ആരും പുറത്തല്ലാത്തൊരു ലോകം
സ്വാമി ശുഭാംഗാനന്ദ
ജനറല്‍ സെക്രട്ടറി
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്
മാനുഷരെല്ലാരുമൊന്നുപോലെ വാഴുന്ന മഹാബലി തമ്പുരാന്‍റെ വിശ്വമാനവികതയും ഏകതയും മനുഷ്യരുള്ളിടത്തോളം ജീവസുറ്റം നിലനില്‍ക്കുന്നൊരു മഹാദര്‍ശനമാണ്. അതിന്‍റെ ദീപ്ത സ്മരണകളുയര്‍ത്തിക്കൊണ്ടു കടന്നുവരുന്ന പൊന്നിന്‍ ചിങ്ങമാസം മലയാളികള്‍ക്കൊരു പുതുവത്സരവും ശ്രീനാരായണീയര്‍ക്കൊരു ഗുരുവര്‍ഷവും സമ്മാനിക്കുകയാണ്.
മനുഷ്യരെല്ലാരുമൊന്നുപോലെ വാഴുകയെന്ന മഹാബലിയുടെ ദര്‍ശനം തന്നെയാണു ശ്രീനാരായണ ഗുരുദേവന്‍റെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്ന ദര്‍ശനത്തിലും ഉള്ളടങ്ങി വിളങ്ങുന്നത്. ആരും പുറത്തില്ലാത്ത അല്ലെങ്കില്‍ ആരെയും പുറത്തുനിര്‍ത്താത്ത ഒരു ഏകലോകം അതാണു ഈ രണ്ടു ദര്‍ശനത്തിന്‍റെയും മഹനീയമായ കാന്തിയെന്നത്. 'മനുഷ്യരൊക്കെയും ഒരു ജാതി. അതാണ് നമ്മുടെ മതം' എന്ന ഗുരുദേവദര്‍ശനത്തിനകത്താണു സമസ്തലോകരും. ഗുരുവിന്‍റെ കണ്ണില്‍ അതിനു പുറത്ത് ഒരാള്‍പോലുമില്ല. എന്നാല്‍ ജാതിയുടെയും മതത്തിന്‍റെയും വിചാരവുമായി നടക്കുകയും പ്രവര്‍ത്തിക്കുകയും മനുഷ്യരില്‍ ഭേദചിന്ത രൂപപ്പെടുത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്നവരെ ഗുരു കാണാതിരുന്നുമില്ല.
ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരേയും ആത്മസഹോദരരായി കാണാനുള്ള കണ്ണു തുറക്കാനും തുറപ്പിക്കാനുമാണു ഗുരുദേവന്‍ 1888 ല്‍ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയതു തന്നെ. ദൈവത്തെയും ദൈവാരാധനയെയും സ്വതന്ത്രമാക്കിയ ഒരു ദാര്‍ശനികവിപ്ലവമായിരുന്നു ആ പ്രതിഷ്ഠ. പക്ഷേ ആ പ്രതിഷ്ഠയുടെ ദാര്‍ശനികമായ ആഴം അറിഞ്ഞവര്‍ കുറവായിപ്പോയതിനാല്‍ ഗുരുവിനെ പലരും ഒരു പ്രത്യേക മതത്തോടും ജാതിയോടും ചേര്‍ത്തുനിര്‍ത്തി. അകവും പുറവും സൃഷ്ടിക്കുന്ന ആ ജാതിമത അതിരുകളെയാണു അരുവിപ്പുറം പ്രതിഷ്ഠ വഴിയും 1916 ലെ വിളംബരം വഴിയും ഗുരുദേവന്‍ നിരര്‍ത്ഥകവും നിഷ്പ്രഭവുമാക്കിയത്. എന്നിട്ടും 'നാം പ്രത്യേക ജാതിയിലോ മതത്തിലോ, ഉള്‍പ്പെടുന്നില്ല' എന്നു സ്വയം വെളിപ്പെടുത്തിയ ഗുരുവിനെ ജാതിയില്‍ പെടുത്തി വിചാരം ചെയ്യുന്നവരെയാണ് അവര്‍ ഗുരുവിന്‍റെ ദര്‍ശനത്തെയോ ധര്‍മ്മത്തെയോ മാര്‍ഗ്ഗത്തെയോ അറിഞ്ഞവരോ പിന്‍തുടരുന്നവരോ അല്ല എന്നതാണു യാഥാര്‍ത്ഥ്യം.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞ ഗുരുദേവന്‍, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുപദേശിച്ച ഗുരുദേവന്‍, ജാതി ചോദിക്കരുത് പറയരുത് വിചാരിക്കരുത് എന്ന് കല്‍പ്പിച്ച ഗുരുദേവന്‍, പലമതസാരവുമേകമെന്നു സര്‍വ്വമത സമ്മേളനം നടത്തി തിരിച്ചറിവേകിയ ഗുരുദേവന്‍, രവീന്ദ്രനാഥ ടാഗോറും സി .എഫ് ആന്‍ഡ്രൂസും മഹാത്മാഗാന്ധിയും വിനോബഭാവേയും സ്വാമി ശ്രദ്ധാനന്ദജിയും കുമാരനാശാനും സഹോദരനയ്യപ്പനും അറിഞ്ഞ ഗുരുദേവന്‍.... ആ ഗുരുസ്വരൂപത്തെ അറിയാനും ഗുരുവിന്‍റെ മംഗള വചനങ്ങളാല്‍ പരിവര്‍ത്തനപ്പെടാനുമാവണമെങ്കില്‍ അതിനു നമ്മുടെയുള്ളില്‍ നമ്മള്‍ വളര്‍ത്തി വച്ചിരിക്കുന്ന ഭേദചിന്തകളും മതിലുകളും പൊളിഞ്ഞു വീഴുക തന്നെവേണം.
ഗുരുദേവന്‍ ജീവിതകാലമത്രയും ചിന്തിച്ചതും പ്രയത്നിച്ചതുമെല്ലാം മനുഷ്യരുടെയാകെ ഒന്നാവലിനും നന്നാവലിനുമാണ്. ആത്മീയോത്ക്കര്‍ഷത്തിലൂടെ പ്രാപ്യമാകുന്ന ഭൗതികോത്ക്കര്‍ഷത്തിലൂടെ ലോകമംഗളത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യനെയാണു ഗുരുദേവന്‍ സങ്കല്പം ചെയ്തിരുന്നത്. ഗുരുവിന്‍റെ ആ മനുഷ്യ സങ്കല്പത്തിലേക്കു ഇന്ന് ലോകം കടന്നുവരുന്ന വലിയ കാഴ്ച പ്രത്യാശാഭരിതമാണ്. ഗുരുദര്‍ശനം അറിയാനും അറിയിക്കാനും സഹായകമായ 2024 നവംബറില്‍ ലോകം ശ്രവിക്കുന്ന വത്തിക്കാനില്‍ത്തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ നടന്ന സര്‍വ്വമത ശതാബ്ദി സമ്മേളനം ആ പ്രത്യാശയുടെ വലിയ ഗോപുരവാതിലാണു തുറന്നിട്ടത്. ഗുരുദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട്, മനുഷ്യരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും അവരുടെ ക്ഷേമത്തിനായി എല്ലാ മതങ്ങളും ഒന്നിക്കണമെന്നും അന്നവിടെ മാര്‍പാപ്പ പറയുകയുണ്ടായി. മതങ്ങളുണ്ടാക്കുന്ന വിഭജനങ്ങളും വിഭാഗീയതകളും മനുഷ്യരെ വേറുവേറാക്കുന്ന സാഹചര്യം ലോകത്ത് ഭീതി പരത്തുന്നതു കണ്ടിട്ടാണ് അദ്ദേഹം അതു പറഞ്ഞത്. മനുഷ്യരെല്ലാം മതങ്ങള്‍ക്കുള്ളതല്ലെന്നും, മറിച്ച് മതങ്ങളെല്ലാം മനുഷ്യര്‍ക്കുള്ളതാണെന്നും നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ആ മഹിതമായ വചനങ്ങള്‍.
ഗുരുദേവ ദര്‍ശനത്തിനു കിട്ടിയ ആ ആഗോള സ്വീകാര്യതയുടെ തുടര്‍ച്ചയെന്നോണം ഈ വരുന്ന ഒക്ടോബറില്‍ ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റിലും ഒരു സര്‍വ്വമത ശതാബ്ദി സമ്മേളനം നടക്കാന്‍ പോവുകയാണ്. ഇങ്ങനെ ഗുരുദര്‍ശനം ഉയര്‍ത്തിക്കാട്ടുന്ന സര്‍വധര്‍മ്മസമഭാവനയിലേക്ക് ലോകരാജ്യങ്ങള്‍ തന്നെകടന്നു വരുമ്പോള്‍ കാലുഷ്യമാര്‍ന്ന ജാതിമതവിചാരങ്ങളുയര്‍ത്തുന്ന ഏതൊരു സാഹചര്യത്തെയും നിരുത്സാഹപ്പെടുത്തുവാനാണു ശ്രീനാരയണീയ സമൂഹം വിവേകം കാട്ടേണ്ടത്.
മനുഷ്യത്വമെന്ന ജാതിയില്‍പ്പെടാത്തവരായിട്ടൊരാള്‍പോലും മനുഷ്യവര്‍ഗ്ഗത്തിലില്ലെന്നിരിക്കെ ജാതിമതഭേദവും ജാതിമതവിചാരവും മതപരിവര്‍ത്തനങ്ങളും മതത്തിന്‍റെ പേരിലുള്ള മനുഷ്യന്‍റെ സംഘട്ടനങ്ങളും മൗലിക സ്വാതന്ത്ര്യത്തെ കെടുത്തുമെന്ന ചിന്ത നമുക്കു വേണം. സ്വാതന്ത്ര്യം കെട്ട് പോയാല്‍ ഒരു രംഗത്തും മനുഷ്യന് വിജയിക്കാനാവുകയില്ല. മനുഷ്യന്‍ കെട്ടുപോയാല്‍ ഈ ലോകം നന്നായിട്ടെന്തു പ്രയോജനമെന്നു ഗുരുദേവന്‍റെ ചോദ്യം നമ്മോടുള്ളതാണ്. സത്യസന്ധമായി അതിനുത്തരം നല്‍കാന്‍ നമുക്കാവണമെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യം കെട്ടുപോകാതിരിക്കണം.
വാക്കുകൊണ്ടും വിചാരം കൊണ്ടും പ്രവര്‍ത്തികൊണ്ടും കെട്ടുപോകാത്ത മനുഷ്യരെ സൃഷ്ടിക്കാനായി അവതരിച്ച ഗുരുവിന്‍റെ അനുയായികളും പിന്‍തുടര്‍ച്ചക്കാരും വിശ്വാസികളും, ഭക്തന്മാരും, പഠിതാക്കളുമെല്ലാം ഗുരുവില്‍ അനുഭവശീലന്മാരാകട്ടെയെന്നാണു പ്രാര്‍ത്ഥന. ചിങ്ങം 1 മുതല്‍ കന്നിമാസം 11 വരെ ( ഗുരുദേവന്‍ തന്‍റെ അനന്തരഗാമിയായി ദിവ്യശ്രീ ബോധാനന്ദ സ്വാമികളെ വാഴിച്ചതിന്‍റെ ശതാബ്ദി ദിനം) നീണ്ടു നില്‍ക്കുന്ന ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യായജ്ഞവും അതിനു വേണ്ടത്ര കരുത്തും ശുദ്ധിയും പകരുമെന്നതിനാല്‍ ഏവരുടെയും ഹൃദയാകമലത്തില്‍ ഗുരുവും ഗുരുദര്‍ശനവും ചിരപ്രതിഷ്ഠിതമാകട്ടെയെന്നു ആശംസിക്കുന്നു.