അദ്വൈതദര്‍ശനം ശ്രീശങ്കരാചാര്യരിലും ശ്രീനാരായണ ഗുരുദേവനിലും
സച്ചിദാനന്ദ സ്വാമി
കേരളം ലോകത്തിന് പ്രദാനം ചെയ്ത പരമാചാര്യന്മാരാണ് ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുദേവനുമെന്നത് എവിടെയുമിന്ന് സുവിദിതമാണ്. രണ്ടുപേരുടേയും ജീവിതത്തിന് തമ്മില്‍ ഏറെ സാദൃശ്യവും ഏറെ വൈജാത്യവുമുണ്ട്. ജന്മാര്‍ജ്ജിതമായ സംസ്കാരവും കാലഘട്ടത്തിന്‍റെ സവിശേഷതയും ദര്‍ശനാവിഷ്കാരത്തിലും ജീവിതചര്യയിലും രണ്ടു മഹാത്മാക്കളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. രണ്ടുപേരും അദ്വൈതാചാര്യന്മാരാണ്. അദ്വൈതം - രണ്ടല്ലാത്തത് അതായത് ഒന്നുമാത്രം . അതിനാല്‍ ശ്രീശങ്കരന്‍റെ അദ്വൈതവും ശ്രീനാരായണഗുരുദേവന്‍റെ അദ്വൈതവും എന്ന ചിന്തയ്ക്ക് തന്നെ സ്ഥാനമില്ല. അദ്വൈതം ആനുഭൂതികമാണ്. ആ ശുദ്ധബോധത്തിലമര്‍ന്നവര്‍ക്ക് 'അഖിലവുംനിജബോധമാത്രം" എന്ന് ഗുരുദേവന്‍ വ്യവസ്ഥാപനം ചെയ്യുന്നു. എന്നാല്‍ അദ്വൈതിയുടെ ജീവിതവ്യവഹാരത്തെ ശ്രീശങ്കരന്‍
"ഭാവാദ്വൈതം സദാ കുര്യാത്
ക്രിയാദ്വൈതം ന കുത്രചിത്
അദ്വൈതം സര്‍വ്വഭാവേഷു
നാദ്വൈതം ഗുരുസന്നിധൗ"
എന്നാണ് സിദ്ധാന്തിച്ചത്. ഗുരുദേവന് അദ്വൈതം ഒരു ദാര്‍ശനിക ചിന്താപദ്ധതി മാത്രമായിരുന്നില്ല, അതൊരു ജീവിത പദ്ധതികൂടിയായിരുന്നു. അതിനാല്‍ അ ദ്വൈതത്തിന്‍റെ പ്രായോഗിക ഭാഷ്യമാകുവാന്‍ ഗുരുവിന് സാധിച്ചു.
മങ്ങിയ വെളിച്ചത്തില്‍ ഒരു കയറിന്‍കഷ്ണത്തില്‍ സര്‍പ്പത്തിന്‍റെ പ്രതീതി ഉളവാകുന്നതുപോലെ അ ജ്ഞാനദശയില്‍ ഈ പ്രപഞ്ചം ബ്രഹ്മത്തില്‍ വിവര്‍ത്തരൂപേണ പ്രതിഭാസിക്കുന്നുവെന്നതാണ് അദ്വൈതസിദ്ധാന്തം. വെളിച്ചം വരുമ്പോള്‍ സര്‍പ്പ പ്രതീതി മാറി യാഥാര്‍ത്ഥ്യമുളവാകുന്നതുപോലെ ജ്ഞാനോദയത്തില്‍ പ്രപഞ്ച പ്രതീതി അസ്തമിച്ച് ആധാരമായ ബ്രഹ്മം മാത്രം സത്യമെന്ന ബോധം ഉളവാകുന്നു. "ബ്രഹ്മ സത്യം ജഗത്മി ഥ്യാ ജീവോ ബ്രഹ്മൈവ നാ പരഃ" ബ്രഹ്മം മാത്രമാണ് സത്യം, ബ്രഹ്മഭിന്നമായ ഒരു പ്രപഞ്ചമില്ല; ജീവന്‍ ബ്രഹ്മം തന്നെയാകുന്നു എന്ന് അദ്വൈതസിദ്ധാന്തത്തെ ശ്രീശങ്കരന്‍ സമര്‍ത്ഥിക്കുന്നു. അദ്വൈതദര്‍ശനത്തിന്‍റെ ഈ മൗ ലികസിദ്ധാന്തത്തെ ശ്രീശങ്കരനെപ്പോ ലെ ഗുരുദേവനും അംഗീകരിക്കുന്നു. അതിനാല്‍ "അങ്ങയുടെ തത്ത്വശാസ്ത്രമെന്താണ്" എന്നുള്ള ചോദ്യത്തിന് (ഗവണ്‍മെന്‍റ് നിയോഗിച്ച ഒരു കമ്മീഷനിലെ അംഗമായിരുന്നു ചോദ്യകര്‍ത്താവ്) "തത്ത്വശാസ്ത്രത്തില്‍ നാം ശ്രീശങ്കരനെ പിന്‍തുടരുന്നു" എ ന്നാണ് ഗുരുദേവന്‍ ഉത്തരം നല്കിയത്. അവിടുത്തെ ഈ തിരുവാണിയെ അവലംബമാക്കി ഏറെയേറെ ഗവേഷണപഠനങ്ങള്‍ നടന്നിട്ടുണ്ട്. ശ്രീശങ്കരന്‍റെ സിദ്ധാന്തം അതേപോലെ ത ന്നെ ഏറ്റുപറയുകയാണ് ഗുരു ചെയ്തതെന്നും അതുകൊണ്ട് ഗുരുവിന് ശ്രീശങ്കരനില്‍ നിന്നും ഭിന്നമായ, പ്ര ത്യേകമായ ഒരു തത്ത്വദര്‍ശനമില്ലെന്നും, അതു ശ്രീശങ്കര ദര്‍ശനം തന്നെയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. മറ്റു ചിലരാകട്ടെ സ്വതന്ത്രചിന്തകനായ ഗുരുദേവന്‍ അങ്ങനെ പറഞ്ഞിരിക്കാന്‍ ഇടയില്ലെന്ന് തീര്‍ത്തും അഭിപ്രായപ്പെടുന്നു. ഗുരുവിന്‍റെയും ശ്രീശങ്കരന്‍റെയും ദര്‍ശനങ്ങള്‍ തി കച്ചും വിഭിന്നങ്ങളാണെന്ന് ഇവര്‍ വിലയിരുത്തുന്നു. ഈ രണ്ടു പക്ഷക്കാ രും ഗുരുദേവന്‍റെ മേല്‍പറഞ്ഞ തിരുവാണിയെ വേണ്ടവണ്ണം വിലയിരുത്തി യോ എന്ന കാര്യം സംശയാസ്പദമാണ്. മുന്‍വിധി കീഴ്പ്പെടുത്താത്ത സ്വ തന്ത്രബുദ്ധിയോടെ പ്രസ്തുത തിരുവാണിയുടെ അന്തര്‍ഭാവത്തിലേക്ക് കടന്നുചെന്നാല്‍ മാത്രമേ
ഗുരുദര്‍ശനത്തിന്‍റെ തനിമ കണ്ടെത്താനാകൂ.
ഗുരുവിനും ശങ്കരാചാര്യര്‍ക്കും തമ്മില്‍ ഏതാണ്ട് 1100 വര്‍ഷത്തിന്‍റെ അന്തരമുണ്ട്. ശ്രീശങ്കരന്‍ എട്ടാം നൂറ്റാണ്ടിലും ഗുരുദേവന്‍ 19- 20 നൂറ്റാണ്ടുകളിലുമാണ് ജീവിച്ചിരുന്നത്. അപ്പോള്‍ ശ്രീശങ്കരന്‍റെ തുടര്‍ച്ചയായിട്ടാണ് ഗുരുദേവന്‍ ദര്‍ശനമവതരിപ്പിച്ചത് എന്നുവരുന്നു. ഗുരു അതെപ്രകാരമാണ് നിര്‍വഹിച്ചത് എന്നുപറയുന്നതിനു മുന്‍പ് ശ്രീശങ്കരന്‍റെ അദ്വൈതദര്‍ശനത്തിന്‍റെ സമ്യക്കായ സംസ്ഥാപനത്തെക്കുറിച്ച് അറിയേണ്ടതുണ്ട്. ശ്രീശങ്കരാചാര്യരാണ് അദ്വൈതത്തിന്‍റെ ഉപജ്ഞാതാവ് എന്ന് ചിലര്‍ തെറ്റായി ധരിച്ചുപോരുന്നുണ്ട്. അദ്വൈതവേദാന്തദര്‍ശനം താന്‍ കണ്ടെത്തിയ ഒരു നവീനദര്‍ശനമാണെന്ന് ശ്രീശങ്കരാചാര്യന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ശ്രുതിയുടെ താത്പര്യ നിര്‍ണ്ണയത്തിലൂടെയാണ് പ്രധാനമായും ദര്‍ശനം ആവിഷ്കരിക്കുന്നത്. അദ്വൈതദര്‍ശനത്തെ ശ്രുതിയുടെയും യുക്തിയുടെ യും അടിസ്ഥാനത്തില്‍ അപ്രതിരോധ്യമാംവിധം സ്വരൂപിച്ച് സിദ്ധാന്തസ്ഥാപനം നിര്‍വഹിക്കുകയാണ് ആ ചാര്യര്‍ ചെയ്തത്. സിദ്ധാന്തം സ്വരൂപിക്കുന്നതിന് ശ്രീശങ്കരന് മാര്‍ഗ്ഗദര്‍ശകമായത് പ്രധാനമായും പ്രസ്ഥാനത്രയമാണ്. കൂടാതെ ശങ്കരാചാര്യരുടെ ഗുരുവിന്‍റെ ഗുരുനാഥനായ ശ്രീ ഗൗ ഡപാദാചാര്യരുടെ 'ഗൗഡപാദകാരിക'യും മാര്‍ഗ്ഗദര്‍ശകമായിട്ടുണ്ട്. ഗൗ ഡപാദകാരിക ബുദ്ധമതദര്‍ശനത്തെ പിന്‍തുടരുന്ന ഗ്രന്ഥമാണെന്ന് അഭി ജ്ഞന്മാര്‍ക്ക് അഭിപ്രായമുണ്ട്. പ്രസ്ഥാനത്രയം എന്ന പേരിലറിയപ്പെടുന്നതു ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത,ബാദരായണന്‍റെ ബ്രഹ്മസൂത്രം എന്നിവയാണ്. ഇവയാണ് അദ്വൈതദര്‍ശനത്തിന്‍റെ ആധാരശിലകള്‍. ഉപനിഷത്തുക്കളിലും, ഭഗവദ്ഗീതയിലും ബ്ര ഹ്മസൂത്രത്തിലും ഗൗഡപാദകാരികയിലും നിഹിതമായിരുന്ന ദര്‍ശനത്തെ സാംഗോപാംഗമായി സംയോജനം ചെയ്ത് ശ്രുതിയുടെ പരമതാത്പര്യം അദ്വൈതമാണെന്ന് ശ്രീശങ്കരാചാര്യര്‍ അസാമാന്യമായ കൗശലത്തോടുകൂടി സ്ഥാപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശ്രീശങ്കരദര്‍ശനം വ്യാസദര്‍ശനമാണ്-ബാദരായണദര്‍ശനമാണ്, ബൗദ്ധദര്‍ശനമാണ്, ഗൗഡപാദദര്‍ശനമാണ് എന്നു സിദ്ധാന്തിക്കുന്നതിനു തുല്യമാണ്, ശ്രീശങ്കരദര്‍ശനമാണ് ശ്രീനാരായണഗുരുദര്‍ശനമെന്നു പറയുന്നതും. ഒരേ സംപ്രദായത്തിലുള്ള എല്ലാ ഗുരുക്കന്മാരുടേയും ദര്‍ശനാവിഷ്ക്കരണം ഏതാണ്ട് ഇതുപോ ലെ തന്നെയായിരിക്കും.
പ്രസ്ഥാനത്രയത്തിന്‍റെ ഭാഷ്യം വഴി ശ്രുതിയുടെ പരമമായ സിദ്ധാന്തം അദ്വൈതമാണെന്ന് ആചാര്യപാദര്‍ സമര്‍ത്ഥിച്ചു. ഇതിനെ സമര്‍ത്ഥിച്ചുകൊണ്ട് ഭാഷ്യങ്ങള്‍ക്കുള്ള അനുബന്ധം എന്ന നിലയില്‍ അ നേകം പ്രകരണഗ്രന്ഥങ്ങളും അദ്ദേഹം ചമച്ചു. തീക്ഷ്ണമായ ഏതൊരു യുക്തിയുടേയും മുന്നില്‍ പതറാതെ ഇക്കാലമത്രയും പിടിച്ചുനില്ക്കുവാന്‍ ശങ്കരാദ്വൈതത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ശ്രീശങ്കരന്‍റെ കാലശേഷം അദ്ദേഹത്തിനുനേരെ അതിശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തിയ പ്രാമാണികരായ രണ്ടാചാര്യന്മാരാണ് ശ്രീരാമാനുജാചാര്യരും ശ്രീമാധ്വാചാര്യരും. ശ്രീരാമാനുജന്‍ 'വിശിഷ്ടാദ്വൈതം' എന്ന പേരിലും ശ്രീമാധ്വന്‍ 'ദ്വൈതം' എന്ന പേരിലും രണ്ടു ദര്‍ശനങ്ങള്‍ ചമച്ചു. തുടര്‍ന്നുവന്ന വല്ലഭാചാര്യര്‍ 'ശുദ്ധാദ്വൈതം' എന്ന പേരിലും നിം ബാര്‍ക്കന്‍ 'ഭാഗവതമതം' എന്ന പേരിലും പുതിയ ദാര്‍ശനിക സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവരൊക്കെത്തന്നെയും ശ്രീശങ്കരാദ്വൈതത്തിനു നേരെ അതിശക്തമായ ദാര്‍ശനികാക്രമണങ്ങള്‍ തന്നെ അഴിച്ചുവി ട്ടിട്ടുണ്ട്. ഏവരും സ്വസിദ്ധാന്തസ്ഥാപ നം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രസ്ഥാനത്രയത്തിന് ഭാഷ്യങ്ങള്‍ ചമച്ചുകൊ ണ്ടു തന്നെയാണ്. ശ്രുതിവാക്യങ്ങളു ടെ അടിസ്ഥാനത്തില്‍ പൂര്‍വ്വപക്ഷമുന്നയിച്ച് ഖണ്ഡനമണ്ഡനാദിയിലൂ ടെയാണ് ഇവര്‍ സിദ്ധാന്തപക്ഷം സ്ഥാപിക്കുന്നത്. ശ്രീശങ്കരാചാര്യര്‍ തന്നെ അക്കാലത്തുണ്ടായിരുന്ന ജൈനം, ബൗദ്ധം, സാംഖ്യം, യോഗം, പൂര്‍വ്വമീമാംസ തുടങ്ങിയ ദാര്‍ശനിക സമുച്ചയങ്ങളെ ഖണ്ഡിച്ചും, ദ്വൈതവിശിഷ്ടാദ്വൈതദര്‍ശനഭാവങ്ങളെ മുന്നില്‍ ക ണ്ടുകൊണ്ട് അതിനെ പൂര്‍വ്വപക്ഷമാക്കി ഖണ്ഡിച്ചും സ്വസിദ്ധാന്തമായ അദ്വൈതം സ്ഥാപിക്കുകയാണ് ചെ യ്തത്. ഈ മഹാചാര്യന്മാരുടെ ഖ ണ്ഡനമണ്ഡനാദികള്‍ കൊണ്ട് നിറഞ്ഞതാണ് വൈദികസാഹിത്യമെന്നു പറയാം. ഇപ്രകാരം വേദാന്തത്തിന്‍റെ പരമതാത്പര്യം അദ്വൈതമാണെന്ന് ശ്രീ ശങ്കരാചാര്യര്‍ യുക്തിഭദ്രമായി സ്ഥാപിച്ചുവെന്നും പറയാം.
ഈ പശ്ചാത്തലത്തില്‍ വേണം "തത്ത്വശാസ്ത്രത്തില്‍ നാം ശ്രീശങ്കര നെ പിന്‍തുടരുന്നു" എന്ന ഗുരുവാണിയെ വിലയിരുത്തുവാന്‍. ശ്രുതിയുടെ താത്പര്യനിര്‍ണ്ണയത്തില്‍ അതിന്‍റെ സാരം അദ്വൈതമാണെന്ന ശ്രീശങ്കരാചാര്യരുടെ മതത്തെ ഗുരുദേവന്‍ അംഗീകരിക്കുന്നു. അക്കാര്യത്തില്‍ രാമാനുജ-മാധ്വമതങ്ങളേക്കാള്‍ യുക്തിനിഷ്ഠമായത് ശ്രീശങ്കരന്‍റെ അദ്വൈതമതമാണെന്നാണ് ഗുരുദേവന്‍റെ പക്ഷം. "തത്ത്വശാസ്ത്രത്തില്‍ നാം ശ്രീശങ്കരനെ പിന്തുടരുന്നു" എന്ന ഗുരുദേവഭാഷിതത്തിന്‍റെ അര്‍ത്ഥതലം ഇവിടെയാണ് അനാവരണം ചെയ്യപ്പെടുന്നത്. ഇതല്ലാതെ ശ്രീശങ്കരന്‍റെ സിദ്ധാന്തങ്ങള്‍ അതേപോലെ അനുവര്‍ത്തിക്കുകയാണ് ഗുരുദേവന്‍ ചെയ്തതെന്ന വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല. ഈശ്വരന്‍, ജീവന്‍, ജഗത്ത് എന്ന മൂന്നിനെ സംബന്ധിച്ച ചര്‍ച്ചയാണ് വേദാന്തശാസ്ത്രം. ഇതില്‍ ഈശ്വരന്‍ അഥവാ ബ്രഹ്മം സത്യം, ജീവന്‍ ബ്രഹ്മം തന്നെ, ജഗത്ത് മിഥ്യയാണ് എന്ന് ശ്രീശങ്കരന്‍ സിദ്ധാന്തിക്കുന്ന അദ്വൈതമതം ഗുരുദേവനും സമ്മതമാണ് എന്ന് മുന്‍പ് പറഞ്ഞുവല്ലോ. ജഗത് മിഥ്യയാണ്, മായയാണ്, അവിദ്യയാണ് എന്ന് ഗുരുവും സമര്‍ ത്ഥിക്കുന്നു. എന്നാല്‍ ജഗത്തിനെ ഈ ശ്വരീയമായി കണ്ട് അദ്വൈതബോധത്തിലമരുക എന്ന് പറയുന്നതാണ് ഗു രുവിന് ഇഷ്ടമെന്ന് തോന്നിപ്പോകുന്നു. 'കാണപ്പെടുന്നതെല്ലാം സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടു കൂടിയതും പരമാത്മാവില്‍ നിന്നും അതില്‍തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാ തെ വേറൊന്നുമില്ല' എന്ന ഗദ്യപ്രാര്‍ ത്ഥനയിലൂടെയും ആത്മോപദേശശതകത്തിലെ
കരണവുമിന്ദ്രിയവും കളേബരം തൊ- ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരുവാണു തിരഞ്ഞു തേറിടേണം
എന്ന പദ്യത്തിലൂടെയും ജഗത്തി നെ ഈശ്വരീയമായി കാണുവാന്‍ ഗുരു ഉപദര്‍ശനം ചെയ്യുന്നു.
തത്ത്വദര്‍ശനം ഒരിക്കലും നിശ്ചലമാകാന്‍ പാടില്ല. അത് ചലനാത്മകമാകണം. എങ്കിലേ അതൊരു മാനുഷിക ദര്‍ശനമാകൂ. അദ്വൈതവേദാന്ത ദര്‍ശനത്തെ ചലനാത്മകമാക്കി അവതരിപ്പിച്ച യുഗപുരുഷനാണ് ഗുരുദേവന്‍. ശ്രീശങ്കരദര്‍ശനം സാധാരണക്കാരില്‍ നിന്നും അകന്ന് ബൗദ്ധികതലത്തില്‍ മാത്രം വിഹരിക്കുന്ന വൈജ്ഞാനി കാദ്വൈതമാണ്. വൈജ്ഞാനിക പ്രവീണരുടെ തീക്ഷ്ണമായ ബുദ്ധിയു ടെ മാറ്റുരക്കാനുള്ള ഉരകല്ല് മാത്രമായിരുന്നു ഗുരുദേവന്‍റെ ആവിര്‍ഭാവകാലം വരെ അദ്വൈതദര്‍ശനം.എന്നാല്‍ ഗുരുദേവന്‍ അതിനെ പ്രായോഗിക ദര്‍ശനമാക്കി. ഗുരുവിലൂടെ നിര്‍വ്വഹിക്കപ്പെട്ടത് ഈ ചരിത്രദൗത്യമാണെന്ന് നാമറിയണം. ശ്രീശങ്കരന്‍ വേദാന്തം അദ്ധ്യയനം ചെയ്യുന്നതിനുള്ള അധികാരിയുടെ യോഗ്യത വെളിപ്പെടുത്തുമ്പോള്‍, പ്രകരണഗ്രന്ഥമായ വിവേകചൂഡാമണിയില്‍ 2-ാം ശ്ലോകത്തില്‍,
ജന്തൂനാം നരജന്മ ദുര്‍ലഭമതഃ
പുംസ്ത്വം തതോ വിപ്രതാ
തസ്മാദ് വൈദികധര്‍മ്മമാര്‍ഗ്ഗപരതാ
വിദ്വത്ത്വമസ്മാത്പരം
ആത്മാനാത്മവിവേചനം സ്വനുഭവോ
ബ്രഹ്മാത്മനാ സംസ്ഥിതിര്‍-
മുക്തിര്‍നോ ശതകോടിജന്മസുകൃതൈഃ
പുണ്യൈര്‍വിനാ ലഭ്യതേ
'ദുര്‍ലഭമായ മനുഷ്യജന്മത്തില്‍ വിപ്രനായി - ബ്രാഹ്മണനായി ജനിച്ചവന്‍ മാത്രമാണ് അധികാരി'യെന്ന് പ്രഖ്യാപിക്കുന്നുണ്ട്. മാത്രമല്ല ഗീതാഭാഷ്യത്തില്‍ വര്‍ണ്ണത്തെയും ജാതിയെയും ഒന്നായിത്തന്നെ നിരൂപണം ചെയ്ത്, ശൂദ്രന്മാര്‍ക്ക് അപകൃഷ്ടതയുണ്ടെന്ന് അഭിപ്രായപ്പെടുന്നു. ശ്രീശങ്കരന് പറ്റിയ ഈ തെറ്റ് ഗുരുദേവന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'ജാതി സ്ഥാപിക്കാന്‍ ശങ്കരന്‍ ബുദ്ധികൊണ്ട് പറന്നിട്ടുണ്ട്' എന്നും 'ബ്രഹ്മസൂത്രവും ഗീ തയും എഴുതിയ വേദവ്യാസന്‍ തന്നെ ചാതുര്‍വര്‍ണ്ണ്യത്തെക്കുറിച്ച് രണ്ടിടത്ത് രണ്ടുവിധം പറഞ്ഞിരിക്കുന്നു' എന്നും സത്യദര്‍ശിയായ ഗുരുദേവന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്രകാരം വര്‍ണ്ണാശ്രമധര്‍മ്മത്തെ അംഗീകരിച്ച്, വേദജ്ഞാ നം നേടി മുക്തി പ്രാപിക്കുവാന്‍ ശതകോടി ജന്മങ്ങളില്‍ സുകൃതം ചെയ്ത, ജന്മബ്രാഹ്മണനായ ഒരുവനു മാത്രമേ സാധിക്കൂ എന്ന് മഹാമനീഷിയായ ശ്രീശങ്കരന്‍ ഉദ്ഘോഷിക്കുമ്പോള്‍ ഈ മഹത്തായ തത്ത്വദര്‍ശനത്തിന്‍റെ നിശ്ചലതയും ഒപ്പം തത്ത്വദര്‍ശനം ആര്‍ക്കുവേണ്ടി എന്ന ചോദ്യവും ഉയര്‍ന്നു വരുന്നു!
ഈ ചോദ്യത്തിന് ശരിയായ ഉ ത്തരം ശ്രീനാരായണഗുരുദേവനിലൂടെ ലോകത്തിന് ലഭിച്ചു. ആത്മോപദേശശതകത്തിലൂടെ അവിടുന്ന് ഉദ്ബോധിപ്പിച്ചു "അറിവതിനിങ്ങനെ ആര്‍ക്കുമോതിടേണം". താല്‍പര്യമു ള്ള ആര്‍ക്കും ജാതി-വര്‍ണ്ണ-മത - സ്ത്രീ പുരുഷ - വ്യത്യാസമില്ലാതെ ആര്‍ക്കും ഈ തത്ത്വദര്‍ശനം പകര്‍ന്നു നല്‍കണം. അഹേതുകദയാസിന്ധുവായ ഗുരുദേവന്‍ ആര്‍ദ്രമായ അനുകമ്പയില്‍ അതീതനായി അദ്വൈതദര്‍ശനത്തെ വൈജ്ഞാനിക തലത്തില്‍ നിന്നും താഴോട്ട് സാധാരണക്കാരുടെ മദ്ധ്യത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന് അതിനെ ഒരു മാനുഷിക ദര്‍ശനമാക്കി മാറ്റുകയാണ് ചെയ്തത്. ശ്രീശങ്കരന്‍റെ വൈജ്ഞാനിക അ ദ്വൈതത്തെ ഗുരുദേവന്‍ പ്രായോഗികാദ്വൈതമാക്കി പുനഃപ്രവചനം ചെയ്തു.
ശ്രീശങ്കരന്‍ അറിയപ്പെടുന്നത് അദ്വൈതവാദി എന്ന പേരിലാണ്. എന്നാല്‍ ഗുരുദേവന്‍ അദ്വൈതവാദിയാകുവാന്‍ ശ്രമിച്ചില്ല. ഗുരുദേവന് അ ദ്വൈതം ആനുഭൂതികമായ ജീവിത ദര്‍ശനമായിരുന്നു. "വാദിക്കാനും ജ യിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്" എന്നാണ് ഗുരുദേവന്‍ പ്രഖ്യാപിക്കുന്നത്. ഭാരതം തത്വദര്‍ശനങ്ങളുടെ നാടാണ്. ഷഡ്ദര്‍ശനങ്ങളും അവയെ തുടര്‍ന്ന് ദ്വൈത - വിശിഷ്ടാദ്വൈത - അദ്വൈത ദര്‍ശനത്തെ, ഊഷരമായ, ബൗദ്ധികമായ വ്യായാമമാക്കി മാറ്റിയപ്പോള്‍ അവര്‍ 'മനുഷ്യന്‍' എന്ന പദം മറന്നുപോയിരുന്നു. അവരുടെ ദര്‍ശനങ്ങളില്‍ 'പരമാണുപ്രായന്‍' മാത്രമാണ് മനുഷ്യന്‍. ഇതില്‍ നിന്നും നേരേ വിപരീതമായി "മനുഷ്യന്‍ കെട്ടുപോയാല്‍ പിന്നെ മതങ്ങള്‍ കൊണ്ടും തത്വദര്‍ശനം കൊണ്ടും എന്തു പ്രയോജനം" എന്ന് ഗുരുദേവന്‍ ചോദിക്കുന്നു. ഈ ശിലാഹൃദയന്മാരില്‍ നിന്നും തത്വദര്‍ശനത്തെ മോചിപ്പിച്ച് തികച്ചും മാനുഷികവും, ആനുഭൂതികവുമായ ശരിയായ പന്ഥാവിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണ് ഗുരുദേവന്‍ ചെയ്തത്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' , 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി', 'മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതു കൊണ്ട് അന്യോനം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല' തുടങ്ങിയ സ ന്ദേശങ്ങളില്‍ കാണുന്ന മനുഷ്യന് നല്‍കുന്ന പരമമായ സ്ഥാനം ഗുരുദേവനിലെ ദാര്‍ശനികനെ സുതരാം വ്യക്തമാക്കുന്നതാണ്.