മാര്‍ഗ്ഗദീപമാകേണ്ട ഗുരുദര്‍ശനം
ഡോ.എം.കെ. രാമചന്ദ്രന്‍ നായര്‍
(വൈസ് ചാന്‍സിലര്‍, കേരള യൂണിവേഴ്സിറ്റി)
പുരോഗതിയിലേക്കുള്ള മാറ്റം അറിവിന്‍റെ ആദ്യ അക്ഷരങ്ങളിലൂടെയാണ്. ആ പാത ഒരുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം നിര്‍വഹിക്കുന്നത്. സാമൂഹ്യനീതി കൈവരിക്കുവാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം വിദ്യാഭ്യാസമാണ്. കാലഘട്ടത്തിന്‍റേയും പുരോഗതിയുടേയും ആവശ്യാനുസരണം പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചുകൊണ്ട് അറിവിന്‍റെ ലോകം സാര്‍വ്വത്രികമാക്കുവാനും അതുവഴി സാമൂഹ്യജീവിതത്തിനും സാമൂഹ്യസുരക്ഷിതത്വത്തിനും ഒരു പുത്തന്‍ ഉണര്‍വ് നേടി എടുക്കുവാനും ശ്രീനാരായണഗുരുദേവന്‍റെ നാമധേയത്തില്‍ സ്ഥാപിതമായിട്ടുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു എന്നത് നമുക്ക് സന്തോഷകരം തന്നെയാണ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് പ്രാപ്തമായതോടെയാണ് കേരളത്തിലെ സാമൂഹ്യവ്യവസ്ഥകള്‍ മെച്ചപ്പെട്ടതും ക്രൂരമായ ജാതിവ്യവസ്ഥകള്‍ തകര്‍ച്ചയില്‍ എത്തിയതും. നീതി നിഷേധിക്കപ്പെട്ട ജനങ്ങള്‍ക്കു അവ ലഭ്യമാക്കുവാന്‍ വിദ്യാഭ്യാസമേഖലകള്‍ നല്‍കിയ സഹായങ്ങള്‍ ഏറ്റവും ചെറുതല്ല. മാനസികവും സാമൂഹികവും സാമ്പത്തികവുമായി മുന്നേറാന്‍ ഉന്നതവിദ്യാഭ്യാസം ഒരുക്കുന്ന പന്ഥാവ് മറ്റ് ഏതൊരു മാര്‍ഗ്ഗത്തെക്കാളും ഉത്തമമാണ്. സാമൂഹ്യനീതി കൈവരിക്കുവാന്‍ വിദ്യാഭ്യാസമെന്ന മാര്‍ഗ്ഗം പരക്കെ അംഗീകരിക്കപ്പെട്ടതാണെങ്കിലും അതിന്‍റെ ലഭ്യതയും കൈവരിക്കലും നീതിയു ക്തമാകേണ്ടതുണ്ട്. സാമ്പത്തിക പരിഗണനകളോ പരിമിതികളോ മൂലം ഉന്നതവിദ്യാഭ്യാസമേഖല പലര്‍ക്കും ഇന്ന് ഒരു കിട്ടാക്കനിയായി തീര്‍ന്നിട്ടുണ്ട്.
പ്രൈമറി വിദ്യാഭ്യാസവും സെക്കന്‍ററി വിദ്യാഭ്യാസവും കേരളത്തില്‍ കുറേയൊക്കെ സാര്‍വ്വത്രികമായിട്ടുണ്ടെങ്കില്‍പ്പോലും ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ കേരളം ഇന്നു വളരെ പിന്നിലാണ്. അര്‍ഹതപ്പെട്ട ആളുകളുടെ 9% ത്തിന് മാത്രമേ ഉന്നതവിദ്യാഭ്യാസമേഖല ഇതുവരെ പ്രാപ്തമായിട്ടുള്ളൂ. ഇന്നത്തെ വിദ്യാഭ്യാസത്തിന്‍റെ പ്രധാനലക്ഷ്യം, ഇത് കൈവരിച്ചവരെ ലോകത്തെ വെല്ലുവിളികളെയും മത്സരത്തെയും അഭിമുഖീകരിക്കുവാന്‍ സജ്ജമാക്കി തീര്‍ക്കുക എന്നതാണ്. പലതരത്തിലുള്ള പ്രോത്സാഹനങ്ങളും സ്കോളര്‍ഷിപ്പുകളും സമ്മാനപദ്ധതികളും വിദ്യാഭ്യാസവായ്പാപദ്ധതിയും ജോലിയോടൊപ്പം തൊഴില്‍ എന്ന രീതിയും ഒക്കെ വിദ്യാഭ്യാസലഭ്യതയ്ക്കു ഒരു പരിധിവരെ ആശ്വാസം നല്‍കുമെന്നേയുള്ളൂ. നിര്‍മ്മാണപ്രവര്‍ത്തന വികസനങ്ങള്‍ക്കും നിത്യനിര്‍വഹണകാര്യങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസമേഖലകള്‍ അനുവദിച്ചുതരാന്‍ ആകില്ല എന്നുള്ള സത്യം നാം കാണുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസചെലവ് വഹിക്കാന്‍ മറ്റുസ്ഥാപനങ്ങളും സ്വകാര്യവ്യക്തികളും മുന്നോട്ട് വരേണ്ടതുണ്ട്. വിദ്യാഭ്യാസ അവസരങ്ങളുടെ ലഭ്യതയോടൊപ്പം പ്രാധാന്യമുള്ളതാണ് അവസരങ്ങള്‍ ഒരുക്കുന്ന കഴിവുറ്റ സ്ഥാപനങ്ങളുടെ ലഭ്യതയും. തുടരെത്തുടരെയുള്ള ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരുണത്തിലാണ് പ്രസക്തമാകുന്നത്. കൂടുതല്‍ വിദ്യാഭ്യാസ അവസരങ്ങള്‍ ഒരുക്കുവാന്‍ ഇത്തരം സ്ഥാപനങ്ങള്‍ അനിവാര്യവുമാണ്.
സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ശാപമാണോ അനുഗ്രഹീതമാണോ, നന്മയാണോ, തിന്മയാണോ സമൂഹത്തോടുള്ള വെല്ലുവിളിയാണോ എന്ന ചോദ്യങ്ങള്‍ ഇന്നു സര്‍വ്വസാധാരണമായിരിക്കുന്നു. ധാര്‍മ്മികബോധവും മൂല്യബോധവും സേവനസന്നദ്ധതയും ഉള്ളവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ തീര്‍ച്ചയായും അനുഗ്രഹങ്ങള്‍ ആകാതെ വയ്യ. ലാഭേച്ഛ ലക്ഷ്യമാക്കുന്ന സ്ഥാപനങ്ങള്‍ തീര്‍ച്ചയായും ശാപമാകാതെയും വയ്യ. അപ്പോള്‍ പ്രശ്നം ആത്യന്തികമായി മനോഭാവത്തിന്‍റേതാണ്. മൂല്യങ്ങളുടേതാണ്. മൂല്യബോധത്തില്‍ അധിഷ്ഠിതമല്ലാത്ത വിദ്യാഭ്യാസത്തിന്‍റെ അപകടത്തെക്കുറിച്ച് വളരെ മുന്‍പേ നമുക്ക് മുന്നറിയിപ്പ് നല്‍കിയത് ശ്രീനാരായണഗുരുദേവനാണ്. സാമൂഹ്യനീതിബോധമില്ലാത്ത സമൂഹത്തോട് യാതൊരു ബാധ്യതയുമില്ലാത്ത മൂല്യരഹിതമായ വിദ്യാഭ്യാസത്തെ മറ്റ് ഏതിനെക്കാളും വെറുത്ത ആ മഹാത്മാവിന്‍റെ വീക്ഷണം ഈ കാര്യത്തിലും നമുക്ക് മാര്‍ഗ്ഗദര്‍ശനം ആകേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ച് അതിന്‍റെ വിതരണ പ്രസരണ രംഗത്ത് ശ്രീനാരായണദര്‍ശനങ്ങള്‍ നമുക്ക് മാര്‍ഗ്ഗദര്‍ശനമാകേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.
വിദ്യാഭ്യാസത്തില്‍ കൂടി നേട്ടങ്ങള്‍ കൈവരിക്കുകയും ഒട്ടൊക്കെ സാമൂഹ്യസുരക്ഷിതത്വം നേടുവാന്‍ കഴിയുകയും ചെയ്തവര്‍, തങ്ങള്‍ കൈവരിച്ച ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുവാന്‍ വേണ്ടി യത്നിക്കുന്നുണ്ടോ.? അങ്ങനെ ഒരു നീതിബോധം അവര്‍ കാണിക്കുന്നുണ്ടോ. ഒരു പ്രദേശത്തിന്‍റെ ഒരു രാജ്യത്തിന്‍റെ വികസനം എന്ന് പറയുന്നത് ഉല്പാദനരംഗത്ത് സൃഷ്ടിക്കുന്ന വിഭവങ്ങള്‍ പൊതുവായി എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യമായി വിതരണം ചെയ്തുകൊടുക്കുന്ന ഒരു പ്രക്രിയയാണ്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍, അവര്‍ നേടിയിട്ടുള്ള സ്വത്തിന്‍റെ ഒരു ഭാഗം ചുറ്റിനുമുള്ള നിര്‍ദ്ധനര്‍ക്കു വിതരണം ചെയ്തു അവരെ സഹായിക്കുന്നുണ്ടോ? ഈ കാര്യത്തില്‍ നമുക്ക് സംശയം ഉണ്ട്. ആശങ്കകളും ഉണ്ട്. ആ നിലവാരത്തില്‍ എത്തിപ്പെടാത്ത പിന്നോക്കാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ജനസമൂഹത്തിനു കൂടി പ്രയോജനപ്പെടുന്ന വിധത്തിലുള്ള ചിന്ത നമ്മുടെ സമൂഹത്തില്‍ ശക്തിപ്പെടേണ്ടതല്ലേ. പൂര്‍ണ്ണമായി അല്ലെങ്കില്‍പ്പോലും സാമൂഹ്യനീതി കുറേയൊക്കെ കൈവരിക്കുവാന്‍ വിദ്യാഭ്യാസം നമ്മെ സഹായിച്ചിട്ടുണ്ട് എന്നു തന്നെയാണ് എന്‍റെ ദൃഢവിശ്വാസം. ഈ നേട്ടങ്ങളാണ് നമ്മുടെ അടിത്തറയും അടിസ്ഥാനവും.
സാമൂഹ്യനീതിയിലേക്ക് എത്തിച്ചേരുവാന്‍ ഗുരുദേവന്‍റെ ദര്‍ശനങ്ങള്‍ നമുക്ക് എന്നും വഴികാട്ടിയായി മുന്നിലുണ്ട്. ശ്രീനാരായണഗുരുദേവനും അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളും അതിനൊരു ഉത്തമമാര്‍ഗ്ഗമായിട്ടാണ് ഞാന്‍ കാണുന്നത്. ആ ദര്‍ശനങ്ങളിലൂടെയും മാര്‍ഗ്ഗങ്ങളിലൂടെയും മുന്നോട്ട് പോകേണ്ടതാണ്. ഗുരുക്കന്‍മാരിലൂടെ മുന്നോട്ട് പോയില്ലായിരുന്നുവെങ്കില്‍ നാം ഗുഹകളില്‍ നിന്ന് പുറത്ത് വരില്ലായിരുന്നു. ഒന്നാംക്ലാസ്സിന് അപ്പുറം എത്തില്ലായിരുന്നു. ഗുരുവിനോടൊത്ത് മുന്നോട്ട് പോയി എന്നതാണ് കേരളീയരുടെ പുണ്യം. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ഉള്ള ഉദ്ബോധനം നമ്മുടെ സാമൂഹ്യനീതി ലഭ്യതയുടെ നിലവാരം വളരെ ഉയര്‍ത്തി എന്നുള്ളതിന് യാതൊരു സംശയവുമില്ല. ആ ദിശയിലേക്കുള്ള നേട്ടങ്ങള്‍ക്കു കൂടുതല്‍ ആക്കം കൂട്ടുവാനുള്ള പ്രവര്‍ത്തനവും പ്രോത്സാഹനവും നല്‍കുവാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വ്യാപരിക്കുന്ന കേരളമാതൃക സര്‍വ്വകലാശാല എന്നും പ്രതിജ്ഞാബദ്ധമാണ്. ആ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍വ്വകലാശാല കാലാകാലങ്ങളില്‍ അതിന്‍റെ പരിമിതിക്കുള്ളില്‍ നിന്നാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
സ്വാശ്രയമേഖലയില്‍ കൂടുതല്‍ തുക മുടക്കി പഠിക്കുവാന്‍ കഴിയാത്തവര്‍ വളരെയധികമാണ്. Information Technology, Communication Technology, Bio Technology, Nano Technology തുടങ്ങിയ മേഖലകളില്‍ നമ്മുടെ ഗവണ്‍മെന്‍റിന്‍റെ സ്ഥാപനങ്ങള്‍ക്കും ഗവണ്‍മെന്‍റ് സഹായം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലാണ് സ്വാശ്രയസ്ഥാപനങ്ങളുടെ പ്രസക്തി. പക്ഷെ ആ സ്വാശ്രയസ്ഥാപനങ്ങളിലൊക്കെ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കു എത്തിപ്പെടാന്‍ കഴിയാത്ത ദുഃഖകരമായ ഒരു അവസ്ഥ ഇന്ന് നിലവിലിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളസര്‍വ്വകലാശാല പ്രത്യേകിച്ചും ഈ പുതിയ വൈജ്ഞാനിക മേഖലകളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അമിതമായ ഫീസ് ഇല്ലാതെ പഠിക്കുവാന്‍ ഉള്ള സാഹചര്യങ്ങള്‍ നേരിട്ട് ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു സമൂഹത്തിലെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രത്യേകിച്ചും കേരള സര്‍വ്വകലാശാലയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിപോയിട്ടുള്ള വ്യക്തികളേയും ആ വ്യക്തികള്‍ക്കു സ്വാധീനമുള്ള സ്ഥാപനങ്ങളേയും പങ്കാളികളാക്കാനുള്ള ഒരു പദ്ധതി കേരളസര്‍വ്വകലാശാല ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുദേവ ദര്‍ശനങ്ങളും ആശയങ്ങളും സര്‍വ്വകലാശാലയുടെ ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ എ ന്നും നയിച്ചിട്ടുണ്ട്. സമൂഹത്തിന്‍റെ ഉന്നതിക്കും ആരോഗ്യത്തിനും പുരോഗതിക്കും ഗുരുദേവന്‍റെ ദര്‍ശനം മാര്‍ഗ്ഗദീപമായിത്തീരട്ടെ.
(ശിവഗിരിതീര്‍ത്ഥാടന പ്രഭാഷണത്തില്‍ നിന്ന്)