ഗുരുവിന്‍റെ സന്ന്യാസചര്യ

വി.എസ്. അച്യുതാനന്ദന്‍



         ആത്മീയവും ഭൗതികവുമായ കാര്യങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ചിന്താധാരയാണ് ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ സമൂഹത്തിന് നല്‍കിയത്. അതുകൊണ്ടു തന്നെ ശിവഗിരി തീര്‍ത്ഥാടനം ഭക്തിയുടെ പ്രകടനം മാത്രമാവാതെ സാമൂഹിക പുരോഗതിക്കു ഉതകുന്ന വിദ്യാഭ്യാസം, വ്യവസായം, കൃഷി തുടങ്ങിയ വിഷയങ്ങള്‍ ശാസ്ത്രീയമായി ചര്‍ച്ച ചെയ്യപ്പെടാനുള്ള വേദികൂടിയായിരിക്കേണ്ടതാണ്. ഈ രംഗങ്ങളിലെല്ലാം ശിവഗിരി തീര്‍ത്ഥാടകര്‍ സജീവമായി പങ്കുചേരണമെന്നു ശ്രീനാരായണഗുരു ഉദ്ദേശിച്ചിരുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇത്തരം വിഷയങ്ങളിലെല്ലാം തന്നെ ഗുരുഭക്തര്‍ സജീവചര്‍ച്ച നടത്തി പരിഹാരം നിര്‍ദ്ദേശിക്കണം.
         ഗുരുവിന്‍റെ ജീവിതം മറ്റു സന്ന്യാസിമാരുടെ ജീവിതത്തില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു. താടിയും ജടയുമെല്ലാം വളര്‍ത്തി സ്വന്തം മോക്ഷത്തിനായി പ്രാര്‍ത്ഥനാജീവിതം നയിക്കുകയെന്ന സങ്കല്‍പ്പത്തിനപ്പുറം ഗുരു സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന അശരണരുടേയും പാവപ്പെട്ടവരുടേയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു. ഭൗതിക-ആത്മീയ ചിന്തകളുടെ സമന്വയമായിരുന്നു ഗുരുവിന്‍റെ സന്ന്യാസചര്യ. താഴേക്കിടയിലുള്ള ഭൂരിപക്ഷം ജനതയുടെ ജീവിതോന്നമനത്തിനു സഹായകമാകും വിധമുള്ള സാമൂഹ്യമാറ്റം ഉണ്ടാക്കുവാന്‍ ശ്രീനാരായണഗുരുവിന് സാധിച്ചു.

 
         ജാതിയും മതവുമില്ലാത്ത ദൈവത്തെ കേരളത്തിലെമ്പാടും പ്രതിഷ്ഠിച്ചു, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരേ പോരാടുകയും നിരാലംബരായ വിശ്വാസികള്‍ക്ക് ആലംബമായി ആരാധനാലയങ്ങള്‍ സ്ഥാപിച്ചു കൊടുക്കുകയും ചെയ്ത ഗുരു ദ്വിമുഖ ആക്രമണമാണ് നടത്തിയത്.


         കാര്‍ഷിക മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം ഉണ്ടാക്കാനും ശ്രീനാരായണഭക്തര്‍ മുന്നിട്ടിറങ്ങണം. കോഴയും വന്‍ഫീസും കാരണം പാവപ്പെട്ടവനു ഉന്നതവിദ്യാഭ്യാസം സാധ്യമാണോ? ഇതിനു ആരാണ് തടസ്സം നില്‍ക്കുന്നത്? അതിനെ പ്രതിരോധിച്ച് മുന്നോട്ട് പോകണം. ഇതുപോലെയുള്ള വര്‍ത്തമാനകാലപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ എന്തൊക്കെ ചെയ്യാം എന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പ്രാര്‍ത്ഥനകള്‍ക്കൊപ്പം ശിവഗിരി ആസ്ഥാനം മുന്നോട്ടു വെയ്ക്കണം. സന്ന്യാസിമാര്‍ ജനങ്ങളുടെ ഭൗതികപ്രശ്നങ്ങളില്‍ കൂടി ഇടപെടണം. ഇങ്ങനെ ശ്രീനാരായണഗുരുവിന്‍റെ സന്ദേശം വര്‍ത്തമാനകാലത്തിനു യോജിച്ച രീതിയില്‍ കൊണ്ടുപോകണം.

 

         ശിവഗിരി തീര്‍ത്ഥാടന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം കുറിച്ചുകൊണ്ട് തിരുവനന്തപുരം രാജധാനി ആഡിറ്റോറിയത്തില്‍ 2007 ജൂലായ് 15 നു നടന്ന തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍-സമ്മേളനം ഉദ്ഘാടനം ചെയ്തു ബഹു. മുഖ്യമന്ത്രി  നടത്തിയ പ്രസംഗത്തില്‍ നിന്ന്: