ഭാരതചരിത്രത്തിന്‍റെ ഗതി മാറ്റിയ ശ്രീനാരായണഗുരു മഹാത്മാഗാന്ധി സമാഗമ ശതാബ്ദി മാര്‍ച്ച് 12 ന് ഒരു നൂറ്റാണ്ട് തികയുന്നു
സച്ചിദാനന്ദ സ്വാമി
പ്രസിഡന്‍റ്
ശിവഗിരി മഠം
ശ്രീനാരായണഗുരുദേവന്‍ സത്യദര്‍ശിയായ മഹാത്മാവാണ് മഹാത്മാഗാന്ധി സത്യം ദൈവമാണെന്ന് ഉപദേശിക്കുന്നു. സത്യദര്‍ശിയായ ഗുരുദേവനും സത്യാന്വേഷിയായ ഗാന്ധിജിയും തമ്മില്‍ സന്ധിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുകയാണ്. സത്യത്തെക്കുറിച്ച് ഗുരുദേവന്‍ ശ്രീനാരായണ സ്മൃതിയില്‍ ഉപദേശിക്കുന്നു.
സതിസാധുഭവേത് സത്യം
സത്യം ബ്രഹ്മസനാതനം
സത്യേതിഷ്ഠതി ലോകോയം
വദേത് സത്യം നചാമൃതം
സത്യം സനാതനമായ ബ്രഹ്മമാകുന്നു. ലോകം നിലനില്‍ക്കുന്നത് സത്യത്തിലാണ്. ആരും സത്യത്തില്‍ നിന്നും വ്യതിചലിക്കരുത്. ശ്രീനാരായണഗുരുദേവന്‍റെ ഈ ഉപദേശം പോലെ തന്നെ ജീവിക്കാന്‍ ശ്രമിച്ച മഹാത്മാവാണ് ഗാന്ധിജി. സത്യം ദൈവമാണെന്ന് പറഞ്ഞ ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകള്‍ ചരിത്രപ്രസിദ്ധമാണ്. ഗാന്ധിജി സത്യദര്‍ശിയായ ഗുരുദേവനെ ശിവഗിരിയില്‍ വന്നു ദര്‍ശിക്കാന്‍ സാധിച്ചത് മഹത്വപൂര്‍ണ്ണമായി തന്നെ വിലയിരുത്തി. ഗാന്ധിജിയുടെയും ഭാരതത്തിന്‍റെയും ചരിത്രത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചതാണ് ഇവരുടെയും സമാഗമം. അത് സംബന്ധിച്ച് ഏറെ പഠനങ്ങള്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. ഗുരുദേവന്‍റെ മഹാസമാധിക്ക് ശേഷം രണ്ട് പ്രാവശ്യം കൂടി ഗാന്ധിജി ശിവഗിരി സന്ദര്‍ശിക്കുന്നുണ്ട്. ഗുരുദേവന്‍ ഗാന്ധിജിയില്‍ ചെലുത്തിയ സ്വാധീനമാണല്ലോ ഇതിന് നിദാനം. "ഗുരുദേവന്‍റെ സര്‍വ്വലൗകിക മനോഭാവത്തില്‍ ഞാന്‍ ആകൃഷ്ടനായി എന്നും ഗാന്ധിജി പിന്നീട് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വൈക്കം സത്യാഗ്രഹ ത്തിന്‍റെ സന്ദര്‍ശന വേളയിലാണ് ഗാന്ധിജിയുടെ ശിവഗിരി സന്ദര്‍ശനം. ടി.കെ. മാധവന്‍റെ ശ്രമഫലമായിരുന്നു വൈക്കം സത്യാഗ്രഹവും ഗാന്ധിജിയുടെ ശിവഗിരി സന്ദര്‍ശനവും.
വൈക്കം സത്യാഗ്രഹം
മഹാത്മാഗാന്ധിക്കു ദേശീയതലത്തില്‍ അംഗീകാരം ലഭിച്ച സംഭവമാണ് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം. സത്യാഗ്രഹത്തിന്‍റെ മുഖ്യ സംഘാടകന്‍ ടി.കെ.മാധവന്‍ 1921-ല്‍ തിരുനല്‍വേലിയില്‍ പോയി മഹാത്മജിയെ കാണുന്നുണ്ട്. അയിത്ത നിര്‍മ്മാര്‍ജ്ജനം എന്ന ആശയവുമായാണ് മാധവന്‍ ഗാന്ധിജിയെ സന്ദര്‍ശിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ നല്ല പ്രാവീണ്യം ഉണ്ടായിരുന്നതിനാല്‍ ഗാന്ധിജിയെ തന്‍റെ ആഗമനോദ്ദേശം വേണ്ടവണ്ണം ധരിപ്പിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.
കേരളത്തില്‍ അയിത്തം എന്ന തീരാശാപത്തെക്കുറിച്ചു മാധവന്‍ സവിസ്തരമായി ഗാന്ധിജിയെ ധരിപ്പിച്ചു. അന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയും ജാത്യാചാരങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നു. ഒരു കോണ്‍ഗ്രസ് യോഗത്തില്‍ വെച്ചു സവര്‍ണ്ണ പ്രമാണികളില്‍ നിന്നും ജാതിഭേദം നിമിത്തം ഉണ്ടായ തിക്താനുഭവവും മാധവന്‍ ഗാന്ധിജിയെ ധരിപ്പിച്ചു. മാത്രമല്ല സഞ്ചാരസ്വാതന്ത്ര്യത്തിനും അയിത്താചരണം കൂടാതെ ജീവിക്കുന്നതിനും തങ്ങള്‍ക്കുള്ള യോഗ്യതയെയും മാധവന്‍ വിശദീകരിച്ചു. ഈ വേളയിലായിരിക്കണം ടി.കെ. മാധവനില്‍ നിന്നും ഗാന്ധിജി ശ്രീനാരായണഗുരുദേവനെ കുറിച്ച് ആഴത്തില്‍ അറിയുന്നത്. 1907-ല്‍ കോഴിക്കോട് വെച്ച് തിയോസഫി സൊസൈറ്റി ഗുരുദേവന് സ്വീകരണം നല്‍കി മംഗളപത്രം സമര്‍പ്പിച്ചതില്‍ ഗുരു 'അവതാര പുരുഷനാ'ണെന്ന് ബ്രാഹ്മണ ശ്രേഷ്ഠന്മാര്‍ രേഖപ്പെടുത്തിയതും ഗുരുവിനെ ജാതിമതഭേദം കൂടാതെ സര്‍വ്വരും അംഗീകരിച്ചാദരിക്കുന്നതും മാധവന്‍ വിശദീകരിച്ചു. ഗാന്ധിജി മദ്യവര്‍ജനത്തെക്കുറിച്ചും നൂല്‍ നൂല്‍പ്പിനെക്കുറിച്ചും ഖാദി പ്രസ്ഥാനത്തെക്കുറിച്ചും ഉപദേശിക്കുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ ഗുരു അത് ഉപദേശിച്ചിട്ടുള്ളതായി മാധവന്‍ ഗാന്ധിജിയെ ബോധ്യപ്പെടുത്തി.
തിരുനല്‍വേലിയില്‍ വച്ച് ടി.കെ. മാധവനുമായുള്ള ഈ കൂടിക്കാഴ്ചയാണ് വൈക്കം സത്യാഗ്രഹത്തിലേക്ക് നയിച്ചതെന്ന് മഹാത്മജി പിന്നീട് 1934 ലെ കേരള സന്ദര്‍ശന വേളയില്‍ പറഞ്ഞിട്ടുണ്ട്. സാക്ഷാല്‍ ശ്രീനാരായണഗുരുദേവന്‍ വൈക്കത്തെ റോഡില്‍ കൂടി റിക്ഷാവണ്ടിയില്‍ എഴുന്നള്ളിയപ്പോള്‍ ജാതിമുഷ്ക്കന്മാരായ ചില ബ്രാഹ്മണന്മാര്‍ തടഞ്ഞിരുന്നു. ഇവിടെയും നാമൊരു ഉപാധിയായോ? എന്നാണ് ഗുരുദേവന്‍ അതേക്കുറിച്ച് അര്‍ത്ഥഗര്‍ഭമായി പ്രതിപാദിച്ചത്. 'ഗുരുവിനും വിലക്കുവന്നോ? ' എന്ന് ഗര്‍ജിച്ചു കൊണ്ട് ടി.കെ. മാധവന്‍ തീവ്രമായ രോഷത്തോടെ രംഗത്തിറങ്ങി. ഇതാണ് വൈക്കത്ത് തന്നെ സത്യാഗ്രഹം ആരംഭിക്കുന്നതിനുള്ള കാരണം. കെ കേളപ്പന്‍, കെ.പി. കേശവമേനോന്‍, കുറൂര്‍ നമ്പൂതിരിപ്പാട് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കന്മാരായി ചര്‍ച്ച നടത്തിയ മാധവന്‍ സത്യാഗ്രഹത്തിനായി കോണ്‍ഗ്രസ് കമ്മിറ്റിയെ കൊണ്ട് തീരുമാനമെടുപ്പിച്ചതും മറ്റും സുവിവിദിതമാണല്ലോ. മഹാത്മാഗാന്ധിയേയും കോണ്‍ഗ്രസ് നേതാക്കന്മാരെയും മാധവന്‍ വൈക്കത്ത് കൊണ്ട് വന്നു തളച്ചു എന്നാണ് സഹോദരന്‍ അയ്യപ്പന്‍ ഇതേക്കുറിച്ച് പറഞ്ഞത്. 1924 മാര്‍ച്ച് 30ന് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ആരംഭിച്ചു. സത്യാഗ്രഹികളെ കാണുന്നതിനും ആശീര്‍വദിക്കുന്നതിനും ആയി അടുത്തവര്‍ഷം അതായത് 1925 മാര്‍ച്ച് 9ന് മഹാത്മാഗാന്ധി വൈക്കത്ത് എത്തി. ഇതോടെയാണ് ഗാന്ധിജി ശിവഗിരിയില്‍ എത്തി ശ്രീനാരായണഗുരുദേവനെ സന്ദര്‍ശിക്കുന്നത്.
ഗാന്ധിജിയുടെ ശിവഗിരി സന്ദര്‍ശനം
ഗുരുദേവനെ സന്ദര്‍ശിക്കാന്‍ മഹാത്മാഗാന്ധി ശിവഗിരിയില്‍ വരുന്നത് 1925 മാര്‍ച്ച് 12 നാണ്. എ.. കെ. ഗോവിന്ദദാസിന്‍റെ ഗാന്ധ്യാശ്രമം' എന്ന ഭവനത്തില്‍വെച്ചാണ് കൂടിക്കാഴ്ചയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നത്. ഗാന്ധിജി ശിവഗിരി മഠം മൂന്ന് പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. 1925 മാര്‍ച്ച് 12 ലെ പ്രഥമസന്ദര്‍ശനം പ്രശസ്തമായി. 1934 ലും 1936 ലുമായി പിന്നേയും രണ്ട് പ്രാവശ്യം കൂടി സന്ദര്‍ശിച്ചിട്ടുണ്ട്. ആദ്യസന്ദര്‍ശനത്തില്‍ വര്‍ക്കലയിലെത്തിയ ഗാന്ധിജി പകല്‍ പത്തുമണിയോടെ മൂസാവരി ബംഗ്ലാവില്‍ എത്തി വിശ്രമിച്ചു. ആദ്യം റീജന്‍റ് റാണിയെ സന്ദര്‍ശിക്കാനായി വര്‍ക്കല കൊട്ടാരത്തിലേക്ക് പോയി. അത് ഒരു രഹസ്യസന്ദര്‍ശനമായിരുന്നു ഏതാണ്ട് ഒന്നരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധിജി വീണ്ടും മുസാവരി ബംഗ്ലാവില്‍ എത്തി. അന്നത്തെ ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസായ മുസാവരി ബംഗ്ലാവാണ് ഇന്ന് വര്‍ക്കല ഗവണ്‍മെന്‍റ് ആയുര്‍വേദ ആശുപത്രി യായി പ്രവര്‍ത്തിക്കുന്ന കെട്ടിടം. അവിടെ നിന്നും ഏതാനും ഫര്‍ലോങ്ങ് അകലെയുള്ള ശിവഗിരി മഠത്തിലേക്ക് വൈകിട്ട് 4 മണിയോടെ ഗാന്ധിജി എത്തും എന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നു. അതോടെ ശിവഗിരി ജനനിബിഢമായി.
ശിവഗിരിയും ഗാന്ധിയെ വരവേല്‍ക്കാന്‍ തയ്യാറെടുത്തിരുന്നു. പരിസരമാകെ ആര്‍ച്ചുകളും തോരണങ്ങളും കൊണ്ട് വര്‍ണ്ണാഭമായി. ശാരദാമഠം, വൈദിക മഠം, സ്വാമി മഠം ഇവ മുന്‍പേ വെള്ളമണല്‍ വിധിച്ചിരുന്നവ വീണ്ടും ഒന്നുകൂടി വിരിച്ച് ഭംഗിയാക്കി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എത്തി ജനപ്രവാഹത്തെ നിയന്ത്രിച്ചു. ഗുരുദേവന്‍റെ ഗൃഹസ്ഥ സംന്യസ്ഥ ശിഷ്യന്മാരായ ടി.കെ. മാധവന്‍ സി.വി കുഞ്ഞിരാമന്‍ പി.സി ഗോവിന്ദന്‍, എന്‍ കുമാരന്‍, ബോധാനന്ദ സ്വാമി, സത്യവ്രതസ്വാമി, പൂര്‍ണ്ണാനന്ദസ്വാമി തുടങ്ങിയവരെല്ലാം നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു.
ഗുരുദേവന്‍-ഗാന്ധിജി സമാഗമത്തിന് ആദ്യം വേദിയായത് വനജാക്ഷി മന്ദിരം ആണ് ശ്രീനാരായണഗുരുദേവ ശിഷ്യനായ ആലുംമൂട്ടില്‍ ഗോവിന്ദദാസ് മകള്‍ വനജാക്ഷിയുടെ സ്മരണാര്‍ത്ഥം പണി കഴിപ്പിച്ച സ്വാമി തൃപ്പാദങ്ങളില്‍ സമര്‍പ്പണം ചെയ്ത മന്ദിരമാണ് വനജാക്ഷി മന്ദിരം ഇന്ന് ശിവഗിരി പ്രസ് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. അന്ന് 'ഗാന്ധിആശ്രമം' എന്ന് പേരിട്ട വനജാക്ഷമന്ദിരത്തില്‍ ഗുരുദേവനെ നേരത്തെതന്നെ ആനയിച്ചി രുത്തിയിരുന്നു. ജനക്കൂട്ടം ഒഴുകിയെത്തി. ടി കെ മാധവന്‍ പ്രശസ്തനീയമാം വണ്ണം നിഷ്കര്‍ഷയോടും ശ്രദ്ധയോടും കൂടി സകല കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കി ഉത്സാഹത്തോടെ എവിടെയും ഓടിയെത്തിയിരുന്നു.
മണി ഏതാണ്ട് മൂന്നര ആയി. ഒരു സംഘം വാളന്‍റിയര്‍മാര്‍ ഗുരുദേവനും ഗാന്ധിജിക്കും ജയ് വിളിച്ച് സ്തുതിഗാനങ്ങള്‍ പാടി ഗാന്ധ്യാശ്രമത്തില്‍ (വനജാക്ഷി മന്ദിരത്തിന്‍റെ മുന്‍പില്‍) എത്തി. റോഡിന്‍റെ ഇരുവശങ്ങളിലുമായി കൈകോര്‍ത്തുപിടിച്ച് ഗാന്ധിജിക്ക് വരാനുള്ള വഴിത്താര സജ്ജമാക്കി അപ്പോഴും സ്തുതി ഗാനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഗുരുനിരകള്‍ക്ക് പുറകിലായി ജനസഹസ്രങ്ങള്‍ മഹനീയ സമാഗമത്തിനും ദൃക്സാക്ഷികളാകാന്‍ ക്ഷമയോടെ കാത്തുനിന്നു. ഗുരുദേവനും ഗാന്ധിജിക്കും വിശിഷ്ടാതിഥികള്‍ക്കും കരുതിയിരുന്ന ഇരിപ്പിടങ്ങള്‍ ഖദര്‍ വസ്ത്രങ്ങള്‍ വിരിച്ചു മനോഹരമാക്കിയിരുന്നു. എന്‍ കുമാരന്‍ സി വി കുഞ്ഞിരാമന്‍, കെ.അയ്യപ്പന്‍, ഡോ. പി.എന്‍ നാരായണന്‍ മുതലായവര്‍ മഹാത്മാഗാന്ധിയുടെ ആഗമനത്തെ പ്രതീക്ഷിച്ചുകൊണ്ട് സന്ദര്‍ശനഹാളില്‍ തന്നെ നിലയുറപ്പിച്ചു. ബോധാനന്ദ സ്വാമി, സത്യവ്രതസ്വാമി, പൂര്‍ണ്ണാനന്ദ സ്വാമി മറ്റ് സംന്യാസി ശ്രേഷ്ഠന്‍മാരും പൂമുഖത്ത്ത് കാത്ത് നിന്നു.
ആദ്യമായി ഒരു കാര്‍ എത്തി. സി. രാജഗോപാലാചാരി ആയിരുന്നു അതില്‍ എത്തിയത് കൃത്യം നാലുമണി നിശ്ചയിച്ച സമയം. ഗാന്ധിജിയുടെ കാര്‍ ആശ്രമത്തിലെ വനജാക്ഷി മന്ദിരത്തിന്‍റെ മുന്‍പില്‍ എത്തി. ടി. കെ മാധവന്‍ അതിഥിയെ സന്ദര്‍ശനഹാളിലേക്ക് നയിച്ചു. ആ സമയം മുറിയില്‍ വിശ്രമത്തില്‍ ആയിരുന്ന ഗുരുദേവന്‍ പുറത്തിറങ്ങി ഗാന്ധിയെ സ്വീകരിച്ചു. തുടര്‍ന്ന് സന്ദര്‍ശനഹാളില്‍ സജ്ജമാക്കിയിരുന്ന ഒരു ഇരിപ്പിടത്തില്‍ ഗുരുദേവനും മറ്റൊന്നില്‍ ഗാന്ധിജിയും ഉപവിഷ്ടരായി. പിന്നാലെ മറ്റൊരു കാര്‍ കൂടി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. അതില്‍ ഗാന്ധിജിയെ അനുഗമിച്ചെത്തിയത് രാമസ്വാമി നായ്കര്‍, രാമദാസ് ഗാന്ധി, മഹാദേവ് ദേശായി, രാമനാഥന്‍ എന്നിവരായിരുന്നു ഇവര്‍ രാജഗോപാലാചാരിയടക്കം ഗാന്ധിജിയുടെ ഒപ്പം എത്തിയവര്‍ മറ്റൊരു ഇരിപ്പിടത്തിലും ഇരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെ സംഭാഷണം ആരംഭിച്ചു. പ്രസ്തുത സംഭാഷണം ചുവടെ ചേര്‍ക്കുന്നു. എന്‍ കുമാരനായിരുന്നു ദ്വിഭാഷി.
സ്വാമിജിയ്ക്ക് ഇംഗ്ലീഷ് വശമില്ലല്ലേ? എന്ന് ഗാന്ധിജി ചോദിച്ചതായും തിരിച്ച് ഗാന്ധിജിക്ക് സംസ്കൃതം വശമുണ്ടോ എന്ന് ഗുരു ചോദിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. അതേക്കുറിച്ച് തുടര്‍ന്ന് പ്രതിപാദിക്കാം.
ഗാന്ധിജി: ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക് അറിവുണ്ടോ?
സ്വാമി: ഇല്ല.
ഗാന്ധിജി: അയിത്തം ഇല്ലാതാക്കാന്‍ വൈക്കത്തു നടക്കുന്ന സത്യാഗ്രഹപ്രസ്ഥാനത്തില്‍ സ്വാമിജിക്ക് അഭിപ്രായവ്യത്യാസമുണ്ടോ?
സ്വാമി: ഇല്ല.
ഗാന്ധിജി: ആ പ്രസ്ഥാനത്തില്‍ കൂടുതലായി എന്തെങ്കിലും ചേര്‍ക്കണമെന്നോ, എന്തെങ്കിലും മാറ്റം വരുത്തണമെന്നോ സ്വാമിജിക്കഭിപ്രായമുണ്ടോ?
സ്വാമി: അത് ഭംഗിയായി നടക്കുന്നുണ്ടെന്നാണ് നമ്മുടെ അറിവ്. അതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് അഭിപ്രായമില്ല.
ഗാന്ധിജി: അധ:കൃതവര്‍ഗ്ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിന് അയി ത്തോച്ചാടനത്തിന് പുറമെ മറ്റെന്തെല്ലാംകൂടി വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായമെന്നറിഞ്ഞാല്‍ കൊള്ളാം.
സ്വാമി: അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്രവിവാഹമോ ഉടനടി വേണമെന്ന് പക്ഷമില്ല. നന്നാകാനുള്ള സൗകര്യം മറ്റെല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും ഉണ്ടാകണം.
ഗാന്ധിജി: അക്രമരഹിതമായ സത്യാഗ്രഹംകൊണ്ട് ഉപയോഗമില്ലെന്നും അവകാശസ്ഥാപനത്തിന് ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജിയുടെ അഭിപ്രായം എന്താണ്?
സ്വാമി: ബലപ്രയോഗം നല്ലതാണെന്ന് നാം കരുതുന്നില്ല.
ഗാന്ധിജി: ഹൈന്ദവധര്‍മ്മശാസ്ത്രങ്ങളില്‍ ബലപ്രയോഗം വിധിച്ചി ട്ടുണ്ടോ?
സ്വാമി: രാജാക്കന്മാര്‍ക്കും മറ്റും അത് ആവശ്യമാണെന്നും അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്. എന്നാല്‍, സാധാരണജനങ്ങളെ സംബന്ധിച്ചിടത്തോളം ബലപ്രയോഗം ന്യായമായിരിക്കുകയില്ല.
ഗാന്ധിജി: മതപരിവര്‍ത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവാദം നല്‍കുന്നുണ്ടോ?
സ്വാമി: മതപരിവര്‍ത്തനംചെയ്തവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നല്ലതാണെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
ഗാന്ധിജി: ആദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?
സ്വാമി: അന്യമതങ്ങളിലും മോക്ഷമാര്‍ഗ്ഗമുണ്ടല്ലോ.
ഗാന്ധിജി: അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ. ഹിന്ദുമതം മോക്ഷപ്രാപതിക്ക് പര്യാപ്തമെന്നുതന്നെയോ സ്വാമിജിയുടെ അഭിപ്രായം?
സ്വാമി: ആദ്ധ്യാത്മികമായ മോക്ഷപ്രാപ്തിക്ക് ഹിന്ദുമതം ധാരാളം പര്യാപ്തംതന്നെ. പക്ഷേ, ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇച്ഛിക്കുന്നത്.
ഗാന്ധിജി: അയിത്താചാരവും മറ്റുംകൊണ്ടുള്ള അസ്വാതന്ത്യ്രത്തിന്‍റെ കാര്യമല്ലേ? അതിരിക്കട്ടെ. ആദ്ധ്യാത്മികമോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമെന്ന് സ്വാമിജിക്കഭിപ്രായമുണ്ടോ?
സ്വാമി: ഇല്ല. ആദ്ധ്യാത്മികമോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല.
ഗാന്ധിജി: ലൗകികമായ സ്വാതന്ത്യ്രത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അത് സഫലമാകാതെ വരുമോ?
സ്വാമി: അത് സഫലമാകാതെ വരികയില്ല. അതിന്‍റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണ്ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും ജനിക്കേണ്ടിവരുമെന്നുതന്നെ പറയണം.
ഗാന്ധിജി: (ചിരിച്ചുകൊണ്ട്) എന്‍റെ ആയുഷ്കാലത്തുതന്നെ അതുസഫലമാകുമെന്നാണ് എന്‍റെ വിശ്വാസം. അധ:കൃത വര്‍ഗ്ഗക്കാരില്‍ത്തന്നെ അയിത്താചാരമുണ്ടല്ലോ. സ്വാമിജിയുടെ ക്ഷേത്രങ്ങ ളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ?
സ്വാമി: എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. പുലയസമുദായത്തിലെയും പറയസമുദായത്തിലെയും കുട്ടികള്‍ മറ്റുള്ളവരോടൊപ്പം ശിവഗിരിയില്‍ താമസിച്ചു പഠിച്ചുവരുന്നു. മറ്റുള്ളവരുമൊത്ത് അവര്‍ ആരാധനകളില്‍ സംബന്ധിക്കയും ചെയ്യുന്നു.
ഗാന്ധിജി: വളരെ സന്തോഷം.
ഗുരുദേവനും മഹാത്മാഗാന്ധിയുമായി നടന്നതായി ചേര്‍ത്തിരിക്കുന്ന ഈ സംഭാഷണം ടി കെ മാധവന്‍ ദേശാഭിമാനിയില്‍ പ്രസാധനം ചെയ്തു. ഗുരുവും ഗാന്ധിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയാണ് നടന്നത.് ആ കൂടിക്കാഴ്ചയില്‍ ആരൊക്കെ പങ്കെടുത്തു വെന്ന് നാമിന്ന് അറിയുന്നില്ല. ഇംഗ്ലീഷ് പത്രങ്ങളുടെ സച്ചിന്‍ തുടങ്ങിയ റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടായിരുന്നുവെങ്കിലും അവരെ ആരെയും മുറിയിലേക്ക് കടത്തി വിട്ടിരുന്നില്ല എന്ന് സഹോദരന്‍ അയ്യപ്പന്‍ രേഖപ്പെടുത്തിയിട്ടുണ്ട.് 'സ്വാമിക്ക് ഇംഗ്ലീഷ് അറിയില്ല അല്ലേ' എന്ന ചോദ്യത്തോടെയായിരുന്നു സംഭാഷണത്തിന്‍റെ ആരംഭം. അതിന് ഗുരു നല്‍കിയ മറുചോദ്യം 'ഗാന്ധിജിക്ക് സംസ്കൃതം വശം ഉണ്ടോ?' എന്നാണെന്ന് രേഖപ്പെടുത്തികാണുന്നു. എന്നാല്‍ ഗാന്ധിജിക്ക് 'നമ്മുടെ ഭാഷ വശമുണ്ടോ' എന്നായിരുന്നു ഗുരുവിന്‍റെ തിരുവാണിയെന്ന് ശിവഗിരി മഠത്തിലെ പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട.് ഗുരുദേവ ശൈലി അനുസരിച്ച് അതാകാനാണ് സാധ്യത. 'നമ്മുടെ ഭാഷ എന്നതിന് ഭാരതീയരുടെ ഭാഷ സംസ്കൃതമെന്ന് ധരിച്ചതാവാം. "നമ്മുടെ ഭാഷ എന്നതിന് ഗുരുവിന്‍റെ ഭാഷ"- ഒരു ആധ്യാത്മഗുരുവിന്‍റെ ആത്മഭാവം അറിയുമോ? എന്നു അര്‍ത്ഥമാകാം. വിദേശത്തുള്ളതെല്ലാം ബഹിഷ്കരിച്ച് സ്വദേശിയാവണം എന്ന് ഗാന്ധിജി ഉപദേശിക്കുന്നു. ഗാന്ധിജി ചോദിക്കുന്നത് വിദേശഭാഷ അറിയാമോ എന്നാണ്. ഗുരുവിന്‍റെ പ്രത്യക്തിയില്‍ ഈ വിരോധാഭാസം ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഗുരുദേവനെപ്പോലെയുള്ളവര്‍ അതിവിശദ സ്മൃതിയാല്‍ അതീത വിദ്യാനിധി തെളിഞ്ഞു കിട്ടിയവരാണ.് ആ അനുഭവത്തില്‍
നിലമൊടു നീരതുപോലെ കാറ്റുതീയും
വെളിച്ചമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്ന് വേണ്ടയെല്ലാ
വുലകുമുയര്‍ന്നറിവായി മാറിടുന്നു.
എന്ന അവനുഭവത്തില്‍ വിഹരിക്കുന്നവരാണ്.
ഈ അനുഭവത്തില്‍ സര്‍വ്വദാ വിഹരിച്ചിരിക്കുന്ന ബ്രഹ്മനിഷ്ഠനാണ് ഗുരുദേവന്‍. അവിടുന്ന് ത്രികാലജ്ഞാനിയാണ് അങ്ങനെയുള്ള മഹാഗുരുവിനോടാണ് ഭാഷ വശമുണ്ടോ എന്ന് ചോദിച്ചത്? സംഭാഷണം ദ്വിഭാഷിയുടെ സഹായത്താലാണ് ആരംഭിച്ചത.് അന്നത്തെ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി എന്‍. കുമാരനായിരുന്നു ദ്വിഭാഷി. ഗുരുദേവന്‍ മലയാളത്തില്‍ പറയുന്നത് ഗാന്ധിജിക്ക് തര്‍ജ്ജിമ ചെയ്തു കൊടുക്കും. ഗാന്ധിജി ഇംഗ്ലീഷില്‍ പറയുന്നത് മലയാളത്തിലേക്കും. അയിത്തോച്ചാടനം, മതപരിവര്‍ത്തനം, വൈക്കം സത്യാഗ്രഹം, അധ:സ്ഥിതരുടെ പുരോഗതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം ചര്‍ച്ച നടന്നു. ദൗര്‍ഭാഗ്യവശാല്‍ അതെല്ലാം പൂര്‍ണ്ണമായി രേഖപെട്ടിട്ടില്ല എന്നതാണ് സത്യം.
സംഭാഷണം തുടങ്ങി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുരുവിന് തര്‍ജ്ജിമയുടെ ആവശ്യം വന്നില്ലായെന്ന് അന്ന് അതിന് ദൃസാക്ഷിയായിരുന്ന പി.കെ ഭാനു (സ്വാമി ധര്‍മ്മാനന്ദജി) ശ്രീനാരായണ പരമഹംസന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയി രിക്കുന്നു. ഗാന്ധിജി ഇംഗ്ലീഷില്‍ പറഞ്ഞാലുടന്‍ തന്നെ ഗുരുദേവന്‍ മലയാളത്തില്‍ ഭാഷണം ചെയ്യും. ഗുരുവിന് തര്‍ജ്ജിമ ചെയ്തു കൊടുക്കേണ്ടി വന്നില്ല. ഗാന്ധിജിക്ക് തര്‍ജ്ജിമയുടെ ആവശ്യം വേണ്ടിവന്നു. എന്‍ കുമാരന്‍റെ തര്‍ജ്ജിമയില്‍ തെറ്റുവന്നാല്‍ നാം അങ്ങനെ പറഞ്ഞില്ലല്ലോ ഇങ്ങനെ പറയൂ എന്ന് തിരുത്തി പറയുമായിരുന്നു. ഒരു ജ്ഞാനിയുടെ ഭാഷാ പരിജ്ഞാനം ഇവിടെ അനുഭവപ്പെടുകയായിരുന്നു. അടുത്തകാലത്ത് ഇറങ്ങിയ യുഗപുരുഷന്‍ എന്ന സിനിമയില്‍ ഇത് നല്ലവണ്ണം ചിത്രീകരിച്ചിട്ടുണ്ട്.
സംഭാഷണം നടന്ന വനജാക്ഷിമന്ദിരം ഗുരുവിന്‍റെ ഗൃഹസ്ഥശിഷ്യനായ ആലുംമൂട്ടില്‍ ഗോവിന്ദദാസ് നിര്‍മ്മിച്ച് ഗുരുവിന് സമര്‍പ്പിച്ചതാണ്. ഗാന്ധിജിയുടെ സന്ദര്‍ശനം പ്രമാണിച്ച് 'ഗാന്ധ്യാശ്രമം' ഒരു ദിവസത്തേക്ക് പേര് നല്‍കുകയാണ് ഉണ്ടായത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഗുരുദേവന്‍ മഹാത്മജിയേയും സംഘത്തെയും ശിവഗിരിയിലേക്ക് ക്ഷണിച്ചു. ക്ഷണം ഗാന്ധിജി സ്വീകരിച്ചു. ശിവഗിരിയിലെത്തിയ ഗാന്ധിയും സംഘവും ശാരദാമഠത്തില്‍ തൊഴുതു നമസ്കരിച്ചു. അനന്തരം മുന്‍പില്‍ ഉണ്ടായിരുന്ന വനജാക്ഷി മണ്ഡപത്തില്‍ ഗുരുദേവനും ഗാന്ധിജിയും ഉപവിഷ്ടരായി. (വനജാക്ഷി മണ്ഡപവും മേല്‍പ്പറഞ്ഞ ആലുംമൂട്ടില്‍ ഗോവിന്ദദാസ് മകളുടെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച് സമര്‍പ്പിച്ചതാണ.് ഈ മന്ദിരം ഇപ്പോള്‍ ഇല്ല.) ഇവിടെ വച്ചാണ് ജാതിയുടെ നിരര്‍ത്ഥത ബോധ്യമാക്കികൊണ്ടുള്ള സുപ്രസിദ്ധമായ സംഭാഷണം നടന്നത്. ജാതിവ്യവസ്ഥയെ കുറിച്ചുള്ള സംഭാഷണമധ്യേ ജാതി ഉണ്ടെന്ന് സ്ഥാപിക്കുവാന്‍ മഹാത്മാഗാന്ധി വിഫലമായ ഒരു ശ്രമം നടത്തി. അടുത്തുനിന്ന മാവിനെ ചൂണ്ടിക്കാട്ടി ഈ മാവിന്‍റെ ഇലകള്‍ വ്യത്യസ്ഥങ്ങളാണ്. ഈ വ്യത്യാസം പ്രകൃതിയില്‍ ഉണ്ടായതാണ്. അതുപോലെ മനുഷ്യരുടെ ഇടയിലും ഭേദവ്യത്യാസമുണ്ട.് മനുഷ്യജാതി ഒന്ന് എന്നുള്ള സ്വാമിയുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ഗാന്ധിജി പറഞ്ഞു.
മഹാത്മജി പറഞ്ഞത് ശരിയാണ് ആകൃതി കൊണ്ടും പ്രകൃതി കൊണ്ടും ഇലകളും ശാഖകളും വിഭിന്നങ്ങളാണ്. നീളം കൂടിയതും നീളം കുറഞ്ഞതും വീതി കൂടിയതും വീതി കുറഞ്ഞതും ഒക്കെയായി ഇലകളുണ്ട്. മഞ്ഞയും പച്ചയും തളിരിലയുമുണ്ട്. ശാഖകള്‍ക്കും ഉപശാഖകള്‍ക്കും വ്യത്യാസമുണ്ട്. ഈ വ്യത്യാസങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ ഗുരുദേവന്‍ പ്രതിവചിച്ചു. വിഭിന്നങ്ങളെന്ന് തോന്നാവുന്ന ഓരോ ഇലകളും പറിച്ച് രുചിച്ചു നോക്കി നോക്കിയാല്‍ ഒരു രസം ആയിരിക്കും. അതുപോലെ എല്ലാവരുടെയും ജാതി ഒന്നായിരിക്കുമെന്ന് ഗുരു സമര്‍ത്ഥിച്ചു. കറുത്തവരിലും വെളുത്തവരിലും ബാഹ്യപ്രകൃതികൊണ്ട് വിഭിന്നമെന്ന് തോന്നാവുന്ന എല്ലാവരിലും ഉള്ളത് ഒരേയൊരു ഗുണമാണ്. മനുഷ്യത്വമെന്ന ഗുണം. ഇതാണ് മനുഷ്യന്‍റെ ജാതി. അത് ഏകമാണ് ഗാന്ധിജിക്ക് ഗുരുദേവന്‍റെ യുക്തി മനസ്സിലായി. അദ്ദേഹത്തില്‍ അത് നവ്യമായ ചലനങ്ങള്‍ സൃഷ്ടിച്ചു. ഗാന്ധിജി ശിവഗിരിയില്‍ ഒരു ദിവസം താമസിക്കുവാന്‍ തീരുമാനമെടുത്തു. തിരുവനന്തപുരത്ത് രാജാവിന്‍റെ അതിഥിയായി താമസിക്കുവാനായിരുന്നത്രേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ശിവഗിരിയിലെ ആശ്രമപ്രകൃതിയും പ്രശാന്തരമണീയത്വവും ഗാന്ധിജിയെ ഏറെ ആകര്‍ഷിക്കുക യുണ്ടായി. ഗുരുദേവ ശിഷ്യന്മാര്‍ അത്യാദരവോടെയാണ് ഗാന്ധിജിയോട് പെരുമാറിയത്. ബോധാനന്ദ സ്വാമി, സത്യവ്രതസ്വാമി, ടി. കെ. മാധവന്‍, സഹോദരന്‍ അയ്യപ്പന്‍, സി വി കുഞ്ഞിരാമന്‍ തുടങ്ങിയ ശിഷ്യന്മാര്‍ ഏറെ ആഭിമുഖ്യം പുലര്‍ത്തിയാണ് ഗാന്ധിജിയെ എതിരേറ്റത്. മുന്‍നിശ്ചയം മനുസരിച്ച് സഹോദരന്‍ അയ്യപ്പനുമായി സംസാരിക്കുവാന്‍ ഗാന്ധിജി പ്രത്യേക സമയം അനുവദിച്ചിരുന്നു. നിശ്ചിത സമയത്ത് സഹോദരന്‍ ആദരവോടുകൂടി ഗാന്ധിജിയുമായി സംഭാഷണത്തിലേര്‍പ്പെട്ടു ഭഗവത്ഗീത ആയിരുന്നു സംഭാഷണ വിഷയം. ഭഗവത്ഗീതയില്‍ വിധിച്ചിട്ടുള്ള യുദ്ധവും സംഹാരവും ബുദ്ധനെയും ഗുരുവിനെയും ആദര്‍ശ പുരുഷന്മാരായി സ്വീകരിച്ചിരുന്ന സഹോദരന്‍ അയ്യപ്പന് രുചിച്ചിരുന്നില്ല. അദ്ദേഹം തുടക്കത്തില്‍ തന്നെ ഗാന്ധിജിയോട് വെട്ടി തുറന്നു പറഞ്ഞു 'നിങ്ങളുടെ കൃഷ്ണന്‍ ഒരു കൊലപാതകിയല്ലേ'?
അയ്യപ്പന്‍റെ ഈ ചോദ്യം ഗാന്ധിജിയെ ചൊടിപ്പിച്ചു. നോണ്‍സണ്‍സ് എന്നായിരുന്നു ഗാന്ധിജിയുടെ ഉത്തരം. ആ സംഭാഷണം തുടര്‍ന്നോ എന്നറിയില്ല. ഗാന്ധിജിയോട് ഇപ്രകാരം ചോദ്യം ഉന്നയിച്ച അയ്യപ്പനെ പലരും അഭിനന്ദിച്ചു സംസാരിച്ചിരുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ അത് അല്പം കടന്നുപോയി എന്നാണ് ഇതെഴുതുന്ന സച്ചിദാനന്ദ സ്വാമിയുടെ പക്ഷം. ആദ്യം ഗുരുദേവനെയും ഗുരുവിന്‍റെ ദര്‍ശനത്തെയും ഗുരുവിന്‍റെ കര്‍മ്മത്തെയും ഒക്കെ അവതരിപ്പിച്ചതിന് ശേഷം ഭഗവത്ഗീതയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ നല്ല പാഠങ്ങള്‍ സൃഷ്ടിക്കാമായിരുന്നു. മഹാത്മാഗാന്ധിയെ പോലെ ഒരു ദേശീയ നേതാവുമായി താന്‍ പ്രതിനിധാനം ചെയ്യുന്ന ഗുരുവിന്‍റെയും പ്രസ്ഥാനത്തിന്‍റെയും മഹിമാവിന് ശേഷം എടുത്തു പറയാന്‍ പറ്റിയ അവസരം നഷ്ടമായല്ലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
വൈദിക മഠത്തില്‍ വെച്ച് സന്ധ്യാസമയത്ത് പ്രാര്‍ത്ഥന യോഗമുണ്ടായിരുന്നു. ഗുരുദേവന്‍ എടുത്തു വളര്‍ത്തി പഠിപ്പിച്ച കുട്ടികളും മഠത്തിലെ മറ്റ് അന്തേവാസികളും ചേര്‍ന്ന് പ്രാര്‍ത്ഥന ചൊല്ലി. ഗുരുദേവനും ഗാന്ധിജിയും പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തു. ഉപനിഷത്ത് പാഠങ്ങളും ഈശാവാസ്യോപനിഷത്ത് സംസ്കൃതം മൂലവും ദൈവദശകുമായിരുന്നു പ്രധാന പ്രാര്‍ത്ഥനകള്‍. ചാതുര്‍വര്‍ണ്യത്തിനും ഏറ്റവും അധ: കൃതരായി മുദ്രകുത്തിയിരുന്ന പുലയ പറയ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ അക്ഷരസ്ഫൂര്‍ത്തിയോടെ വേദമന്ത്രങ്ങള്‍ ചൊല്ലുന്നത് കേട്ട് ഗാന്ധിജി ആശ്ചര്യപ്പെട്ടു. ശൂദ്രമക്ഷര സംയുക്തം ദൂരത പരിവര്‍ജ്ജയേത് എന്നാണ് സ്മൃതികള്‍ അനുശാസിക്കുന്നത്. അക്ഷരം പഠിക്കുന്ന ശൂദ്രനെ അകറ്റി നിര്‍ത്തണം അവന്‍റെ കാതില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന് സ്മൃതിവചനം ശക്തമായിരിക്കുന്ന രാജ്യത്ത് ശൂദ്രനും താഴെയുള്ള പഞ്ചമന്‍മാരിലെ അധസ്ഥിതര്‍ വേദമന്ത്രങ്ങള്‍ ചൊല്ലുന്നത് ആരെയാണ് ആശ്ചര്യപ്പെടുത്താത്തത്. ഗാന്ധിജി നേരത്തെ പറഞ്ഞ ഉദാഹരണത്തിലെ മാവിന്‍റെ ഇലകള്‍ വിഭിന്നങ്ങളാണ് എങ്കിലും അതിന്‍റെയൊക്കെ രസമേകമായിരിക്കുമെന്ന് ഗുരുവിന്‍റെ അനുശാസന ആ കുട്ടികളിലൂടെയും ഗാന്ധിജി ദര്‍ശിച്ചു. സ്വാമി പറഞ്ഞത് ശരിയാണ് മനുഷ്യരെല്ലാം ഒരു ജാതിയാണ് എന്ന് ഗാന്ധിജിക്ക് ബോധ്യമായി. ദൈവദശകം കുട്ടികള്‍ ചൊല്ലികേട്ടപ്പോള്‍ അത് ആര് എഴുതിയതാണെനന്നും അര്‍ത്ഥം എന്താണെന്നും ചോദിച്ചറിഞ്ഞ മഹാത്മജി ദൈവദശകം എന്ന വിശ്വപ്രാര്‍ത്ഥനയുടെ മഹത്വം ഊന്നി പറഞ്ഞു. അസ്പൃശ്യരെന്നു കരുതി തള്ളിക്കളഞ്ഞിരുന്ന കുട്ടികളെ ഗുരുദേവന്‍ വളര്‍ത്തിയെടുത്തതറിഞ്ഞ് ഗാന്ധിജി ഏറെ സന്തോഷിച്ചു. അവരെ പുല്‍കിപുണര്‍ന്ന് അനുഗ്രഹിച്ചു.
അന്ന് രാത്രി ഗാന്ധിജി വൈദികമഠത്തിലെ ഒരു മുറിയില്‍ വിശ്രമിച്ചു ഗാന്ധിയോടൊപ്പം വന്ന വിശിഷ്ടാതിഥികള്‍ മറ്റു മുറികളിലും. പിറ്റേദിവസം ശാരദാമഠത്തിന് സമീപം വീണ്ടും ഒരു സമ്മേളനം നടന്നു. ആ സമ്മേളനത്തില്‍ ഗാന്ധിജി നടത്തിയ പ്രസംഗം നമുക്ക് ലഭ്യമാണ്. ഗുരുവിന്‍റെ ചില സന്ദേശങ്ങളോടുള്ള ആഭിമുഖ്യവും മറ്റു ചില സന്ദേശങ്ങളോടുള്ള അഭിപ്രായവ്യത്യാസവും പ്രസംഗത്തില്‍ എടുത്തുപറയുന്നുണ്ട് ശിവഗിരിയില്‍ നൂല്‍നനൂല്‍ക്കാമെന്നും ഖദര്‍ ധരിക്കാമെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടത് ഗുരു സമ്മതിച്ചതായും ഗാന്ധിജിയുടെ പ്രസംഗത്തിലുണ്ട്.
രാവിലെ 10 മണിയോടുകൂടി ഗാന്ധിജി ശിവഗിരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്രയായി. ഗുരുദേവന്‍ ഗാന്ധിജിയെ ഒരു ഖദര്‍മാല അണിയിച്ച് യാത്രയാക്കി. തിരുവനന്തപുരത്ത് വച്ച് നടന്ന സമ്മേളനത്തില്‍ വച്ച് ഗാന്ധിജി പറഞ്ഞു. "എന്‍റെ ദക്ഷിണേന്ത്യന്‍ പര്യടനം പൂര്‍ത്തിയായി. പുണ്യാത്മാവായ ശ്രീനാരായണഗുരു സ്വാമികളെ കാണാന്‍ സാധിച്ചത് എന്‍റെ ജീവിതത്തിലെ പരമഭാഗ്യമാണ്..... ഗുരുസ്വാമികളുടെ പുണ്യാശ്രമത്തില്‍ ഒരു ദിവസം താമസിക്കാനുള്ള അവസരവും എനിക്കുണ്ടായി....... സ്വാമിയുടെ സന്ദേശങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പില്‍ വരുത്തേണ്ടതുതന്നെയാണ്..............."