ഗുരുദേവന്‍റെ നാമത്തില്‍

പ്രൊഫ. എം.കെ. സാനു



         നാം ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അല്ലെങ്കില്‍ ആചരിക്കുന്ന വര്‍ഷമാണിത് - ആഘോഷമല്ല സന്ദര്‍ഭമാണിത്. ശ്രീനാരായണധര്‍മ്മം കേരളത്തിലെന്നല്ല ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പ്രചരിപ്പിക്കണം എന്നാശിക്കുന്നവനാണ് ഞാന്‍. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നമുക്ക് ഒരു പുതിയ ലോകം നിര്‍മ്മിക്കണം. നാം അതേപറ്റി കൂടുതല്‍ ആലോചിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. നമ്മുടെ ലോകത്തിലെ മനുഷ്യരാശിയുടെ സംഖ്യയില്‍ ഇന്നു വളരെ വലിപ്പം വര്‍ദ്ധിച്ചിരിക്കുകയാണ്. 2050 ആകുമ്പോള്‍ ലോകത്തിലെ ജനസംഖ്യാപ്രശ്നം ഈ ഭൂമിക്കു താങ്ങാനാവാത്ത തരത്തില്‍ വലുതായിത്തീരും എന്നാണ് ചിന്തകന്മാര്‍ പ്രവചിക്കുന്നത്. ശാസ്ത്രജ്ഞന്മാര്‍, തത്വജ്ഞാനികള്‍, രാഷ്ട്രമീമാംസകര്‍ തുടങ്ങിയവര്‍ എല്ലാവരും പറയുന്നത് 2050 ആകുമ്പോള്‍ ഈ ഭൂമി മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റാത്തതരത്തില്‍ ആയിത്തീരുമെന്നാണ്.


         മനുഷ്യര്‍ തമ്മിലുള്ള ആഭ്യന്തരകലാപങ്ങള്‍ നമുക്ക് വലിയ ഭീഷണി ആയിത്തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ആലോചിച്ച് നോക്കിയാല്‍ ഇത് ഒരു വൈരുദ്ധ്യം കലര്‍ന്ന കാര്യമാണ്. നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. മനുഷ്യര്‍ക്ക് ജീവിക്കാനുള്ള ഭക്ഷണം ലോകത്തില്‍ കിട്ടും. എല്ലാവര്‍ക്കും ജീവിക്കാനുള്ള സാഹചര്യം ഇവിടുണ്ട്. ആ സാഹചര്യത്തില്‍ എല്ലാവര്‍ക്കും പരസ്പരസ്നേഹവും സഹകരണവും പുലര്‍ത്താവുന്നതാണ്. എന്തുകൊണ്ട് അത് ഉണ്ടാകുന്നില്ല? ഇത് 2007 ആണ്.ക്രിസ്തു ജനിച്ചതിന് മുമ്പും മനുഷ്യരാശി ഉണ്ടായിരുന്നല്ലോ. നമുക്കു യുദ്ധം കൂടാതെ കലഹം കൂടാതെ സ്നേഹിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? അത് വലിയ ഒരു ചോദ്യമാണ്. അറിവിന്‍റെ കാലം മുതല്‍ മനുഷ്യന്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ്. അതിനു നേരെ കാണാവുന്ന ഒരു ഉത്തരം മനുഷ്യര്‍ വിഭജനം ഇഷ്ടപ്പെടുന്നുവോ എന്നതാണ്. വിഭജനം ഇഷ്ടപ്പെടുന്നു എന്നത് നല്ല കാര്യമല്ല. മനുഷ്യസ്വഭാവത്തില്‍ ചെറിയ, ചെറിയ സംഘങ്ങളായി മാറാനും, അന്യസംഘങ്ങളെ എതിരാളികളായി കാണാനുമു ള്ള ഒരു വാസന ഉണ്ട് എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മനുഷ്യസ്വഭാവത്തിലെ ദുര്‍വാസനകള്‍. പാപവാസനകള്‍ എന്നു പറയുന്നതാണ് ശരി.

         ലോകത്തില്‍ ഏകാകികളായിട്ടുള്ള ഒന്നോ രണ്ടോ പേര്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം ഒരു യുദ്ധം വരുമ്പോള്‍ ഒരു കക്ഷി പിടിക്കാറുണ്ട്. യുദ്ധം മോശമാണെന്ന് ആരും പറയാറില്ല. ഒരു പക്ഷം ന്യായം. മറു പക്ഷം അന്യായം എന്നു തര്‍ക്കിക്കും. യുദ്ധം എന്ന് പറയുന്നത് മതത്തിന് അനുകൂലമായ മതതത്വങ്ങള്‍ സ്വീകരിക്കുന്ന ഒരു ഏര്‍പ്പാടല്ല. ഒരു മതവും മനുഷ്യരെ, മതം അന്യരെ വെറുക്കാന്‍ പഠിപ്പിക്കുന്നില്ല എന്നാണ്  മനസ്സിലാക്കിയിടത്തോളം  ഞാന്‍ ധരിച്ചിരിക്കുന്നത്. അന്യരെ സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത്. 'അയല് തഴപ്പതിനായ് അതിപ്രയത്നം നയമറിയും നരനാചരിച്ചിടേണം' 'അവനവനാത്മസുഖത്തിന് ആചരിക്കുന്നവയപരന്നുസുഖത്തിനായ് വരേണം'. ഗുരുദേവന്‍ ഒരു സുപ്രഭാതത്തില്‍ ദര്‍ശിച്ച ഒരു ആശയമല്ലിത്. പഴയകാലം മുതല്‍ എല്ലാ പ്രവാചകരും പറഞ്ഞുപോന്ന ഒരു ആശയമാണത്. അടുത്ത വീട്ടില്‍ ഒരാള്‍ പട്ടിണി കിടക്കുമ്പോള്‍ സ്വന്തം ഭവനത്തിലിരുന്ന് മൃഷ്ടാന്നം ഭക്ഷണം കഴിക്കുന്ന ഒരാള്‍ പ്രവചനത്തില്‍ ന മ്മുടെ മതത്തില്‍പ്പെടുന്നവനല്ല എന്ന് പറഞ്ഞത് സാക്ഷാല്‍ നബിയാണ്. അ തിന്‍റെ അര്‍ത്ഥം അയല്‍ക്കാരനെ നി ങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ്. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. പക്ഷേ പാകിസ്ഥാനും ഇന്‍ഡ്യയുമായി യുദ്ധം ഉണ്ടാകുമ്പോള്‍ പാകിസ്ഥാനില്‍ ജീവിക്കുന്നവര്‍ നമ്മുടെ അയല്‍ക്കാരാണെ ന്നതു നമ്മള്‍ മറക്കുകയും ഇന്‍ഡ്യയില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ അ യല്‍ക്കാരാണെന്നതു പാകിസ്ഥാന്‍കാ രും  മറക്കുകയും ചെയ്തുകൊണ്ട് പാപവികാരത്തിന് വിധേയരായി നാം യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയും ചെ യ്യുന്നു. മാനവരാശി കണ്ടെത്തിയിട്ടുള്ള ഏറ്റവും ക്രൂരവും ഏറ്റവും ദുഷ്ടതയും ഏറ്റവും പൈശാചികവുമായ ഏര്‍പ്പാടാണ് യുദ്ധം. ബുദ്ധന്‍ ജനിച്ചതിന് ശേഷം ഒറ്റ വ്യക്തി മാത്രമേ യുദ്ധം പാപമാണെന്ന് മനസ്സിലാക്കി വീണ്ടുവിചാരത്തിന് അര്‍ഹത നേടിയിട്ടുള്ളൂ. അത് അശോകചക്രവര്‍ത്തിയാണ്. വേറെ ആരും അതിന് മുതിര്‍ന്നിട്ടില്ല. അശോകചക്രവര്‍ത്തിയെക്കുറിച്ച് ലോകചരിത്രകാരന്മാര്‍ ചൊരിയുന്ന സ്തുതിവചനങ്ങള്‍ക്ക് കണക്കില്ല- 'ഇതുപോലൊരു ചക്രവര്‍ത്തി ഉണ്ടായിട്ടില്ല' എന്നാണ്.


         ഇന്‍ഡ്യ അല്ലെങ്കില്‍ ഏതു രാജ്യം എടുത്താലും ബഡ്ജറ്റിന്‍റെ ഏറ്റവും നല്ലൊരു പങ്ക് മാറ്റിവെയ്ക്കുന്നത് പ്രതിരോധത്തിനാണ്. അത് ചെകുത്താന്‍ ആക്രമിക്കാന്‍ വരുമ്പോള്‍ പ്രതിരോധിക്കാനല്ല. മൃഗങ്ങള്‍ വരുമ്പോള്‍ പ്രതിരോധിക്കാനല്ല. ശത്രുക്കളെന്നു കരുതുന്ന നമ്മുടെ സഹോദരന്മാരായ മനുഷ്യരെ പ്രതിരോധിക്കാനാണ്.


         മനുഷ്യസ്വഭാവത്തിലെ ഏറ്റവും ഭീകരമായ തിന്മ എന്നു പറയാവുന്നത് അധികാരാസക്തിയാണ്. അധികാരം എന്നു പറയുന്നത്, ഭരിക്കണം ആഗ്രഹിച്ചത് എടുക്കണം എന്നുപറയുന്നതാണ്.  അതു നാനാരൂപങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.  ഈ തിന്മയാണ് മനുഷ്യരെ ഒന്നാവാന്‍, സ്നേഹിക്കാന്‍ , സഹകരിക്കാന്‍, അനുവദിക്കാത്തത്. ഇമ്മാതിരി അനേകം തിന്മകള്‍ മനുഷ്യസ്വഭാവത്തില്‍ ഉണ്ട്. ഇത്തരം തിന്മകളില്‍ നിന്ന് മനുഷ്യരെ വിമുക്തമാക്കുക എന്നതാണ് ഗുരുദേവന്‍ പ്രാഥമികമായി ഉദ്ദേശിച്ചത് എന്നു ഞാന്‍ കരുതുന്നു. 


         'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നതിന്‍റെ അര്‍ത്ഥം വളരെ ആഴവും വ്യാപ്തിയുമുള്ളതാണ്. വളരെ ശ്രദ്ധയോടു കൂടി നമ്മിലുള്ള തിന്മകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നിരന്തരം നമ്മള്‍ പരിശ്രമിച്ചേ പറ്റൂ. എനിക്കു മറ്റുള്ളവരോട് മത്സരിക്കുന്നതിനേക്കാള്‍ പ്രയാസം, മറ്റുള്ളവരോട് യുദ്ധം ചെയ്യുന്നതിനേക്കാള്‍ പ്രയാസം  എന്നോട് യുദ്ധം ചെയ്യുന്നതിനാണ്. എന്‍റെ മനസ്സിലെ തിന്മകള്‍, എന്നില്‍ മുഴുകിയിരിക്കുന്ന അസൂയ, സ്പര്‍ദ്ധ, വിദ്വേഷം ഇതൊക്കെ ഞാന്‍ അടിച്ചമര്‍ത്തിയെങ്കില്‍ മാത്രമേ എനിക്കു നല്ലവനാകാന്‍ പറ്റുകയുള്ളൂ. മറ്റൊന്ന്, എന്നില്‍ ഒളിഞ്ഞിരിക്കുന്ന നല്ല വാസനകള്‍ ഉണ്ട് എന്നതാണ്. ആ വാസനകളെ പരിപോഷിപ്പിക്കേണ്ട ചുമതലയും എനിക്കുണ്ട്. പ ലരും അത് ചെയ്യാറില്ല. പലരും ചെയ്യാത്തത് സാഹചര്യത്തിന്‍റെ പ്രലോഭനങ്ങളില്‍ മയങ്ങിപ്പോകുന്നതിനാലാണ്. ആ നല്ല വാസനകളെ പരിപോഷിപ്പിച്ച് ലോകത്തിന് സമര്‍പ്പിക്കുന്നതിലൂടെയാണ് ഒരുവന്‍ നല്ല മനുഷ്യനായിത്തീരുന്നത്.ഗുരുദേവന്‍ അതുതന്നെയാണ് എല്ലാവരോടും പറഞ്ഞിരുന്നത്. ആശാനെ കവിത എഴുതാന്‍ പ്രോത്സാഹിപ്പിച്ചു. പ്രസംഗകരെ പ്രസംഗം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു. എല്ലാവരും തന്‍റെ ആദര്‍ശങ്ങള്‍ അംഗീകരിക്കണമെന്ന് ഗുരുദേവന്‍ നിര്‍ബന്ധിച്ചില്ല. സഹോദരന്‍ അയ്യപ്പന്‍ ദൈവം വേണ്ട എന്നുപറഞ്ഞപ്പോള്‍ അതിന് ഗുരുദേവന്‍ എതിരായിരുന്നില്ല. ഗുരുദേവന്‍ പറഞ്ഞു,  'അയ്യപ്പന്‍റെകര്‍മ്മങ്ങളില്‍ ദൈവം ഉണ്ടല്ലോ. നല്ല കര്‍മ്മങ്ങള്‍ ചെയ്താല്‍ മതി. ആ കര്‍മ്മങ്ങളിലാണ് ദൈവം ഉള്ളത്'.
                           

                               ദൈവം ഇല്ല എന്നു പറഞ്ഞ എം. സി. ജോസഫ് നിരീശ്വരവാദം മതമായി സ്വീകരിച്ചയാളാണ്. അദ്ദേഹം ഗുരുദേവനെ കാണാന്‍ ചെന്നു. ആശീര്‍വാദം നല്‍കിയാണ് ഗുരുദേവന്‍ വിട്ടത്. നല്ല ഒരു ശാസ്ത്രജ്ഞനാണെങ്കില്‍ ശാസ്ത്രത്തിന്‍റെ മേഖലയില്‍ വലിയ സംഭാവനകളര്‍പ്പിക്കുവാന്‍ പ്രോത്സാഹിപ്പിക്കും. നല്ല ഒരുബിസിനസ്സുകാരനാണെങ്കില്‍ വ്യവസായം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കും. ശ്രീമാന്‍. എം. പി. മൂത്തേടത്തിനെ ഈ രംഗത്ത് പ്രോത്സാഹിപ്പിച്ചത് ഗുരുദേവനായിരുന്നു. സ്വാമി സത്യദേവനെ കഥാപ്രസംഗത്തില്‍ പ്രോത്സാഹിപ്പിച്ചു. നാടി ന്‍റെ എല്ലാഭാഗങ്ങളിലും പോയി കഥാപ്രസംഗത്തിലൂടെ ആളുകളില്‍ നവബോധം ഉണര്‍ത്തുവാന്‍ ഉപദേശിച്ചു. നിങ്ങളുടെ ദുഃഖം ഏറ്റെടുക്കുവാനാണ് ഞാന്‍ ആ രംഗത്ത് നയിക്കാമെന്ന് പറയുന്നത്.ആ അര്‍ത്ഥത്തിലുള്ള ഒരു നേതൃസങ്കല്‍പ്പം അക്കാലത്ത് ഉണ്ടായിരുന്നു.


                        ഒരു പഴയ നോവലിന്‍റെ സന്ദര്‍ഭം പറഞ്ഞാല്‍ നിങ്ങള്‍ക്കു എളുപ്പം മനസ്സിലാകും. ഒരു മഹാനായ ഫ്രഞ്ചുകാരന്‍ എഴുതിയിരിക്കുന്ന നോവലാണ്. ഇ ന്നത്തെ എല്‍.റ്റി.റ്റി. പോലുള്ള ഒരു വിപ്ലവ സംഘടന ചൈനയില്‍ വിപ്ലവത്തിനായിപോയി. മാവോ സെ തൂങ് വരുന്നതിനു മുമ്പുള്ള കാലമാണ്. രാജവാഴ്ചയുടെ കാലമാണ്. വിപ്ലവത്തിന് ചെന്നാല്‍ വിപ്ലവകാരിയെ പിടിച്ച് കൊന്നുകളയും. അക്കാലത്ത് അവിടെ കൊ ല്ലുന്ന സമ്പ്രദായം വേറൊന്നാണ്. വെടിവെച്ച് കൊല്ലുകയോ തൂക്കിക്കൊല്ലുക യോ അല്ല.  ധാരാളം വിറകു ആളിക്കത്തിച്ചിട്ട് ആ തീക്കുണ്ഡത്തില്‍ വിപ്ലവകാരിയെ വലിച്ചെറിയുകയാണ്. അ ങ്ങനെ മൂന്ന് വിപ്ലവകാരികളെ പിടികൂടി. അവരെ വലിച്ചെറിയാനുള്ള തീക്കുണ്ഡം എരിയുമ്പോള്‍ ഒരു പ്രശ്നം ഉണ്ടായി. എല്‍. റ്റി.റ്റി. എന്ന് പറഞ്ഞത് ഓര്‍മ്മിക്കുക. വിപ്ലവകാരികളായ ഇവര്‍ ക്ക് എല്ലാവര്‍ക്കും ഒരുതരം ഗുളിക കൊ ടുക്കും. കഴിച്ചാല്‍ ഉടന്‍ മരിക്കുന്ന ഗുളികയാണത്. പിടിച്ചാല്‍ ഉടന്‍ കഴിച്ചിരിക്കണം. പക്ഷേ ഇവര്‍ക്ക് പറ്റിയ പ്രശ്നം രണ്ട് ഗുളികയേ ഉള്ളൂ. മൂന്ന് പേരും ഉണ്ട്. ഈ രണ്ട് ഗുളികയുമായി ഇരിക്കുമ്പോള്‍ അവരില്‍ നേതാവായിരുന്നയാള്‍ പറഞ്ഞു- 'നിങ്ങള്‍ ആലോചിച്ച് വിഷമിക്കേണ്ട. ഗുളിക നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉള്ളതാണ്.' അങ്ങനെ പറഞ്ഞിട്ട് നേതാവ് ആ തീക്കുണ്ഡത്തില്‍ നോക്കി ഇരിക്കുന്നതോടെയാണ്  ആ രംഗം അവസാനിക്കുന്നത്. അത് ഒരു ഗംഭീരമായ ഇരിപ്പാണ്. ആ സന്നദ്ധതയാണ് ഒരു നേതാവിന് എ ന്നും ഉണ്ടായിരിക്കേണ്ടത്. നേതാവ് സ് നേഹിക്കാന്‍ വരുന്നവനാണ്. നമ്മുടെ ദുഃഖം ഏറ്റെടുക്കാന്‍ വരുന്നവനാണ്. നമ്മുടെ ദുഃഖം പരിഹരിക്കാന്‍ വരുന്നവനാണ്. നമ്മെ സമത്വത്തിന്‍റേയും സ് നേഹത്തിന്‍റേതുമായ വാക്കുതര്‍ക്കഭൂമിയില്‍ നയിക്കേണ്ടവനാണ്. അവിടെ വച്ചു മരിക്കാനും തയ്യാറുള്ളവനാണ്. ഈ അര്‍ത്ഥത്തിലുള്ള ഒരു നേതൃസങ്കല്‍പ്പം ലോകത്തില്‍ നിന്ന് മിക്കവാറും ഇന്ന് തിരോഭവിച്ചിരിക്കുകയാണ്.


                           ഞാന്‍ കോളേജില്‍ പഠിച്ചിരുന്നകാലത്ത് താമസിച്ച ഹോസ്റ്റലില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ദേവാലയത്തില്‍ പോകുന്ന ഒന്നോ രണ്ടോ പേരേ ഉണ്ടായിരുന്നുള്ളൂ. മുസ്ലീങ്ങള്‍ പള്ളിയില്‍ ഒന്നും പോകാറില്ലായിരുന്നു. അന്ന് മതവിശ്വാസം വളരെ പരിക്ഷീണമായിരുന്നു. അന്ന് ആര്‍. സുഗതന്‍ സാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാരില്‍ ഒരാളായിരുന്നു. എന്‍റെ ഗുരുനാഥനായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തനത്തിനൊ ക്കെ പോയത്. അദ്ദേഹം അവിടെ പ്രസംഗിച്ചത് എനിക്കോര്‍മ്മയുണ്ട്. ദൈവം ഇല്ലാ എ ന്നു പറയുകയാണ്. പാളയം പള്ളി ചൂണ്ടിക്കാണിച്ചിട്ട് 'നമ്മള്‍ ഇതാ പള്ളി വെച്ചിരിക്കുന്നു. ഒരു വശത്ത് മുസ്ലീം പള്ളി, ഒരു വശത്ത് ക്രിസ്ത്യന്‍ ദേവാലയം. നമ്മള്‍ കര്‍ത്താവിനെ മുമ്പില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു, നമ്മെ അനുഗ്രഹിക്കാന്‍. പക്ഷേ കര്‍ത്താവിനെ അനുഗ്രഹിക്കാന്‍ നമ്മള്‍ കാന്തം കൂടി അ തിന്‍റെ  മുകളില്‍ വച്ചിരിക്കയാണ്. കാ ന്തം വെയ്ക്കുമ്പോള്‍ ഇടിമിന്നല്‍ ഏല്‍ ക്കുകയില്ല. അപ്പോള്‍ കര്‍ത്താവിനെ അനുഗ്രഹിക്കാന്‍ കാന്തം വേണം.' അത് കേട്ട് ക്രിസ്ത്യാനികള്‍ക്കോ, ഹിന്ദുക്കള്‍ക്കോ, മുസ്ലീങ്ങള്‍ക്കോ യാതൊരു പരിഭവവും തോന്നിയില്ല. കാരണം ഈ ആശയങ്ങള്‍ പരസ്പരം കൈമാറുക യും സ്നേഹപൂര്‍വ്വം നമ്മെ സ്പര്‍ശിക്കുകയും ചെയ്യുമായിരുന്നു.


                            ലോകത്തിന്‍റെ പല ഭാഗങ്ങളിലും വിശ്വാസത്തിലേക്ക് മടങ്ങുക, വിശ്വാ സം ഇങ്ങനെ പോയാല്‍ പറ്റുകയില്ല എന്നു പറയുകയാണ്. ഇതൊരു ഭൗതികവാദമാകുന്നു.  ഡോ. എസ്. രാധാകൃഷ്ണന്‍റെ 'Recovery of faith' എന്ന ഇംഗ്ലീഷ് പുസ്തകം ഞാന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുകയുണ്ടായി. അതിനു കൊടുത്ത പേര് 'വി ശ്വാസത്തിലേക്ക് വീണ്ടും' എന്നായിരുന്നു. 1958 ലോ 59 ലോ അത് പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ വിശ്വാസം മടങ്ങി വന്നു, ഇല്ലേ? ഞാന്‍ കണ്ടതിനേക്കാള്‍ എത്രയോ വലുതാണ് എന്‍റെ മക്കള്‍ ക്കുള്ള വിശ്വാസം. വളരെ ശക്തമാണ്. ദേവാലയങ്ങളില്‍ പോവുകയും വഴിപാടുകള്‍ നടത്തുകയും എന്തൊക്കെ ചെയ്യുന്നു. വിശ്വാസം വളരെ വളരെ ശക്തമായി മടങ്ങിവന്നപ്പോള്‍ കേരളത്തിലെ മതസംഘര്‍ഷം ശ്രദ്ധിക്കുക. കുറയുകയല്ല കൂടുകയാണ് ചെയ്തിട്ടുള്ളത്. അന്നൊരു 'മാറാട്' കേരളത്തില്‍ നടന്നിട്ടില്ല. ഉണ്ടാകുമായിരുന്നില്ല. അന്ന് വര്‍ഗ്ഗീയലഹള ഉണ്ടായിരുന്നില്ല. ബഹളത്തിന്‍റെ സാധ്യത ഉണ്ടാകുമായിരുന്നില്ല. അന്ന് മതത്തിന്‍റെ പേരില്‍ ഒരു സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമായിരുന്നില്ല. ഇന്ന് അത് എല്ലാവര്‍ക്കും സാധിക്കുന്നുണ്ട്. അത്രമാത്രം ദുഷ്ടവും തീവ്രവുമായ മതവികാരം- മതസ്പര്‍ദ്ധ കേരളത്തില്‍ വളര്‍ന്നത് ആത്മീയത എന്നു പലരും പറയുന്ന 'ആത്മീയതാഭാസം' വളര്‍ന്ന് വന്നതിന്‍റെ ഫലമായിട്ടാണ്. യഥാര്‍ത്ഥ ആത്മീയത ആരേയും വെറുക്കാന്‍ പ്രേരിപ്പിക്കുന്നില്ല.

                        ആത്മീയതയുടെ കാതല്‍തന്നെയും ആരെയും സ്നേഹിപ്പിക്കാനാണ്. ലോകത്തിലെ ഏറ്റവും വലിയ നന്മ ചെയ്യാന്‍  മനുഷ്യരെ പ്രേരിപ്പിച്ചിട്ടുള്ളത് ദൈവം തന്നെയാണ്. ബുദ്ധന്‍ ദൈവ ത്തെ പറ്റി പറയുന്നില്ല. ക്രിസ്തുവിനെ ക്രിസ്തുവാക്കിയതും പ്രവാചകനെ പ്രവാചകനാക്കിയതും പരമഹംസനെ പരമഹംസനാക്കിയതും ശ്രീനാരായണഗുരുദേവനെ ഗുരുദേവനാക്കിയതും ദൈവം തന്നെയാണ്.


                       'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി' അത് വളരെ നല്ല ഒരു മുദ്രാവാക്യമാണ്. ഇതുപോലുള്ളൊരു മുദ്രാവാക്യം ലോകത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ആ അര്‍ത്ഥത്തില്‍ ഗുരുദേവസന്ദേശം നാം എടുത്തില്ലെങ്കില്‍ ഒന്നോ രണ്ടോ ശ്ലോ കം ചൊല്ലി അര്‍ത്ഥം പറയുന്നതുകൊ ണ്ട് ഒരു കാര്യവുമില്ല. ജ്ഞാനമാര്‍ ഗ്ഗത്തെക്കുറിച്ചു അദ്ദേഹം സൂചിപ്പിച്ചു. 
ഞാന്‍ ക്രിസ്ത്യാനിയാണെന്ന്  അനേകം ആളുകള്‍ വിശ്വസിച്ചിരുന്നു. അതിനുകാരണം എന്‍റെ വീട്ടില്‍ നേരേ വന്നുകയറിയാല്‍ കാണുന്നത് ഗലീലിയായില്‍ ധ്യാനനിരതനായി ഇരിക്കുന്ന ക്രിസ്തുദേവന്‍റെ ചിത്രമാണ്. എനിക്കു വളരെ കൗതുകം തോന്നുന്ന ചിത്രം. ആ ചിത്രം വച്ചത് ചിത്രത്തില്‍ എനിക്കുണ്ടായ കൗതുകം കൊണ്ട് മാത്രമല്ല. വ്യക്തിപരമായ എന്‍റെ സ്മരണയുടെ അടിസ്ഥാനത്തിലാണ്. അത് എന്താണെന്ന് വച്ചാല്‍ എന്‍റെ പിതാവ് രോഗബാധിതനായപ്പോള്‍ ചികിത്സിക്കാന്‍ പോയത്  നാഗര്‍കോവിലില്‍ നെയ്യൂര്‍ എന്ന സ്ഥലത്തുള്ള ഒരു മെഡിക്കല്‍കോളേജിലായിരുന്നു. അവിടെ ഒരു മിഷനറിക്കാരന്‍ സായ്പ് അന്ന് ഡോക്ടര്‍ ആയിരുന്നു. ഡോ. സോമര്‍വെല്‍. അദ്ദേഹത്തിന്‍റെ പേരിലാണ് ആ മെഡിക്കല്‍ കോളേജ്. (അദ്ദേഹത്തെക്കുറിച്ച് ഒരു കവിതയുണ്ട്. എഴുതിയത് വൈലോപ്പിള്ളി ശ്രീധരമേനോനാണ്.) അന്ന്  അനസ്തേഷ്യ ഒന്നും ഇല്ല. കീറിയാല്‍ അതിന്‍റെ വേദന അനുഭവിച്ചേ പറ്റുകയുള്ളൂ. ആരും അതിന് ഉത്തരവാദികളായിരിക്കില്ല. ഞാന്‍ പൂര്‍ണ്ണസമ്മതത്തോടുകൂടി ഓപ്പറേഷന്‍ നടത്താന്‍  മരണവാക്യം ഒപ്പിട്ടു കൊടുക്കുകയാണ് ചെയ്തത്. പക്ഷേ അച്ഛന്‍ മരിച്ചില്ല. വേദന എപ്പോഴാണ് വരുന്നതെന്ന് പറയുവാന്‍ പറ്റില്ല. ചിലപ്പോള്‍ രാത്രിയില്‍ വരും. വേദന അസഹ്യമാകുമ്പോള്‍ നിലവിളിക്കും. അച്ഛന്‍റെ ചികിത്സ നടത്തുന്നത് ഡോ. സോമര്‍വെല്ലാണ്. അദ്ദേഹം ന മ്മുടെ അടുത്തു വന്നിരിക്കും, പ്രാര്‍ത്ഥിക്കും, നമ്മളെ തലോടും, മരുന്ന് തരും. അച്ഛന്‍ രോഗവിമുക്തനായപ്പോള്‍ അ ദ്ദേഹത്തിന്‍റെ കാറില്‍ തന്നെ അച്ഛനെ നാടായ ആലപ്പുഴയില്‍ ആക്കി തന്നു. ഇത്രയും വലിയ ഉപകാരത്തിന് ഞാന്‍ അങ്ങേയ്ക്കു എന്തു നന്ദിയാണ് നല്‍ കേണ്ടത്. കൃതജ്ഞതാഭാരം കൊണ്ട് ഞാന്‍ തന്നെ കുനിഞ്ഞു പോയി. നമു ക്ക് അത് തോന്നുമല്ലോ. വലിയ നന്മയുടെ മുമ്പില്‍ നമ്മള്‍ എന്തുചെയ്യും?  വലിയ നന്മയുടെ മുന്നില്‍ നിലവിളിച്ചുപോകുമെന്നാണ് എനിക്കുതോന്നുന്നത്. ഇത്രയും വലിയ നന്മയാണ് അദ്ദേഹം ചെയ്തത്. പൊതുവേ ശാന്തനായ സാ യിപ്പ് പറഞ്ഞു. 'ഇത് ചെയ്തത് ഞാനല്ല. എന്നിലൂടെ ക്രിസ്തുവാണ് ഇതെ ല്ലാം ചെയ്തത്. അതുകൊണ്ട് താങ്കളുടെ നന്ദി ക്രിസ്തുവിന് നല്‍കുക'.


                              ഞാന്‍ ഈ ഉദാഹരണം പറയുന്നത്, എന്നിലൂടെ ഇതു ചെയ്തത് ശ്രീനാരായണഗുരുദേവനാണ് എന്നു പറയാന്‍ ഒരാളെ കാണുന്നതിന് വേണ്ടിയാണ്. ഞാന്‍ നല്ലതുപോലെ ഒരു പ്രസംഗം ചെയ്താല്‍ നിങ്ങള്‍ അഭിനന്ദിക്കേണ്ടത് എന്നെയല്ല. ഗുരുദേവനെയാണ്. ഗുരുദേവനാണ് ഈ വാക്കുകള്‍ അനര്‍ഗളമായി തന്നു അനുഗ്രഹിച്ചത്. നന്ദി പറയേണ്ടത് ഗുരുദേവനോടാണ്. ഒരു ഡോക്ടര്‍ തന്‍റെ വരുമാനം ഉപേക്ഷിച്ചുകൊണ്ട് ആഴ്ചയില്‍ ഒരുദിവസം ഏറ്റവും പീഡിതരായ രോഗികള്‍ക്ക് സൗജന്യമായ സഹായവും ചികിത്സ യും നല്‍കിയാല്‍ ഗുരുദേവന്‍റെ നാമധേയത്തില്‍ അവര്‍ ജീവിക്കുന്നു എന്ന് ഞാന്‍ പറയും. എനിക്ക് ഏറ്റവും വലി യ ദ്രോഹം ചെയ്ത ശത്രുവിന് ഞാന്‍ മാപ്പ് നല്‍കുമ്പോള്‍ അത് എന്‍റെ നന്മ കൊണ്ടല്ല ഗുരുദേവന്‍റെ നന്മ എന്നില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് എന്ന് എനിക്ക് പറയാന്‍ കഴിയണം. ഈ അര്‍ ത്ഥത്തില്‍ കര്‍മ്മത്തിലൂടെ നമുക്ക് ഗുരുദേവസന്ദേശം ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പ്രചരിപ്പിക്കുവാന്‍ ക ഴിയണം എന്ന് ആഗ്രഹിക്കുകയും  സ്വ പ്നം കാണുകയും ചെയ്ത ഒരു എ ളിയ വ്യക്തിയാണ് ഞാന്‍.


                               എന്തിനാണ് സുഖസമൃദ്ധമായ അന്തരീക്ഷത്തില്‍ നിന്ന് മദര്‍ തെരേസ പാവങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചത്? എന്തിനാണ് ഏറ്റവും ജനനിബിഢമായ കല്‍ക്കട്ടയില്‍ തന്നെ എത്തിയത്? എന്തിനാണ് വഴിയരികില്‍ കുഷ്ഠരോഗം ബാധിച്ചു പഴുപ്പും ചലവും ഒ ലിച്ചുകിടന്ന ഒരു രോഗിയെ എടുത്തു തന്‍റെ മടിയില്‍ കിടത്തിയത്? എന്തിനാണ്  വ്രണങ്ങളില്‍ നിന്ന് പുറപ്പെടുന്ന നാറ്റത്തെ സൗരഭ്യമായി അനുഭവിച്ചുകൊണ്ട് അവനെ ശുശ്രൂഷിച്ച് ആശ്വാസത്തിന്‍റെ തീരത്ത് എത്തിച്ചത്? ക്രിസ്തുവിന്‍റെ നാമത്തിലാണ്. ഈ അര്‍ത്ഥത്തില്‍ നമുക്ക് അനേകം കര്‍മ്മം ചെയ്യാം. ഗുരുദേവന്‍റെ നാമത്തിലാണ് ഞാന്‍ ധീരത കാണിച്ചത്. ഞാന്‍ ശരീരത്തില്‍ ബലം ഇല്ലാത്തതുപോലെ മനസ്സിനും ബലം ഇല്ലാത്ത ഒരാളാണ്. പക്ഷേ എനിക്കു എന്നില്‍ ഒരു തിന്മ ചെയ്യാന്‍ നേരത്ത് ഗുരുദേവന്‍ എന്നോട് പറയും ഞാന്‍ അത് ചെയ്യരുതെന്ന്. ഗുരുദേവന്‍ എന്തു പറയുന്നു. അത് ഞാന്‍ അംഗീകരിക്കുന്നു. ആ അര്‍ത്ഥത്തില്‍ ഗുരുദേവന്‍ നമ്മുടെ ജീവിതത്തില്‍ നമ്മുടെ എല്ലാ തിന്മകളെയും ദൂരീകരിക്കുന്ന ശക്തിയായി സത്കര്‍മ്മങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന ചൈതന്യമായി എന്നും ഉണ്ടാകണം. എങ്കിലല്ലാതെ നമുക്കു ഗുരുദേവധര്‍മ്മത്തോടു നീതി പുലര്‍ത്താനോ, ആ ധര്‍മ്മം പ്രചരിപ്പിക്കാനോ സാധ്യമല്ല എന്നു അസന്നിഗ്ദ്ധമായി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 


(45-ാമത് ശ്രീനാരായണധര്‍മ്മമീമാംസാപരിഷത്ത് ശിവഗിരിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണം)