വിശ്വാസത്തിന്‍റെ വിശുദ്ധി

സി. രാധാകൃഷ്ണന്‍


                         ദൈവത്തിന്‍റെ പേരില്‍ നമുക്കുചുറ്റും നടക്കുന്ന നെറികേടുകള്‍ മൊത്തമായി ഒന്നു നോക്കിക്കാണുന്ന ആരും തലയില്‍ കൈവച്ച് 'എന്‍റെ ദൈവമേ' എന്ന് നിലവിളിച്ചുപോകും.
                      ചിലര്‍ മകളെക്കൊണ്ട് പട്ടിക്കു താലി കെട്ടിച്ച് ദൈവപ്രീതിക്ക് ശ്രമിക്കുന്നു. നിഷ്കളങ്കരും നിസ്സഹായരുമായ കുട്ടികളെ വളഞ്ഞുപിടിച്ച് കഴുത്തറുത്ത് ബലി നല്‍കിയാണ് മറ്റു ചിലര്‍ ദൈവകോപത്തിന് പരിഹാരം തേടുന്നത്. മുതിര്‍ന്നവരടക്കം പത്തുനാല്‍പ്പതുപേരെ കൊന്ന് കണ്ണുകളും  ജനനേന്ദ്രിയങ്ങളും വൃക്കകളും മുറിച്ചുമാറ്റി ലാഭകരമായ അവയവകച്ചവടവും ദൈവപ്രീതിയും ഒപ്പം സാധിപ്പിച്ചുകൊടുക്കുന്ന ഒരു അപൂര്‍വ്വസിദ്ധന്‍റെ കഥ ഈയിടെ തമിഴകത്തുനിന്ന് വന്നിരിക്കുന്നു. ദൈവം തന്നെ കനിഞ്ഞതിനാല്‍, കിട്ടിയ മരുന്നുകഴിക്കുന്നത് ദൈവകോപമുണ്ടാക്കുമെന്ന് ശഠിച്ച് ചെറിയ രോഗങ്ങള്‍ മരണത്തിലെത്തും വരെ അലംഭാവം കാണിക്കുന്നവരില്ലെ നമുക്കിടയില്‍? മതവിശ്വാസത്തില്‍ വന്നുപെട്ടിരിക്കുന്നു എന്ന് തനിക്ക് തോന്നുന്ന കോട്ടങ്ങള്‍ പുറത്തുപറയുന്നവരെ കൊന്ന് കുഴിച്ചുമൂടുന്നത് വിരളമാണോ? ദൈവത്തെ പ്രീതിപ്പെടുത്താന്‍ മുള്ളാണിപ്പലകയില്‍ ചമ്രം പടിഞ്ഞിരുന്നും ഒറ്റക്കാലില്‍ നിലയുറപ്പിച്ചും കഴുത്തിന് വെള്ളത്തില്‍ ഇറങ്ങി നിന്ന് ന്യൂമോണിയ പി ടിപ്പിച്ചും ജീവിതം പാഴാക്കുന്നവരുടെ സംഖ്യ ഇപ്പോഴും കുറവല്ല. ലോകാവസാനമായി എന്ന് ദൈവം പറഞ്ഞതാ യി വിശ്വസിച്ച് കൂട്ടത്തോടെ ആത്മഹ ത്യ ചെയ്യുന്നവരുടെ സംഘങ്ങളെപ്പറ്റി ആണ്ടിലൊരിക്കലെങ്കിലും റിപ്പോര്‍ട്ടുകള്‍ കാണാറില്ലേ?


                  സയന്‍സ് പുരോഗമിക്കുന്നതോടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുറയുമെന്ന കണക്ക് തെറ്റുകയാണോ എന്ന സംശയംപോലും അസ്ഥാനത്തല്ലാതായിരിക്കുന്നു. ഭൂമി സ്വര്‍ഗ്ഗമാക്കാന്‍ സ്വീകാര്യങ്ങളായ ജീവിതവീക്ഷണവും ചര്യകളും പ്രവാചകരെല്ലാരും സംശയലേശമില്ലാതെ പറഞ്ഞിരിക്കെ ഇതേ മതങ്ങളുടെ പേരില്‍ ഇത്തരം പൊല്ലാപ്പുകള്‍ എങ്ങനെ നിലനില്‍ ക്കുന്നു? വിശ്വാസത്തിന്‍റെ വിശുദ്ധി ഇ നി എപ്പോഴാണ് മനുഷ്യര്‍ക്ക് കൈവരിക? കൈക്കൂലികൊടുത്തും സ്തുതി പാടിയും പ്രീണിപ്പിക്കാവുന്ന ഒരാളാണ് ദൈവം എന്ന മണ്ടത്തരം എന്നാണ് മനുഷ്യരാശി കൈവെടിയുക? പതിനായിരവും ലക്ഷവും ചെലവുള്ളതെങ്കിലും സഹജീവികള്‍ക്കോ ലോകത്തിനോ ഒരു ഗുണവും ചെയ്യാത്ത നേര്‍ച്ചകളും വഴിപാടുകളും ആണ്ടുകള്‍ക്കപ്പുറത്തേക്കെങ്കിലും ബുക്ക് ചെയ്യാന്‍ ക്യൂ നില്‍ക്കുന്ന ആളുകളെ കാണുമ്പോള്‍ കഷ്ടമെന്നല്ലാതെ എന്തുപറയാന്‍?


                           വയലാര്‍ രവി എന്ന ഹിന്ദുവിന് അന്യമതവിശ്വാസിയായി വളര്‍ന്ന ഭാര്യയില്‍ ജനിച്ച മകന്‍ കടന്നുചെന്നപ്പോള്‍ 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന് ബോര്‍ഡ് വെച്ച ആരാധനാലയം അശുദ്ധമായി എന്ന തീരുമാനവും അതിന് നടത്തിയ പ്രായശ്ചിത്തത്തിന്‍റെ ന്യായാന്യായങ്ങളും ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ.  വിഭാഗീയ സംഘടനകള്‍ ഈ ചര്‍ച്ച താന്താങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നു. ഇക്കാര്യത്തെപ്പറ്റി വിശ്വാസികള്‍ നിവര്‍ന്നുനിന്ന് ചോദിക്കേണ്ട അടിസ്ഥാന ചോദ്യങ്ങള്‍ ഉയര്‍ന്ന് കാണുന്നുമില്ല.


                                പ്രധാനചോദ്യം ഒരു വിവാഹം അമ്പലത്തിലോ പള്ളിയിലോ വെച്ചുതന്നെ വേണമോ എന്നതാണ്. സര്‍വ്വശക്തനായ ദൈവത്തെ സാക്ഷിനിര്‍ത്തിയാണ് വിവാഹം നടത്തുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എവിടെവെച്ചും അത് നടത്തരുതോ? നല്ലതുവരട്ടെ എന്ന് വിനയപൂര്‍വ്വം ഒരു പ്രാര്‍ത്ഥനയല്ലേ ആവശ്യമുള്ളൂ. അഥവാ, ആരാധനാലയമെന്നറിയപ്പെടുന്ന ഒരിടത്തുവെച്ചുതന്നെ വേണം വിവാഹമെന്നാണെങ്കില്‍ അതിന് തെരഞ്ഞെടുക്കുന്നത് ജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമുള്ള ഒരിടം തന്നെ ആകണോ? അതും, ആ നിയന്ത്രണം സാമാന്യബുദ്ധിക്ക് നിരക്കാത്ത നിയന്ത്രണമാണെന്ന അറിവുള്ളപ്പോള്‍? ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് നിശ്ചയിക്കുവാനുള്ള അവകാശം ഒന്നുകില്‍ അയാള്‍ ക്ക് അല്ലെങ്കില്‍ ദൈവത്തിന് എന്നല്ലാതെ മൂന്നാമതൊരാള്‍ക്ക് കൈവരുന്നത് ശരിയല്ലെന്ന് ആര്‍ക്കാണറിയാത്തത്?  ഇനി, ഇങ്ങനെ ഒരാള്‍ അകത്തുകടന്നു എന്നതിന്‍റെ പേരില്‍ ആരാധനാലയം അശുദ്ധമായി എന്ന് ആര് പറഞ്ഞാലും മറ്റുള്ളവര്‍ അത് അനുവദിച്ച് അംഗീകരിക്കുന്നതെന്തിന്? അ തിന് പിഴയൊടുക്കുന്നതെന്തിന്? പിഴയൊടുക്കിക്കഴിഞ്ഞ് പുറത്തുകടന്ന് നിലവിളിക്കുന്നതെന്തിന്? പിഴ ഒടുക്കിയില്ലെങ്കില്‍ തൂക്കിലിടാനൊന്നും വിധിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ? 


                                                     മനുഷ്യനായ ആര്‍ക്കും ദേഹശുദ്ധി യും വിശ്വാസവുമുണ്ടെങ്കില്‍ യഥേഷ്ടം കയറി പ്രാര്‍ത്ഥിക്കാന്‍ കഴിയുമ്പോഴല്ലെ ഒരു ദേവാലയം യഥാര്‍ത്ഥത്തില്‍ ദേവാലയമാകുന്നുള്ളൂ? സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇവിടെ എന്താണ് എങ്ങനെയാണ് പ്രസക്തി? ജന്മം കൊണ്ട് ആ രും ബ്രാഹ്മണനാകുന്നില്ല എന്ന് തീര്‍ത്തുപറയുന്നവയാണ് ഉപനിഷത്തുകളും ഗീതയും. അങ്ങനെയിരിക്കെ ജന്മം കൊണ്ട് ബ്രാഹ്മണരെന്ന് കരുതുന്നവരുടെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് എല്ലാ കാര്യങ്ങളും നടക്കുന്നിടത്ത് എന്ത് സംഭവിച്ചാല്‍ ആര്‍ക്കെന്തു ചേതം? ഈ ആരാധനാലയം ആരുടെ? ഇത് ജന്മസിദ്ധമായ ബ്രാഹ്മണ്യത്തിന്‍റേയോ അതോ ദൈവവിശ്വാസികളുടേയോ? ഗാന്ധിജി പോലും ഈ ചോദ്യത്തിന്‍റെ ഉത്തരം തെളിച്ചുപറയുകയോ സൂചിപ്പിക്കുകപോലുമോ ചെയ്തില്ല എന്നതൊരു വിധിവിപര്യയം തന്നെയാണ്. ക്ഷേത്ര പ്രവേശനസത്യാഗ്രഹത്തിലൂടെ അദ്ദേഹം അധഃകൃതരെ നയിച്ചത് ഈ ബ്രാഹ്മണ്യാഭാസ അധീശത്വകുത്തകകളുടെ വായിലേക്കായിരു ന്നു എന്ന് നിരൂപിച്ചാല്‍ തെറ്റാകുമോ?


                              ശ്രീനാരായണഗുരു ഇക്കാര്യം നന്നായി അറിഞ്ഞതിനു തെളിവല്ലെ അ ദ്ദേഹം സ്വന്തം ശിവനെ പ്രതിഷ്ഠിച്ചതിന് പിന്നില്‍ നിലനില്‍ക്കുന്നത്? പ്രതിഷ്ഠ നടത്താന്‍ അദ്ദേഹത്തിനുള്ള അവകാശത്തെ ചോദ്യം ചെയ്തവരോട് 'ഇത് നമ്മുടെ ശിവനാണ്, നിങ്ങളുടെയല്ല' എന്ന അദ്ദേഹത്തിന്‍റെ ചിരി ദിഗന്തങ്ങളില്‍ മുഴങ്ങുന്നില്ലേ? 'മണ്ടന്മാരെ, സര്‍വശക്തനായ ദൈവം ഈ കല്‍ത്തുണ്ടിലല്ല' എന്നല്ലെ ആ ചിരിയുടെ പകല്‍വെളിച്ചംപോലുള്ള അര്‍ത്ഥം?


                                     ഈ വിവാദം ഏതായാലും നന്നായി. എന്തുകൊണ്ടെന്നാല്‍ ഭൂമിയിലെ എല്ലാ ആരാധനാലയങ്ങളും എല്ലാ ദൈവവിശ്വാസികള്‍ക്കുമായി തുറന്നിടുന്ന നല്ലകാലം വന്നാലേ ലോകസ്ഥിതി ശരിയാകൂ എന്ന തിരിച്ചറിവിലേക്കിത് വിരല്‍ചൂണ്ടുന്നു.  അഴുക്കും പുകയും നിറഞ്ഞ മതില്‍ക്കെട്ടിനകത്തിരുന്ന് തുറസ്സായ പുറംലോകത്തിലെ കോടിക്കണക്കിനു വിശക്കുന്നവര്‍ക്ക് കിട്ടാത്ത മധുരപലഹാരങ്ങള്‍ മൂക്കറ്റം തിന്നുന്നവനെന്നു സങ്കല്‍പ്പിക്കപ്പെടുന്ന ദൈവം സാക്ഷാല്‍ ചെകുത്താനല്ലാതെ ദൈവമാകുന്നതെങ്ങനെ?