ഗൗതമന്‍റെ സ്വപ്നസാക്ഷാത്കാരം

സ്വാമി ത്രിരത്നതീര്‍ത്ഥര്‍


         എല്ലാവര്‍ക്കും വലിയവരാകാന്‍ ആഗ്രഹമില്ലേ? വലിയവരാകാന്‍ കഴിഞ്ഞില്ല എന്നുകരുതി ആരെങ്കിലും ആഗ്രഹം ഉപേക്ഷിക്കുമോ? അഥവാ അങ്ങനെ വിചാരിക്കുന്നതില്‍ എന്തെങ്കിലും അപാകത ഉണ്ടെന്നുവരുമോ?  ഇച്ഛാശക്തിയും കര്‍മ്മശേഷിയും ഒത്തുചേരുമ്പോഴാണ് ഒരുവന് യഥാസ്ഥാനത്തേക്ക് ഉയരുവാന്‍ കഴിയുക. ഇതിന് കഴിയാതെ വരുമ്പോള്‍ അവന് സാന്ത്വനമായി ചിന്താലോകം ചിറക് വിരിക്കുന്നു. പ്രകൃതിയുടെ വരദാനമാണിത്. ഭൂരിപക്ഷം ജനത്തിന്‍റെ സ്ഥിതിയും ഇതു തന്നെ. അങ്ങനെ അനേകരില്‍ ഒരുവനായി ഗൗതമനും സങ്കല്‍പ്പത്തില്‍ ഒരു ജൈത്രയാത്ര ആരംഭിച്ചു. അതിന് കാരണമുണ്ട്. ഒരിക്കല്‍ വീട് വിട്ടിറങ്ങിയത് സത്യത്തെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ; ഇതുവരെ എടുത്തുപറയത്തക്ക നേട്ടമൊന്നും ഉണ്ടായില്ല. സത്യത്തെക്കുറിച്ചുള്ള പഠനത്തില്‍ കുറേ സാങ്കേതികപദങ്ങള്‍,  ഉദാഹരണങ്ങള്‍, ഉപമകള്‍, ശൈലികള്‍ ഇതുകളൊക്കെ ഉപയോഗിക്കാനേ പഠിച്ചിട്ടുള്ളൂ. എല്ലാവരിലും കാണുന്നതുപോലെ കാലം കൊണ്ടുള്ള മാറ്റവും ഗൗതമനില്‍ ഉണ്ടായിട്ടുണ്ട്. പഠനം കഴിഞ്ഞ് സന്ന്യസിച്ചു. ഒന്നിനൊന്ന് ഉത്തരവാദിത്വങ്ങള്‍ വന്നുചേരുന്നതല്ലാതെ ഇതുകളില്‍ നിന്നും സ്വതന്ത്രനാകുവാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഒന്നുരണ്ടു പതിറ്റാണ്ടു കഴിഞ്ഞു. സത്യസാക്ഷാത്കാരം എന്നത് വിദൂരതയില്‍ത്തന്നെ. മറ്റു നിര്‍വാഹങ്ങളൊന്നുമില്ലാത്തതുകൊണ്ട് സ്വപ്നസാക്ഷാത്കാരം ആകാമെന്നു കരുതി. അങ്ങനെയാണ് ഭാവനാലോകത്ത് ചിറക് വിരിച്ച് ഗൗതമന്‍ ആകാശവീഥിയില്‍ ഒരു പൊന്‍നക്ഷത്രമാകാന്‍ ആഗ്രഹിച്ചത്.


                      ആദ്യം ദൈവമാകാന്‍ കൊതിച്ചു. ദൈവത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊണ്ട് ചിന്തിക്കുവാന്‍ നന്നേ പ്രയാസം. അനുസരണയില്ലാത്ത മനസ്സ്. ബുദ്ധിക്കാണെങ്കില്‍ വഴക്കം പോര. പിന്നെ കര്‍തൃത്വാഭിമാനമില്ലെങ്കില്‍ എന്ത് ആഗ്രഹിക്കുവാന്‍? വേദാന്തം പഠിച്ചതുകൊണ്ട് ആത്യന്തികമായി അവിടം ഒരു മഹാശൂന്യമായാണ് ഉള്‍ക്കൊള്ളേണ്ടി വരുന്നത്. വട്ടപൂജ്യമാകാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഗൗതമന്‍ പിറന്നകാലത്ത് ഒരു ജ്യോതിഷി അമ്മയോട് പറഞ്ഞു. 'നക്ഷത്രം സ്വാതി' യെന്ന്. അങ്ങനെയാണ് നക്ഷത്രമായിത്തീരാന്‍ ഗൗതമന്‍ കൊതിച്ചത്. അതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അപ്പോഴപ്പോള്‍ കുറിച്ചിട്ടിരുന്നു. തെറ്റോ, ശരിയോ എന്നുള്ളതിന്‍റെ വിധികര്‍ത്താവ് വായനക്കാരായിരിക്കണം. ചിന്തവാദിയും ഗൗതമന്‍ പ്രതിയുമാണ്. അതിനാല്‍ ഗൗതമനെ പ്രതിയാക്കി ചിന്ത വാദിക്കുന്നത് സദയം കേട്ട് വിധി കല്‍പ്പിക്കുക. വിഷ യം ഇതാണ്.


                   ഗൗതമന്‍ ഇന്ന് ഒരനശ്വര സ്വപ്നത്തിന്‍റെ സാക്ഷാത്കാരത്തിലാണ്. വിവേകപൂര്‍വ്വമായ തീരുമാനമായിരുന്നു ഈ വഴി തിരഞ്ഞെടുക്കുവാന്‍ ശ്രീമാന്‍ ഗൗതമനെ പ്രേരിപ്പിച്ചത്. ഈ മാര്‍ഗ്ഗം മനസ്സിന് അനിഷ്ടവും, ബുദ്ധിക്ക് സ്വീകാര്യവുമായിരുന്നു. ഇപ്രകാരം ഒരു ഗതിമാറ്റത്തിന് രക്ഷിതാക്കളുടെ പങ്ക് നിര്‍ണ്ണായകം ആയിരുന്നു. അത് പൂര്‍വ്വപുണ്യഫലമെന്നല്ലാതെ മറ്റൊന്നും പറയുവാന്‍ കഴിയില്ല. ലോകര്‍ക്കിവിടെ എല്ലാ വിധത്തിലും സുഖമായിരുന്നോ? ആയിരിക്കാം. എന്നാല്‍ എന്തുകൊ ണ്ടോ നമ്മുടെ ശ്രീമാന് ഈ ലോകം തൃപ്തികരമായിരുന്നില്ല. ഗൗതമന്‍ ചോദിക്കുന്നു? നമ്മള്‍ ഇവിടെ എത്രകാലം ജീവിച്ചിരിക്കുമെന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? എന്‍റെ ജീവന്‍ ഏതു നിമിഷവും ശരീരത്തില്‍ നിന്നും വേര്‍പിരിയാമെന്ന സാദ്ധ്യതയെപ്പോലെ, ഏവര്‍ക്കും അങ്ങനെ സംഭവിക്കില്ല എന്ന തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിയുമോ? ശ്രീമാന്‍ തുടര്‍ന്ന് പറയുന്നു: നാരായണഗുരു ഇങ്ങനെ പറഞ്ഞിട്ടുണ്ട്. 'കണ്ണുകൊണ്ട് കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീര്‍ക്കുമിള പോലെ നിലയറ്റതാവുന്നു. എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല'. ഈ തത്വവിചാരത്താല്‍ ഗൗതമന് ഇതെല്ലാം ഒരു സങ്കല്‍പ്പലോകമത്രേ. പാവം ഗൗതമന്‍! സമത്വസുന്ദരമായ ഈ ഭൂമുഖത്തില്‍ എല്ലാവരും ജീവിക്കുന്നതുപോലെ ശ്രീമാന് ജീവിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ആ സാധുവിനെ ഇത്തരം ചിന്ത വേട്ടയാടിക്കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ഗൗതമന്‍ ജനങ്ങളില്‍ നിന്നു അകന്നു ജീവിക്കുവാന്‍ ശ്രമിച്ചിരുന്നു. ഈ അകല്‍ച്ച കണ്ട ജനത്തിന് തീരെ പിടിച്ചില്ല. അവര്‍ ഗൗതമനെ ഒരു ഭ്രാന്തനായി മുദ്ര കുത്തി! അതും വെറുമൊരു ഭ്രാന്തനല്ല; മുഴു ഭ്രാന്തന്‍. ഗൗതമന്‍റെ തത്വചിന്തയ്ക്ക് ലഭിച്ച ആദ്യത്തെ അംഗീകാരമായിരുന്നു അ ത്. എങ്കിലും ഗൗതമന്‍ വിവേകിയായിരുന്നുവോ എന്ന് ചിലര്‍ സംശയിക്കുന്നു?  അവരോട് ഒരിക്കല്‍ ഗൗതമന്‍ ഇങ്ങനെ പറഞ്ഞു: മരം പൂത്തതിനു ശേഷമല്ലേ കായുണ്ടാവുകയുള്ളൂ; കാലം കൊണ്ട് പക്വപ്പെടുമ്പോള്‍ ചിലരെങ്കിലും ഈ സാധുവിനെ മനസ്സിലാക്കിക്കൊള്ളുമെന്ന്.


                         ആദ്യമൊക്കെ എന്തും സഹിക്കുന്ന പ്രവണത ഗൗതമനില്‍ വളരെ കൂടുതലായിരുന്നു. കൂട്ടുകാരില്‍ നിന്നും, ധാ രാളം പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോ ഴും ഗൗതമന്‍റെ മുഖത്ത് വേദനയുടെ ലാഞ്ഛന കണ്ടിരുന്നില്ല! മറിച്ച് , കണ്ണുകള്‍ രണ്ടും മേല്‍പ്പോട്ട് ഉയര്‍ത്തിപ്പറയും; ഭഗവാനേ, ഈ പരീക്ഷണങ്ങള്‍ കാട്ടി ആര്‍ക്കാണ് എന്നെ പിന്തിരിപ്പിക്കുവാന്‍ കഴിയുക. എന്‍റെ മനം നിന്‍റെ തൃച്ചേവടിയില്‍ അര്‍പ്പിതമല്ലയോ? അ തിനാല്‍ അനുകൂലിക്കുന്നവരുടേയും പ്രതികൂലിക്കുന്നവരുടേയുമിടയില്‍ നിര്‍വികാരനായി നിലകൊള്ളുമായിരുന്നു. അതുകൊണ്ടാണ് കൂട്ടുകാര്‍ പാ വം ഗൗതം, ശ്രീമാന്‍ എന്നൊക്കെ പരിഹസിച്ചിരുന്നത്. പിന്നീട് പ്രകൃതി പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ച് ഗൗതമനില്‍ ക്ഷമയുടെ അടിത്തറ ബലപ്പെടുത്തുകയായിരുന്നു. അമ്മ കുഞ്ഞുങ്ങളോടെന്നപോലെ, ഗൗതമന്‍ ക്ഷമയോടെ ലോകരോട് പെരുമാറിയിരുന്നു. അങ്ങനെയാണ് ക്ഷമയുടെ പര്യായമായി ശ്രീമാന്‍ ഗൗതമന്‍ മാറിയത്. അനിത്യമായ ലോകത്തില്‍ ജനം സുഖമന്വേഷിച്ച് ദുഃഖിക്കുമ്പോള്‍,ഗൗതമന്‍ ദുഃഖത്തിലൂടെ സുഖത്തെ കണ്ടെത്തിയിരുന്നു. അതിന് പ്രതിബന്ധങ്ങളാണ് ക്ഷമയുടെ ആഴമളക്കാന്‍ സഹായിച്ചത്. ശ്രീമാന്‍റെ ശത്രുമിത്രാദികള്‍ ഇഷ്ടാനിഷ്ടങ്ങളുടെ അളവുകോലുമായിത്തീര്‍ന്നു. അനാഥമായി ചരിച്ച മനസ്സിനെ ഗൗതമന്‍ അന്തരാത്മാവില്‍ ആശ്രയം കൊടുത്തു. അതുകൊണ്ടാവാം ഗൗതമന്‍റെ മുഖത്ത് ശാന്തി കളിയാടിയിരുന്നത്.


                            ഗൗതമനില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചതെന്ന് നിങ്ങള്‍ ക്ക് അറിയേണ്ടേ? ഗൗതമനിലെ 'ഞാന്‍' എന്നേ മരിച്ചുകഴിഞ്ഞു എന്ന് അയാള്‍ അപൂര്‍വ്വം ചിലരോട് പറയുമായിരുന്നു. അയാള്‍ ഇങ്ങനെ തുടര്‍ന്നു: ആദ്യമൊക്കെ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍ കഴിയുമായിരുന്നില്ല. ആ കാലഘട്ടത്തില്‍ അന്തഃരംഗത്തു നടന്ന പരിവര്‍ത്തനങ്ങള്‍ക്ക് വിശദീകരണം  തരുവാന്‍ ആരും ഉണ്ടായിരുന്നില്ല. ലോകരുടെ മുമ്പില്‍ ഞാന്‍ ശാന്തനായിരുന്നു. എങ്കിലും എന്‍റെ അന്തരംഗത്തു നടന്ന മാറ്റങ്ങള്‍ എല്ലാം തന്നെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു. അപ്പോഴൊക്കെ ഒരു മാര്‍ഗ്ഗദര്‍ശിയുടെ സാ ന്നിദ്ധ്യം എത്ര കൊതിച്ചതാണ്. പക്ഷേ ഫലമൊന്നുമുണ്ടായിരുന്നില്ല. സമൂഹത്തിന്‍റെ മുന്നില്‍വച്ച് നഗ്നനാക്കപ്പെട്ട ഒരുവന്‍റെ അവസ്ഥപോലെ, കര്‍തൃത്വാഭിമാനം നഷ്ടപ്പെട്ട എന്നിലെ വിചാരവികാരങ്ങള്‍ യാതൊരു മറയുമില്ലാതെ ബഹിര്‍ഗമിക്കുന്നത് കണ്ട് ഞാന്‍ വല്ലാ തെ പരിഭ്രമിച്ചിരുന്നു. അത്തരം സന്ദര്‍ഭത്തിലായിരുന്നുവോ സമൂഹം എന്നെ ഭ്രാന്തനെന്ന് വിളിച്ചത്? പലപ്പോഴും അത് ശരിയായിരിക്കുമോ എന്നുപോ ലും സംശയിച്ചു! എന്നാല്‍ ത്രികരണങ്ങളുടെ ഏകീകരണത്തില്‍ വചസ്സുകള്‍ യാഥാര്‍ത്ഥ്യമായിത്തീരുന്നത് ക ണ്ട് ഞാന്‍ പലതവണ അത്ഭുതപ്പെട്ടിരുന്നു! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്നറിയുവാന്‍ ഞാന്‍ വളരെ ഉത്കണ്ഠപ്പെട്ടിരുന്നു. അന്നൊക്കെ പ്രകൃതിയില്‍ നിന്നും ചില സൂചനകള്‍ ലഭിച്ചിരുന്നു. പക്ഷേ വളരെ വൈകിയാണ് സംഭവങ്ങളുടെ നിജസ്ഥിതി ബോദ്ധ്യമായത്. പിന്നീട് പ്രകൃതിയിലുള്ളതിനെ അതുപോലെ ആസ്വദിക്കുവാന്‍ പഠിച്ചു. വേദാന്തപഠനത്തില്‍ സത്യത്തെക്കുറിച്ച് കുറേ ധാരണകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊക്കെ ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുകയായിരുന്നു. കുഞ്ഞുങ്ങളുടെ നിഷ്കളങ്കത തന്നെയാണ് എന്നില്‍ കളിയാടുന്നതെന്നും അതുതന്നെ സത്യമെന്നും അംഗീകരിക്കുവാന്‍ പെട്ടെന്നൊന്നും എനിക്ക് കഴിയുമായിരുന്നില്ല. പിന്നീട് മനസ്സിന്‍റെ അംഗീകാരം നേടുവാനും സമയം ഏറെ വേണ്ടി വന്നു. അവിടെ നിന്നുമാണ് ഒരു ഗുരുവിനെ അറിയുവാന്‍ മറ്റൊരു ഗുരു വേണമെന്ന് അനുഭവിച്ചറിഞ്ഞത്. സാധാരണക്കാരുടെ മുമ്പില്‍ ഞാനൊരു ഭ്രാന്തനായിരുന്നില്ലേ? അതിനാല്‍ എന്‍റെ അനുഭവങ്ങള്‍ പകര്‍ന്നുകൊടുക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല. പഠിച്ച അറിവും ലഭിച്ച അനുഭവവും തമ്മിലുള്ള പൊരുത്തക്കേട് ആരോടാണ് പറയുവാന്‍ കഴിയുക?


                                ശ്രീമാന്‍ ഗൗതമന്‍ ഇപ്രകാരം തുടരുന്നു: മനസ്സിന്‍റെ തെളിമയില്‍ നിന്നുമാണ് ഞാന്‍ എന്നെ തിരിച്ചറിഞ്ഞത്. വര്‍ത്തമാനമാണ് എന്‍റെ വാസസ്ഥാനം. ഇവിടെയുള്ള വാസത്തില്‍ ശാന്തിയും, സമാധാനവും എനിക്ക് അനുഭവിക്കേണ്ടതുണ്ട്. പ്രണവം ഉണര്‍ന്ന് കാലാതീതമായോ, ത്രിഗുണാതീതമായോ മാറുവാന്‍ പിന്നെയാവട്ടെ. പിറപ്പൊഴിഞ്ഞ ഞാന്‍ ഇങ്ങനെ ജീവന്‍മുക്തനായി വിഹരിക്കട്ടെ! സ്വര്‍ഗ്ഗീയ അനുഭൂതി നിറഞ്ഞ ഇവിടം എത്ര മനോഹരമായിരിക്കുന്നു. ജലത്തിന്‍റെ തെളിമയും ഒഴുക്കിലെ എളിമയും പോലെ, എന്‍മനം എത്ര ശാന്തവും നിര്‍മ്മലവുമായിരിക്കുന്നു. കുഞ്ഞുങ്ങളുടെ നിഷ്കളങ്കത തന്നെയാണ് എന്‍റെ അത്ഭുതസിദ്ധി. അതിന്‍റെ വെളിച്ചത്തിലാണ് എത്ര വലിയ ക്രൂരതയുള്ളവരും എന്‍റെ മുന്നില്‍ എല്ലാം മറന്ന് ലയിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളെ സ്നേഹിക്കുവാന്‍ കഴിയാത്തവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം അര്‍ഹതപ്പെട്ടതല്ലെന്ന ക്രിസ്തുവചനം എത്രയോ യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ ഒരനശ്വരപുഷ്പത്തിന്‍റെ സൗന്ദര്യവും സൗരഭ്യവും ഒത്തിണങ്ങി വര്‍ത്തമാനമാകുന്ന ആകാശവീഥിയില്‍ സ്വാതി എ ന്നൊരു പൊന്‍നക്ഷത്രമായി നിലകൊള്ളുന്നു. എന്‍റെ നിര്‍വൃതിയുടെ മൗനമന്ദഹാസത്തിന് ഇന്ന് ആയിരമായിരം നാവുകളുടെ അര്‍ത്ഥവ്യാപ്തി ഉണ്ട്. എന്‍റെ ദൗത്യം, ദുഃഖത്തിലൂടെ സുഖം കണ്ടെത്തുന്ന ക്ഷമാശീലിയുടെ ആഗമനമാണ്. ഈ കാത്തിരിപ്പ് ഹൃദയത്തില്‍ നിന്നും നിര്‍ഗ്ഗളിച്ച കാരുണ്യത്തിന്‍റെ തുടിപ്പാണ്. പ്രകൃതിയുടെ നിയോഗമാണ് ഈ വഴിത്താര. ജീവിച്ചിരിക്കെ എന്നിലെ 'ഞാന്‍' മരണം വരിച്ച ചുടലക്കാടാണ് ജന്മദേശം. തെ ളിമയുടെ ഭാഗവും, എളിമയുടെ ഭാവവുമായ എന്നെ സ്പര്‍ശിക്കുവാന്‍ നി ങ്ങള്‍ക്ക് കഴിഞ്ഞാല്‍ ശാന്തിയുടെ കു ളിര്‍ക്കാറ്റാണ് നിങ്ങളെ തേടിയെത്തുക. യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തു നി ന്നും പരമാര്‍ത്ഥത്തിലേക്ക് ഗമിക്കുന്നവരുടെ സംരക്ഷണമത്രേ എന്‍റെ ദൗത്യം. അവര്‍ക്ക് ഞാന്‍ എന്നും ഒരു കാവല്‍ഭടനാകുന്നു- ഗൗതമന്‍ ഇത്ര യും പറഞ്ഞുകഴിഞ്ഞപ്പോള്‍ എന്തോ ഒരു പന്തികേട് പോലെ. നമ്മുടെ ശ്രീ മാന്‍ മുഴുഭ്രാന്തനോ അതോ യഥാര്‍ത്ഥ മനുഷ്യനോ? നിങ്ങളുടെ വിധിയാണ് ഇവിടെ കരണീയമായിട്ടുള്ളത്. പക്ഷേ ഒന്നോര്‍ക്കുക. അവരവരുടെ പരിമിതമായ അളവുകോല്‍ ഉപയോഗിച്ച് അളക്കുന്നത് അവരവരെ സംബന്ധിച്ചു മാത്രമേ ശരിയാവുകയുള്ളൂ. എന്നാല്‍ ഇത്തരം വ്യക്ത്യാധിഷ്ഠിതമായ അളവുകള്‍ക്ക് ഉപരി വ്യക്ത്യാതീതമായി അളക്കുവാന്‍ ആര്‍ക്കാണ് കഴിയുക?