശനങ്ങളെ ഖണ്ഡിച്ചൊതുക്കി സിദ്ധാന്തപക്ഷം സ്ഥാപിക്കുമ്പോള്‍ ഗുരുദേ വന്‍ ഖണ്ഡനത്തിനുപരി സമന്വയ യുക്തിക്കായി നിലകൊണ്ടു. 'അഖിലരു മാത്മസുഖത്തിനായി പ്രയത്നം സകലവുമിങ്ങ് സദാപിചെയ്തി ടുന്നു' എന്നുപദേശിക്കുന്ന ഗുരുദേവന്‍ എല്ലാ മതങ്ങളുടെയും തത്വദര്‍ശനങ്ങളുടെയും ആത്യന്തിക ലക്ഷ്യം ആത്മസുഖ പ്രാപ്തിയാണ് എന്ന് സമര്‍ത്ഥിച്ചുകൊണ്ട് സമന്വയ ദര്‍ശനം കാഴ്ച വെയ്ക്കുന്നു. 
ശങ്കരന്‍ ഇത് തെറ്റ്, ഇത് തെറ്റ്, ഈ അദ്വൈതം മാത്രം ശരി എന്നു പറയുമ്പോള്‍ ഗുരു ഇതു ശരി, ഇതു ശരി, ഇതെല്ലാം ചേര്‍ന്ന ശരിയിത് എന്നിങ്ങനെ വിശിഷ്ടാദ്വൈത, ശൈ വ ദര്‍ശനാദികളെ അദ്വൈതത്തിന് വിരോധമാവാത്ത തരത്തില്‍ സമന്വ യിപ്പിച്ച് സിദ്ധാന്തം അവതരിപ്പിക്കുന്നു. 
 
         ഇപ്രകാരം ആറ്റം യുഗത്തിന് അനുയോജ്യമാംവിധം ശ്രുതി യുടേ യും യുക്തിയുടേയും പിന്‍ബല ത്തോടുകൂടി അദ്വൈത ദര്‍ശനത്തെ സാര്‍വ്വജനീനമായി അവതരിപ്പിച്ചു വെന്ന യുഗദൗത്യമാണ് ഗുരുദേവന്‍ നിര്‍വ്വഹിച്ചത്.