യുഗധര്‍മ്മം ഗുരുദേവനിലും മഹാത്മജിയിലും - സമാഗമ ശതാബ്ദി 12 നു് (മാര്‍ച്ച് ) ശിവഗിരിയില്‍ ആഘോഷിക്കുന്നു
സച്ചിദാനന്ദ സ്വാമി
പ്രസിഡന്‍റ്, ശിവഗിരി മഠം
ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ചത് അഹിംസാ ദര്‍ശനമാണ്. ഗുരു ഒരു ജീവിതകാലം മുഴുവന്‍ അഹിംസയിലും അനുകമ്പയിലും അധിഷ്ഠിതമായ ഒരു തത്വദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ ജീവിതം നയിക്കുകയും ഉപദേശിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയാകട്ടെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പട പൊരുതിയത് അഹിംസയെന്ന ആയുധം കൊണ്ടാണ്. രണ്ടു മഹാ പുരുഷന്മാരും അഹിംസയില്‍ ഊന്നി നിന്നുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ കൊണ്ടു ജീവിതവിജയം നേടി എന്നു കാണാവുന്നതാണ്.
സത്യദര്‍ശിയായ ശ്രീനാരായണഗുരു അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജാതിമതചിന്തകള്‍ക്കതീതനായ ഒരു വിശ്വ ഗുരുവായിരുന്നു. 'മാനവരൊക്കെയും ഒന്ന് അതാണ് നമ്മുടെ മതം' എന്ന് ഗുരു ഊന്നി പറഞ്ഞിട്ടുണ്ട്. ഗാന്ധിജി ഭാരതരാജ്യത്തിനും അധീനമായി ഒരു വിശ്വപൗരനായി വളര്‍ന്ന മഹാത്മാവാണ്. സത്യാന്വേഷകനായ ഗാന്ധിയുടെ നിരീക്ഷണ പരീക്ഷണങ്ങളെല്ലാം തന്നെ വിശ്വത്തോളം ചേര്‍ന്നു നില്ക്കുന്നവയാണ്. ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം എന്ന ഭേദ ചിന്തകള്‍ വിസ്മരിച്ചു രണ്ടു മഹാത്മാക്കളും ഒരേ ഒരു സത്യത്തിന്‍റെ സാഫല്യതയ്ക്കുവേണ്ടി നിലകൊണ്ടു.
ഗുരുദേവനും മഹാത്മജിയും തമ്മിലുളള സമാഗമത്തിന് ഒരു നൂറ്റാണ്ടു തികയുകയാണ്. ഈ കൂടിക്കാഴ്ച ഭാരതത്തിന്‍റെ ചരിത്രത്തില്‍ നവീനമായ അദ്ധ്യായം രചിച്ചിട്ടുളളതായി അഭിജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.
ദക്ഷിണാഫ്രിക്കയില്‍ വിവേചനത്തിനെതിരായും കറുത്തവര്‍ഗ്ഗക്കാര്‍ക്കു വേണ്ടിയും പോരാടി ഒരു ബാരിസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തി നേടിയ മോഹന്‍ദാസ് കരണ്‍ചന്ദ് ഗാന്ധിയുടെ അപദാന സമൃദ്ധിയായ ജീവിതം അന്നേ ഭാരതീയരുടെ ഇടയില്‍ പ്രശസ്തി ആര്‍ജ്ജിച്ചിരുന്നു. ഗാന്ധിജി വിദേശത്തു ചെയ്ത സേവനങ്ങള്‍ ഏറെ അഭിമാനബോധത്തോടെയാണ് ഭാരതീയര്‍ നോക്കികണ്ടിരുന്നത്. വിദേശപര്യടനം കഴിഞ്ഞു ഭാരതത്തിലെത്തിയ ഗാന്ധിജി കോണ്‍ഗ്രസ്സിന്‍റെ നേതൃത്വം ഏറ്റെടുക്കുകയും ഒരു മഹാത്മാവെന്ന നിലയില്‍ ഏവര്‍ക്കും ആദരണീയനായ മഹദ് വ്യക്തിയായി മാറുകയും ചെയ്തു.
ശ്രീനാരായണഗുരുവാകട്ടെ, 1888 -ല്‍ ജാതിഭേദം, മതദ്വേഷമേതുമില്ലാതെ, സര്‍വ്വവും സോദരത്വേന വാഴുന്ന മാതൃകാലോകത്തെ സൃഷ്ടിക്കുന്നതിനു വേണ്ടി ആയുസ്സും വപുസ്സും ആത്മതപസ്സും ബലിയര്‍പ്പിച്ചു അഹര്‍നിശം പ്രയത്നം ചെയ്തിരുന്നു. ഗുരുവിന്‍റെ പ്രവര്‍ത്തനം മുഴുവന്‍ ലോകത്തെയും ലക്ഷീകരിച്ചു കൊണ്ടുളളതായിരുന്നു. ഗുരുദേവന്‍റെ കൃതികളില്‍ ഉടനീളം ലോകം, ഉലകം, ജഗത്, തുടങ്ങിയ പ്രയോഗങ്ങളല്ലാതെ കേരളം, ഭാരതം, തുടങ്ങിയ പ്രയോഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഗുരു ജനിച്ചു വളര്‍ന്ന രാജ്യത്തേയും സമൂഹത്തേയും പശ്ചാത്തലമാക്കി വിശ്വദര്‍ശനം അവതരിപ്പിക്കുകയാണു ചെയ്തത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന തത്വദര്‍ശനം അവതരിപ്പിച്ചുകൊണ്ടു ഒരൊറ്റ ലോകം, ഒരൊറ്റ ജനത, ഒരൊറ്റ നീതി എന്നു ഗുരുദേവന്‍ സിദ്ധാന്തിച്ചു. ഈ ദര്‍ശനത്തോടു മഹാത്മജിക്ക് ആദ്യ കാലങ്ങളില്‍ ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവസാന കാലങ്ങളില്‍ ഗാന്ധി അത് അംഗീകരി ക്കുക തന്നെ ചെയ്തു.
മഹാത്മാഗാന്ധിയും ഗുരുദേവനും തമ്മില്‍ സംഗമിക്കുന്ന 1925 -ല്‍ ഗുരുദേവന് എഴുപതു വയസ്സും മഹാത്മാ ഗാന്ധിക്ക് അമ്പത്താറു വയസ്സും പ്രായം ഉണ്ടായിരുന്നു. ഗുരുദേവനേക്കാള്‍ പതിനാലു വയസ്സിന്‍റെ ചെറുപ്പം ഗാന്ധിജിക്കുണ്ടായിരുന്നു. പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടക്കുന്ന കാലയളവിലാണ് മഹാത്മജി ശിവഗിരിയില്‍ വന്നു ഗുരുദേവനെ ദര്‍ശിക്കുന്നത്. അതിനുമുമ്പു 1921 -ല്‍ തിരുനല്‍വേലിയില്‍ വച്ചു ടി.കെ. മാധവനില്‍ നിന്നും ഗുരുദേവന്‍റെ മഹത്വം ഗാന്ധിജി ചോദിച്ചറിഞ്ഞിരുന്നു. തിയോസഫിക്കല്‍ സൊസൈറ്റിക്കാര്‍ ഗുരുദേവനെ ഒരവതാര പുരുഷനായി കണ്ട് മംഗളപത്രം സമര്‍പ്പിച്ചത് നൂല്‍നൂല്‍പ്, മദ്യവര്‍ജ്ജനം എന്നിവ മഹാത്മജിക്കു മുമ്പു തന്നെ ഗുരുദേവന്‍ ഉപദേശിച്ചിട്ടുളള കാര്യവും ടി.കെ. മാധവന്‍ ഗാന്ധിജിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു. പിന്നീടു മഹാത്മജി തന്‍റെ ശിഷ്യനായ ആചാര്യ വിനോബഭാവയെ ഗുരുവിനെപ്പറ്റി കുറച്ചു അറിയുവാന്‍ ശിവഗിരിയിലേക്കയച്ചിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ സംസ്കൃതത്തില്‍തന്നെയാണ് സംസാരിച്ചത്. ഇന്ത്യയിലെ അവതാര പുരുഷന്മാരിലൊരാളാണ് ശ്രീനാരായണഗുരുദേവനെന്ന് വിനോബഭാവയെ പിന്നീടു ഈ സന്ദര്‍ശനത്തെക്കുറിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ ഗുരുദേവനെ മനസിലാക്കിയ ഗാന്ധിജിയാണ് 1925 മാര്‍ച്ച് 12 നു ശിവഗിരിയിലെത്തി ഗുരുദേവനെ സന്ദര്‍ശിക്കുന്നത്.
വൈക്കം സത്യാഗ്രഹം, സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ഗാന്ധിജിയും ഗുരുദേവനുമായി സംഭാഷണം നടന്നു. മഹാത്മജിയോടൊപ്പം സി. രാജഗോപാലാചാരി, മഹാദേവ ദേശായ്, ദേവദാസ ഗാന്ധി, സി.വി. രാമസ്വാമി നായ്ക്കര്‍ എന്നിവരും ഉണ്ടായിരുന്നു. ശിവഗിരി വനജാക്ഷി മന്ദിരത്തിന് ഗാന്ധിയാശ്രമം എന്നു പേരു നല്‍കി. അവിടെ വച്ചാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. ഇംഗ്ലീഷ് പത്രങ്ങളുടെ പ്രതിനിധികളും മറ്റും ഉണ്ടായിരുന്നുവെങ്കിലും എന്തുകൊണ്ടാണെന്നറിയുന്നില്ല ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്ന മുറിയിലേക്ക് ഇവരെ കടത്തി വിട്ടില്ലായെന്നു പിന്നീടു സഹോദരന്‍ അയ്യപ്പന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആ സംഭാഷണം ടി.കെ. മാധവന്‍ രേഖപ്പെടുത്തി ദേശാഭിമാനിയില്‍ പ്രസിദ്ധപ്പെടുത്തി. അതാണ് ഇന്നു കാണുന്ന പ്രശതസ്തമായ ഗാന്ധി - ഗുരുദേവ സംഭാഷണം. ഗാന്ധിജി ഒരു സനാതന ഹിന്ദുവായിരുന്നു. അതിന്‍റെ ഭാഗമായി "ഹരേ റാം" എന്ന മന്ത്രം ഉപയോഗിക്കുകയും ചെയ്തിരുന്നുവല്ലോ. സംഭാഷണത്തിനിടയില്‍ മനുഷ്യര്‍ക്ക് "മോക്ഷത്തിനു ഹിന്ദുമതം പര്യാപ്തമല്ലെ സ്വാമി" എന്നു മഹാത്മജി ചോദിക്കുന്നുണ്ട്. അതിന് മറ്റു മതങ്ങളിലും മോക്ഷമാര്‍ഗ്ഗം ഉണ്ടല്ലോ എന്നായിരുന്നു ഗുരുദേവന്‍റെ പ്രതിവചനം. ഇവരുടെ രണ്ടു പേരുടെയും മതപരമായ നിലപാടുകള്‍ സുവ്യക്തമാകു.ന്നു. ഗുരുദേവന്‍ - ഗാന്ധി സംഭാഷണത്തെക്കുറിച്ചു പഠനം നടത്തിയ ആഗോള ക്രൈസ്തവദാര്‍ശനികന്‍ പൗലോസ് മാര്‍ഗ്രിഗോറിയോസ് തിരുമേനി ഒരിക്കല്‍ മലയാള മനോരമയില്‍ എഴുതിയിരുന്നു "ശ്രീനാരായണഗുരു ഗുരുസ്ഥാനത്തും മഹാത്മാഗാന്ധി ശിഷ്യസ്ഥാനത്തും ഇരുന്നുകൊണ്ടാണ് ഈ സംഭാഷണം നടത്തിയതെന്ന്.
മതവിഷയം ഗാന്ധിജി ഒരു ചര്‍ച്ചക്കെടുത്തപ്പോള്‍ "മതവിഷയത്തില്‍ ഗാന്ധിജിയുമായി ഒരു വാദപ്രതിവാദം നടത്തുവാന്‍ നാം ഇല്ല" എന്നായിരുന്നു ഗുരുവിന്‍റെ മറുപടി. അതിനു ഗാന്ധിജി "അങ്ങയെപ്പോലുളള ഗുരുക്കന്മാരില്‍ നിന്നുമല്ലാതെ മറ്റാരില്‍ നിന്നുമാണ് ഞങ്ങളെപ്പോലെയുളളവര്‍ ഇക്കാര്യം ചോദിച്ചറിയേണ്ടത്;" ഇതു മനസ്സിലാക്കിക്കൊണ്ടാകാം പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി ഗുരുദേവന്‍ ഗുരുസ്ഥാനത്തും ഗാന്ധിജി ശിഷ്യസ്ഥാനത്തും വര്‍ത്തിച്ചുകൊണ്ടാണ് ഈ സംഭാഷണം ചെയ്തു എന്നു വിലയിരുത്തിയതെന്നു തോന്നുന്നു.
സംഭാഷണാനന്തരം ഗുരുദേവന്‍ ഗാന്ധിജിയെ ശിവഗിരിയിലേക്കു ക്ഷണിച്ചു. ഗാന്ധിജിയും ശിഷ്യന്മാരും ഗുരുവും ശിഷ്യന്മാരും ഒരു ഘോഷയാത്രപോലെ ശിവഗിരിയില്‍ എത്തി. ശാരദാമഠത്തില്‍ തൊഴുതു നമസ്കരിച്ച ഗാന്ധിജി ശിവഗിരിയും പ്രാന്തപ്രദേശങ്ങളും നല്ലവണ്ണം നോക്കിക്കണ്ടു. ശാരദാമഠത്തിലെ ശുചിത്വം ഗാന്ധിജിയെ പ്രലോഭിപ്പിച്ചു. പുലയ - പറയക്കുട്ടികളാണവിടുത്തെ ശിഷ്യന്മാര്‍ എന്നറിഞ്ഞപ്പോള്‍ ഗാന്ധിജിക്ക് അതിശയമായി. ഗുരുദേവന്‍റെ ദീര്‍ഘവീക്ഷണത്തില്‍ വാഴ്ത്തി പറയുവാന്‍ ഗാന്ധിജി മടിച്ചില്ല. ശാരദാമഠത്തിനു സമീപമുളള വനജാക്ഷി മണ്ഡപത്തിലിരുന്നു സംഭാഷണം തുടര്‍ന്ന ഗുരുദേവന്‍റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തില്‍ മനുഷ്യരെല്ലാം ഒരു ജാതിയില്‍പ്പെട്ടവരാണ് ഒരു മതത്തില്‍പ്പെട്ടവരാണ് എന്ന ഭാഗം ഗാന്ധിജി അംഗീകരിച്ചില്ല. സമീപത്തു നിന്ന മാവിനെ ചൂണ്ടിക്കാട്ടി ഈ മാവിന്‍റെ ഇലകളും ശാഖകളും ഉപശാഖകളും വിഭിന്നങ്ങളാണ്. ഇതു പ്രകൃതിയില്‍ ഉളളതാണ്. അതുപോലെ പ്രകൃതിയിലും ഭേദങ്ങളുണ്ട്. അതിനാല്‍ മനുഷ്യരെല്ലാം ഒരു ജാതിയെന്ന സിദ്ധാന്തത്തെ ഗാന്ധിജി വിമര്‍ശിച്ചു. മാവിന്‍റെ ഇലകളും ശാഖോപശാഖകളും വിഭിന്നങ്ങളായിരുന്നാലും അവയിലെല്ലാമുളള രസം ഏകമതമായിരിക്കും. അതുപോലെ എല്ലാ മനുഷ്യരിലും ഒരുപോലെയുളള ഗുണം മനുഷ്യത്വമാണ്. അതാണ് മനുഷ്യന്‍റെ ജാതി. അതു ഏകമാണ് എന്ന് ഗുരു സമര്‍ത്ഥിച്ചു. ഗാന്ധിജിയ്ക്ക് ആ യുക്തി സമ്മതമായി. അന്നേ ദിവസം ഗാന്ധിജി ശിവഗിരി വൈദികമഠത്തില്‍ താമസിച്ചു. പിറ്റേദിവസം ശാരദാമഠത്തോടു ചേര്‍ന്ന് സ്ഥാപിച്ചിരുന്ന സ്വാമി മഠത്തിലെ ഗുരുദേവ ചിത്രത്തിനു മുന്നില്‍ ഗാന്ധിജി തൊഴുതു നമസ്കരിച്ചു. രാവിലെ നടന്ന സമ്മേളനത്തിലും ഗാന്ധിജി പ്രസംഗിച്ചു. പ്രസ്തുത പ്രസംഗം പൂര്‍ണമായും നമുക്കിന്നു ലഭ്യമാണ്. നൂല്‍നൂല്‍പ്, ഖാദി വസ്ത്രം എന്നിവയെ ഗുരുദേവന്‍ ഉള്‍ക്കൊളളുന്നുവെന്ന് ഗാന്ധി പറഞ്ഞപ്പോള്‍ ആവാം എന്നു ഗുരു സമ്മതിച്ചതായി പ്രഭാഷണത്തില്‍ ഗാന്ധിജി അഭിപ്രായപ്പെടുന്നുണ്ട്. അതുപോലെ പല വിശ്വാസങ്ങള്‍ ഉളളതുപോലെ പല മതങ്ങളും ഉണ്ട് എന്ന് ഗാന്ധിജി പ്രസംഗത്തില്‍ ഊന്നി പറഞ്ഞു. പരമഭക്തിയോടുകൂടിയാണ് ഗാന്ധിജി ശിവഗിരി വിട്ടു തിരുവനന്തപുരത്തേക്കു പോയത്. ഗുരുദേവന്‍ ഒരു ഖദര്‍മാല ഗാന്ധിജിയെ അണിയിച്ചു. മംഗളാശംസകളോടെ യാത്രാനുമതി നല്‍കി.
പുണ്യാത്മാവായ ശ്രീനാരായണഗുരുസ്വാമികളെ കാണാന്‍ സാധിച്ചതും സ്വാമിയുടെ പുണ്യാശ്രമത്തില്‍ ഒരു ദിവസം താമസിക്കാന്‍ സാധിച്ചതും ജീവിത്തിന്‍റെ പരമഭാഗ്യം എന്നു ഗാന്ധിജി പ്രഖ്യാപിച്ചിട്ടുണ്ട്. തന്‍റെ ജീവിതം തന്നെയാണ് തന്‍റെ സന്ദേശമെന്ന് ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു. ഈ പ്രസ്താവം ഗുരുദേവനും നല്ലവണ്ണം ഇണങ്ങും. ഗുരുവിന്‍റെ ജീവിതം തന്നെ ഗുരുവിന്‍റെ ദര്‍ശനം. ജാതി, മതം, ചാതുര്‍വര്‍ണ്യം, മിശ്രവിവാഹം തുടങ്ങിയ വിഷയങ്ങളില്‍ ഗുരുവിനോടു ഗാന്ധിജി യോജിച്ചിരുന്നില്ല. എന്നാല്‍ അവസാനകാല മായപ്പോമേക്കും ഗാന്ധിജിയില്‍ വലിയ പരിവര്‍ത്തനം ഉണ്ടായി. മനുഷ്യരെല്ലാം ഒന്ന് എന്ന വിശ്വദര്‍ശനം ഗാന്ധിജിയും അംഗീകരിച്ചു. ഗാന്ധിജി ഹരിജനോദ്ധ്വാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി മുഴുകിയതു ഗുരുദേവസന്ദര്‍ശനത്തിനു ശേഷമാണ്. ഗാന്ധിജി നടപ്പാക്കിയിരുന്ന യംങ് ഇന്ത്യയുടെ പേര് ഹരിജന്‍ എന്ന് മാറ്റിയതു ശിവഗിരി സന്ദര്‍ശനത്തിനു ശേഷമാണ്. ശിവഗിരിയില്‍ കണ്ടതുപോലെ ഒരു ആശ്രമം ഗാന്ധിജി വാന്ധ്രയില്‍ സ്ഥാപിച്ചു. അഹിംസയ്ക്കും അനുകമ്പക്കും സത്യത്തിനും പ്രധാനമായും മൂല്യം ദര്‍ശിച്ച ഗുരുദേവനും മഹാത്മാഗാന്ധിയും ഇരുപതാം നൂറ്റാണ്ട് ലോകത്തിന് സംഭാവന ചെയ്ത രണ്ടു മഹാത്മാക്കളാണ്. മദ്യം ഉണ്ടാക്കരുതെന്നും കുടിക്കരുതെന്നും ഗുരു ഉപദേശിച്ചു. ഞാന്‍ ഇന്ത്യയുടെ ഭരണാധികാരിയായിരുന്നാല്‍ ആദ്യം എടുക്കുന്ന തീരുമാനം മദ്യവര്‍ജ്ജനമാണെന്നും ഗാന്ധിജി പറഞ്ഞു. ഇന്നു കൊച്ചുകുട്ടികള്‍ പോലും മദ്യത്തിനും മയക്കുമരുന്നിനും വിധേയരായി അക്രമവും കൊലപാതകവും അസാന്‍മാര്‍ഗ്ഗ പ്രവര്‍ത്തനങ്ങളിലും പരപീഡനങ്ങളും നടത്തുന്ന ഇക്കാലവും ഗുരുവിന്‍റെയും ഗാന്ധിജിയുടെയും പ്രസക്തി വര്‍ദ്ധിപ്പിക്കുകയാണ്. ഈ സമാഗമശതാബ്ദി വേളയില്‍ രണ്ടു മഹാപുരുഷന്മാരെയും മാതൃകയായി, സ്വീകരിച്ചുകൊണ്ടു ലഹരിവിമോചനത്തിനായി സമൂഹമനസാക്ഷി ഉണരണം. അതിനായി പ്രവര്‍ത്തിക്കണം. അതു നമ്മുടെ ജിവിത ധര്‍മ്മമാണ്. സമാഗമശതാബ്ദി ചിന്തകള്‍ അതിലേക്കു ജനതയെ നയിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.