ശുദ്ധനും നല്ലവനും

സ്വാമി ത്രിരത്നതീര്‍ത്ഥര്‍

         പ്രിയപ്പെട്ടവരൊക്കെ നല്ലവരെന്നു നമ്മള്‍ കരുതിയാലും യഥാര്‍ത്ഥത്തില്‍ അവരൊക്കെ നല്ലവരാകണമെന്നില്ല. ശുദ്ധന്മാര്‍ നന്മതിന്മകളെ തിരിച്ചറിയുവാന്‍ കഴിവില്ലാത്തവരായാല്‍ അവരും നല്ലവരാകുന്നില്ല. തിന്മക്കെതിരെ നിരന്തരം ശബ്ദഘോഷം മുഴക്കിയതുകൊണ്ടോ, നല്ലതുമാത്രമേ ചെയ്യുന്നുള്ളുവെന്നു സദാസമയവും പറയുന്നതുകൊണ്ടോ ആരും നല്ലവരാകുന്നില്ല. കാരണം ഇവര്‍ ചെയ്യുന്ന തെറ്റുകള്‍ മറച്ച് പിടിക്കുവാനാണ് ഇപ്രകാരം പൊളിവാക്കുകള്‍ പുലമ്പുന്നത്. നല്ലവനു വീണ്ടും നന്നാകുവാന്‍ ശ്രമിക്കേണ്ടതില്ല. നല്ലതല്ലാത്തവനുമാത്രമേ നല്ലവനാകാന്‍ പ്രവര്‍ത്തിക്കേണ്ടതുള്ളൂ. ഇനി ഒരുവന്‍ കൂടുതല്‍ നന്നാകുവാനുള്ള ശ്രമമാണെന്നു പറയുന്നിടത്തു നന്മയുടെ കുറവിനെ സമ്മതിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ അവന്‍ നന്നാകുവാനുള്ള ശ്രമത്തിലാണെന്നല്ലാതെ നല്ലവനാകുന്നില്ല. ഇഷ്ടവസ്തുക്കളുടെ താല്ക്കാലിക നിറവിലിരിക്കുന്ന ഒരുവന്‍ നന്നായിരിക്കുന്നു എന്നു അവകാശപ്പെടുന്നിടത്ത് അവന്‍റെ ചുറ്റുപാടുകള്‍ നന്നായിരിക്കുന്നു എന്നല്ലാതെ അവന്‍ നല്ലവനായിട്ടില്ല. എന്നാല്‍, നന്മയും തിന്മയും വേര്‍തിരിച്ചറിഞ്ഞു നന്മയിലൂടെ മുന്നേറിയവന്‍ ആരായിരുന്നാലും, അവന്‍ എവിടെ ഇരുന്നാലും നല്ലവന്‍ തന്നെയാണ്. ഇങ്ങനെ അവനവന്‍റെ കുറവുകള്‍ നിരീക്ഷിച്ച് സ്വയം വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യുന്ന ഒരുവന്‍ മറ്റാരുടേയും പ്രേരണകൂടാതെ നന്മയിലൂടെ ബഹുദൂരം മുന്നേറുന്നു. അങ്ങനെയുള്ള ഒരുവനെ അത്ഭുതാദരവോടെയാണ് മറ്റുള്ളവര്‍ വീക്ഷിക്കുന്നത്. ഏതൊരു സാഹചര്യത്തിലും ഇവനെ തടഞ്ഞുനിര്‍ത്താന്‍ ആരും ശക്തരാകുന്നില്ല. നന്മയുടെ തെളിമയില്‍ ഇവന്‍ ജാഗരൂകതയോടെ ഇരിക്കുന്നു. ഇവന്‍റെ എളിമ ഹേതുവായി പ്രതിബന്ധങ്ങളെല്ലാം സ്വയം ഒഴിഞ്ഞുപോവുകയും ചെയ്യുന്നു.


         നല്ലവരല്ലാത്തവരുടെ പെരുമാറ്റം തുടക്കത്തില്‍ ഏവരെയും ആകര്‍ഷിക്കുവാന്‍ തക്ക അഭിനയചാതുര്യത്തോടു കൂടിയതാണ്. എങ്കിലും ഒടുക്കത്തില്‍ അവരുടെ കര്‍മ്മങ്ങളത്രയും വേദനാജനകം തന്നെ. അതേ സമയം നല്ലവരുടെ പെരുമാറ്റം ആരംഭത്തില്‍ ബുദ്ധിമുട്ടുകളൊക്കെ സൃഷ്ടിക്കുമെങ്കിലും പിന്നീട് വളരെ ശുഭകരമായി പര്യവസാനിക്കുന്നതാണ്. അതിനുകാരണം, അവര്‍ നല്ലവരാകയാല്‍ വീണ്ടും നല്ലവരായി അഭിനയിക്കേണ്ടതായി വരുന്നില്ല. ആയതിനാല്‍ പ്രാരംഭത്തിലുള്ള പെരുമാറ്റത്തില്‍ ചില വൈകല്യങ്ങളൊക്കെ ഉണ്ടാകാവുന്നതാണ്. ആത്മാര്‍ത്ഥത നിറഞ്ഞ ഇത്തരം പ്രവര്‍ത്തനങ്ങളെ നാം തെറ്റിദ്ധരിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. പുക ഉണ്ടാകുമെന്ന് കരുതി ആരും തന്നെ അഗ്നിയുടെ ഉപയോഗത്തെ വേണ്ടെന്നു വയ്ക്കുന്നില്ല. പൊതുവേ ശുദ്ധന്മാര്‍ സാധുക്കളാണ്. അവര്‍ ഒരിക്കലും പ്രശ്നക്കാരല്ല. ശുദ്ധന്‍ ദുഷ്ട ന്‍റെ ഫലം ചെയ്യുമെന്നു പറയുന്നിടത്തു ഏതോ കുടിലബുദ്ധിയുടെ പ്രേരണ ഒ ളിഞ്ഞിരിപ്പുണ്ട്. അതു കണ്ടെത്തി ഈ ശുദ്ധാത്മാക്കളെ പിന്‍തിരിപ്പിക്കുകയേ വേണ്ടൂ. അതിനാല്‍ ശുദ്ധരെ ശരിയായ വഴിയിലൂടെ നയിക്കേണ്ട ഉത്തരവാദിത്വം നല്ലവരുടേതാണ്.

        എല്ലാവരും അവരവരുടെ കര്‍മ്മഫലത്തില്‍ ലാഭവിഹിതങ്ങളെ കാംക്ഷിക്കുന്നവരാണ്. ശുദ്ധന്മാര്‍ സൗജന്യങ്ങളെ ലാഭവിഹിതങ്ങളായി തെറ്റിദ്ധരിക്കുന്നു. ചൂണ്ടയില്‍ ഇര കോര്‍ത്ത് നദിയിലിടുന്നത് മത്സ്യത്തെപ്പിടിക്കാനാണ്, അല്ലാതെ മത്സ്യത്തെ ഊട്ടാനല്ലല്ലോ. അതുപോലെ സ്വാര്‍ത്ഥന്മാര്‍ വച്ചുനീട്ടുന്ന സൗജന്യങ്ങളില്‍ എന്തെങ്കിലും ഒരു വന്‍ചതി ഒളിപ്പിച്ചിട്ടുണ്ടാകും. അതു എന്തെന്നറിയാതെ ശുദ്ധാത്മാക്കള്‍ സൗജന്യങ്ങളെ സ്വീകരിക്കാന്‍ വെമ്പല്‍കൊള്ളുന്നു. അതുകൊണ്ട് നമ്മുടെ ജീവിതത്തില്‍ എന്തിനും ഒരു നിരീക്ഷണം ഉണ്ടായിരിക്കുന്നത് നല്ലതാണ്. അതു തന്നിലേക്കു തിരിയുന്നുവെങ്കില്‍ അതില്‍പ്പരം ശ്രേഷ്ഠമായതു മറ്റൊന്നുമില്ല. ഇങ്ങനെയുള്ള ഒരുവന്‍ 'ഇനിമുതല്‍ നന്നാകുവാന്‍ ശ്രമിക്കുന്നു' വെ ന്നു പറയുന്നതില്‍ 'താന്‍ അതുവരെ നല്ലവനായിട്ടില്ല' എന്ന തിരിച്ചറിവ് ഉണ്ടായതായി നാം ഗ്രഹിക്കണം. അതു മറ്റാരും പറയാതെ തന്നെ സ്വയം തിരിച്ചറിയുന്നതു അന്തര്‍മുഖത്വം ഉണ്ടാകുന്നതിന്‍റെ ലക്ഷണമാണ്. ഇപ്രകാരമൊ രു മാറ്റത്തിന് പിന്നില്‍ ബാഹ്യപ്രേരണ ഉണ്ടെങ്കില്‍ അതാണ് ബഹിര്‍മുഖന്‍റെ അവസ്ഥ. അവന്‍ ബാഹ്യപ്രേരണനിമിത്തം നന്നാകുന്നതിന്‍റെ പിന്നില്‍ സമൂഹത്തിന്‍റെ അംഗീകാരമാണ് കൊതിക്കുന്നത്.


         ഒരുവന്‍റെ കാഴ്ചപ്പാട് എങ്ങനെയോ ലോകവും അങ്ങനെയാണ്. ലോകത്തിന്‍റെ അപൂര്‍ണ്ണതയെന്നതു കാണുന്നവന്‍റെ വീക്ഷണത്തിലുള്ള ന്യൂനത തന്നെയാണ്. ഈ രഹസ്യമറിയാവുന്ന അന്തര്‍മുഖന്‍, സ്വയം നന്നാകുന്നതിലൂടെ ലോകത്തിന്‍റെ അപൂര്‍ണതയും ഒഴിവായതായി അറിയുന്നു. എന്നാല്‍ ബഹിര്‍മുഖന്‍ സ്വന്തം മുഖത്തെ വൈരൂപ്യം ഒഴിവാക്കുന്നതിനു കണ്ണാടി തേച്ചു മിനുക്കുന്നതുപോലെ, ലോകത്തെ നന്നാക്കുന്നതിലൂടെ സ്വയം നന്നാകുമെന്ന് ധരിച്ചിരിക്കുന്നു. 'അവനവന്‍റെ കണ്ണിലെ കോലെടുത്ത് കളഞ്ഞിട്ട് മതി, അന്യന്‍റെ കണ്ണിലെ കരടു എടുക്കുവാന്‍ ശ്രമിക്കേണ്ടത്' എന്ന ചൊല്ല് ഈ സന്ദര്‍ഭത്തെ അന്വര്‍ത്ഥമാക്കുന്നു. ഇതു ബഹിര്‍മുഖനെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് ദുഷ്കരമായ സംഗതിയത്രെ! എന്നിരുന്നാലും അന്യരെ സഹായിക്കുന്നതിലൂടെ സ്വാര്‍ത്ഥതയുടെ അതിര്‍വരമ്പുകള്‍ വികസിക്കുന്നതും കാലാന്തരത്തില്‍ അതു നിസ്വാര്‍ത്ഥതയിലേക്ക് എത്തിച്ചേരുന്നതുമാകുന്നു. ആയതിനാല്‍ മഹത്തുക്കള്‍ പരസഹായത്തെ ബോധപൂര്‍വ്വം പ്രോത്സാഹിപ്പിക്കുന്നു. നല്ലവരില്‍ നന്മയുടെ പ്രഭാവമാണ് കുടികൊള്ളുന്നതെങ്കില്‍, ശുദ്ധനില്‍ കൈമുതലായിരിക്കുന്നതു ഉദ്ദേശശുദ്ധിയാണ്. ബാഹ്യപ്രേരണ ഹേതുവായി നന്മയിലൂടെ ചരിക്കുന്ന ബ ഹിര്‍മുഖന്‍ ശുദ്ധനും, നന്മയിലൂടെ സ്വ യം മുന്നേറുന്ന അന്തര്‍മുഖന്‍ നല്ലവനുമാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് ക്ഷമാശീലം വളര്‍ത്തിയെടുക്കുവാനുള്ള അവസരം സഹജമായി വന്നുചേരുന്നത്. അതിലൂടെ, അറിവിന്‍റെ ശേഖരണത്തിനുപരി പ്രായോഗികഅറിവിന്‍റെ ആര്‍ജവത്തിനു ശക്തിവര്‍ദ്ധിപ്പിക്കുവാന്‍ ഏതൊരുവനും കഴിയുന്നതാണ്.

                         'അറിവിലും ഏറി അറിഞ്ഞിടുന്നവന്‍' എന്നു നാരായണഗുരു ആത്മോപദേശ ശതകത്തില്‍ അരുളുന്നതും, സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്കു കടക്കുന്ന ഒരുവന്‍റെ അവസ്ഥതന്നെയാകുന്നു. ഇത്തരം ഒരു ഉള്‍ക്കാ ഴ്ച ഉളവായ ഒരുവന്‍റെ സൂക്ഷ്മനിരീക്ഷണം ബഹിര്‍മുഖത്തോടു കൂടിയതെങ്കില്‍ ശാസ്ത്രജ്ഞനെന്നും, അന്തര്‍മുഖത്തോടു കൂടിയതെങ്കില്‍ ആചാര്യനെന്നും വ്യവഹരിക്കുന്നതാകുന്നു.