പരീക്ഷണം ഗുരുവിനോട് മാത്രമോ?

സ്വാമി ത്രിരത്നതീര്‍ത്ഥര്‍ 


         നിങ്ങള്‍ മറ്റുള്ളവരോട് വിട്ടുവീഴ്ചക്കൊരുങ്ങുമ്പോള്‍ അത് വീഴ്ചയായി തെറ്റിദ്ധരിക്കുവാന്‍ ഇടയാകരുത്. അറബിക്കഥകളില്‍ ഇങ്ങനെയൊരു കഥയുണ്ട്. ഒരു അറബി മരുഭൂമിയിലൂടെ യാത്ര തിരിച്ചു. രാത്രിയുടെ മൂന്നാംയാമം കഴിഞ്ഞപ്പോള്‍ ശൈത്യം അധികരിച്ച് തുടങ്ങി. അതിനാല്‍ തല്കാലം യാത്ര നിര്‍ത്തിവച്ച് ഒരു കൂടാരം കെട്ടി അറബി അതിനുള്ളില്‍ തങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന ഒട്ടകം അറബിയോട് ചോദിച്ചു.'യജമാനനേ തണുപ്പ് അസഹ്യ മായിരിക്കുന്നു. എന്‍റെ ശിരസെങ്കിലും കൂടാരത്തിന് അകത്ത് കടത്തുവാന്‍ അങ്ങ് അനുവദിക്കുമോ?' ശുദ്ധനായ അറബി ഒട്ടകത്തിന്‍റെ അപേക്ഷയെ മാനിച്ച് അതിന് അനുമതി നല്‍കി. അനന്തരം യജമാനനെ പുറത്താക്കി ഒട്ടകം അകത്തു കയറിക്കൂടുകയാണുണ്ടായത്. ഇവിടെ അറബി കാണിച്ച വിട്ടുവീഴ്ചയെ ഒട്ടകം വീഴ്ചയായി കാണുകയായിരുന്നു. കാരണം അത് മൃഗമായതിനാല്‍ അതിനു മനുഷ്യനെപ്പോലെ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുപോലെ, മൃഗസമാനരായ ഇത്തരം സഹോദരന്മാര്‍ നമ്മുടെ ഇടയിലുമുണ്ട്. അവരോട് അല്പം ഔദാര്യം കാണിച്ചാല്‍ അത് നമ്മുടെ ദൗര്‍ബല്യമായി തെറ്റിദ്ധരിക്കും. സ്വാര്‍ത്ഥത അതിര് കടക്കുമ്പോഴാണ് ഇത്തരം മൃഗീയ ചിന്ത ഇവരെ വേട്ടയാടുന്നത്. അങ്ങനെയാണ് അവരതില്‍ വീണുപോകുന്നത്.  ഔദാര്യം വിവേകികളോട് കാണിക്കുക. ജീവിതത്തില്‍ എന്നും അവര്‍ ഉപകാരസ്മരണയുള്ള വരായിരിക്കും. നമ്മുടെ ജീവിതത്തില്‍ ഇത്തരം വിവേകികളേയും അവിവേകികളേയും തിരിച്ചറിയാന്‍ കഴിയുന്നതിലൂടെ ഒരു പരിധിവരെ ഭാവിജീവിതം അനായാസകരമായിത്തീരുന്നു.


          അവിവേകികളുടെ ഗണത്തില്‍പ്പെട്ട ഒരു സഹോദരനെ നമുക്ക് പരിചയപ്പെടാം. ആളൊരു സഞ്ചാരിയാണ്. കൂടാതെ സന്ന്യാസിയുമാണ്. വടക്കേ ഇന്ത്യയിലെ ധാരാളം ആശ്രമങ്ങളും, ക്ഷേത്രങ്ങളും, തീര്‍ത്ഥസ്ഥാനങ്ങളുമൊക്കെ നല്ല പരിചയമുള്ളയാളാണ്. പക്ഷേ എന്തു കാര്യം? എത്ര യാത്ര ചെയ്തിട്ടും ഇയാളുടെ വാസനകള്‍ ശമിച്ചില്ല. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ സന്ന്യാസം ഉപേക്ഷിച്ചു ഗൃഹസ്ഥാശ്രമിയായി. എന്നിട്ടും ഗ്രഹപ്പിഴ ഒടുങ്ങിയി ല്ല. സ്വന്തം ഭാര്യ തന്നെ തലവേദനയായി മാറി. അങ്ങനെ വീട്ടിലും ഇയാള്‍ അസ്വസ്ഥനായി. സന്ന്യാസത്തെ ത്യജിച്ചതുകൊണ്ട് ബന്ധുക്കളും പരിചയക്കാരും ഇയാളെ അടുപ്പിക്കാറുമില്ല.

         മുങ്ങിച്ചാവാന്‍ തുടങ്ങുമ്പോള്‍ കച്ചിത്തുരുമ്പില്‍ പിടികിട്ടിയാല്‍ അതില്‍ അള്ളിപ്പിടിക്കുംപോലെ, വീട്ടിലും നാട്ടിലും ഒരുപോലെ നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ ഇയാള്‍ വല്ല ആശ്രമങ്ങളിലും അഭയം പ്രാപിക്കുകയാണ് പതിവ്. വീട്ടില്‍ അനുകൂല സ്ഥിതി ഉണ്ടാകും വരെയാണ് ആശ്രമങ്ങളില്‍ തങ്ങുക. ആശ്രമത്തില്‍ നില്‍ക്കുമ്പോഴും മൃഗീയമായ ചിന്ത ഇയാളെ വേട്ടയാടിക്കൊണ്ടിരുന്നു. ആദ്യമൊക്കെ തനിക്ക് സന്ന്യാസിയായി തുടരാന്‍ കഴിഞ്ഞില്ല എന്ന സങ്കടമായിരുന്നു. ക്രമേണ അത് അപകര്‍ഷതാബോധമായി രൂപാന്തരപ്പെട്ടു. അങ്ങനെയാണ് അയാള്‍ അവിവേകിയുടെ ഗണത്തില്‍ പെട്ടു പോയത്. 


         ഓരോ പ്രാവശ്യം വീട് വിട്ട് ഇറങ്ങേണ്ടിവരുമ്പോഴും മറ്റുള്ളവരോട് ഇയാള്‍ക്ക് ഓരോരോ ന്യായീകരണങ്ങള്‍ പറയുവാനുണ്ടാവും. അതില്‍ അയാള്‍ സമര്‍ത്ഥനുമാണ്. മുമ്പ് നിന്ന ആശ്രമങ്ങളില്‍ പിന്നീട് ചെന്നാല്‍ അയാളെ ആരും നിര്‍ത്താറില്ല. അങ്ങനെ ഓരോ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതിനിടയിലാണ് അരുവിപ്പുറത്ത് ക്ഷേത്രവും മഠവുമുണ്ടെന്നറിഞ്ഞത്. അവിടുത്തെ ആശ്രമാധിപതിയായ നാരായണഗുരുവിനെത്തന്നെ കണ്ടുകളയാം എന്നു കരുതി യാത്രപുറപ്പെട്ടു. ഗുരു സ്വാമികളെ ചെന്നുകണ്ടു. തല്കാലം താമസിക്കാന്‍ അനുവാദം ലഭിച്ചു. ഗുരുസ്വാമികള്‍ ഒരസാധാരണ വ്യക്തിയാണെന്ന് അറിഞ്ഞതിനാല്‍ ഇയാള്‍ ഒരു മഹാഭക്തനായിട്ടാണ് അവിടെ രംഗപ്രവേശം ചെയ്തത്. തുടക്കത്തില്‍ തന്നെ ആശ്രമത്തിലെ അന്തേവാസികളേയും നാട്ടുപ്രമാണിമാരേയും ഈ മഹാഭക്തന്‍ ഇഷ്ടക്കാരാക്കിയെടുത്തു. പിന്നീട് ദിവസങ്ങളോളം ഗുരുവിന്‍റെ ദൗര്‍ബല്യങ്ങള്‍ എന്താണെന്നറിയാന്‍ നിരീക്ഷിച്ചുമിരുന്നു. അന്വേഷണ ത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ഇയാള്‍ തന്‍റെ ലോകപരിചയം ഗുരുസ്വാമികളുടെ അ ടുക്കല്‍ പ്രകടിപ്പിക്കാനുള്ള അവസരവും കാത്തിരുന്നു.ഒരുനാള്‍ അതിനുതക്ക സന്ദര്‍ഭവും വന്നു ചേര്‍ന്നു.


         പ്രഭാതത്തില്‍ ഗുരു ഏകാന്തനായി ഇരിക്കുന്നു. ഇതുതന്നെ പറ്റിയ സന്ദര്‍ഭം. ഗുരുസന്നിധിയിലെത്തി അയാള്‍ വണങ്ങിനിന്നു. തുടര്‍ന്ന് അതീവഭവ്യതയോടെ ഒരു കാര്യം ഉണര്‍ത്തിക്കാനുണ്ടെന്നറിയിച്ചു. ഗുരു ചോദ്യകര്‍ത്താവിനെ നോക്കി. അപ്പോള്‍ അയാള്‍ ഇങ്ങനെ ഉണര്‍ത്തിച്ചു. 'വടക്കേ ഇന്ത്യയിലുള്ള ആശ്രമങ്ങളിലെല്ലാം ഗുരു ശിഷ്യന്മാരുമൊത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇവിടെ സ്വാമികളും ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോഴെങ്കിലും അങ്ങനെ ഒരവസരമൊരുക്കിയാല്‍ വളരെ നന്നായിരുന്നു'.  ഗുരു അനുകൂലമായോ പ്രതികൂലമായോ ഒന്നും ഉരിയാടിയില്ല. എങ്കിലും മൗനം സമ്മതമെന്നുകരുതി ഭക്തന്‍ തിരുസന്നിധിയില്‍ നിന്ന് വിടവാങ്ങി. അന്ന് ഉച്ചയൂണിന് ഗുരു ഊട്ടുപുരയിലെത്തി എല്ലാവരുമൊത്ത് ഭക്ഷണം കഴിച്ചു. ആ രംഗം കണ്ട് നമ്മുടെ ഭക്തന്‍ വളരെ സന്തോഷിച്ചു. ഇനിമുതല്‍ തന്‍റെ ലോകപരിജ്ഞാനത്തില്‍ സ്വാമികള്‍ക്ക് നല്ല മതിപ്പ് ഉളവായിക്കൊള്ളുമെന്ന് സ്വയം സമാധാനിച്ചു. അങ്ങനെ ആ ഭക്തന്‍റെ വിലപ്പെട്ട ദിവസം കടന്നുപോയി. പിറ്റേന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കുന്നതിന് കുറച്ച് മുമ്പ് ഗുരു സ്വാമികള്‍ കൊടിതൂക്കി മലയിലേക്ക് കയറിപ്പോയി. വളരെ സമയം കഴിഞ്ഞ് ഗുരു തിരിച്ചെത്തി. എന്നിട്ട് ആ ഭക്തനെ വിളിച്ചു വരുത്തി ഗുരു പറഞ്ഞു. ' എന്താ ഇനി നമുക്ക് ഊണ് കഴിക്കാമല്ലോ?' അപ്പോള്‍ ആ ഭക്തന്‍ ഇങ്ങനെ മറുപടി പറഞ്ഞു: 'ഊണ് കഴിക്കുന്ന സമയത്ത് സ്വാമികളെ അന്വേഷിച്ചിരുന്നു. കാണാതെ വന്നപ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചു' . അപ്പോള്‍ ഗുരു ഇങ്ങനെ അരുള്‍ ചെയ്തു. ' ഗുരുവിനെ പരീക്ഷിച്ചാല്‍ മാത്രം പോര, ശിഷ്യനേയും പരീക്ഷിക്കണം.'
         തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വാമികള്‍ തന്‍റെ നിര്‍ദ്ദേശം പാലിക്കപ്പെട്ടതായി കണ്ടില്ല. അത് ആ മഹാഭക്തനെ അപമാനിതനാക്കിത്തീര്‍ത്തു. എങ്കിലും തോറ്റു കൊടുക്കാന്‍ തയ്യാറായില്ല. അതിനു പറ്റിയ മറ്റൊരവസരം കാത്തിരുന്നപ്പോഴാണ് ഇടിവെട്ടിയവനെ പാമ്പു കടിച്ചപോലെ ആ രംഗം കണ്ടത്! ഭക്തന്‍റെ ഭാര്യ ഗുരുസന്നിധിയില്‍ നില്‍ക്കുന്നു. എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്. പൊടുന്നനേ അയാള്‍ എന്തോ ചിന്തിച്ചുറപ്പിച്ചു. യാത്രക്കുള്ള അനുവാദം ചോദിക്കുന്നതിനു വേണ്ടി ഗുരുസന്നിധിയില്‍ എത്തി.എങ്കിലും ആ സ്ത്രീയുടെ രൂക്ഷമായ നോട്ടത്തിന് മുമ്പില്‍ അയാള്‍ ചൂളിപ്പോയത് നിമിത്തം, ഗുരുവിന്‍റെയടുക്കല്‍ ഒന്നുമുണര്‍ത്തിക്കുവാന്‍ കഴിഞ്ഞില്ല. അനന്തരം ആ ഭക്തന്‍ ഗുരുവിന്‍റെയടുക്കല്‍ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഗുരു വളരെ ശാന്തമായി ഉപദേശിച്ചത് അച്ഛന്‍ കുട്ടിയോടെന്ന വിധമായിരുന്നു. പക്ഷെ ഭക്തന്‍ ഇങ്ങനെയൊരു പ്രതികരണം ആയിരുന്നില്ല ഗുരുവില്‍ നിന്നും പ്രതീക്ഷിച്ചത്? കഷ്ടം! എത്രപെട്ടെന്നാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. സ്വാമിക ളുടെസിദ്ധിമൂലമായിരിക്കുമോ ഇങ്ങനെയൊക്കെ സംഭവിച്ചത്. എത്ര ആലോചിച്ചിട്ടും ഭക്തന് ഒരെത്തും പിടിയും കിട്ടിയില്ല. അയാള്‍ തിരിഞ്ഞു നോക്കാതെ വേഗം നടന്നു മറഞ്ഞു.


         ഇവിടെ, വിട്ടുവീഴ്ചയുടേയും വീഴ്ചയുടേയും ഫലം ഒന്നുതന്നെയെങ്കിലും വിട്ടുവീഴ്ച ചെയ്യുമ്പോള്‍ അത് അസ്ഥാനത്തായിരുന്നുകൂടാ. അഥവാ അങ്ങനെ സംഭവിച്ചാല്‍ പ്രതികരണം മോശമെങ്കിലും സ്വയം കണ്ടില്ലെന്നു നടിക്കുക. അവനവന്‍റെ കുടുംബവിഷയത്തില്‍ ഇങ്ങനെ സ്വയം തോറ്റു കൊടുക്കുന്നത് മറ്റുള്ളവരാല്‍ തോല്‍പ്പിക്കപ്പെടുന്നതിലും എത്രയോ ഭേദമാണ്. എപ്പോഴും എന്തിനും ജയിക്കണമെന്ന മനോഭാവം വെടിഞ്ഞ് അറിഞ്ഞുകൊണ്ട് തോറ്റുകൊടുത്താല്‍ നമ്മെ മഥിക്കുന്ന പല പിരി മുറുക്കങ്ങളും അയഞ്ഞു സ്വയം ഇല്ലാതായിക്കൊള്ളും. പക്ഷേ എന്തു ചെയ്യാം? അന്ത്യനാളുകളിലേ ഇത്തരം വിവേകം ഉദിച്ചുകാണുന്നുള്ളൂ.


         വിവേകികളെ തിരുത്തുവാന്‍ എക്കാലത്തും അവിവേകികള്‍ ശ്രമിച്ചു വരുന്നത് സ്വാഭാവികം. അതിനാല്‍ എന്തുപറയുന്നു എന്നല്ല ആരു പറഞ്ഞു എന്നു മാത്രമേ അവിവേകികള്‍ ശ്രദ്ധിക്കാറുള്ളൂ. ഉപദേശിക്കുന്നവന് അപ്രകാരം പറയുന്നതിന് അധികാരം ഉണ്ടോ എന്ന് മാത്രമേ ആ അന്വേഷണം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ആ ഉറപ്പാകട്ടെ തങ്ങള്‍ക്കു വേണ്ടിയല്ല എ ന്നതും ഒരു തമാശയാണ്. എന്നാല്‍ വി വേകികളാകട്ടെ, സ്വാഭാവികമായും ആരു പറഞ്ഞു എന്നല്ല, എന്തുപറയുന്നു എന്നാണ് തിരക്കുന്നത്. അത് മറ്റുള്ളവരുടെ അംഗീകാരത്തിന് ഉപരി സ്വയം ഉറപ്പുവരുത്തുന്നു. ഗുരുക്കന്മാര്‍ പൊതുവേ ലോകരുടെ പരിമിതികളെ ഉള്‍ക്കൊണ്ട് അവരുടെ നിലവാരത്തിലേക്ക് ഇറങ്ങിവന്ന് അവരോടൊപ്പം നിന്ന് വഴി തെളിക്കുന്നു. അതുകൊണ്ടാണ് അധികാരഭേദമനുസരിച്ച് ഗുരുക്കന്മാര്‍ സംവദിക്കുന്നുവെന്ന് പറയുന്നത്. ഇക്കാരണത്താലാണ് ഗുരു ഒരുദിവസത്തെ ഇടവേള നല്‍കി ഭക്തനെ കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിച്ചത്. ഇവിടെ ഗുരു വിന്‍റെ സ്ഥാനത്ത് ആചാര്യനായിരുന്നു വെങ്കില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ പ്രതികരിക്കുമായിരുന്നു. അഗ്നിസമാനരായ ആചാര്യന്മാര്‍ ചോദ്യകര്‍ത്താവി നോട് ആദ്യം തങ്ങളുടെ യോഗ്യത തെളിയിക്കുവാന്‍ ആവശ്യപ്പെടുമായി രുന്നു. പൂര്‍വ്വാശ്രമത്തില്‍ സന്ന്യാസി യും പിന്നീട് ഗൃഹസ്ഥനുമായ ഒ രാള്‍ക്ക്, ഒരു മഹാസന്ന്യാസിയുടെ യോഗ്യത തെളിയിക്കപ്പെടണമെന്ന് ആവശ്യപ്പെടാന്‍ യാതൊരു അവകാശ വുമില്ല. അതിനവസരം ആചാര്യന്മാര്‍ കൊടുക്കാറുമില്ല. എന്നാല്‍ ഗുരുക്ക ന്മാര്‍ കൃപാസാഗരമാണ്. നമ്മുടെ ഭക്തന്‍റെ നിലവാരത്തിലേക്ക് ഗുരു ഇറങ്ങി വന്ന് അയാള്‍ക്ക് മനസ്സിലാ കുന്ന വിധത്തില്‍ അവസരമൊരുക്കി ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിച്ചത് ഇതു കൊണ്ടത്രേ!