നവോത്ഥാനവും പുനരുജ്ജീവന വാദവും
ഡോ.എന്‍.വി.പി.ഉണിത്തിരി
ഇംഗ്ലീഷില്‍ റിനൈസാന്‍സ് (Renaissance)എന്നും റിവൈവലിസം (Revivalism) എന്നുമുള്ള വാക്കുകളുടെ വിവര്‍ത്തനങ്ങളായാണ് നവോത്ഥാനമെന്നും പുനരുജ്ജീവനവാദമെന്നും നാം മലയാളത്തില്‍ പറയുന്നത്. റിവൈവലിസത്തിന് പുനരുദ്ധാരണ വാദം, പുനരുത്ഥാനവാദം എന്നും മറ്റും പരിഭാഷകളുണ്ടെങ്കിലും പുനരുജ്ജീവനവാദം എന്നാണ് കൂടുതല്‍ യുക്തമെന്ന് എനിക്കു തോന്നുന്നു. കാരണം, പഴയതിനെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരണമെന്ന ചിന്താഗതിയാണത്. പുനരുത്ഥാനമെന്നാല്‍ പിന്നെയും ഉണര്‍ന്നെഴുന്നേക്കല്‍ എന്നേ അര്‍ത്ഥം കിട്ടൂ.
യൂറോപ്പില്‍ 16-ാം നൂറ്റാണ്ടിലാണ് നവോത്ഥാനം സംഭവിക്കുന്നത്. ഇന്ത്യയിലാകട്ടെ അതിനു സമാനമായ ഒരു പുത്തനുണര്‍വ് ഉണ്ടാകുന്നതിന് കളമൊരുക്കിയ പ്രസ്ഥാനം 19-ാം നൂറ്റാണ്ടില്‍ മാത്രമേ ഉദയം ചെയ്യുന്നുള്ളൂ. ക്രി. മു. 6-5 നൂറ്റാണ്ടുകളില്‍ ബുദ്ധകാലഘട്ടത്തിലും ക്രി. പി. 14- 16 നൂറ്റാണ്ടുകളില്‍ സൂഫിസത്തിന്‍റേയും ഭക്തിപ്രസ്ഥാനത്തിന്‍റേയും കാലഘട്ടത്തിലും ഇന്ത്യന്‍ജീവിതത്തിലാകെ പുരോഗമനാത്മകമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച സംഭവങ്ങളും ദര്‍ശനരൂപീകരണങ്ങളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും നടന്നിരുന്നതുകൊണ്ട് ആ രണ്ടു സന്ദര്‍ഭങ്ങളെ ഒന്നാമത്തേയും രണ്ടാമത്തേയും ഭാരതീയ നവോത്ഥാനങ്ങളുടെ കാലഘട്ടങ്ങളായി കണക്കാക്കുന്നതില്‍ തെറ്റില്ല. അങ്ങനെയെങ്കില്‍ 19-ാം നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ച ആധുനിക ഭാരതീയനവോത്ഥാനത്തെ മൂന്നാമത്തേതായി പരിഗണിക്കാവുന്നതാണ്. ഈ മൂന്നു നവോത്ഥാനങ്ങളും കൃത്യമായി പാശ്ചാത്യമായ മാനദണ്ഡംവച്ചു നോക്കിയാല്‍ ആ പേരിനര്‍ഹമാവില്ല, ആധുനിക മുതലാളിത്തത്തിന്‍റെ വരവോടെ, നൂതന പാശ്ചാത്യവിദ്യാഭ്യാസത്തിന്‍റെ ഫലമെന്നോണം ആവിര്‍ഭവിച്ച മൂന്നാം നവോത്ഥാനം പോലും. അതിനാല്‍ മതം, മതനിരപേക്ഷത മുതലായ മറ്റു ചില പദങ്ങളെയെന്നപോലെ ഇതിനെയും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞുവന്ന അര്‍ത്ഥതലങ്ങളെ ഉള്‍ക്കൊള്ളുന്നവിധത്തിലാണ് നാം പൊതുവില്‍ പ്രയോഗിക്കുന്നത്.
അങ്ങനെ നോക്കുമ്പോള്‍, എന്താണ് നവോത്ഥാനം, എന്താണ് പുനരുജ്ജീവനവാദം? സമസ്തരംഗങ്ങളിലും ഒരു പുതിയ ഉണര്‍വ് ഉണ്ടാക്കത്തക്കവിധത്തില്‍ മാനവികതയുടേയും വിശ്വപ്രേമത്തിന്‍റേയും ജനാധിപത്യത്തിന്‍റേയും സമത്വത്തിന്‍റേയും സ്വാതന്ത്ര്യത്തിന്‍റേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതും, പാരമ്പര്യത്തോട് സമ്പൂര്‍ണ്ണമായ സ്വീകാര്യത്തിന്‍റേയോ തിരസ്കാരത്തിന്‍റേയോ അല്ലാതെ, ത്യാജ്യഗ്രാഹ്യവിവേചനത്തിന്‍റെ അടിസ്ഥാനത്തിലുള്ള വസ്തുനിഷ്ഠ സമീപനം കൈക്കൊള്ളുന്നതുമായ മനോഭാവമാണ് നവോത്ഥാനത്തിന്‍റേത്. ചുരുക്കത്തില്‍, പുരോഗമനാഭിമുഖ്യം പ്രദര്‍ശിപ്പിക്കുന്നതാണ് നവോത്ഥാനം.
പുനരുജ്ജീവനവാദമാകട്ടെ, യാഥാസ്ഥിതികത്വത്തില്‍ ഊന്നിക്കൊണ്ടുള്ളതും പഴയതെല്ലാം അതേപടി നിലനിര്‍ത്തണമെന്ന പിടിവാശിയുമായി കാലഹരണപ്പെട്ട മൂല്യങ്ങളില്‍ മനുഷ്യനെ തളച്ചു നിര്‍ത്താന്‍ പാടുപെടുന്നതും എല്ലാ വിധത്തിലുമുള്ള നവീനമൂല്യങ്ങളുടെ ഉദയത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നതും പാരമ്പര്യത്തെ അന്ധമായി പൂജിക്കുന്നതുമത്രേ.
ആധുനിക പാശ്ചാത്യവിദ്യാഭ്യാസത്തിന്‍റെ സന്തതികളായി ബംഗാളില്‍ രാജാറാം മോഹന്‍ റോയിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ബ്രഹ്മസമാജവും വിവേകാനന്ദന്‍റെ രാമകൃഷ്ണമിഷനും പഞ്ചാബില്‍ ദയാനന്ദസരസ്വതിയുടെ ആര്യസമാജവും മഹാരാഷ്ട്രത്തില്‍ മഹാദേവ ഗോവിന്ദ റാനഡേയുടെ പ്രാര്‍ത്ഥനാസമാജവും മഹാത്മാ ജ്യോതിബാഫൂലേയുടെ സത്യശോധക് സമാജവും ഉത്തര്‍പ്രദേശില്‍ സര്‍ സയ്യദ് അഹമ്മദ്ഖാന്‍റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന അലിഗര്‍ പ്രസ്ഥാനവും മറ്റു വിവിധ പ്രവിശ്യകളില്‍ രൂപപ്പെട്ട സമാനമായ സംഘടനകളും പ്രസ്ഥാനങ്ങളും പൊതുവില്‍ ആധുനിക ഭാരതീയ നവോത്ഥാനത്തെ മുന്നോട്ട് നയിച്ചവയാണ്. ജനാധിപത്യബോധം, ദേശാഭിമാനം,ആംഗലവിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം, പുതിയ മുന്നേറ്റത്തിന് സഹായകരമായ വിധത്തില്‍ പാരമ്പര്യത്തിന്‍റെ പുനര്‍വ്യാഖ്യാനം, യുക്തിബോധം,ശാസ്ത്രാഭിമുഖ്യം, മതതുല്യതാവാദം, സാമൂഹ്യപരിഷ്കരണ ത്വര, ഭാഷയും സാഹിത്യവും ഉള്‍ പ്പെടെ കലാസാംസ്കാരിക രംഗങ്ങളിലാകെ പരിവര്‍ത്തനോന്മുഖത എന്നിവയെല്ലാമാണ് ഈ നവോത്ഥാനത്തിന്‍റെ മുഖമുദ്രകളെന്നു പറയാം. ഇക്കാലത്തുതന്നെ പലയിടങ്ങളിലായി നിലവിലിരുന്ന യാഥാസ്ഥിതിക സംഘടനകള്‍ മാത്രമല്ല, മേല്‍പ്പറഞ്ഞ നവോത്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളിലും സംഘങ്ങളിലുമുള്ള ചില വ്യക്തികളും ഗ്രൂപ്പുകളും പോലും പുനരുജ്ജീവന വാദത്തിന് വളംവെച്ചുകൊടുത്തിരുന്നുവെന്നു കാണാന്‍ പ്രയാസമില്ല.
ഈ അഖിലേന്ത്യാ പശ്ചാത്തലത്തിലാണ് കേരളത്തില്‍ വളര്‍ന്നുവന്ന നവോത്ഥാനത്തേയും പുനരുജ്ജീവനവാദത്തേയും നാം പഠിച്ചു വിലയിരുത്തേണ്ടത്. നേരിട്ടു ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന മലബാറും, ബ്രിട്ടീഷ് നിയന്ത്രണത്തോടെയുള്ള രാജഭരണത്തിന്‍ കീഴില്‍ കഴിഞ്ഞ കൊച്ചിയും തിരുവിതാംകൂറും- ഈ മൂ ന്നും കൂടിയതാണല്ലോ 19ാം നൂറ്റാ ണ്ടിലെ കേരളം. ഉച്ചനീചത്വത്തില്‍ അ ധിഷ്ഠിതമായ ജാതിവ്യവസ്ഥയാണ് അ ന്ന് ഇവിടെ നിലനിന്നിരുന്ന വ്യവസ്ഥിതിയുടെ സാമൂഹ്യരൂപം. അധികാരപരമായ ഏറ്റക്കുറച്ചിലുകളോടുകൂടിയാണെങ്കിലും നാടുവാഴി- ദേശവാഴി മേധാവിത്വവും രാജാധിപത്യവും അതിന്‍റെ രാഷ്ട്രീയ രൂപം. ക്ഷേത്രകേന്ദ്രിതമായ ആചാരാനുഷ്ഠാനങ്ങളും ക ലാസാഹിത്യപ്രവര്‍ത്തനങ്ങളും ആ വ്യവസ്ഥിതിയുടെ സാംസ്കാരികരൂപമാണെന്നു പറയാം.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' , 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി', 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' , ' വിദ്യകൊണ്ട് സ്വതന്ത്രരാകു ക' ,' സംഘടിക്കുക, ശക്തരാകുക' മുതലായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ശ്രീനാരായണഗുരുവിന്‍റെ നേതൃത്വത്തില്‍ ഉടലെടുത്ത നവോത്ഥാന സാമൂഹ്യപരിഷ്കരണപ്രവര്‍ത്തനങ്ങള്‍ അഖിലകേരളാടിസ്ഥാനത്തില്‍ തന്നെ വ്യാപിച്ചു. 1888- ല്‍ അരുവിപ്പുറത്ത് തുടക്കം കുറിച്ച് കേരളത്തിന്‍റെ വിവിധഭാഗങ്ങളിലായി നടത്തിയ വിഗ്രഹപ്രതിഷ്ഠകളിലൂടെയും ക്ഷേത്രനിര്‍മ്മാണങ്ങളിലൂടെയും 1917-ലെ ' ഇനി ജാതിവ്യത്യാസത്തെ അധികമാക്കുന്ന ക്ഷേത്രങ്ങളല്ല, അറിവുവളര്‍ത്താനുള്ള വിദ്യാലയങ്ങളാണ് വേണ്ടത്' എന്ന ആഹ്വാനത്തിലൂടെയും മറ്റും സവര്‍ണ്ണ മേധാവിത്വത്തിനും പൗരോഹിത്യത്തിനുമെതിരേ ആഞ്ഞടിച്ച ശ്രീനാരായണഗുരുവാണ് വാസ്തവത്തില്‍ കേരളീയ നവോത്ഥാനത്തിന്‍റെ പിതാവ് എന്ന വിശേഷണമര്‍ഹിക്കുന്ന മഹാത്മാവ്.
അപശൂദ്രാധികരണഭാഷ്യത്തിലൂടെ ശ്രീശങ്കരന്‍പോലും ന്യായീകരിച്ച, ശൂദ്രര്‍ക്ക് വേദവിദ്യക്ക് അധികാരമില്ലെന്ന, കാലഹരണപ്പെട്ട നിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് 'വേദാധികാരനിരൂപണം' എന്ന ഗ്രന്ഥം രചിച്ച് ചട്ടമ്പിസ്വാമികള്‍ തന്‍റെ പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും മതപരമായ അസഹിഷ്ണുതയ്ക്കും ജാതീയമായ അസമത്വത്തിനുമെതിരായി പടപൊരുതുകയും സാമൂഹ്യപരിഷ്കരണത്തിന് ആക്കം കൂട്ടുകയും ചെയ്തു.
കേരളത്തിന്‍റെ വടക്കന്‍പ്രദേശങ്ങളില്‍ ഏതാണ്ട് ഇതേകാലത്ത് ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും വാഗ്ഭടാനന്ദഗുരുദേവനും ആധ്യാത്മിക- സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. വിഗ്രാഹാരാധന, മതപരമായ മറ്റ് അന്ധവിശ്വാസങ്ങള്‍ അനാചാരങ്ങള്‍, ജാതീയമായ ഉച്ചനീചത്വങ്ങള്‍ എന്നിവയെ എതിര്‍ത്തുകൊണ്ട് സാമൂഹ്യപരിഷ്കരണത്തിന് ഇവര്‍ നേതൃത്വം കൊടുത്തു. ശിവയോഗി അദ്വൈതവേദാന്തത്തെ തള്ളിപ്പറയുകയും ആനന്ദാദര്‍ശത്തെ പകരം വരിക്കുകയും ചെയ്തുവെങ്കില്‍, വാഗ്ഭടാനന്ദന്‍ അദ്വൈതദര്‍ശനത്തെ മുറുകെ പിടിക്കുകയും സര്‍വ്വസമത്വാദര്‍ശമായി അതിനെ വിവരിക്കുകയും ആത്മവിദ്യാസംഘത്തിലൂടെ തന്‍റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന വ്യത്യാസമുണ്ട്.
അഖിലേന്ത്യാതലത്തില്‍ നടന്ന നവോത്ഥാന സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെ ചുവട് പിടിച്ച് കേരളത്തിലെ മുസ്ലീം സമുദായത്തിലും അത്തരം പ്രസ്ഥാനങ്ങള്‍ രൂപം കൊ ണ്ടു. മക്തി തങ്ങളുടേയും വക്കം മൗലവിയുടേയും മുഹമ്മദ് അബ്ദുറഹിമാന്‍റേയും മറ്റും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കാവുന്നതാണ്. അജ്ഞതയുടെ അന്ധകാരത്തില്‍ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും അടിമകളായി കഴിയേണ്ടിവന്ന പാവപ്പെട്ട മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ മാറ്റത്തിന്‍റെ കാറ്റ് വീശിത്തുടങ്ങി. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക പൊതുവിദ്യാഭ്യാസവും സമുദായാംഗങ്ങള്‍ക്കാവശ്യമാണെന്ന ബോധം വ്യാപകമായി. ആധുനിക വിദ്യാഭ്യാസം സിദ്ധിച്ച മുസ്ലീം യുവതീയുവാക്കള്‍ കാലഹരണപ്പെട്ട മൂല്യങ്ങള്‍ ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ തയ്യാറാകാതായി.
ഭൗതികവാദം, യുക്തിവാദം, നിരീശ്വരവാദം തുടങ്ങിയ പുരോഗമനാശയഗതികള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി ആവിര്‍ഭവിച്ച യുക്തിവാദപ്രസ്ഥാനവും ഈ നവോത്ഥാനത്തിന്‍റെ സന്തതി തന്നെ.
ഈ വിവിധ രംഗങ്ങളിലെ നവോ ത്ഥാനസമാരംഭങ്ങള്‍ നവീനാശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി പത്രമാസികകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുകയും കലാസാംസ്കാരികപ്രവര്‍ ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തത് സവിശേഷം സ്മരണീയം. വമ്പിച്ചൊരു സാംസ്കാരിക നവോത്ഥാനത്തിനുതന്നെ ഇത് വഴിയൊരുക്കി. മതയാഥാസ്ഥിതികത്വത്തിന്‍റെ കടുത്ത എതിര്‍പ്പുകളെ നേരിട്ടുകൊണ്ട് മതത്തിന്‍റെ നവീകരണവും അപനിഗൂഢവല്കരണവും ലക്ഷ്യമാക്കി മതഗ്രന്ഥങ്ങളുടെ വിവര്‍ത്തനവും മതതത്വചര്‍ച്ചകളും മലയാളത്തില്‍ ധാരാളമായി വരാന്‍ തുടങ്ങി. നാളിതുവരെ ആദ്ധ്യാത്മികത നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ആ മണ്ഡലവുമായി ബന്ധപ്പെടാനും ആദ്ധ്യാത്മികവിഷയപ്രതിപാദകമായ സാഹിത്യകൃതികള്‍ രചിക്കാനും അവസരം കൈവന്നു.
ഭാഷ, സാഹിത്യം, കല, ശാസ്ത്രം, മുതലായ മേഖലകളില്‍ നവോത്ഥാനപ്രസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ക്കുപോലും പില്കാലത്തു ചില തിരിച്ചടികള്‍ നേരിട്ടതായി നാം കാണുന്നു. ഈ മേഖലകളിലെ പുനരുജ്ജീവനവാദം അത്ര പ്രകടമോ ശക്തമോ അല്ലെന്നു തോന്നാമെങ്കിലും കാര്യം നാം ഉദ്ദേശിക്കുന്നതുപോലെ ലളിതമല്ല. മലയാളത്തിന്‍റെ പ്രാധാന്യം അംഗീകരിക്കാതെ ആധുനികത്വത്തിന്‍റെ പേരില്‍ ഇംഗ്ലീഷിന്‍റെ മേല്‍ക്കോയ്മയ്ക്കും ദേശീയതയുടെയോ പാരമ്പര്യാഭിമാനത്തിന്‍റെയോ പേരില്‍ സംസ്കൃതത്തിന്‍റെ നിര്‍ബന്ധപഠനപ്രചരണങ്ങള്‍ക്കും വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഭാഷാ രംഗത്തെ പുനരുജ്ജീവനവാദമല്ലാതെ മറ്റെന്താണ്?
അതിനാല്‍ കേരളീയ നവോത്ഥാനപ്രസ്ഥാനത്തിന്‍റെ ആശയങ്ങള്‍ ആധുനികാവശ്യങ്ങള്‍ക്കനുസൃതമായി കാലോചിതമായ പരിഷ്കരണങ്ങളോടു കൂടി, സ്വാംശീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട്, വിവിധ തുറകളില്‍ നാം ഇന്നോളം കൈവരിച്ച നേട്ടങ്ങളെയാകെ നിഷ്പ്രഭമാക്കുകയും പിന്നോക്കം കൊണ്ടുപോവുകയും ചെയ്യുന്നതിന് വഴിയൊരുക്കുന്ന പുനരുജ്ജീവനവാദശ്രമങ്ങളെ ശക്തമായി എതിര്‍ത്തു തോല്പിക്കേണ്ടത് ഇന്നത്തെ നമ്മുടെ മുഖ്യകടമകളിലൊന്നാണ്. ആ പ്രവര്‍ത്തനത്തില്‍ നമുക്ക് നിത്യനൂതനമായ പ്രചോദനമരുളാന്‍ പര്യാപ്തമാണ് കേരളീയ നവോത്ഥാനത്തിന്‍റെ പിതാവായി കണക്കാക്കപ്പെടുന്ന ശ്രീനാരായണഗുരുവിന്‍റെ ജീവിതവും ദര്‍ശനവും.