ബുദ്ധഭഗവാനായ ഗുരുദേവന്‍
ഡോ. വെള്ളായണി അര്‍ജ്ജുനന്‍
നമ്മുടെ സമൂഹത്തില്‍ വന്നുചേര്‍ന്ന അത്ഭുതകരമായ മാറ്റങ്ങള്‍ക്കു നിദാനമായി വര്‍ത്തിച്ചത് ശ്രീനാരായണ ഗുരുവായിരുന്നു എന്നത് ചരിത്രം സമ്മതിക്കുന്ന ഒരു കാര്യമാണ്. ശിവഗിരി തീര്‍ത്ഥാടന സമ്മേളനങ്ങള്‍ നമ്മുടെ മനസ്സിനെയും ചിന്തയെയും ധര്‍മ്മത്തെയും പരിവര്‍ത്തനം ചെയ്ത്, സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വവും അസ്വസ്ഥതയും അശാന്തിയും ദൂരീകരിച്ച്, സ്നേഹത്തിന്‍റേയും ശാന്തിയുടേയും സന്ദേശം സ്വാംശീകരിച്ച്, ഒരു പുതിയ സാമൂഹ്യമനോഭാവത്തില്‍ ജീവിക്കാനുള്ള ആവേശം നല്‍കുന്ന മുഹൂര്‍ത്തങ്ങളാണ്. കിട്ടന്‍ റൈറ്ററും വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരും തീര്‍ത്ഥാടനം എന്ന ആശയം ഗുരുവിന് മുന്‍പാകെ അവതരിപ്പിച്ചപ്പോള്‍ ഗുരുദേവന്‍ അല്പനേരം ആലോചിച്ചതിന് ശേഷം സമ്മതിച്ചത് വലിയ ഒരു ലക്ഷ്യത്തോടു കൂടിയാണ്. ഒരു നൂതന ജീവിതാവബോധം നമ്മില്‍ ഉരുത്തിരിഞ്ഞു വരുവാനും, പുതിയ ചിന്തയുടെ മുകുളങ്ങള്‍ വികസിക്കുവാനും, പുതിയ ആശയങ്ങളുടെയും സങ്കല്‍പ്പത്തിന്‍റെയും സൗരഭ്യം പ്രസരിപ്പിക്കുവാനും സാധിക്കുന്ന ഒരു സന്ദര്‍ഭം ജീവിതത്തില്‍ ഉണ്ടാകേണ്ടത് അവശ്യമാണ്. അധികാരത്തിന് വേണ്ടിയുള്ള വടംവലിയാണ് നമുക്ക് ഇന്ന് പൊതുവേ കാണുവാന്‍ കഴിയുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യത്വത്തിനും സാ ഹോദര്യത്തിനും സമഭാവന യ്ക്കും സ്നേഹത്തിനും പ്രാധാന്യം നല്‍കണം എന്നുള്ള ആശയം ജനങ്ങളില്‍ വ്യാപരിപ്പിക്കുവാന്‍ വേ ണ്ടിയാണ് ഗുരു ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്.
ക്രിസ്ത്യാനികള്‍ റോമിലും എത്യോപ്യയിലും മുഹമ്മദീയര്‍ മെക്കയിലും മദീനയിലും പോയി പ്രാര്‍ത്ഥന നടത്തുന്നു. ഒരുമിച്ച് കൂടുന്നു. ആശയവിനിമയം നടത്തുന്നു. അയ്യപ്പഭക്തന്മാര്‍ ശബരിമലയില്‍ പോകുന്നു. ഈ തരത്തില്‍ ഓരോ സമുദായവും ആരാധനാവൃന്ദവും അവരവര്‍ക്കു ഇണങ്ങുന്ന സ്ഥലങ്ങളില്‍ പോകുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍ ജാതിമതവ്യത്യാസം കൂടാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമഭക്തിയോടും സമഭാവനയോടും കൂടി എത്തിച്ചേരുവാനുള്ള ഒരു തീര്‍ത്ഥാടനമാണ് ഗുരുദേവന്‍ സങ്കല്‍പ്പിക്കുകയുണ്ടായത്.
ത്രികാലജ്ഞനായ, മഹാസിദ്ധനായ, മഹാചിന്തകനായ ഋഷിവര്യനായിരുന്നു ശ്രീനാരായണഗുരു. വളരെ അധികം ആളുകള്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലും ഗുരുവിനെ ആദരിക്കുന്നവരായും ആരാധിക്കുന്നവരായും ഉണ്ട്. അവിടങ്ങളിലൊക്കെ ധാരാളം പ്രസ്ഥാനങ്ങളുമുണ്ട്. ഇംഗ്ലണ്ടില്‍ ശ്രീനാരായണമിഷന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ അവിടെ പോയപ്പോള്‍ എനിക്ക് വളരെ അത്ഭുതം തോന്നി. അവിടത്തെ സായിപ്പന്മാര്‍ വന്ന് തറയില്‍ ഇരിക്കുന്നു -പ്രസംഗം കേള്‍ക്കാന്‍. പിന്നീട് ഞങ്ങളുടെ അടുത്തു വന്ന് അവര്‍ സംസാരിച്ചു. ഞാന്‍ ചോദിച്ചു - ഇത്ര വലിയ ഭവ്യത കാണിക്കുന്നത് എന്തു കൊണ്ടാണ്? അവിടത്തെ പ്രശസ്ത യൂണിവേഴ്സിറ്റിയായ ലീന്‍സ് യൂണിവേഴ്സിറ്റിയിലെ താരതമ്യ മതപഠനവിഭാഗം അദ്ധ്യക്ഷനായ ഒരു സായിപ്പ് പറഞ്ഞു - 'ഞാന്‍ ക്രിസ്തുവിനെയും ശ്രീനാരായണഗുരുവിനെയും താരതമ്യം ചെയ്ത് ഒരു തീസിസ് എഴുതിയിട്ടുണ്ട്. അതില്‍ എനിക്ക് ഡോക്ടറേറ്റും കിട്ടിയിട്ടുണ്ട്. ക്രിസ്തുവിനേക്കാള്‍ എത്രയോ വിശാലതയേറിയ ആശയമുള്ള, വിശ്വസങ്കല്‍പ്പമുള്ള, ലോകത്തെ മുഴുവന്‍ ഒന്നായി കാണുന്ന മാനവമ ഹത്വത്തിന്‍റെ മഹാനായ ശ്രീനാരായണഗുരുവിനെ എനിക്ക് അദ്ദേഹത്തിന്‍റെ രചനകളിലൂടെ കാണുവാന്‍ സാധിച്ചു.' ആ സായിപ്പ് പറഞ്ഞത് ഇന്നും എന്‍റെ മനസ്സില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണ്. ഇതിവിടെ സൂചിപ്പിക്കുവാന്‍ ആഗ്രഹിച്ചതിനു കാരണമുണ്ട്. ഗുരുദേവന്‍ ഒരത്ഭുതമായിരുന്നു.
സാംസ്കാരിക ചരിത്രം പഠിക്കുന്ന ആളുകളൊക്കെ ഗുരുദേവനെ ഒരുതരത്തില്‍ തമസ്കരിച്ചുകളഞ്ഞില്ലെ എന്ന് എനിക്ക് സംശയമുണ്ട്. ഇത് ഗുരുവിനെ പുകഴ്ത്തുവാനും മറ്റുള്ളവരെ ഇകഴ്ത്തുവാനും വേണ്ടി പറയുന്നതാണ് എന്ന് കരുതരുത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്‍ഡ്യയുടെ സാംസ്കാരിക ചരിത്രം പഠിച്ചിരിക്കുന്നതുകൊണ്ട് മനസ്സിലാക്കിയതാണ്. ഇവിടെ ബ്രഹ്മസമാജവും, ആര്യസമാജവും, പ്രാര്‍ത്ഥനാസമാജവും അതുപോലുള്ള പല പ്രസ്ഥാനങ്ങളും ഉടലെടുത്തിട്ടുണ്ട്. പക്ഷേ ബ്രഹ്മസമാജവും, ആര്യസമാജവും ആണ് ഇന്‍ഡ്യയുടെ സാംസ്കാരിക നവോത്ഥാനത്തിന് വിത്തുപാകിയത് എന്ന് ചരിത്രകാരന്മാര്‍ എഴുതി വെച്ചിരിക്കുന്നു. അതിനോട് യോജി ക്കാന്‍ ഇന്നു കഴിയില്ലായെന്നുള്ളതാണ്.
നൂറ്റിയമ്പത് കൊല്ലത്തിന് മുമ്പുള്ള പഠനത്തെ പശ്ചാത്തലമാക്കി ചിന്തിക്കുമ്പോള്‍ അത് ശരിയായിരുന്നു. ഇന്ന് അങ്ങനെയല്ല. വളരെദൂരെ നമ്മള്‍ മുന്നോട്ട് പോയിരിക്കുകയാണ്. മറ്റ് രീതിയില്‍ പറഞ്ഞാല്‍ ഉത്തരേന്ത്യയില്‍ രാജാറാം മോഹന്‍ റായിയുടേയും കേശവ് ചന്ദ്രസെന്നിന്‍റേയും മഹര്‍ഷി ദേവേന്ദ്രനാഥടാഗോറിന്‍റേയും നേതൃത്വത്തിലുണ്ടായ ബ്രഹ്മസമാജം സമൂഹ ത്തിന്‍റെ ഉപരിതലത്തിലുള്ള സവര്‍ണ സമൂഹത്തിന്‍റെ ഒരു പ്രസ്ഥാനമായി രുന്നു.
ഇത് ഇന്‍ഡ്യയുടെ ഒരു സാം സ്കാരിക നവോത്ഥാനം എന്നു പറയാന്‍ കഴിയില്ല. ആ കാലത്ത് ഇന്‍ഡ്യയുടെ സാംസ്കാരിക നവോത്ഥാനം എന്നപേരില്‍ ഇന്‍ഡ്യയിലെ എല്ലാ വ ലിയപത്രങ്ങളും കൊട്ടിഘോഷിക്കു കയുണ്ടായെങ്കിലും ഈ നവോത്ഥാ നത്തിന്‍റെ ഒരു ചെറു തരംഗം പോലും തെക്കേ ഇന്‍ഡ്യയില്‍ ദ്രാവിഡദേശത്ത് എത്തിയിരുന്നില്ല. ഇത് വളരെ ചിന്തി ക്കേണ്ട കാര്യമാണ്. പിന്നെ എങ്ങനെ ഇത് ഇന്‍ഡ്യയുടെ സാംസ്കാരിക ന വോത്ഥാനം ആകും? കേരളത്തിലും തമിഴ്നാട്ടിലും ഉള്ള ജനങ്ങള്‍, തികച്ചും അധഃസ്ഥിതരായിരുന്നു. സവര്‍ണ്ണ സമു ദായങ്ങളുടെ അടുത്തു പോലും എ ത്താന്‍ സാധിക്കാത്തവരായിരുന്നു. പലതരത്തിലുള്ള അനാചാരങ്ങളും അ ന്ധവിശ്വാസങ്ങളും നമ്മള്‍ മാറ്റി സ്ഥി തി സമത്വത്തിന്‍റെ വിത്തു പാകുകയാ ണ് എന്ന് രാജാറാം മോഹന്‍ റായും മ റ്റും പറഞ്ഞു. പക്ഷേ അത് അവിട ത്തെ ബ്രഹ്മസമാജത്തിന്‍റെ വളര്‍ ച്ചയ്ക്കു മാത്രമായിരുന്നു. ഇതു ചരിത്രവസ്തുതയാണ്. ഇന്‍ഡ്യാചരിത്രമെഴുതിയ വലിയ മഹാന്മാരൊക്കെ പറയുന്നത് ഈ ബ്രഹ്മസമാജം എന്നുപറയുന്നതാണ് ഏറ്റവും വലിയ സാംസ്കാരിക നവോത്ഥാന പ്രസ്ഥാനം എന്നാണ്. വാസ്തവത്തില്‍ അങ്ങനെയല്ല.
നൂറ്റാണ്ടുകളായി സഹസ്രാബ്ദങ്ങളായി തിരസ്കരിക്കപ്പെട്ടു കഴിഞ്ഞിരുന്ന ഒരു വലിയ സമൂഹത്തിന്‍റെ സാമൂഹികവും സാംസ്കാരികവുമായ വ ളര്‍ച്ചയ്ക്കുവേണ്ടി മനസ്സുകൊണ്ടും ശ രീരം കൊണ്ടും ചിന്ത കൊണ്ടും സങ്കല്‍പ്പം കൊണ്ടും എല്ലാം അദ്ധ്വാനിച്ചത് ശ്രീനാരായണഗുരുവായിരുന്നു. ചരിത്രം തിരുത്തിയെഴുതപ്പെടേണ്ട ഒരു വസ്തുതയാണിത്.
ശ്രീനാരായണഗുരു എന്നൊരു മഹാപുരുഷന്‍ ഇല്ലായിരുന്നുവെങ്കില്‍ എങ്ങനെ ചരിത്രം മാറും, സ്ഥിതിഗതികള്‍ മാറും എന്ന് എനിക്ക് അറിയാന്‍ വയ്യ. അത്രയ്ക്ക് അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടായി.
ഗുരുദേവന്‍ യഥാര്‍ത്ഥത്തില്‍ ബുദ്ധഭഗവാനാണ്. ഇന്‍ഡ്യയില്‍ അത്ഭുതകരമായ സാംസ്കാരിക ചലനങ്ങള്‍ ഉണ്ടാക്കിയ ഒരു മഹാസിദ്ധനായിരുന്നു ബുദ്ധഭഗവാന്‍. ഈ രാജ്യത്ത് മൃഗങ്ങളെപോലെ പാവങ്ങളെ കരുതിയിരുന്ന ഒരു കാലഘട്ടത്തിലാണ് ബുദ്ധഭഗവാന്‍ വരുന്നത്. അദ്ദേഹം നൂറ്റാണ്ടുകളായി കട്ട പിടിച്ചു കിടന്നിരുന്ന അനാചാരങ്ങള്‍, സ്വാര്‍ത്ഥമോഹങ്ങള്‍ എന്നിവയുടെ മഹാസൗധങ്ങള്‍ തട്ടി നിരപ്പാക്കി. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ ഇ വിടെ വിദ്യാഭ്യാസം എന്നു പറയുന്നത്
ബ്രാഹ്മണനും ക്ഷത്രിയനും മാത്രം അവകാശപ്പെട്ടതായിരുന്നു. മറ്റു ആളുകള്‍ക്കു വേദപഠനം അനുവദിക്കപ്പെട്ടിരുന്നില്ല. വേദം പഠിച്ചാല്‍ ഹൃദയം പൊട്ടിപ്പോകും എന്നാണ് സവര്‍ണ്ണര്‍ പഠിപ്പിച്ചിരുന്നത്. ബുദ്ധന്‍റെ സിദ്ധാന്തങ്ങള്‍ ഇതിനെയൊക്കെ തകര്‍ത്തെറിഞ്ഞു. പില്‍ക്കാലത്ത് നളന്ദയിലും തക്ഷശിലയിലുമൊക്കെ ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റികളുണ്ടായി, പ്രസിദ്ധമായ ഗയാ യൂണിവേഴ്സിറ്റി ഉണ്ടായി, അവിടെ ബ്രാഹ്മണനാണോ, വൈശ്യനാണോ ക്ഷത്രിയനാണോ ശൂദ്രനാണോ എന്ന് ചോദിച്ചിട്ടല്ല കുട്ടികളെ പഠിപ്പിക്കുന്നത്. ഇത് ശ്രദ്ധിക്കേണ്ട ഒരു വലിയ കാര്യമാണ്. ബുദ്ധിയും കഴിവുമുള്ള ആരേയും പ്രവേശിപ്പിക്കാം എന്ന് അവിടത്തെ ബൗദ്ധസംഘം തീരുമാനിച്ചു. ഇങ്ങനെ ഇവിടുത്തെ ബൗദ്ധിക വര്‍ഗ്ഗത്തിന്‍റെ ഉപരിതലത്തില്‍ നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ശാസ്ത്രസാഹിത്യം മുഴുവന്‍ പഠിക്കാനുള്ള സുവര്‍ണ്ണാവസരം സമൂഹത്തിന്‍റെ താഴേ തട്ടിലുള്ള ആളുകള്‍ക്കു കിട്ടി.
ജീവകന്‍ എന്നു പേരുള്ള ഒരു അധഃസ്ഥിതന്‍ മഹാപണ്ഡിതനായിരുന്നു. അദ്ദേഹം തക്ഷശില യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി പ്രവേശിച്ചു പഠിച്ചു. ഉന്നതബിരുദങ്ങള്‍ നേടി. 104 ഗ്രന്ഥങ്ങള്‍ രചിച്ചു. അദ്ദേഹം ആ യൂര്‍വേദത്തിലെ ഏറ്റവും വലിയ ആചാര്യനായിത്തീര്‍ന്നു. അദ്ദേഹത്തിന്‍റെ സം സ്കൃത ഗ്രന്ഥങ്ങള്‍ ചൈനീസ് , ടിബറ്റന്‍, ബര്‍മ്മീസ് ഭാഷകളിലും കിഴക്കന്‍ രാജ്യങ്ങളിലെ പല ഭാഷകളിലും തര്‍ ജ്ജിമ ചെയ്തു പ്രകാശിതമായിട്ടുണ്ട്. ബൗദ്ധസംഘങ്ങളുടെ ശക്തി വര്‍ദ്ധിച്ച് നളന്ദയും തക്ഷശിലയും അതുപോലുള്ള ബുദ്ധയൂണിവേഴ്സിറ്റിയുമൊ ക്കെ വളര്‍ന്നു സമൂഹത്തിലെ അധഃസ്ഥിതസമുദായങ്ങളെ മുഴുവന്‍ വിദ്യാഭ്യാസത്തിന്‍റെ മഹാതരംഗത്തിലേക്കുകൊണ്ടുവന്ന് ജനജീവിതവുമായി സമന്വയിപ്പിച്ചു. ഈ നിലയില്‍ പോയാല്‍ അപകടമാണ് എന്ന് മനസ്സിലാക്കിയ വൈദികക്കാരില്‍ ചിലര്‍ ബുദ്ധസംഘത്തിന് എതിരായി തിരികൊളുത്തി. അ ങ്ങനെ ഹീനയാനവും മഹായാനവും ഉണ്ടായി. അവര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായി. ക്രമേണ ബൗദ്ധശക്തി ക്ഷയിച്ചു. ഈ അവസരം നോക്കി പഴയ വൈദിക സംസ്കാരത്തിന്‍റെ പ്രണയിതാക്കള്‍ ബുദ്ധഭിക്ഷുക്കളെ എ വിടെവെച്ച് കണ്ടാലും ശിരഛേദം ചെ യ്യുക എന്ന നയം സ്വീകരിച്ചു. അങ്ങനെ ബുദ്ധഭിക്ഷുക്കള്‍ പലായനം ചെ യ്തു . അഹിംസയുടേയും സ്നേഹത്തിന്‍റേയും മാനവമഹത്വത്തിന്‍റേയും പ്രവാചകനായ ബുദ്ധഭഗവാന്‍റെ ശിഷ്യന്മാരായ ബുദ്ധഭിക്ഷുക്കള്‍ക്ക് നിലനില്‍ ക്കാന്‍ സാധ്യമല്ലാതെ ഇവിടെ നിന്ന് ഓടേണ്ട ഒരു സ്ഥിതിയുണ്ടായി. അവര്‍ കിഴക്കോട്ട് പലായനം ചെയ്ത് ബര്‍മ്മയിലും ചൈനയിലും ജപ്പാനിലും ടിബറ്റിലും അഭയം തേടി. കുറച്ചാളുകള്‍ മാ ത്രം ഇവിടെ അവശേഷിച്ചു. 15 കൊല്ലം മുമ്പുള്ള സെന്‍സസ് ബുക്കില്‍ ഇവിടത്തെ ബുദ്ധിസ്റ്റുകള്‍ 25000 പേരായിരുന്നു. എന്താണ് ഇതിന്‍റെ അര്‍ത്ഥം? അധഃസ്ഥിത സമുദായത്തിലെ ആളുകള്‍ ഉന്നതവിദ്യാഭ്യാസം നേടുകയും ബൗദ്ധികരംഗത്ത് വളര്‍ന്നുവരുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒരു ഘട്ടം വന്നപ്പോള്‍ മുഴുവന്‍ തകര്‍ക്കു ക എന്ന ഒരു നയം അന്നുണ്ടായി. അങ്ങനെ ഒരു മുന്നൂറ്റിയമ്പത് വര്‍ഷത്തോളം നീണ്ടുനിന്ന ഏറ്റവും വലിയ ശക്തിയായ ബുദ്ധസംഘത്തിന്‍റെ ചി ന്താവിപ്ലവം ശൂന്യമായി. ഇത് ചരിത്രം പഠിച്ചവര്‍ക്കൊക്കെ അറിയുന്ന ഒരു കാര്യമാണ്. ചന്ദ്രഗുപ്തമൗര്യന്‍ എന്ന് പറയുന്നത് ഒരു അബ്രാഹ്മണനാണ്. അയാള്‍ ഒരു സാമ്രാജ്യം തന്നെയു ണ്ടാക്കി. രാജകൊട്ടാരത്തിലെ വേലക്കാരിയും ശൂദ്രസ്ത്രീയുമായിരുന്ന മുരയില്‍ ഉണ്ടായ ഈ കുമാരന്‍ വളര്‍ന്ന് സ്വന്തം ശക്തികൊണ്ട് ഒരു ബുദ്ധസാമ്രാജ്യം കെട്ടിപ്പടുത്തപ്പോള്‍ അയാളുടെ ബുദ്ധിരാക്ഷസനായി പ്രവര്‍ത്തിച്ചിരുന്നത് ഒരു ബ്രാഹ്മണനായിരുന്നു- ചാണക്യന്‍. ചാണക്യന്‍ എന്ന ബ്രാഹ്മണന്‍ പറയുന്നതുപോലെ കാണാനുള്ള ദൗര്‍ ബല്യം ചന്ദ്രഗുപ്തനുണ്ടായി. ഇതു ചരിത്രമാണ്. വളരെ ശക്തിയുള്ള കര്‍മ്മശേഷിയുള്ള ഭരണനിപുണതയുള്ള ചന്ദ്രഗുപ്തന്‍ എന്ന ശൂദ്ര രാജാവ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോഴും അയാളെ നിയന്ത്രിച്ചിരുന്നത് ബ്രാഹ്മണന്‍റെ ബു ദ്ധിയായിരുന്നു. ഇത് ഇന്‍ഡ്യയുടെ ഒരു സവിശേഷതയാണ്. ഇങ്ങനെയുള്ളൊരു ബ്രാഹ്മണസംസ്കാരം സഹസ്രാബ്ദങ്ങളായി ഇന്‍ഡ്യയില്‍ നിലനില്‍ ക്കുകയും അതു നിമിത്തം അധഃകൃത സമുദായങ്ങള്‍ നിലംപരിശായിത്തീരുകയും ചെയ്തു. ഇതിന് ഒരു മാറ്റം വരണമെന്ന് ആദ്യമായി തെക്കേയിന്‍ഡ്യയില്‍ ചിന്തിച്ചയാളാണ് ശ്രീനാരായണഗുരു.
ഗുരു എല്ലായാളുകളേയും തുല്യമായി കാണുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. ആ സ്നേഹവും സമഭാവനയും സമൂഹത്തിന്‍റെ സര്‍വ്വതലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതായിരുന്നു ഗുരുവിന്‍റെ ലക്ഷ്യം. അത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട് ബുദ്ധഭഗവാനെപ്പോലെ വിദ്യാലയങ്ങള്‍ ഉണ്ടാക്കി. ഗുരു എവിടെയെല്ലാം ആശ്രമങ്ങള്‍ ഉണ്ടാക്കിയോ അവിടെയെല്ലാം ചെറിയ ചെറിയ വിദ്യാലയങ്ങള്‍ ഉണ്ടാക്കി. അത് ഒരു വലിയ മാറ്റത്തിന്‍റെ കാറ്റടിക്കലായിരുന്നു. രണ്ടാമത് ക്ഷേത്രങ്ങള്‍ ഉണ്ടാക്കി. എന്തിനാണ്? എത്രയോ സഹസ്രാബ്ദങ്ങളായി ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നവരുടെ പിന്‍തലമുറയ്ക്ക് വേണ്ടി, ഈശ്വരഭജന നടത്താന്‍ സ്വാ തന്ത്ര്യമില്ലാത്തവര്‍ക്കുവേണ്ടി. വളരെ നിശബ്ദമായ വിപ്ലവത്തിലൂടെ, യാ തൊരു ശക്തിയും ചെലുത്താതെ, യാ തൊരു പ്രേരണയും കൂടാതെ, വളരെ സാത്വികമായ ഭാവത്തിലൂടെ, ശാന്തസുന്ദരമായ ജീവിതചര്യയിലൂടെ മനുഷ്യമനസ്സുകളെ മാറ്റിയെടുക്കുവാന്‍ ഗുരുദേവന്‍ ശ്രമിച്ചു. അതിന് വളരെ അ ധികം ഫലമുണ്ടായി. തല തിരിഞ്ഞു കിടന്ന കേരളസമൂഹത്തെ നേരേയാക്കുവാന്‍ ഗുരുദേവന് സാധിച്ചു. ഇതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ഉത്ത രേന്ത്യയില്‍ സാക്ഷാല്‍ ബുദ്ധഭഗവാന്‍ വിദ്യാഭ്യാസരംഗത്തും ഭക്ഷ്യരംഗത്തും വലിയ വിപ്ലവം സൃഷ്ടിച്ചതുപോലെ സാമൂഹ്യ സമത്വത്തിനും മനുഷ്യസ്നേഹത്തിനും വേണ്ടി വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും ചിന്താസ്വാതന്ത്ര്യത്തിനും ആരാധനാസ്വാതന്ത്ര്യത്തിനും വേണ്ടി ഗുരുദേവന്‍ അനുഷ്ഠിച്ച സേവനങ്ങള്‍ അത്ഭുതകരമാണ്. ശങ്കരാചാര്യരില്‍ നിന്നും ഒരു പടി മുന്നോട്ട് നീങ്ങുകയും ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് പ്രയോജനകരമായിത്തീരുകയും ചെ യ്യുന്ന വേദാന്തമാണ് ഗുരു പ്രാവര്‍ത്തികമാക്കിയത്. അസ്വതന്ത്രരും അശാന്തരും ദുഃഖിതരും ആയ ഒരു സമൂഹത്തിന്‍റെ മോചനത്തിന് വേണ്ടിയായിരുന്നു ഗുരു അദ്ധ്വാനിച്ചത്. അതൊരു നിശബ്ദമായ സേവനമായിരുന്നു. അതിലേക്കു വേണ്ടി രണ്ടുമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു. ഒന്ന് വേദാന്തത്തിലുണ്ടാ ക്കിയ സാമൂഹ്യ പരിഷ്കാരങ്ങള്‍. രണ്ടാമത്തേത് വേദങ്ങളും ഉപനിഷത്തും പുരാണങ്ങളും എല്ലാം കൂടി ചേരുന്ന അതിന്‍റെ സത്ത മുഴുവന്‍ സാംശീകരിച്ചുകൊണ്ടുള്ള കൃതികള്‍. ആളുകള്‍ ബുദ്ധിപരമായി വളരണം. ചിന്താപരമായി വളരണം. ഈശ്വരചിന്തയുണ്ടാകണം. അതിലേക്കുവേണ്ടി കൃതികള്‍ അവതരിപ്പിച്ചു. ഇങ്ങനെ രണ്ടിന്‍റേയും മനോഹരമായ സമന്വയത്തില്‍ ഒരു പുതിയ കേരളം ഉണ്ടാക്കുവാന്‍ ശ്രമിച്ചു. അതുകൊണ്ട് ആധുനിക കേരളത്തിന്‍റെ മഹാനായ ശില്പി ആരെന്നു ചോദിച്ചാല്‍ ശ്രീനാരായണഗുരു എന്ന് സംശയരഹിതമായി നമുക്ക് പറയുവാന്‍ സാധിക്കും. ഈ രാജ്യത്ത് നന്മയുടെ സൗരഭ്യം പകരുവാന്‍ ഗുരുദേവന്‍ ശ്രമിച്ചു. അത് ഫലവത്തായിത്തീര്‍ന്നു.
വാസ്തവത്തില്‍ എത്രതന്നെ പറഞ്ഞാലും തീരാത്ത അത്ര അത്ഭുതകരമായ ആശയങ്ങളുടേയും ചിന്തകളുടേയും സങ്കല്‍പ്പങ്ങളുടേയും ഒരു മഹാസ്രോതസ്സാണ് മഹാനായ ഗുരുദേവന്‍. ഹിമാലയത്തിന്‍റെ ഗിരിശിഖരങ്ങളില്‍ നിന്നും പൊട്ടി ഒഴുകി ഒരിക്കലും നില്‍ക്കാതെ പ്രവഹിക്കുന്ന മന്ദാകിനിയാണ് ഗുരുദേവന്‍റെ ചിന്തകള്‍. ആ ചിന്തയുടെ സ്രോതസ്സില്‍ മുഴുകി സാ യൂജ്യം നേടി ജീവിതസൗഭാഗ്യം സമ്പാദിച്ച് ഇവിടെ വലുതും ചെറുതും എ ന്നുള്ള ചിന്ത ഉപേക്ഷിച്ച് നമുക്ക് ഒരുമിക്കുവാന്‍ സാധിക്കുന്ന മഹാദര്‍ശനമാണ് ഗുരുദേവന്‍ ലോകത്തിനു നല്‍ കിയത്.
മൃതസഞ്ജീവനിയെപോലെ ആ ത്മചൈതന്യം നല്‍കുവാന്‍ സാധിച്ച ഗുരുവിന്‍റെ അത്ഭുതകരമായ സംഭാവനകളെപ്പറ്റി വീണ്ടും വീണ്ടും ഓര്‍ക്കുവാന്‍ കഴിയണം. അതിലൂടെ ശരീരം ശുദ്ധീകരിക്കുവാനും ,മനസ്സ് ശുദ്ധീകരിക്കുവാനും നമ്മുടെ ചിന്തയെ നവീകരിക്കുവാനും സാമൂഹ്യഅവബോധം കൂടുതല്‍ സമഗ്രമാക്കുവാനും നമുക്കുകഴിയണം. ഈ രാജ്യത്ത് ഒരിക്കലും അണയാത്ത മഹാജ്യോതിസ്സായി നിലകൊള്ളുന്ന ഗുരുദേവന്‍റെ പ്രകാശം ഈ തലമുറയേയും വരുംതലമുറകളേയും തേജോമയമാക്കിത്തീര്‍ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
(പരിഷത്തിനോടനുബന്ധിച്ച് നടന്ന ശിവഗിരി തീര്‍ത്ഥാടനം- പ്ലാറ്റിനം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം)