ഈശ്വരനാണ് ജീവിതത്തിന്‍റെ ആഴം
പ്രൊഫ. എം. കെ. സാനു
'ഇങ്ങനെയൊരു മനുഷ്യന്‍ രക്തമാംസങ്ങളോടു കൂടി നമ്മുടെ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നു വിശ്വസിക്കാന്‍ ഭാവിതലമുറകള്‍ക്ക് പ്രയാസമായിരിക്കും' ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന ശാസ്ത്രജ്ഞന്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്. ഈ ആശയം ശ്രീനാരായണഗുരുവിനും ബാധകമാണ് (മഹനീയതയുടെ പരിവേഷമണിയുന്ന എല്ലാ ജീവിതങ്ങളെപ്പറ്റിയും ഒരുപക്ഷേ ഇങ്ങനെ പറയാമായിരിക്കും.)
ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ ജനിക്കുകയും 72-ാമത്തെ വയസ്സില്‍ വര്‍ക്കലയില്‍ വെച്ച് സമാധിയടയുകയും ചെയ്ത ശ്രീനാരായണഗുരു എപ്പോഴും സാധാരണക്കാര്‍ക്കിടയിലാണ് ജീവിച്ചുപോന്നത്. മരുത്വാമലയിലും മറ്റും ഏകാന്തമായ തപസ്സില്‍ മുഴുകി ജീവിച്ച കാലത്തുപോലും അദ്ദേഹം മനുഷ്യനുമായി ബന്ധപ്പെട്ടുപോന്നു. മനുഷ്യരില്‍നിന്ന് അകന്ന് ഏകാന്തമായ പര്‍ണ്ണശാലയിലൊതുങ്ങി ജഗദീശചൈതന്യത്തില്‍ ലയിച്ചുകഴിയുന്ന യോഗിമാരുടെ വര്‍ഗ്ഗത്തിലല്ല അദ്ദേഹത്തിന്‍റെ സ്ഥാനം. ഈശ്വരനാണ് ജീവിതത്തിന്‍റെ ആഴമെന്ന് പറഞ്ഞെങ്കിലും മനുഷ്യരാശിയെ ഈശ്വരന്‍റെ അംശമായിട്ടാണ് അദ്ദേഹം കണ്ടത്. ഈശ്വരനെപ്പോലെ സത്യമാണ് മനുഷ്യനെന്നര്‍ത്ഥം. ആത്മീയവും ഭൗതികവുമായ വശങ്ങള്‍ ആ ദര്‍ശനത്തില്‍ അഭിന്നങ്ങളായിരുന്നില്ല.
അതനുസരിച്ചാണ് മനുഷ്യദുരിതങ്ങള്‍ക്ക് നിവാരണമുണ്ടാക്കാനുള്ള നിരന്തരപരിശ്രമം തന്‍റെ ജീവിതചര്യയായി അദ്ദേഹം സ്വീകരിച്ചത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ മനുഷ്യരെല്ലാവരും ദുരിതങ്ങളില്‍പ്പെട്ട് ദുഃഖിക്കുന്നു. അവരുടെ സുഖഭോഗങ്ങളും വിനോദങ്ങളും മറ്റും താല്‍ക്കാലികമാണ്. അവയ്ക്കെല്ലാമടിയില്‍ ദുഃഖം പായലിനടിയില്‍ ജലമെന്നതുപോലെ സ്ഥിരമായി നിലനില്‍ക്കുന്നു.
ആ ദുഃഖം വലിയൊരളവോളം പരിഹരിണീയമാണെന്ന് ഗുരുദേവന്‍ അറിഞ്ഞു. സാമൂഹ്യഘടനയുടെ വൈകൃതത്തില്‍നിന്നും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുട്ടില്‍ നിന്നും ഉളവാകുന്ന ദുഃഖമാണത്. അത് പരിഹരിക്കാന്‍ അദ്ദേഹം തുടര്‍ന്നു പോന്ന പരിശ്രമങ്ങള്‍ക്ക് അതിരില്ല. ആ പരിശ്രമങ്ങളാണ് ശ്രീനാരായണഗുരുവിന്‍റെ ജീവിതത്തിലെ കര്‍മ്മകാണ്ഡത്തിന്‍റെ മുഖ്യഭാഗം. 1888- ല്‍ 'ഈഴവശിവനെ' അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹം അതിനു തുടക്കം കുറിച്ചു. 1928- ല്‍ കളവങ്കോടത്തും വെച്ചൂരും കണ്ണാടി പ്രതിഷ്ഠിക്കുന്നതുവരെ അത് തുടര്‍ന്നു. 1928- ല്‍ അദ്ദേഹം സമാധിയടഞ്ഞു.
നാല്‍പ്പതു വര്‍ഷക്കാലം നീണ്ടുനിന്ന ക്രിയാബഹുലമായ ആ കര്‍മ്മകാണ്ഡത്തില്‍ മൂന്നു സംഗതികള്‍ നമുക്ക് ശ്രദ്ധിക്കാതിരിക്കുക സാധ്യമല്ല. കേരളീയസമൂഹത്തെ നൂറ്റാണ്ടുകളായി ബാധിച്ചിരിക്കുന്ന ജാതിസമ്പ്രദായത്തിനെതിരായ പോരാട്ടമാണ് അതിലൊന്ന്. ആ പോരാട്ടത്തിന്‍റെ ലക്ഷ്യം ഈഴവരെയെന്നപോലെ എല്ലാ ജാതിക്കാരേയും മനുഷ്യരാക്കിത്തീര്‍ക്കുക എന്നതുമായിരുന്നു. അതിനാവശ്യമായ മാറ്റം ആചാരങ്ങളിലും നിയമവ്യവസ്ഥകളിലും വീക്ഷണത്തിലും ഉണ്ടായേ തീരൂ. എങ്കിലല്ലാതെ 'മനുഷ്യത്വമാണ് മനുഷ്യന്‍റെ ജാതി' എന്ന ബോധത്തിലേക്ക് മനുഷ്യരെ ഉയര്‍ത്തുക സാധ്യമല്ല. ആ രീതിയിലുള്ള പരിവര്‍ത്തനം സൃഷ്ടിക്കുന്നതിന് സംഘടിതമായ പ്രവര്‍ത്തനവും അനുപേക്ഷണീയമാണ്. അരുവിപ്പുറം പ്രതിഷ്ഠാകര്‍മ്മത്തോടൊപ്പം 'സംഘടനകൊണ്ട് ശക്തരാകുക' എന്ന സന്ദേശം കൂടി അദ്ദേഹം നല്‍കി എന്ന് ഇവിടെ ഓര്‍മ്മിക്കണം. എന്നാല്‍, 'ശക്തി' മനുഷ്യസ്വഭാവത്തെ മലിനമാക്കാവുന്നതാണെന്ന് ക്രാന്തദര്‍ശിയായ ശ്രീനാരായണഗുരു അറിയാതിരുന്നില്ല. അതുകൊണ്ടാണ്, ആ സന്ദേശത്തിന് ഒരു പൂരകവാക്യം കൂടി അദ്ദേഹം നല്‍കിയത്- 'വിദ്യ കൊണ്ട് സ്വതന്ത്രരാകുക'.
ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനത്തില്‍ 'സ്വതന്ത്രരാകുക' എന്നതിന് 'സ്വാര്‍ത്ഥമോഹങ്ങളില്‍ നിന്ന് മോചനം നേടുക' എന്നാണര്‍ത്ഥം. (വിശിഷ്ടമാനസരായ ചിന്തകന്‍മാരൊക്കെയും ഈ അര്‍ത്ഥത്തിന്‍റെ വ്യാപ്തി സ്വതന്ത്രസങ്കല്‍പ്പത്തിനു നല്‍കിപ്പോന്നിട്ടുണ്ട്). അവിടെ വ്യക്തിക്കോ അയാളുടെ കുടുംബത്തിനോ സ്ഥാനമില്ല. സ്ഥാനമുള്ളത് പ്രാപ്യസ്ഥാനത്തെ സംബന്ധിക്കുന്ന സങ്കല്‍പ്പത്തിനാണ്. ആ സങ്കല്‍പ്പം വ്യക്തവും ദൃഢവുമാകുന്നതിനുള്ള ഉപാധിയും വിദ്യ തന്നെ. ജാതിഭേദവും മതദ്വേഷവും കൂടാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാലോകം- അതാണ് പ്രാപ്യസ്ഥാനം. 'സോദരത്വേന' എന്നതില്‍ സമത്വം കൂടി സൂചിതമായിട്ടുണ്ട്. സോദരന്മാര്‍ക്കിടയില്‍ ഉച്ചനീചത്വത്തിന് സ്ഥാനമില്ലല്ലോ. പില്‍ക്കാലത്ത് 'സമഭാവന' എന്ന കവിതയാണ് സഹോദരപ്രസ്ഥാനം പ്രാര്‍ത്ഥനയ്ക്കായി സ്വീകരിച്ചതെന്ന വസ്തുത ഇവിടെ സ്മരണീയമാണ്. 'സമഭാവനയല്ലോ ഗതി, സമഭാവന ശരണം' എന്നാണ് ആ പ്രാര്‍ത്ഥന ആരംഭിക്കുന്നത്.
ജാതിഭേദമോ മതദ്വേഷമോ കൂടാതെ എല്ലാ മനുഷ്യരും തുല്യതയോടുകൂടി ജീവിക്കുന്ന ഒരു വ്യവസ്ഥിതി ലക്ഷ്യമാക്കിക്കൊണ്ട് സ്വാര്‍ത്ഥപരിത്യാഗസന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നതിനുള്ള ഉപാധിയെന്നനിലയിലാണ് ശ്രീനാരായണധര്‍മ്മപരിപാലനയോഗം വിഭാവന ചെയ്യപ്പെട്ടത്. അതനുസരിച്ച് യോഗപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ശ്രീനാരായണഗുരു കാലാകാലങ്ങളില്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു.
ഈഴവസമുദായത്തില്‍ നിലനിന്ന അന്ധവിശ്വാസജന്യമായ അ നാചാരങ്ങള്‍ നീക്കം ചെയ്യുന്നതിനു ള്ള പരിശ്രമം വിശാലമായ ലക്ഷ്യത്തിന്‍റെ ഒരു ഭാഗം മാത്രമായിരുന്നു. സ്വയം നന്നാകുന്നവര്‍ക്കു മാത്രമല്ലേ ലോകത്തെ നന്നാക്കാനാവുകയുള്ളൂ.
സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പ്രാധാന്യമാണ് ശ്രീനാരായണഗുരുവിന്‍റെ കര്‍മ്മപദ്ധതിയുടെ മറ്റൊരു സവിശേഷതയായി കാണുന്നത്. വായനശാലകളും ഗ്രന്ഥശാലകളും സംഘടനാപ്രവര്‍ത്തനത്തിന്‍റെ സജീവഘടകമാണെന്ന് അദ്ദേഹം കണ്ടു. ലോകത്തെയും ലോകഗതിയെയും കുറിച്ച് അറിവുനേടാതെ പുതിയൊരു സമൂഹം സൃഷ്ടിക്കുന്നതിനാവശ്യമായ കാര്യക്ഷമത കൈവരിക്കാനാവുകയില്ല. അതിന് വായനയും ആശയവിനിമയവും സജീവമായേ തീരൂ. വ്യത്യസ്തങ്ങളായ സമീപനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അതില്‍ സ്ഥാനമുണ്ടായിരിക്കണമെന്ന നിലപാടും ഗുരുദേവന്‍ സ്വീകരിച്ചുപോന്നു. ആസ്തികന്മാരും നാസ്തികന്മാരും അദ്ദേഹത്തിന്‍റെ അനുയായികളിലുണ്ടായിരുന്നു. മതവിശ്വാസികളോടൊപ്പം മതവിരോധികളും ശ്രീനാരായണപ്രസ്ഥാനത്തില്‍ അക്കാലത്ത് വൈരംകൂടാതെ പ്രവര്‍ത്തിച്ചു പോന്നു. ചര്‍ച്ചകളിലും വിവാദങ്ങളിലും സംവാദങ്ങളിലും കൂടിയല്ലാതെ മാനസികജീവിതത്തിന്‍റെ ചൈതന്യം പരിപോഷിപ്പിക്കുക സാധ്യമല്ലെന്ന് അദ്ദേഹം അറിഞ്ഞിരുന്നു.
ഇവയ്ക്ക് തുല്യപ്രാധാന്യം വ്യക്തിജീവിതം ആദര്‍ശനിഷ്ഠമായിരിക്കണമെന്ന കാര്യത്തിനും അദ്ദേഹം നല്‍കിപ്പോന്നു. സ്വന്തം ജീവിതത്തിലൂടെ അതിന് അദ്ദേഹം മാതൃക കാട്ടുകയും ചെയ്തു. നാല്‍പ്പതുവര്‍ഷക്കാലം പൊതുജീവിതത്തില്‍ കര്‍മ്മനിരതനായി കഴിഞ്ഞിട്ടും ആ മഹനീയജീവിതത്തില്‍ ഒരു കറുത്ത പാടുപോലും ഒരാളും കണ്ടില്ല. സ്വകാര്യജീവിതം അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് ഓര്‍മ്മിക്കണം. ശിഷ്യരും ഭക്തന്മാരും അനുയായികളും അദ്ദേഹത്തെ സദാസമയവും വലയം ചെയ്തിരുന്നു. വാക്കിലും കര്‍മ്മത്തിലും ഒരുപോലെ അദ്ദേഹം സ്ഥിരമായി മഹത്വം ദീക്ഷിക്കുന്നതേ അവര്‍ കണ്ടിട്ടുള്ളൂ. പരിചയവും സമ്പര്‍ക്കവും ഏറിവരുന്തോറും അവരുടെ ബഹുമാനവും ഭക്തിയും വര്‍ധിക്കുകയാണുണ്ടായത്.
ശ്രീനാരായണഗുരു ഒരിക്കലും അധികാരം കയ്യാളിയില്ല. സമ്പത്ത് സംഭരിച്ചില്ല. ഭാരതീയദര്‍ശനമനുസരിച്ച് നിസ്വനായി ലളിതജീവിതം നയിച്ചുകൊണ്ട് ജനതയെ സമുല്‍കൃഷ്ടലക്ഷ്യത്തിലേക്ക് നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വാഭാവികമായ രീതി. ആദര്‍ശത്തിന്‍റേയും ത്യാഗത്തിന്‍റേയും മൂല്യമെന്തെന്നറിയുന്നവര്‍ അദ്ദേഹത്തെ ഈശ്വരനെപ്പോലെ പൂജിച്ചതില്‍ അത്ഭുതപ്പെടാനില്ല.
ചക്രവാളത്തിലെ നിത്യഭാസുര നക്ഷത്രംപോലെ ഇന്നും ആ ജീവിതം മനുഷ്യരാശിക്ക് പ്രചോദനമായും വഴികാട്ടിയായും പ്രശോഭിക്കുന്നു.
ജാതിഭേദവും മതദ്വേഷവും വീണ്ടും സമൂഹത്തിനു ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ ശ്രീനാരായണഗുരുവിന്‍റെ സങ്കല്‍പ്പത്തിലെ 'മാതൃകാസ്ഥാന' മായി കേരളത്തെ മാറ്റുന്നതിനുള്ള ബാധ്യത ഏറ്റെടുക്കുക എന്ന ചുമതലയില്‍നിന്ന് മനുഷ്യത്വം നഷ്ടമായിട്ടില്ലാത്ത ഒരാള്‍ക്കുപോലും ഒഴിഞ്ഞുമാറാനാവുകയില്ല.
2007 ആഗസ്റ്റ് 28 ഗുരുദേവന്‍റെ 153-ാമത് തിരുജയന്തിദിനമാണ്. ജയന്തിയാഘോഷങ്ങള്‍ക്കൊപ്പം ചര്‍ച്ച ചെയ്യപ്പെടേണ്ടതും ഏറ്റെടുക്കപ്പെടേണ്ടതുമായ 'ചുമതല' എന്തെന്നു സാനുമാസ്റ്റര്‍ വെളിപ്പെടുത്തുകയാണിവിടെ.