ഗുരുവിലേക്ക് മടങ്ങുക

ഹരിദാസ് വളമംഗലം


         ഗുരുവിലേക്ക് മടങ്ങുക എന്നതാണ് ഇവിടെ വിഷയം. നാരായണഗുരുവിലേക്ക് മടങ്ങുക. എന്തുകൊണ്ട് ശ്രീ നാരായണഗുരുവിലേക്ക് മടങ്ങണം? ശ്രീനാരായണ ഗുരുവിലേക്കുള്ള  മടക്കം ഒരു പുറകോട്ടുപോക്കല്ല. ഗുരു ചരിത്രത്തിന്‍റെ മുമ്പോട്ടുള്ള പോക്ക് ചരിത്രത്തിന്‍റെ സ്വപ്നവും അതിന്‍റെ സാക്ഷാത്കാരവുമാണ്. നാം ഇപ്പോള്‍ പുറകോട്ട് നടക്കുകയാണ് ചെയ്യുന്നത്. സ്വപ്നങ്ങളുടെ മഹത്വം നമുക്ക് കൈമോശം വന്നിരിക്കുന്നു. ആഗോള മുതലാളിത്തത്തിന്‍റെ വരുതികളുടെ ചാവുകളിലേക്ക് നടന്നാണ് പോകുന്നത്. അതിന്‍റെ കൊല്ലുന്ന സംസ്കൃതികളിലേക്കാണ് നാം പോകുന്നത്. മനുഷ്യന് മേല്‍ വന്നുപെടുന്ന എല്ലാ അസ്വാതന്ത്ര്യങ്ങളുടേയും അനീതികളുടേയും വിഘടനങ്ങളുടേയും അസംബന്ധങ്ങളുടേയും നിരാകരണമാണ് ഗുരു. ഗുരു നമുക്ക് മുക്തിയാണ്. മോചനമാണ്, പ്രണയമാണ്, പ്രവാഹമാണ്, പ്രകാശമാണ്, ശാസ്ത്രമാണ്, എവിടെയും എപ്പോഴും സുതാര്യമായി രിക്കുന്നതാണ്, സത്യവും തെളിവും ആയിരിക്കുന്നതാണ്. അതുകൊണ്ടാണ് ഗുരുവിലേക്ക് മടങ്ങണമെന്ന് പറയുന്നത്. മനുഷ്യന്‍റെ അകം മാത്രമല്ല പുറവും മഹിമാവു കൊണ്ട് നിറയണം. അതാണ് ഗുരുവിന്‍റെ ആത്മീയദര്‍ശനവും ഗുരുവിന്‍റെ സാമൂഹ്യദര്‍ശനവും. രണ്ടും ഗുരുവിന് ഒന്നാണ്. രണ്ട് വ്യത്യസ്ത കോണുകളില്‍ നിന്ന് കാണലാണ് കാണുന്നത് ഒന്നാണ്. അതുകൊണ്ടാണ് ഗുരു'അകവും പുറവും തിങ്ങും മഹി മാവി' ന്‍റെ വഴി കാണിച്ചു തരുന്നത്. 


         ഗുരുവിന് ശൈവവും വേദവും ഉപനിഷത്തും മറ്റ് എല്ലാ ദര്‍ശനവും മനുഷ്യന്‍റെ മോചനമാണ്. സര്‍വ്വത്ര സമദര്‍ശനത്തിന്‍റെ യോഗാത്മകതയാണ്. അവിടെ ഇഹവും പരവും രണ്ടല്ല. ദൈവവും മനുഷ്യനും രണ്ടല്ല- 'നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃ ഷ്ടിജാലവും.' ഗുരുവിന്‍റെ സാമൂഹ്യ ദര്‍ശനത്തിന്‍റെ അടിസ്ഥാനം അറിവാണ്. അറിവിലുമേറിയ അറിവാണ് അറിവെന്നുള്ള, അറിവിന്‍റെ ഡയലിസ്റ്റിക്കാണ് ശുദ്ധബോധം. ശുദ്ധബോധത്തിന് മതമില്ല, ജാതിയില്ല. ഗുരുവിന്‍റെ ഓര്‍മ്മയും പൈതൃകവും ഇല്ലാതെ നമുക്ക് ഭാവിയില്ല. ഗുരുദര്‍ശനം ഗുരുവിന്‍റെ സാമൂഹ്യ വീക്ഷണമാണ്, ലോക വീക്ഷണമാണ്, മനുഷ്യദര്‍ശനമാണ്. അതിനു അടിസ്ഥാനമായി ഗുരു സ്വീകരിച്ചിരിക്കുന്നത് ആത്മീയതയാണ് എന്നത് മറ്റ് സാമൂഹിക ലോക മനുഷ്യദര്‍ശ നങ്ങളില്‍ നിന്ന് ഗുരുദര്‍ശനത്തെ വ്യത്യസ്തമാക്കുന്നു, വിശുദ്ധമാക്കുന്നു, മഹത്വമുള്ളതാക്കുന്നു. ഗുരു ലോകത്തെ കാണുന്നത,് മനുഷ്യനെ കാണുന്നത് ലോകത്തെയും മനുഷ്യനെയും മാത്രം കണ്ടുകൊണ്ടല്ല. പ്രപഞ്ചത്തിന്‍റെ സര്‍വ്വചരാചരാത്മകവിസ്തൃതി മുഴുവനും കണ്ടുകൊണ്ടാണ്. അവയുടെ മൂല്യത്തെ വിഭാവനം ചെയ്തുകൊണ്ടാണ്.
ആത്മോപദേശശതകത്തിലെ 24-ാ മത്തെ ശ്ലോകത്തിലാണ് 'അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായി വരേണ'മെന്ന വരികള്‍ ഉള്ളത്. എന്തുകൊണ്ട് അവനവന്‍ ആത്മസുഖത്തിന് ചെയ്യുന്നത് അന്യനു സുഖം ചെയ്യണം? ഈ ചതുഷ്പതിയിലെ ആദ്യവരികളില്‍ അതു പറയുന്നുണ്ട്. 'അവനിവന്‍ എന്ന് അറിയുന്നത് ഒക്കെ ഓര്‍ത്താല്‍ അവനിയില്‍ ആദിമമായ ഒരു ആത്മരൂപം.' ശുദ്ധതത്വബോധമാണ് അത്. ശുദ്ധമായ ആത്മീയതയുടെ സ്വരമാണ് അവിടെ മുഴങ്ങുന്നത്. അവനെന്നും ഇവനെന്നും ഒക്കെ ഭിന്നഭിന്നമായി അറിയുന്നത് ആദിമമായ ആത്മസ്വരൂപമാണ്, ഏകമായ ഒന്നാണ്. അതുകൊണ്ടാണ് അവനവനാത്മ സുഖത്തിന് ചെയ്യുന്നത് അന്യനും സുഖം ചെയ്യണം എന്ന് പറയുന്നത്. ഗുരുവിന്‍റെ സാമൂഹ്യദര്‍ശനം ഉറപ്പിച്ചിരിക്കുന്നത് ആത്മീയതയിലാണ്. മറ്റ് സാമൂഹ്യ ദര്‍ശനങ്ങളുടെ അടിസ്ഥാനം മനുഷ്യ ചരിത്രമാണ്, ഭൗതിക നിയമങ്ങളാണ്. ഗുരുദര്‍ശനത്തിന്‍റെ അടിസ്ഥാനം പ്രപഞ്ചത്തിന്‍റെ ചരിത്രമാണ്. പ്രപഞ്ചത്തിന്‍റെ പരമമൂല്യമാണ്. ഗുരു ആത്മാവിനെപറ്റി പറയാനല്ല ആത്മോപദേശശതകം എഴുതിയത്.


         ഗുരുവിന്‍റെ സാമൂഹ്യദര്‍ശനത്തെ അതായത് ഗുരുവിന്‍റെ Social vision ക്കുറിച്ച് വളരെ സംക്ഷിപ്തമായിട്ടാണ് ഞാനിവിടെ ഈ പ്രബന്ധത്തില്‍ പറഞ്ഞിട്ടുള്ളത്. ഗുരുവിന്‍റെ കൃതികളില്‍ വച്ച് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരുപക്ഷേ ഗുരുവിന്‍റെ ആത്മീയസുവിശേഷം എന്ന് വിശേഷിപ്പിക്കാവുന്ന ആത്മോപദേശശതകത്തിലെ ഏറ്റവും പ്രസക്തമായ 24-ാമത്തെ ശ്ലോകം ഉദ്ധരിച്ചുകൊണ്ടാണ് അത് തെളിയിച്ചിരിക്കുന്നത്. ഗുരുവിന്‍റെ സാമൂഹ്യദര്‍ശനത്തിന് ലോകത്തിലുണ്ടായിട്ടുള്ള മറ്റു സാമൂഹ്യദര്‍ശനങ്ങളില്‍ നിന്നുള്ള വ്യത്യാസവും ഞാന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. മാര്‍ക്സിസം തുടങ്ങിയിട്ടുള്ള ഈ സാമൂഹ്യ ദര്‍ശനങ്ങളെ പറ്റി പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും, മാര്‍ക്സിന്‍റെ dialectic എന്നു പറയുന്നത് ഭൗതിക നിയമങ്ങളുടെ dialectic ആണ്.   

                 വര്‍ഗ്ഗ സമരത്തിന്‍റെ ഡയലസ്റ്റിക്കാണ്. പക്ഷേ ഗുരുവിന്‍റെ ഡയലസ്റ്റിക് നമുക്ക് സൂ ക്ഷ്മമായിട്ടു നോക്കിയാലറിയാം അ റിവും അറിവിലുമേറിയ അറിവും തമ്മിലുള്ള ഡയലസ്റ്റിക്കാണ് ശ്രീനാരായണഗുരു തന്‍റെ Social vision നു വേണ്ടി അടിസ്ഥാനപരമായി സ്വീകരിച്ചിട്ടുള്ളത്. ഗുരുവിന്‍റെ സാമൂഹ്യദര്‍ശനം ആത്മീയതയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ആത്മോപദേശശതകത്തിലെ 24- മത്തെ ശ്ലോ കം ചൂണ്ടി കാണിക്കുന്നുണ്ട്.

(ശിവഗിരി തീര്‍ത്ഥാടനം: സിംപോസിയത്തില്‍ അവതരിപ്പിച്ച പ്രബന്ധം)